ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ പതിനെട്ടുകവിതകളുടെ അവതാരികയിലാണ് എം. ഗംഗാധരനെ ആദ്യം കാണുന്നത്. കോഴിക്കോട്ടെ പഴയ എം. എ. എം. പ്രസിന്റെ മുറ്റത്ത് പത്രക്കടലാസ്സിൽ കുത്തിയിരുന്ന് ജയകേരളം മാസികയുടെ പ്രൂഫും വായിച്ചിരിക്കുന്ന ഗംഗാധരൻ മാഷെ പിന്നെ കുറേക്കാലം കഴിഞ്ഞ് നേരിൽ കണ്ടു. കവിതയെ, ചരിത്രത്തെ, വർത്തമാനത്തെ, മനുഷ്യരെ ചിരിച്ചെതിരേറ്റ ഒരു മനുഷ്യനെ പിന്നെയും കണ്ടു.
ഗവേഷണ വിദ്യാർത്ഥിയായിരിക്കെ കാരശ്ശേരി മാഷ് പറഞ്ഞിട്ട് പരപ്പനങ്ങാടിയിൽ ‘കൈലാസ’ത്തിൽച്ചെന്ന് കണ്ടു. എം. ഗോവിന്ദനെക്കുറിച്ച് സംസാരിക്കാനാണ്. ചില പുസ്തകങ്ങൾ സംഘടിപ്പിക്കാനും പരിപാടിയുണ്ടായിരുന്നു. വർത്തമാനമൊക്കെ പറഞ്ഞു. പുസ്തകങ്ങൾ തന്നു. കൊണ്ടുപോകാൻ പറ്റില്ലെന്നും പറഞ്ഞു. അവിടെയിരുന്നു വായിക്കാം. ചായവും ഭക്ഷണവുമൊക്കെ ഫ്രീ. അങ്ങനെ അതൊരു ലൈബ്രറിയായി. രണ്ടുമൂന്നു ദിവസം ചെന്നു. വായിച്ചുപോന്നു. 1993 അടുത്തായിരുന്നു. കാലം പോയി.
2010 ൽ കോഴിക്കോട്ടെ അളകാപുരിയിൽ നടന്ന ഒരു ഗോവിന്ദനനുസ്മരണ പരിപാടിയിൽവെച്ചാണ് പിന്നെ അടുത്തു കാണുന്നത്. മാഷ് ആ പഴയ പയ്യനെ മറന്നിരുന്നു. അന്നു രണ്ടു വർത്തമാനം പറഞ്ഞതിൽ പ്രീതനായി എന്റെ ഗോവിന്ദൻ പഠനത്തെക്കുറിച്ച് അന്വേഷിച്ചു. മാഷത് ചോദിച്ചു വരുത്തിവാങ്ങി വായിക്കുകയും ദീർഘമായി ഫോണിലും നേരിട്ടുമായി സംസാരിക്കുകയും ചെയ്തു. അപ്പോൾ അദ്ദേഹം കാണിച്ച താല്പര്യവും ഉത്സാഹവും ഉദാരതയും അക്ഷരാർത്ഥത്തിൽ എന്നെ വിസ്മയിപ്പിച്ചു. ഗോവിന്ദനെന്ന മനുഷ്യനെ എത്രമേൽ അഗാധമായി അദ്ദേഹം ആദരിച്ചിരുന്നുവെന്ന്, സ്‌നേഹിക്കുന്നുവെന്ന് ഞാൻ മനസ്സിലാക്കി.
ഗവേഷണ പ്രബന്ധത്തിന്റെ ചട്ടക്കൂട് കഴിവതും ഒഴിവാക്കി പുസ്തകമാക്കി പ്രസിദ്ധീകരിക്കണമെന്നും സമ്മതമാണെങ്കിൽ ഒരു അവതാരിക എഴുതാമെന്നും മാഷ് പറഞ്ഞു. ഏറിയ ആനന്ദത്തോടെ ഞാനതിന് തലകുനിച്ചു. അദ്ദേഹം വാക്കുപാലിച്ചു. ദീർഘമായി ഒരു അവതാരികയെഴുതി. മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രാധാന്യത്തോടെ അത് പ്രസിദ്ധീകരിച്ചുവരികയും ചെയ്തു. എന്നാൽ, പുസ്തകത്തിന്റെ പ്രസിദ്ധീകരണം നടന്നില്ല. കൂടെപ്പിറപ്പായ മടിയും ഉഴപ്പും അതിനു പറയാറുള്ള കൃത്യാന്തരബാഹുല്യവുമൊക്കെ കാരണമായി.
വർഷങ്ങൾ പലതു കടന്നുപോയി. രണ്ടു വർഷം മുമ്പ് ഒരു യാത്രയിൽ കൈലാസത്തിൽ ചെന്നുകയറി. കോഴിക്കോട് ആർട്‌സ് കോളേജിലെ കെ.പി. രവിയും മാഹി കോളേജിലെ മഹേഷ് മംഗലാട്ടും കൂടെയുണ്ടായിരുന്നു. നന്നെ ക്ഷീണിതനായിരുന്നു. എന്നെ കൊല്ലാൻ വന്നതാണോ എന്ന് മാഷ് തമാശയോ കാര്യമോ ചോദിച്ചു.
പറഞ്ഞുവന്നപ്പോൾ മാഷ് ഓർമകളിലേക്കു കയറിവന്നു. സി.ജെയും ഗോവിന്ദനും ഗാന്ധിയും നെഹ്രുവും കോൺഗ്രസും ലീഗും കമ്യൂണിസവും കേളപ്പനും തായാട്ടും എം.ജി.എസും. മടങ്ങിത്തിരിഞ്ഞു വന്നുകൊണ്ടിരുന്ന വർത്തമാനത്തിൽനിന്നു വിട്ടുപോരാൻ അനുവദിക്കാതെ, വാക്കുകൾ പാഞ്ഞുവന്നുകൊണ്ടിരുന്നു. മാഷുടെ അവതാരികയോടെയുള്ള ഗോവിന്ദൻപുസ്തകത്തിന്റെ കാര്യവും പൊങ്ങിവന്നു. അതെവിടെയെന്നായി ചോദ്യം. അടുത്ത വരവ് പുസ്തകവുമായിട്ടെന്നു കട്ടായം പറഞ്ഞു.
യമുനച്ചേച്ചി പറഞ്ഞു, ഇടയ്ക്ക് വരണം. സംസാരിക്കുന്നതോടെ മാഷിനു വരുന്ന ഉന്മേഷത്തെക്കുറിച്ചു പറഞ്ഞു. വരും. ഗോവിന്ദനെക്കുറിച്ചുള്ള പുസ്തകവുമായി വരും. ഉറപ്പിച്ചു.
വൈകാതെ പുസ്തകം വരും. അതിന്റെ പ്രൂഫ് കോപ്പി റെഡി. ചില മിസ്റ്റേക്കുകളുണ്ടെന്നൊരു ശങ്ക. പരിശോധിച്ചുതിരുത്തുന്നതിന് സുഹൃത്ത് കൃഷ്ണകുമാറിനെ ഏല്പിച്ചിരിക്കുകയാണ്. അടുത്തുതന്നെ നോക്കിത്തീരും. പുസ്തകം വരും. നമുക്കു നോക്കാം.
യുവസുഹൃത്തേ, വിട.