മമ്മൂട്ടിയേക്കാൾ മോഹൻലാലിനേക്കാൾ നായികമാർ പ്രേമിച്ച വേണു

ണ്ട് ശ്രീനിയങ്കിൾ തമാശക്കൊരു സർവ്വേ നടത്തിയതായി അച്ഛൻ പറഞ്ഞിട്ടുണ്ട്. അന്ന് മലയാള സിനിമയിലെ നായികമാർക്ക് മനസ്സിനകത്തും പുറത്തുമായി ഏറ്റവും കൂടുതൽ പ്രണയം തോന്നിയിട്ടുള്ളത് ആരോടെന്നായിരുന്നു ആ ചോദ്യം. സർവ്വേ ഫലം വന്നപ്പോൾ അത് മമ്മൂട്ടിയോ മോഹൻലാലോ ആയിരിക്കുമെന്ന് കരുതിയവർ കേട്ട പേരിന് ആ സുന്ദരിമാർക്ക് വന്ന നാണത്തിന്റെ വലിപ്പമേ ഉണ്ടായിരുന്നുള്ളൂ. വേണു; ക്യാമറമാൻ വേണു സർ.

എന്നാൽ ഈ പറഞ്ഞവരെല്ലാം വേണു സാറിനെ കാണുന്നത്, സഫാരി ജീപ്പിലിരുന്ന് ദൂരെ തന്റെ പാടും നോക്കി നടക്കുന്ന സിംഹത്തെ നോക്കുന്ന ടൂറിസ്റ്റുകളെപ്പോലെയായിരിക്കും എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. കാരണം പുള്ളി ജോലിക്കിടയിൽ ചൂടാവുന്നത് കണ്ടുപോയാൽ നല്ലയിനം പേടി കയ്യിൽ പിടിച്ചേ പിന്നെ ആ വഴി പോകാൻ ധൈര്യപ്പെടൂ. പക്ഷേ ഒരല്പം റിസ്‌കെടുത്ത് ഒന്നടുത്ത് ചെന്നാലോ, കറകളഞ്ഞ സ്‌നേഹവും കരുതലും അതിഗംഭീര നർമ്മവുമുള്ള തരി പോലും കാപട്യമില്ലാത്ത ഒരു മനുഷ്യനെയാണ് കാണുക. എനിക്കറിയുന്നത് ആ വേണു സാറിനെയാണ്.

""ഇവിടെ മാലിന്യം നിക്ഷേപിക്കരുത്'' എന്നെഴുതിയത് എവിടെ കണ്ടാലും ഞാനോർക്കുന്നത് വേണു സാറിനെയാണ്. ഒപ്പമുള്ള ഒരു കാർ യാത്രയിൽ വഴിയിൽ ഈ ബോർഡ് കണ്ട് ""ഏത് കഴുതയാണ് ഈ മണ്ടത്തരം തുടങ്ങിവച്ചത് ! മാലിന്യം എന്താ വല്ല സ്വർണ്ണമോ പണമോ ആണോ നിക്ഷേപിക്കാൻ? ഇവിടെ മാലിന്യം ഇടരുത് എന്നെഴുതിയാൽ പോരേ?'' എന്ന് വേണു സാർ ചോദിച്ചത് അന്ന് തലയിൽ കേറി പറ്റിയതാണ്. ഞാനാദ്യം ജോലി ചെയ്ത "കഥ തുടരുന്നു' എന്ന സിനിമയുടെ ഷൂട്ടിനിടയിലാണ് മറ്റൊരു സംഭവം. ക്യാമറക്കടുത്ത് ഞാനിങ്ങനെ അന്തം വിട്ട് നിൽക്കുന്ന സമയത്ത്, അങ്ങോട്ടെന്തോ ചോദിക്കാനായി ഓടി വന്ന അച്ഛന്റെ അസോസിയേറ്റ് ഡയറക്ടർ ബാല ചേച്ചി കാലുടക്കി കമഴ്ന്നടിച്ച് വീഴാൻ ഒരൊറ്റപ്പോക്ക്. ഭാഗ്യത്തിന് അന്ന് വേണു സാറിന്റെ അസോസിയേറ്റ് ആയിരുന്ന വിഷ്ണു നാരായണൻ ചാടിപ്പിടിച്ച് ബാലേച്ചിയെ രക്ഷിച്ചു. തൊട്ടടുത്ത സെക്കന്റിൽ ""വീഴുന്നിടം വിഷ്ണു ലോകം'' എന്നൊരു ഡയലോഗ്. വേണു സാറാണ്.

സ്വന്തം അപ്പൂപ്പനായ കാരൂർ നീലകണ്ഠപ്പിള്ളയിൽ നിന്ന് അമ്മ വഴി അദ്ദേഹത്തിലേക്കെത്തിയ ജീനുകളാവാം ഈ വാചകങ്ങൾ കൊണ്ട് നമ്മളെ രസിപ്പിക്കുന്നത്. വൈകിയാണെങ്കിലും ആ ജീനുകൾ പണി തുടങ്ങിക്കഴിഞ്ഞതിൽ സന്തോഷമുണ്ട്.

ഈ വർഷം ആദ്യമാണ് ഞാൻ "നഗ്നരും നരഭോജികളും' വായിക്കുന്നത്. അന്ന് ഒരു വയസ്സിൽ താഴെ പ്രായമുള്ള മകന്റെയൊപ്പം ഒരച്ഛനായി വളരുന്ന തിരക്കിലായത് കൊണ്ടാണ് ഈ കുറിപ്പ് വൈകിയത്. ഇതിന് മുൻപ് പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ ആദ്യ യാത്രാവിവരണവും വായിച്ചിട്ടുണ്ട്. പുസ്തകമെടുക്കുന്നതിന് മുൻപ് വേണു സാറിനോടുള്ള ഇഷ്ടം മാറ്റി വച്ച് മുൻവിധികളില്ലാതെ തുടങ്ങുമെങ്കിലും ശരിക്കുമങ്ങിഷ്ടപ്പെട്ടു പോകുന്ന ഒരു എഴുത്താണദ്ദേഹത്തിന്റേത്. ഏതാനും പേജുകൾ കഴിഞ്ഞാൽ ഒറ്റക്ക് കാറോടിച്ച് പോകുന്ന പുള്ളിയുടെ കൂടെ മുൻസീറ്റിൽ നമ്മളേയും പിടിച്ചിരുത്തിക്കളയും.

ഒരു സാധാരണ മലയാളിക്ക് അധികം പരിചയമില്ലാത്ത ഇന്ത്യയുടെ വലത്തേയരിക് പിടിച്ചുള്ള യാത്രയാണ് "നഗ്നരും നരഭോജികളും'. ആന്ധ്രയും ഛത്തീസ്ഗഡും ഒഡീഷയും നമ്മുടെ കണ്മുന്നിൽ തെളിയുന്നു. ആദിവാസി സമൂഹങ്ങളും ഗോത്രവർഗങ്ങളും സത്യം മാത്രം പറഞ്ഞ് നമ്മളെ തൊട്ടുരുമ്മി പോകുന്നു. പുരാണങ്ങളിലെ വീരപുരുഷർ കാട്ടിനകത്ത് തലയറുക്കുന്ന ഭീകര രൂപികളായ രാക്ഷസന്മാർ സ്വയരക്ഷക്ക് മൃഗങ്ങളുടെ കൊമ്പുകൾ കൊണ്ടുണ്ടാക്കിയ കിരീടം തലയിൽ വച്ച്, തങ്ങളുടെ വാസസ്ഥലത്ത് കണ്ട അപരിചിതർക്ക് മുന്നിൽ വന്നു പെട്ട വെറും മനുഷ്യരായിരുന്നു എന്ന് നമ്മൾ മനസ്സിലാക്കുന്നു. സ്വയമൊതുങ്ങി ഇല്ലാതാകുന്ന ഒരു സമൂഹം അച്ചടിമഷി പുരണ്ട്, അമ്പരപ്പോടെ നമ്മളെ നോക്കുന്നു.

വേണു സാറിന്റെ പിടിച്ചാൽ കിട്ടാത്ത ധൈര്യവും ഇതിലുണ്ട്. വിജനമായ ചതുപ്പിലെ വാച്ച് ടവറിൽ ഒരു രാത്രി ചിലവഴിച്ചതും, മാവോയിസ്റ്റുകളുടെ നാട്ടിൽ നിറതോക്ക് ചൂണ്ടി നിൽക്കുന്ന പട്ടാളക്കാരന് മുൻപിൽ പെട്ടതും, വാതിലില്ലാത്ത ഒരു കുടിലിൽ, അവിടുത്തെ ഗൃഹനാഥൻ പാമ്പു കടിയേറ്റിട്ടും ധൈര്യത്തോടെ പുകയില ചവച്ച് കിടന്ന് മരിച്ച അതേ കയറ്റു കട്ടിലിൽ കിടന്നുറങ്ങിയതും അതിൽ ചിലതാണ്. ഉൾഗ്രാമങ്ങളിലെ ആഴ്ച്ച ചന്തകളും, ഉറുമ്പു ചമ്മന്തിയും, സിക്‌സ് പാക്ക് മൂപ്പനും, അനേകം പക്ഷികളും, നദീതീരങ്ങളും അതിമനോഹര ചിത്രങ്ങളായി നർമ്മമുള്ള എഴുത്തിനൊപ്പം ചേർന്ന് നമ്മളെ രസിപ്പിക്കുന്നു. വിശന്നിരിക്കുമ്പോൾ അദ്ദേഹം കഴിക്കുന്ന ചൂടു ചോറിൽ വീഴുന്ന പരിപ്പിന്റെ രുചി വായിക്കുന്നവരും അറിയുന്നു.

ഈ പുസ്തകത്തിൽ എനിക്കേറ്റവും ഇഷ്ടപ്പെട്ട ചിത്രം ഇതിനോടൊപ്പം ചേർക്കുകയാണ്. ആന്ധ്രയിൽ കണ്ട, മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനായ "പോഷോ' എന്ന ബാലനെ ചേർത്ത് പിടിച്ച് വേണു സർ നിൽക്കുന്നൊരു ചിത്രമാണത്. കൂടെ ഈ വരികളും. ""പെട്ടന്ന് എനിക്കവനോട് വിവരിക്കാനാവാത്ത സ്‌നേഹം തോന്നി. ഞാനവന്റെ തോളിൽ കയ്യിട്ടു. അവൻ കൂടുതൽ ചേർന്ന് നിന്ന് എന്നെ കെട്ടിപ്പിടിച്ച് അനങ്ങാതെ നിന്നു. എനിക്ക് കരയണമെന്ന് തോന്നി.'' ഇതിലുണ്ട് ഈ പുസ്തകവും, വേണു സാറും.


Comments