സ്റ്റീഫൻ ഡെയ്ൽ എം. ഗംഗാധരനെ പരപ്പനങ്ങാടിയിലെ വീട്ടിൽ 2020-ൽ സന്ദർശിച്ചപ്പോൾ

കോൺറാഡ് വുഡും സ്റ്റീഫൻ ഡെയ്​ലും
​എം. ഗംഗാധരനെ ഓർക്കുന്നു

ബ്രിട്ടീഷ് മലബാർ പെൻഷനും ടോൾസ്റ്റോയിയുടെ ജീവചരിത്രവും

മലബാർ കലാപത്തെക്കുറിച്ചും മാപ്പിള ചരിത്രത്തെക്കുറിച്ചും നടന്ന ഗവേഷണത്തിനിടയിലെ അപൂർവ വിനിമയങ്ങളുടെ കഥ

ലബാറിലെ മാപ്പിളമാരുടെ സാംസ്‌കാരിക സവിശേഷതകളെ സൂക്ഷ്മ തലത്തിൽ പഠിച്ച മലബാർ കലാപത്തിന്റെ ചരിത്രകാരനാണ് ഡോ. എം. ഗംഗാധരൻ. മലബാർ കലാപത്തെ സംബന്ധിച്ച രേഖകളും വിവരങ്ങളും ആർക്കൈവുകളിലൂടെ ലഭ്യമായി തുടങ്ങിയ ശേഷം നടന്ന അക്കാദമിക പഠനങ്ങളിൽ മുൻനിരയിലുള്ളതാണ് ഗംഗാധരൻ മാഷിന്റെ പഠനം. ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിൽ തന്നെ ഏറെ ചർച്ച ചെയ്യപ്പെട്ടതും മാപ്പിള സ്വത്വ രൂപീകരണത്തിൽ നിർണായകവുമായ മലബാർ കലാപത്തെക്കുറിച്ച് പ്രാദേശിക, ദേശീയ, അന്തർദേശീയ തലങ്ങളിൽ വായനകളും പഠനങ്ങളും നടക്കുകയും പ്രബന്ധങ്ങൾ പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്.

അത്തരത്തിൽ വിദേശ സർവകലാശാലകളിൽ നടന്ന ഗവേഷണങ്ങളിൽ പ്രധാനപ്പെട്ടവയാണ് ബ്രിട്ടീഷ് ചരിത്രകാരനായ കോൺറാഡ് വുഡിന്റെ The Moplah Rebellion of 1921-22 and its Genesis എന്ന ശീർഷകത്തിലുള്ള പ്രബന്ധവും അമേരിക്കൻ ചരിത്രകാരനായ സ്റ്റീഫൻ ഫ്രഡറിക് ഡെയ്​ലിന്റെ Islamic Society on the South Asian Frontier: The Mappilas of Malabar 1498-1922 എന്ന പഠനവും. ലണ്ടൻ യൂണിവേഴ്‌സിറ്റി (സ്‌കൂൾ ഓഫ് ഓറിയന്റൽ ആൻഡ് ആഫ്രിക്കൻ സ്റ്റഡീസ്), യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയ എന്നീ സർവ്വകലാശാലകളിലായി നടന്ന ഈ ഗവേഷണങ്ങളുടെ പഠന, വിവര ശേഖരണ സന്ദർഭങ്ങളിൽ നിരന്തരമായി, ആത്മാർഥമായി സഹായിച്ച "ഗൈഡാ'യിരുന്നു എം.ഗംഗാധരൻ. മലബാർ കലാപത്തെക്കുറിച്ചുള്ള ഗവേഷണത്തിനുശേഷം ലണ്ടനിലെ ഇംപീരിയൽ വാർ മ്യൂസിയത്തിലെ മ്യൂസിയം അസിസ്റ്റന്റായ കോൺറാഡ് വുഡും ദി ഒഹിയോ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ ചരിത്ര വിഭാഗം എമിരിറ്റസ് പ്രൊഫസറായ സ്റ്റീഫൻ ഡെയ്​ലും തങ്ങളുടെ പഠന കാലയളവിൽ സുഹൃത്തും വഴികാട്ടിയുമായ എം. ഗംഗാധരനെ ഓർക്കുകയാണിവിടെ.

മലബാർ കലാപവുമായി ബന്ധപ്പെട്ട എന്റെ ഗവേഷണത്തിന്റെ ഭാഗമായി കോൺറാഡ് വുഡിന്റെ പുസ്തകം വായിച്ച ശേഷം രണ്ടു വർഷം മുൻപാണ് വുഡിനെ പരിചയപ്പെടുന്നത്. മലബാർ കലാപത്തിൽ പഠനം നടത്തുന്ന വിദ്യാർത്ഥി എന്ന നിലയിൽ അദ്ദേഹം അഭിവാദ്യം ചെയ്യുകയും ഓർമകൾ പങ്കുവെക്കുകയും ചെയ്തു. വുഡിന്റെ മലബാർ ഓർമകളിലുടനീളം ഗംഗാധരൻ മാഷ് ഒരു സഹയാത്രികനായി, വിവർത്തകനായി, നിഴലായി കൂടെയുണ്ടായിരുന്നു.

