സൈമൺ ബ്രി​ട്ടോ

അത് സംഭവിച്ചില്ലെങ്കിൽ നമ്മുടെ രാഷ്ട്രീയത്തിന്
ശവപ്പെട്ടി പണിയേണ്ടിവരും...

സൈമൺ ബ്രിട്ടോ റോഡ്രിക്‌സ് ​ജീവിതം പറയുന്നു- 3

പരിസ്ഥിതിയെക്കുറിച്ചുള്ള മാർക്‌സിസ്റ്റ് സങ്കൽപ്പം തന്നെ ഒന്നിനെയും അമിതമായി ചൂഷണം ചെയ്യാൻ പാടില്ലെന്നതാണ്. ഒരാളുടെ യാത്രക്ക് നാലാൾക്ക് സഞ്ചരിക്കാവുന്ന കാറുകളുപയോഗിക്കുന്നതിൽ നിയന്ത്രണം വരുത്തണമെന്ന് ഒരിക്കൽ ഞാൻ നിയമസഭയിൽ പറഞ്ഞിട്ടുണ്ട്. പിണറായിയും വി. എസും
ഒരുമിച്ചൊരു കാറിൽ സഞ്ചരിക്കുമോയെന്ന് അവിടെയുള്ളവർ അന്നെന്നെ പരിഹസിച്ചു.

രാഷ്ട്രീയപ്രവർത്തകർ ജലത്തിലെ മത്സ്യം പോലെയാണെന്ന് ലെനിൻ
പറഞ്ഞിട്ടുണ്ട്. സമൂഹത്തിന്റെ പ്രശ്‌നങ്ങളെ അവർ ഏറ്റെടുക്കുകയാണ്. പ്രശ്‌നമുണ്ടോയെന്ന് അന്വേഷിച്ചുനടക്കുകയല്ല, അത്
നമ്മളിലേക്ക് വരികയാണ്. മാർക്‌സിസ്റ്റ് ലെനിനിസ്റ്റ് ഫിലോസഫിയിൽ ഇപ്പോൾ
ചർച്ചയിൽപ്പോലുമില്ലാത്തൊരു പ്രധാന ഭാഗമുണ്ട്. തീസിസ്, ആന്റി തീസിസ്, സിന്തസിസ്. ചർച്ചചെയ്തവരുമ്പോൾ പ്രാക്‌സിസിനെപ്പറ്റി പറയുന്നുണ്ട്. അന്റോണിയോ ഗ്രാംഷി അതിനെ ഭംഗിയായി വ്യാഖ്യാനിച്ചിട്ടുമുണ്ട്. ഡയലെറ്റിക്കൽ മെറ്റീരിയലിസം കഴിഞ്ഞ് പ്രാക്‌സിസും ജ്ഞാനസിദ്ധാന്തവും ഞങ്ങളെ പഠിപ്പിക്കുമായിരുന്നു. അതിൽ, യാദൃച്​ഛികതയെപ്പറ്റി പറയുന്നുണ്ട്.

എനിക്ക് കുത്ത് കൊണ്ടത് യാദൃച്​ഛികത, അല്ലെങ്കിൽ ഞാൻ വിധിയിലേക്ക് പോയാലോ?. ഞാൻ ആശുപത്രിയിലായിരിക്കുമ്പോൾ ആർ.എസ്​.എസുകാർ ആളുമാറിക്കുത്തിയ ഒരു ചെറുപ്പക്കാരനെ പരിചയപ്പെട്ടു. അയാളുടെ അനുജന്
സംഭവിക്കേണ്ട അപകടം ചേട്ടന് സംഭവിച്ചു. എനിക്കെന്തിനിങ്ങനെ സംഭവിച്ചുവെന്നാണ് അയാൾ ചോദിച്ചത്. ഞാനും സ്വയം അങ്ങനെ ചോദിച്ചാൽ ഉത്തരമില്ല, നിരാശയിലേക്ക് പോകും. പക്ഷെ, നമ്മുടെ ഓരോ തളർച്ചയിൽ നിന്നും നിലവിലുള്ള ഭൗതികസാഹചര്യമുപയോഗിച്ച് തിരിച്ചുവരവ് നടത്തുകയാണ്. ആ ശൈലി തന്നെയാണ് രാഷ്ട്രീയത്തിലും പ്രയോഗിച്ചത്.

മുമ്പുണ്ടായിരുന്നത് കർഷകത്തൊഴിലാളി സമരങ്ങളും തെങ്ങുകയറ്റത്തൊഴിലാളി
സമരങ്ങളും കമ്പനിസമരങ്ങളും ലോക്കൗട്ടുകളും തല്ലുന്നവരുടെ പക്ഷം പിടിക്കുന്ന
സമരങ്ങളുമൊക്കെയാണ്. പക്ഷെ ഞാൻ കുത്ത് കൊള്ളുന്ന കാലത്ത് മഹാരാജാസ് കോളജിൽ പെൺകുട്ടികളെ സിബ്ബ് ഊരിക്കാണിച്ചതിന്റെ പേരിൽ പോലും
സംഘർഷങ്ങളുണ്ടാവുമായിരുന്നു. അന്നും പെൺകുട്ടികൾക്കെതിരെയുള്ള ഏത്
അതിക്രമത്തിനുമെതിരെ നമ്മളിടപെടും. എന്തും കൽപ്പിച്ചിറങ്ങാൻ അന്ന് കഴിഞ്ഞു,
റിസ്‌ക് നമ്മളെടുക്കും. അത് ആ കാലത്തെ കാമ്പസിന്റെ പ്രത്യേകത കൂടിയായിരുന്നു.

മഹാരാജാസ് കോളേജ്  / Photo : Adarsh Sivadasan, FB
മഹാരാജാസ് കോളേജ് / Photo : Adarsh Sivadasan, FB

പഠിച്ചുകഴിഞ്ഞാലും കാമ്പസ്​ വിട്ടുപോകില്ല, നല്ല ഉദ്യോഗം
കിട്ടിയിട്ടുപോലും പോകാത്തവരുണ്ട്. വീണ്ടും പഠിക്കാൻ പുതിയ കോഴ്‌സുകളിൽ
വീണ്ടും ഇടം തരപ്പെടുത്തുന്നവർ വേറെ. ജീവിതത്തെ അങ്ങനെ വിട്ടുകൊടുക്കാൻ
കഴിയുമായിരുന്നു. ആ സ്വാധീനത്തിൽ നിന്നാണ് പിന്നീട് ഞാൻ പ്രകൃതിയിലേക്കും
പ്രകൃതിചികിത്സയിലേക്കുമൊക്കെ വരുന്നത്. സാമൂഹ്യവും രാഷ്ട്രീയവുമായ
പോംവഴികളാണ് അവിടെയും തേടിയത്. പിന്നെ പോസ്റ്റ്‌മോഡേണിസം പഠിക്കാൻ ശ്രമിച്ചു. മാർക്‌സിസ്റ്റ്-ലെനിനിസ്റ്റ് ഫിലോസഫിയുടെ കാലത്തിനുശേഷം ഭൂമുഖത്തെ മനുഷ്യരുടെ ചിന്താമണ്ഡലങ്ങളിൽ സംഭവിച്ച വ്യത്യാസങ്ങളറിയാനുള്ള കൊതിയായിരുന്നു പ്രേരണ. നീത്‌ഷേയുടെ സൂപ്പർ ഹ്യൂമൻ ബീയിംഗും സൗസറുടെ ചിഹ്നബോധവും കടന്ന് ചിന്ത ദറിദയിലേക്ക് കടന്നു. വിഷ്വൽ മീഡിയയിലും ചിന്താമണ്ഡലത്തിലുമെല്ലാം
വ്യത്യാസങ്ങളുണ്ടായി. ദറിദ മാർക്‌സിസത്തെ ഓണ്ടോളജിയെന്ന് പരിഹസിക്കുന്നുണ്ട്. A spectrum is hounding in Europe. ഇതിൽനിന്നൊക്കെ മനസ്സിലായത് മനുഷ്യൻ സൃഷ്ടിക്കുന്നതെന്തിനും പരിമിതികളുണ്ടെന്നാണ്. അപ്പോൾ നമ്മൾ റൂസ്സോയിൽ ചെന്നെത്തും. റൂസ്സോ ഒടുവിൽ അക്ഷരാഭ്യാസം പോലുമില്ലാത്തൊരു സ്ത്രീക്കൊപ്പമാണ് ജീവിച്ചത്. റിട്ടേൺ ടു ദ നേച്ചർ. പക്ഷെ അതിനും കഴിയുന്നില്ല. റേയ്ച്ചൽ കാർഡ്‌സിന്റെ പുസ്തകം വായിച്ചപ്പൊഴാണെനിക്ക് കണ്ണ് തുറന്നത്. എന്തിനാണീ കീടനാശിനി ഇവിടെക്കൊണ്ടുവന്നതെന്ന് എനിക്കിതുവരെ മനസ്സിലായിട്ടില്ല. ഉത്പാദനശേഷിയുള്ള വിത്തിനങ്ങൾ കൊണ്ടുവരണമെന്നുപറഞ്ഞ അതേ സ്വാമിനാഥൻ തന്നെയാണ്
ഐ റിഗ്രറ്റ് എന്ന് പശ്ചാത്തപിച്ചതും. ഹരിതവിപ്ലവം ഇന്ത്യയെ നശിപ്പിച്ചു.
സ്വാമിനാഥൻ പറയുന്നത് എനിക്ക് മനസ്സിലാവുന്നില്ല, പക്ഷെ സുഭാഷ് പലേക്കർ
പറയുന്നത് നന്നായി മനസ്സിലാവുന്നു. അതുപോലുള്ള മറ്റ് പലരെയും മനസ്സിലാവുന്നു. ഇതെല്ലാം നിയമസഭയിലും പറഞ്ഞിട്ടുണ്ട്. എനിക്കിപ്പോഴും പൊക്കാളിപ്പാടമുണ്ട്. ആ പാടത്ത് നാളിതുവരെ കീടനാശിനിയും രാസവളവും ഉപയോഗിച്ചിട്ടില്ല. ഇപ്പോഴും കൃഷി നടക്കുന്നു.

