കഥ, കളിയവസാനിപ്പിക്കുന്നു

""സ്‌കൂളിൽ പഠിക്കുമ്പോൾ ഞാനൊരു നാടകം കണ്ടു, സോളമന്റെ നീതി.
ആ നാടകത്തിൽ ഒരു പെൺകുട്ടിയുണ്ടായിരുന്നു. ഉഗ്രൻ നടി. അവളുടെ അഭിനയം കണ്ടാണ് അഭിനയമോഹം തുടങ്ങിയത്.''
""പ്രേമമായിരുന്നോ അവളോട് ?''
നൂറ് കടന്ന ഒരാളോട് മുപ്പത് വയസ്സിന്റെ ക്യൂരിയോസിറ്റിയോടെ ഞാൻ ചോദിച്ചു, ""പ്രേമമായിരുന്നോ ?''
ഗുരു പറഞ്ഞു; ""പ്രേമമായിരുന്നു. അവളോടല്ല, അവളുടെ വേഷത്തോട് ''
വേഷങ്ങളോടുള്ള പ്രേമം മൂത്ത് സ്‌കൂൾ പഠനമവസാനിപ്പിച്ച കുട്ടി, നാടകം പഠിപ്പിക്കാൻ വന്നയാൾക്കൊപ്പം കഥകളി പഠിക്കാൻ ഒളിച്ചോടിപ്പോയ കുട്ടി, ആ കുട്ടി ചേമഞ്ചേരിയായത്​ വലിയ കഥയാണ്. അതുകേട്ട് ഞാനിങ്ങനേയിരുന്നിട്ടുണ്ട്. കേട്ടതിൽപ്പാതി ചുരുക്കിപ്പറയാം.

കഥ തുടങ്ങുന്നത് കരുണാകര മേനോനിലാണ്. ചുട്ടി മുതൽ പാട്ടും വേഷവും വരെ കൈകാര്യം ചെയ്തിരുന്ന ബഹുമുഖ പ്രതിഭ, ഗുരു കരുണാകരമേനോൻ. വീട്ടുകാരുടെ സമ്മതമില്ലാതെ കളി പഠിക്കാൻ കഥകളി യോഗത്തിലെത്തിയ കുട്ടിയോട്, കുഞ്ഞിരാമനോട് അയാൾ മടങ്ങിപ്പോകാൻ പറഞ്ഞു. അവൻ പക്ഷേ പോയില്ല. ഇതാണ് ദാഹം, ഗുരുവിന് അവനെ ഇഷ്ടമായി. ഗുരു അവനെ പീലിത്തലമുടി കെട്ടി കൃഷ്ണനാക്കി. അരങ്ങിൽ അവൻ കൃഷ്ണനും ഗുരു കുചേലനുമായിരുന്നു. ""ഒരിക്കൽ കണ്ണൂരൊരു കളി നടന്നു, ചിറയ്ക്കൽ വട്ടളത്തില്ലത്ത്. ഞാനായിരുന്നു കൃഷ്ണൻ, ഗുരു കുചേലനും. കളിക്കിടെ എന്റെ മാറിലേക്ക് ചാഞ്ഞ കുചേലൻ എഴുന്നേറ്റില്ല. ഞാൻ തളർന്നു പോയി, ഗുരുവും.'' അതായിരുന്നു കരുണാകര മേനോന്റെ അവസാനത്തെ കളി. വൈകാതെ അയാൾ മരിച്ചു.

ഗുരു ചേമഞ്ചേരിക്കൊപ്പം ലേഖകൻ

""കളിയവസാനിപ്പിച്ച് ഞാൻ ചേമഞ്ചേരിക്ക് മടങ്ങി. മനസ്സിൽ വല്ലാത്തൊരു ശൂന്യതയായിരുന്നു. വല്യ കലാപാരമ്പര്യമൊന്നും എനിക്കില്ല. അച്ഛൻ ചെങ്ങോട്ടുകാവ് മടയങ്കണ്ടിയിൽ ചാത്തുക്കുട്ടി നായർ, അമ്മ കിണറ്റിൻകര കുഞ്ഞമ്മക്കുട്ടിയമ്മ. 1091 മിഥുനത്തിലെ കാർത്തിക നക്ഷത്രത്തിലാണ് ഞാൻ ജനിക്കുന്നത്. മൂന്ന് വയസ്സ് വരെയേ അമ്മയുണ്ടായുള്ളൂ. അതുവരേയും ഞാൻ ജീവിച്ചത് അമ്മയുടെ കിണറ്റിൻകര വീട്ടിലാണ്. അവർ കൃഷിപ്പണിക്കാരായിരുന്നു. കൃഷിപ്പണി എന്റെ രക്തത്തിലുള്ളതു കൊണ്ടാവണം, ഗുരു മരിച്ചതോടെ ഞാൻ കളി മതിയാക്കി പാടത്തേക്കിറങ്ങി.''