കോൺറാഡ് വുഡ്
കോൺറാഡ് വുഡ്

കോൺറാഡ് വുഡ് പറയുന്നു: ""1974 ൽ ഞാൻ കോൾ ബ്രൂക്കിനെ ഇന്റർവ്യൂ ചെയ്യുമ്പോൾ അദ്ദേഹത്തിനുവേണ്ടി എന്നോട് ഒരു ഉപകാരം ചെയ്യാമോ എന്ന് ചോദിച്ചു. ഞാൻ ചെയ്യാമെന്നേറ്റു. ഞാൻ എന്റെ സ്വന്തം ചെലവിൽ അവിടെയുള്ള ഒരു സ്ത്രീക്ക് പെൻഷൻ നൽകിവരുന്നുണ്ട്. ഞാൻ അവിടെ സേവനത്തിലിരിക്കുമ്പോൾ എന്റെ വിശ്വസ്തനായ ഒരു സഹപ്രവർത്തകന്റെ വിധവയാണ് അവർ. പക്ഷെ അവർ നിരക്ഷരയാണ്​, അവർക്ക് കത്തെഴുതാൻ സാധിക്കുകയുമില്ല. പണം എന്റെ അക്കൗണ്ടിൽ നിന്ന് കൃത്യമായി പോകുന്നുണ്ട്, അത് അവിടെ എത്തുന്നുണ്ടോ എന്ന് എനിക്കറിയില്ല. ഇതാണവരുടെ വിലാസം. താങ്കൾ ദയവു ചെയ്ത് അവരെ സന്ദർശിച്ച് ഞാൻ അയക്കുന്നത് അവർക്ക് ലഭിക്കുന്നുണ്ടോ എന്ന് പരിശോധിക്കാമോ?'' ""അതെ'', ഞാനത് ഏറ്റെടുത്തു. മലയാളി ചരിത്രകാരനായ ഗംഗാധര മേനോന്റെ സഹായത്താൽ, ഞങ്ങളുടെ വിവര ശേഖരണ യാത്രക്കിടയിൽ, ഒരു കുഗ്രാമത്തിൽ അവരെ കണ്ടെത്തി. 1974 ഡിസംബർ 23ന്​ മുണ്ടുപറമ്പിലെ എൻ. ചേക്കു എന്ന മാപ്പിളയെ ഞാൻ ഇന്റർവ്യൂ ചെയ്തിരുന്നു. 1921ൽ അയാൾ 22 വയസ്സുള്ള ഒരു തൊഴിലാളിയായിരുന്നു. ആ സന്ദർഭത്തിലായിരുന്നു എന്നെയും ഭാര്യയെയും ഗംഗാധര മേനോൻ ആ പരിസരത്തെവിടെയോ ജീവിച്ചിരുന്ന മേല്പറഞ്ഞ സ്ത്രീയുടെ അടുത്തേക്ക് കൊണ്ട് പോയത്. ആരും വീട്ടിലുണ്ടായിരുന്നില്ല. ഞങ്ങൾ മൂന്നുപേരും കാത്തിരുന്നു. അവസാനം മരങ്ങൾക്കിടയിലൂടെ രണ്ടു സ്ത്രീകൾ കടന്നുവന്നു. അവർ ഉച്ചക്ക് ശേഷമുള്ള കുളിയിലായിരുന്നു. അവരിലൊരാൾ ഞാൻ അന്വേഷിച്ച സ്ത്രീയായിരുന്നു. വിവർത്തകനായ ഗംഗാധര മേനോനിലൂടെ ഞാൻ കാര്യം ചോദിച്ചു. ""അതെ'', അവർ മറുപടി നൽകി. അവർക്ക് കൃത്യമായി പണം ലഭിക്കുന്നുണ്ട്. പക്ഷെ അത് ആവശ്യത്തിന് മതിയാംവണ്ണം ഇല്ലായിരുന്നു! ഞാനൊരു ചമ്മലോടെ അത് കോൾ ബ്രൂക്കിനെ അറിയിച്ചു. ഗംഗാധരമേനോന് മതിപ്പു തോന്നി. ""ഒരിന്ത്യക്കാരനുമിത് ചെയ്യില്ല'' അദ്ദേഹം പറഞ്ഞു. ""എനിക്കറിയില്ല'', വുഡ് ഓർക്കുന്നു