1983ൽ കുത്തുകൊണ്ട് വീണശേഷം പലതും വായിക്കാനും മനസ്സിലാക്കാനുമെല്ലാം നേരമുണ്ടായി. ജീവിതത്തിന് സാവകാശം കൂടി. എല്ലാവരും തിരക്കിലായപ്പോൾ എന്റെ തിരക്ക് കുറഞ്ഞു. എല്ലാവരും ഓടിക്കൊണ്ടേയിരിക്കുന്നു.

രാഷ്ട്രീയത്തിന്റെ വേര് സാമ്പത്തികശാസ്ത്രത്തിലാണ്. അത് സമൂഹത്തെ
സ്വാധീനിക്കുന്നു. അതിനടിസ്ഥാനം പുസ്തകങ്ങളല്ല, മനുഷ്യന്റെ അനുഭവങ്ങളാണ്. ഒരാൾ കരഞ്ഞുനിലവിളിക്കുമ്പോൾ പുസ്തകം നോക്കിപ്പോകാനാവുമോ? ഒരു പെണ്ണ് ബലാത്കാരം ചെയ്യപ്പെടുമ്പോൾ പാഞ്ചാലിയുടെ റഫറൻസ് നോക്കിപ്പോകാനും പറ്റില്ല. ടെക്​സ്​റ്റ്​ ഈസ്​ എ ടെക്​സ്​റ്റ്​. ദറിദ ടെക്​സ്​റ്റിനെക്കുറിച്ച് വീണ്ടും അന്വഷിച്ചുപോകുന്നുണ്ട്. ടെക്​സ്​റ്റിന് പരിമിതികളുണ്ട്. എന്നുവച്ചാൽ മനുഷ്യൻ സൃഷ്ടിക്കുന്ന എന്തിനും പരിമിതികളുണ്ട്. സെൻ ബുദ്ധിസം അത് നമ്മളെ കൂടുതൽ പഠിപ്പിക്കും.

1983ൽ കുത്തുകൊണ്ട് വീണശേഷം പലതും വായിക്കാനും മനസ്സിലാക്കാനുമെല്ലാം
നേരമുണ്ടായി. ജീവിതത്തിന് സാവകാശം കൂടി. എല്ലാവരും തിരക്കിലായപ്പോൾ എന്റെ തിരക്ക് കുറഞ്ഞു. എല്ലാവരും ഓടിക്കൊണ്ടേയിരിക്കുന്നു. ആലപ്പുഴയിൽ വച്ചൊരു പള്ളീലച്ചൻ പറഞ്ഞു, എവിടെയൊക്കെ പാഞ്ഞുനടന്ന് ഓടിക്കിതച്ച്
പള്ളിയിലേക്കെത്തുകയാണ് വിശ്വാസികളെന്ന്. അതേ വെപ്രാളത്തോടെ തന്നെയാണ് പ്രാർത്ഥനയും. ‘ഓൺ ഡൂയിംഗ് നത്തിംഗ്​’ എന്നൊരു പാഠം ഞാൻ പ്രീഡിഗ്രിക്ക് പഠിച്ചിട്ടുണ്ട്. ലോകത്ത് ആത്മഹത്യ ചെയ്യുന്ന ഒരേയൊരു സ്പീഷീസ് മനുഷ്യനാണ്, ഭൂമിക്ക് ഒരു ഗുണവും ചെയ്യാത്ത സ്പീഷീസും മനുഷ്യൻ തന്നെ. പ്രകൃതിയിലെ ഓരോ സൂക്ഷ്മജീവിയും പരിസ്ഥിതിയിൽ ഇടപെടുന്നുണ്ട്, അതിന്റെതായ ധർമമുണ്ട്. മനുഷ്യന്റെ ധർമമെന്താണ്. കൂട്ടുകുടുംബം തകർന്ന്, ഭക്ഷണക്രമം തകർന്ന് മനുഷ്യൻ തീർത്തും രോഗാവസ്ഥയിലെത്തി. അതുകൊണ്ടാണ് നേച്ചറോപ്പതിയെപ്പറ്റി പറയേണ്ടിവരുന്നത്. എല്ലാവരും നേച്ചറോപ്പതിയിലേക്കും സസ്യാഹാരത്തിലേക്കും തിരിയണമെന്ന് ഒരു നിർബന്ധവുമില്ല. എല്ലാരും സസ്യാഹാരികളായാൽ ആ ഉത്പന്നങ്ങൾക്ക്
ക്ഷാമവും വിലക്കയറ്റവും വരും. എല്ലാവരും യേശുക്രിസ്തുവായാൽ നാട്ടിൽ
മരക്കുരിശിനും ക്ഷാമം വരുമെന്ന് പറഞ്ഞത് ഓഷോയാണ്. സകലരും ബുദ്ധനായാൽ അത്രയും ബോധിവൃക്ഷങ്ങളും വേണ്ടിവരും.

Photo : Muhammed Fasil
Photo : Muhammed Fasil

രോഗങ്ങൾ, മനുഷ്യൻ നടത്തുന്ന പ്രകൃതിചൂഷണത്തിന്റെ ഉപോത്പ്പന്നമാണ്. മാർക്‌സിന്റെ മൂലധനം മുഴുവൻ വായിച്ചിട്ട് എന്താണതിന്റെ അടിസ്ഥാനമെന്ന് ചിന്തിച്ചാൽ അതൊരൊറ്റ വാചകത്തിലൊതുക്കാം- ഒന്നിനെയും അമിതമായി ചൂഷണം ചെയ്യരുത്. ഡയലക്​ടിക്​സ്​ ഓഫ് നേച്ചറിൽ ഏംഗൽസ് പറയുന്നുണ്ട്, അജയ്യരെന്ന് കരുതി പ്രകൃതിയെ കീഴ്‌പ്പെടുത്തിയാൽ അതിന്റെ തിരിച്ചടി നേരിടേണ്ടിവരുമെന്ന്. അത് സയൻസാണ്. മനുഷ്യന് അത്രയും വലിയ
അർത്ഥങ്ങളോ മഹത്വമോ ഒന്നുമില്ല. നാം അതിനെ വെറുതെ കൊട്ടിഘോഷിക്കുകയാണ്. ഞാനിപ്പോൾ അറിവുതേടുന്നത് പുസ്തകങ്ങളിലല്ല, സാധാരണക്കാരായ ചെറിയ മനുഷ്യരിൽ നിന്നാണ്. പക്ഷെ അത്തരം മനുഷ്യരെല്ലാം ഇപ്പൊഴെന്തുകൊണ്ടോ നിശ്ശബ്ദരാണ്. ആരോടും ഒന്നും മിണ്ടാതെ നടന്നാൽ പണ്ഡിതനായെന്ന ധാരണയും ഈ സമൂഹത്തിന്റെ തന്നെ ശീലമാണ്.

ബോധനരീതികളെല്ലാം മാറിയില്ലേ. പ്രതിബദ്ധതയുള്ള അധ്യാപക സമൂഹമെവിടെയാണ്. അധ്യാപകരെ സ്വാധീനിച്ച് ഇന്റേണൽ മാർക്ക് വാങ്ങി
രക്ഷപ്പെടുന്ന വിദ്യാർത്ഥികളെ സമൂഹത്തിലെന്തിനാണ്. മത്സരപ്പരീക്ഷകൾ
പാടില്ലെന്നാണ് വെപ്പ്, എങ്കിൽ വിദ്യാഭ്യാസച്ചട്ടങ്ങളെടുത്ത് മാറ്റി തലമുറകളെ
സ്വയംപഠനത്തിന് സമൂഹത്തിലേക്ക് ഇറക്കിവിടട്ടെ. ഏറ്റുമുട്ടി മുന്നേറി നേടുന്ന
കരുത്താണ് സമൂഹവും തലമുറകളും നഷ്ടപ്പെടുത്തുന്നത്.

