അപ്പോൾ മെസ്സഞ്ചറിൽ വാക്കുകൾ വിരിഞ്ഞു, "ഇപ്പഴും നവഗ്രഹങ്ങളോടുള്ള ഇഷ്ടം ഉണ്ടോ?"
ഒരു തേങ്ങൽ കടയഴിഞ്ഞുവരുന്നു.
"ഉണ്ട്, ഇടയ്ക്ക് നവഗ്രഹ സ്തോത്രം ചൊല്ലാറുണ്ട്... ഇതൊക്കെ ഓർമ്മയുണ്ട്?"
"Ah, I remember the most tiny details"
കാൽനൂറ്റാണ്ടാകും.
അതിനുമുന്നെ തന്നെ അറിയും.
മുപ്പതു വർഷമാകുന്നു.
ഒരിക്കലും നേരിൽ മിണ്ടിയിട്ടില്ല. ഒരിക്കൽ, ഒരേയൊരിക്കൽ മാത്രം ചിരിച്ചു.
93- 94 കാലം. ഇംഗ്ളീഷ് എം.എക്ക് മാർ ഇവാനിയോസിൽ കയറിയ സമയം. അനിയത്തിയും ഒരു കസിനും അവിടെ പഠിക്കുന്നുണ്ട്. കസിനാണ് പാർട്ടിയെ പറ്റി പറഞ്ഞത്. തൽക്കാലം പാർട്ടിയെ കരുണ എന്ന് വിളിക്കാം. (അച്ഛന്റെ ഒരു കഥാപാത്രം - ‘നന്മകളുടെ സൂര്യൻ’). കലാകൗമുദിയിൽ മൂന്നും മാതൃഭൂമിയിൽ ഒന്നും കഥ അച്ചടിച്ചു വന്ന ഗ്ലാമറിലാണ്. പക്ഷേ upper crest- സംസ്കാരം വാഴുന്ന ഇവാനിയോസിൽ അതറിയുന്നവർ ഒന്നോ രണ്ടോ.
കടുത്ത ഒരു പ്രണയ കഥ അന്ന് ഹിറ്റായി. ("അവളുടെ മുടിച്ചുരുളുകൾക്ക് കളങ്കമേശാത്ത ശിശുക്കളുടെ ഗന്ധമായിരുന്നു" എന്നു തുടങ്ങുന്ന ഒരു പനന്തത്തകഥ. ആ പ്രായത്തിൽ മാത്രം ഒരു പുരുഷന് എഴുതാൻ പറ്റുന്ന ഒരു കുപ്പിവള കഥ.) തമാശ മര്യാദയ്ക്ക് ഒരു പ്രണയത്തിൽ അന്നു വരെ പെട്ടിട്ടില്ല. ഒട്ടും കാൽപ്പനികോന്മുഖമല്ല. ചിരി പോകട്ടെ, മുഖത്ത് നോക്കാൻ മടി. താടി വെച്ച അരസികത്വമല്ല. നാണം. അച്ഛൻ മരിച്ചപ്പൊ നിർത്തിയ ക്ഷൗരം ജട കെട്ടിയ കവിളുകൾ, കാണുന്ന ആളെ കൊണ്ട് എന്ത് മുഠാളസത്വം എന്ന് പറയിക്കണം എന്ന വാശി പോലെ. (അതൊക്കെയല്ലേ ഒരു സ്റ്റൈൽ!).
പിന്നെ പൊതുവിൽ അങ്ങനെ ഒരു മധുമക്ഷിക അല്ല. ഒന്നോ രണ്ടോ പൂക്കളോട് അടുക്കണമെന്ന് എപ്പഴൊക്കെയോ തോന്നിയിട്ടുണ്ട്. അടുത്ത ചുമതലക്കാറ്റിൽ അവയൊക്കെ പിന്നിപ്പിശറി. (എനിക്ക് ഒരു പെങ്ങളുണ്ട്. അവർക്ക് അച്ഛനില്ല).
അന്ന് ‘നല്ല കുട്ടി’ എന്ന് വീട്ടിൽ കേട്ട ചില കമന്റുകളിൽ ഒരു അനുകൂല സ്ഥാനം മേൽപ്പറഞ്ഞ കക്ഷിക്ക് ഉള്ളിൽ പതിഞ്ഞിട്ടുണ്ട്. അത്രയേ, അത്ര മാത്രമേയുളളു. മോഹമൊന്നുമല്ല. ആ വിത്തവിടെ കിടന്നു.
വർഷങ്ങൾ കഴിഞ്ഞു. ജേണലിസവും കടന്ന് ആദ്യ തൊഴിലിൽ പ്രവേശിച്ചു. ഒരു പൊതുമേഖലാ സ്ഥാപനത്തിന്റെ ഇൻ ഹൗസ് ജേണലിന്റെ എഡിറ്റർ ഇൻ ചാർജ്. ഒരു വർഷത്തെ സർക്കാർ കോൺട്രാക്ട് അവസാനിച്ചു, പുതിയ ലാവണങ്ങളിലേക്ക് പാറി. 28 വയസ്സാകുമ്പോൾ ഒരു ഫാൻസി ജോബിൽ. ദില്ലി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു ട്രാവൽ പബ്ളിക്കേഷൻ ഗ്രൂപ്പിന്റെ കേരള പ്രതിനിധി. 1998- ൽ വീട്ടിലിരുന്ന് അഞ്ചക്ക ശമ്പളം വാങ്ങുന്ന തൊഴിൽ ഏറ്റവും അഭിലഷണീയം. പെങ്ങൾക്ക് വിവാഹം ഒന്നും ഒത്ത് വരാത്തതിന്റെ ഒരു അന്തയില്ലായ്ക ഒഴിച്ചാൽ മറ്റ് പ്രശ്നങ്ങളില്ല.
