സത്യൻ അന്തിക്കാടിന്റെ ജീവിതത്തിലും നന്മ ഓവറാ...

റോഡ് ചെന്നവസാനിക്കുന്ന പോയന്റിൽ വണ്ടി നിർത്തി അച്ഛൻ ഹെഡ് ലൈറ്റിട്ടു. ഞാൻ പുറത്തിറങ്ങി. ഇരുട്ടാണ് ചുറ്റും. വയൽ തുടങ്ങുന്ന കരിങ്കൽ തിട്ടകളും മുന്നിലെ മൺറോഡും മാത്രമേ കാണുന്നുള്ളൂ. നീണ്ടു കിടക്കുന്ന ഹെഡ് ലൈറ്റിൽ, ആകാംക്ഷയോടെ നോക്കുന്ന അച്ഛനെ സാക്ഷിയാക്കി കാറിനു മുന്നിലുള്ള വെളിച്ചത്തിൽ കുനിഞ്ഞിരുന്ന് ഞാൻ എലിപ്പെട്ടി തുറന്നു. ഒരു നിമിഷം പുറകിലേക്ക് നീങ്ങി, എല്ലാം ഓക്കെയാണെന്ന് ഉറപ്പ് വരുത്തി തിരിച്ച് കിട്ടിയ തന്റെ ജീവനും കൊണ്ട് ആ എലി ഒരൊറ്റ പാച്ചിൽ ! നീട്ടിക്കിട്ടിയ തന്റെ ആയുസ്സിന്റെ ദൈർഘ്യം വെറും മൂന്ന് സെക്കൻറ്​ മാത്രമേ ബാക്കിയുള്ളൂ എന്നറിയാതെ- ജീവിതത്തിലെ ആകസ്​മികതകളെക്കുറിച്ചാണ്​ സംവിധായകൻ സത്യൻ അന്തിക്കാടിന്റെ മകനായ അഖിൽ സത്യൻ എഴുതുന്നത്​.

പ്ലസ്ടു കാലത്തെ പൂജ അവധിയാണ്.
പഴയ വീട്ടിലെ മുകൾ നിലയിലുള്ള പൂജാ മുറിയിലാണ് പുസ്തകങ്ങൾ ‘മനസ്സില്ലാ മനസ്സോടെ’ പൂജക്കുവയ്‌ക്കുക.
മൂന്നുനേരമാണ് ഈ ഹോം മേഡ് പൂജ.
ജനിച്ച ഓർഡർ പ്രകാരം ആദ്യ പൂജ ചേട്ടൻ, അടുത്തത് അനൂപ്, ലാസ്റ്റ് ഞാൻ. പിന്നീട് പുസ്തകം എടുക്കുന്നത് വരെ റിപ്പീറ്റ് മോഡ്.

രാവിലെ അമ്മ പൂജാമുറി അടിച്ച് തുടച്ചിടും. പൈപ്പ് വെള്ളത്തേക്കാൾ ദൈവാംശം ഉള്ള കിണറ്റു വെള്ളം കോരി കിണ്ടിയിൽ നിറക്കുക, വാഴയില കീറുകളിൽ തുളസി, ചാലിച്ച ചന്ദനം, അരി, പഴം, ശർക്കര, അഡീഷ്ണൽ ഫ്രൂട്ട്സ് ഇതൊക്കെ സെറ്റ് ചെയ്യുക എന്നിവയാണ് പ്രധാന പൂജാരി ജോലികൾ. പൂജ സിംപിളാണ്. വെള്ളത്തിലും ചന്ദനത്തിലും മുക്കിയ തുളസിയില “പിശ്-കു, പിശ്-കു” എന്ന് പുസ്തകത്തിൽ തളിക്കുക, വിളക്കും ചന്ദനത്തിരിയും സരസ്വതി ദേവി സെന്ററിൽ വരുന്ന രീതിയിൽ മൂന്ന് റൗണ്ട് കറക്കുക. ഇത്രയേ ഉള്ളൂ. ദേവിക്ക് അല്പം സാമാന്യ മര്യാദ ഉള്ളതുകൊണ്ട് ശബ്ദം പുറത്തു വരാതെ ചിരിച്ച്, സ്നേഹത്തോടെ ഇതൊക്കെ പാസ്സാക്കി വിടും.

