മനുഷ്യാനുഭവത്തിൻ്റെ എല്ലാ സമൂർത്തതയും കൊണ്ട് സമ്പന്നമായ ഒരോർമയാണ് ബഷീർ, എനിക്ക് എപ്പോഴും. സംവദിച്ചുകൊണ്ടിരിക്കുന്ന ഓർമകളുടെ ഒരു കലാശാലയാണ് ബഷീർ. അനുഭവങ്ങൾ കൊണ്ടാണ് അദ്ദേഹം ജീവിതത്തിൻ്റെ പാഠപുസ്തകം നിർമ്മിച്ചത്.
1988- ൽ ബഷീർ ദ മാൻ ഡൽഹിയിൽ പ്രദർശിപ്പിച്ച വേളയിൽ എൻ്റെ തൊട്ടടുത്തിരുന്ന ഒരു ഉത്തരേന്ത്യക്കാരനായ ദീപക് ചോപ്ര എന്നോട് ചോദിച്ചു, ഇത് Pathummas goat എഴുതിയ ബഷീർ ആണോ? അതേ എന്ന് ഞാൻ പറഞ്ഞു.
ആ കഥ നടന്നതാണോ എന്നയാൾ വീണ്ടും വീണ്ടും ചോദിച്ചു. ആ വീടും അതിലെ കഥാപാത്രങ്ങളും അനേകം തലമുറകളായി ജിവിക്കുന്ന ആട്ടിൻ കുടുംബവും സത്യമാണെന്ന് ഞാൻ പറഞ്ഞു. മദിരാശിയിലെ പ്രസാദ് ലാബിലെ ചീഫ് ടെക്നീഷ്യൻ പൊന്നയ്യൻ എന്ന മലയാളി, പ്രിൻ്റിടുന്ന വേളയിൽ ബഷീറിൻ്റെ കഥാപാത്രങ്ങളെ ഓർമിച്ചെടുത്തു. നമ്പൂതിരി ചിത്രവൽക്കരിച്ച ഓരോ കഥാപാത്രങ്ങളെയും തെറ്റാതെ സ്റ്റുഡിയോയിലുണ്ടായിരുന്ന സഹജീവിയായ ഷെയ്ക്കിന് പറഞ്ഞുകൊടുത്തു.
മഞ്ജിരദത്ത എന്ന ബംഗാളി ഡോക്യുമെൻ്ററി സംവിധായിക 16 mm- ൽ എടുത്ത ഒരു ചിത്രം അന്ന് പ്രസാദ് ലാബിൽ പോസ്റ്റ് പ്രൊഡക്ഷൻ വർക്കിന് വന്നിരുന്നു. ബഷീർ ദ മാൻ്റെ പ്രിൻ്റ് ചെക്ക് ചെയ്യുന്ന സമയത്ത് ആ സംവിധായിക തിയേറ്ററിലുണ്ടായിരുന്നു. ചിത്രം കണ്ടിറങ്ങിയ മഞ്ജീരദത്ത പറഞ്ഞു: ഇങ്ങനെയൊരു ജീവചരിത്രമുള്ള എഴുത്തുകാരൻ ബംഗാളി സാഹിത്യത്തിലില്ല.
ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിക്കഴിഞ്ഞതിൻ്റെ പിറ്റേ രാത്രി നെഹ്റുവിന്റെ പ്രസംഗം കേൾക്കാൻ റേഡിയോ ഇല്ലാതെ വിഷമിച്ച ബഷീർ, എറണാകുളത്ത് റേഡിയോ ഉള്ള ഒരു ഹോട്ടലിൻ്റെ വരാന്തയിൽനിന്ന് പ്രസംഗം കേട്ട കഥ പറഞ്ഞിരുന്നു. ഹോട്ടലിൻ്റെ അകത്തുകയറിയാൽ ചായ കുടിക്കണം. അതിന് കൈയിൽ കാശില്ല. അപ്പോൾ ഒരു വഴിയേ ഉള്ളൂ, മുറ്റത്ത് നില്ക്കുക. പുറത്ത് നല്ല മഴയായിരുന്നു. ഞാൻ മഴ മുഴുവൻ നനഞ്ഞുകൊണ്ട് പ്രസംഗം കേട്ടു - ബഷീർ പറഞ്ഞു.