സുഹൃത്ത് ബാലുവിന് ഒരു പ്രണയം. അത് 17ാം വയസ്സിൽ തുടങ്ങിയതാണ്. കൊച്ചിന് 10 വയസുള്ളപ്പൊ. മുമ്പ് നമുക്ക് നേരെ വന്ന ആഭിമുഖ്യങ്ങളെ ബാലു മുളയിലേ നുള്ളിക്കളഞ്ഞ ചരിത്രമുണ്ട്. ("നമുക്കുപറ്റിയ പാർട്ടിയല്ല. ചെന്നു വീണ് കൊടുത്ത് കളയരുത്").
അങ്ങനെയിരിക്കെ അദ്ദേഹം ഒരു പദ്ധതി പറയുന്നു, "പപ്പന് കരുണയെ അറിയുമോ? നമ്മുടെ ജൂനിയർ ആയിരുന്നു. നല്ല കുട്ടിയാ. എല്ലാ ചൊവ്വയും വെള്ളിയും ആൽത്തറ അമ്പലത്തിൽ കാണും. നല്ല വീട്ടുകാർ. ഒന്ന് നോക്കുന്നോ?"
ആളെ ഇടക്കൊരിക്കൽ പ്രസ് ക്ലബ്ബിൽ കാക്കക്കണ്ണിട്ട് കണ്ടിരുന്നു. കൂടുതൽ സുന്ദരിയായിരിക്കുന്നു. മൈൻഡ് ചെയ്തതായി ഭാവിച്ചാൽ വില പോവുമല്ലോ. വെച്ച് താമസിപ്പിക്കണ്ട. എന്റെ (ആളുടെയും) പ്രൊഫസർ ആയിരുന്ന എബ്രഹാം ജോസഫ് സാറിന്നോട് തിരക്കി.
"എന്തോന്നാ പപ്പൻ കുഞ്ഞേ ലപ്പാണോ ...?"
“ഏയ് വെറുതെ അറിയാൻ, മിണ്ടിയിട്ട് കൂടി ഇല്ല” എന്ന് സത്യം പറഞ്ഞു.
"എന്റെ അറിവിൽ അതിന് ഒരു തരം ജ്വരങ്ങളുമില്ല. ജ്വരം പോയിട്ട് പനി കൂടി! പിന്നാലെ കൂടിയ ചില അസുഖക്കാരെ നിലക്കുനിർത്തിയ കഥയും അറിയാം."
തുടർന്ന് ഗുണഗണങ്ങൾ, വായനാശീലം. ഏറ്റവും ഒടുക്കം ഒരു തിടുക്കപ്പെടുത്തലും; "നമ്മളെത്ര പിള്ളാരെ പഠിപ്പിച്ചതാ. നല്ല എ ക്ലാസ് കൊച്ച്. നോക്കുന്നെങ്കിൽ നോക്കിക്കോ. അറിവിൽ അതിന് ആലോചനകൾ തുടങ്ങിയിട്ടുണ്ട് വീട്ടിൽ."
“സാറെന്നെ ഒന്ന് സഹായിക്കണം. വീട്ടുകാരുടെ ഫോൺ നമ്പർ?”
അപ്പൊ തന്നെ നമ്പർ തരുന്നു. മുന്നോടിയായി സാർ തന്നെ ചുമ്മാ ഒന്ന് അന്വേഷിച്ചു. ആലോചനകൾ ഉണ്ടെന്നോ ഇല്ലെന്നൊ പറയാനാകാത്ത ഒരു ത്രിശങ്കുവിൽ പ്രതികരണം.
"എനിക്ക് ചോദിക്കുന്നതിന് ലിമിറ്റേഷൻ ഇല്ലേ… മോൻ തന്നെ ഒന്ന് തിരക്ക് ".
അപ്പോൾ ആദ്യമായി ധൈര്യം സംഭരിച്ച് അമ്മയോട് വിവരം പറഞ്ഞു. ഫോൺ വിളിച്ച് ചോദിക്കാൻ പറഞ്ഞു.
"പോകുന്നെങ്കിൽ പോട്ടെ കിട്ടിയാൽ ഒരാന. ചോദിച്ചില്ലെന്ന് വരരുത്’’, എന്ന് ബാലുവിന്റെ പിന്താങ്ങ്. തുടർന്ന് മിസ്റ്റർ നായരുടെ വീട്ടിലേക്ക് നീളുന്ന അമ്മയുടെ തരംഗ വീചികൾ. അപ്പുറത്ത് ഒരു പിടി കിട്ടായ്മയുടെ ആയം ചവിട്ടൽ. പിന്നെ മറുപടി, " I think she's not ready for a marriage right now"
തീർന്നു! ഏടടച്ചു. ഒരു മോഹത്തിന്റെ വാട്ടം. അത്രയേയുള്ളൂ.
നേരിൽ ചിരിക്കുക പോലും ചെയ്യാത്ത ആള് ഇതിൽ കൂടുതൽ പ്രതീക്ഷിച്ചതേ തെറ്റ്. എങ്കിലും ഒരു ദഹിക്കായ്ക ശേഷിച്ചു. "She's not ready for a marriage Right now’’ എന്നാണ് പറഞ്ഞത്. അപ്പോൾ ഇനി മറ്റ് രാഗകാംക്ഷകൾ? പ്രണയ നഷ്ടത്തിന്റെ പൊറുക്കാക്ഷതങ്ങൾ? (അതൊന്നുമൊരു വിഷയമല്ല. നമ്മുടെ ഹീറോ ‘മുന്തിരിത്തോപ്പുക’ളിലെ സോളമനിച്ചായനാ."). എബ്രഹാം ജോസഫ് സാർ ആണയിട്ട് പിന്നെയും പറയുന്നു, "ഇല്ല പപ്പാസെ, അങ്ങനെ ഒരു കേസ് കെട്ടിൽ ചെന്നു പെടുന്ന ആളല്ല. ഞാൻ രഹസ്യമായിട്ടൊന്ന് തിരക്കിയതല്ലേ"
"അപ്പൊ പിന്നെ എന്നെ ഇഷ്ടമില്ലാത്തത് കൊണ്ടാവും അല്ലേ സർ?" (എന്നെ കൊല്ലാതിരിക്കാൻ പറ്റുമോ എന്ന മോഹൻലാൽ ചോദ്യത്തിന്റെ സിസ്സഹായഗുരുത്വം മുഴുവൻ കനം തൂങ്ങി)
"ആ, അതെനിക്ക് പറയാനൊക്കുകേല" എന്ന് സാറിന്റെ നിർവ്വികാര പ്രതിദ്ധ്വനി.