അന്ന് രാവിലെ ഞാൻ ‘നോം’ ആയി പൂജ ചെയ്യേണ്ട ടേൺ ആണ്. അമ്മ പൂജാ മുറി വൃത്തിയാക്കുന്ന സമയത്ത് ഓടിപ്പോയി കുളിച്ച്, വെള്ളമുണ്ടുടുത്ത് "നോം' കിണറ്റിൻ കരയിലെത്തി. കിണ്ടിയിൽ വെള്ളം നിറച്ച്, വാഴയില കീറി അതിൽ തുളസി നുള്ളിയിട്ട് നോമിങ്ങനെ വീടിന്റെ മുന്നിലൂടെ നടന്നു വരികയാണ്. മേലാകെ ഈറനും, വെള്ള മുണ്ടും, ഒരു കയ്യിൽ കിണ്ടിയും മറ്റേ കയ്യിൽ വാഴയിലയിലിട്ട തുളസിയും എല്ലാം കൂടി ആകെ മൊത്തം ഒരു ‘ചൈതന്യം’.
അപ്പോഴതാ, പൊടുന്നനേ ഇടിത്തീ പോലെ “പ്ലക്കേ” എന്ന ശബ്ദത്തിൽ ചിൽഡ്- ആകാശത്തു നിന്ന്​ ഒരു ലോഡ് അഴുക്ക്‌ വെള്ളം എന്റെ തലയിൽ. മുളകിലേക്ക് നോക്കുമ്പോൾ കാണുന്നത് നിലം തുടക്കുന്ന തുണിയും, കാലി ബക്കറ്റുമായി ബാൽക്കണിയിൽ നിന്ന് ചിരിക്കുന്ന അമ്മയെ. അറിയാതെ പറ്റിയതാണ്.

എന്നാലും ആ സെക്കന്റിൽ ഒരു തുള്ളി പോലും മിസ്സാക്കാതെ കറക്ട് സ്പോട്ടിൽ എന്നെ കൊണ്ട് നിർത്തിയത് ഏത് ശക്തിയാണ് !

കോ ഇൻസിഡൻസ്, യാദൃശ്ചികത, ആകസ്മികത എന്നൊക്കെ വിളിക്കുന്ന ഈ പ്രതിഭാസത്തെ നേരിട്ട് പരിചയപ്പെടുന്നത് അന്ന് മുതലാണ്.

കുറച്ച് വർഷങ്ങൾക്ക് ശേഷമുള്ള മറ്റൊരു ദിവസം. സെയിം വീട്. സന്ധ്യ, തിടുക്കത്തിൽ ബാക്കി ഉള്ള വെളിച്ചം കൂടി ഹാൻഡ് ബാഗിലിട്ട്, വണ്ടി സ്ലോ ആക്കിയ സൂര്യന്റെ പുറകിൽ ചാടിക്കേറിയ സമയമാണ്. അച്ഛൻ വീട്ടിലുണ്ട്. ചേട്ടനും അനൂപും ഇല്ല. ഞാൻ എന്തായാലും ഉണ്ട്.

സ്റ്റോർ റൂമിൽ ഇടക്കിടക്ക് ഫുഡ് ഇൻസ്പെഷന് വരാറുള്ള ഒരു എലി അമ്മ വച്ച എലിപ്പെട്ടിയിൽ കുടുങ്ങി. മുഖം കണ്ടിട്ട് നല്ല ഏതോ മാളത്തിലെയാണ്. കൊല്ലാനുള്ള ദേഷ്യമുണ്ടെങ്കിലും അമ്മക്ക് ആ പറഞ്ഞത് ചെയ്യാൻ മാത്രം ഒരു വിഷമം. അച്ഛൻ വന്ന് നോക്കുമ്പോൾ കാണുന്നത്, “നിർത്തി. ഇനി ആവർത്തിക്കില്ല പെങ്ങളേ” എന്ന് അമ്മയെ നോക്കി ചിലക്കുന്ന ആ പാവത്തിനെയാണ്. അച്ഛന്റെയും മനസ്സലിഞ്ഞു. “ദേ ഏലി !” എന്ന് കേട്ടാൽ നൂറേ നൂറ്റിപ്പത്തിൽ നാലു കാലുള്ള എന്തിന്റെ മേലും കയറുന്ന എനിക്ക് ഇതിൽ കാര്യമായി അഭിപ്രായം ഒന്നുമില്ല. ഒടുവിൽ അച്ഛൻ ഒരു തീരുമാനത്തിലെത്തി. വീട്ടിൽ നിന്നും കഷ്ടി മുക്കാൽ കിലോമീറ്റർ പോയാൽ റോഡവസാനിക്കുന്നത് കടൽ പോലെ വിശാലമായി കിടക്കുന്ന നെൽപ്പാടങ്ങളിലാണ്. അവിടെ ഈ മുതലിനെ കൊണ്ട് വിടുക. എലിക്ക് പെർമനൻറ്​ കാനഡ വിസ കിട്ടുന്ന പോലാണത്. "സേഫ് ആൻഡ് സെറ്റിൽഡ് ഫോറെവർ.'

