ഡോ. പി.കെ. തിലക്

നഷ്ടപ്പെട്ടുപോയ എത്രയെത്ര അനുഭൂതികളാണ്
ഇവിടെ നമ്മളെ കാത്തിരിക്കുന്നത്…

വരാനിരിക്കുന്ന ലോകത്തെക്കുറിച്ചുള്ള ശുഭപ്രതീക്ഷകൾ ഇളങ്കൊഞ്ചലായും നറുപുഞ്ചിരിയായും അറിഞ്ഞാസ്വദിക്കാൻ ഇപ്പോൾ അവസരമുണ്ട്. ഔദ്യോഗിക ജീവിതത്തിന്റെ തിരക്കിനിടയിൽ നഷ്ടപ്പെട്ടുപോയ എത്രയെത്ര അനുഭൂതികളാണ് ഇവിടെ നമ്മെള കാത്തിരിക്കുന്നത്.

നീണ്ട മലബന്ധത്തിനൊടുവിൽ ലഭിച്ച സുഖവിരേചനമായാണ് റിട്ടയർമെന്റ് അനുഭവപ്പെട്ടത്. ഇത് ഒരു സ്വകാര്യ അനുഭവം മാത്രം. എല്ലാവർക്കും ഇങ്ങനെയായിരിക്കുമെന്നോ ഇങ്ങനെയാകുന്നതാണ് കേമത്തമെന്നോ അഭിപ്രായമില്ല. വളരെനാൾ അർശോരോഗികളുടെ വാർഡിൽ കൂട്ടിരിപ്പുകാരനായി കഴിയേണ്ടിവന്നതുകൊണ്ട് തോന്നിയതുമാകാം.

യാത്രയയപ്പ് യോഗത്തിൽ 'ഇവൻ ഇവിടം വിട്ടൊഴിഞ്ഞുപോകുന്നവനല്ല' എന്ന ദുസ്സൂചനകൾ കുത്തുവാക്കുപോലെ കേൾക്കാനിടയായി. റിട്ടയർമെന്റിനുള്ള ഒരുക്കം ആരംഭിച്ച നാൾ മുതൽ ഇത്തരം ചില മുറുമുറുപ്പുകൾ ശ്രദ്ധയിൽ പെട്ടിരുന്നതുകൊണ്ടും ഒഴിയാബാധയായി ചിത്രീകരിക്കപ്പെട്ട ചിലരെ ഒപ്പം നിറുത്തിയ അനുഭവമുള്ളതുകൊണ്ടും വാഴ്ത്തുപാട്ടിൽ ഒളിഞ്ഞിരിക്കുന്ന വീർപ്പുമുട്ടലിനെക്കുറിച്ച് നല്ല ബോധ്യമുണ്ടായിരുന്നു. അതിനാൽ കൃത്യമായ നിലപാടെടുക്കുകയും മറുപടിപ്രസംഗത്തിൽ നിലപാടിനെക്കുറിച്ചുള്ള ചില സൂചനകൾ നൽകുകയും ചെയ്യാൻ കഴിഞ്ഞു.

'സർവീസിൽ നിന്ന് വിരമിച്ചു' എന്നാണ് പൊതുവെ പറയുന്നത്. 'വിരാമം' എന്ന പദം ഉളവാക്കുന്ന കദനഭാരമൊന്നും ഈ മൊഴിവഴക്കത്തിൽ കാണാറില്ല.

