ശാസ്ത്രത്തോടും ജനങ്ങളോടും 100% പ്രതിബദ്ധത പുലർത്തിയ വ്യക്തിയായിരുന്നു പ്രൊഫ. മാധവ് ഗാഡ്ഗിൽ. പരിസ്ഥിതിക്കും ആവാസവ്യവസ്ഥകൾക്കും ദോഷകരമായ വികസനവും മനുഷ്യരെ മറന്നുള്ള പരിസ്ഥിതി സംരക്ഷണവും ഒരുപോലെ തെറ്റാണ് എന്ന നിലപാടായിരുന്നു അദ്ദേഹത്തിന്. ഈ നിലപാടിനനുസൃതമായി തന്നെയാണ് അദ്ദേഹം അധ്യക്ഷനായിരുന്ന പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ധ സമിതി (Western Ghats Ecology Expert Panel -WGEEP) തങ്ങളുടെ റിപ്പോർട്ട് തയ്യാറാക്കിയതും. പശ്ചിമഘട്ട മലനിരകളിൽ മാത്രമല്ല മറ്റു ഇടങ്ങളിലും ചുറ്റുമുള്ള പ്രകൃതിയും ആവാസവ്യവസ്ഥകളുമായി ചേർന്ന് മനുഷ്യർക്ക് ജീവിക്കാൻ വേണ്ട നിരവധി പ്രായോഗിക നിർദ്ദേശങ്ങൾ ഉൾക്കൊള്ളുന്നതായിരുന്നു ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ട് എന്നറിയപ്പെടുന്ന WGEEP റിപ്പോർട്ട്. നിർഭാഗ്യവശാൽ റിപ്പോർട്ടിൽ പറയാത്ത കാര്യങ്ങൾ പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് റിപ്പോർട്ട് തള്ളിക്കളയുന്നതിലേക്ക് നയിക്കുകയും മാധവ് ഗാഡ്ഗിലിനെ വ്യക്തിപരമായി തന്നെ ഏറെ ആക്ഷേപിക്കുകയും ചെയ്തവരിൽ മുന്നിൽ മലയാളികളായിരുന്നു എന്നത് ഏറെ ദുഃഖകരവും ലജ്ജാകരവുമാണ്.
പരിസ്ഥിതി ശാസ്ത്രജ്ഞൻ എന്ന നിലയിൽ ഏറെ കേൾക്കുകയും വായിക്കുകയും ചെയ്തിരുന്നുവെങ്കിലും WGEEP- യുടെ തലപ്പത്ത് വന്നതിനുശേഷമാണ് അദ്ദേഹത്തെ കൂടുതൽ അറിയാൻ ശ്രമിച്ചിട്ടുള്ളത്. അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിയുമായി ബന്ധപ്പെട്ട തെളിവെടുപ്പിന് വന്നപ്പോൾ മുതലാണ് അദ്ദേഹത്തെ അടുത്തറിയുന്നത്.
2011 ജനുവരി 29 നാണ് പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ധ സമിതി അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിയെക്കുറിച്ച് പഠിക്കാനെത്തിയത്. അന്ന് സന്ദർശനത്തിന്റെ ഓരോ സൂക്ഷ്മാംശത്തിലും സമിതി കാണിച്ച ശ്രദ്ധയിൽ അതിന്റെ ചെയർമാനായിരുന്ന ഗാഡ്ഗിലിന്റെ കയ്യൊപ്പ് കൂടി ഉണ്ടായിരുന്നു എന്ന് പിൽക്കാലത്ത് അദ്ദേഹത്തെ കൂടുതൽ അടുത്തറിഞ്ഞപ്പോഴാണ് തിരിച്ചറിഞ്ഞത്.

പദ്ധതി പ്രദേശ സന്ദർശനം, ജനപ്രതിനിധികളുമായി കൂടിക്കാഴ്ച, ജനസമ്പർക്ക പരിപാടി, പദ്ധതിയുടെ സാങ്കേതിക കാര്യങ്ങൾ സംബന്ധിച്ച് ടെക്നിക്കൽ സെഷൻ എന്നിങ്ങനെ നാല് പരിപാടികളായി വിഭജിച്ചായിരുന്നു സന്ദർശനം. ഓരോന്നിലും പങ്കെടുക്കാനിടയുള്ളവരെയും മാധ്യമങ്ങളെയും വളരെ നേരത്തെ ക്ഷണിച്ചിരുന്നു. രണ്ടു വർഷത്തിനപ്പുറം അതിരപ്പിള്ളി പദ്ധതിയുടെ പ്രയോക്താക്കളായ വൈദ്യുതി ബോർഡിലെ ഉദ്യോഗസ്ഥർക്കൊപ്പം മാധ്യമങ്ങൾ ഉൾപ്പെടെ ആരെയും അറിയിക്കാതെ കസ്തൂരിരംഗൻ കമ്മിറ്റി പദ്ധതി പ്രദേശം സന്ദർശിച്ചതുമായി താരതമ്യം ചെയ്യുമ്പോഴാണ്, ഗാഡ്ഗിൽ കമ്മിറ്റി പുലർത്തിയ സുതാര്യതയുടെ ഉയർന്ന തലം കൂടുതൽ വെളിവായത്.