ഗംഗാധരൻ മാഷെക്കുറിച്ചും ചരിത്രത്തിലെവിടെയും രേഖപ്പെടുത്തി കാണാത്ത ഒരു ബ്രിട്ടീഷ്- മലബാർ പെൻഷന്റെ കഥയും കേട്ട് ഞാനും ചിന്തയിലാണ്ടു. മലബാറിൽ പ്ലാന്ററും പിൽക്കാലത്ത് അസിസ്റ്റൻറ്​ പോലീസ് സൂപ്രണ്ടും തുടർന്ന് എം.എസ്.പി കമാണ്ടന്റുമായ ഒരു "ജൂനിയർ ഹിച്ച്‌കോക്കായ' കോൾ ബ്രൂക്കിനെ കലാപ സംബന്ധിയായ രേഖകളിലും സർക്കുലറുകളിലും കണ്ടിട്ടുണ്ട്. കലാപം കഴിഞ്ഞ് അമ്പതാണ്ടും ഇന്ത്യ സ്വതന്ത്രയായി രണ്ടു പതിറ്റാണ്ടും കഴിഞ്ഞിട്ടും കിട്ടാത്ത സ്വാതന്ത്ര്യ സമര പെൻഷനും പിന്നീടതു യാഥാർഥ്യമായപ്പോൾ ലഭിച്ച ആശ്വാസത്തെയും താമ്രപത്രത്തെയും കുറിച്ച് കേട്ടിട്ടുണ്ട്. പക്ഷെ കോൾബ്രൂക്ക് നൽകിയ പെൻഷനും അതിനു ഗംഗാധരൻ മാഷ് സാക്ഷിയാകുന്നതും വുഡിന്റെ ഓർമയിലൂടെ അറിഞ്ഞതുമെല്ലാം നിമിത്തം!

മലബാർ കലാപം നൂറാം വാർഷികത്തോടനുബന്ധിച്ച് നടന്ന ചൂടേറിയ ചർച്ചകളിൽ കലാപത്തെക്കുറിച്ച് പഠനം നടത്തിയ മുതിർന്ന ചരിത്ര പണ്ഡിതന്മാരുടെ (വാർധക്യ സഹജമായ കാരണങ്ങൾ കൊണ്ട്) അഭാവം ശ്രദ്ധിക്കപ്പെട്ടതാണല്ലോ. അതുകൂടി മനസ്സിൽ വെച്ച് ഗംഗാധരൻ മാഷിന്റെ ആരോഗ്യത്തെക്കുറിച്ച് ഞാൻ പറഞ്ഞപ്പോൾ വുഡ് ഇങ്ങനെ തിരിച്ചെഴുതി: ""ഗംഗാധരന് സുഖമില്ല എന്ന് കേൾക്കുന്നതിൽ ഞാൻ ദുഃഖിക്കുന്നു. താങ്കൾക്ക് അവസരം ലഭിക്കുകയാണെങ്കിൽ, എന്റെയും ഭാര്യ ജൂണിന്റെയും സ്‌നേഹാദരങ്ങൾ ഗംഗാധരനെയും കുടുംബത്തെയും അറിയിക്കുകയാണെങ്കിൽ ഞാൻ താങ്കളോട് ഏറ്റവും കൃതജ്ഞതയുള്ളവനായിരിക്കും. പതിറ്റാണ്ടുകൾക്കു മുൻപ് അദ്ദേഹവും കുടുംബവും ഞങ്ങൾക്ക് നൽകിയ ദയയും സൗഹൃദവും ഞങ്ങൾ ഓർക്കുന്നു. ഞങ്ങൾ ജീവിച്ചിരിക്കുന്നുണ്ടെന്നും സ്വസ്ഥമാണെന്നും ഞങ്ങൾക്ക് 40ഉം 38ഉം വയസ്സുള്ള രണ്ട് പെൺമക്കളും അഞ്ചും രണ്ടും വയസ്സുള്ള പൗത്രിമാരും പുറമെ പത്ത് മാസം പ്രായമായ സേവിയർ കോൺറാഡ് എന്ന് പേരുള്ള പൗത്രനുമുണ്ടെന്നും അവരെ അറിയിക്കണം. ഞാൻ ഗംഗാധരനെ വ്യക്തമായി ഓർക്കുന്നു. എല്ലാ തിരിച്ചറിവോടെയും എന്റെ രാഷ്ട്രീയ നിലപാടും മാറിയിട്ടുണ്ടെന്നും അറിയിക്കുക. അദ്ദേഹത്തിന് ആയുരാരോഗ്യം നേരുന്നു. എത്ര നല്ല കുടുംബം.''

