എം.ജി. അനീഷ്​

സി.പി.​ ജോണിന്റെ
ബ്രി​ട്ടോ

സൈമൺ ബ്രിട്ടോ റോഡ്രിക്‌സ് ​ജീവിതം പറയുന്നു- 7

അഭിമന്യുവിന്റെ മരണശേഷം ഞാൻ കണ്ട ബ്രിട്ടോ അതിനുമുൻപുള്ള 40 വർഷം കണ്ട ബ്രിട്ടോ ആയിരുന്നില്ല. ബ്രിട്ടോ പ്രസ്ഥാനത്താൽ വേട്ടയാടപ്പെട്ടപോലെ തോന്നി. വെറും ഊമക്കത്തിന്റെ പേരിൽ പിണറായി വിജയൻ സർക്കാരിന്റെ കാലത്തെ പൊലീസ് മൂന്നുമണിക്കൂർ സൈമൺ ബ്രിട്ടോയെ ചോദ്യം ചെയ്യാൻ പാടില്ലായിരുന്നുവെന്ന് ഇന്നും ഞാൻ വിശ്വസിക്കുന്നു.

തോമസ് ഐസക്കിനും സി. പി. ജോണിനും സൈമൺ ബ്രിട്ടോയുടെ ജീവിതത്തിൽ വലിയ ഇടങ്ങളുണ്ട്. വിദ്യാർത്ഥിപ്രസ്ഥാനം ഗൗരവതരമായ രാഷ്ട്രീയപ്രവർത്തന മേഖലയായി നിന്ന കാലത്തെ കൂട്ടായ്മയാണ് അതിനെ പ്രസക്തമാക്കുന്നത്. അതുകൊണ്ടുതന്നെ ബ്രിട്ടോയെപ്പറ്റി അവർ പറയുന്നതെന്തെന്നറിയാനും നിശ്ചയിച്ചു. പലവട്ടം ശ്രമിച്ചിട്ടും ഐസക്കുമായി കൂടിക്കാഴ്ച തരപ്പെട്ടില്ല. സി. പി. ജോൺ വേണ്ടുവോളം സമയം ചെലവിട്ടു. ഒരേ പ്രസ്ഥാനത്തിന്റെ ഭാഗമായി നിന്ന്, പരസ്പരം സൗഹൃദം പങ്കിട്ട്, ഒടുവിൽ രണ്ടു പ്രസ്ഥാനങ്ങളിലേക്ക് വഴിതിരിയുമ്പോഴും തുടർന്നൊരു സൗഹൃദത്തിന്റെ കഥയാണത്. സി. പി. എമ്മിനൊപ്പം നിന്ന ബ്രിട്ടോയും സീനയും തമ്മിലുള്ള, പാർട്ടിയെതിർത്ത വിവാഹം നടത്തിച്ച, ഒരു സി. എം. പി ക്കാരൻ പറഞ്ഞ കഥ. എസ്. എഫ്. ഐയുടെ 50ാം വർഷത്തിൽ, ബ്രിട്ടോയെന്ന വഴിയിലൂടെ ജോൺ ഒരിക്കൽക്കൂടി എഴുപതുകൾക്കൊടുവിലേക്ക് തിരികെപ്പോയി. ആ കൂടിക്കാഴ്ചയുടെയും ദീർഘസംഭാഷണത്തിന്റെയും ബാക്കി ഇങ്ങനെ...

1977-78 കാലത്ത് കോഴിക്കോട് ലോ കോളജിൽ ചേരുന്ന കാലത്താണ് ബ്രിട്ടോയെ
അറിഞ്ഞുതുടങ്ങുന്നത്. ഇതേ കാലത്ത് തോമസ് ഐസക്കിന്റെ നേതൃത്വത്തിൽ ഇറങ്ങിയിരുന്ന സ്റ്റുഡൻറ്​ മാസികയുടെ പ്രവർത്തനങ്ങളിൽ ഞാനുമുൾപ്പെട്ടു.​​​​​​​

സി.പി. ജോൺ പറയുന്നു, ബ്രി​ട്ടോയെക്കുറിച്ച്​...

ങ്ങൾ ഇടതുപക്ഷത്തിന്റെ വളർച്ച കണ്ടു, പിന്നീടതിന്റെ കുതിപ്പ് കണ്ടു, ഇന്നതിന്റെ തളർച്ചയും വലതുപക്ഷത്തിന്റെ കുതിപ്പും കാണുന്നു. കൽക്കത്തയുടെ വിപ്ലവധ്വനി മുഴങ്ങുന്ന തെരുവുകളുടെ മുദ്രാവാക്യം, ‘മേരാനാം തേരാ നാം വിയറ്റ്‌നാം’ എന്നതിൽനിന്ന്​ ‘മേരാനാം തേരാനാം ജയ്ശ്രീറാം’ എന്ന് സമീപകാലത്ത് മാറി. ആ മുഴക്കം അഖിലഭാരതത്തിൽ പ്രതിധ്വനിക്കുമ്പോഴാണ് ബ്രിട്ടോ ആരാണ്, എനിക്കാരാണ് എന്നുചിന്തിക്കാൻ ഞാൻ ബാധ്യസ്ഥനാവുന്നത്.

സൈമൺ ബ്രിട്ടോ, തോമസ് ഐസക്ക് പഴയകാല ഫോട്ടോ

പറഞ്ഞ് ബോധ്യപ്പെടുത്താനാവാത്തൊരു ബന്ധം.

1977-78 കാലത്ത് കോഴിക്കോട് ലോ കോളജിൽ ചേരുന്ന കാലത്താണ് ബ്രിട്ടോയെ
അറിഞ്ഞുതുടങ്ങുന്നത്. ഇതേ കാലത്ത് തോമസ് ഐസക്കിന്റെ നേതൃത്വത്തിൽ ഇറങ്ങിയിരുന്ന സ്റ്റുഡൻറ്​ മാസികയുടെ പ്രവർത്തനങ്ങളിൽ ഞാനുമുൾപ്പെട്ടു. അതിന്റെ എറണാകുളം സംഘാടകരിൽ പ്രധാനി ബ്രിട്ടോ ആയിരുന്നു. ആലപ്പുഴയും എറണാകുളവും എസ്. എഫ്. ഐക്ക് അന്ന് ബാലികേറാമലയാണ്​. ബ്രിട്ടോ എറണാകുളം സെൻറ്​ ആൽബർട്‌സ് കോളജിലാണ്. നീണ്ട മുടിയും ഇരുണ്ട പ്രകൃതിയും ചൈനീസ് കട്ട് മീശയും പാന്റും ഷർട്ടുമൊക്കെയായി
ഒരു പ്രതിസംസ്‌കാരത്തിന്റെ ആംഗ്ലോ ഇന്ത്യൻ പ്രതിരൂപമായി ബ്രിട്ടോ
കാമ്പസിലുണ്ട്. എഴുപതുകൾക്കൊടുവിലെ കാമ്പസിൽ നിലനിന്ന മറ്റൊരു ഫ്രീക്ക് സാന്നിധ്യം.

ചിന്തയിലും സമീപനത്തിലും ഞങ്ങൾക്കിടയിൽ സാമ്യങ്ങളുണ്ടായിരുന്നു.
നിരന്തരമായ പരസ്പരവിനിമയങ്ങളാണ് രാഷ്ട്രീയസൗഹൃദങ്ങളുടെ ഒരു പ്രകൃതം. ബ്രിട്ടോ എസ്. എഫ്. ഐ. ജില്ലാ പ്രസിഡൻറും രഘു സെക്രട്ടറിയുമായി. പക്ഷെ
മറ്റിടങ്ങളെ അപേക്ഷിച്ച് ജില്ലയിൽ തെരഞ്ഞെടുപ്പുജയം എസ്. എഫ്. ഐക്ക് ക്ലേശകരമായിരുന്നു. സാങ്കേതികമായ അച്ചടക്കം മറികടന്ന് ബ്രിട്ടോ രാഷ്ട്രീയമായി നിലനിന്നത് ഒരാത്മാർത്ഥതയിലാണ്. പക്ഷെ, സാങ്കേതികമായ അച്ചടക്കം
രാഷ്ട്രീയമാവശ്യപ്പെടുന്നുവെന്ന് ഞാൻ വിശ്വസിച്ചിരുന്നു.

സി പി ജോൺ

ഞങ്ങൾക്കിടയിലെ സൗഹൃദം നിലനിന്ന 40 വർഷങ്ങളിൽ 36 വർഷവും കുത്തേറ്റവശനായ ബ്രിട്ടോയാണ്. നാലുവർഷത്തിന്റെ ആയുസ്സേയുള്ളൂ, പഴയ ബ്രിട്ടോയുമായുള്ള സൗഹൃദത്തിന്.