കോഴിക്കോട് ജില്ലയിലെ പഴയ കുറുമ്പ്രനാട് താലൂക്കിൽപ്പെട്ട മേലൂർ ദേശത്തെ ചേലിയ ഗ്രാമത്തിലെ കൃഷിക്കാരായിരുന്നു കിണറ്റിൻകര തറവാട്ടുകാർ. അമ്മയുടെ മരണത്തിനുശേഷം ചെന്നുകയറിയ അച്ഛന്റെ തറവാട് നിറയെ കോൽക്കളി ആശാന്മാരും. കോൽക്കളിക്കാരുടെ താളബോധവും, കൃഷിക്കണ്ടങ്ങളിലെ പൊറാട്ടുനാടകക്കാരുടെ കെട്ടിയാട്ടങ്ങളുമാണ് ഈ മനുഷ്യനെ പത്മശ്രീ വരെ വളർത്തിയത്.

കളി മതിയാക്കി കൃഷിപ്പണിക്ക് പോയ കുഞ്ഞിരാമനെത്തേടി കടത്തനാട്ട് രാജാവിന്റെ ആളുകൾ വന്നു. ""കേമനാണ്, ആട്ടമവസാനിപ്പിക്കരുത്'' രാജാവ് പറഞ്ഞു. രണ്ടാമദ്ധ്യായം തുടങ്ങുന്നത് അവിടെ നിന്നാണ്. രാമുണ്ണി നായരുടെ കടത്തനാട്ട് കളരിയിൽ നിന്ന്.

""മാലേം വളേം, അങ്ങനെ മേലുള്ള പൊന്ന് മുഴുവൻ ഗാന്ധിജിക്ക് ഊരിക്കൊടുത്ത ഒരു പെൺകുട്ടിയുണ്ട്, അറിയ്യോ ?'' എനിക്കറിയാമായിരുന്നു, കൗമുദി ടീച്ചറുടെ കഥ ഞാൻ കേട്ടിട്ടുണ്ട്. കണ്ണൂർ ഗവൺമെന്റ് ഗേൾസ് ഹൈസ്‌കൂളിലായിരുന്നു കൗമുദി ടീച്ചർ പഠിപ്പിച്ചിരുന്നത്. കടത്തനാട്ട് കളരിയിൽ വെച്ച് ടീച്ചർ കുഞ്ഞിരാമൻ നായരെ കണ്ടു. ""എന്റെ കുട്ടികളെ നൃത്തം പഠിപ്പിക്കാമോ മാഷേ ?'' എന്ന് ചോദിച്ചു.
""കഥകളിയിലെ സാരിയും കുമ്മിയുമെല്ലാം ഇഴുകിച്ചേർത്ത് ഞാനൊരു നൃത്തമുണ്ടാക്കി, കൃഷ്ണലീല. അങ്ങനെ കൗമുദി ടീച്ചർക്ക് വേണ്ടി ഞാൻ നൃത്ത ഗുരുവായി.''

നോക്കൂ, കഥകളിയിലേക്ക് വഴി തിരിച്ച് വിട്ടത് ഒരു പെണ്ണായിരുന്നില്ലേ ? ഇപ്പോൾ മറ്റൊരു പെണ്ണ് നൃത്തത്തിലേക്ക്, കംപ്ലീറ്റ് പെണ്ണുങ്ങൾ... എന്നെ ഞെട്ടിച്ച് ഗുരു പറഞ്ഞു, ""അരങ്ങിൽ ഞാൻ ശ്രീകൃഷ്ണനായിരുന്നു.'' നൂറാം വയസ്സിലും നർമ്മം സൂക്ഷിച്ചിരുന്ന മഹാഗുരുവായിരുന്നു ചേമഞ്ചേരി. സർക്കസ്സുകാരെക്കൊണ്ടു വരെ അയാൾ കൃഷ്ണനും ഗോപികയും കളിപ്പിച്ചിട്ടുണ്ട്.