വിട്ട് കളയെടാ പൊട്ടാ, എന്ന് ഇരമ്പുമ്പോഴും, വെറുതെ അറിയാനൊരു വെമ്പൽ. ഞാനിതുവരെ ആളുമായി മിണ്ടിയിട്ടില്ല. ഒരു പക്ഷേ വീട്ടുകാരുടെ എതിർപ്പ് മാത്രമാകുമോ?
മറ്റൊരു ദിവസം നഗരത്തിലെ പ്രശസ്തമായ സ്റ്റുഡിയോയിൽ പോയി. ഔദ്യാഗിക ആവശ്യത്തിന് അവിടെ നിന്നാണ് പ്രിന്റ് എടുക്കുന്നത്. അപ്പോൾ display സെക്ഷനിൽ ഒരു ഫാമിലി ഫോട്ടോ ഇരിക്കുന്നു. നെടുങ്ങാടി ഫാമിലി ഗാതറിംഗ് എന്നോ മറ്റൊ പോലെ ഒരു തലക്കെട്ടും. ആ കൂട്ടത്തിൽ ചുവന്ന സാരിയുടുത്ത് നിൽക്കുന്നത് ‘കക്ഷി’ അല്ലേ? അതെയെന്ന് തോന്നുന്നു. പക്ഷേ സൂക്ഷിച്ചു നോക്കാൻ മടി.
"ആ പടമൊന്ന് നോക്കട്ടെ ഭായ് " എന്ന് പറഞ്ഞു വാങ്ങാനുള്ള ജാള്യം. രണ്ടും കൽപ്പിച്ച് ഒരു കോപ്പി വാങ്ങിയാലോ?
ഉള്ളിലിരുന്ന് ഫ്ലോറന്റിനോ അരീസ വിങ്ങി. മാർക്കേസിന്റെ കോളറക്കാലത്തെ പ്രണയത്തിലെ നായകനാണ് ഫ്ലോറന്റിനൊ. തന്റെ നഷ്ട പ്രേയസി പട്ടണത്തിലെ ഏറ്റവും പ്രശസ്ത ഭിഷഗ്വരൻ ഡോ. അർബിനോ ഡാസയുടെ ഭാര്യയാകുന്നത് അയാൾ കണ്ടു നിന്നു. അവളുടെ വിവാഹശേഷവും ആ മുറിവ് പൊറുക്കുന്നില്ല. പട്ടണത്തിലെ ഏറ്റവും വിലപിടിച്ച ഹോട്ടലായ ഡോൺ സാൻഞ്ചോയിൽ എല്ലാ ഞായറാഴ്ച്ചയും അവൾ ഭർത്തൃസമേതയായി വരവുണ്ട്. തീൻശാലയുടെ ഒരു തൂൺ മറവിലെ അരണ്ട വെട്ടത്തിലിരുന്നാൽ ആരുമറിയാതെ അവളെ നോക്കിക്കാണാം. എതിരെ വെച്ചിരിക്കുന്ന വിലപിടിപ്പുള്ള വെനീഷ്യൻ കണ്ണാടിയിൽ പതിയുന്ന അവളുടെ പ്രതിബിംബം. എത്രയോ രാവുകളിൽ നിരവധി കോപ്പ കാപ്പി കുടിച്ചു കൊണ്ട് അയാളാ പ്രതിബിംബം നോക്കിയിരുന്നു. ഒരു ദിവസം രണ്ടും കൽപ്പിച്ച് ഹോട്ടലുടമയോട് ആ കണ്ണാടിക്ക് വില പേശി. ഒടുവിൽ നിർബ്ബന്ധം സഹിയാതെ ഉടമ അതയാൾക്ക് പൊന്നും വിലക്ക് വിറ്റു. വാങ്ങിയ ആൾക്ക് അതിന്റെ വില മതിക്കാനാകുന്നില്ല. എത്രയോ രാവുകളിൽ, രണ്ട് നാഴിക വീതം അവളുടെ ദർപ്പണഛായ പതിഞ്ഞതാണത്.
ഒരു നിമിഷം ഒന്ന് ഉള്ളാരാഞ്ഞു. ഞാനും മറ്റൊരു ഫ്ലോറന്റീനൊ അരീസ ആകുന്നുവോ?
ഫാമിലി ഫോട്ടൊയുടെ കോപ്പികാശും കൊടുത്ത് വാങ്ങി അടുത്തുപിടിച്ച് നോക്കുമ്പോൾ ഇനി ചുവന്ന സാരി വല്ല അപരയുമാണെങ്കിൽ, കോപ്പ്, അടുത്ത തോട്ടിലെറിഞ്ഞു കളയുകയേ നിവൃത്തിയുള്ളൂ. ഛെ, ഞാനെന്ത്! പ്രണയമെന്ന പാഴ്ക്കുങ്കുമം ചുമക്കും ഗർദഭമോ?
"കളഞ്ഞിട്ട് പോ കഴുതേ’’ എന്ന് അന്തര്യാമിയുടെ ഉഗ്രമായ ആട്ട്.