പദ്ധതി പ്രദേശം സന്ദർശിച്ച വേളയിൽ അതിരപ്പിള്ളിയിൽ നാട്ടുകാരോടും വാഴച്ചാലിൽ ആദിവാസികളോടും ഏറെ സ്നേഹത്തോടെയും വിനയത്തോടെയും സംസാരിച്ചിരുന്ന മാധവ് ഗാഡ്ഗിലിന്റെ ചിത്രം ഇന്നും ഓർമ്മയിലുണ്ട്. ആദിവാസികളുമായി വിശദമായി സംസാരിച്ച അദ്ദേഹം, പദ്ധതിയെ സംബന്ധിച്ച അവരുടെ അഭിപ്രായങ്ങൾ തേടുകയും അവരുടെ പൊതുവായ ക്ഷേമകാര്യങ്ങൾ അന്വേഷിക്കുകയും വനാവകാശ നിയമം നടപ്പാക്കേണ്ടതിന്റെ പ്രാധാന്യം അവരെ പറഞ്ഞു ബോധ്യപ്പെടുത്തുകയും ചെയ്തിരുന്നു.
അതിരപ്പിള്ളി പദ്ധതിയുടെ പ്രയോക്താക്കളായ വൈദ്യുതി ബോർഡിലെ ഉദ്യോഗസ്ഥർക്കൊപ്പം മാധ്യമങ്ങൾ ഉൾപ്പെടെ ആരെയും അറിയിക്കാതെ കസ്തൂരിരംഗൻ കമ്മിറ്റി പദ്ധതി പ്രദേശം സന്ദർശിച്ചതുമായി താരതമ്യം ചെയ്യുമ്പോഴാണ്, ഗാഡ്ഗിൽ കമ്മിറ്റി പുലർത്തിയ സുതാര്യതയുടെ ഉയർന്ന തലം കൂടുതൽ വെളിവായത്.
നേരത്തെ പലവട്ടം ഈ പദ്ധതിയുമായി ബന്ധപ്പെട്ട തെളിവെടുപ്പുകൾ നടന്നിരുന്നുവെങ്കിലും പദ്ധതിയുടെ ഓരോ സൂക്ഷ്മാംശവും വിശദമായി പരിശോധിക്കാൻ ആദ്യമായി തയ്യാറായത് മാധവ് ഗാഡ്ഗിലിന്റെ നേതൃത്വത്തിലുള്ള സമിതിയാണ്. സാങ്കേതിക സെഷനിൽ വൈദ്യുതി ബോർഡിലെ ഉദ്യോഗസ്ഥർക്കും വിവിധ മേഖലകളിലെ വിദഗ്ധർക്കും തങ്ങളുടെ ഭാഗം അവതരിപ്പിക്കാൻ അവസരം ലഭ്യമാക്കി. തുടർന്ന് പദ്ധതിക്കെതിരെ ഉയർന്ന വാദങ്ങൾക്ക് മറുപടി പറയുവാൻ അന്ന് പങ്കെടുത്ത വൈദ്യുതി ബോർഡിലെ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടുവെങ്കിലും അവർ അതിന് തയ്യാറായിരുന്നില്ല. ഒടുവിൽ അദ്ദേഹം തന്റെ മെയിൽ ഐഡി അവർക്ക് കൊടുക്കുകയും മറുപടി ഇമെയിൽ ആയി അയക്കാൻ അഭ്യർത്ഥിക്കുകയും ചെയ്തു. (അവർ പക്ഷേ മറുപടി കൊടുക്കുകയുണ്ടായില്ല). അതിരപ്പിള്ളി പദ്ധതി ഉപേക്ഷിക്കണമെന്ന ശുപാർശയാണ് കമ്മിറ്റി സർക്കാരിന് കൊടുത്തത്.