മരണത്തിനുമുൻപ് ബ്രിട്ടോ, വർഷങ്ങൾക്കുമുമ്പ്​ ഞാനയച്ച ചില കത്തുകളെപ്പറ്റി പറഞ്ഞിരുന്നു, അവ തന്നെ വല്ലാതെ വേദനിപ്പിച്ചിരുന്നുവെന്നും. ഏറ്റ പണി ചെയ്യുന്നതിനുപകരം കണ്ട പണി ചെയ്തുനടക്കരുതെന്നുപറഞ്ഞ് ബ്രിട്ടോക്കയച്ച കത്തിനെപ്പറ്റിയായിരുന്നു പരാമാർശം. എന്നുവച്ചാൽ ബ്രിട്ടോയുമായുള്ള ആശയപരമായ രാഷ്ട്രീയകലഹം തുടർച്ചയായിരുന്നു. അങ്ങനെ നീങ്ങുന്ന കാലത്താണ് ബ്രിട്ടോ കുത്തേറ്റുവീഴുന്നത്.

1983 ഒക്ടോബർ,
ഇന്നലെ നടന്നൊരു സംഭവം പോലെയാണത്.

ഞാൻ പാലക്കാടായിരുന്നു. അന്ന് മടക്ക ടാക്‌സിയെന്നൊരു പരിപാടിയുണ്ട്. ഓട്ടം പോകുന്ന വണ്ടി മടങ്ങുമ്പോൾ ബസുകാശിന് സവാരിക്കാരെ നാടെത്തിക്കുന്ന ഏർപ്പാട്. ബ്രിട്ടോക്ക് അപകടം പറ്റിയ വാർത്തയറിഞ്ഞ് അങ്ങനെയൊരു മടക്ക ടാക്‌സിയിൽ ഞാനും എറണാകുളം മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിലെത്തി. എറണാകുളമെത്തുമ്പോഴേക്കും ബ്രിട്ടോ ജീവിതത്തോട് യാത്ര പറഞ്ഞേക്കുമെന്ന് കരുതാവുന്ന അവസ്ഥയായിരുന്നു.

ഞങ്ങൾക്കിടയിലെ സൗഹൃദം നിലനിന്ന 40 വർഷങ്ങളിൽ 36 വർഷവും കുത്തേറ്റവശനായ ബ്രിട്ടോയാണ്. നാലുവർഷത്തിന്റെ ആയുസ്സേയുള്ളൂ, പഴയ ബ്രിട്ടോയുമായുള്ള സൗഹൃദത്തിന്.

മരണത്തിനുമുൻപ് ബ്രിട്ടോ, വർഷങ്ങൾക്കുമുമ്പ്​ ഞാനയച്ച ചില കത്തുകളെപ്പറ്റി പറഞ്ഞിരുന്നു, അവ തന്നെ വല്ലാതെ വേദനിപ്പിച്ചിരുന്നുവെന്നും.

സ്ഥലമെത്തുമ്പോൾ എല്ലാവരിലും ഒരു ഭയം, പ്രതികാരം... അങ്ങനെ പല വികാരങ്ങൾ. തിരിച്ചടിക്കാനുള്ള കരുത്ത് അന്നത്തെ എസ്. എഫ്. ഐക്ക് എറണാകുളത്തില്ല. അഭിമന്യു മരിച്ചിട്ട് എന്തുസംഭവിച്ചു? കാമ്പസിൽ തീവ്രവും അതിനുപുറത്ത് ദുർബ്ബലവുമായ ഒരു രാഷ്ട്രീയചട്ടക്കൂടായിരുന്നു എസ്. എഫ്. ഐക്കവിടെ. കാമ്പസിനുപുറത്ത് അതെന്നും കരയിലെ മത്സ്യമായിരുന്നു.

1982ൽ മട്ടാഞ്ചേരിയിലാണ് എസ്. എഫ്. ഐ സംസ്ഥാനസമ്മേളനം. നേമത്ത് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന നേരം. അക്കാലത്ത് ബ്രിട്ടോയുമായുള്ള അടുപ്പം ശക്തമായി. സംഘടനയുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക്​ എല്ലാ ജില്ലകളിലേക്കും ബ്രിട്ടോയെ ഞാനയച്ചിരുന്നു. പുനത്തിൽ കുഞ്ഞബ്ദുള്ളയുടെ സ്മാരകശിലകൾ എന്ന നോവലിലെ തെയ്യാർ സെയ്ദാലിയെന്ന കഥാപാത്രത്തെപ്പോലെയായിരുന്നു സൈമൺ ബ്രിട്ടോ. ഒന്നും പറ്റില്ലെന്ന് പറയില്ല. പക്ഷെ, കുത്തേറ്റ ബ്രിട്ടോയുടെ കഥ ഏറ്റവും നന്നായറിയുന്നത് പിന്നീട് ഹൈക്കോടതി ജഡ്ജിയായ എസ്. എഫ്. ഐ നേതാവ് മോഹനനായിരുന്നു. അവർക്കിടയിലെന്നും ആ സൗഹൃദവുമുണ്ടായിരുന്നു.

ഫണ്ടമെന്റലിസ്റ്റുകളെക്കാൾ അപകടകാരികളായ യുക്തിവാദികളുള്ള കാലത്ത് ബ്രിട്ടോ ശരിക്കും സ്വതന്ത്രനായിരുന്നു. അപ്പോഴും ബ്രിട്ടോ ജീവിച്ച വീട്ടിൽ ആംഗ്ലോ ഇന്ത്യൻ ജീവിതത്തിന്റെ ശീലങ്ങളും വിശ്വാസങ്ങളും തുടർന്നു.

വി. കെ. ഹരികുമാറും സുരേഷ് കുറുപ്പും വിൻസെന്റുമെല്ലാം ഊഷ്മളമായ ആ കൂട്ടായ്മയുടെ ഭാഗമായിരുന്നു. അവിടുന്നിങ്ങോട്ട് മൂന്നരപ്പതിറ്റാണ്ട് ബ്രിട്ടോ ജീവിച്ചു. ജനിച്ചുവളർന്ന സാമൂഹ്യവും സാംസ്‌കാരികവുമായ അന്തരീക്ഷത്തിൽ നിന്ന്​ ഒരിക്കലും വിടുതൽ നേടാൻ കെൽപ്പില്ലാതെ, ഒളിയും മറയും ശീലിച്ച ദുർബ്ബലരായ സഖാക്കൾക്കിടയിൽ ഒരു ചരിത്രഭാണ്ഡത്തിന്റെയും കനമില്ലാതെ, ശരിയായൊരു സഖാവായി മരണംവരെ തുടർന്നു.

‘ശവസംസ്‌കാരച്ചടങ്ങുകൾ പാർട്ടിച്ചട്ടമനുസരിച്ചുവേണം. പക്ഷെ ഞാൻ പൂർണമായും ഒരു മതഭക്തനായിരിക്കും’ എന്ന്​ നേതാക്കളോടപേക്ഷിക്കുന്ന
വിശ്വാസിയായ കമ്യൂണിസ്റ്റുകളുടെ കാലത്ത് ബ്രിട്ടോ ഒരു പാഠമാണ്. കാരണം,
ഫണ്ടമെന്റലിസ്റ്റുകളെക്കാൾ അപകടകാരികളായ യുക്തിവാദികളുള്ള കാലത്ത് ബ്രിട്ടോ ശരിക്കും സ്വതന്ത്രനായിരുന്നു. അപ്പോഴും ബ്രിട്ടോ ജീവിച്ച വീട്ടിൽ ആംഗ്ലോ
ഇന്ത്യൻ ജീവിതത്തിന്റെ ശീലങ്ങളും വിശ്വാസങ്ങളും തുടർന്നു. കുത്തേറ്റുവീണ കാലത്ത് പെങ്ങളുടെ വിവാഹം നടക്കുമ്പോൾ ആ ചട്ടപ്പടികളിൽ നിന്ന്​ മദ്യത്തെ മാറ്റിനിർത്താനാവുമായിരുന്നില്ല. ബ്രിട്ടോ അതിനോട് കലഹിച്ചുമില്ല. പകരം എന്നെ ചുമതലപ്പെടുത്തി.

എന്നും വിസ്മയിപ്പിച്ചത് ബ്രിട്ടോയുടെ പ്രണയമായിരുന്നു.

