ഏകദേശം ഒരു പതിറ്റാണ്ടുമുമ്പ്, ദൽഹിയിൽ വെച്ചാണ് മാധവ് ഗാഡ്‌ഗിലിനെ ആദ്യമായി കാണുന്നത്. പരിസ്ഥിതിവിഷയങ്ങളുമായി വലിയ ബന്ധമില്ലാത്ത ഒരു വേദിയിലായിരുന്നു അത്. ഇടവേളയിലെ സംഭാഷണം പതുക്കെ അദ്ദേഹത്തിന്റെ പതിവുശൈലിയിൽ കേരളത്തിലേക്ക് വന്നു.
പശ്ചിമഘട്ടത്തെ ഭൂപടത്തിലെ വെറുമൊരു അടയാളപ്പെടുത്തലായിട്ടല്ല, മറിച്ച് ജീവനുള്ള സാന്നിധ്യമായിട്ടാണ് അദ്ദേഹം സംഭാഷണത്തിലുടനീളം കണ്ടത്. കേരളത്തിലെ ആദ്യകാല പരിസ്ഥിതിവാദങ്ങളെക്കുറിച്ചും, ആക്ടിവിസ്റ്റുകളുടെ അസാമാന്യ ധൈര്യത്തെക്കുറിച്ചും, സൈലന്റ് വാലിയുടെ ഓർമ്മകളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. മലനിരകൾ തിരിച്ചുസംസാരിക്കുന്നതിനുമുമ്പ് മനുഷ്യൻ അത് കേൾക്കുമെന്ന പ്രതീക്ഷ അദ്ദേഹത്തിനുണ്ടായിരുന്നു.
ഗാഡ്ഗിലിന്റെ വാക്കുകളിൽ കലർപ്പില്ലായിരുന്നു, കയ്പ്പില്ലായിരുന്നു. മറിച്ച്, അറിവ് അവഗണിക്കപ്പെട്ടാൽ അത് അപ്രത്യക്ഷമാകില്ല, കാത്തിരിക്കുക തന്നെ ചെയ്യും എന്ന ഉറച്ച ബോധ്യം മാത്രമേ അദ്ദേഹത്തിനുണ്ടായിരുന്നുള്ളൂ.
ഗാഡ്ഗിലിന്റെ ജീവിതദൗത്യത്തെ നിർവചിച്ചതും ഈ സവിശേഷഗുണമാണ്. പരിസ്ഥിതിശാസ്ത്രം എന്നത് പരീക്ഷണശാലകളിലോ വിദഗ്ധസമിതികളിലോ മാത്രം ഒതുങ്ങേണ്ട ഒന്നാണെന്ന് അദ്ദേഹം ഒരിക്കലും വിശ്വസിച്ചില്ല. അദ്ദേഹത്തിന് അത് ഗ്രാമങ്ങളിലും കാടുകളിലും കടലോരങ്ങളിലും ദൈനംദിന ജീവിത തിരഞ്ഞെടുപ്പുകളിലുമാണ് ജീവിക്കുന്നത്. സ്ഥാപനങ്ങളേക്കാൾ കൂടുതൽ അദ്ദേഹം ജനങ്ങളെ വിശ്വസിച്ചു. അധികാരത്തേക്കാൾ കൂടുതൽ തെളിവുകളെയും. ആ വിശ്വാസമാണ് അദ്ദേഹത്തെ ബഹുമാന്യനാക്കിയതും, വിവാദങ്ങളിലേക്ക് നയിച്ചതും, കേരളത്തിൽ അവിസ്മരണീയനാക്കിയതും.
പശ്ചിമഘട്ട റിപ്പോർട്ടിലൂടെ പ്രശസ്തനാകുന്നതിന് എത്രയോ മുമ്പ് ഗാഡ്‌ഗിലിന്റെ പരിസ്ഥിതി യാത്ര തുടങ്ങിയിരുന്നു.