സ്വന്തം കർമമണ്ഡലമായി സർവാത്മനാ തെരഞ്ഞെടുത്ത മേഖലയിൽ നിന്നാണ് റിട്ടയർ ചെയ്യേണ്ടത്. എന്നാൽ, അവിടെ തനിക്ക് ഇടമില്ലെന്ന് ഒരു വ്യാഴവട്ടം മുമ്പെങ്കിലും തിരിച്ചറിഞ്ഞിരുന്നു. ഒരു പ്രത്യേക ജനുസ്സിൽപ്പെട്ടവർക്കായി റിസർവ് ചെയ്യപ്പെട്ട ഇടമാണെന്ന് 'അതിഥി തൊഴിലാളി'യായി അവിടെ പ്രവർത്തിച്ച കാലത്ത് മനസ്സിലാക്കി. അവിടെ അതിജീവിക്കാൻ വേണ്ട മെയ് വഴക്കമില്ലാതിരുന്നിട്ടും, ഒഴിവാക്കാൻ കഴിയാതെപോയ ചില സമ്മർദ്ദങ്ങളാണ് ‘അന്യത്രസേവനം’ എന്ന നിലയിൽ അവിടെ കടന്നുകൂടാനും പിടിച്ചുനിൽക്കാനും എന്നെ നിർബന്ധിതനാക്കിയത്.

'സർവീസിൽ നിന്ന് വിരമിച്ചു' എന്നാണ് പൊതുവെ പറയുന്നത്. 'വിരാമം' എന്ന പദം ഉളവാക്കുന്ന കദനഭാരമൊന്നും ഈ മൊഴിവഴക്കത്തിൽ കാണാറില്ല. സ്ഥിരസ്വഭാവമുള്ള സേവനത്തിൽ ഏർപ്പെട്ടിരുന്നവർ തൊഴിലുടമയുടെ മുൻനിശ്ചയപ്രകാരം അസ്ഥിരപ്പെടുന്ന സംഭവവികാസത്തെയാണ് വിരമിക്കൽ എന്ന് വ്യവഹരിച്ചുവരുന്നത്. ഇതിന് മാനദണ്ഡമായി എടുക്കുന്നത് പൊതുവെ പ്രായത്തെയാണ്. കേരളത്തിലെ സർക്കാർ സേവനങ്ങളിൽ 56 വയസ്സാണ് വിരമിക്കൽ പ്രായമായി നിശ്ചയിച്ചിരിക്കുന്നത്. ഏതാനും വർഷം മുമ്പ് ഇത് 55 ആയിരുന്നു. വിരമിക്കാൻ മടിയുള്ളവർ ഇതിന്റെ അശാസ്ത്രീയതയെക്കുറിച്ച് പലവിധ യുക്തികളും നിരത്താറുണ്ട്.

ഒരു പുരുഷായുസ്സ് (സ്ത്രീകളുടെ ആയുസ്സിനോട് വലിയ മതിപ്പില്ലാത്ത ആരോ ആണ് ഈ പ്രയോഗം കണ്ടുപിടിച്ചത്) മഹത്തായ സേവനം കൊണ്ട് നമ്മെ അനുഗ്രഹിച്ച മഹാനുഭാവന്മാരെ സംരക്ഷിക്കാനുള്ള ചുമതല സമൂഹത്തിനുണ്ടല്ലോ. പ്രോവിഡന്റ് ഫണ്ട്, ഗ്രാറ്റ്യുവിറ്റി, പെൻഷൻ എന്നീ സാമ്പത്തിക സുരക്ഷാപദ്ധതികൾ ജീവനക്കാർക്കായി സർക്കാർ നടത്തിവന്നു. അതിൽ മുഖ്യമായ പെൻഷനിൽ നിന്ന് സർക്കാർ‍ അടുത്തകാലത്ത് പിൻവാങ്ങുകയും ഒരു നിക്ഷേപപദ്ധതിയുമായി അതിനെ കണ്ണിചേർക്കുകയും ചെയ്തിട്ടുണ്ട്. സർക്കാരിതര മേഖലകളിൽ ജോലിചെയ്യുന്നവരെ സംരക്ഷിക്കുന്നതിന് നിയമവിധേയമായ പദ്ധതികൾ നിലവിലുണ്ട്. അസംഘടിത മേഖലയിൽ പ്രവർത്തിക്കുന്നവരെയും ക്ഷേമപദ്ധതികളുമായി ബന്ധിപ്പിക്കാൻ ജനാധിപത്യസർക്കാരുകൾ മുൻകൈ എടുത്തിട്ടുണ്ടെന്നത് ആശ്വാസകരമാണ്. ഭരണകൂടങ്ങൾ അവരുടെ ധർമം അനുഷ്ഠിക്കാൻ സഹായികളായി വർത്തിക്കുന്നവരെ വാർദ്ധക്യത്തിൽ സംരക്ഷിക്കാനുള്ള ചുമതല ഏറ്റെടുക്കുന്ന ധാർമികതയ്ക്ക് ഭരണകൂടങ്ങളോളം തന്നെ പഴക്കമുണ്ട്. നമ്മുടെ ഭാഷയിലെ‍ അടുത്തൂൺ എന്ന പദം ഭരണകൂടസംരക്ഷണയിലുള്ള ഉപജീവനത്തെയാണ് കുറിക്കുന്നത്. ഭരണകൂടങ്ങളുടെ സ്വഭാവവും നയസമീപനങ്ങളും മാറുന്നതിനനുസരിച്ച് പരിഗണനകളിൽ മാറ്റങ്ങൾ ഉണ്ടാവുന്നു.