2001- ലെ ഒരു മദ്ധ്യാഹ്നം. കുറച്ച് ബില്ലുകൾ ദൽഹിക്ക് കൊറിയർ ചെയ്യാൻ കയറി. നോക്കുമ്പോൾ ഒരു അതിഭൗതികലയം. നിറയെ പൂക്കളുടെ ബൊക്കെകൾ, പ്രണയാഹ്വാന കാർഡുകൾ. നിറങ്ങളുടെ, രാഗകുറിമാനങ്ങളുടെ ഒരു വിസ്ഥോടനനിലം.
സംഭവം തിരക്കിയപ്പോൾ അന്ന് ഒരു ഫെബ്രുവരി 14 ആണ്. വാലന്റൈൻസ് ഡേ. ഇന്നത്തെ ടെലി കമ്യൂണിക്കേഷൻ ആകെപ്പരക്കലിന് മുമ്പാണ്. കൊറിയർ കമ്പനികളുടെ പക്കമാറ്റക്കോള്കാലം. ഞാനെന്ന unromantic എത്ര പിന്നിലെന്ന് ഖേദിച്ച് നിൽക്കെ അവിടെ തിരക്കുകൾ നിയന്ത്രിക്കാൻ നിന്ന ഒരാൾ തന്റെ സഹന് വിലാസങ്ങൾ വിളിച്ചു പറഞ്ഞുകൊണ്ടിരുന്നു. എന്തോ ഒന്ന് എന്നെ തൊടാൻ പോകുന്നു എന്ന് മനസ്സ് പറഞ്ഞു കൊണ്ടിരുന്നു. അവിടെ തന്നെ തമ്പിട്ടു. അപ്പോൾ അയാൾ ആ വിലാസം ഉറക്കെ പറഞ്ഞു, "കരുണാ സി. നായർ, ഇന്ദിരാ നഗർ എച്ച് സ്‌റ്റ്രീറ്റ്"
എനിക്കറിയാമായിരുന്നു ഇത് വരുന്നുണ്ടെന്ന്. അതിനല്ലെ അവിടെ തളഞ്ഞത്. കൊറിയൽ പീടികയിലെ സഹൻ അലക്ഷ്യമായി ആ കാർഡെടുത്ത് deliverables കൂനയിലേക്കിട്ടു. അയാളുടെ കണ്ണു തെറ്റിയ ഒറ്റ മാത്രയിൽ കാർഡ് തിരിച്ചയച്ച ആളിന്റെ പേര് നോക്കി: "തപൻ അയ്യങ്കാർ, ബാംഗ്ലൂർ". കിട്ടി, മറുപടി തെളിഞ്ഞു. കൊച്ച് കൈവിട്ടു.
ഇതിനായിരുന്നു മൗനവത്മീകവും സഹന സമരപ്രതിരോധവും.
ഇതുവരെ കേൾക്കാത്ത പുതിയ നായകൻ. അങ്ങനെ ഒരാൾ ഇവാനിയോസിൽ ഇല്ല, ഒരാഴ്ച കഴിഞ്ഞ് സാറിനെ വിളിച്ച് രഹസ്യാന്വേഷണത്തിലെ പാളിച്ചയെ പറ്റി പറഞ്ഞു. പുള്ളിയും കാര്യമറിഞ്ഞിട്ടുണ്ട്. ‘പ്രതി’യുടെ വീട്ടുകാർ വിവരമറിത്തിട്ടുണ്ട്.
"ഒറ്റയാൾക്ക് അറിയില്ലായിരുന്നു എന്റെ പപ്പാ. അതിന്റെ ഏറ്റവും അടുത്ത കൂട്ടുകാരിക്ക് പോലും. ഇത് ചെറിയ വയസ്സിൽ തുടങ്ങിയതാ പോലും. ആ കുട്ടിയുടെ ഫാദറിന്റെ ഫ്രണ്ടിന്റെ മകൻ. ബ്രാഹ്മിൺ ബോയ്"
അപ്പോൾ ഒരാശ്വാസം തോന്നി. ഒരുൾത്തിക്കുമുട്ടൽ ഒഴിഞ്ഞല്ലൊ. എന്തുകൊണ്ടോ പ്രണയത്തിനായ് നിലകൊണ്ട ആ പെൺകുട്ടിയോട് പാവം തോന്നി. ബഹുമാനവും.
ആ സമയത്താണ് ആദ്യ കഥാസമാഹാരം പുറത്ത് വരുന്നത്. ഒരു കോപ്പി അയക്കണമെന്നും നടന്നു കഴിഞ്ഞ ജാള്യത അറിയക്കണമെന്നും അതിലും ഉപരി നിയതി ആ രഹസ്യം എത്ര കാവ്യാത്മകമായിട്ടാണ് എനിക്ക് തുറന്ന് കാണിച്ചതെന്നും..... എല്ലാം വെച്ചുകൊണ്ട് പുസ്തകത്തിനൊപ്പം ഒരു കത്തെഴുതി, അന്ന് ആൾ ജോലി ചെയ്തിരുന്ന സ്ഥാപനത്തിലേക്കയച്ചു. ആ അഡ്രസ്സും തപ്പി തന്നത് സാർ തന്നെ എന്നോർമ്മ. മറുപടി പ്രതീക്ഷിച്ചില്ല. രണ്ട് ദിവസം കഴിഞ്ഞപ്പോൾ പ്രിയ ചങ്ങാതി ചോദിക്കുന്നു, "ഡേയ്, നീ ഒരു പെങ്കൊച്ചിനെ പ്രൊപ്പോസ് ചെയ്തോ?" (കശ്മലനിപ്പോൾ ബഹുമാന്യനായ അഭിനേതാവ്, തിരക്കഥാകാരൻ, ഗായകൻ, മേമ്പൊടിക്ക് ബുദ്ധിജീവിയും) .