സർക്കസിന്റെ കേരള കഥയിൽ ഒരു ഫെയറി സർക്കസ് കമ്പനി കാണാം, തലശ്ശേരിയിലാണത്. കൃഷ്ണ ഗോപികാ നൃത്തം കാണാൻ ആളുകൾ സർക്കസ് കൂടാരം തേടി വന്ന കഥ കാണാം അവരുടെ ചരിത്രത്തിൽ, ആ ചരിത്രം ഗുരു ചേമഞ്ചേരിയുടെ കൂടെ ചരിത്രമാണ്. സർക്കസ് തമ്പുകളിൽ അയാൾക്കാരാധികമാരുണ്ടായിരുന്നിരിക്കണം, എനിക്കസൂയ തോന്നി. രംഗപൂജയും ശിവതാണ്ഡവവും വേടനൃത്തവും പഠിച്ച്, നൃത്തച്ചുവടുകൾക്കൊപ്പം കഥകളി മുദ്രകൾ ചേർത്ത് നൃത്തശില്പമായിത്തീർന്ന കുഞ്ഞിരാമനെ, തമിഴ്‌നാട്ടിലെ ബാലചന്ദ്ര ഭായിയിൽ നിന്ന്​ ഭരതനാട്യം പഠിച്ച് വന്ന കുഞ്ഞിരാമനെ എങ്ങനെയായിരിക്കും അവർ നോക്കി നിന്നിട്ടുണ്ടാവുക. രാജ കൊട്ടാരങ്ങൾ, രാജകുമാരിമാർ ആ കഥയറിയണം. ഞാൻ ചുമ്മാ ഒരു കഥയെടുത്തിട്ടു, ഒരു സിനിമാക്കഥ.

വേഷത്തേയും തന്നേയും രണ്ടായി കാണാനാവാഞ്ഞ ഒരു കുഞ്ഞൂട്ടാശാനുണ്ട് ഷാജി. എൻ. കരുണിന്റെ വാനപ്രസ്ഥത്തിൽ. സുഭദ്രയായിരുന്നു അയാളുടെ കാമുകി. മുദ്രകളിലൂടെ അവർ സംസാരിച്ചു, പ്രേമിച്ചു. അവൾക്ക് പക്ഷേ കുഞ്ഞൂട്ടനെ മനസിലായിരുന്നില്ല. അവൾ പ്രേമിച്ചത് കുഞ്ഞൂട്ടനെയായിരുന്നില്ല, അർജുനനെയായിരുന്നു. പതിനാറായിരത്തെട്ട് കാമുകിമാർ, ഒരു ഗോപിക ഞാൻ കേട്ട കൃഷ്ണ ഗാഥകൾ വെച്ച് ചുമ്മാ ചോദിക്കട്ടെ, കൃഷ്ണനും കുഞ്ഞിരാമനും രണ്ടായിരുന്നോ ?

""എന്റെ പതിനാറായിരത്തെട്ടും ജാനകിയായിരുന്നു.'' ഗുരു പറഞ്ഞു തുടങ്ങി, ""ജാനകിയെ കല്യാണം കഴിക്കുമ്പോൾ എനിക്ക് മുപ്പത്തി രണ്ട് വയസ്സാണ്. ജാനകി, ടീച്ചറായിരുന്നു. തലശ്ശേരിയിലെ പുന്നോൽ സ്‌കൂളിലാണ് അവൾ പഠിപ്പിച്ചിരുന്നത്. രണ്ടു മക്കളായിരുന്നു ഞങ്ങൾക്ക്, ഹേമലതയും ബാബുവും. കുഞ്ഞിലേ അസുഖക്കാരിയായിരുന്നു ഹേമലത. കുട്ടിക്കാലത്ത് തന്നെ അവൾ ഞങ്ങളെ വിട്ടുപോയി. പിന്നൊരിക്കലും ജാനകി പഴയ പോലായില്ല. ജാനകി മരിക്കുമ്പോൾ ബാബുവിന് ഒരു വയസ്സാ. വീണ്ടും കല്യാണം കഴിക്കാൻ എല്ലാവരും എന്നെ നിർബന്ധിച്ചു. അന്നതൊക്കെ പതിവാ. പക്ഷേ ജാനകിയുടെ ഓർമകൾ ഇവിടെ എല്ലായിടത്തുമുണ്ടായിരുന്നു. എന്റെ പതിനാറായിരത്തെട്ടും ജാനകിയായിരുന്നു.''

ജീവിതത്തിൽ കുഞ്ഞിരാമനും അരങ്ങിൽ കൃഷ്ണനുമായി അയാൾ തുടർന്നു. ""സാക്ഷാൽ കൃഷ്ണഭഗവാന് 125 വയസ്സാണ്. ഇപ്പൊ ചെറിയ ക്ഷീണമൊക്കെയുണ്ട്. അതൊന്നും കാര്യമാക്കുന്നില്ല, ഇനിയും കൊല്ലങ്ങളുണ്ട് 125 ആവാൻ, കൃഷ്ണാ...'' എന്ന് പറഞ്ഞാണ് അന്ന് ഞങ്ങളെ യാത്രയാക്കിയത്. എന്റെ കൂടെയന്ന് സത്യേട്ടനുമുണ്ടായിരുന്നു. സത്യൻ പുനത്തിലിന്റെ ക്യാമറയിൽ ഗുരുവിന്റെ ഒരു ദിവസം മുഴുവനായും ഒപ്പിയെടുക്കപ്പെട്ടിട്ടുണ്ട്. അതിലുണ്ട് പച്ചയായും മിനുക്കായും ഗുരു.