സമൂഹത്തിലെ എല്ലാത്തരം വൈദഗ്ധ്യങ്ങളും, പ്രായത്തിനും മറ്റ് പരിഗണനകൾക്കും അതീതമായി സമൂഹത്തിന്റെ ശ്രേയസ്സ് ലക്ഷ്യമാക്കി പ്രയോജനപ്പെടുത്തുകതന്നെ വേണം.

സർക്കാർ സർവീസിലെ വിരമിക്കലിനുശേഷമുള്ള തുടർസേവനങ്ങളെ പൊതുവെ സംശയദൃഷ്ടിയോടെയാണ് സമൂഹം നോക്കുന്നത്. പലപ്പോഴും ദുഃസ്വാധീനങ്ങൾ ഉപയോഗിച്ച് അധികാരത്തിൽ പങ്കുപറ്റുന്ന പ്രക്രിയയായി ഇത് കണക്കാക്കപ്പെടുന്നു. ന്യായാധിപർ, ഉന്നതമായ ചുമതലകൾ വഹിക്കുന്ന ഉദ്യോഗസ്ഥർ, സേനാവിഭാഗങ്ങൾക്ക് നേതൃത്വം നൽകുന്നവർ തുടങ്ങി സമൂഹത്തോട് വമ്പിച്ച ബാധ്യത നിറവേറ്റേണ്ടവർ നിക്ഷിപ്തതാല്പര്യങ്ങൾക്കു വിധേയരായി രാഷ്ട്രീയ നേതൃത്വങ്ങൾക്ക് ഒത്താശ ചെയ്യുന്നതിലൂടെ നേടിയെടുക്കുന്ന തുടർസേവനങ്ങൾ അവർ സേവനമനുഷ്ഠിച്ചിരുന്ന മേഖലകളുടെ വിശ്വാസ്യതയെയാണ് ഇല്ലാതാക്കുന്നത്. തന്ത്രങ്ങളിലൂടെ അനർഹർ തട്ടിയെടുക്കുന്ന പദവികൾ സമൂഹത്തിന്റെ മുന്നോട്ടുള്ള ഗതിയെ തടസ്സപ്പെടുത്തുന്നു.

എന്നാൽ, സമൂഹത്തിലെ എല്ലാത്തരം വൈദഗ്ധ്യങ്ങളും, പ്രായത്തിനും മറ്റ് പരിഗണനകൾക്കും അതീതമായി സമൂഹത്തിന്റെ ശ്രേയസ്സ് ലക്ഷ്യമാക്കി പ്രയോജനപ്പെടുത്തുകതന്നെ വേണം. തൊഴിലെടുക്കുക എന്നത് പൗരരുടെ ചുമതലയായി മാറണം. ഏതെങ്കിലും തൊഴിൽ ചെയ്യാനുള്ള ആരോഗ്യം കൈവരുന്നതോടെ രാഷ്ട്രനിർമിതിക്കായി അവരുടെ സേവനം പ്രയോജനപ്പെടുത്തുന്ന തരത്തിൽ വ്യവസ്ഥകൾ വികസിപ്പിക്കണം. വൈദഗ്ധ്യം നവീകരിക്കുന്ന വിധത്തിലുള്ള തുടർപഠനം, വ്യവസായസംരംഭകത്വം തുടങ്ങിയവയിൽ ഏർപ്പെടേണ്ടവർക്ക് അതിനുള്ള അവസരം നൽകുകയുമാവാം.