ഇത് ഷൂട്ടു ചെയ്യുമ്പോൾ അവിടെ ഒരു സ്വാതന്ത്ര്യ സമരസേനാനിയുണ്ടായിരുന്നു. വലിവിൻ്റെ പ്രശ്നമുള്ളതിനാൽ അദ്ദേഹത്തിൻ്റെ ശബ്ദം സ് ഫുടമല്ലാത്തതിനാൽ ലാബിൻ്റെ അശ്രദ്ധയാൽ അതിലെ പ്രധാന ഭാഗങ്ങൾ പോറൽ വന്ന് നശിച്ചതിനാൽ സിനിമയിൽ അത് ചേർക്കാതെ ഉപേക്ഷിക്കേണ്ടിവന്നു. സിനിമ ഇറങ്ങിയപ്പോൾ ആ രംഗം ചേർക്കാത്തതിനെപ്പറ്റി ആ സ്വാതന്ത്ര്യസമരസേനാനി എന്നോട് പരിഭവിച്ചു.
ശരിയായിരുന്നു. സ്വാതന്ത്ര്യം കിട്ടിയ ദിവസം സ്വാതന്ത്ര്യസമരസേനാനിക്ക് രാഷ്ട്രനേതാവിൻ്റെ പ്രസംഗം കേൾക്കാൻ കഴിയാതെ പോകുന്നതിലെ വൈരുധ്യം ബഷീറിൻ്റെ ദർശനത്തിൽ തന്നെ പിന്നീട് എഴുത്തിൽ വന്നു, സ്വാതന്ത്ര്യ കിട്ടി ഒരു വ്യാഴവട്ടം കഴിഞ്ഞപ്പോൾ വന്ന മതിലുകളിൽ. മതിലുകളിലെ നായകൻ why Should I be free, who wants freedom എന്നുപറയുന്നത് ഈ നിഷ്ഫലത മൂലമാകാം. ഇങ്ങനെ അനേകം നിഷ്ഫലതകളും നഷ്ടങ്ങളും പരാജയങ്ങളുമാണ് ബഷീറിൽ ഏറ്റവും സഫലമായി പ്രത്യക്ഷപ്പെടുന്നത്.
1987- ൽ തിരുവനന്തപുരത്തെ ഇന്ത്യൻ പനോരമയിലേക്ക് ബഷീർ ദ മാൻ തെരഞ്ഞെടുക്കപ്പെട്ടപ്പോൾ ആ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ അത് കണ്ട യമൻ ടി.വി.യുടെ ഡയറക്ടർ, ഈ ഡയനാമിക് പേഴ്സണാലിറ്റിയെ നേരിൽ പോയി കാണാൻ എന്നെ സഹായിക്കാമോ എന്നാണ് എന്നോട് ചോദിച്ചത്.
എല്ലാ തകർച്ചകളും വിജയമാക്കിത്തീർത്തു ബഷീർ. സർവ്വശക്തിയും സംഭരിച്ച് രണ്ടാമതൊരു ശ്രമം നടത്തുക എന്ന ആ ഇച്ഛാശക്തി, നഷ്ടപ്പെട്ടതെല്ലാം തിരിച്ചെടുക്കാനുള്ള ശക്തി നല്കുന്നു. എൻ്റെ ഡോക്യുമെൻ്ററി പോലും ഈ വീണ്ടെടുക്കലിൻ്റെ സാക്ഷ്യമാണ്. ചെറുപ്രായത്തിൽ തന്നെ സന്യാസത്തിനു (സൂഫി) പോയി, ജീവിതത്തിലേക്ക് മടങ്ങിവന്നു ബഷീർ. മറ്റെല്ലാവരും വാർധക്യത്തിൽ സന്യാസത്തിനു പോകുമ്പോൾ ബഷീർ അത് യൗവ്വനത്തിൽ തന്നെ നേരത്തെ രുചിച്ചു. അതിൻ്റെ നിഷ്ഫലത നേരത്തെ സ്വയം തിരിച്ചറിഞ്ഞു. സ്വന്തം ജീവിതത്തെ ഒരു പരീക്ഷണശാലയാക്കിയ ഈ മനുഷ്യൻ എല്ലാ നിഷ്ഫലതകളെയും നെഞ്ചേറ്റി, പരാജയപ്പെട്ട ഒരു സത്യാന്വേഷിയായി ലോകത്തെ ഉൾക്കൊണ്ടു. ലോകം അദ്ദേഹത്തിൻ്റെ വീട്ടുമുറ്റത്തേക്ക് അടിവെച്ചടിവച്ചുവന്നു. അപ്പോഴും അദ്ദേഹം ലോകത്തോട് മൊഴിഞ്ഞു: എനിക്കാരും ഇല്ലാത്തതിൽ ഒരു രസമുണ്ട് (‘കാൽപാട്’).