മഠത്തിൽ മത്തായിയുടെ ഘാതകരായ നക്‌സലുകളെ പൊലീസിനൊറ്റിയത് നാട്ടുകാർ പള്ളിമണിയടിച്ചാണ്. സമൂഹത്തിന് ആ ശൈലി ബാധ്യതയായിരുന്നു. ആ വഴിയും തെറ്റായിരുന്നു. അത് മാവോയിസ്റ്റുകൾ തുടർന്നു. ഗ്ലോബലൈസേഷനും രാഷ്ട്രീയപ്രസ്ഥാനങ്ങളും ചേർന്നാണ് അതിനെ വളർത്തിയത്.

വെട്ടേറ്റ 83നുശേഷം ഈ സാഹചര്യങ്ങളെല്ലാം എന്റെ നിലപാടിനേയും
ചിന്തയേയും സ്വാധീനിച്ചിട്ടുണ്ട്. ഞാനിപ്പോഴും എന്റെ രാഷ്ട്രീയത്തിൽ
വിശ്വസിക്കുന്ന ആളാണ്. പക്ഷെ പുതിയ കാലത്തോട് നമ്മൾ പൊരുത്തപ്പെട്ട്
പോകേണ്ടിവരും. ഇലക്​ട്രോണിക്​ മാധ്യമങ്ങളും പുതിയ തലമുറയും മുന്നോട്ടുവക്കുന്ന ശൈലി വേറെയാണ്. കുട്ടികൾ നമ്മെക്കാൾ ബുദ്ധിയുള്ളവരാണ്. ഒരു റേഡിയോയുടെ സ്വിച്ച് ഓൺ ചെയ്യാൻ ഞങ്ങളുടെ തലമുറ പോയിരുന്നത് ഭയപ്പാടോടെയാണ്. കാട്ടുതുളസിയിൽ സത്യൻ ടേപ്പ് റെക്കോർഡറിൽ പാടുന്നത് കാണാൻ സിനിമ വീണ്ടും കാണും. സി. ഐ. ഡി നസീറി
പ്രേംനസീറിന്റെ കൈയ്യിലിരുന്ന ടേപ്പ് റെക്കോർഡറാണ് ഞങ്ങൾക്ക് പരിചയമുള്ള
മറ്റൊന്ന്. പുതിയ തലമുറക്ക് ബുദ്ധിയുണ്ട്, പക്ഷെ ജീവിതസംഘർഷങ്ങളെ
അഭിമുഖീകരിക്കാനുള്ള ത്രാണിയാണ് പ്രശ്‌നം. പിന്നെ കാർഷികമേഖലയുടെ തകർച്ചയും തൊഴിൽശക്തിയുടെ ക്രോസ് മൈഗ്രേഷനും. സമൂഹത്തിന് നഷ്ടപ്പെട്ട സ്വാസ്ഥ്യം. എട്ടുമണിക്കൂർ അധ്വാനം, എട്ടുമണിക്കൂർ വിനോദം, എട്ടുമണിക്കൂർ വിശ്രമം എന്ന തൊഴിലാളിവർഗ തിയറിയെവിടെ. ആകെ വിനോദം പുരുഷൻ സ്ത്രീക്കെതിരെ നടത്തുന്ന പരസ്യമായ ലൈംഗികാതിക്രമങ്ങളാണ്. പ്രതികരിച്ചാൽ അവൾ അഹങ്കാരിയാവും. ആറുമാസം പ്രായമുള്ള കുട്ടികൾ റേപ്പ്​ ചെയ്യപ്പെടുന്നു. കോട്ടയത്ത് കടുത്തുരുത്തിയിൽ അമ്മയെ റേപ്പ്​ ചെയ്യാൻ മകൻ ഒരു വിടനെയും കൂട്ടിവന്നു. അമ്മ കുതറിമാറിയപ്പോൾ മകൻ പിടിച്ചുകൊടുത്തു. ഓരോ ദിവസവും സമൂഹത്തിലുയരുന്ന പല പ്രശ്‌നങ്ങൾ, അതിൽ കാമ്പസിന്റെ ഇടപെടലെവിടെ. കറുത്ത പണവും റിയൽ എസ്റ്റേറ്റും കാര്യം തീരുമാനിക്കും.

മൂല്യങ്ങൾ തകർന്നാൽ ഉത്തരം മതങ്ങളും പുരോഹിതരും പറയണം. മതഭീകരതയാണ് നടക്കുന്നത്. ഞാനൊരു മതത്തിനും എതിരല്ല, ആരുടെയും അനുയായിയുമല്ല. പക്ഷെ നമ്മൾ കബളിപ്പിക്കപ്പെടുകയാണെന്ന് വ്യക്തമായി തിരിച്ചറിയുന്നുണ്ട്. സൗസർ പറയുന്നുണ്ട്, തലച്ചോറെന്നാൽ വാക്കുകൾ തുപ്പാനുള്ള ഉപകരണമല്ല, അതിൽ ചിന്തയെന്ന വലിയ പ്രവർത്തനം കൂടി നടക്കുന്നുണ്ടെന്ന്. ആ പ്രക്രിയയിൽ മനുഷ്യനെ സ്വാധീനിക്കുന്ന
ചിഹ്നബോധമുണ്ട്.

Photo : Muhammed Fasil
Photo : Muhammed Fasil

മനുഷ്യന് സിദ്ധിച്ച ഏറ്റവും വലിയ കഴിവ് നുണയാണ്. കുഞ്ഞുങ്ങളെപ്പോലും നമ്മളാദ്യം പഠിപ്പിക്കുന്നത് നുണയാണ്. അതിമധുരം വിളമ്പി അവരെ നശിപ്പിക്കുന്നതും നമ്മൾ തന്നെ. അതേവഴിയിലൂടെ നമ്മൾ സമൂഹത്തെയും നശിപ്പിച്ചു. അപ്പോഴും നമ്മൾ ചിന്തിക്കുന്നതെല്ലാം നമ്മൾ പുറത്ത് പറയാറുമില്ല. എന്തെങ്കിലും മിണ്ടിയാൽ ബന്ധം കലങ്ങിപ്പോകും. പക്ഷെ എസ്. എഫ്. ഐയ്യിലൂടെ ഞങ്ങൾ ലക്ഷ്യമിട്ടത് സമൂഹത്തിന്റെ ജനാധിപത്യവത്കരണമായിരുന്നു. കുട്ടികൾക്ക് ഇടവേളകൾ വേണം, അവർക്ക് ചിന്തിക്കണം, പരസ്പരവിനിമയം വേണം. അതൊന്നും ഇന്നില്ല. സമൂഹം മൊബൈൽ ഫോണിലൂടെ സ്വയം സ്‌നാനപ്പെടുകയാണ്, അത് തീർത്തും സ്വാകാര്യമാണെന്ന അടിസ്ഥാനമില്ലാത്ത ആത്മവിശ്വാസത്തോടെ. സാമൂഹ്യജീവിതവും കൂട്ടായ്മയുമില്ലാത്ത ചെറുപ്പക്കാർ മദ്യത്തിലഭയം തേടി.

എറണാകുളത്തെ ചെറുപ്പക്കാർക്കിടയിൽ ഒരു സമ്പ്രദായമുണ്ട്, കല്ലുമ്മേലിരുപ്പ്.
കുപ്പിക്കുള്ള പണം അവിടൊത്തുകൂടുന്നവർ പങ്കിട്ടെടുക്കും. പങ്കിടുന്നവർ പരസ്പരം
പരിചയക്കാരാവണമെന്ന് ഒരു നിർബന്ധവുമില്ല. അന്വേഷിച്ചപ്പോൾ എല്ലായിടത്തും ഈ പരിപാടിയുണ്ടെന്നറിഞ്ഞു. മലയാളിക്ക് ആരോഗ്യകരമായ ലൈംഗികജീവിതമില്ലാത്തതു കൊണ്ടുതന്നെ ഇവിടെ ലൈംഗികാതിക്രമങ്ങൾക്കും കണക്കില്ല. അതുതന്നെയാണ് സ്‌നേഹത്തിന്റെയും അവസ്ഥ. ആരുമെന്നെ സ്‌നേഹിക്കുന്നില്ലെന്ന വാചകം കേരളീയസമൂഹത്തിന് ഒരടിക്കുറിപ്പാക്കാം.

കുത്തുകൊണ്ടുവീണ ശേഷം എന്റെ ചിന്തകൾ സഞ്ചരിച്ചത് അങ്ങനെ പല വഴികളിലൂടെയാണ്. എല്ലാവരുടെയും ജീവിതം മനസ്സിലാണെന്ന്
തോന്നിപ്പിച്ച വഴികൾ. കടുവാപ്പള്ളിയിലും സെൻറ്​ ആന്റണിക്കും എറണാകുളത്തപ്പനും നേർച്ചയിടും, പുണ്യാളൻമാരെല്ലാം കൂടി ഒന്ന് കരകയറ്റിയേക്കണെയെന്ന ഉപായമാണ് സമൂഹത്തിനും.