അന്ന് വൈകിട്ട് മറ്റൊരു ആറടി ഉയരക്കാരനായ ചങ്ങാതിയോട് അവൻ വിവരം പറയുന്നു (ആ ചങ്ങാതി, കാലക്രമത്തിൽ ടെലിവിഷൻ ന്യൂസ് അവതരണത്തിന്റെ നവോത്ഥാന നായകൻ), ഇരുവർക്കും രഹസ്യം മൂടിവെച്ചതിലെ ചൊടിപ്പ് തീർക്കാൻ വൈകിട്ട് നിർബ്ബന്ധിതജലപാനമേള. തുടർന്ന് നിസ്സഹാനായ എന്നെയും ചുമന്ന് ഇന്ദിരാ നഗറിലേക്ക്. ആളിന്റെ വീട് കണ്ടു പിടിക്കണം. അർദ്ധ രാത്രി ‘എച്ച് സ്ട്രീറ്റ്’ ജംഗ്ഷനിൽ ഇറങ്ങി നിന്ന് മാധ്യമസ്നേഹിതൻ ഉറക്കെ വിളിച്ചു; "കരുണാ, ഇറങ്ങിവരൂ".
ഞാനാകെ തകർന്നിരിപ്പായി. ഒടുവിൽ സംയുക്ത ശ്രമഫലമായി, ആവേശകുമാരനെ അവിടെ നിന്നും വലിച്ചു കാറിലിട്ട് സംഘം പിൻ വാങ്ങി. മുകളിലെ നിലാവാനിൽ ഒരൊറ്റ നക്ഷത്രം നിന്നു ചിരിച്ചു. ഞാനതിന്നോട് നന്ദി പറഞ്ഞു, വല്ല ബീറ്റ് പോലീസിന്റെയും കൈയ്യിൽ കുരുക്കാതെ, സ്റ്റേഷൻ വരാന്തയിലെ കൊതുക് കടി കൊള്ളാതെ രക്ഷപ്പെടുത്തിയതിന്!
വിവാഹം തീരുമാനിച്ച വിവരം അറിഞ്ഞിരുന്നു.
മറ്റൊരു നഗര സന്ധ്യ.
ട്രിവാൻഡ്രം ക്ളബ്ബിൽ ഒരു വിവാഹറിസപ്ഷൻ. മുഖം കാണിച്ച് ഹാളിന്റെ പിന്നിലൂടെ കടന്നു കളയാനാഞ്ഞപ്പോൾ ക്യാമറാമാൻ കെ.ജി. ജയൻ ചേട്ടന്റെ ഭാര്യ ഷീബ ചേച്ചിക്കൊപ്പം കക്ഷി. ഉള്ള് വിറച്ചു. ചമ്മലിന് ശേഷമുള്ള കൂടിക്കാഴ്ച്ച. എങ്ങനെയോ ഒരു ചിരി സംഭവിച്ചു. തിരിച്ചും. ആദ്യത്തെ ചിരി, ഇതെഴുതുന്ന നിമിഷം വരെ ആ ഒരൊറ്റ ചിരിയെ ഉണ്ടായിട്ടുളളു.
കുറച്ച് ദിവസങ്ങൾക്കുള്ളിൽ എനിക്കൊരു ഫോൺ, ‘കരുണ’
ആദ്യമായി കേൾക്കുന്നു.
സപ്ത നാഡികളും എഴുന്നുനിന്നു. അപ്പോൾ ശബ്ദം, ‘എന്റെ വിവാഹമാണ് വരുന്ന... തീയതി. ഇന്നലെ എന്റെ സ്വപ്നത്തിൽ ചേട്ടനെ കണ്ടു. സത്യമായിട്ടും."
വാക്ക് തട കെട്ടി നിന്നു. ആശംസകൾ പറഞ്ഞ ശേഷം ഒരു സത്യം പറഞ്ഞു, അതേദിവസം, മുഹൂർത്തത്തിൽ എന്റെ ഒരു ചെറിയമ്മയുടെ മകളുടെ വിവാഹം ശ്രീമൂലം ക്ലബ്ബിൽ.
"ഇത് ട്രിവാൻഡ്രം ക്ലബ്ബിൽ. വാക്കബ്ൾ ഡിസ്റ്റൻസല്ലേയുള്ളു?"
ചെറിയമ്മയുടെ മകളുടെ വിവാഹമുഹൂർത്തം ഉറപ്പിച്ച ജ്യോത്സ്യനോട് നന്ദി മനസ്സിൽ ചൊരിഞ്ഞു കൊണ്ട് ഞാൻ നിസ്സഹായത പറഞ്ഞു. അതവിടെ കഴിഞ്ഞു.
വർഷങ്ങൾ ത്വരിതഗാമികൾ, എന്നെയും വലിച്ചു കടന്നുപോയി. ഇതിനിടയിൽ ഉദ്യോഗമാറ്റങ്ങൾ, വിവാഹം. കുട്ടികൾ. ഇടയ്ക്ക് ഭാര്യയോട് പഴയ ജാള്യത്തിന്റെ കഥ പങ്കുവെച്ചു.
തിരുവനന്തപുരം മസ്ക്കറ്റ് ഹോട്ടലിൽ ഒരു പത്മരാജൻ പുരസ്ക്കാര സന്ധ്യ. കണ്ണട വെച്ചൊരു പെൺകുട്ടി അടുത്തു വന്നു ചിരിച്ചു.
"എന്നെ മനസ്സിലായോ?"
" സോറി..?"
"ഞാൻ കോളേജിൽ ജൂനിയർ ആയിരുന്നു, കരുണയുടെ ഫ്രണ്ട് ആണ്’’, കണ്ണടക്കാരിയും അറിഞ്ഞിരിക്കുന്നു.
