എം.എ. ബേബി, സൈമൺ ബ്രിട്ടോ

​എം.എ. ബേബിയുടെ
ബ്രി​ട്ടോ

സൈമൺ ബ്രിട്ടോ റോഡ്രിക്‌സ് ​ജീവിതം പറയുന്നു- 9

ഇത്രമാത്രം പ്രതിഭാശാലിയായ ഒരു വിദ്യാർത്ഥിസംഘടനാപ്രവർത്തകനുനേരെ നടന്ന വധശ്രമം എന്തിനെന്ന് കെ. എസ്. യുക്കാർക്ക് വിശദീകരിക്കാൻ ഒരിക്കലും കഴിയില്ല. എന്നാൽ, ബ്രിട്ടോ അതിനെക്കുറിച്ചല്ല കൂടുതൽ സംസാരിച്ചിട്ടുള്ളത്.

സി.പി.എം എന്ന രാഷ്ട്രീയസംഘടനയെയും സൈമൺ ബ്രിട്ടോയെന്ന കമ്യൂണിസ്റ്റിനെയും ചേർത്തുവക്കുന്ന ഘടകങ്ങളെന്തെല്ലാമാണ്? സി.പി.എമ്മിന് സഖാവ് സൈമൺ ബ്രിട്ടോ ആരാണ്? എം.എ. ബേബിക്ക് ചില ഉത്തരങ്ങളുണ്ട്.

എം.എ.​ ബേബി പറയുന്നു:

ഖാവ് ബ്രിട്ടോ അസാധാരണ സ്വഭാവവിശേഷങ്ങളുള്ള അതിധീരനായ പോരാളിയായിരുന്നു. അതുകൊണ്ടുതന്നെ ആരാണ് സഖാവ് എന്ന് മനസ്സിലാക്കാൻ കഴിയുന്നവർക്കെല്ലാം, അവർ ലോകത്തിന്റെ ഏത് കോണിലുള്ളവരായിരുന്നാലും, സഖാവിൽനിന്ന് ആവേശവും പ്രചോദനവും
ഉൾക്കൊള്ളാൻ കഴിയും. അകലങ്ങളിൽ ജീവിച്ച എത്രയോ സുഹൃത്തുക്കൾ ബ്രിട്ടോയെപ്പറ്റി ഊഷ്മളമായ ഓർമകളും ഒരിക്കലും കെടാത്ത സമരവീര്യവും കാത്തുസൂക്ഷിക്കുന്നുണ്ട് എന്നെനിക്കറിയാം.

സൈമൺ ബ്രി​ട്ടോ
സൈമൺ ബ്രി​ട്ടോ

‘ജീവിച്ചിരിക്കുന്ന രക്തസാക്ഷി’ എന്ന് ബ്രിട്ടോ വിശേഷിപ്പിക്കപ്പെട്ടിട്ടുണ്ട്
എന്നത് പ്രസിദ്ധം. ഇത്രമാത്രം പ്രതിഭാശാലിയായ ഒരു വിദ്യാർത്ഥിസംഘടനാപ്രവർത്തകനുനേരെ നടന്ന വധശ്രമം എന്തിനെന്ന് കെ.എസ്. യുക്കാർക്ക് വിശദീകരിക്കാൻ ഒരിക്കലും കഴിയില്ല. എന്നാൽ, ബ്രിട്ടോ അതിനെക്കുറിച്ചല്ല കൂടുതൽ സംസാരിച്ചിട്ടുള്ളത്. പ്രസ്ഥാനത്തിന്റെ സൈദ്ധാന്തികവും സംഘനാപരവും മറ്റുമായ കാര്യങ്ങളെക്കുറിച്ചും അവകാശപ്പോരാട്ടങ്ങളെക്കുറിച്ചുമായിരുന്നു ബ്രിട്ടോ സംസാരിച്ചതും ആകുലപ്പെട്ടതും. അത്തരമൊരു സഖാവ് ഇന്നത്തേതുപോലൊരു കാലത്ത്
മുന്നോട്ടുകുതിക്കുന്ന പ്രസ്ഥാനത്തിന് ഊർജ്ജം പകരുന്ന ഏറ്റവും തിളക്കമുള്ള
പ്രതീകങ്ങളിൽ പ്രധാനപ്പെട്ടതാണെന്നതിൽ സംശയമില്ല. അതിന്റെ കൂടെ ഭാഗമായിട്ടാണ് സഖാവ് 2006ൽ നാമനിർദ്ദേശം ചെയ്യപ്പെട്ട് നിയമസഭാംഗമായത്​. എക്കാലവും സ്വന്തം മുറിവുകൾ പ്രസ്ഥാനത്തിന്റെ ആരോഗ്യത്തിനുവേണ്ടി സഹിച്ച സഖാവായി ബ്രിട്ടോ പ്രസ്ഥാനത്തിന് ഊർജ്ജമാകും. ബ്രിട്ടോയുടെ ഊർജ്ജം പ്രസ്ഥാനമായിരുന്നപോലെ.