2010 ജനുവരിയിൽ കോത്തഗിരിയിൽ നടന്ന സേവ് വെസ്റ്റേൺ ഘാട്സ് മൂവ്മെന്റിന്റെ (SWGM) യോഗത്തിൽ അന്നത്തെ പരിസ്ഥിതി വനം മന്ത്രി ജയറാം രമേശ് പങ്കെടുത്തതാണ് ഗാഡ്ഗിൽ കമ്മിറ്റി രൂപീകരണത്തിന് നിമിത്തമായത്. ഒരു വർഷത്തിലേറെ നീണ്ട പഠനത്തിനൊടുവിൽ 2011 ഓഗസ്റ്റിൽ സമിതി റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചു.
പഠനരീതിയുടെ ശാസ്ത്രീയത സംബന്ധിച്ച് വിദഗ്ധാഭിപ്രായം തേടിക്കൊണ്ടാണ് ഇവർ പഠനം തുടങ്ങിയതുതന്നെ. ഒന്നരലക്ഷം ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള പ്രദേശത്തെക്കുറിച്ച് ഒരു വർഷം കൊണ്ട് പഠിക്കേണ്ടതിന്റെ പരിമിതികൾക്കുള്ളിൽ നിന്ന് കഴിയാവുന്നത്ര സമഗ്രമാക്കാൻ സമിതി അംഗങ്ങൾ ശ്രമിച്ചിട്ടുണ്ട് എന്ന് നിഷ്പക്ഷമായി ഈ റിപ്പോർട്ട് വായിക്കുന്ന ആർക്കും ബോധ്യപ്പെടും. പഠനത്തിന്റെ ഭാഗമായി നിരവധി യോഗങ്ങൾ ചേരുകയും വിവിധ ഘട്ടങ്ങളിൽ വിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാക്കുകയും ചെയ്തുകൊണ്ടായിരുന്നു പഠനം. പഠന റിപ്പോർട്ടിനെ അന്തിമ വാക്കായി അവതരിപ്പിക്കുകയല്ല മറിച്ച്, ഗ്രാമസഭാതലം മുതൽ ചർച്ചചെയ്യപ്പെടേണ്ട നിർദ്ദേശങ്ങളായാണ് പല കാര്യങ്ങളും അവതരിപ്പിച്ചിരിക്കുന്നത്. അടിസ്ഥാന ജനാധിപത്യത്തിൽ തനിക്കുള്ള വിശ്വാസം ഗാഡ്ഗിൽ പലപ്പോഴും ആവർത്തിച്ചു പറഞ്ഞിട്ടുള്ളതാണ്. ഗ്രാമസഭകളുടെയും ബയോഡൈവേഴ്സിറ്റി മാനേജ്മെന്റ് കമ്മിറ്റികളുടെയും പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം എന്നും ഓർമ്മപ്പെടുത്തിയിരുന്നു. ഇതേ നിലപാടാണ് റിപ്പോർട്ട് പ്രാദേശിക ഭാഷകളിലേക്ക് വിവർത്തനം ചെയ്യണമെന്നും തുടർന്ന് ഗ്രാമസഭകളിൽ ചർച്ച ചെയ്ത് പരിസ്ഥിതിലോല പ്രദേശങ്ങളുടെ അതിരുകളിൽ ഉൾപ്പെടെ നിർദ്ദേശങ്ങൾ സ്വീകരിക്കണമെന്നും അദ്ദേഹം ആവർത്തിച്ചു ആവശ്യപ്പെട്ടപ്പോഴും കണ്ടത്.
ഗാഡ്ഗിൽ കമ്മിറ്റിയുടെ പഠനത്തിൽ, ജല മേഖലയുമായി ബന്ധപ്പെട്ട പ്രധാന നിർദ്ദേശങ്ങൾ എന്റെ സഹപ്രവർത്തകയായിരുന്നു യശ്ശഃശരീരയായ ഡോ. എ. ലത നൽകിയവയായിരുന്നു. ലത വഴിയാണ് ഗാർഡിലുമായി കൂടുതൽ ബന്ധം ഉണ്ടാകുന്നത്. 2018-ലെ വെള്ളപ്പൊക്കത്തിനുശേഷം കേരളത്തിൽ വന്ന സമയത്ത് ചാലക്കുടി പുഴയുമായി ബന്ധപ്പെട്ട വെള്ളപ്പൊക്കത്തെയും അത് സംബന്ധിച്ച് ഞങ്ങൾ മുന്നറിയിപ്പ് നൽകിയിരുന്നതിനെയും കുറിച്ച് അദ്ദേഹം വിശദമായി ചോദിച്ചറിഞ്ഞിരുന്നു. അന്നത്തെ ഞങ്ങളുടെ പ്രവർത്തനങ്ങൾ സംബന്ധിച്ച് അദ്ദേഹം പിന്നീട് പലയിടത്തും എഴുതുകയും പറയുകയും ചെയ്തിരുന്നു.