ആംഗ്ലോ ഇന്ത്യൻ ജീവിതാഘോഷങ്ങളുടെ നടുവിൽ ചേമ്പിലപ്പടർപ്പിലെ
വെള്ളത്തുള്ളി പോലെ അയാൾ ജീവിച്ചു. ആ ഉത്സവമഴകളിൽ നനഞ്ഞില്ല. ബ്രിട്ടോയെക്കാൾ വലിയ കമ്യൂണിസ്റ്റുകൾ പലരും അതൊരു ബാധ്യത പോലെ ഏറ്റെടുക്കുന്നതും കണ്ടു. മെറ്റീരിയലിസം ആരുടെയും ബാധ്യതയാകേണ്ടതില്ലെന്ന് ഞാനും വിശ്വസിച്ചു. മരിച്ച് ശവമടക്കു കഴിഞ്ഞുവേണം ഒരു മനുഷ്യൻ വിലയിരുത്തപ്പെടേണ്ടത്. ബ്രിട്ടോ മരിച്ചുകഴിഞ്ഞു, ഇനി പറയാം, ബ്രിട്ടോക്ക് താൻ ജീവിച്ച സമൂഹത്തിന്റെ ഭൗതികമായ ജീവിത ശീലങ്ങളൊന്നും ഒരു ബാധ്യതയായിരുന്നില്ല.

എന്നും വിസ്മയിപ്പിച്ചത് ബ്രിട്ടോയുടെ പ്രണയമായിരുന്നു.

ആരിൽനിന്നും ഒരിക്കലും സംഭവിക്കാനിടയില്ലാത്ത ഒന്നായി അതിനെപ്പറ്റിയിന്നും ഞാൻ ചിന്തിച്ചുപോകുന്നു. കുത്തേറ്റ് ശരീരം തളർന്ന കാലത്തും ബ്രിട്ടോയുടെ മനസ്സ് പ്രണയഭരിതമായിരുന്നു. മനസ്സിനെ ചലിപ്പിച്ച കൊച്ചുപ്രണയത്തുടിപ്പ് മുതൽ ഐതിഹാസികമായ പ്രണയനിശ്ചയങ്ങൾ വരെയുണ്ടതിൽ.

‘ജോണേ, ഒന്ന് സംസാരിച്ച് നോക്ക്', എന്ന മട്ടിൽ ബ്രിട്ടോ എന്റെ മേൽച്ചൊരിഞ്ഞ സമ്മർദ്ദങ്ങൾ. ഒരു കാർന്നോരുടെയോ വലിയ പക്വമതിയുടെയൊ ഭാവത്തിൽ പിറന്നുവീണ എന്റെ ശാസനകൾ. ഇതിനിടയിൽ മാറിമറിഞ്ഞുപോയ
എന്റെ രാഷ്ട്രീയം.

ബ്രിട്ടോ മരിച്ചുകഴിഞ്ഞു, ഇനി പറയാം, ബ്രിട്ടോക്ക് താൻ ജീവിച്ച സമൂഹത്തിന്റെ ഭൗതികമായ ജീവിതശീലങ്ങളൊന്നും ഒരു ബാധ്യതയായിരുന്നില്ല. / Photo: Deshabhimani

1983 ഒക്ടോബറിൽ ബ്രിട്ടോ ആക്രമിക്കപ്പെട്ടു.
യഥാർത്ഥത്തിൽ 1986 ജൂലൈയിൽ ഞാൻ സി.പി. എം. വിട്ട് സി. എം. പിയെന്ന ലക്ഷ്യത്തിലേക്കിറങ്ങി. 1985 മുതൽ സി. എം.പിയുടെ കർട്ടൻ റെയ്‌സർ ആരംഭിച്ചുകഴിഞ്ഞു. സി. പി. എമ്മുകാരനായ സി. പി. ജോണിന്
കുത്തേറ്റ ബ്രിട്ടോയുമായി രണ്ടുവർഷത്തെ ബന്ധമേയുള്ളു. സി.പി.എമ്മിൽ
തുടരുമ്പോഴും രാഷ്ട്രീയമായ ഈ തിരിമറികളൊന്നും ബ്രിട്ടോക്കൊരു പ്രശ്‌നമേ
ആയിരുന്നില്ല. ജോൺ സ്വീകരിക്കുന്ന നയം ജോണിന്റെ രാഷ്ട്രീയശരിയെന്ന് കരുതാൻമാത്രം സ്വാതന്ത്ര്യബോധം ബ്രിട്ടോക്കുണ്ടായിരുന്നു. ‘പാർട്ടി വിട്ട സി. പി. ജോൺ എന്നെക്കാണാൻ വരും’ എന്നുപറയാൻ ബ്രിട്ടോക്ക് ഒരു മടിയുമുണ്ടായിരുന്നില്ല. ആ കരുത്ത് കാണിച്ചത് മരിക്കുന്ന കാലത്തെ ശക്തനായ ബ്രിട്ടോയല്ല, കുത്തേറ്റുവീണ് മൂന്നുവർഷം മുറിവിട്ട് പുറത്തിറങ്ങാനാവാതെ വേദന തിന്നുജീവിച്ച ബ്രിട്ടോയാണ്.

കൂട്ടിലടക്കപ്പെട്ട ആ മനുഷ്യൻ അന്ന് എന്നോടെടുത്ത രാഷ്ട്രീയനിലപാട് മറക്കാനാവില്ല. പക്ഷെ അപ്പൊഴും എന്തുകൊണ്ട് ഞാൻ അങ്ങനെയൊരു രാഷ്ട്രീയനിലപാടെടുത്തുവെന്ന്, തന്നെ ബോധ്യപ്പെടുത്തണമെന്ന് ബ്രിട്ടോക്ക് നിർബന്ധമുണ്ട്. ചെയ്തത് ശരിയെന്ന ബോധ്യമുണ്ടെങ്കിൽ താനെതിരല്ലെന്ന് ബ്രിട്ടോ പറയാതെ പറഞ്ഞു.

ബ്രിട്ടോക്ക് കുത്തേറ്റു, പക്ഷെ ഇനിയാർക്കും അങ്ങനെ സംഭവിക്കരുതെന്ന്
പ്രതിനിധാനം ചെയ്യുന്ന ഏത് പ്രസ്ഥാനവും ഇച്ഛിക്കും. ആ ശ്രമങ്ങളിൽ ഞാനെടുത്ത നിലപാടും അദ്ധ്വാനവുമുണ്ട്. അതിനായി പ്രവർത്തിച്ച സംഘങ്ങളിൽ ബ്രിട്ടോയുമുണ്ടായിരുന്നു.

ഒരുമിച്ചു പ്രവർത്തിച്ച പ്രസ്ഥാനം വിട്ട് പ്രിയസുഹൃത്ത് മറ്റൊന്നിലേക്ക് തിരിയുമ്പോൾ സ്വാഭാവികമായി ഉടലെടുക്കുന്ന സൗഹൃദത്തിന്റെ സംഘർഷങ്ങളും നമുക്കിടയിലുണ്ടായില്ല. തന്റെ പ്രസ്ഥാനത്തിലേക്ക് പോരുന്നോയെന്നൊരു ചോദ്യം ഒരിക്കലും ചോദിക്കാതെ രണ്ട് പ്രസ്ഥാനങ്ങളുടെ പ്രവർത്തകരായി അവസാനം വരെ ഞങ്ങൾ തുടർന്നു.പ്രസ്ഥാനങ്ങൾക്കിടയിലെ ശത്രുത ബാധിക്കാത്ത സൗഹൃദങ്ങളുടെ അപൂർവ്വതയിൽ, കറകളൊന്നും പുലരാത്തൊരു സൗഹൃദത്തിന്റെ വെളുപ്പിൽ. സി. പി. എം എന്ന പ്രസ്ഥാനം ഒരിക്കലും ആ സൗഹൃദത്തിൽ സ്പർശിച്ചതേയില്ല. അങ്ങനെ പിരിയാതിരിക്കാൻ മാത്രം കടപ്പാടുകൾ നമുക്കിടയിലുണ്ടെന്ന് പാർട്ടിയും അറിഞ്ഞിരിക്കാം. എ. പി. വർക്കിയും എം. എം. ലോറൻസും ബാലാനന്ദനുമെല്ലാം അത് മനസ്സിലാക്കിയിരുന്നു.