പശ്ചിമഘട്ട റിപ്പോർട്ടിലൂടെ പ്രശസ്തനാകുന്നതിന് എത്രയോ മുമ്പ് ഗാഡ്‌ഗിലിന്റെ പരിസ്ഥിതി യാത്ര തുടങ്ങിയിരുന്നു. ബംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ 'സെന്റർ ഫോർ ഇക്കോളജിക്കൽ സയൻസസ്' കെട്ടിപ്പടുക്കുന്നതിൽ അദ്ദേഹം പ്രധാന പങ്കുവഹിച്ചു. സിദ്ധാന്തങ്ങളോളം തന്നെ പ്രായോഗിക പഠനങ്ങൾക്കും അവിടെ പ്രാധാന്യമുണ്ടായിരുന്നു. മൃഗങ്ങളുടെ പെരുമാറ്റം, ആവാസവ്യവസ്ഥകൾ, മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധം എന്നിവ അദ്ദേഹം അങ്ങേയറ്റം ക്ഷമയോടെയും അച്ചടക്കത്തോടെയും പഠിച്ചു. എങ്കിലും, മനുഷ്യനെ ഒഴിവാക്കിക്കൊണ്ടുള്ള പരിസ്ഥിതി പഠനങ്ങളിൽ അദ്ദേഹം അസ്വസ്ഥനായിരുന്നു. വനങ്ങൾ എന്നത് സംരക്ഷണം കാത്തുനിൽക്കുന്ന വെറും ശൂന്യമായ ഇടങ്ങളല്ലെന്നും, മറിച്ച് അധ്വാനവും ഓർമ്മകളും കൊണ്ട് രൂപപ്പെട്ട മനുഷ്യൻ ജീവിക്കുന്ന ഇടങ്ങളാണെന്നും അദ്ദേഹം വാദിച്ചു.

ഈ വിശ്വാസമാണ് അദ്ദേഹത്തിന്റെ ആദ്യകാല ഇടപെടലുകളെ രൂപപ്പെടുത്തിയത്. 1980-കളിൽ പശ്ചിമഘട്ടത്തെയും കിഴക്കൻ ചുരങ്ങളെയും ബന്ധിപ്പിച്ച് ഇന്ത്യയിലെ ആദ്യത്തെ 'നീലഗിരി ബയോസ്ഫിയർ റിസർവ്' രൂപീകരിക്കുന്നതിൽ അദ്ദേഹം പ്രധാന പങ്കുവഹിച്ചു. ലളിതമായ ഒരു തത്വമായിരുന്നു അതിന് പിന്നിൽ - തുണ്ടുകളായല്ല, മറിച്ച് ആവാസവ്യവസ്ഥയെ മൊത്തമായി സംരക്ഷിക്കുക. അതിരുകളെയല്ല, തുടർച്ചകളെ ബഹുമാനിക്കുക. ഇതേ യുക്തിതന്നെയാണ് പിന്നീട് കൂടുതൽ ഗൗരവത്തോടെ തിരിച്ചുവന്നതും.
അദ്ദേഹം നൽകിയ ഏറ്റവും വലിയ സംഭാവനകളിലൊന്ന് 'ജനകീയ ജൈവവൈവിധ്യ രജിസ്റ്ററുകൾ' എന്ന ആശയമാണ്. ഇത് വെറുമൊരു അക്കാദമിക് പട്ടികയല്ല. പ്രാദേശിക സമൂഹങ്ങൾ സ്വന്തം അറിവുകളും ജൈവ സമ്പത്തും രേഖപ്പെടുത്തുന്ന സജീവമായ രേഖകളാണിവ. ഇത് ഒരേസമയം ജൈവക്കൊള്ളയെയും വിദഗ്ധരുടെ കുത്തകയെയും ചോദ്യം ചെയ്തു. ഈ സമീപനം 2002-ലെ ജൈവവൈവിധ്യ നിയമത്തിന് രൂപം നൽകാൻ സഹായിച്ചു.
ഗാഡ്‌ഗിൽ എന്ന പേര് നിയന്ത്രണങ്ങളുടെ പര്യായമായി മാറി. പ്രതിഷേധങ്ങൾ പൊട്ടിപ്പുറപ്പെട്ടു. റിപ്പോർട്ട് ഒരു മുന്നറിയിപ്പിനേക്കാളുപരി ഭീഷണിയായാണ് ചർച്ച ചെയ്യപ്പെട്ടത്. പല വീടുകളിലും ആശങ്കയോടെയും ദേഷ്യത്തോടെയുമാണ് അദ്ദേഹത്തിന്റെ പേര് ഉച്ചരിക്കപ്പെട്ടത്.