സർവീസ് സ്റ്റോറിയോ ആത്മകഥയോ എഴുതി നിരാശകളും വീരസ്യവും വിളമ്പാൻ ഒരിക്കലും തോന്നിയിട്ടില്ല. പലതും അറിഞ്ഞുകൊണ്ട് തെരഞ്ഞെടുത്തതും പ്രതീക്ഷിച്ചിരുന്ന പതനങ്ങളുമാണ്.

വിരമിക്കലിനെ തുടർന്ന് ചില പുതിയ ചുമതലകൾ ഏല്പിക്കാൻ സുഹൃത്തുക്കൾ നീക്കം തുടങ്ങി. പ്രവർത്തിച്ചാൽ ഫലമുണ്ടാക്കാൻ കഴിയുമെന്നു തോന്നിയ പുതിയ മേഖലയെ പ്രതീക്ഷയോടെ സമീപിച്ചു. എന്നാൽ, അടുക്കാൻ തുടങ്ങിയപ്പോൾ സ്ഥാപനത്തിന്റെ ദുർബലവും ഉപജാപകലുഷിതവുമായ വിശ്വരൂപം മുന്നിൽ തെളിഞ്ഞു. ചുമതല ഏറ്റെടുക്കുന്നതിനു മുമ്പുതന്നെ സ്ഥാപനത്തിലെ 'പുതിയ താരം' എന്ന വാഴ്ത്തലോടുകൂടിയ പ്രചാരണം അപകടം നിറഞ്ഞതായിരുന്നു. അതോടെ പദ്ധതി ഉപേക്ഷിച്ച് തടിതപ്പി. പിന്നെയും ചില അവസരങ്ങൾ നിർദ്ദേശിക്കപ്പെട്ടുവെങ്കിലും അധികാരകേന്ദ്രങ്ങളുടെ കാന്തികവലയത്തിൽനിന്ന് അകന്നു നിൽക്കുന്നതാണ് പ്രകൃതത്തിനു ചേർന്നത് എന്ന ബോധ്യം തീരുമാനങ്ങളെ സ്വാധീനിച്ചു. സൃഷ്ടിപരമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുക, അധികാരകേന്ദ്രങ്ങളിൽ നിന്നും താരപ്രഭകളിൽ നിന്നും അനാരോഗ്യകരമായ മത്സരങ്ങളിൽ നിന്നും അകലം പാലിക്കുക, കർമങ്ങളിൽ നൂതനത്വവും അന്വേഷണപരതയും സൂക്ഷിക്കുക എന്നീ നിലപാടുകളുമായി കഴിഞ്ഞുകൂടാനാണ് ഇപ്പോൾ ശ്രമിക്കുന്നത്.