ടി.പി. ചന്ദ്രശേഖരൻ

ബ്രിട്ടോക്ക് കുത്തേറ്റു, പക്ഷെ ഇനിയാർക്കും അങ്ങനെ സംഭവിക്കരുതെന്ന്
പ്രതിനിധാനം ചെയ്യുന്ന ഏത് പ്രസ്ഥാനവും ഇച്ഛിക്കും. ആ ശ്രമങ്ങളിൽ ഞാനെടുത്ത നിലപാടും അദ്ധ്വാനവുമുണ്ട്. അതിനായി പ്രവർത്തിച്ച സംഘങ്ങളിൽ
ബ്രിട്ടോയുമുണ്ടായിരുന്നു. അതുമായി ബന്ധപ്പെട്ട് 1985ൽ ബ്രിട്ടോയും ടി. പി.
ചന്ദ്രശേഖരനും തമ്മിൽ എന്റെ ഒത്താശയിൽ കൂടിക്കാഴ്ചയും നടന്നിട്ടുണ്ട്. ആ കിടന്ന കിടപ്പിലും ബ്രിട്ടോ പാർട്ടിക്കായി ഒരു ഓഫീസിന്റെ പണിയെടുക്കുകയായിരുന്നു. എസ്.എഫ്. ഐക്കാർ ആക്രമിക്കപ്പെടുന്നതിനെതിരെ പ്രവർത്തിക്കാൻ സംഘടനയുടെ അറിവോടെ രൂപീകരിക്കപ്പെട്ട പ്രതിരോധമുന്നേറ്റത്തിലെ നിർണായകശക്തിയായിരുന്നു, അന്ന് ടി.പി. ചന്ദ്രശേഖരൻ. ആ ചന്ദ്രശേഖരനെ കൊന്നുവെന്നുപറഞ്ഞാൽ, പത്തുവട്ടം ബ്രിട്ടോയെക്കൊന്നതുപോലെയാണ്. ആ കൊലപാതകത്തിനുശേഷം ബ്രിട്ടോയെക്കാണാൻ കുറേക്കാലം ഞാൻ പോയിട്ടേയില്ല. അതവനെ എത്ര ബാധിച്ചിട്ടുണ്ടാവുമെന്നറിയാൻ എനിക്ക് പാർട്ടിക്ലാസ്​ വേണ്ട. പക്ഷെ, സി. പി. എമ്മിനെ ബാധിക്കുന്ന കാര്യങ്ങളൊന്നും ബ്രിട്ടോയോട് പറയാതിരിക്കാൻ ഞാനെന്നും ശ്രദ്ധിച്ചു.

36 വർഷങ്ങളായി സൈമൺ ബ്രിട്ടോയുടെ വീട്ടിലെ ക്രിസ്​മസിന്​ ഞാനെത്തിക്കുന്ന കേക്കാണ് മുറിക്കാറ്. അത് സ്‌നേഹനിർഭരമായ ഒരനുഷ്ഠാനം പോലെയായി മാറിയിരുന്നു.

ബ്രിട്ടോ ആ സംഘടനയുടെ ഒരുൽപ്പന്നമാണ്. അതങ്ങനെത്ത​ന്നെയാവണമെന്ന് പല സി. പി.എമ്മുകാരക്കേളും നിർബന്ധമുള്ളയാളാണ് ഞാൻ. ബ്രിട്ടോ മരണം വരെ സി.പി.എമ്മുകാരനായിരിക്കണം, സി. പി. എമ്മിനെതിരെ അവന്റെ നാവിൽ നിന്നൊന്നും വീഴരുതെന്ന് എനിക്കായിരുന്നു കൂടുതൽ നിർബന്ധം. പക്ഷെ അവസാനത്തെ ക്രിസ്​മസിന്​ അത് സംഭവിച്ചു.

36 വർഷങ്ങളായി സൈമൺ ബ്രിട്ടോയുടെ വീട്ടിലെ ക്രിസ്​മസിന്​ ഞാനെത്തിക്കുന്ന കേക്കാണ് മുറിക്കാറ്. അത് സ്‌നേഹനിർഭരമായ ഒരനുഷ്ഠാനം പോലെയായി
മാറിയിരുന്നു. പക്ഷെ, അടുത്തകാലത്ത് ഞാൻ പോലുമറിയാതെ, പല തിരക്കുകളാൽ, ബ്രിട്ടോയുമായി പഴയപോലെ ബന്ധപ്പെടാൻ കഴിയാത്തൊരവസ്ഥയുണ്ടായി. വിളിക്കാൻ ബ്രിട്ടോക്കൊരു മൊബൈൽ ഫോൺ പോലുമുണ്ടായിരുന്നില്ല. അതൊരെണ്ണം കൈയ്യിൽ വക്കാൻ പറഞ്ഞപ്പോൾ, ഇനിയതുകൂടി എനിക്ക് താങ്ങില്ല ജോണേ എന്നൊരു മറുപടിയും വന്നു. ആ
ക്രിസ്​മസിന്​ ബ്രിട്ടോയിൽ നിന്നുകേട്ട വാക്കുകളിൽ സ്വയം താങ്ങാനാവാത്തൊരു
സഖാവിന്റെ പ്രതിഫലനം വ്യക്തമായിരുന്നു. അഭിമന്യുവിന്റെ കൊല അതിനെ ഊട്ടിവളർത്തി.

അഭിമന്യുവിന്റെ മരണശേഷം ഞാൻ കണ്ട ബ്രിട്ടോ അതിനുമുൻപുള്ള 40 വർഷം കണ്ട ബ്രിട്ടോ ആയിരുന്നില്ല.

പാർട്ടിക്കുള്ളിലെ സംഘർഷങ്ങളുടെ പേരിൽ അവസാനകാലത്ത് ബ്രിട്ടോ തീ തിന്നു. പ്രത്യേകിച്ചും അഭിമന്യുവിന്റെ മരണശേഷം ഞാൻ കണ്ട ബ്രിട്ടോ അതിനുമുൻപുള്ള 40 വർഷം കണ്ട ബ്രിട്ടോ ആയിരുന്നില്ല. അത് ഞാൻ ഭാര്യ അരുണയോടന്നേ പറഞ്ഞു, ബ്രിട്ടോക്കെന്തോ സംഭവിച്ചിരിക്കുന്നുവെന്ന്. ബ്രിട്ടോ പ്രസ്ഥാനത്താൽ വേട്ടയാടപ്പെട്ടപോലെ തോന്നി. വെറും ഊമക്കത്തിന്റെ പേരിൽ പിണറായി വിജയൻ സർക്കാരിന്റെ കാലത്തെ പൊലീസ് മൂന്നുമണിക്കൂർ സൈമൺ ബ്രിട്ടോയെ ചോദ്യം ചെയ്യാൻ പാടില്ലായിരുന്നുവെന്ന് ഇന്നും ഞാൻ വിശ്വസിക്കുന്നു.

സീനയെ വിവാഹം കഴിക്കാനുള്ള ബ്രിട്ടോയുടെ തീരുമാനത്തെ യഥാർത്ഥത്തിൽ
നിരുത്സാഹപ്പെടുത്തിയ ആളായിരുന്നു ഞാൻ. സംഘടനാപരമായി എനിക്കതിൽ
ഒരവകാശവുമുണ്ടായിരുന്നില്ല. അന്ന് ഞാൻ സി. എം. പിക്കാരനായി കഴിഞ്ഞിരുന്നു.
പക്ഷെ ശാസിക്കാൻ എനിക്കും നിർബന്ധിക്കാൻ അവനും അവകാശമുള്ള ഒരു
പരസ്പരസൗഹൃദത്തിന്റെ ഈടിൽ ആ കൃത്യം നടത്തിക്കൊടുക്കാൻ ഞാൻ തന്നെ ഒടുവിൽ ചുമതലപ്പെട്ടു. അപ്പൻ എം. എൽ. എയായതുകൊണ്ട് ബ്രിട്ടോ എം. എൽ. എ ഹോസ്റ്റലിലെത്തി താമസമാക്കി, എന്നെ വിളിച്ചു. സീന അന്ന് വിമെൻസ് കോളജ് വിദ്യാർത്ഥിനി.

അഭിമന്യുവിന്റെ മരണശേഷം ഞാൻ കണ്ട ബ്രിട്ടോ അതിനുമുൻപുള്ള 40 വർഷം കണ്ട ബ്രിട്ടോ ആയിരുന്നില്ല. അത് ഞാൻ ഭാര്യ അരുണയോടന്നേ പറഞ്ഞു, ബ്രിട്ടോക്കെന്തോ സംഭവിച്ചിരിക്കുന്നുവെന്ന്.