ഒരിക്കൽ, ബുദ്ധനോടുള്ള പ്രിയം കൊണ്ട് പന്ത്രണ്ട് ദിവസത്തെ വിപാസന ധ്യാനത്തിന് പോയി. കൂടുതൽ അറിയാൻ കുശാൽ നഗറിൽ പോയി. അവിടെച്ചെന്നപ്പോൾ മാംസവും കൊക്കോകോളയും കഴിച്ചിരിക്കുന്ന ബുദ്ധഭിക്ഷുക്കളെ ഹോട്ടലിൽ കണ്ടു. ഇവരെല്ലാം സാമൂഹ്യവിരുദ്ധൻമാരാണെന്റെ സഖാവെയെന്ന് കൂടെയുണ്ടായിരുന്ന ചങ്ങാതി ഫലിതം പറഞ്ഞു.
ബുദ്ധമാർഗ്ഗം അറിയാൻ പിന്നെയും കുറെ അലഞ്ഞുനോക്കി. ദലായ് ലാമയുടെയും
ബുദ്ധന്റെയും പുസ്തകങ്ങളും വായിച്ചുനോക്കി. ധ്യാനം ശീലമാക്കിയപ്പോൾ
സൂക്ഷിക്കണമെന്ന് ചില സുഹൃത്തുക്കളുപദേശിച്ചു. മനസ്സിന്റെ നിലക്ക് വ്യത്യാസം
വരാമെന്ന് ജ്യോതിലാൽ സാറും പറഞ്ഞു. പതിയെ ധ്യാനം ഒരാസക്തിയായിത്തുടങ്ങുമ്പോൾ ഇതുതന്നെയല്ലേ കരിസ്​മാറ്റിസമെന്നും തോന്നി. അതും ഒരുന്മാദാവസ്ഥ തന്നെ. ആരോഗ്യകരമായി മസ്തിഷ്‌കത്തിന്റെ പ്രവർത്തനത്തെ മനുഷ്യൻ സ്വയം ക്രമപ്പെടുത്തിയെടുക്കേണ്ടിവരും. എല്ലാറ്റിന്റെയും പരമമായ ലക്ഷ്യം സന്തോഷമാണ്. സുഖ- ദുഃഖങ്ങളോടുള്ള മനുഷ്യന്റെ സമീപനമാണ് ജീവിതത്തിന്റെ സന്തോഷത്തെ തീരുമാനിക്കുന്നതെന്നാണ് ബുദ്ധൻ ബോധ്യപ്പെടുത്തുന്നത്. അവയിലൊന്നിനെമാത്രം തെരഞ്ഞെടുക്കാൻ മനുഷ്യന് അനുവാദമില്ല തന്നെ. രണ്ടും ഇടവിട്ട് വന്നുപോട്ടെയെന്ന് നിശ്ചയിച്ചാൽ സമാധാനം കൂടും. അതുകൊണ്ട് മനുഷ്യന് നിലനിൽക്കാൻ അവന്റേതായ
പദ്ധതികൾ അനിവാര്യമാകുന്നു.

അച്ചൻപട്ടത്തിന് പഠിക്കുന്ന സെമിനാരിയിൽ നിന്നാണ് ഐസക് കമ്യൂണിസത്തിലേക്ക് വന്നത്. കമ്യൂണിസ്റ്റായ പി. ജെ. ആന്റണി പിന്നീട് പോട്ട പള്ളിയിൽ ധ്യാനം കൂടി. പ്രായോഗിക രാഷ്ട്രീയത്തിന്റെ ഒരു വെല്ലുവിളി, പ്രസ്ഥാനത്തെ മുന്നോട്ടുനയിക്കലാണ്. അത് പണച്ചെലവുള്ള കാര്യമാണ്.

ചിലപ്പോൾ തോന്നും, മനുഷ്യപ്രകൃതത്തിൽ ജീവശ്ശാസ്ത്രപരമായി വലിയൊരു വ്യത്യാസം സംഭവിച്ചിട്ടുണ്ടെന്ന്. സഹജീവികളെ പരിഗണിക്കാൻ തോന്നാത്ത കാമ്പസ് പൊളിറ്റിക്‌സിന്റെ മനോഭാവത്തോട് അതിനെ ചേർത്തുവക്കാം. ജ്ഞാനഭൈരവി തന്ത്രയിൽ ഒരു പരാമർശമുണ്ട്. പുരുഷശരീരത്തിന്റെ കേന്ദ്രമെവിടെയാണ്. ഇതൊരു ശിവപാർവ്വതീസംവാദമാണ്. ഒരു മനുഷ്യശരീരത്തെ മലർത്തിക്കിടത്തുക, പൊക്കിൾക്കൊടി
മധ്യത്തിലാണ്. ലൈംഗികാവയവും മധ്യത്തിൽ. അതുകൊണ്ട് ശരീരത്തിന്റെ കേന്ദ്രം
ലൈംഗികതയാണ്. അതിനൊരു മറുവശമുണ്ട്. നമ്മൾ ചിന്തിക്കുന്നു, തലച്ചോറിലൂടെ. സെക്‌സും അതിലൂടെയാണ് സംഭവിക്കുന്നത്. അതുകൊണ്ട് ശരീരകേന്ദ്രം തലച്ചോറാണ്. ഈ വാദത്തിനപ്പുറത്തേക്ക് നീളുന്ന മറ്റൊരു ഘടകം കൂടിയുണ്ട്. തലച്ചോറ് ഹൃദയവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഒരാൾ വെള്ളത്തിൽ വീണു, ഹൃദയം പറയും അയാളെ രക്ഷിക്കാൻ. തലച്ചോറ് പറയും സ്വയം രക്ഷിക്കാൻ. അങ്ങനെവന്നാൽ ശരീരകേന്ദ്രം ഹൃദയമാവും. പക്ഷെ
പുതിയകാലത്തെ മനുഷ്യൻ ശരീരകേന്ദ്രമായി കാണുന്നത് ലൈംഗികതയുടെ
പൊക്കിൾക്കൊടിയേയും യുക്തിയുടെ തലച്ചോറിനെയും മാത്രമായി. അതവരുടെ പ്രതികരണശൈലി വിളിച്ചുപറയുന്നുണ്ട്. അങ്ങനെവരുമ്പോൾ നഷ്ടമാവുന്നത് പരിഗണനയും സ്‌നേഹവുമാണ്. ഞങ്ങളൊക്കെ ബസ് യാത്രക്കിടയിൽ അടുത്തിരിക്കുന്ന അപരിചിതനോട് സംസാരിച്ചുകൊണ്ടിരിക്കും. അതൊരനുഭവമാണ്. അയാളാരാണ്, പിന്നീടൊരിക്കലും നമ്മൾ
അയാളെ കണ്ടില്ലെന്നിരിക്കും. ചിലപ്പോൾ അതിലൂടെ ചില ബന്ധങ്ങളുണ്ടായി വരും. പ്രത്യേകിച്ച് ലാഭമോ എന്തെങ്കിലും പ്രേരണകളോ അത്തരം ബന്ധങ്ങൾക്കില്ല. ഇന്ന് അത്തരം ബന്ധങ്ങളില്ല. ഇത് മോട്ടിവേറ്റഡ് റിലേഷൻഷിപ്പുകളുടെ കാലമാണ്.

രാഷ്ട്രീയത്തിൽ രണ്ട് ഘടകങ്ങളുണ്ട്, അതിലൊന്ന് ഫിലോസഫിയാണ്. ഓരോ
രാഷ്ട്രീയപ്പാർട്ടികളെയും നയിക്കുന്ന ആശയധാരയാണത്. രണ്ടാമത്തേത് അതിന്റെ
പ്രയോഗമാണ്. ആദ്യത്തേതിൽ വിശ്വസിച്ചുകൊണ്ട് വ്യക്തിപരമായ അനുഭവങ്ങളുടെയും ഭൗതികസാഹചര്യങ്ങളുടെയും പരിമിതിക്കുള്ളിൽ നിന്നും വ്യക്തികൾ അവരുടെ രാഷ്ട്രീയത്തെ പ്രവൃത്തിയിലേക്ക് കൊണ്ടുവരുന്നു. മതത്തിന്റെ ചട്ടക്കൂടിൽ നിന്ന്​ പുറത്തുവരുന്ന വ്യക്തിക്ക് മറ്റൊന്നിലേക്കുള്ള മാറ്റം എളുപ്പമല്ല, മാറിയാൽത്തന്നെ ആദ്യത്തെ വിശ്വാസത്തിന്റെ മുദ്ര മാഞ്ഞുപോകില്ല. രാഷ്ട്രീയത്തിൽ ഒരു വിശ്വാസത്തിൽ നിന്ന്​ മറ്റൊന്നിലേക്ക് മാറാം. എന്നിരുന്നാലും പലരും മാറുന്നില്ല. ആ മാറ്റത്തിന് താൻ കൊണ്ടുനടക്കുന്ന രാഷ്ട്രീയത്തിൽ അയാൾക്കൊരു വിശ്വാസത്തകർച്ച സംഭവിക്കണം. അച്ചൻപട്ടത്തിന് പഠിക്കുന്ന സെമിനാരിയിൽ നിന്നാണ് ഐസക് കമ്യൂണിസത്തിലേക്ക് വന്നത്. കമ്യൂണിസ്റ്റായ പി. ജെ. ആന്റണി പിന്നീട് പോട്ട പള്ളിയിൽ ധ്യാനം കൂടി. പ്രായോഗിക രാഷ്ട്രീയത്തിന്റെ ഒരു വെല്ലുവിളി, പ്രസ്ഥാനത്തെ മുന്നോട്ടുനയിക്കലാണ്. അത് പണച്ചെലവുള്ള കാര്യമാണ്. ഫണ്ട് എപ്പോഴും പ്രതിസന്ധിയുമാണ്. ഏത് സംഘടനക്കും ആ പ്രതിസന്ധി ബാധകമാണ്. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഫണ്ട് സാധാരണക്കാരിൽ നിന്നുമാണ് സ്വരൂപിച്ചിരുന്നത്.