മലബാറിലെ മാപ്പിളമാരെക്കുറിച്ചുള്ള സ്​റ്റീഫൻ ഡെയിലിന്റെ പുസ്​തകം
മലബാറിലെ മാപ്പിളമാരെക്കുറിച്ചുള്ള സ്​റ്റീഫൻ ഡെയിലിന്റെ പുസ്​തകം

നേർച്ചയെക്കുറിച്ചുള്ള ആഖ്യാനത്തിൽ ഗംഗാധരൻ മാഷും ഡെയ്​ലും ഒരുമിച്ച് നടന്ന് പരസ്പരം നിഴലുകളായി കാഴ്ചകൾ കാണുന്നതായും അവർക്കിടയിലെ ബൗദ്ധിക ചർച്ചയും നമുക്ക് വരികൾക്കിടിയിൽ തെളിഞ്ഞു കാണാം.

കോവിഡിന്റെ അടച്ചു പൂട്ടലിനിടയിലും ആ പഴയ മലബാർ സഹയാത്രികരെ വെർച്വലായി അടുപ്പിക്കാനായി ശ്രമം നടത്തിയെങ്കിലും ഫലമുണ്ടായില്ല. കോവിഡ് പിടിച്ചു കെട്ടൽ അയഞ്ഞപ്പോഴൊക്കെ വിളിച്ചന്വേഷിച്ചു. സംഭവിച്ചതിൽ പാതി മാഷിന്റെ പാതിയോട് ഫോണിലൂടെ പറഞ്ഞു. കോൺറാഡ് വുഡിന്റെ തെളിച്ചമുള്ള ഓർമകൾ കൂടുതൽ തെളിമയോടെ എന്നെ ഓർമപ്പിച്ചുകൊണ്ടിരിക്കുമ്പോൾ, മാഷിന്റെ ഓർമ്മയുടെ വേരുകൾ കലാപം സൃഷ്ടിച്ചു തുടങ്ങിയിരുന്നു!

എം. ഗംഗാധരൻ. 1977-ൽ നേർച്ചകൾ കാണാൻ വേണ്ടിയുള്ള യാത്രക്കിടയിൽ എടുത്ത  ഫോട്ടോ. ഡെയ്‌ലിന്റെ ശേഖരത്തിൽ നിന്ന്.
എം. ഗംഗാധരൻ. 1977-ൽ നേർച്ചകൾ കാണാൻ വേണ്ടിയുള്ള യാത്രക്കിടയിൽ എടുത്ത ഫോട്ടോ. ഡെയ്‌ലിന്റെ ശേഖരത്തിൽ നിന്ന്.

ഗംഗാധരൻ മാഷിന്റെ മരണ വാർത്തയറിഞ്ഞയുടനെ എനിക്കറിയിക്കാനുണ്ടായിരുന്നത് കോൺറാഡ് വുഡിനെയായിരുന്നു; ‘‘ഹലോ സാർ, ഒരു ദുഃഖ വാർത്ത. ചരിത്രകാരൻ എം. ഗംഗാധരൻ ഇനി ഇല്ല''- ഞാൻ കുറിച്ചു.
""ദൈവം അദ്ദേഹത്തിന്റെ ആത്മാവിന് ശാന്തി നൽകട്ടെ. അദ്ദേഹത്തിന്റെ കുടുംബത്തിന് ക്ലേശകരമായ സമയമാണെന്ന് ഞാൻ മനസിലാക്കുന്നു. കാലങ്ങൾക്കു മുൻപ് ഞങ്ങൾക്ക് മലബാറിലുണ്ടായിരുന്ന നല്ല സമയത്തെക്കുറിച്ച് ഞാനോർക്കുന്നു.'' വുഡ് തിരിച്ചു കുറിച്ചു.

അന്നുരാത്രി ഉറങ്ങുന്നതു വരെ, നിത്യയുറക്കത്തിലേക്ക് പോയ ഗംഗാധരൻ മാഷെക്കുറിച്ചു ഞങ്ങൾ സംസാരിച്ചുകൊണ്ടിരുന്നു. പതിറ്റാണ്ടുകൾക്ക് മുൻപ് സഹൃദയരായി ജീവിച്ചു തീർത്ത ആ ബന്ധത്തെ അദ്ദേഹം ഇങ്ങനെ ഓർത്തെടുത്തു:""ഗംഗാധരനെ ഏറെ സ്‌നേഹത്തോടെയും, മതിപ്പോടെയും, കൃതജ്ഞതയോടെയും ഞാൻ ഓർക്കുന്നു. 1974 ൽ ഞാനും എന്റെ ഭാര്യയും കേരളത്തിന്റെ മണ്ണിൽ അപരിചിതരായിരുന്നു. ഗംഗാധരന്റെ ആത്മാർത്ഥവും നാട്യങ്ങളില്ലാത്തതുമായ സൗഹൃദത്തോടെ ഞങ്ങൾ സ്വീകരിക്കപ്പെടുകയായിരുന്നു. സത്യാന്വേഷികളായ രണ്ടു സഹോദരന്മാരുടെ കൂടിക്കാഴ്ചയായിരുന്നു അത്. 1921-22 ലെ സംഭവങ്ങളുടെ ദൃക്​സാക്ഷികളെയും അതിജീവിച്ചവരെയും കാണാനുള്ള എന്റെ ശ്രമത്തിൽ ഗംഗാധരൻ വിശ്വസ്തനായ ഒരു മാർഗദർശിയായിരുന്നു. 1921 ൽ പരപ്പനങ്ങാടി മുൻസിഫ് കോടതിയിലുണ്ടായിരുന്ന അദ്ദേഹത്തിന്റെ അടുത്ത ബന്ധുക്കളെ സന്ദർശിക്കാനായി ഞങ്ങളെ കൊണ്ടുപോയത് ഞാൻ പ്രത്യേകം ഓർക്കുന്നു. എനിക്ക് മലയാളം വേണ്ടത്ര വശമില്ലാത്തതിനാൽ ഗംഗാധരന്റെ സഹായത്തോടെ എനിക്കവരെ ഇന്റർവ്യൂ ചെയ്യാൻ സാധിച്ചു. പ്രസിഡൻസി രേഖകൾ പരിശോധിക്കുന്നതിനായി ഞാനും ഭാര്യയും റെയിൽ മാർഗം മദ്രാസിലേക്ക് പുറപ്പെടുന്നതിനു മുൻപ്, കൃത്യമായി പറഞ്ഞാൽ 1975 ജനുവരി ഒന്നിനാണ് അത് നടന്നത് എന്ന് ഞാൻ വിശ്വസിക്കുന്നു. ഗംഗാധരന്റെ കുടുംബത്തെ സന്ദർശിച്ചതും പരിചയപ്പെട്ടതും ഒരു അനുഗ്രഹമായി ഞങ്ങൾ കാണുന്നു; ഞാനും എന്റെ ഭാര്യയും എക്കാലവും നിധി പോലെ സൂക്ഷിക്കുന്ന ഓർമയാണത്. ഗംഗാധരൻ ഇനി ഇല്ല. പക്ഷെ എന്റെ മനസ്സിലേക്കിപ്പോൾ വരുന്നത് ഇംഗ്ലീഷ് കവിയായ വില്യം കോറി തന്റെ ഹെരാക്ലേയ്റ്റസ് എന്ന കവിതയിൽ പറയുന്ന കവികളുടെയും പണ്ഡിതരുടെയും വാക്കുകൾ അവരുടെ മരണാനന്തരം എങ്ങനെ അനശ്വരമാകുന്നു എന്ന കാര്യമാണ്.

""They told me, Heraclitus, they told me you were dead. They brought me bitter news to hear and bitter tears to shed. I wept as I remembered how often you and I Had tired the sun with talking and sent him down the sky.

And now that thou art lying , my dear old Carian guest, A handful of grey ashes, long, long ago at rest, Still are thy pleasant voices, thy nightingales, awake; For Death, he taketh all away, but them he cannot take.''

‘പരപ്പനങ്ങാടിക്കാരായ’ ഡെയ്​ലും ഭാര്യയും

ഗംഗാധരൻ മാഷിന്റെ മാപ്പിള പഠനങ്ങൾ എന്ന പുസ്തകത്തിലെ ""നേർച്ചയുടെ കേരളീയ മാനങ്ങൾ'' എന്ന അധ്യായത്തിൽ ഒരു ഫൂട്ട്‌നോട്ട് ആയാണ് അമേരിക്കൻ ചരിത്രകാരനായ സ്റ്റീഫൻ ഫ്രഡറിക് ഡെയിലിനെ ആദ്യമായി കാണുന്നത്. നേർച്ചയുടെ സാംസ്‌കാരിക മാനങ്ങളെക്കുറിച്ചുള്ള ആ പഠനം പ്രൊഫ. ഡെയ്​ലും ഗംഗാധരൻ മാഷും തമ്മിലുള്ള ചേർച്ചയുടെ നേർസാക്ഷ്യമാണ്. നേർച്ചയെക്കുറിച്ചുള്ള ആഖ്യാനത്തിൽ മാഷും ഡെയ്​ലും ഒരുമിച്ച് നടന്ന് പരസ്പരം നിഴലുകളായി കാഴ്ചകൾ കാണുന്നതായും അവർക്കിടയിലെ ബൗദ്ധിക ചർച്ചയും നമുക്ക് വരികൾക്കിടിയിൽ തെളിഞ്ഞു കാണാം. 1980 ൽ ഡെയ്​ലിന്റെ പഠനം ഓക്‌സ്‌ഫോർഡ് യൂണിവേഴ്സിറ്റി പ്രസിലൂടെ പുസ്തകമായപ്പോൾ ""സമകാലിക മലയാളി സമൂഹത്തെക്കുറിച്ച് എനിക്ക് അറിവ് ലഭിക്കുന്നത് സാഹിത്യ നിരൂപകനും ചരിത്രകാരനുമായ എം. ഗംഗാധരനുമായുള്ള സംഭാഷണത്തിലൂടെയാണെന്ന്'' അദ്ദേഹം നന്ദിയോടെ സ്മരിച്ചു.

കോൺറാഡ് വുഡ്. മലപ്പുറം മേൽമുറിയിൽ നിന്ന് എടുത്ത ചിത്രം.
കോൺറാഡ് വുഡ്. മലപ്പുറം മേൽമുറിയിൽ നിന്ന് എടുത്ത ചിത്രം.

വിയോഗ വാർത്ത അറിഞ്ഞ ഉടനെ ഗംഗാധരൻ പ്രിയപ്പെട്ട സുഹൃത്തും ബഹുമാന്യ സഹപ്രവർത്തകനും ആയിരുന്നുവെന്ന് ഡെയ്ൽ എനിക്കെഴുതി. മാഷെക്കുറിച്ചുള്ള ഓർമകൾ പങ്കുവയ്ക്കാൻ ആവശ്യപ്പെട്ടപ്പോൾ അദ്ദേഹം ഇങ്ങനെ കുറിച്ചു: ""1977 ൽ കോഴിക്കോട് അളകാപുരി ഹോട്ടലിൽ ഗംഗാധരൻ എന്നെ സന്ദർശിച്ചത് മുതലാണ് ഞങ്ങൾ തമ്മിലുള്ള സൗഹൃദം തുടങ്ങുന്നത്. മാപ്പിള ചരിത്രത്തെക്കുറിച്ച് ഗവേഷണം ചെയ്യാനെത്തിയതായിരുന്നു ഞാൻ, ആ കൂടിക്കാഴ്ച ഞങ്ങൾ നേരത്തെ തീരുമാനിച്ചതായിരുന്നു. ഞാൻ അപ്പോൾ റഷ്യൻ എഴുത്തുകാരനായ ടോൾസ്റ്റോയിയുടെ ജീവചരിത്രം വായിച്ചു കൊണ്ടിരിക്കുന്നത് ഗംഗാധരൻ കണ്ടു, അവിടുന്ന് തുടങ്ങിയതാണ് ഞങ്ങളുടെ നീണ്ട, അതിശയകരമായ സൗഹൃദം. വ്യത്യസ്ത ബൗദ്ധിക താല്പര്യങ്ങളുണ്ടായിരുന്ന ഗംഗാധരൻ ഒരു റഷ്യൻ സാഹിത്യ വിദ്യാർത്ഥിയായിരുന്നു. ഗംഗാധരൻ ഒരു ചരിത്രകാരൻ മാത്രമല്ലെന്നും അദ്ദേഹം മലയാള സാഹിത്യത്തെക്കുറിച്ച് പ്രധാനപ്പെട്ട രചനകൾ നിർവഹിച്ചിട്ടുണ്ടെന്നും താങ്കൾക്കും മറ്റു മലയാളികൾക്കും അറിയുമായിരിക്കും. ഞങ്ങളുടെ ആദ്യ കൂടിക്കാഴ്ചക്കുശേഷം ഗംഗാധരൻ എന്നെ അദ്ദേഹത്തിന്റെ വീട്ടിലേക്ക് ക്ഷണിച്ചു. പിന്നീട് ഞാൻ അവിടെ ഗംഗാധരനൊപ്പം സാഹിത്യവും ചരിത്രവും സംസാരിച്ച് മണിക്കൂറുകളും ദിവസങ്ങളും ആഴ്ചകളും ചെലവഴിച്ചു. അദ്ദേഹവും മലബാർ കലാപത്തെക്കുറിച്ചുള്ള ഗവേഷണത്തിലായതിനാൽ ഞങ്ങൾ ഒരുമിച്ച് പ്രവർത്തിക്കാൻ ധാരണയായി. രണ്ട് പേരുടെയും താല്പര്യങ്ങളെല്ലാം സമാനമായതിനാൽ ഞങ്ങൾ മലബാറിലുടനീളം യാത്ര ചെയ്തു. പല പണ്ഡിതന്മാരെയും കണ്ടു, നേർച്ചകളെക്കുറിച്ച് പഠനം നടത്തി. പഴയ മദ്രാസിലെ (ഇപ്പോൾ ചെന്നൈ) റെക്കോർഡ് ഓഫീസിലും ഞങ്ങൾ ഒരുമിച്ച് ഗവേഷണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു. അവിടേക്ക് കാരശ്ശേരിയും ഞങ്ങളെ അനുഗമിച്ചിരുന്നു. കാരശ്ശേരി അന്ന് കാലിക്കറ്റ് സർവകലാശാലയിൽ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിയായിരുന്നു. മലയാളമെഴുത്തും ഗ്രാമീണ സംസ്‌കൃതിയും ഞങ്ങളെ പഠിപ്പിച്ച മലയാള വകുപ്പിലെ, നല്ല വ്യക്തിത്വത്തിനുടമയായ രാഘവ വാര്യരെപ്പോലെ അന്ന് കാലിക്കറ്റ് സർവകലാശാലയിൽ ഉണ്ടായിരുന്ന പല പണ്ഡിതരിൽ ഒരാളായിരുന്നു കാരശ്ശേരി. പ്രഗത്ഭനായ എം.ജി.എസ്. നാരായണനായിരുന്നു അന്ന് കാലിക്കറ്റ് സർവകലാശാല ചരിത്ര വകുപ്പിന്റെ അധ്യക്ഷൻ. മികച്ച പല പണ്ഡിതരെയും അദ്ദേഹം അന്ന് യൂണിവേഴ്‌സിറ്റിയിലേക്ക് ആകർഷിക്കുകയും ക്ഷണിക്കുകയും ചെയ്തിരുന്നു. വളരെ ആവേശകരമായ കാലഘട്ടമായിരുന്നു അന്ന് കോഴിക്കോട് ഉണ്ടായിരുന്നത്.''