സർവീസ് സ്റ്റോറിയോ ആത്മകഥയോ എഴുതി നിരാശകളും വീരസ്യവും വിളമ്പാൻ ഒരിക്കലും തോന്നിയിട്ടില്ല. പലതും അറിഞ്ഞുകൊണ്ട് തെരഞ്ഞെടുത്തതും പ്രതീക്ഷിച്ചിരുന്ന പതനങ്ങളുമാണ്. പ്രവർത്തനങ്ങളിൽ സമാന മനസ്സോടെ ഒപ്പം നിന്ന ഒരാൾ അപകടത്തിൽ പെട്ടപ്പോൾ വാസ്തവമായ കാര്യങ്ങൾ സമൂഹത്തെ അറിയിക്കാനും അയാളോടുള്ള ഐക്യദാർഢ്യം ഉറപ്പിക്കാനും ചില ആവിഷ്കാരങ്ങൾക്ക് മുതിർന്നു. അത് കരുതിക്കൂട്ടിയുള്ള സംഘടിത ആക്രമണമായി വ്യാഖ്യാനിക്കാൻ വ്യഗ്രത കാണിച്ചവരുണ്ട്. അവരോട് പരിഭവിക്കാൻ തോന്നുന്നില്ല. കാരണം, ഞാൻ പാഠപുസ്തകപ്രവർത്തനവുമായി ബന്ധപ്പെട്ട് കഴിഞ്ഞിരുന്ന എല്ലാ കാലത്തും ഉന്നത സമതികളിൽ ഇരുന്ന് നിർദ്ദേശങ്ങൾ നൽകിയിരുന്ന ഒരാൾ പുറത്തുവന്ന് ടെലിവിഷൻ ക്യാമറക്കു​മുന്നിൽ തന്റെതന്നെ പ്രവർത്തനങ്ങളെ അധിക്ഷേപിക്കുന്നത് കണ്ടിട്ടുണ്ട്. പരിശോധിക്കാൻ നിയോഗിക്കപ്പെട്ട കമ്മിറ്റികളിൽ എത്തിയാൽ അദ്ദേഹം ആദ്യം ചെയ്തിരുന്നത് സ്വന്തം രചനകൾ തിരുകിക്കയറ്റാനുള്ള ഇടം അന്വേഷിക്കലാണ്. പേരും മേൽവിലാസവും പാഠപുസ്തകങ്ങളിൽ പതിഞ്ഞുവെന്ന് ഉറപ്പുവരുത്തിയാൽ നിർമമനായി പുറത്തുപോകും. ഇങ്ങനെ വിചിത്രമായ എത്ര കഥാപാത്രങ്ങളുണ്ട് ഈ കളിയരങ്ങിൽ എന്നു പറയാതെവയ്യ. ഒരേ ആൾ‍ അരങ്ങുതകർക്കുകയും മാറിനിന്ന് പുച്ഛിക്കുകയും ചെയ്യുമ്പോൾ മൗനത്തിന്റെ വില അറിയുന്നു.

ഡോ. പി.കെ. തിലക്

1990- ലാണ് ആദ്യമായി ഒരു വിരമിക്കൽചടങ്ങിൽ പങ്കാളിയാകുന്നത്. അന്ന് എന്റെ സഹപ്രവർത്തകനായ വിരമിച്ച അധ്യാപകനെ രണ്ടുപേർ ചേർന്ന് താങ്ങിയെടുത്ത് കാറിൽ കയറ്റേണ്ടിവന്നു. ആരോഗ്യപ്രശ്നങ്ങൾക്കൊപ്പം കുടുംബത്തിലെ ഭാരിച്ച ചുമതലകളും അദ്ദേഹത്തെ അവശനാക്കിയിരുന്നു. അക്കാലത്ത് വിരമിച്ച അധ്യാപകരിൽ പലരുടെയും അവസ്ഥ അതുതന്നെയാണ്. എന്നാൽ, ഞാൻ വിരമിക്കുന്നതിന് രണ്ടു വർഷം മുമ്പ് 2017- ൽ വിരമിച്ച ഒരു എയ്ഡഡ് കോളേജ് പ്രൊഫസർ ആദ്യം ചെയ്തത് പഴയ വിവാഹബന്ധം വേർപെടുത്തുകയാണ്. ഭാര്യയെ തന്നോളം പോന്ന മക്കളെ ഏല്പിച്ച് അദ്ദേഹം പുതിയ വൈവാഹികബന്ധം തേടി പുറപ്പെട്ടു. യൂറോപ്പിൽ താമസക്കാരിയായ ഒരു പങ്കാളിയെ കണ്ടെത്തി അവരോടൊപ്പം അവിടെ കുടിയേറാനായിരുന്നു മോഹം. വിവാഹം കഴിഞ്ഞ് അധികനാൾ ആകുന്നതിനുമുമ്പ് തന്റെ അതിമോഹം നേടിത്തന്ന പുതിയ ഭാര്യ സാമ്പത്തികഭദ്രത മാത്രം ലക്ഷ്യമാക്കിയാണ് ബന്ധത്തിന് മുതിർന്നതെന്നും അവരെ പോറ്റുന്നതിന് തന്റെ സമ്പാദ്യവും വരുമാനവും പര്യാപ്തമാവില്ലെന്നും അയാൾക്ക് ബോധ്യപ്പെട്ടു. വിവാഹമോചനത്തിനായി നടത്തുന്ന നെട്ടോട്ടത്തിനിടയിൽ അയാളെ ഇടയ്ക്കിടെ മൂക്കുകുത്തിക്കാനും അവർക്ക് കഴിയുന്നു. വിരമിക്കൽ ജീവിതം ഓരോരുത്തർക്കും ഓരോ വിധമാണെന്നു പറയാൻവേണ്ടി ചില ഉദാഹരണങ്ങൾ ചൂണ്ടിക്കാട്ടിയെന്നേയുള്ളൂ.

വിരമിച്ച ശേഷം എൻറോൾ ചെയ്ത് അഭിഭാഷകവൃത്തിയിൽ ഏർപ്പെടുന്നവരുണ്ട്. സേവനകാലത്ത് അവർ പ്രവർത്തിച്ചിരുന്ന മേഖലയിലെ വ്യവഹാരസാധ്യതകളിൽ കണ്ണുവെച്ചാണ് പലരും ആരംഭിക്കുന്നത്. മികച്ച അഭിഭാഷകരുടെ നിരയിലേക്ക് ഉയർന്നുവരാൻ അത്തരക്കാർക്ക് കഴിഞ്ഞില്ലെങ്കിലും റിട്ടയർമെന്റ് കാലം ഊർജസ്വലതയോടെ കഴിച്ചുകൂട്ടാൻ അവർക്ക് കഴിയുന്നു. രാഷ്ട്രീയത്തിൽ ഭാഗ്യപരീക്ഷണത്തിന് ഇറങ്ങുന്നവർ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും സഹകരണ സംഘങ്ങളിലും തങ്ങളുടെ ശക്തി പരീക്ഷിക്കുന്നു. രാഷ്ട്രീയം തൊഴിലും ഉപജീവനവും ആക്കിയ സ്വന്തം പാർട്ടിക്കാരോടാണ് അവർക്ക് പോരാടേണ്ടത്. സർവീസ് കാലത്ത് ജനസേവനത്തെക്കാൾ അധികം കക്ഷിസേവനം നടത്തിയ ട്രാക്ക് റെക്കോർഡാണ് അവരുടെ കൈമുതൽ.

സർക്കാർ മേഖലയിൽനിന്ന് പിരിഞ്ഞവർക്ക് റിട്ടയർമെന്റിനുശേഷമുള്ള നിയമനം പൊതുവെ അധികാരവും അംഗീകാരവും നഷ്ടപ്പെട്ടുപോകാതിരിക്കാനുള്ള പിടിവള്ളിയാണ്. വീട്ടിലും നാട്ടിലും തഴയപ്പെട്ടേക്കാം എന്ന തോന്നലാണ് എന്തു വിലയും നൽകി ഒരു നിയമനം നേടാൻ അവരെ പ്രേരിപ്പിക്കുന്നത്. അവർ തങ്ങളുടെ മേഖലയിൽ നല്ല മാതൃകകൾ സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കാനാവില്ല.

സർക്കാർ സർവീസിലെ വിരമിക്കലിനുശേഷമുള്ള തുടർസേവനങ്ങളെ പൊതുവെ സംശയദൃഷ്ടിയോടെയാണ് സമൂഹം നോക്കുന്നത്