" കരുണ ഇപ്പോൾ ---ൽ ആണ്."
വടക്കേ ഇന്ത്യൻ മഹാനഗരത്തിൽ എന്നറിഞ്ഞിരുന്നു. രണ്ട് മക്കളായി എന്നും. കണ്ണടക്കാരി ഒരുപജാപത്തിന്റെ പതുങ്ങിയ സ്ഥായിയിൽ പറയുന്നു: "ഇങ്ങോട്ട് ഫങ്ക്ഷന് വരും മുമ്പ് ഞാൻ അവളോട് പറഞ്ഞു. പ്രത്യേകം അന്വേഷിച്ചതായി പറയാൻ പറഞ്ഞു."
എന്നെ ഇപ്പോഴും ഓർക്കുന്നു. എവിടെയൊ ഒരു പൂവ് വിരിയുന്ന മണം..
തിരിച്ചും അന്വേഷണം അറിയിച്ചു. പിന്നെയും വസന്തങ്ങൾ വാടിത്തളിർത്തു. പിന്നെയും നിലാപ്പാടകൾ, പിന്നെയും കറുത്ത പക്ഷങ്ങൾ. അന്തമില്ലെന്നു തോന്നിച്ച ദുരിതക്കയത്തിൽ തുഴഞ്ഞുതളർന്ന കാലം വന്നു.
റിജ്യണൽ കാൻസർ സെന്ററിന്റെ വേദന മണത്ത ഇടനാഴികൾ. എന്റെ രണ്ടാമത്തെ മകനെ ഒന്നര വയസ്സിൽ നഷ്ടപ്പെട്ട മുറിവ്കാലം. വിലാപങ്ങൾ അലിഞ്ഞ് തുടങ്ങിയ ദിവസം ഒറ്റക്കിരുന്നപ്പോൾ അനുജത്തി വന്നു പതുക്കെ പറഞ്ഞു, ‘‘പപ്പൻ ചേട്ടനോട് condolonces പറയാൻ പറഞ്ഞു, ഒരു പഴയ പരിചയക്കാരി, കരുണ"
ഇരുളിൽ ഒരു രശ്മി.
"എങ്ങനെ?"
"ഫേസ്ബുക്കിൽ എന്റെ ഫ്രണ്ടാണ്. എന്തോ ഒരു ബുക്ക് അയക്കുന്നുണ്ടെന്ന് പറയാൻ എഴുതിയിട്ടുണ്ട്".
ചൂടിൽ വാടിയ ചില്ലകളിൽ തണുകാറ്റ്.
അതും കടന്നുപോയി.
ജീവിതപ്പാനയുടെ കനലാഴി താണ്ടലിൽ ഒന്നും അറിയുന്നില്ല.
"അമ്മേ രക്ഷിക്കണേ" എന്ന ആത്മാവിന്റെ വിളി. കനലുകൾക്കുമേലൂടെ ഓടുന്ന പാദങ്ങളിലെ പൊള്ളലുകൾ അറിയാതെ കാക്കുന്നത് ആര്?
ആ ശക്തി തന്നെ, പോയ അതേ രൂപത്തിൽ മറ്റൊരു കുഞ്ഞിനെ ഒരു കൊല്ലത്തിനകം തന്നു, താങ്ങി. അവന്റെ കൊഞ്ചലുകളിൽ, കലങ്ങിപ്പോയ ജീവിതം പിന്നെയും പിച്ചവെച്ച്, പച്ച വെച്ച് തളിർത്തു. അഞ്ചു വർഷം മുമ്പ് കൊച്ചിയിലേക്ക് ഔദ്യോഗിക മാറ്റമായി വന്നതിൽപ്പിന്നെ ഫേസ്ബുക്കിലെ കൗതുകക്കൂട്ടിൽ ചേക്കയായി.
ഒരു ദിവസം വെറും കൗതുകപ്പുറത്ത് ആ പേര് അടിച്ചു നോക്കി. ഉണ്ട്. ആളിവിടെ ഉണ്ട്. അതി സുന്ദരമായ ഭാഷയിൽ പോസ്റ്റുകൾ. എനിക്കാവില്ല ഇത്ര വൃത്തിയും ശുദ്ധിയുമുള്ള ഇംഗ്ലീഷ് എഴുതാൻ. കാച്ചിക്കുറുക്കിയ വരികളിൽ ഒരു വിശുദ്ധജീവിത വീക്ഷണത്തിന്റെ ധ്യാനാത്മകത. റിക്വസ്റ്റ് അയക്കാൻ മടിച്ചു. ഒറ്റ പെൺകുട്ടിക്കും അറിഞ്ഞു കൊണ്ടു റിക്വസ്റ്റ് വിടില്ല എന്ന പഴയ മുരട്ടു വാശി. പക്ഷേ ഒരു കള്ളനെ പോലെ ആ പോസ്റ്റുകൾ വിടാതെ പിന്തുടർന്നു. ഫ്ലോറന്റിനോ അരീസയയെയും ആ വെനീഷ്യൻ കണ്ണാടിയെയും പിന്നെയും ഓർത്തു. ഇങ്ങനെ മതി. അതിരുകൾ മുറിയരുത്. പല തിരക്കുകളിൽ ഇടയ്ക്ക് കുറച്ച് കാലം എഫ്.ബി നോക്കാതെയായി. കോവിഡിൽ ലോകം അടഞ്ഞുപോയ കാലം.
പ്രിയപ്പെട്ട എബ്രഹാം ജോസഫ് സാർ അകാലത്തിൽ വിട ചൊല്ലി. സാർ മാത്രമായിരുന്നില്ല, എന്തെല്ലാമൊ ആയിരുന്നല്ലോ. വീർപ്പുമുട്ടി കാത്തിരുന്ന പഴയ ചില ഫോൺ വിളി വേളകൾ ഓർത്തുപോയി.
