നൊച്ചാട് ഹയർസെക്കന്ററി സ്കൂൾ

ആ ഹാരിസ് ഇപ്പോൾ ഇവിടെയുണ്ട്

എവിടെ നിന്നോ നൊച്ചാട് ഹൈസ്‌കൂളില ആ പഴയ പത്താം ക്ലാസുകാരന്റെ മുഖം തെളിഞ്ഞുവന്നു. ആ വലിയ ശരീരത്തിലെ അവന്റെ മുഖത്ത് ഒരിത്തിരി ബാല്യം കൂടി മായാതെ കിടക്കുന്നു.

കായണ്ണയിലെ പെങ്ങളുടെ വീട്ടിലേക്കു പോവുകയായിരുന്നു.
അവളുടെ ചെറിയ കുട്ടികൾക്ക് കൊടുക്കാൻ മിഠായി വാങ്ങാമെന്നു കരുതിയാണ് വണ്ടി സൈഡാക്കിയത്. ബൈക്കിൽ നിന്നിറങ്ങിയതും നല്ല ഉയരവും തടിയുമൊക്കെയുള്ള ഒരാൾ വന്ന് എന്നെ മുറുകിയങ്ങ് പിടിച്ചു.
സ്‌നേഹത്തിന്റെ വല്ലാത്തൊരു മുറുക്കൽ.
‘ഓർമയുണ്ടോ മാഷേ?’
സത്യത്തിൽ ഒരു ചെറിയ മുറുകൽപോലും താങ്ങാൻ ശേഷിയുള്ളൊരാളല്ല ഞാൻ. എന്തായാലും ഞാനവന്റെ കൈകളിൽ നിന്ന് എന്നെ ഊരിയെടുത്തു.
പഠിപ്പിച്ച വിദ്യർത്ഥിയാണെന്ന് മനസ്സിലായി.
ഒന്നുകൂടി മുഖത്തേക്കു നോക്കിയപ്പോൾ എവിടെ നിന്നോ നൊച്ചാട് ഹൈസ്‌കൂളിലെ ആ പഴയ പത്താം ക്ലാസുകാരന്റെ മുഖം തെളിഞ്ഞുവന്നു.
ആ വലിയ ശരീരത്തിലെ അവന്റെ മുഖത്ത് ഒരിത്തിരി ബാല്യം കൂടി മായാതെ കിടക്കുന്നു. ഇരുപതു വർഷം മുമ്പുള്ള അവനെ ഓർത്തെടുക്കാനുള്ള അടയാളം പോലെ.

ഒരുപക്ഷേ മാതാപിതാക്കൾക്കും അധ്യാപകർക്കും മാത്രം സൂക്ഷിക്കാനാവുന്ന ഒന്നായിരിക്കാമത്. സ്‌കൂൾ കാലത്തിനുശേഷം കുറെ വർഷങ്ങൾ കഴിഞ്ഞ് കാണാൻ വരുന്ന മുതിർന്നവരായിത്തീർന്ന കുട്ടികളുടെ മുഖങ്ങളിൽ എവിടെയാണ് തങ്ങളുടെ ക്ലാസിലിരുന്ന ആ പഴയ കുട്ടിയുള്ളതെന്ന് ഓരോ അധ്യാപകരും ഓർത്തോർത്തുനോക്കും. ചിലപ്പോൾ തെളിയും, ചിലപ്പോൾ മുതിർന്ന ആ കുട്ടികൾ തന്നെ തെളിവുനൽകും.

‘മാഷ് വാ, നമുക്കൊരു ജ്യൂസ് കുടിക്കാം'.
എനിക്കുവേണ്ടാ എന്നോ വേണം എന്നോ പറയാനൊന്നും നിമിഷമുണ്ടായിരുന്നില്ല, അതിനു മുമ്പേ അവൻ എന്നെ ചേർത്തുപിടിച്ച് കൂൾബാറിലെത്തിയിരുന്നു.
‘മാഷേ ഈ കൂൾബാറും ബേക്കറിയും എന്റെ തന്നെയാണ് ട്ടോ, കൂടെ സഹായിക്കാൻ പഴയ കമ്പനിക്കാരൻ റാഷിയുമുണ്ട്, ഓനെ മാഷ്‌ക്ക് അറിയാലോ.
മാഷ് ഇപ്പോ പ്ലസ്ടുവിലാന്ന് അവൻ പറഞ്ഞു. ഞങ്ങള് സ്‌കൂൾ കാലം മുതലുള്ള കമ്പനിക്കാരാ, ഇപ്പോഴും ഒന്നിച്ച് തന്നെ. പിന്നെ അന്നത്തെ പത്താം ക്ലാസിലെ സംഭവം, മാഷ് അത് മറന്നിട്ടുണ്ടാവില്ലാന്ന് എനിക്കറിയാം. പറ്റിപ്പോയതാ മാഷെ, ഇപ്പോം, അതോർക്കുമ്മം, നിലവിളിച്ചു പോകും. മാഷ് അതൊന്നും മനസില് വെക്കല്ലേ, ഒരു കുട്ടിയും ക്ലാസ്‌റൂമിൽ അങ്ങനെയൊന്നും പെരുമാറരുത് എന്ന് എനിക്കിപ്പോളറിയാം.’