ഇന്നത്തെ രാഷ്ട്രീയത്തിന്റെ ഒരു പ്രധാന പ്രശ്‌നം ഹിംസയാണ്. വയലൻസ് വ്യക്തിക്കും പ്രസ്ഥാനങ്ങൾക്കുമുണ്ടാക്കാം. പക്ഷെ ഭരണകൂടം സൃഷ്ടിക്കുന്ന
വയലൻസാണ് ഏറ്റവും തീക്ഷ്ണം. വയലൻസിന്റെ ഫലം ഭയമാണ്. ഞാൻ കൊന്നതിന്റെ ഭയം, എന്നെക്കൊല്ലുമെന്ന ഭയം. അതിലൂടെ എനിക്കൊരു ക്രിമിനലായി മാറാം. നാടുവിട്ടുപോകാം. സന്യസിക്കാം. ദസ്തയേവ്‌സ്‌കിയുടെ നോവലുകളിൽ അതിന്റെ മാനസികവിശകലനം കാണാം.

ഏതെങ്കിലും സംഭവങ്ങളിലിടപെടുമ്പോൾ യാദൃച്​ഛികമായി സംഭവിക്കാവുന്ന
ദുരന്തങ്ങളുണ്ട്. ചെയ്തവർ പോലും കുമ്പസരിച്ചുപോകുംവണ്ണം യാദൃച്​ഛികമായി
സംഭവിക്കുന്ന ദുരന്തങ്ങൾ. കമ്യൂണിസ്റ്റ് പാർട്ടിയെ സംബന്ധിച്ച് ആ കഷ്ടപ്പാട്
എപ്പോഴുമുണ്ടായിരുന്നു. ആ കഷ്ടപ്പാടെന്നാൽ മനുഷ്യരുടെ കഷ്ടപ്പാടുകളുമാണ്.
അത്തരം ജനകീയപ്രശ്‌നങ്ങളിലേക്ക് പ്രായോഗികമായി വരാൻ കമ്യൂണിസ്റ്റ്
പ്രസ്ഥാനങ്ങൾക്ക് ഇന്ന് കഴിയുന്നില്ല.

 കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രം ഈസ്റ്റ് യൂറോപ്പിലേതുപോലെയല്ല. ഒരുപാട് സഹനങ്ങളും കഷ്ടപ്പാടുകളുമുണ്ടതിൽ / Photo : Muhammed Fasil
കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രം ഈസ്റ്റ് യൂറോപ്പിലേതുപോലെയല്ല. ഒരുപാട് സഹനങ്ങളും കഷ്ടപ്പാടുകളുമുണ്ടതിൽ / Photo : Muhammed Fasil

ഗ്ലോബലൈസേഷൻ ഒരു വെറുംവാക്കല്ല. അതിനിടയിലും ഇടക്ക് നടക്കുന്ന സമരങ്ങളും ജാഥകളും പിക്കറ്റിംഗുമെല്ലാം അനുഷ്ഠാനപരമെന്ന് കളിയാക്കാറുണ്ടെങ്കിലും അതാവശ്യമാണ്. പൊതുജനം അതിൽ നിന്ന്​ ചിലത് തിരിച്ചറിയുന്നുണ്ട്. അതൊരു കാമ്പയിന്റെ ഗുണം ചെയ്യും. ലാളിത്യം പോലും ആപേക്ഷികമാണെങ്കിലും കമ്യൂണിസ്റ്റുകാരുടെ ജീവിതം എത്ര ലളിതമായിരിക്കണമെന്നൊരു ചോദ്യമുണ്ട്. ആ ജീവിതം ചിട്ടപ്പെടുത്താനുള്ള ധാർമികത കമ്യൂണിസ്റ്റുകാർ കാണിക്കേണ്ടതുമുണ്ട്. ഞാൻ എം. എൽ. എ ആയിരിക്കുമ്പോൾ നൂറ് രൂപക്കുള്ള കുപ്പായമിട്ട് നടന്നത് എന്റെ കൈയ്യിൽ കാശില്ലാത്തതുകൊണ്ടുകൂടിയാണ്. 3000 രൂപ വിലയുള്ള ലൂയി ഫിലിപ്പ് എനിക്ക് താത്പര്യവുമില്ല. പക്ഷെ ഈ ഉപഭോഗത്തിന്റെ സമൂഹം നമ്മളിൽ സൃഷ്ടിക്കുന്ന മിഥ്യാബോധത്തിലാണ് ബ്രാന്റുകളുടെ നിലനിൽപ്പ്. എങ്ങനെ ഗ്ലോബലൈസേഷന് ഇരയാകാതിരിക്കാമെന്നാണ് ഏറെ ചിന്തിച്ചത്. ചെലവുകൾ എങ്ങനെ
കുറക്കാമെന്ന്. ആഘോഷമില്ലാതെ എൻ. എഫ്. വർഗീസ്​ എന്ന നടൻ
മകളെ കെട്ടിച്ചുകൊടുത്തപ്പോൾ എനിക്ക് ശരിക്കും അയാളോട് ബഹുമാനം തോന്നി. ഒരു രാഷ്ട്രീയപ്രവർത്തകൻ ആ രീതിയിൽ ജീവിതം ക്രമീകരിക്കേണ്ടതുണ്ട്. ഭൂരിപക്ഷത്തിനും അത് കഴിയുന്നുമില്ല. ബ്രാന്റഡ് ഉത്പന്നങ്ങളിൽ നിന്നുള്ള മോചനം കൂടിയാണത്.

സ്വാതന്ത്ര്യാനന്തരം എല്ലാ രാഷ്ട്രീയപ്രസ്ഥാനങ്ങൾക്കും മൂല്യത്തകർച്ച
സംഭവിച്ചു. എഴുപതുകൾ പക്ഷെ വലിയ സാമൂഹ്യപ്രതിബദ്ധതയുടെ കാലഘട്ടമായിരുന്നു. കോൺഗ്രസിൽ പോലും അക്കാലത്ത് പരിവർത്തനവാദികളുണ്ടായി. എൺപതുകളാരംഭിക്കുമ്പോൾ
ഇറക്കം തുടങ്ങുകയാണ്. തൊണ്ണൂറുകളെത്തി ഗ്ലോബലൈസേഷനും വരുമ്പൊഴേക്കും ഭാവി ഏതാണ്ടുറപ്പായി. നമ്മുടെ വിട്ടുവീഴ്ചകളുമാരംഭിച്ചു. 27,000 കോടിയുടെ മരുന്ന് ഇന്ത്യ തീന്നുതീർത്തപ്പോൾ അതിൽ 7000 കോടിയും മലയാളിയുടെ സംഭാവനയായി. അതിലധിവും നിരോധിക്കപ്പെട്ട മരുന്നുകളും. ആ മൾട്ടീനാഷണൽ കമ്പനികൾക്കെതിരെ സമരമുണ്ടാവണ്ടേ?. ഞാൻ ഇടതുപക്ഷത്തിന്റെ ദൗർബ്ബല്യങ്ങളെപ്പറ്റിയാണ് പറയുന്നത്.
പലപ്പോഴും കേന്ദ്രനയങ്ങൾ കൊണ്ടുവരുന്നത് കോൺഗ്രസും ബി.ജെ.പിയുമാണ്. നമ്മളതിൽ ഇടപെടണം. കൊക്കോ കോളക്കെതിരെ ഇടപെട്ടല്ലോ. ഏറ്റവും പ്രധാനപ്പെട്ട പ്രശ്‌നങ്ങളിലൊന്ന് കുടിവെള്ളമാണ്. കേരളത്തിന്റെ സമ്പത്ത് നല്ല വെള്ളമായിരുന്നു, എന്നിട്ടും കേരളത്തിന്റെ ഗ്രാമങ്ങളിൽ എൺപത് ശതമാനവും കുടിവെള്ള ക്ഷാമം നേരിടുന്നു. ഇപ്പോഴും രാഷ്ട്രീയപ്പാർട്ടികൾക്കൊന്നിനും ആ വിഷയത്തിൽ കണ്ണ് തെളിഞ്ഞിട്ടില്ല.