കോവിഡ് ഒഴിഞ്ഞു. തുറവിയുടെ പ്രകാശം പിന്നെയും.... വീണ്ടും കൊച്ചി.
എഫ്.ബി തുറന്നു. പഴയ പേര് സെർച്ച് ചെയ്തു. "Karuna has locked her profile". എന്നാൽ പിന്നെ വേണ്ട എന്ന് ഒഴികഴിവുവെച്ചു.
പക്ഷേ അച്ഛന്റെ ഭാഷയിൽ "ശൂന്യതയിൽ നിന്നുള്ള ആ Feather touchന്റെ" അഭാവം മെല്ലെ നീറിപ്പിടിച്ചു. ആകെ ചെറു ജീവിതം. എന്തിന് പിടിച്ചുവെക്കണം. ഒടുവിൽ, ആളിന്, ജീവിതത്തിലാദ്യമായി ഒരു പെൺകുട്ടിക്ക്, ചങ്ങാതിയപേക്ഷ അയച്ചു. നിമിഷങ്ങൾക്കകം അത് സ്വീകരിക്കപ്പെട്ടതായി കണ്ടു. നന്ദിയായി കൂപ്പ് കൈ വിട്ടു.
"സുഖമല്ലെ? "എന്ന് മെസ്സഞ്ചർ ചോദിക്കുന്നു.
"ഇപ്പോഴും എഴുത്തില്ലേ?" ചേതനയറ്റ ഒരു ധമനിയിൽ വീണ്ടും ജീവനോടി.
അപ്പോൾ ചോദിക്കുന്നു, "നവഗ്രഹങ്ങളോടുള്ള ഇഷ്ടം ഇപ്പോഴുമുണ്ടോ?"
പഴയ കത്തിൽ ചില നിമിത്തങ്ങൾ പറഞ്ഞ കൂട്ടത്തിൽ നവഗ്രഹ സ്വാധീനത്തെ പറ്റി എന്തോ വാരിവലിച്ചെഴുതിയിരുന്നു, ഇരുപത്തിരണ്ട് വർഷം മുമ്പ്.
കണ്ണ് നിറയുന്നു.
"ഉണ്ട്... ഇടയ്ക്ക് നവഗ്രഹ സ്തോത്രം ചൊല്ലാറുണ്ട്. ഇതൊക്കെ ഓർമയുണ്ട്?"
"Ah, I remember the most tiny details".
പഴയ കത്തിൽ ഞാനെഴുതിയ ഗുൽസാറിന്റെ വരികൾ, "Thujh se naraaz nahi zindagi" ഇടക്ക് ഓർമിപ്പിച്ചു.
മനസ്സ് നേർത്തു പോകുന്നു, 'ജീവിതമേ എനിക്ക് നിന്നോട് പരാതിയില്ല. പരിഭവമില്ല, നീ ഇട്ടു തരുന്ന കളങ്കമില്ലാത്ത സമസ്യകൾക്കു മുന്നിലെ ആകുലത മാത്രം. പരിക്ഷീണത മാത്രം.'
പഴയ അബദ്ധങ്ങൾ പറഞ്ഞ് വരികളിൽ നിറഞ്ഞു ചിരിച്ചു. അപ്പോൾ അറിയുന്നു, കക്ഷിയുടെ വീട് ഇന്ദിരാ നഗർ H സ്ട്രീറ്റ് അല്ല, M ആണ്. എങ്ങനെയൊ തെറ്റി മനസ്സിൽ കേറിയതാണ്. നക്ഷത്രം എന്നെ നോക്കി ഊറിച്ചിരിച്ച രാത്രിയുടെ, H സ്ട്രീറ്റിലെ പഴയ പരാക്രമങ്ങൾ ഓർത്തു.
മുമ്പ് സ്റ്റുഡിയോയിൽ കണ്ട ഫാമിലിഗ്രൂപ്പ് ഫോട്ടോ ആളിന്റെ തന്നെ. അതവിടെ കുറച്ചു കാലം display- ൽ വെച്ചിരുന്ന വിവരം ആൾ അറിഞ്ഞിട്ടില്ല എന്നു മാത്രം.
സ്വച്ഛജീവിതം. തപൻ നല്ല പിതാവായി കുടുംബം നയിക്കുന്നു. ഒരിക്കൽ യൂറോപ്പ് കറങ്ങി. (ഓർത്തു, നമ്മളെക്കൊണ്ട് കൂട്ട്യാ ഇതൊന്നും കൂടില്ല).
വാട്സാപ്പ് കത്തുകളിലറിഞ്ഞു, മനസ്സിന്റെയും ശരീരത്തിന്റെയും വലിയ ദുർഘടങ്ങൾ കടക്കുവാൻ ആദ്ധ്യാത്മികതയുടെ പാത ഇടയ്ക്ക് സ്വീകരിക്കുന്ന കഥ. ഛത്തീസ്ഗഡിലും, തിരുവണ്ണാമലയിലും ധ്യാനിക്കാൻ പോകാറുണ്ട്. ഒരു സ്പെഷ്യൽ സ്ക്കൂളിൽ അദ്ധ്യാപിക. ചില പരിഭാഷാദൗത്യങ്ങൾ.
ഒരു ദിവസം കുറിപ്പ്,
"തലസ്ഥാനത്തുണ്ട്"
"ദൽഹി?"
"അല്ല നമ്മുടെ സ്വന്തം തിരുവനന്തപുരത്ത്."
വയോധികനായ ഒരു ആദ്ധ്യാത്മിക ഗുരുവിനെ കാണുവാൻ വന്നതാണ്.
ആഴ്ച്ചാന്ത്യം. ഞാനും സ്ഥലത്തുണ്ട്.