2011-ലെ പശ്ചിമഘട്ട പരിസ്ഥിതിവിദഗ്ധസമിതി റിപ്പോർട്ട് (ഗാഡ്‌ഗിൽ റിപ്പോർട്ട്) ഈ ദീർഘമായ ധൈഷണികയാത്രയുടെ ഫലമായിരുന്നു. പശ്ചിമഘട്ടം മനോഹരമായ വെറുമൊരു മലനിരമാത്രമല്ലെന്നും അത് ഈ വിശാല ഭൂമികയുടെ ജലഗോപുരമാണെന്നും ഗാഡ്‌ഗിൽ രാജ്യത്തെ ഓർമ്മിപ്പിച്ചു. ഇവിടെ സംഭവിക്കുന്ന ആഘാതങ്ങൾ പ്രാദേശികമായി ഒതുങ്ങില്ല. അത് താഴേക്ക് ഒഴുകിയെത്തും. റിപ്പോർട്ട് മുന്നോട്ടുവെച്ച നിർദ്ദേശങ്ങൾ ലളിതവും എന്നാൽ വിപ്ലവകരവുമായിരുന്നു. പശ്ചിമഘട്ടത്തെ ഒരൊറ്റ പരിസ്ഥിതി യൂണിറ്റായി കാണുക, സുതാര്യമായ മാനദണ്ഡങ്ങളിലൂടെ പ്രദേശങ്ങളെ തരംതിരിക്കുക, അർത്ഥവത്തായ വികസനം അനുവദിക്കുകയും പരിഹരിക്കാനാകാത്ത നാശമുണ്ടാക്കുന്നവ തടയുകയും ചെയ്യുക. തീരുമാനങ്ങൾ എടുക്കുന്നതിൽ ഗ്രാമസഭകളെയും പ്രാദേശിക ജനങ്ങളെയും കേന്ദ്രസ്ഥാനത്ത് നിർത്തുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ശൈലി.
കേരളം ഈ സന്ദേശത്തെ കേട്ടത് മറ്റൊരു രീതിയിലായിരുന്നു. മലയോര മേഖലകളിൽ വസ്തുതകളേക്കാൾ വേഗത്തിൽ ഭീതിപടർന്നു. കുടിയേറ്റക്കാർക്ക് ഭൂമി നഷ്ടപ്പെടുമെന്നും കർഷകർക്ക് കുടിയൊഴിപ്പിക്കപ്പെടുമെന്നും ഭയമുണ്ടായി. രാഷ്ട്രീയപാർട്ടികൾ ഇതിൽ അപകടം മണത്തു. ഗാഡ്‌ഗിൽ എന്ന പേര് നിയന്ത്രണങ്ങളുടെ പര്യായമായി മാറി. പ്രതിഷേധങ്ങൾ പൊട്ടിപ്പുറപ്പെട്ടു. റിപ്പോർട്ട് ഒരു മുന്നറിയിപ്പിനേക്കാൾ ഉപരി ഒരു ഭീഷണിയായാണ് ചർച്ച ചെയ്യപ്പെട്ടത്. പല വീടുകളിലും ആശങ്കയോടെയും ദേഷ്യത്തോടെയുമാണ് അദ്ദേഹത്തിന്റെ പേര് ഉച്ചരിക്കപ്പെട്ടത്.
എന്നാൽ ഈ പ്രതികരണം റിപ്പോർട്ട് കൊണ്ട് മാത്രം ഉണ്ടായതല്ല. ആശയവിനിമയത്തിലെ പരാജയവും ഗവൺമെന്റുകളുടെ മടിയും തെറ്റായ വിവരങ്ങൾ പ്രചരിക്കാൻ കാരണമായി. പിന്നീട് വന്ന കസ്തൂരിരംഗൻ കമ്മിറ്റി റിപ്പോർട്ട് ഗാഡ്‌ഗിൽ നിർദ്ദേശങ്ങളെ ലഘൂകരിക്കുകയും സംരക്ഷിത പ്രദേശങ്ങൾ കുറയ്ക്കുകയും ചെയ്തു. ജനാധിപത്യപരമായ ഒരു പരിസ്ഥിതി ചട്ടക്കൂടായി തുടങ്ങിയത് പതുക്കെ ഭരണപരമായ നൂലാമാലകളിൽ കുടുങ്ങിപ്പോയി.