കുട്ടിക്കാലം തിരിച്ചുകിട്ടുമോ എന്നു നോക്കാനല്ലാതെ പഴയ വിദ്യാലയത്തിൽ ഇടയ്ക്ക് പോയി നമ്മളെല്ലാം ഒത്തുചേരുന്നതെന്തിനാണ്?

‘ഓ, അതൊക്കെ സ്‌കൂൾ കാലത്തെ ചെറിയ കാര്യമല്ലേ ഹാരിസ്. അതൊക്കെ അന്ന് കഴിഞ്ഞു. അന്ന് നടന്നതൊക്കെ എനിക്കോർമയുണ്ട്. അതൊക്കെ നമുക്കിന്ന് പറഞ്ഞ് ചിരിക്കാനുള്ളതല്ലേ.’

ജ്യൂസ് കുടിച്ചുകഴിഞ്ഞപ്പോൾ ഞാൻ പറഞ്ഞു; ‘ഞാൻ പെങ്ങളുടെ വീടുവരെ പോവുകയാണ്. നമുക്ക് കാണാം. എന്തായാലും വീണ്ടും കാണാൻ കഴിഞ്ഞല്ലോ വലിയ സന്തോഷം.’

അവൻ കുറേ ചോക്ലേറ്റുകൾ പാക്ക് ചെയ്ത് കവറിലിട്ട് എന്റെ ബൈക്കിന്റെ ഹാൻഡിലിൽ തൂക്കിയിട്ടു; ‘സ്‌കൂളിൽ പഠിക്കുമ്പോൾ, വീട്ടിലൊരുപാട് പ്രശ്‌നങ്ങളായിരുന്നു മാഷേ, നോട്ടും പുസ്തകവുമൊന്നും വാങ്ങാൻ പൈസയും ഉണ്ടായിരുന്നില്ല. പൈസയില്ലാത്തതു കൊണ്ടാണ് പുസ്തകമൊന്നും വാങ്ങാത്തത് എന്ന് പുറത്തു പറയാൻ അന്ന് തോന്നിയുമില്ല. അതുകൊണ്ടാ അന്ന് അങ്ങനെയൊക്കെ പറ്റിപ്പോയത്. എന്നെപ്പോലെ ചൊറയാക്കുന്നോല് ഇപ്പോ സ്‌കൂളിലുണ്ടോ? ണ്ടെ ങ്കി മാഷ് പറഞ്ഞാ മതി ഞാനോൽക്ക് അതിനപ്പറ്റി ക്ലാസ് കൊടുക്കാ.’
ഞാൻ ചിരിച്ചുകൊണ്ട് യാത്ര പറഞ്ഞു.

സത്യത്തിൽ, ‘ഞാൻ ടെക്​സ്​റ്റും എടുക്കില്ല, നോട്ടും എടുക്കില്ല, മാഷ് എന്താന്ന് വെച്ചാ , ചെയ്‌തോ' എന്നുപറഞ്ഞ ആ പഴയ ഹാരിസ് എവിടെപ്പോയി?
അവൻ ആ പഴയ സ്‌കൂൾ ക്ലാസിൽ എവിടെയോ കൊഴിഞ്ഞു പോയിട്ടുണ്ടായിരിക്കണം.
ഒരു പക്ഷേ ഇനിയെപ്പോഴെങ്കിലും ആ ക്ലാസ്​മുറിയിലേക്ക് വരുമ്പോൾ അവന് പഴയ പത്താം ക്ലാസുകാരനായ അവനെ വീണ്ടും കണ്ടുമുട്ടാനായേക്കും. പഴയ വിദ്യാലയത്തിലേക്കു പോകുന്ന ഓരോ മുതിർന്നവർക്കും ക്ലാസ്‌റൂമിലെ ബഞ്ചിലിരിക്കുന്ന തങ്ങളിൽ നിന്ന്​ ചോർന്നുപോയ പഴയ സ്‌കൂൾകുട്ടിയെ കണ്ടെത്താനാവുന്നുണ്ടാവണം. കുട്ടിക്കാലം തിരിച്ചുകിട്ടുമോ എന്നു നോക്കാനല്ലാതെ പഴയ വിദ്യാലയത്തിൽ ഇടയ്ക്ക് പോയി നമ്മളെല്ലാം ഒത്തുചേരുന്നതെന്തിനാണ്? 96 പോലുള്ള സിനിമയൊക്കെ കാണുമ്പോൾ, മാൽഗുഡി ഡേയ്‌സ് വായിക്കുമ്പോൾ നേരിയൊരു വിഷാദം നമ്മെ പിടികൂടുന്നതെന്തിനാണ്?