83നുശേഷവും ഞാൻ നേരിട്ട സംഘർഷങ്ങൾക്കും ഗുലുമാലുകൾക്കും ഒരു കുറവുമുണ്ടായില്ല. അപ്പോഴും എന്റെ രാഷ്ട്രീയമാണ് എന്നെയിങ്ങനെ രൂപപ്പെടുത്തിയത്. അതുകൊണ്ടിപ്പോഴും വിട്ടുവീഴ്ച സാധിക്കുന്നില്ല. എന്തും സാധിച്ചെടുക്കാൻ കാശും സ്വാധീവും മതിയെന്നെനിക്കറിയാം. ആ സ്വാധീനത്തിന് വഴങ്ങരുതെന്ന് മാത്രം പറയാം.

പരിസ്ഥിതിയാണ് അടുത്ത പ്രശ്‌നം. അതിനെക്കുറിച്ചുള്ള മാർക്‌സിസ്റ്റ് സങ്കൽപ്പം
തന്നെ ഒന്നിനെയും അമിതമായി ചൂഷണം ചെയ്യാൻ പാടില്ലെന്നതാണ്. പരിസ്ഥിതിയെ നശിപ്പിക്കുന്നത് ആഗോള കുത്തകകളാണ്. കാർബൺ എമിഷൻ ചെറിയ കാര്യമല്ല. ഒരാളുടെ യാത്രക്ക് നാലാൾക്ക് സഞ്ചരിക്കാവുന്ന കാറുകളുപയോഗിക്കുന്നതിൽ നിയന്ത്രണം വരുത്തണമെന്ന് ഒരിക്കൽ ഞാൻ നിയമസഭയിൽ പറഞ്ഞിട്ടുണ്ട്. പിണറായിയും വി. എസും
ഒരുമിച്ചൊരു കാറിൽ സഞ്ചരിക്കുമോയെന്ന് അവിടെയുള്ളവർ അന്നെന്നെ പരിഹസിച്ചു. ഒരിക്കൽ മണലൂറ്റുകാരുടെ ഒരു മീറ്റിംഗിന് പോയി. ചെന്നപ്പോൾ കണ്ടത് ഡിപ്ലോമയൊക്കെ കഴിഞ്ഞ പിള്ളാരെയാണ്. കന്നിനെ കുളിപ്പിക്കാൻ പോലും അനുവാദമില്ലാത്ത പുഴയിലാണ് മണലൂറ്റും കൺസ്ട്രക്ഷനും. കേരളത്തിന്റെ പ്രശ്‌നം നിയമലംഘനത്തിനെതിരെ കർശനമായ ചട്ടങ്ങളില്ലാത്തതാണ്.

ഇത്രയും കാലത്തെ ഈ ജീവിതം കൊണ്ട് സൈമൺ ബ്രിട്ടോ പരുവപ്പെട്ടൊയെന്ന് ചോദിച്ചാൽ, അന്നുമിന്നും ഞാനൊരുപോലെയാണെന്നേ പറയാനുള്ളു. വിട്ടുവീഴ്ച എളുപ്പമല്ല. പക്ഷെ, എനിക്ക് പരിമിതിയുണ്ട്, ചലനശേഷിയില്ല. 83നുശേഷവും ഞാൻ നേരിട്ട സംഘർഷങ്ങൾക്കും ഗുലുമാലുകൾക്കും ഒരു കുറവുമുണ്ടായില്ല. അപ്പോഴും എന്റെ രാഷ്ട്രീയമാണ് എന്നെയിങ്ങനെ രൂപപ്പെടുത്തിയത്. അതുകൊണ്ടിപ്പോഴും വിട്ടുവീഴ്ച സാധിക്കുന്നില്ല. എന്തും സാധിച്ചെടുക്കാൻ കാശും സ്വാധീവും മതിയെന്നെനിക്കറിയാം. ആ സ്വാധീനത്തിന് വഴങ്ങരുതെന്ന് മാത്രം പറയാം. സ്വന്തം പാർട്ടിക്കാരായാലും തെറ്റിന് കർശന ശിക്ഷയുണ്ടായിരുന്ന പാർട്ടിയാണ്. ഇപ്പോൾ അത് സാധ്യമാവുമെന്നുറപ്പില്ല. കമ്യൂണിസ്റ്റ് പ്രസ്ഥാനം മുകളിൽ നിന്ന്​ താഴേക്ക് ശക്തിപ്പെടുത്തണം. ഇല്ലെങ്കിൽ പ്രസ്ഥാനം നിലനിൽക്കില്ല. പക്ഷെ പാർട്ടിയുടെ ഏറ്റവും വലിയ ശാപമെന്തെന്ന് ഒറ്റവാക്കിൽ പറയാം, വിഭാഗീയത. പാർട്ടിയിലേക്കെത്തുന്ന ഓരോ അംഗത്തെയും ചേരുമ്പോൾ ആദ്യം പഠിപ്പിക്കുന്നതും നീ എന്റെ ആളെന്ന വിഭാഗീയതയാണ്. അവിടെ വി. എസും പിണറായിയുമൊന്നുമില്ല. രാഷ്ട്രീയം അവരെ പഠിപ്പിക്കുന്നില്ല. അതിനെത്രപേർക്ക് രാഷ്ട്രീയമറിയാം?

കുത്തുകൊണ്ട് കിടന്ന ഞാൻ പത്തുവർഷം കഴിഞ്ഞ് തിരിഞ്ഞുനോക്കുമ്പോൾ
അടിയന്തരാവസ്ഥയെക്കടന്നുവന്ന ഞങ്ങളുടെ തലമുറയിലുൾപ്പെട്ടവരുടെ എണ്ണം പാർട്ടിയിൽ കുറഞ്ഞതായി കണ്ടു. പുതിയ തലമുറ വന്നു. പാർട്ടി അവരുടെ കൈയ്യിലാണ്. ഒരു കമ്യൂണിസ്റ്റ് അവബോധം, ക്ലാസ്​ കോൺഷ്യസ്‌നെസ്​ അഥവാ വർഗബോധമുണ്ടാവണം. ആർക്കും അതില്ലെന്ന് ഞാൻ പറയുന്നില്ല, പക്ഷെ അതുള്ളവരെത്ര എന്ന് ഓരോരുത്തരും സ്വയം പരിശോധിക്കട്ടെ.
ഒരു വർഗം എന്നാൽ, അത് സങ്കുചിതമല്ല, ചൂഷണത്തിന് വിധേയമാകുന്നൊരു സമൂഹത്തെയാണ് അത് പ്രതിനിധാനം ചെയ്യുന്നത്. അവരുടെ വിമോചനത്തിനുവേണ്ടിയുണ്ടായ ഉന്നതമായൊരാശയമാണ് കമ്യൂണിസം. ആ ബോധമുണ്ടാവണ്ടേ. അതുണ്ടാവുമ്പോഴാണ്, സഖാവേ
എന്ന് വിളിക്കുമ്പോൾ രണ്ട് മനുഷ്യർ ഒന്നാവുന്നത്. ആ ഒരുമയെ വിഭാഗീയത
നശിപ്പിച്ചു. അണികളെ രാഷ്ട്രീയവത്കരിക്കുന്നില്ല, അവരെ പഠിപ്പിക്കുന്നത് ആരുടെ
പക്ഷത്ത് നിൽക്കണമെന്നാണ്. ആ സൗജന്യത്തിൽ പിന്നെ പാർട്ടിയുടെ ഉയരങ്ങളിലേക്കുള്ള പോക്കാണ്. അവർ പിന്നെ അതാത് പക്ഷങ്ങളുടെ നേതൃത്വമേറ്റെടുക്കും. ആ പക്ഷത്തേക്ക് പുതിയൊരാൾ വന്നാൽ ഉപനേതാക്കളിലാരുടെ പക്ഷത്ത് നിൽക്കണമെന്നതാണ് പ്രശ്‌നം. ഈ
വിഭാഗീയത മാറണം.