മീനച്ചിൽ നദീതടത്തിൽ നടക്കുന്ന പ്രവർത്തനങ്ങളെയും അദ്ദേഹം ഏറെ പ്രശംസിക്കുകയും സഹായിക്കുകയും ചെയ്തിരുന്നു. ഒരിക്കൽ കൊച്ചി സർവ്വകലാശാലയിൽ അദ്ദേഹം നടത്തിയ പ്രഭാഷണത്തിനിടയിൽ അതിരപ്പിള്ളി പദ്ധതിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ അവതരിപ്പിക്കുവാൻ ഈ ലേഖകന് അവസരം നൽകി. മനുഷ്യ- വന്യജീവി സംഘർഷവുമായി ബന്ധപ്പെട്ട അദ്ദേഹത്തിന്റെ നിലപാടുകളോട് ചില വിയോജിപ്പുകൾ അറിയിച്ചതൊന്നും സൗഹൃദത്തെ ഒട്ടും ബാധിക്കാതെ അദ്ദേഹം ശ്രദ്ധിച്ചിരുന്നു.
ഏറെ ശാസ്ത്രീയമായി തയ്യാറാക്കപ്പെട്ടതും പശ്ചിമഘട്ട മലനിരകളുടെയും അവിടെ നിയമവിധേയമായി ജീവിക്കുന്ന മനുഷ്യരുടെയും സംരക്ഷണം ഉറപ്പുവരുത്തുന്നതിനുള്ള വിലപ്പെട്ട നിർദ്ദേശങ്ങൾ ഉൾപ്പെടുന്നതുമായ ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ട് സ്ഥാപിത താല്പര്യക്കാരുടെ സമ്മർദ്ദഫലമായി തള്ളിക്കളഞ്ഞത് ചരിത്രം.
ഏറെ ശാസ്ത്രീയമായി തയ്യാറാക്കപ്പെട്ടതും പശ്ചിമഘട്ട മലനിരകളുടെയും അവിടെ നിയമവിധേയമായി ജീവിക്കുന്ന മനുഷ്യരുടെയും സംരക്ഷണം ഉറപ്പുവരുത്തുന്നതിനുള്ള വിലപ്പെട്ട നിർദ്ദേശങ്ങൾ ഉൾപ്പെടുന്നതുമായ ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ട് സ്ഥാപിത താല്പര്യക്കാരുടെ സമ്മർദ്ദഫലമായി തള്ളിക്കളഞ്ഞത് ചരിത്രം. കാലാവസ്ഥാ പ്രതിസന്ധിയുടെയും തെറ്റായ ഭൂവിനിയോഗത്തിന്റെയും ഫലമായി കേരളത്തിൽ ആവർത്തിക്കുന്ന മഴക്കാല ദുരന്തങ്ങൾ ഇനിയും രൂക്ഷമാകാതിരിക്കണമെങ്കിൽ നമ്മൾ ആദ്യം ചെയ്യേണ്ടത് പശ്ചിമഘട്ട മലനിരകളുടെ പരിസ്ഥിതി പുനഃസ്ഥാപനമാണ്. ഇതിനാവശ്യമായ നിരവധി പ്രായോഗിക നിർദ്ദേശങ്ങൾ ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ടിലെ 'സെക്ടറൽ റെക്കമെന്റേഷൻസ്' എന്ന ഭാഗത്തുണ്ട്. ഇവ പരിഗണിക്കുന്നതിന് വൈകുന്ന ഓരോ വർഷവും നമ്മൾ കൊടുക്കേണ്ടിവരുന്ന വില വലുതായിരിക്കും. ഇനി അക്കാര്യം ഓർമ്മപ്പെടുത്താൻ മാധവ് ഗാഡ്ഗിൽ ഇല്ല എന്ന് നമുക്ക് ദുഃഖത്തോടെ തിരിച്ചറിയാം. അദ്ദേഹത്തിന്റെ എഴുത്തും വാക്കുകളും പ്രവർത്തിയും നമുക്ക് വഴികാട്ടിയായി എന്നും കൂടെയുണ്ടാകും.