റിപ്പോർട്ട് അതിന്റെ യഥാർത്ഥ രൂപത്തിൽ ഒരിക്കലും നടപ്പിലാക്കപ്പെട്ടില്ല. 2024 ആയപ്പോഴേക്കും ഗാഡ്‌ഗിൽ ശുപാർശ ചെയ്തതിന്റെ മൂന്നിലൊന്നായി സംരക്ഷിത മേഖലകൾ ചുരുങ്ങി. ആ യഥാർത്ഥ കാഴ്ചപ്പാട് നിയമങ്ങളേക്കാൾ കൂടുതൽ കോടതിമുറികളിലും ക്ലാസ് മുറികളിലും പൗരസമൂഹത്തിലുമാണ് അതിജീവിച്ചത്.

എങ്കിലും, പ്രകൃതി അതിന്റെ കണക്കുകൾ സൂക്ഷിച്ചുവെച്ചിരുന്നു. 2018-ന് ശേഷമുണ്ടായ പ്രളയങ്ങളും ഉരുൾപൊട്ടലുകളും ഗാഡ്‌ഗിലിനെ വീണ്ടും പൊതുചർച്ചകളിലേക്ക് കൊണ്ടുവന്നു. കനത്ത മഴ ഒരു കാരണമാണെങ്കിലും അണക്കെട്ടുകളുടെ മാനേജ്‌മെന്റ്, ക്വാറികൾ, അശാസ്ത്രീയമായ റോഡ് നിർമ്മാണം എന്നിവ നാശനഷ്ടങ്ങൾ വർദ്ധിപ്പിച്ചു. പതിറ്റാണ്ടുകളായി എടുത്ത തെറ്റായ തീരുമാനങ്ങളുടെ ഫലമായുണ്ടായ 'മനുഷ്യനിർമ്മിത ദുരന്തങ്ങൾ' എന്നാണ് ഗാഡ്‌ഗിൽ ഇവയെ വിശേഷിപ്പിച്ചത്. ഒരിക്കൽ വെറും ഭീതിയായി തള്ളിക്കളഞ്ഞവ പിന്നീട് പ്രവചനങ്ങളായി തോന്നിത്തുടങ്ങി. തകരാൻ സാധ്യതയുള്ള ചരിവുകളിൽ എന്തുകൊണ്ട് ക്വാറികൾ അനുവദിച്ചു എന്ന ചോദ്യങ്ങൾ ഉയർന്നു. ഗാഡ്‌ഗിൽ ഇതിനെ തന്റെ വിജയമായി കണ്ടില്ല. മറിച്ച് ഒരു പുനർചിന്തയ്ക്കായി ആവശ്യപ്പെടുകയാണ് ചെയ്തത്.
റിപ്പോർട്ടുകൾ മാറ്റിവെക്കപ്പെടുമെന്നും നിയമങ്ങൾ ലഘൂകരിക്കപ്പെടുമെന്നും അദ്ദേഹത്തിന് അറിയാമായിരുന്നു. പക്ഷേ, പുഴകൾ അവയുടെ വഴികൾ ഓർക്കുമെന്നും മലനിരകൾ അവയിലെ മുറിവുകൾ ഓർക്കുമെന്നും അദ്ദേഹം വിശ്വസിച്ചു.
മനുഷ്യ-മൃഗ സംഘർഷത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ നിലപാടുകളും ഇതേ ധാർമ്മികതയിലൂന്നിയതായിരുന്നു. 1972-ലെ വന്യജീവി സംരക്ഷണ നിയമം മനുഷ്യരെ സ്വന്തം മണ്ണിലെ അതിക്രമികളായി കാണുന്നുവെന്ന് അദ്ദേഹം വിമർശിച്ചു. ആത്മരക്ഷയ്ക്കായി ചെയ്യുന്ന കാര്യങ്ങളെ ശിക്ഷിക്കുകയും എന്നാൽ മനുഷ്യ മരണങ്ങളിൽ മൗനം പാലിക്കുകയും ചെയ്യുന്ന നിയമങ്ങളെ അദ്ദേഹം ചോദ്യം ചെയ്തു. വന്യജീവി പരിപാലനത്തിൽ ജനപങ്കാളിത്തം വേണമെന്ന് അദ്ദേഹം വാദിച്ചു. നീതിയില്ലാത്ത സംരക്ഷണം പരാജയപ്പെടുമെന്ന് അദ്ദേഹം വിശ്വസിച്ചു.