മുറിയിലെത്തിയപ്പോൾ തലയിണക്കടിയിലൊളിപ്പിച്ച ബ്ലേഡ് പുറത്തെടുത്ത് എന്നെ കാണിച്ചു. അതെന്തിനെന്ന് ചോദിച്ചപ്പോൾ, നിങ്ങളോടൊന്നും പറഞ്ഞിട്ട് കാര്യമില്ലല്ലോയെന്ന് ചെറുചിരിയോടെ പറഞ്ഞു. ഞാൻ ജീവനോടിരിക്കുമ്പോൾ ഈ പ്രണയനൈരാശ്യം കൊണ്ട് സൈമൺ ബ്രിട്ടോയെന്ന സഖാവിന് ആത്മഹത്യ ചെയ്യേണ്ടിവരില്ലെന്ന പ്രഖ്യാപനം ഞാനും നടത്തി. ഒരു കമ്മിറ്റിത്തീരുമാനത്തിന്റെ പ്രഖ്യാപനം കേട്ട ഭാവത്തിൽ, എങ്കിൽപ്പിന്നെ അടുത്ത കാര്യങ്ങളെപ്പറ്റി ചിന്തിക്കണമെന്നായി ബ്രിട്ടോ. ആ കുട്ടിയോട് സംസാരിക്കണമെന്നുപറഞ്ഞപ്പോൾ ആ ഉത്തരവാദത്തിൽ നിന്ന്​ഞാനൊഴിവായി. കാരണം, എന്റെ പ്രേരണ ആ
പെൺകുട്ടിയുടെ തീരുമാനത്തെ സ്വാധീനിക്കരുതെന്ന് എനിക്കുണ്ടായിരുന്നു. കൃത്യം നിശ്ചയിക്കപ്പെട്ടാൽ പരിപാടി നടത്തുന്ന ചുമതല ഞാനേറ്റെടുക്കുമെന്നു മാത്രം പറഞ്ഞു.

ബ്രിട്ടോ യാദൃച്​ഛികമായി സംഭവിച്ചൊരു ദുരന്തത്തെ ഇച്ഛ കൊണ്ട് മറികടന്ന മനുഷ്യനാണെങ്കിൽ സീന മനക്കരുത്തുകൊണ്ട് രാഷ്ട്രീയത്തിന്റെയും പ്രണയത്തിന്റെയും ഒരു പുനർവ്യാഖ്യാനം നടത്തുകയായിരുന്നു.

സുരേഷ് കുറുപ്പുണ്ട്, ബേബിയുണ്ട്, ഐസക്കുണ്ട്, പക്ഷെ സീന
പാർട്ടിക്കുടുംബാംഗമാണെന്ന ന്യായത്തിൽ ഓരോരുത്തരും കൈകഴുകിയ നേരമാണത്. ഞാൻ പക്ഷെ അന്ന് സി. പി. എമ്മിൽ അംഗമായിരുന്നെങ്കിൽപ്പോലും ഉറപ്പായും ബ്രിട്ടോക്കൊപ്പം നിൽക്കുമായിരുന്നു. അന്നെന്റെ കൈവശം അൽപം കാശുണ്ടായിരുന്നു. വീടുവിറ്റ് തിരുവനന്തപുരത്ത് ഇത്തിരി സ്ഥലം വാങ്ങിയതിന്റെ ബാക്കി ഏതാണ്ട്, 25,000 രൂപ. അന്നതൊരു തുകയാണ്.

1993ലാണിത്, എം. വി. രാഘവൻ മന്ത്രിയാണ്. എന്റെ ഭാര്യാസഹോദരൻ അശോകനാണ് വിവാഹം നടത്തിയത്. ഞാൻ ചരടുവലിച്ചു. എന്റെ ഭാര്യ അരുണ സാക്ഷിയൊപ്പിട്ടു. അശോകന്റെ വീട്ടിൽ എന്റെ സംരക്ഷണത്തിൽ
നവദമ്പതികൾ താമസിച്ചു. ദേശാഭിമാനി വിവാഹവാർത്ത പ്രസിദ്ധീകരിച്ചില്ല. പക്ഷെ, ‘വരണമാല്യത്തിലെ ചുവന്ന മുള്ളുകൾ' എന്ന തലക്കെട്ടിൽ മലയാള മനോരമ അതേറ്റെടുത്തു.

പാർട്ടി വിട്ട് ഏഴുവർഷത്തിനുശേഷം ആദ്യമായി ഞാൻ എ. കെ. ജി. സെന്ററിലേക്ക് ഫോൺ ചെയ്തു. എം. എം. ലോറൻസ് ഫോണെടുത്തപ്പോൾ ബ്രിട്ടോ എനിക്കൊപ്പമുണ്ടെന്ന് പറഞ്ഞു.

അടുത്തദിവസം പാർട്ടിയാപ്പീസിലേക്ക് വിളിക്കാൻ ബ്രിട്ടോയോട് പറഞ്ഞതും ഞാനാണ്. പക്ഷെ എ. കെ. ജി സെന്ററിലേക്ക് വിളിക്കില്ലെന്ന് ബ്രിട്ടോ ഉറപ്പിച്ചു.
അന്നുമിന്നും എ. കെ. ജി. സെന്ററിന്റെ നമ്പർ ഓർമയുണ്ട്. അങ്ങനെ പാർട്ടി വിട്ട്
ഏഴുവർഷത്തിനുശേഷം ആദ്യമായി ഞാൻ എ. കെ. ജി. സെന്ററിലേക്ക് ഫോൺ ചെയ്തു. എം. എം. ലോറൻസ് ഫോണെടുത്തപ്പോൾ ബ്രിട്ടോ എനിക്കൊപ്പമുണ്ടെന്ന് പറഞ്ഞു.

ലോറൻസ് സഖാവ് ഇത്തരം കാര്യങ്ങളിൽ ഉചിതമായി പ്രതികരിക്കുന്നയാളാണ്.

അവനെന്ത് പറയുന്നുവെന്നാണ് ലോലോറൻസ് ചോദിച്ചത്.
ബ്രിട്ടോ ഇതോടെ പാർട്ടിവിട്ട് എനിക്കൊപ്പം ചേരുമെന്ന പേടി സംഘടനക്കുമുണ്ട്.

പി. ഗോവിന്ദപ്പിള്ള, സി. പി. നാരായണൻ

പി​റ്റേന്ന്​, പി. ഗോവിന്ദപ്പിള്ള, ഇ. എം. എസിന്റെ മകൻ അനിയേട്ടൻ, തോമസ് ഐസക്ക്, സി. പി. നാരായണൻ എന്നിങ്ങനെ നാലംഗ സി. പി. എം
പ്രതിനിധിസംഘം സി. എം. പിക്കാരനായ സി. പി. ജോണിന്റെ വീട്ടിൽ സഖാവ് ബ്രിട്ടോയെ സന്ദർശിച്ചു. ഇതിന്റെയൊക്കെ ലോജിക്കെന്തെന്ന് അനിയേട്ടൻ ചോദിച്ചു. ‘ഞാനുള്ളപ്പോൾ വിവാഹം നടക്കാത്തതിന്റെ പേരിൽ സൈമൺ ബ്രിട്ടോക്ക് മരിക്കാൻ അനുവാദമില്ല’ എന്ന്​ ഞാൻ മറുപടി പറഞ്ഞു, ഇതിൽ സി. എം. പി രാഷ്ട്രീയമേയില്ലെന്നും. പാർട്ടിയിലെ പ്രധാനികളുടെ ഈ വരവ് ബ്രിട്ടോക്കൊരു സമാധാനം നൽകി.

അപ്പോഴും സീനയുടെ ബന്ധുക്കൾ അവളെ തട്ടിക്കൊണ്ടുപോകുമെന്ന ഭീഷണി മാറിയിട്ടില്ല. അങ്ങനെ സംഭവിച്ചാൽ ഈ ബുദ്ധിജീവികൾ എന്തുചെയ്യും. ഒരുമാസം കഴിഞ്ഞ് കഴിഞ്ഞ് എന്റെ വിശ്വസ്ത സുഹൃത്ത്, കരുത്തനായ എസ്. എഫ്. ഐ നേതാവ് എം. ജെ. മാത്യുവിന്റെ സഹായത്തോടെ ഞാനുൾപ്പടെയുള്ളവർ ചേർന്ന് ബ്രിട്ടോയെ തിരികെ കൊച്ചിക്കെത്തിച്ചു. അവിടുന്നങ്ങോട്ട് അവരുടെ ദാമ്പത്യമാരംഭിക്കുന്നു. അത്രയും പ്രണയമുണ്ടായിരുന്നു സീനയോട്, ബ്രിട്ടോക്ക്.

‘ഞാനുള്ളപ്പോൾ വിവാഹം നടക്കാത്തതിന്റെ പേരിൽ സൈമൺ ബ്രിട്ടോക്ക് മരിക്കാൻ അനുവാദമില്ല’ എന്ന്​ ഞാൻ മറുപടി പറഞ്ഞു, ഇതിൽ സി. എം. പി രാഷ്ട്രീയമേയില്ലെന്നും.

സീനയെന്ന പെൺകുട്ടി ബ്രിട്ടോയെക്കാൾ ഉയരത്തിലാണ്. ബ്രിട്ടോ യാദൃച്​ഛികമായി സംഭവിച്ചൊരു ദുരന്തത്തെ ഇച്ഛ കൊണ്ട് മറികടന്ന മനുഷ്യനാണെങ്കിൽ സീന മനക്കരുത്തുകൊണ്ട് രാഷ്ട്രീയത്തിന്റെയും പ്രണയത്തിന്റെയും ഒരു പുനർവ്യാഖ്യാനം നടത്തുകയായിരുന്നു. ഒരിക്കലും ഈ വിഷയത്തെപ്പറ്റി ഞാൻ സീനയോട് ചർച്ച ചെയ്തിട്ടുമില്ല. പക്ഷെ അന്നത്തെ സീനയുടെ ഭാവങ്ങളോർത്തെടുക്കുമ്പോൾ ഈ ദാമ്പത്യജീവിതത്തെ ഒരു മഹാത്യാഗമായി അവരെടുത്തിട്ടില്ലെന്ന് തോന്നിയിട്ടുണ്ട്. ജീവിതത്തിലെ വളരെ സ്വാഭാവികമായൊരു തീരുമാനം എന്നതിനപ്പുമുള്ള ഒരു പരിവേഷം ആ
വിവാഹത്തിന് സീന ഒരിക്കലും നൽകിയിട്ടില്ല. അതുകൊണ്ടാണ് സീന നിലനിന്നത്. അവർ സ്‌നേഹിച്ചത് ബ്രിട്ടോയുടെ ശരീരത്തെയോ അയാളുടെ സ്ഥാനമാനങ്ങളെയോ അല്ല, ബ്രിട്ടോയെന്ന മനുഷ്യഭാവത്തെയാണെന്ന് വരുമ്പോഴാണ് ആ തീരുമാനം പ്രണയം കൊണ്ടും രാഷ്ട്രീയം കൊണ്ടും ശരിയായി മാറുന്നത്.

ബ്രിട്ടോയുടെ അവശതകളെ പരിഗണിക്കുന്ന ഘടനയിൽ ഒരു കാർ തരപ്പെടുത്താമെന്നു പറഞ്ഞിട്ടും അതിലെന്ത് കൗതുകമെന്ന മറുചോദ്യമിട്ട് ബ്രിട്ടോ ആ വയസ്സൻ അംബാസഡറിൽ ഹിമാലയം കയറി.

ആ ഊർജ്ജത്തിൽ, ആ അവസ്ഥയിൽ, ഒരു സാധാരണ മനുഷ്യന് അസാധ്യമായേക്കാവുന്ന പല കാര്യങ്ങളും ബ്രിട്ടോ ചെയ്തു. ആശയപരമായ വ്യക്തത, രാഷ്ട്രീയ പ്രതിബദ്ധത, പ്രണയം, വിവാഹം, ജനപ്രതിനിധി, എഴുത്തുകാരൻ, സഞ്ചാരി അങ്ങനെ ബ്രിട്ടോ മുന്നേറി. ജ്യോതി
ബസു അന്ധനായൊരു പ്രതിഭയെ അഡ്വക്കറ്റ് ജനറൽ ആക്കിയെങ്കിൽ വീൽച്ചെയറിലിരുന്ന് ജനസേവനം നടത്തിയ ജനപ്രതിനിധിയായി മലയാളിക്കൊരു സൈമൺ ബ്രിട്ടോയേയുള്ളൂ. രാഷ്ട്രീയക്കാരന്റെ വ്യക്തതയും സഞ്ചാരിയുടെ ഭ്രാന്തും ഇങ്ങനെ സംഗമിച്ചൊരു സൗഹൃദം വേറെയില്ലെനിക്ക്. അങ്ങനെ ബ്രിട്ടോയുടെ മരണം പോലും വീട്ടിലായില്ല, ഒരു യാത്രാമധ്യത്തിലായി.

എന്നെ വല്ലാതെ സ്വാധീനിച്ച പുസ്തകങ്ങളിലൊന്നാണ് വി. എസ്. നയ്‌പോളിന്റെ ‘ഇസ്​ലാമിക് എക്​സ്​കർഷൻസ്.’ Road is my destination എന്ന്
ലോറിയിലെഴുതിവച്ച് അനന്തമായ റോഡുകളിലൂടെ നിരന്തരം യാത്ര തുടരുന്ന ചിലിയിലെ ട്രക്ക് ഡ്രൈവർമാരെപ്പറ്റി അതിൽ പറയുന്നുണ്ട്. ബ്രിട്ടോ
അതാണോർമപ്പെടുത്തുന്നത്. അയാൾ ലക്ഷ്യത്തെക്കാളധികം പാതകളെ സ്‌നേഹിച്ചു. അങ്ങനെ ഒരുദിവസം ഹിമാലയത്തിലേക്ക് പുറപ്പെട്ടു.

ഒരിക്കൽ ഡൽഹിയിലെ കേരള ഹൗസിനുമുന്നിലേക്ക് ബ്രിട്ടോയും വെള്ള
അംബാസഡറും പ്രത്യക്ഷപ്പെടുന്നു. എന്നെക്കണ്ട് യാത്രക്കൊരു കൂട്ടായെന്ന മട്ടിൽ
ബ്രിട്ടോയും.

ഡോൺ ക്വിക്‌സോട്ടിന്റെ കുതിരയെപ്പോലെ ഒരു വെളുത്ത അംബാസഡറിൽ. ബ്രിട്ടോയുടെ അവശതകളെ പരിഗണിക്കുന്ന ഘടനയിൽ ഒരു കാർ തരപ്പെടുത്താമെന്നു പറഞ്ഞിട്ടും അതിലെന്ത് കൗതുകമെന്ന മറുചോദ്യമിട്ട് ബ്രിട്ടോ ആ വയസ്സൻ അംബാസഡറിൽ ഹിമാലയം കയറി.

വഴിയിലുറങ്ങുക, കിട്ടിയത് കഴിക്കുക, മലമുകളിൽ വച്ച് കാർ തകരാറിലാവുക,
വലിയൊരപകടത്തിൽ നിന്ന്​ അത്ഭുതകരമായി രക്ഷപ്പെടുക... ബ്രിട്ടോ സാഹസികനായി ജീവിച്ചു, മരിച്ചു.

ഒരിക്കൽ ഡൽഹിയിലെ കേരള ഹൗസിനുമുന്നിലേക്ക് ബ്രിട്ടോയും വെള്ള
അംബാസഡറും പ്രത്യക്ഷപ്പെടുന്നു. എന്നെക്കണ്ട് യാത്രക്കൊരു കൂട്ടായെന്ന മട്ടിൽ
ബ്രിട്ടോയും. ഏഴുകടലും താണ്ടി സമുദ്രസഞ്ചാരത്തിനിറങ്ങുന്ന സാഹസികമായ ആ പോർച്ചുഗീസ് ഹൃദയവുമായി ബ്രിട്ടോ യാത്രയുടെ പാതിവഴിക്കെത്തിനിൽക്കുകയായിരുന്നു. സത്യത്തിൽ ബ്രിട്ടോ വോയേജർ ആയിരുന്നില്ല, വാണ്ടറർ ആയിരുന്നു. ബൈബിളിലെ ജേക്കബ്
ദ വാണ്ടററെ ഓർമപ്പെടുത്തിയ സഞ്ചാരി.

സാധാരണക്കാരനായ മനുഷ്യനായിരിക്കുമ്പോഴും അയാൾ അസാധാരണനായിരുന്നു.

എസ്. എഫ്. ഐ സംസ്ഥാന പ്രസിഡന്റായിരുന്ന കാലത്തും ഞാൻ കലഹിച്ചത് ബ്രിട്ടോയെന്ന നാടോടിയോടാണ്. കമ്മിറ്റിക്ക് പങ്കെടുക്കാനിറങ്ങും. പക്ഷെ വഴിയിൽ മറ്റൊന്ന് കണ്ടാൽ ബ്രിട്ടോ കമ്മിറ്റി മറക്കും. ആദ്യത്തെ പ്രതിസന്ധി പരിഹരിച്ച് ലക്ഷ്യത്തിലേക്കുപോകും. ആ നല്ല ശമരിയാക്കാരനാണ് ബ്രിട്ടോയെ ലക്ഷ്യത്തെക്കാൾ പാതകളെ സ്‌നേഹിക്കുന്ന നാടോടിയാക്കിയത്. അതൊരു ഹൈവേയല്ല, ഉടനീളം കൈവഴികളാണ്.