Photo : Muhammed Fasil
Photo : Muhammed Fasil

നമുക്കിവിടെ വേണ്ടത് ഒരിടതുപക്ഷപ്രസ്ഥാനം മാത്രമല്ല. ശക്തമായൊരു
കമ്യൂണിസ്റ്റ് പ്രസ്ഥാനം കൂടിയാണ്. കേരളത്തിലെ കമ്യൂണിസ്റ്റ്
പ്രസ്ഥാനത്തിന്റെ ചരിത്രം ഈസ്റ്റ് യൂറോപ്പിലേതുപോലെയല്ല. ഒരുപാട് സഹനങ്ങളും കഷ്ടപ്പാടുകളുമുണ്ടതിൽ. വസൂരിക്കോവികങ്ങളിലുപേക്ഷിക്കപ്പെട്ട ജീവച്ഛവങ്ങൾക്ക് കുടിവെള്ളം കൊടുക്കാൻ പോലും പലേടത്തും അവർ മാത്രമേയുണ്ടായിരുന്നുള്ളൂ. പാച്ചോ സഖാവിനെപ്പോലുള്ളവരുടെ മുതുകത്ത് മോസ്‌കോ റോഡ് വരച്ചിട്ടുണ്ട്. വർഗബോധമുള്ള സാന്റോ ഗോപാലനെപ്പോലുള്ളവരെ ചതിച്ചുകൊന്നിട്ടുണ്ട്. കുഞ്ഞാലിയെപ്പോലുള്ളവരെ
വെടിവച്ചിട്ടു. ഞാൻ ആ പട്ടിക പറയുന്നില്ല. ഇതെല്ലാം അനുഭവിച്ചുവളർന്ന ഒരു
പ്രസ്ഥാനത്തിൽ വയലൻസുണ്ടാവരുത്. ഇത് പഠിപ്പിച്ചതും എന്റെ പ്രസ്ഥാനമാണ്. പക്ഷെ ഗ്രൂപ്പ് വരുമ്പോൾ അതിലൂടെ രാഷ്ട്രീയം നഷ്ടമാവുന്നു. ഗ്രൂപ്പിലുള്ളവർ ഭൂമാഫിയ ബിസിനസ്​ നടത്തുന്ന സ്ഥിതി. ഒരു കേസിൽ ഞാൻ രേഖകളെല്ലാം കൊടുത്തു. സത്താറയിലെ ഭൂമിയിടപാട്. കമീഷൻ ഒടുവിൽ പറഞ്ഞത്, ചെയ്തത് തെറ്റാണ്, പക്ഷെ അയാളൊരു പാവം വിവരദോഷിയാണെന്നാണ്. പക്ഷെ അതിന്റെ പേരിൽ നടപടിയെടുത്തു. ഈ അവസ്ഥയിലും ഞാൻ
വിട്ടുവീഴ്ചയില്ലാതെ യുദ്ധം ചെയ്തു. മനസ്സിലെ തീ ഇനിയും കെട്ടുപോകുന്നില്ല.
ഒരുപാട് ശത്രുക്കളുണ്ടായി. ആ നമ്മൾ എന്തിന് ഗ്രൂപ്പിനിരയാവണം. ഒരേ
പ്രസ്ഥാനത്തിൽ പ്രവർത്തിക്കുന്നവർ എന്തിന് പരസ്പരം പൊരുതണം. നമ്മൾ
പാർട്ടിക്കൊപ്പം നിൽക്കണം.

വിഭാഗീയത നിലനിന്നാൽ ഇൻഡിവിജ്വൽ പൊസിഷനിംഗ് മാത്രമേ സംഭവിക്കൂ.
വിഭാഗീയത നിലനിൽക്കുമ്പോൾ രാഷ്ട്രീയസമരങ്ങൾക്ക് പ്രതിബദ്ധത നഷ്ടമാവും. സമരം നയിക്കുന്ന വ്യക്തിയുടെ പക്ഷക്കാർ സമരക്കാരായി മാറും.

മണലൂറ്റുകാരുടെ പ്രശ്‌നത്തിൽ ഇടപെടുമ്പോൾ പോലും വിളിവരും, നമ്മുടെ
പാർട്ടിക്കാരനാണെന്ന്. നോക്കുകൂലിയുടെ കാര്യത്തിൽ ചില നടപടികളുണ്ടായി. പക്ഷെ അവിടെയും ഈ ചുമട്ടുതൊഴിലാളികൾക്കെന്തെങ്കിലും പണിയുണ്ടാവണ്ടേ എന്ന ചോദ്യമുണ്ട്. എങ്കിലും നോക്കുകൂലി നമ്മൾ അവസാനിപ്പിച്ചു. പക്ഷെ മണലൂറ്റിനെ നോക്കൂ. ഒരു മാഫിയ വളർന്ന് പന്തലിക്കുന്നില്ലേ. പുഴ തകരും, കുടിവെള്ളം മുട്ടും, നിദ്രയിലാണ്ടിരിക്കുന്ന വൈറസുകൾ ശക്തിയാർജ്ജിച്ച് തിരികെവരും, കൃഷി തകരും, കാലാവസ്ഥാ വ്യതിയാനമുണ്ടാവും. പക്ഷെ അതിപ്പോഴും ഗൗരവമുള്ള ഒരു പ്രശ്‌നമായി ആരും കണ്ടുതുടങ്ങിയിട്ടില്ല. ലക്കിടി പോലൊരു സ്ഥലത്ത് കൊച്ചിയിൽ കാണുന്നതിനേക്കാൾ
വലിയൊരു സൗധം കണ്ടു. പഞ്ചായത്ത് എതിർത്തപ്പോൾ കോടതിയിൽ നിന്നും അതിന് സ്റ്റേ വാങ്ങി. ഭൂമി വീതിച്ച് പല ബിനാമികളുടെ പേരിലാക്കി കൂട്ടുടമസ്ഥതയിൽ കെട്ടിടനിർമ്മാണം തുടർന്നു. എല്ലാ നിയമങ്ങളേയും നിഷേധിച്ചുകൊണ്ടാണ് പരിപാടി. ഹൈറേഞ്ചിലെ കൃഷിഭൂമിയത്രയും വൻകിടക്കാർ വാങ്ങി കൺസ്ട്രക്ഷൻ തുടങ്ങി. റിയൽ എസ്റ്റേറ്റ് ബിസിനസിന്റെ സ്വഭാവം ക്രൂരമാണ്. ഒരു പ്രദേശത്തെ മുഴുവൻ അധീനതയിലാക്കുന്ന കച്ചവടതന്ത്രമാണത്. മറ്റാർക്കും കടന്നുവരാനാവാത്തവണ്ണം ആ പ്രദേശത്തെ വിലക്കെടുക്കുക.

എന്റെ കണ്ണ് തുറപ്പിച്ച പാവപ്പെട്ട ചില ലൈംഗിക തൊഴിലാളികളുണ്ട്. ലോ കോളജ് ഹോസ്റ്റലിൽ വളയുമ്പോൾ ഞങ്ങളുടെ കൈയാൽ തന്നെ ഇവർ തല്ലും വാങ്ങിയിട്ടുണ്ട്. എങ്കിലും അവരുമായി സ്‌നേഹത്തിലായിരുന്നു. അവരെ മോശക്കാരായി കണ്ടിട്ടുമില്ല. അവരോട് മാന്യമായി പെരുമാറാൻ എന്നെ പഠിപ്പിച്ചത് എന്റെ രാഷ്ട്രീയമാണ്. അവരോട് ഞാൻ ചോദിച്ചിട്ടുണ്ട്, രാത്രി ഇങ്ങനെ ഇറങ്ങിനടക്കാൻ പേടിയൊന്നുമില്ലേന്ന്. അവരെ ഒരു ഭയവും ബാധിച്ചിരുന്നില്ല.

ഇടതുപക്ഷപ്രസ്ഥാനം മരവിക്കുകയോ പുറകോട്ട് പോവുകയോ
ചെയ്താൽ ഈ സമൂഹത്തിന് ഭീമമായ നഷ്ടമായിത്തീരും. കോൺഗ്രസിനിവിടെ ഒന്നും ചെയ്യാൻ സാധിക്കില്ല. തെരഞ്ഞെടുപ്പിൽ ജയിക്കുന്നു, ഭരിക്കുന്നു, പോകുന്നു. കെ. എസ്.യുവും എ. ബി. വി. പിയുമെല്ലാം നിർജ്ജീവമാണ്. ഇടതുപക്ഷപ്രസ്ഥാനങ്ങളിലാണ് കേരളത്തിന്റെ സജീവത. ഫോർവേർഡ് ബ്ലോക്കിലൊന്നും ആളില്ലെങ്കിലും അവർ ഒരു രാഷ്ട്രീയനിലപാട് സ്വീകരിക്കാറുണ്ട്. രാഷ്ട്രീയത്തിൽ ഈ പൊളിറ്റിക്കൽ പൊസിഷനിംഗ് വളരെ പ്രധാനമാണ്. വിഭാഗീയത നിലനിന്നാൽ ഇൻഡിവിജ്വൽ പൊസിഷനിംഗ് മാത്രമേ സംഭവിക്കൂ.
വിഭാഗീയത നിലനിൽക്കുമ്പോൾ രാഷ്ട്രീയസമരങ്ങൾക്ക് പ്രതിബദ്ധത നഷ്ടമാവും. സമരം നയിക്കുന്ന വ്യക്തിയുടെ പക്ഷക്കാർ സമരക്കാരായി മാറും. ഒരു സമരം പരാജയപ്പെടാം, പക്ഷെ അതിൽ നിന്ന്​ പാഠമുൾക്കൊണ്ട് പുതിയ സമരങ്ങളിലേക്കുള്ള പ്രയാണമാണ് കമ്യൂണിസത്തിന്റെ അടിസ്ഥാനം. കമ്യൂണിസ്റ്റുകാർക്ക്​ ഓരോ പ്രശ്‌നങ്ങളും ഓരോ
അനുഭവമാണ്. അതിൽ നിന്ന്​ പുതിയ നിഗമനങ്ങളിലേക്കും പുതിയ സമരങ്ങളിലേക്കും പോകും. ആ പൊളിറ്റിക്‌സ് ഇവിടെ മങ്ങിപ്പോയി. സംശയമാണ് പാർട്ടി നേരിടുന്ന മറ്റൊരു രോഗം. ഒരു പൊതുപ്രവർത്തകന്റെ അടുത്തേക്ക് എല്ലാവരും വരും. അവരെയെല്ലാം സംശയമാണ്. സംശയം
ജനിക്കുന്നത് പ്രശ്‌നാധിഷ്ഠിത രാഷ്ട്രീയത്തിന്റെ അഭാവത്തിലാണ്.