എല്ലാ ദിവസങ്ങളും ഒരുപോലെയെന്ന് ഗുരു പറയും. രാവിലെ എഴുന്നേൽക്കും, കണ്ണാടി നോക്കാതെ ഷേവ് ചെയ്യും, നെറ്റി നിറഞ്ഞ് ഭസ്മക്കുറിയിടും, നെറ്റിയുടെ നടുവിൽ ഒരു തിളക്കത്തിന് കുങ്കുമക്കുറി ചാർത്തും, വെളുത്ത മുണ്ടും ജുബ്ബയുമിട്ട് കുടയും ചൂടി ചേമഞ്ചേരിയിലെ ഇടവഴികളിലൂടെ നടന്ന് അങ്ങാടിയിലെത്തും. ലോട്ടറിട്ടിക്കറ്റുകൾ വാങ്ങും, വാങ്ങിയവ ഭാഗ്യക്കുറികളായിരുന്നോ എന്ന് പരിശോധിക്കും. കാണുന്നവരോടെല്ലാം കുശലം പറയും. ആരു വിളിച്ചാലും ഉദ്ഘാടനങ്ങൾക്കും സ്വീകരണങ്ങൾക്കും പോകും, പരിപാടി കഴിയുംവരെ ഇരിക്കും. എത്ര യാത്ര ചെയ്താലും ക്ഷീണമേതുമില്ലാതെ രാത്രി വൈകും വരെ ഇരുന്ന് ടി.വി കാണും, 11.30 ന് ഉറങ്ങും.

ഗുരു ചേമ​​ഞ്ചേരി, ലിജീഷ്​ കുമാർ, ഫോ​ട്ടോഗ്രാഫർ സത്യൻ പുനത്തിൽ

മേപ്പറഞ്ഞതിലില്ലാത്ത ഒന്ന് പത്ര വായനയാണ്. മുഴുവനായി വായിച്ചില്ലെങ്കിലും, ചരമവാർത്തകളുടെ പേജ് പെറുക്കിയെടുത്ത് വായിക്കുമായിരുന്നു ഗുരു. ""അതെനിക്ക് നിർബന്ധമാ. അറിയാവുന്ന ആരെങ്കിലുമുണ്ടോ എന്നറിയണ്ടേ. അവിടെ പോകണ്ടേ !''
ഗുരോ, നന്നായി അറിയാവുന്നൊരാൾ നാളത്തെ പത്രത്തിലുണ്ടാകും. എങ്ങനെയറിയും അത് ? പതിനഞ്ചു കടക്കും മുമ്പ് കെട്ടിയ ആർഭാട വേഷങ്ങളഴിച്ചു വെച്ച്, ഒമ്പത് പതിറ്റാണ്ടു നീണ്ട അരങ്ങുവാഴ്ചയവസാനിപ്പിച്ച് ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായർ മടങ്ങിയ വാർത്ത എങ്ങനെ വായിക്കും

ഒക്കെ കളിയല്ലേ കുഞ്ഞേ, എന്ന ചിരിയുണ്ട് മുഖത്ത് - എനിക്ക് കാണാം.
""പണ്ട് നീലേശ്വരത്തു ഒരു കളി നടന്നു, നരകാസുരവധം. ഞാനായിരുന്നു കൃഷ്ണൻ. കളിക്കിടെ ഭീകരമായ മഴ വന്നു, കാറ്റു വീശി, ആളുകൾ ഓടി അടുത്തുള്ള വീട്ടിൽക്കയറി. മേളക്കാരും പാട്ടുകാരും വേഷക്കാരും എല്ലാം ഓടി, ഞാനുമോടി. പെട്ടന്ന് ഇടി വെട്ടി, ഞാൻ തെറിച്ചു മുറ്റത്തു വീണു. എന്റെ ചുട്ടിയൊക്കെ ഇളകിപ്പോയി. കുറേപ്പേർ അന്നവിടെക്കിടന്ന് മരിച്ചു. ഞാനും മരിച്ചെന്ന് വാർത്ത പരന്നു. ആളുകൾ ഈ മുറ്റത്ത് തിങ്ങിക്കൂടി. ഞാനുണ്ടോ മരിക്കുന്നൂ, കൃഷ്ണ ഭഗവാന് അങ്ങനെ മരിക്കാൻ പറ്റ്വോ ?''

രാവിലെ ചേമഞ്ചേരിയിൽ നിന്ന് ഒരു കോൾ വന്നു, ഗുരു പോയി.
""ആര്, കൃഷ്ണ ഭഗവാനോ ?'' ഞാൻ പറഞ്ഞു,
""കളിയാണ് ഉറപ്പിക്കണ്ട ''


Comments