സ്റ്റീഫൻ ഡെയ്ൽ, എം.എൻ. കാരശ്ശേരി, എം. ഗംഗാധരൻ
സ്റ്റീഫൻ ഡെയ്ൽ, എം.എൻ. കാരശ്ശേരി, എം. ഗംഗാധരൻ

അഞ്ചു പതിറ്റാണ്ടുകൾ മുൻപുള്ള കാര്യങ്ങൾ എത്ര തെളിച്ചതോടെയാണ് ഡെയ്ൽ ഓർത്തെടുക്കുന്നത്. അദ്ദേഹത്തിന്റെ എഴുത്ത് എന്നെ അദ്ദേഹത്തിന്റെ ഗവേഷണ പ്രബന്ധത്തിലെ അതിസൂക്ഷ്മതയെ ഓർമിപ്പിച്ചു. ഓരോ സംഭവത്തെക്കുറിച്ച് പറയുമ്പോഴും അതിന്റെ വിശദാംശങ്ങളെ കുറഞ്ഞ വാക്കുകൾ കൊണ്ട് സ്പർശിക്കാൻ അദ്ദേഹത്തിന് കഴിയുന്നു.

അദ്ദേഹം തുടർന്നു: ""ഞാനും ഗംഗാധരനും ഉണ്ടായിരുന്ന അര നൂറ്റാണ്ടു കാലത്തെ സൗഹൃദത്തെക്കുറിച്ചും അദ്ദേഹത്തിന്റെ സുഹൃത്തുക്കളെയും സഹപ്രവർത്തരെക്കുറിച്ചും എഴുതിയാൽ തീരില്ല. ഇന്ത്യയുടെ മറ്റു ഭാഗങ്ങളിലോ വിദേശത്തോ വേണ്ടത്ര അംഗീകാരം ലഭിച്ചില്ലെങ്കിലും കേരളത്തിന് മഹത്തായ ഒരു ബൗദ്ധിക സംസ്‌കാരം ഉണ്ടെന്ന് ഞാൻ മനസിലാക്കുന്നു. ഗവേഷണ കാലം കഴിഞ്ഞു മടങ്ങിയതിനുശേഷം ഞാനും ഭാര്യയും ഗംഗാധരനെ പല തവണ സന്ദർശിച്ചിട്ടുണ്ട്. എന്റെ ഭാര്യക്കിപ്പോൾ ഇന്ത്യയിലെ മറ്റേത് നഗരത്തെക്കാളും സുപരിചിതമാണ് പരപ്പനങ്ങാടി! 1993 ൽ ഒഹിയോവിലെ എന്റെ യൂണിവേഴ്‌സിറ്റിയിലേക്ക് ഗംഗാധരനെ കൊണ്ട് വരാനും എനിക്ക് സാധിച്ചു. അന്ന് അദ്ദേഹം എന്റെ വിദ്യാർത്ഥികൾക്ക് വേണ്ടി പ്രഭാഷണം നടത്തി. പിന്നീടുള്ള കാലവും ഗംഗാധരനുമായി ഞാൻ നിരന്തരം ആശയ വിനിമയം തുടർന്നു. ചിലപ്പോൾ ചെക്കോവിന്റേതടക്കമുള്ള പുസ്തകങ്ങൾ അയച്ചു. 2007 ന് ശേഷം ഞാനും ഭാര്യയും ഗംഗാധരനെയും കുടുംബത്തെയും മൂന്നു തവണ സന്ദർശിച്ചു. ഏറ്റവും ഒടുവിൽ 2020 ലും ഞങ്ങളവിടെ പോയി. അപ്പോഴേയ്ക്കും അദ്ദേഹത്തിന്റെ ആരോഗ്യം മോശമായിരുന്നു. ആ വരവിൽ ഞങ്ങൾ എം.ജി.എസ് നാരായണനെയും സന്ദർശിച്ചു''.