യാത്രക്കും ജീവിതത്തിനുമെല്ലാം ബ്രിട്ടോ കാശിന് പ്രയാസപ്പെട്ടിട്ടുണ്ട്.
പാർട്ടി ചെയ്ത ഒരു നന്മ ആദ്യം അപ്പനെയും പിന്നെ ബ്രിട്ടോയെയും എം. എൽ. എ
ആക്കിയതാണ്. അപ്പൻ എം. എൽ. എ ആയ നേരത്താണ് ഒരു പെങ്ങളുടെ വിവാഹം. അതിന് ഗവർണറെ വിളിക്കണമെന്ന് ഞാൻ പറഞ്ഞപ്പോഴും ബ്രിട്ടോക്ക് അതൃപ്തിയായിരുന്നു. വിളിച്ചാൽ വന്നാലോയെന്ന പേടിയായിരുന്നു ബ്രിട്ടോക്ക്. സാധാരണ വരുന്നവർ വന്നാൽ മതി ജോണേ, എന്നൊരൊഴുക്കൻ മട്ടായിരുന്നു പ്രതികരണത്തിൽ. ആ അർത്ഥത്തിൽ പാർട്ടി ബ്രിട്ടോക്കും ബ്രിട്ടോ പാർട്ടിക്കും ഉപകരിച്ചു. ബ്രിട്ടോയുടെ അപ്പൻ ഹോമിയോ വൈദ്യനായ
ഫാക്ടറിത്തൊഴിലാളിയായിരുന്നു.

ബ്രിട്ടോയുടെ വിവാഹക്കാര്യത്തിൽ ഞാൻ സ്വീകരിച്ച നിലപാടുമായി ചേർത്തുവച്ച്, ‘അത് നിനക്കാവാമല്ലേ’ എന്നൊരു ചോദ്യം പിന്നീട് എം. വി. ആറിൽ നിന്ന്​ എനിക്ക് കേൾക്കേണ്ടിയും വന്നിട്ടുണ്ട്. ചിലനേരം ചിലത് നമുക്ക് ചെയ്യേണ്ടിവരുമെന്ന ഒരോർമപ്പെടുത്തലായിരുന്നു അത്.

ബ്രിട്ടോ രക്ഷപ്പെട്ടതിലൊരു പങ്ക് ആ അപ്പനുമുണ്ട്. എല്ലിൽ മാംസം പിടിക്കാത്ത അവസ്ഥയായിരുന്നു ബ്രിട്ടോക്ക്. മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലെ പുളിക്കൻ ഡോക്ടർക്ക് അന്നത്തെ ആത്മാർത്ഥതയുള്ള സഖാവ് എ. പി.വർക്കി ബ്ലാങ്ക് ചെക്കാണ് കൊടുത്തത്. ബ്രിട്ടോയെ രക്ഷിക്കണം, എന്നൊരു വാചകവും. അന്ന് എ. പിയുടെ വാക്ക് കൊച്ചിയുടെ നിയമമാണ്. പുളിക്കൻ ഡോക്ടറുടെ ചികിത്സക്കൊപ്പം അപ്പന്റെ ഹോമിയോ മരുന്നും ഗുണം ചെയ്തുവെന്ന് എനിക്കുതോന്നിയിട്ടുണ്ട്. ഒരു സാധാരണക്കാരനായ മനുഷ്യനായിരിക്കുമ്പോഴും അയാൾ
അസാധാരണനായിരുന്നു.

ചില കാര്യങ്ങളിൽ നായനാരോട് എനിക്കുണ്ടായിരുന്ന സ്വാതന്ത്ര്യം ഒരിക്കലും എം. വി. രാഘവനോടുണ്ടായിരുന്നില്ലെന്ന് തോന്നിയിട്ടുണ്ട്. എം. വി. ആർ മലമുകളിലെ
കഴുകനായിരുന്നുവെങ്കിലും ചിലപ്പോൾ ചില ദുഃസ്വാതന്ത്ര്യങ്ങൾ ഞാനെടുത്തിരുന്നു. ഗുരുനാഥനായ എ. കെ. ജിയുടെ ശാരീരികദൗർബല്യങ്ങളുള്ള മകളുടെ വിവാഹത്തിന്റെ കാര്യത്തിൽ എം. വി. ആർ സ്വീകരിച്ച സമീപനം ഇത്തിരി കടന്നുപോയെന്ന് അധികസ്വാതന്ത്ര്യമെടുത്ത് ഒരിക്കൽ ഞാൻ പറഞ്ഞിട്ടുണ്ട്. ബ്രിട്ടോയുടെ വിവാഹക്കാര്യത്തിൽ ഞാൻ സ്വീകരിച്ച നിലപാടുമായി ചേർത്തുവച്ച്, ‘അത് നിനക്കാവാമല്ലേ’ എന്നൊരു ചോദ്യം പിന്നീട് എം. വി. ആറിൽ നിന്ന്​ എനിക്ക് കേൾക്കേണ്ടിയും വന്നിട്ടുണ്ട്. ചിലനേരം ചിലത് നമുക്ക് ചെയ്യേണ്ടിവരുമെന്ന ഒരോർമപ്പെടുത്തലായിരുന്നു അത്. ബ്രിട്ടോയുടെ കാര്യത്തിൽ ഒരിക്കൽക്കൂടി ഞാനത് ചെയ്‌തേനെ, പക്ഷെ സംഭവിച്ചില്ല.

എം വി രാഘവനോടൊപ്പം എ കെ ഗോപാലൻ

പോയ അഞ്ചുവർഷങ്ങളിൽ എ. വി. ആറില്ലാത്ത രണ്ട് സി. എം. പിയെക്കൊണ്ട് ഞാൻ പ്രയാസപ്പെട്ടിരുന്നു. നിങ്ങളിപ്പോൾ ഏത് സി. എം. പിയിലാണെന്ന് അപരിചിതർ പോലും ചോദിച്ചിട്ടുണ്ട്. അവിടെനിന്ന്​ സി. എം. പിയെ പുതിയൊരു
രാഷ്ട്രീയപരിസരത്തേക്കെത്തിക്കാനുള്ള ശ്രമങ്ങളും നടക്കുന്നു. എ. വി. ആറില്ലാതെ
പാർട്ടിക്കാർ പലരും സി. പി. എമ്മിലേക്ക് മടങ്ങാൻ നിശ്ചയിക്കുന്നു. പക്ഷെ
മറുവശത്ത് എം. വി. ആർ മുന്നോട്ടുവച്ച ചിന്തയെ റോസാ ലക്‌സംബർഗുമായി
ലയിപ്പിക്കാനുള്ള ശ്രമങ്ങളും നടക്കുന്നു. എം. വി. ആർ ഇംഗ്ലീഷ് വായിക്കാത്ത
ആളായിരുന്നു. ‘ഡിക്​റ്റേറ്റർഷിപ്പ്​ ഓഫ്​ ദ പ്രോലിറ്റേറിയറ്റ്’ ശരിയല്ല, ആംഡ് റവല്യൂഷൻ സ്ഥായിയല്ല, നിവൃത്തികേടാണ്. ഡെമോക്രാറ്റിക് സെൻട്രലിസം മുട്ടുശാന്തിക്ക് അനുഷ്ഠിക്കേണ്ട പ്രയോഗം മാത്രമാണ്. ഈ രാഷ്ട്രീയ ബോധ്യങ്ങളെ സാധൂകരിക്കുന്നൊരു രാഷ്ട്രീയനയമാണ് ഞങ്ങളുടെ ലക്ഷ്യം. എം. വി. ആർ ലക്‌സംബർഗ്​ വായിച്ചില്ല, പക്ഷെ, ഞാനെഴുതിയ അവരുടെ ജീവചരിത്രം സമർപ്പിച്ചത് എം. വി. ആറിനായിരുന്നു. ഇത്തരം ആശയങ്ങൾ കണക്കിലെടുത്ത് സി. എം. പിയുടെ ആശയപരിസരം വലുതാക്കുന്നതുമായി ബന്ധപ്പെട്ട വസ്തുതകൾ ഞാൻ ബ്രിട്ടോയുമായി പങ്കിട്ടിരുന്നു.