വിദ്യാർത്ഥികളുടെ അപ്രതീക്ഷിതമായ മറുപടികളിൽ ക്ലാസ്‌റൂമും അധ്യാപകനും
ചിലപ്പോൾ സ്തംബ്ധമായിപ്പോകും.

എന്റെ അപകർഷം ഒരു അലറലായി പുറത്തേക്ക് വന്നു. അങ്ങനെയൊരു പ്രതികരണം എന്നിൽ നിന്ന് പ്രതീക്ഷിക്കാത്തതുപോലെ മറ്റു കുട്ടികൾ ഒന്നാകെ അമ്പരന്നു.

ടെക്​സ്​റ്റും നോട്ടും എടുക്കാത്തതിനെക്കുറിച്ച് ഞാൻ ചോദിച്ചപ്പോൾ അത്തരത്തിലുള്ളൊരു മറുപടിയായിപ്പോയി അന്ന് ഹാരിസിന്റെതും.
നോട്ടെടുക്കാത്തവരും ടെക്​സ്​റ്റ്​ എടുക്കാത്തവരും വേറെയുമുണ്ടാവും ക്ലാസിൽ. എന്തെങ്കിലുമൊക്കെ കാരണങ്ങൾ പറഞ്ഞ് അവർ ക്ലാസിലിരുന്ന് പോവുകയാണ് പതിവ്. പക്ഷേ ഇങ്ങനെയൊരു മറുപടി കേൾക്കുന്നത് ആദ്യമായിരുന്നു.
ഞാൻ പറഞ്ഞു; ‘ഹാരിസേ, നീ പുസ്തകം എടുക്കാത്തത് ഞാൻ ക്ഷമിക്കും, പക്ഷേ അധ്യാപകനെ അധിക്ഷേപിക്കുന്ന രീതിയിൽ സംസാരിക്കുന്നത് ശരിയല്ല.
അവിടെ എഴുന്നേറ്റു നിൽക്കൂ’.

അവൻ കേട്ട ഭാവം നടിക്കാതെ,യാതൊരു പ്രതികരണവുമില്ലാതെ ഇരിക്കുകയാണ്.
‘മാഷ് വേണമെങ്കി പഠിപ്പിച്ചുപോയ്‌ക്കോ, ഞാനിവിടെ നിന്ന് എഴുന്നേൽക്കില്ല'.
‘മര്യാദയ്ക്ക് എഴുന്നേൽക്കെടാ’; എന്റെ അപകർഷം ഒരു അലറലായി പുറത്തേക്ക് വന്നു. അങ്ങനെയൊരു പ്രതികരണം എന്നിൽ നിന്ന് പ്രതീക്ഷിക്കാത്തതുപോലെ മറ്റു കുട്ടികൾ ഒന്നാകെ അമ്പരന്നു.

ഹാരിസ് തന്റെ ഇടത്തും വലത്തും ഇരിക്കുന്നവരെ ഒന്നു നോക്കി ചുണ്ടുകളൊന്ന് കോട്ടി അവന്റെ സീറ്റിൽ തന്നെ അനങ്ങാതെ ഇരുന്നു.

കുറച്ച് പരിഭ്രമത്തോടെ, മറ്റു വിദ്യാർത്ഥികളോടായി ഞാൻ പറഞ്ഞു: ‘നമുക്കിടയിൽ സ്‌നേഹ വാത്സല്യങ്ങളുടെതായ ഒരു പാരസ്പര്യം നിലനിൽക്കേണ്ടതുണ്ട്. അതിനുവേണ്ടിക്കൂടിയാണ് നമ്മൾ ക്ലാസിൽ കവിതയും കഥയുമെല്ലാം വായിക്കുകയും പഠിക്കുകയും ചർച്ചചെയ്യുകയും ചെയ്യുന്നത്. ഹാരിസ് ഞാൻ ചോദിച്ചതിന് എന്നെ അവഹേളിക്കുന്ന രീതിയിലാണ് മറുപടി നൽകിയത്. അതിനാൽ ഈ പിരീഡ് ഹാരിസ് ക്ലാസിൽ നിന്ന് പുറത്തു നിന്നേ പറ്റൂ. അങ്ങനെയല്ലെങ്കിൽ എനിക്ക് ക്ലാസിൽ നിന്ന് പുറത്തു പോകേണ്ടിവരും.’