സ്​റ്റീഫൻ ഡെയ്​ലും ഭാര്യയും എം. ഗംഗാധരന്റെ വീട്ടിൽ
സ്​റ്റീഫൻ ഡെയ്​ലും ഭാര്യയും എം. ഗംഗാധരന്റെ വീട്ടിൽ

‘‘ഗംഗാധരൻ കേരളത്തിലെ ഒരു പ്രധാന ബുദ്ധിജീവിയായിരുന്നു, വളരെ വിശാലമായ സാംസ്‌കാരിക/ ബൗദ്ധിക താല്പര്യങ്ങൾ ഉള്ള വ്യക്തിയായിരുന്നു. അദ്ദേഹത്തിന്റെ സഹായം തേടിയ നിരവധി വിദേശ പണ്ഡിതരോട് വളരെ ദയയും സഹായവും കാണിച്ചിരുന്ന വ്യക്തിയാണ് ഗംഗാധരൻ എന്ന് മനസ്സിലാക്കേണ്ടത് പ്രധാനമാണെന്ന് ഞാൻ കരുതുന്നു. അടിസ്ഥാന പരമായി മനുഷ്യത്വത്തിന് പ്രഥമ പ്രാധാന്യം കല്പിച്ചിരുന്ന വ്യക്തിയായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ വളർച്ചയെ അഭിനന്ദിക്കേണ്ടതാണ്, അത് അസാധാരണവുമായിരുന്നു. അദ്ദേഹത്തിന്റെ സൗഹൃദത്തോടുള്ള എന്റെ അഭിനന്ദനമോ വിയോഗത്തിലുള്ള സങ്കടമോ പ്രകടിപ്പിക്കാൻ എനിക്ക് വാക്കുകളില്ല.'' ഡെയ്ൽ പൊടുന്നനെ വിരാമമിട്ടു.

ഓർമയുടെ കൂമ്പാരത്തിൽ കുടുങ്ങിക്കിടന്ന ഒരിറ്റു കണ്ണുനീർ തുള്ളി അടർന്നു വീണ പോലെയായിരുന്നു ഡെയ്​ലിന്റെ ഓർമക്കുറിപ്പ്. എഴുതിയപ്പോൾ ഡെയിലിനുണ്ടായ മരവിപ്പ് എനിക്കും അനുഭവപ്പെട്ടു. ജീവിച്ചിരിക്കുമ്പോൾ ഒരിക്കൽ പോലും പറയാൻ കഴിയാതെ പോയ വാക്കുകൾ മൗനമായി കാർമേഘം പോലെ എന്റെ ഉള്ളിൽ തടിച്ചു കൂടി. 2022 ഫെബ്രുവരി 9ന്​ രാവിലെ 11ന് മാഷിന്റെ ഭൗതിക ശരീരം ചൂടേറ്റു തുടങ്ങിയപ്പോൾ, 1921 ആഗസ്ത് 20ന്​ അന്നത്തെ കലക്റ്റർ തോമസും കൂട്ടരും പേടിച്ചു മടങ്ങിയ പരപ്പനങ്ങാടി റെയിൽ പാളം മുറിച്ചു കടന്ന് മുൻസിഫ് കോടതി വഴി ഹജൂർ കച്ചേരിയും പനമ്പുഴയും ആലി മുസ്ലിയാരുടെ തിരൂരങ്ങാടി പള്ളിയും പിന്നിട്ട് മാഷ് ഒരു നിഴലായി, ഗൈഡായി കൂടെയുണ്ടെന്ന ധൈര്യത്തിൽ ഞാൻ എന്റെ ഗവേഷണ വഴിയിലേക്ക് നടന്നു നീങ്ങി. ▮


​വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​


അബ്​ദുൽ ബാരി സി.

വേങ്ങര മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ അസിസ്റ്റൻറ്​പ്രൊഫസർ. കാലിക്കറ്റ് സർവകലാശാല ഇംഗ്ലീഷ് വിഭാഗത്തിൽ ഗവേഷണം നടത്തുന്നു.

Comments