രാഷ്ട്രീയപ്രവർത്തകർ ഈ സമൂഹത്തോടാവശ്യപ്പെടുന്നതെല്ലാം അവരുടെ
ജീവിതത്തിന്റെയും ഭാഗമാവണം. തെരഞ്ഞെടുപ്പിൽ നിൽക്കുന്നത് ജയിക്കാനാണ്. അതിന് തെരഞ്ഞെടുപ്പ് തന്ത്രങ്ങളുപയോഗിക്കാം. അത് നമ്മുടെ ജീവിതശൈലി ആവരുത്. ഇടവേളകളില്ലാത്ത തെരഞ്ഞെടുപ്പുകളാണ് കേരളീയ സമൂഹത്തിന്റെ ഒരു പ്രത്യേകത. സഹകരണസംഘം തൊട്ട് പാർലമെൻറ്​ വരെ അത് കാണാം. അതിലത്രയും പ്രതിഫലിക്കുന്നത് കക്ഷിരാഷ്ട്രീയവും. ഇ. എം. എസ് പറഞ്ഞത് വികസനചിന്തകളും അതിന്റെ പ്രയോഗവും കക്ഷിരാഷ്ട്രീയത്തിന്​അതീതമായിരിക്കണം എന്നാണ്. പൊതുക്കാര്യങ്ങളിലും സൗഹൃദങ്ങളിലും വ്യത്യസ്ത രാഷ്ട്രീയധാരകളൊന്നിക്കുന്ന കൂട്ടായ്മ സാധ്യമാണ്.
സ്വാതന്ത്ര്യാനന്തരം ഇന്ത്യയിലെ എല്ലാ രാഷ്ട്രീയപ്രസ്ഥാനങ്ങൾക്കും
മൂല്യത്തകർച്ച സംഭവിച്ചു. ഭഗത് സിംഗിന്റെയും രാജഗുരുവിന്റെയും
പ്രസ്ഥാനങ്ങളുടെ സ്വഭാവം വേണമെന്ന് ഞാൻ പറയുന്നില്ല.

നമ്മൾ ഈ രാഷ്ട്രീയം വിട്ടുപോകുന്നവരല്ല. മരണം വരെയും രാഷ്ട്രീയമുണ്ടാവും. നിലപാടുകളും കാഴ്ചപ്പാടുകളുമുണ്ടാവും, പക്ഷെ ഒരുപാട് പേർ കെട്ടിപ്പടുത്ത സങ്കൽപ്പങ്ങൾ, ഒരുപാട് പേരുടെ സ്വപ്നങ്ങൾ, അതിങ്ങനെ പതുക്കെ പൊഴിഞ്ഞുവീഴുമ്പോൾ...

നിലപാടില്ലായ്മയാണ് രാഷ്ട്രീയത്തിന്റെ പ്രശ്‌നം. കൺമുന്നിലിട്ട് കൊന്നാലും
നിലപാടെടുക്കാൻ മടി. അത്തരം പ്രശ്‌നങ്ങളിൽ മലയോരത്തേക്ക് പോയി ഞങ്ങൾ സമരം ചെയ്തിട്ടുണ്ട്. നേര്യമംഗലത്ത് കൊലയിൽ മാത്തനെന്നൊരാൾ ഒരു വിദ്യാർത്ഥിയെ കുത്തിക്കൊന്നു. അടക്കവെട്ടുന്ന ദമ്പതിമാരായിരുന്നു ദൃക്‌സാക്ഷികൾ. അവർ ഭയന്ന് സാക്ഷി പറഞ്ഞില്ല. പ്രതിയെ അറസ്റ്റ് ചെയ്യാനായിരുന്നു സമരം. ക്രിമിനലുകളത്രയും
ഹൈറേഞ്ചിൽ തമ്പടിച്ച കാലത്താണ് കമ്യൂണിസ്റ്റ് പ്രസ്ഥാനം മലയോരത്ത്
പച്ചപിടിച്ചത്. അതിലൊരുപാട് ത്യാഗം സഹിച്ചവരുണ്ട്. സി. ഐ. ടി. യുവൊക്കെ
ശക്തിപ്രാപിക്കുന്നതിനുമുമ്പ് കത്തികാട്ടി പേടിപ്പിക്കുന്ന ചട്ടമ്പിമാർ
ധാരാളമുണ്ടായിരുന്നു. തെരുവിൽ ചട്ടമ്പിപ്പിരിവ് നടത്തിയ ഒരാലപ്പുഴക്കാരന്റെ
കേസിൽ ഞാനും ഇടപെട്ടിട്ടുണ്ട്. അയാൾ പരസ്യമായി ഒരു തുണിവിൽപ്പനക്കാരിപ്പെണ്ണിന്റെ ഉടുമുണ്ടഴിച്ചു. ലോ കോളജിലെ പിള്ളേര് സമരം
തുടങ്ങി. ആ സംഘട്ടനത്തിൽ അയാൾ മരിച്ചു. കൊല്ലാൻ വേണ്ടി ചെയ്തതല്ല, അതൊരു പൊളിറ്റിക്കൽ പൊസിഷനിംഗാണ്. പക്ഷെ നക്‌സലൈറ്റുകളുടെ കാര്യത്തിൽ വ്യത്യാസമുണ്ട്. മഠത്തിൽ മത്തായിയുടെ ഘാതകരായ നക്‌സലുകളെ പൊലീസിനൊറ്റിയത് നാട്ടുകാർ പള്ളിമണിയടിച്ചാണ്. സമൂഹത്തിന് ആ ശൈലി ഒരു ബാധ്യതയായിരുന്നു. ആ വഴിയും തെറ്റായിരുന്നു. അത് പിന്നെ മാവോയിസ്റ്റുകൾ തുടർന്നു. ഗ്ലോബലൈസേഷനും നമ്മുടെ രാഷ്ട്രീയ പ്രസ്ഥാനങ്ങളും ചേർന്നാണ് അതിനെ വളർത്തിയത്. അധസ്ഥിതരെയേറ്റെടുക്കാൻ രാഷ്ട്രീയപ്രസ്ഥാനങ്ങളില്ലാതെ വന്നപ്പോൾ സായുധപ്രസ്ഥാനങ്ങൾ അത് മുതലാക്കി. അതുകൊണ്ടുതന്നെ ഇടതുപക്ഷ ആശയങ്ങളുമായി പ്രവർത്തിക്കുന്ന എല്ലാ രാഷ്ട്രീയപ്രസ്ഥാനങ്ങളെയും ഒരുമിപ്പിച്ച് തിരുത്തലിന്റെ അടിസ്ഥാനത്തിൽ പുതിയൊരു രാഷ്ട്രീയമുണ്ടായി വരണം. അല്ലെങ്കിൽ നമ്മളെപ്പോലുള്ളവരാണ് നിഷ്‌ക്രിയമായി പോകുന്നത്. അത് സംഭവിച്ചില്ലെങ്കിൽ നമ്മുടെ രാഷ്ട്രീയത്തിന് ശവപ്പെട്ടി പണിയേണ്ടിവരും. നമ്മൾ ഈ രാഷ്ട്രീയം വിട്ടുപോകുന്നവരല്ല. മരണം വരെയും രാഷ്ട്രീയമുണ്ടാവും. നിലപാടുകളും കാഴ്ചപ്പാടുകളുമുണ്ടാവും, പക്ഷെ ഒരുപാട് പേർ കെട്ടിപ്പടുത്ത സങ്കൽപ്പങ്ങൾ, ഒരുപാട് പേരുടെ സ്വപ്നങ്ങൾ, അതിങ്ങനെ പതുക്കെ പൊഴിഞ്ഞുവീഴുമ്പോൾ...

വ്യക്തിപരമായ പ്രശ്‌നങ്ങൾ ഒരു പ്രശ്‌നമല്ല, പക്ഷെ സമൂഹത്തിന്
സംഭവിച്ച ആഘാതങ്ങൾ, അതെന്നെ ബാധിക്കും, നമ്മുടെ കുടുംബത്തെയും ബാധിക്കും. ▮

(തുടരും)

Comments