അദ്ദേഹത്തിന്റെ ആത്മകഥയായ 'A Walk Up the Hill'-ൽ ഈ ചിന്തകളുടെ വേരുകൾ കാണാം. ജാതിവിവേചനത്തോടുള്ള അദ്ദേഹത്തിന്റെ അനുഭവങ്ങളും അണക്കെട്ടുകൾ ഉണ്ടാക്കുന്ന സാമൂഹിക ആഘാതങ്ങളിൽ പിതാവിനുണ്ടായിരുന്ന വിഷമവും വനവാസികൾക്കിടയിലെ അദ്ദേഹത്തിന്റെ ജീവിതവുമെല്ലാം അദ്ദേഹത്തിന്റെ ചിന്തകളെ സ്വാധീനിച്ചു. അദ്ദേഹത്തിന് പരിസ്ഥിതി എന്നത് നിഷ്പക്ഷമായ ഒന്നല്ല. അത് വലിയൊരു ധാർമ്മിക ബാധ്യതയാണ്.
കേരളം ഗാഡ്‌ഗിലിനെ ഓർക്കുന്നത് അദ്ദേഹത്തോട് കലഹിച്ചുകൊണ്ടാണ്. ഓരോ ഉരുൾപൊട്ടലിന് ശേഷവും കേരളം അദ്ദേഹത്തെ ഓർക്കുന്നു. ഒരു ശാസ്ത്രജ്ഞനും ഇത്ര ആഴത്തിൽ പൊതുജീവിതത്തിൽ ഇടപെട്ടിട്ടുണ്ടാകില്ല. ഔദ്യോഗികമായി തള്ളിക്കളയപ്പെട്ട ശേഷവും ഇത്രത്തോളം പ്രസക്തമായി തുടരുന്നവരും കുറവാണ്.
2024-ൽ ഐക്യരാഷ്ട്രസഭ അദ്ദേഹത്തെ 'ചാമ്പ്യൻ ഓഫ് ദ എർത്ത്' ബഹുമതി നൽകി ആദരിച്ചു. ആ അംഗീകാരം പ്രധാനമാണ്. എങ്കിലും അദ്ദേഹത്തിന്റെ യഥാർത്ഥ അംഗീകാരം അദ്ദേഹത്തിന്റെ പ്രവൃത്തികൾ സൃഷ്ടിച്ച നിരന്തരമായ ചർച്ചകളാണ്.

ദില്ലിയിലെ ആ കൂടിക്കാഴ്ചയെക്കുറിച്ച് ഓർക്കുമ്പോൾ അദ്ദേഹത്തിന്റെ നിശ്ചയദാർഢ്യമാണ് ഓർമ വരുന്നത്. റിപ്പോർട്ടുകൾ മാറ്റിവെക്കപ്പെടുമെന്നും നിയമങ്ങൾ ലഘൂകരിക്കപ്പെടുമെന്നും അദ്ദേഹത്തിന് അറിയാമായിരുന്നു. പക്ഷേ, പുഴകൾ അവയുടെ വഴികൾ ഓർക്കുമെന്നും മലനിരകൾ അവയിലെ മുറിവുകൾ ഓർക്കുമെന്നും അദ്ദേഹം വിശ്വസിച്ചു. ഒടുവിൽ മനുഷ്യർ ആ മുന്നറിയിപ്പുകൾ ഓർക്കുമെന്നും. ആ ഓർമ്മകൾ വിലാപങ്ങളായി മാറുന്നതിന് മുമ്പ് അവ കേൾക്കാനുള്ള ഒരു ക്ഷണമായിരുന്നു മാധവ് ഗാഡ്‌ഗിലിന്റെ ജീവിതം.