അച്ഛൻ മാരുതി കാർ സ്റ്റാർട്ടാക്കി. പത്രമെടുത്ത് ചരമ കോളം ഉള്ള ഷീറ്റ് മാറ്റി സ്പോർട്സ് പേജിൽ എലിപ്പെട്ടി ചുറ്റി പിടിച്ച് ഞാൻ മുൻസീറ്റിൽ കയറി ഇരുന്നു. ഒറ്റത്തവണ കുളിരു കോരി അടിമുടി ഫ്രഷായി എന്നൊഴിച്ചാൽ എനിക്കിപ്പോ വല്യ അറപ്പൊന്നും തോന്നുന്നില്ല. എലി ബഹളം വയ്ക്കാതെ “ഇങ്ങനെയും മനുഷ്യരോ?” എന്നന്തം വിട്ട് അനങ്ങാതെ ഇരിക്കുകയാണ്. അച്ഛൻ അതിനെ ഇടക്ക് സ്നേഹത്തോടെ നോക്കുന്നുമുണ്ട്. സത്യൻ അന്തിക്കാട് സിനിമകളിൽ നന്മ ഓവർ ആണെന്ന് പറയുന്നവർ പിൻസീറ്റിൽ ഉണ്ടായിരുന്നെങ്കിൽ എന്ന് ഞാനാഗ്രഹിച്ചുപോയി.

അനൂപ് സത്യൻ, സത്യൻ അന്തിക്കാട്, അരുൺ സത്യൻ, നിമ്മി സത്യൻ, അഖിൽ സത്യൻ / Photo: Akhil Sathyan via Fb
അനൂപ് സത്യൻ, സത്യൻ അന്തിക്കാട്, അരുൺ സത്യൻ, നിമ്മി സത്യൻ, അഖിൽ സത്യൻ / Photo: Akhil Sathyan via Fb

റോഡ് ചെന്നവസാനിക്കുന്ന പോയന്റിൽ വണ്ടി നിർത്തി അച്ഛൻ ഹെഡ് ലൈറ്റിട്ടു. ഞാൻ പുറത്തിറങ്ങി. ഇരുട്ടാണ് ചുറ്റും. വയൽ തുടങ്ങുന്ന കരിങ്കൽ തിട്ടകളും മുന്നിലെ മൺറോഡും മാത്രമേ കാണുന്നുള്ളൂ. നീണ്ടു കിടക്കുന്ന ഹെഡ് ലൈറ്റിൽ, ആകാംക്ഷയോടെ നോക്കുന്ന അച്ഛനെ സാക്ഷിയാക്കി കാറിനു മുന്നിലുള്ള വെളിച്ചത്തിൽ കുനിഞ്ഞിരുന്ന് ഞാൻ എലിപ്പെട്ടി തുറന്നു.

ഒരു നിമിഷം പുറകിലേക്ക് നീങ്ങി, എല്ലാം ഓക്കെയാണെന്ന് ഉറപ്പ് വരുത്തി തിരിച്ച് കിട്ടിയ തന്റെ ജീവനും കൊണ്ട് ആ എലി ഒരൊറ്റ പാച്ചിൽ ! നീട്ടിക്കിട്ടിയ തന്റെ ആയുസ്സിന്റെ ദൈർഘ്യം വെറും മൂന്ന് സെക്കൻറ്​ മാത്രമേ ബാക്കിയുള്ളൂ എന്നറിയാതെ.

പുറത്തു ചാടിയ എലിക്ക് “ഹാവൂ” എന്ന് മാത്രം പറയാൻ സമയം കൊടുത്ത്, ഇരുട്ടിൽ നിന്ന് ഒരു വെളുത്ത പൂച്ച ചാടി വന്ന് എലിയെയും കടിച്ചെടുത്ത് വന്ന ഇരുളിലേക്ക് തന്നെ മറഞ്ഞു. ഇത്ര ഭയങ്കരമായ ഒരു ട്വിസ്റ്റ് അച്ഛനോ ഞാനോ എലിയോ പ്രതീക്ഷിച്ചിരുന്നില്ല. മുൻപ് സൂചിപ്പിച്ച ആ പ്രതിഭാസം ഒരു പൂച്ചയുടെ രൂപത്തിൽ ഞങ്ങളെ കാത്ത് ഇരുട്ടിലുണ്ടായിരുന്നു.