പുതിയ തൊഴിൽസംസ്കാരം അനുസരിച്ച് കോർപ്പറേറ്റുകളുടെ കൊടിയ ചൂഷണത്തിന് ഇരയായവർക്ക് റിട്ടയർമെന്റ് എല്ലാ അർത്ഥത്തിലും വിശ്രമജീവിതത്തിനുള്ള കാലമാണ്. അതിനുള്ള ചുറ്റുപാട് ഉറപ്പുവരുത്തുന്ന തരത്തിലാണ് അവരുടെ എല്ലാ ആസൂത്രണവും. എന്നാൽ, സർക്കാർ സേവനം കാര്യമായ ശാരീരികക്ലേശമോ മാനസിക സമ്മർദ്ദമോ പൊതുവിൽ സൃഷ്ടിക്കാറില്ല. തമ്മിലടിയും തൊഴുത്തിൽക്കുത്തും കൊണ്ട് ഉണ്ടാകുന്ന സമ്മർദ്ദങ്ങളേ അവർക്ക് ഉണ്ടാകാറുള്ളൂ. മറ്റു വഴികളിൽ ധനസമാഗമത്തിന് ശ്രമിക്കാത്തവർക്ക് വലിയൊരു സാമ്പത്തിക ഭദ്രതയൊന്നും ലഭിക്കാനും ഇടയില്ല. അങ്ങനെ നോക്കുമ്പോൾ വിരമിച്ചശേഷം ഉല്ലാസകരവും ഉല്പാദനക്ഷമവും സാമ്പത്തികനേട്ടം ഉണ്ടാക്കുന്നതുമായ ഏതെങ്കിലും തൊഴിലിൽ ഏർപ്പെടുന്നത് പ്രോത്സാഹകമാണ്. വ്യാവസായിക അടിസ്ഥാനത്തിലുള്ള കൃഷി പ്രതിസന്ധി നേരിടുമ്പോഴും കൃഷിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർ പൊതുവെ സന്തുഷ്ടരായി കാണപ്പെടുന്നു. പരിസ്ഥിതി സംരക്ഷണം, വിവിധതരം പരിമിതികൾ നേരിടുന്നവർക്കുള്ള പിന്തുണ, പക്ഷി-മൃഗപരിപാലനം, സേവനപ്രവർത്തനങ്ങൾ തുടങ്ങിയവയിൽ വിരമിച്ചവർക്ക് ഏറെ സാധ്യതകളുണ്ട്.

പുതിയ തൊഴിൽസംസ്കാരം അനുസരിച്ച് കോർപ്പറേറ്റുകളുടെ കൊടിയ ചൂഷണത്തിന് ഇരയായവർക്ക് റിട്ടയർമെന്റ് എല്ലാ അർത്ഥത്തിലും വിശ്രമജീവിതത്തിനുള്ള കാലമാണ്.

മറ്റുള്ളവർക്ക് ഉപദേശങ്ങൾ നൽകി ഹർഷപുളകിതരാകാൻ എളുപ്പമാണ്. സ്വന്തം നിലയിൽ ഉൾക്കാഴ്ചയോടെ ഒരു മേഖല തിരഞ്ഞെടുത്ത് മാതൃകാപരമായി പ്രവർത്തിക്കുന്നത് വെല്ലുവിളി നിറഞ്ഞ കാര്യം തന്നെ. റിട്ടയർമെന്റ് കഴിഞ്ഞ് സ്വാതന്ത്ര്യം പ്രഖ്യാപിച്ച ദിനങ്ങളിൽ ഉറ്റസുഹൃത്തുക്കൾ യോഗം ചേർന്ന് നിർദ്ദേശിച്ചത് ഒരു റിസർച്ച് ജേർണൽ തുടങ്ങാനാണ്. രണ്ടു മൂന്നു വർഷം അത് മുമ്പോട്ടുകൊണ്ടുപോയാൽ മറ്റു സുഹൃത്തുക്കളും റിട്ടയർ ചെയ്യുന്ന മുറയ്ക്ക് പങ്കാളികളാകും. ആരാണ് റിസർച്ച് ചെയ്യുന്നത്, ആരാണ് അതിന്റെ ഗുണഭോക്താക്കൾ എന്നൊക്കെ ആലോചിച്ചപ്പോൾ അതിന്റെ അപ്രായോഗികത ബോധ്യപ്പെട്ടു. എന്നാൽ ബിരുദലബ്ധിക്കും ഗ്രാന്റ് തരപ്പെടുത്തലിനും അപ്പുറത്തുള്ള ഗവേഷണത്തിന് ഏറെ സാധ്യതകളുണ്ട്. വിദ്യാഭ്യാസം, പൊതുജനാരോഗ്യം, പരിസ്ഥിതി, സാമൂഹികവിഷയങ്ങൾ തുടങ്ങിയവയിലുള്ള അർത്ഥവത്തായ അന്വേഷണങ്ങൾ ഏറ്റെടുക്കാൻ തയ്യാറുള്ളവരെ ലോകം കാത്തിരിക്കുന്നു.

വിരമിച്ചശേഷം അധികസമയം കുടുംബത്തോടൊപ്പം ചെലവിടാൻ കഴിയുന്നുവെന്നത് സന്തോഷകരമായ അനുഭവമാണ്

വിരമിച്ചശേഷം അധികസമയം കുടുംബത്തോടൊപ്പം ചെലവിടാൻ കഴിയുന്നുവെന്നത് സന്തോഷകരമായ അനുഭവമാണ്. ഇഷ്ടപ്പെട്ട ഭക്ഷണമുണ്ടാക്കി പരസ്പരം സന്തോഷിപ്പിക്കാനും ഗാർഹികമായ ജോലികൾ പങ്കിട്ട് നിർവഹിക്കാനും ദാമ്പത്യജീവിതത്തിൽ ഏറിയകൂറും മനസ്സിലാക്കാതെപോയ പങ്കാളിയുടെ വികാരവിചാരങ്ങൾ തിരിച്ചറിഞ്ഞ് പ്രവർത്തിക്കാനും ഈ സന്ദർഭത്തിൽ കഴിയുന്നു. അടുക്കളപോലെ നല്ല പരീക്ഷണശാല നാസയിലും ഇല്ലെന്ന് അനുഭവം പഠിപ്പിച്ചു. അമ്മയുടെ വീട്ടുജോലികളിലെ കാലതാമസത്തെ കൗമാരത്തിൽ അസഹിഷ്ണതയോടെയാണ് കണ്ടിരുന്നത്. കുറ്റപ്പെടുത്താൻ ശ്രമിക്കുമ്പോൾ അന്ന് അമ്മ പറഞ്ഞിരുന്നത് അടുക്കളപ്പണി തീർന്ന് കൈയൊഴിയണ്ടേ എന്നാണ്. ഇന്ന് അമ്മയുടെ മധുരപരിഹാസംപോലെ അടുക്കള തലയ്ക്കുമേൽ വന്നുമറിയുന്നു. ഒരുപക്ഷേ ജീവിതത്തെ മധുരതരമാക്കുന്നത് അത്തരം തിരക്കുകളാവാം. വരാനിരിക്കുന്ന ലോകത്തെക്കുറിച്ചുള്ള ശുഭപ്രതീക്ഷകൾ ഇളങ്കൊഞ്ചലായും നറുപുഞ്ചിരിയായും അറിഞ്ഞാസ്വദിക്കാൻ ഇപ്പോൾ അവസരമുണ്ട്. ഔദ്യോഗിക ജീവിതത്തിന്റെ തിരക്കിനിടയിൽ നഷ്ടപ്പെട്ടുപോയ എത്രയെത്ര അനുഭൂതികളാണ് ഇവിടെ നമ്മെള കാത്തിരിക്കുന്നത്.


ഡോ. പി.കെ. തിലക്​

എസ്.സി.ഇ.ആർ.ടി റിസർച്ച് ഓഫീസറായിരുന്നു. കഥാ പഠനങ്ങൾ, കവിതാ പഠനങ്ങൾ, കലാപഠനങ്ങൾ എന്നീ മൂന്ന്​ ഭാഗങ്ങളുള്ള പുസ്​തകസെറ്റും തട്ടകപ്പോരിമ എന്ന പുസ്​തകവും പ്രസിദ്ധീകരിച്ചിട്ടുണ്ട്​.

Comments