വർഗീയ ശക്തികളുടെ കൊലക്കത്തിക്കിരയായ എസ്. എഫ്. ഐ നേതാക്കളായിരുന്ന സെയ്താലി, പി. കെ. രാജൻ തുടങ്ങിയ രക്തസാക്ഷികളെക്കുറിച്ച് സംസാരിക്കുകയും അതിനുമുന്നിൽ
തന്റെ അവസ്ഥ താരതമ്യമർഹിക്കുന്നില്ലെന്നും ബ്രിട്ടോ പ്രസംഗിച്ച യോഗങ്ങളിൽ ഞാനും ഒപ്പം പങ്കെടുത്തിട്ടുണ്ട്. തന്റെ കടുത്ത ശരീരവേദനയും അവശതകളും
മറച്ചുപിടിച്ചുകൊണ്ടുള്ള അത്തരം പ്രതികരണങ്ങൾ ബ്രിട്ടോയുടെ മഹത്വവും വിപ്ലകാരിയെന്ന നിലയിലുള്ള വൈശിഷ്ട്യവുമാണ് വെളിപ്പെടുത്തുന്നത്. അതേ, ബ്രിട്ടോ ഒരു വിപ്ലവരൂപകമാണ്.

എസ്. എഫ്.ഐയുടെ അൻപതാം വർഷത്തിൽ പഠനവും പോരാട്ടവും കൂടുതൽ ഉൾക്കാഴ്ചയോടും സമർപ്പണമനസ്സോടും ഏറ്റെടുക്കണമെന്നുതന്നെയാവും ബ്രിട്ടോയുടെ സന്ദേശം.

അഗാധമായ പഠനവും അനീതികൾക്കെതിരായ നിലയ്​ക്കാത്ത പോരാട്ടങ്ങളുമായിരുന്നു എസ്. എഫ്.ഐയുടേതെന്നപോലെ ബ്രിട്ടോയുടെയും ജീവിതത്തിന്റെ ആധാരശ്രുതി. എസ്. എഫ്.ഐയുടെ അൻപതാം വർഷത്തിൽ പഠനവും പോരാട്ടവും കൂടുതൽ ഉൾക്കാഴ്ചയോടും സമർപ്പണമനസ്സോടും ഏറ്റെടുക്കണമെന്നുതന്നെയാവും ബ്രിട്ടോയുടെ സന്ദേശം. വിദ്യാർത്ഥിപ്രസ്ഥാനത്തിന്റെ ഒരു മികച്ച പോരാളിയായിരുന്നു അദ്ദേഹം. ഒരേ സമയം നല്ല വിദ്യാർത്ഥിയും സംഘാടകനും പോരാളിയും സാമൂഹികചലനങ്ങൾ സൂക്ഷ്മമായി ശ്രദ്ധിക്കുന്ന നിരീക്ഷകനുമായിരിക്കണം. നിരന്തരം സ്വയം നവീകരിക്കുകയും തിരുത്തുകയും ചെയ്യണം. ഇതിലൊക്കെ ബ്രിട്ടോ മികച്ച മാതൃകയായിരുന്നു. ഒരു മികച്ച എസ്. എഫ്. ഐ നേതാവ് കാമ്പസിൽ മാതൃകാപരമായ വിദ്യാർത്ഥിത്വത്തിനുടമയാകാൻ നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കണമെന്ന കാഴ്ചപ്പാടാണ് എപ്പോഴും ബ്രിട്ടോ
പിന്തുടർന്നിരുന്നത്. വിദ്യാർത്ഥിസംഘടനാജീവിതകാലത്ത് സ്വജീവിതത്തിലൂടെ
പറഞ്ഞുകൊടുത്ത ഇത്തരം പാഠങ്ങൾ തന്നെയാണ് ബ്രിട്ടോ സംഘടനക്ക് നൽകിയ ഏറ്റവും വലിയ സംഭാവന. അസമത്വങ്ങൾക്കും അനീതികൾക്കും എതിരായ നിലക്കാത്ത സമരവും നിരന്തര പഠനവുമെന്ന രാഷ്ട്രീയമാണ് എന്നും ബ്രിട്ടോ മുറുകെപ്പിടിച്ചത്. അതിന്നും മുമ്പത്തെക്കാളും പ്രസക്തമാണ്.