ലക്ഷ്യം തേടുന്ന പായ്​മരങ്ങൾ ആ വിളക്കുമാടം കണ്ടെത്തും. ആ ദൗത്യം സി. പി.എമ്മിൽ ഇനി സാധ്യമല്ലെന്ന് ഞാനും പറയുമ്പോൾ, ബ്രിട്ടോ താത്വികമായി ഒരു
മറുചോദ്യം മാത്രം ചോദിച്ചു, ‘ജോണേ, after all what is life?.’

എം. വി. ആറിനെ സി.പി. എം പുറത്താക്കിയപ്പോൾ സി. എം. പിയുണ്ടായി. എം. വി. ആറിന്റെ കാലം കഴിയുമ്പോൾ അത് വീണ്ടും പിളർന്നുവെന്ന, സ്ഥിരം മുന്നണിസംവിധാനങ്ങളിൽ നിന്നൊരു മോചനമാണ് ഞാനതിലൂടെ കണ്ടത്. ലക്‌സംബർഗ്​ എന്ന പേര് ഞങ്ങളേറ്റെടുത്തതോടെ മറ്റൊരു രാഷ്ട്രീയമുഖം സ്വായത്തമാക്കാൻ അതിനായെന്ന് ഞാനും വിശ്വസിക്കുന്നു. ആ ശ്രമങ്ങൾ
തുടരുകയാണ്. അതുകൊണ്ട് പഴയ സി. എം. പിയല്ല, സി. പി. എമ്മിൽ അത്രമാത്രം
സംഘർഷമുണ്ടെങ്കിൽ ഇവിടേക്ക് പോന്നോളാൻ അവസാനഘട്ടത്തിൽ ബ്രിട്ടോയോട് എനിക്ക് പറയേണ്ടിവന്നു. ഊമക്കത്തടക്കമുള്ള പ്രശ്‌നങ്ങളെ നേരിട്ട ബ്രിട്ടോ ഇനിയവിടെ വേണ്ടതില്ലെന്ന് ഒരു ഘട്ടത്തിൽ ഞാനും ചിന്തിച്ചു.

ഒരു കൊച്ചുമുറിയിലിരുന്ന് ബ്രിട്ടോ നടത്തിയ രാഷ്ട്രീയപ്രവർത്തനം അയാൾ
പ്രതിനിധാനം ചെയ്ത പ്രസ്ഥാനത്തിന് ഒരു വിളക്കുമാടത്തിന്റെ നിഷ്‌കാമകർമമായി
മാറി. ലക്ഷ്യം തേടുന്ന പായ്​മരങ്ങൾ ആ വിളക്കുമാടം കണ്ടെത്തും. ആ ദൗത്യം സി. പി.എമ്മിൽ ഇനി സാധ്യമല്ലെന്ന് ഞാനും പറയുമ്പോൾ, ബ്രിട്ടോ താത്വികമായി ഒരു
മറുചോദ്യം മാത്രം ചോദിച്ചു, ‘ജോണേ, after all what is life?.’

ഒരു കൊച്ചുമുറിയിലിരുന്ന് ബ്രിട്ടോ നടത്തിയ രാഷ്ട്രീയപ്രവർത്തനം അയാൾ പ്രതിനിധാനം ചെയ്ത പ്രസ്ഥാനത്തിന് ഒരു വിളക്കുമാടത്തിന്റെ നിഷ്‌കാമകർമമായി മാറി.

അത് ഒരർദ്ധവിരാമമാണല്ലോയെന്ന ഭയം എനിക്കുമുണ്ടായിരുന്നു.
ഇന്നുറപ്പിക്കാം, ബ്രിട്ടോ പരാജയമോ ദുരന്തമോ അല്ല, സമ്പൂർണമായൊരു രാഷ്ട്രീയ വിജയമാണത്. എങ്കിലും, ബ്രിട്ടോ മരിച്ച രാത്രി, ആ വേർപാടിലുള്ള ദുഃഖത്തിനുമപ്പുറം സൈമൺ ബ്രിട്ടോയുടെ ചാവിന് പാതിരാക്കൂട്ടായി സഖാക്കളായി ഏറെപ്പേർ ഉണ്ടായില്ലല്ലോയെന്ന ദുഃഖം എന്നെ അലട്ടിയിരുന്നു. ഞാനുൾപ്പടെ നാലോ അഞ്ചോ പേർ. പക്ഷെ അവിടെയും ബ്രി​ട്ടോ തനിനിറം
കാട്ടി. ഉപചാരങ്ങളിൽ നിന്ന്​ സ്വന്തം ശരീരം രക്ഷിച്ചെടുത്ത് മെഡിക്കൽ
കോളജിന് വിട്ടുനൽകി. 1983ൽ കുത്തേറ്റുവീണിരുന്നില്ലെങ്കിൽ ബ്രിട്ടോ
ഏതുതരം രാഷ്ട്രീയപ്രവർത്തകനാകുമായിരുന്നുവെന്ന് ഞാൻ ചിന്തിച്ചിട്ടുമുണ്ട്.
ഇതുപോലെ ഒരാളാകുമെന്ന്​ ഉറപ്പൊന്നുമില്ല. പക്ഷെ, ബ്രിട്ടോ ഉയർത്തിപ്പിടിച്ച
രാഷ്ട്രീയത്തെ അയാൾ മാറ്റിനിർത്തുമായിരുന്നില്ലെന്ന് ആറുപതിറ്റാണ്ടിന്റെ ആ
ജീവിതം നമുക്കുറപ്പു തരുന്നുണ്ട്.

ഞാനില്ലാതെ ബ്രിട്ടോ ഭൂമിയിൽ ബാക്കിയാൽ അയാൾ നിങ്ങളുടെ ഉത്തരവാദത്തമാണെന്ന്. ഞാൻ ജീവിച്ചിരിക്കുമ്പോൾ ബ്രിട്ടോ മരിച്ചതിൽ എനിക്ക് സമാധാനമുണ്ട്.

ഇങ്ങനെയൊരാളുണ്ടായിരുന്നുവെന്ന് ചരിത്രവും കാലവും ഓർമിക്കുന്നൊരു പ്രതീകമായി മാറിയ ബ്രിട്ടോ വിശാല ഇടതുപക്ഷത്തിന്റെ പ്രതീകമാണ്. അതിന്റെ ഉടമസ്ഥത സി. പി.എമ്മിന് അവകാശപ്പെട്ടതുമാണ്. ഒരീർക്കിൽ പോലും ഞാനതിൽ നിന്ന്​ അവകാശപ്പെടില്ല. ബ്രിട്ടോ സി. പി. എം വിരുദ്ധനാവുന്നത് ദീർഘകാലാടിസ്ഥാനത്തിൽ വിശാല ഇടതിന് ഗുണം
ചെയ്യില്ലെന്ന് എന്നും ഞാൻ വിശ്വസിച്ചിരുന്നു. ബ്രിട്ടോ പാർട്ടിവിരുദ്ധനായാലും വിശാല ഇടതിനെ അത് ബാധിക്കും. അതിന്റെ നിലനിൽപ്പിന് ബ്രിട്ടോയെപ്പോലൊരു രാഷ്ട്രീയപ്രതീകത്തെ നഷ്ടപ്പെടുത്താനാവില്ല. ഹൈബി ഈഡൻ എന്ന കെ. എസ്. യുക്കാരൻ പോലും പ്രചോദനത്തിന് ബ്രിട്ടോയെ
സന്ദർശിച്ചിരുന്നു. വിദ്യാർത്ഥിപ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ട
കലർപ്പില്ലാത്തൊരു രാഷ്ട്രീയസന്ദേശമാണത്.

എനിക്കും ബ്രിട്ടോക്കുമിടയിൽ വാക്കാൽ ഒരൊസ്യത്തുണ്ട്.
എന്റെ മക്കളോടും ഞാനത് പറഞ്ഞിരുന്നു, ഞാനില്ലാതെ ബ്രിട്ടോ
ഭൂമിയിൽ ബാക്കിയാൽ അയാൾ നിങ്ങളുടെ ഉത്തരവാദത്തമാണെന്ന്. ഞാൻ
ജീവിച്ചിരിക്കുമ്പോൾ ബ്രിട്ടോ മരിച്ചതിൽ എനിക്ക് സമാധാനമുണ്ട്. ആരാലും
അറിയപ്പെടാതെ അവശനായി അയാൾ 80 വർഷം ജീവിച്ചിരിക്കേണ്ടതില്ല. ▮

(തുടരും)

Comments