തിരിച്ച് വീട്ടിലെത്തി എലിക്കുണ്ടായ ദുർവിധി അമ്മയോട് വിവരിക്കുന്ന അച്ഛനെ കണ്ടപ്പോൾ ഞാനാ പൂച്ചയെപ്പറ്റിയാണോർത്തത്. വിശന്നിട്ട് ഉറക്കം വരാതെ മാനം നോക്കിക്കിടന്നിരുന്ന കക്ഷിക്ക് അതിനേറ്റവും ഇഷ്ടമുള്ള ഭക്ഷണം മലയാളത്തിലെ ഒരു പ്രശസ്ത സംവിധായകൻ മെനക്കെട്ട് കാറോടിച്ച് വന്ന് ഡോർ ഡെലിവറി നടത്തി കൊടുത്തിരിക്കുന്നു. എന്തൊരു യോഗം !

ഈ യാദൃശ്ചികതകളാണ് ചില മനുഷ്യരെ പിടിച്ചാൽ കിട്ടാത്ത വിശ്വാസികളും അന്ധവിശ്വാസികളുമാക്കി മാറ്റുന്നത്. മനുഷ്യർ പഞ്ച് ഡയലോഗ് പറഞ്ഞുതീർക്കുന്ന കറക്ട് ഗ്യാപ്പിൽ ചിലക്കുന്ന പല്ലികളിൽ തുടങ്ങുന്നു അതിനുദാഹരണം.

ഡോക്യുമെന്ററി ഷൂട്ട് ചെയ്യാനുള്ള ബാംഗ്ലൂർ യാത്രയിൽ പരിചയപ്പെട്ട ഒരു മിടുക്കി പെൺകുട്ടിയുണ്ട്. ലക്ഷ്മിയെന്നാണ് പേര്. ആർകിടെക്റ്റാണ്. ഫുൾ കല പില. എനിക്കും കൂടെയുണ്ടായിരുന്ന സുഹൃത്ത് രാജീവിനും ഇരിക്കപ്പൊറുതി തന്നിട്ടില്ല. പക്ഷേ പെട്ടെന്നടുപ്പം തോന്നുന്ന ജെനുവിൻ കൊച്ച്. ബാംഗ്ളൂർ എത്താറായപ്പോൾ ഫേസ്‌ബുക്കിൽ കാണാം എന്ന് പറഞ്ഞ് പുള്ളിക്കാരി ഫ്രണ്ട് റിക്വസ്റ്റയച്ചു. പ്രൊഫൈലിൽ അവളുടെ കോപ്പി പേസ്റ്റ് പോലെ ഒരു പയ്യൻ. ബ്രദർ ആണല്ലേ എന്ന് ചോദിച്ചപ്പോ പറയാണ്, “ഏയ് ! ചേച്ചീടെ മോനാ ” എന്ന്. ഇത്രയ്ക്കും വലിയ ഒരു അനന്തിരവനോ എന്ന് ചോദിച്ചപ്പോഴാണ് സംഗതി പുറത്തു വരുന്നത്.

ലക്ഷ്മിയുടെ അച്ഛനമ്മമാർ ഒരു മകളും ഒരു മകനുമായി മാതൃകാ കുടുംബമായി ജീവിച്ചിരുന്ന കാലം. മകൾ പത്തിലും മകൻ ഏഴിലും പഠിക്കുന്നു. ലൈഫ് ഹാപ്പി. അങ്ങനെയിരിക്കുമ്പോഴാണ് അവർക്ക് വേണ്ടപ്പെട്ട ഒരു ഫാമിലി ഫ്രണ്ടും ഭാര്യയും ബോംബെയിൽ നിന്ന് നാട്ടിലേക്ക് വരുന്നത്. ആ ദമ്പതികൾക്ക് ഇതുവരെ കുട്ടികളായിട്ടില്ല. നാട്ടിലെ ഒരു ക്ഷേത്രത്തിൽ ‘ഉരുളി കമഴ്‌ത്തൽ’ എന്നൊരു ചടങ്ങുണ്ടെന്നും അത് ചെയ്താൽ കുട്ടികളുണ്ടാവുമെന്നും അറിഞ്ഞ് വന്നതാണ്. ലക്ഷ്മിയുടെ പേരൻറ്​സ്​ ആണ് പിക് അപ് ഡ്രോപ്പ് മുതൽ എല്ലാം അറേഞ്ച് ചെയ്യുന്നത്. പ്ലാൻ ചെയ്ത പോലെ തന്നെ അവർ ക്ഷേത്രത്തിലെത്തി വഴിപാട് തുടങ്ങി. എന്നാൽ ഉരുളി കമഴ്‌ത്തുമ്പോൾ ബോംബെ ദമ്പതികൾക്ക് ആകെ ഒരു കൺഫ്യൂഷൻ. ഉരുളിയുടെ പൊസിഷൻ ഒക്കെ ആകെ തെറ്റുന്നു. ആ സമയത്ത് ഓവർ സ്മാർട്ടായി, അങ്ങനെ അല്ല, ഇങ്ങനെ എന്ന് പറഞ്ഞ് ലക്ഷ്മിയുടെ അച്ഛനും അമ്മയും അവരെ ഉരുളി കമഴ്‌ത്താൻ ഒന്ന് സഹായിച്ചു. ആ ദമ്പതികൾ വഴിപാടും കഴിഞ്ഞ് നാട്ടിൽ കുറച്ചു കാലം താമസിച്ച്, ബോംബയിലെത്തി ബ്രഷും പേസ്റ്റും പെട്ടിയിൽ നിന്നും മാറ്റുന്നതിനുള്ളിൽ ഇവിടെ നാട്ടിൽ പതിനാറ് വർഷത്തിനുശേഷം ലക്ഷ്മിയുടെ അമ്മ വീണ്ടും ഗർഭിണിയായി. ആ ഉരുളിക്കുട്ടിയാണ് ഇവൾ !

എന്നാലും ഇതെങ്ങിനെ?
മലയാളം കുറച്ചെങ്കിലും വായിക്കാൻ അറിയുന്നവർ വായിച്ചിരിക്കേണ്ട ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ ‘ചിദംബര സ്മരണകൾ’ എന്ന പുസ്തകം തുടങ്ങുന്നതിങ്ങനെയാണ്.
“ജീവിതം ഒരു മഹാത്ഭുതമാണ്. ഒരിക്കലും പ്രതീക്ഷിക്കാത്ത എന്തോ ഒന്ന് അത് നിങ്ങൾക്ക് വേണ്ടി എപ്പോഴും കാത്തു വെക്കുന്നു.”
സത്യം !


Summary: റോഡ് ചെന്നവസാനിക്കുന്ന പോയന്റിൽ വണ്ടി നിർത്തി അച്ഛൻ ഹെഡ് ലൈറ്റിട്ടു. ഞാൻ പുറത്തിറങ്ങി. ഇരുട്ടാണ് ചുറ്റും. വയൽ തുടങ്ങുന്ന കരിങ്കൽ തിട്ടകളും മുന്നിലെ മൺറോഡും മാത്രമേ കാണുന്നുള്ളൂ. നീണ്ടു കിടക്കുന്ന ഹെഡ് ലൈറ്റിൽ, ആകാംക്ഷയോടെ നോക്കുന്ന അച്ഛനെ സാക്ഷിയാക്കി കാറിനു മുന്നിലുള്ള വെളിച്ചത്തിൽ കുനിഞ്ഞിരുന്ന് ഞാൻ എലിപ്പെട്ടി തുറന്നു. ഒരു നിമിഷം പുറകിലേക്ക് നീങ്ങി, എല്ലാം ഓക്കെയാണെന്ന് ഉറപ്പ് വരുത്തി തിരിച്ച് കിട്ടിയ തന്റെ ജീവനും കൊണ്ട് ആ എലി ഒരൊറ്റ പാച്ചിൽ ! നീട്ടിക്കിട്ടിയ തന്റെ ആയുസ്സിന്റെ ദൈർഘ്യം വെറും മൂന്ന് സെക്കൻറ്​ മാത്രമേ ബാക്കിയുള്ളൂ എന്നറിയാതെ- ജീവിതത്തിലെ ആകസ്​മികതകളെക്കുറിച്ചാണ്​ സംവിധായകൻ സത്യൻ അന്തിക്കാടിന്റെ മകനായ അഖിൽ സത്യൻ എഴുതുന്നത്​.


Comments