ബ്രിട്ടോയുടെ ആദ്യത്തെ വിദ്യാർത്ഥി സംഘടന KSF  ന്റെ മെമ്പർഷിപ്പ്.
ബ്രിട്ടോയുടെ ആദ്യത്തെ വിദ്യാർത്ഥി സംഘടന KSF ന്റെ മെമ്പർഷിപ്പ്.

ഇത്ര വൈവിധ്യം ഒരു കമ്യൂണിസ്റ്റിന്റെ ജീവിതത്തിൽ സാധ്യമാണോയെന്ന് ബ്രിട്ടോ നമ്മെ വിസ്മയിപ്പിച്ചു എന്നത് ശരിതന്നെ. എന്നാൽ, കമ്യൂണിസ്റ്റ് ജീവിതം
പാലിച്ചുകൊണ്ടാണിതെല്ലാം ബ്രിട്ടോ ചെയ്തത്. സഞ്ചാരങ്ങൾ പഠനങ്ങളുടെ ഭാഗമായിരുന്നു. അത് കമ്യൂണിസ്റ്റ് ജീവിതബോധം വികസിപ്പിക്കാനും എഴുതാനും ബ്രിട്ടോയെ സഹായിച്ചു. എഴുത്തുകളിലൂടെയും പ്രചാരണ കാമ്പയിനുകളിലെ പ്രസംഗങ്ങളിലൂടെയും ബ്രിട്ടോയെന്നും പാർട്ടിക്ക് തന്റെ കഴിവുകൾ തിരിച്ചുനല്കിയിട്ടുണ്ട്. എം. എൽ. എ എന്ന നിലയിലും മികച്ച പ്രകടനവും ഇടപെടലുകളും നടത്തി. ചെന്നെത്തുന്ന വേദികളിലെല്ലാം നിലക്കാത്ത ആവേശം പകർന്നുനൽകി. ഉത്തമരായ കമ്യൂണിസ്റ്റ് പോരാളികൾ പ്രസ്ഥാനത്തിനൊപ്പം തന്നെ തുടരണമെന്ന് ഇടതുക്ഷത്തെ സ്‌നേഹിക്കുന്നവർ ചിന്തിക്കുന്നത് സ്വാഭാവികം. പക്ഷെ സഖാവ് ബ്രിട്ടോക്ക് അതൊരിക്കലും ആലോചിച്ച് തീരുമാനിക്കേണ്ട കാര്യമായിരുന്നില്ല. തികച്ചും സ്വാഭാവിക ജീവിതാവബോധത്തിന്റെ ഭാഗമായിരുന്നു.

സഖാവ് സീന ഭാസ്‌കർ എസ്. എഫ്. ഐ നേതൃത്വത്തിലുണ്ടായിരുന്നപ്പോഴാണ്
ബ്രിട്ടോയുമായി വിവാഹിതയാകാൻ തീരുമാനിച്ചത്. ബ്രിട്ടോയെ വിവാഹം
കഴിച്ചതുകൊണ്ടുള്ള വ്യക്തിസ്വത്വം മാത്രമല്ല സീനക്കുള്ളത് എന്നുമറക്കരുത്.

പാർട്ടിയെന്നും ബ്രിട്ടോക്ക് കരുത്തായിരുന്നു. പ്രസ്ഥാനത്തിന് ചില
പിന്നോട്ടടികളുണ്ടാവുന്നത്- സാർവ്വദേശീയമാകാം, ദേശീയമാകാം- ഏത്
സഖാവിനെയുമെന്നപോലെ ബ്രിട്ടോക്കും വിഷമമുണ്ടാക്കിയിട്ടുണ്ടാവാം.
വ്യക്തിപരമായി ഇതൊന്നും ബ്രിട്ടോയെ പ്രയാസപ്പെടുത്തിയരുന്നില്ല.
അഭിമന്യുവിന്റെ രക്തസാക്ഷിത്വം ഒരു സഖാവിന്റെ നഷ്ടം മാത്രമായിരുന്നില്ല
ബ്രിട്ടോക്ക്. ഉറ്റ സഹോദരനായ സഖാവിന്റെ വേർപാടായിരുന്നു. അത്തരത്തിൽ അതിന്റെ ആഘാതം വലുതായിരുന്നു.

സഖാവ് സീന ഭാസ്‌കർ എസ്. എഫ്. ഐ നേതൃത്വത്തിലുണ്ടായിരുന്നപ്പോഴാണ്
ബ്രിട്ടോയുമായി വിവാഹിതയാകാൻ തീരുമാനിച്ചത്. ബ്രിട്ടോയെ വിവാഹം
കഴിച്ചതുകൊണ്ടുള്ള വ്യക്തിസ്വത്വം മാത്രമല്ല സീനക്കുള്ളത് എന്നുമറക്കരുത്.
പ്രധാനകാര്യം, ബ്രിട്ടോയുമായുള്ള ബന്ധം കൂടാതെ തന്നെ പാർട്ടിയുടെ ഭാഗമായി സഖാവ് സീനക്ക് പ്രവർത്തനസാഹചര്യമുണ്ട് എന്നതാണ്​. പാർട്ടിയിലുള്ള തന്റെ സഖാക്കളുമായി ആലോചിച്ച് ഡൽഹിയിലാണ് ഇപ്പോൾ സഖാവ് സീനയുള്ളത്. അവിടെ സാധ്യമായ പാർട്ടി പരിപാടികളിലും
സഖാവ് പങ്കെടുക്കുന്നുണ്ട്.

കേരളത്തിലെ ഇടതുപക്ഷപ്രസ്ഥാനങ്ങളുടെ ചരിത്രത്തിൽ സൈമൺ ബ്രിട്ടോയുടെ ഇടം എവിടെയായിരിക്കും എന്ന ചോദ്യത്തിന്​ ഇങ്ങനെ ഉത്തരം പറയാം:

എ. കേരളത്തിലെ ജനാധിപത്യവിദ്യാർത്ഥിപ്രസ്ഥാനത്തിന്റെ വളർച്ചക്ക് ഏറ്റവും
ത്യാഗപൂർണമായ സംഭാവന നൽകിയവരിൽ പ്രമുഖൻ.
ബി. നിയമസഭയിൽ സി. പി. ഐ- എം നാമനിർദ്ദേശം ചെയ്ത എം. എൽ. എമാരിൽ ഏറ്റവും ശ്രദ്ധേയമായ ഇടപെടൽ നടത്തിയ സഖാവ്.
സി. അസാധാരണമായ ശാരീരിക ക്ഷതങ്ങൾ ശത്രുവർഗാക്രമണഫലമായി സംഭവിച്ചെങ്കിലും വിസ്മയകരമായ മനക്കരുത്തോടെ പാർട്ടി പ്രവർത്തനവും സർഗാത്മകജീവിതവും പോരാട്ടങ്ങളും കൂട്ടിയോജിപ്പിച്ച മാതൃകാ കമ്യൂണിസ്റ്റ്. ▮

(അവസാനിച്ചു)

Comments