കാണണോ. അങ്ങനെ ഒരു ചോദ്യം അവിടെ നിന്നും വന്നാൽ?. കടന്നുപോയ ഇരുപത്തിമൂന്ന് വർഷങ്ങളുടെ ശൂന്യത ഒരു ഇരുണ്ട കയമായി എന്നെ ചൂഴ്ന്നു.
അപ്പോഴും ഫ്ലോറന്റിനോ അരീസയെ ഓർത്തു. വീട്ടുകാർ വേർപെടുത്തിക്കൊണ്ടുപോയ തന്റെ പ്രണയിനി വർഷങ്ങൾക്കുശേഷം വീണ്ടും അയാളുടെ ദ്വീപിലേക്ക് മടങ്ങിവരുന്നത് അയാൾ കാത്തുനിൽക്കുന്നു. ഉറക്കമറ്റ, പശിയറ്റ, കാത്തിരുപ്പിന്റെ ദിവസങ്ങൾ അയാളിലെ മിനുക്കുകൾ പൊഴിച്ചു കളഞ്ഞിരിക്കുന്നു. വിരൂപനായിരിക്കുന്നു. നൗക ഇറങ്ങി വന്ന പ്രേയസി ഒരു നിമിഷം അയാളെ നോക്കി. "ഈ സത്വത്തിന് വേണ്ടിയോ ഞാനിത്രയും ഉരുകിയത്" എന്നൊറ്റ നിമിഷത്തിൽ അവൾക്ക് തോന്നി. തിരസ്ക്കാരത്തിന്റെ ഒരു കൈ വീശലിൽ അവൾ അയാളെ ഒറ്റയടിക്കു വേണ്ടെന്നു വെച്ചു.
(She just managed to think "My God, Poor man" Florentino Arisa smiled, tried to say something to follow her, but she erased him from her life with a wave of her hand.
" No please", she said to him.
" Forget it")
കാണുമ്പോൾ കരച്ചില് വന്നാൽ…
ഒറ്റക്കാഴ്ചയാൽ, ഒരു കുശലവേളയാൽ, ആ വർണ്ണരാജി പൊലിയുമെന്നോ, അതിന്റെ വിശുദ്ധി കൈമോശം വരുമെന്നോ ഭയം തോന്നി.
പെട്ടെന്നൊരാശയം തോന്നി. സംഗീതാ ജയയുടെ " അടുത്തടുത്ത് നിൽക്കുമ്പോൾ " എന്ന കവിത ഒരു എഫ്.ബി സുഹൃത്ത് പാടിയത് അയച്ചു കൊടുത്തു.
"ഇത്രയും ചേർന്നു നിൽക്കാതെ,
നിന്നെ പ്രണയം മണത്തിട്ടു വയ്യ...
ഇങ്ങനെ പൂത്തുലയാതെ, പുതുമണ-
മിത്രയും താങ്ങുവാൻ വയ്യ…" .
വായിച്ചിരുന്നുവോ ആവോ?
അതിന് പ്രതിമൊഴി ഉണ്ടായില്ല.
പതിവുപോലെ ചില നാട്ട് വിശേഷങ്ങൾ, തമാശകൾ…
ഓർത്തു. കുറിമാനങ്ങളല്ലാതെ ഇപ്പഴും ഫോണിൽ സംസാരിച്ചിട്ടില്ല. ഈ നിമിഷം വരെയും. വേണ്ട. അങ്ങനെ നിൽക്കട്ടെ.
ആൾ സ്വസ്ഥമായി മടങ്ങി.
പിറന്നാൾ വന്നപ്പോൾ മനസ്സു നിറച്ച് ആശംസകൾ വന്നു. കൂട്ടത്തിൽ ഇത്രയും: "You share birthday with a very good friend of mine."
"അതാരാ?"
".... തപൻ. ഒക്ടോബർ 4."
അപ്പോൾ വാക്കുകൾ തടസ്സമില്ലാതെ വന്നു, "ചുമ്മാതല്ല ഈ ഒരു നക്ഷത്രത്തിനുചുറ്റും ഭ്രമണം ചെയ്തത്. ഇപ്പൊ മനസ്സിലായില്ലെ, ഒന്നും എന്റെ തെറ്റല്ല. എല്ലാം astronomy."
ശരിവെച്ച് കൊണ്ട് വാക്കുകൾ ചിരിച്ചു.
അപ്പോൾ ഒരു അവസാന ട്വിസ്റ്റിനുള്ള അവസരം കൃത്യമായി എനിക്കു കൈവന്നു.
" ഇനിയൊരാൾ കൂടിയുണ്ട് ഇതേ D..O.B. ഊഹിക്കാമൊ?"
"No Idea"
"എന്റെ കെട്ട്യോൾ, ഇതേ ദിവസം. ഒക്ടോബർ 4th. ഇപ്പൊ മനസ്സിലായില്ലേ, വരാനുള്ളതൊന്നും വഴിയിൽ തങ്ങില്ല എന്ന്. നാം പാവം മാനവർ”
മെസ്സേജിൽ വിദൂരനഗരത്തിൽ നിന്നുമുള്ള ചിരിയുടെ തരികൾ.
ഞാൻ പുറത്തിറങ്ങി. അന്തിവാനിൽ ഒരായിരം നക്ഷത്രങ്ങളുടെ ചിരികൾ.
പഴയ എം.എ ക്ലാസിൽ നിന്ന് Tempest-ലെ Prospero ടെ വരികൾ: "We are such stuff as dreams are made on ... "
താരകളോട് നന്ദി പറയണം, ജാഗ്രത്തിൽ ഒരു കിനായാനത്തിന്…
(ടൈറ്റിലിന് ഒ.എൻ.വിയുടെ വരികൾക്ക് കടപ്പാട്)