‘മാഷങ്ങ് പോയാൽ മതി. ഞാൻ ഈ ഇരുന്നിടത്തു നിന്ന് എണീക്കില്ല. ഇങ്ങനെയുള്ള കൊറേ മാഷമ്മാരെ ഞാൻ കണ്ടതാ'.
എനിക്ക് വല്ലാത്ത നിരാശ തോന്നിപ്പോയി. ആ സന്ദർഭത്തെ എങ്ങനെ കൈകാര്യം ചെയ്യണമെന്നറിയാതെ അന്ന്, തുടക്കക്കാരനായ ഒരധ്യാപകൻ എന്ന നിലയിൽ ഞാൻ പതറിപ്പോയി.
ഞാൻ ക്ലാസ്സിൽ നിന്ന് പുറത്തിറങ്ങി നിന്നു.
കുട്ടികൾ തമ്മിൽ എന്തൊക്കെയോ സംസാരിക്കുന്നതു കേൾക്കാം.
അഞ്ചു പത്തു മിനിട്ട് എന്തു ചെയ്യണമെന്നറിയാതെ നിന്നിട്ടുണ്ടാവണം.

‘മാഷേ അവന് വേണ്ടി ഞാൻ പുറത്തു നിൽക്കാം മാഷ് ക്ലാസിലേക്ക് കയറ്. ഓനൊരു വല്ലാത്ത സ്വഭാവാ മാഷേ, ഞാള് ഒന്നാം ക്ലാസ് മുതൽ ഒന്നിച്ച് പഠിച്ചതാ എന്റെ കമ്പനിക്കാരനാ ഓൻ. മാത്രമല്ല കഴിഞ്ഞ പിരിയിഡ് ബോക്‌സ് ഇല്ലാത്തതിന് കണക്കിന്റെ മാഷും അവനെ കണക്കിന് പരിഹസിച്ചു’; റാഷിയാണ്, ഹാരിസിന്റെ ഉറ്റ ചങ്ങാതി. അവന്റെ ഇടപെടലിൽ എനിക്ക് സന്തോഷം തോന്നി. അവനോട് ക്ലാസിലേക്ക് തന്നെ കയറിയിരിക്കാൻ പറഞ്ഞിട്ട് ഞാൻ കുറച്ചുനേരം കൂടി പുറത്തു തന്നെ നിന്നു. അതിനിടയിൽ തലകുനിച്ച് ഹാരിസ് പുറത്തേക്ക് വന്ന് ചുമരും ചാരി ഒന്നും മിണ്ടാതെ നിന്നു. കുറച്ചു നേരത്തെ നിശ്ശബ്ദതയ്ക്കുശേഷം ഞാനവനെയും കൂട്ടി ക്ലാസിലേക്ക് കയറി.

ഒരു ക്ലാസിന്റെ കൗതുകവും സൗന്ദര്യവും കുട്ടികളുമായുള്ള നിരുപാധികമായ ഇണക്കമല്ലാതെ മറ്റെന്താണ്.
ഹാരിസിനോട് അവന്റെ സീറ്റിൽ പോയി ഇരിക്കാൻ പറഞ്ഞു.
കുട്ടികളോടായി ഞാൻ പറഞ്ഞു: ‘ഞാനും ഹാരിസും റാഷിദും ഒരുപക്ഷേ നിങ്ങളും മറന്നു പോകാത്ത ഒരു ഓർമയായി ഈ സന്ദർഭം മാറിയേക്കാം. നമുക്ക് പരസ്പരം ക്ഷമിക്കാൻ കഴിയുക എന്നത് വലിയ പാഠങ്ങളിലൊന്നാണ്. ഇന്ന് ഇത് ഇവിടെ മറന്നേക്കുക. കുറച്ചു കാലം കഴിയുമ്പോ നമുക്കിതെല്ലാം ഓർത്ത് മന്ദഹസിക്കാനായേക്കും. ടെക്​സ്​റ്റും നോട്ടും ബോക്‌സുമെല്ലാം എടുക്കാത്തതിനെക്കുറിച്ചുള്ള ചോദ്യങ്ങളായിരിക്കാം ഹാരിസിന് വിഷമമായത്. ഹാരിസിനുണ്ടായ വേദനയിൽ ഞാൻ ക്ഷമ ചോദിക്കുന്നു.’

ഇടവേളയുടെ ബെല്ലടിക്കാനായി കുട്ടികളും ഞാനും നിശ്ശബ്മായി കാത്തിരുന്നു.▮


എം.പി. അനസ്

കവി, എഴുത്തുകാരൻ, അധ്യാപകൻ. സകലജീവിതം, സമതരംഗം, അയ്യങ്കാളിമാല എന്നീ കവിതാസമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments