ഉണരുവിൻ, പട്ടിണിയുടെ തടവുകാരേ, നിങ്ങളുണരുവിൻ, നിങ്ങളുയരുവിൻ... -സാർവദേശീയ വിപ്ലവഗാനം പാടി ചെങ്കൊടിയേന്തി മുന്നേറുന്ന തൊഴിലാളി പ്രകടനത്തിന്റെ മുമ്പിലേക്ക് സായുധ പോലിസ് സംഘം ചാടി വീഴുന്നു:
താഴ്‌ത്തെടാ കൊടി!
മുന്നിൽ പ്രകടനം നയിക്കുന്ന തൊഴിലാളി:
കൊടി താഴ്ത്തുകയോ? 30 വർഷമായി ഞാനീ ഫാക്റ്ററിയിൽ വെറുമൊരു കൂലിയടിമയായി ജോലിയെടുക്കാൻ തുടങ്ങിയിട്ട്. ഇന്നെന്റെ മകൻ ഞങ്ങളിപ്പോൾ പാടുന്ന ഇതേ വിപ്ലവ ഗാനം പാടിയതിന്റെ പേരിൽ ജയിലിലെ ഏകാന്തത്തടവിൽ ഭ്രാന്തനായിക്കൊണ്ടിരിക്കുന്നു. ഇക്കൊടിയിൽ എന്റെ ചോരയുണ്ട്. ഞാനിതാർക്കും അടിയറ വെക്കില്ല. ഞാനിത് കൂടുതൽ കൂടുതലുയരത്തിലേക്ക് പറപ്പിക്കും. ആരുണ്ടത് തടയാൻ?
ഇൻസ്‌പെക്റ്റർ: കൊടി താഴ്ത്തുന്നതാണ് നല്ലത്.
തൊഴിലാളി :ഞാനീ കൊടി താഴ്ത്തുകയില്ല
ഇൻ: ചാർജ് !ബയണറ്റ് ചാർജ് ! വീണുകിടക്കുന്ന വൃദ്ധനായ തൊഴിലാളിയിൽ നിന്ന് പവേലിന്റെ വൃദ്ധയായ അമ്മ കൊടി എടുത്തുയർത്തുന്നു: സഖാവേ ,ആ കൊടിയിങ്ങു തരു. ഇത് ഞാനുയർത്തും, ഉയരത്തിലുയരത്തിൽ...
1950 കളിൽ നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി എന്ന കെ.പി.എ.സി. നാടകത്തിന്റെ അവസാനം മാല എന്ന പുലക്കള്ളിയിൽ നിന്ന് ആ കിഴട്ടു ജന്മി കേശവനായർ പിടിച്ചെടുത്ത ആ പഴയ ചെങ്കൊടി (ആ കൊടിയിങ്ങു താ, എനിക്കത് നിങ്ങളുടെ മുമ്പിൽ നിന്ന് ഉയർത്തി ഉയർത്തിപ്പിടിക്കണം. താ ആ ചെങ്കൊടി ) തിരിച്ചുപിടിക്കുകയായിരുന്നു എഴുപതുകളിലെ തിയ്യറ്ററിലെ ആ സഖാക്കൾ - മധു മാഷ്, രാമചന്ദ്രൻ മൊകേരി, സേതു, സ്റ്റെല്ല, ജോയ് മാത്യു, എ.സി.കെ. രാജ...- കോഴിക്കോട് രണചേതനയിലെ നടന്മാർ. അത് ജനകീയ സാംസ്‌കാരിക വേദിയുടെ ഉശിരൻ കാലം. അമ്മ, പടയണി, സ്പാർടക്കസ്, നാടുഗദ്ദിക.... പ്രൊസീനിയത്തിലും തെരുവിലും നൂറുകണക്കിന് വലുതും ചെറുതുമായ നാടകങ്ങൾ. ക്ഷുബ്ധ യൗവ്വനത്തിന്റെ രണ്ടാം നാടകകാലം...
അടിയന്തിരാവസ്ഥയിലെ ജയിൽവാസത്തിനു ശേഷം മധുമാഷ് പുറത്തുവരുന്നത് പടയണി എന്ന നാടകവുമായായിരുന്നു. സമസ്ത കേരള സാഹിത്യ പരിഷത്തിന്റെ ജൂബിലി നാടകോത്സവത്തിൽ സമ്മാനാർഹമായ ആ തൗരത്രിക നാടകവുമായായിരുന്നു ജനകീയ സാംസ്‌കാരിക വേദിയുടെ തുടക്കം. നാടകത്തിനു മുമ്പ് സാംസ്‌കാരിക പ്രഭാഷണവും കവിയരങ്ങും. കടമ്മനിട്ട, സച്ചിദാനന്ദൻ, ബാലചന്ദ്രൻ ചുള്ളിക്കാട്, ഞാനും മറ്റുള്ളവരും. പടയണിയെ തുടർന്നായിരുന്നു അമ്മ.
മാക്‌സിം ഗോർക്കിയുടെ അമ്മയേയും ആ നോവൽ അടിസ്ഥാനമാക്കി ബ്രെഹ്ത് എഴുതിയ നാടകത്തേയും അവലംബമാക്കി ചെയ്ത ഈ സ്വതന്ത്ര നാടകത്തെ നേരിടാൻ അന്നത്തെ ദേശാഭിമാനി സ്റ്റഡി സർക്കിൾ ബ്രെഹ്തിന്റെ നാടകം അതേപോലെ വിവർത്തനം ചെയ്ത് രംഗത്തെത്തിച്ചു. ഒരേ സമയത്ത് ഒരേ പേരിൽ രണ്ട് നാടകങ്ങൾ, രണ്ട് നാടകസംഘങ്ങൾ അവതരിപ്പിക്കുന്നു. അന്ന് ദേശാഭിമാനി പത്രാധിപരായിരുന്ന തായാട്ട് ശങ്കരനും ജനകീയ സാംസ്‌കാരിക വേദിക്ക് നേതൃത്വം നല്കിയിരുന്ന ഞാനും തലശ്ശേരി ടൗൺ ഹാളിലെ അടുത്തടുത്ത സീറ്റുകളിലിരുന്ന് ഇരു നാടകങ്ങളും ഒരുമിച്ചു കണ്ട ഓർമ. നമ്മുടെ തിയ്യറ്ററിൽ അങ്ങനെയുമുണ്ടായിരുന്നു ഒരു കാലം. തിയ്യറ്ററിലെ ഗ്രേറ്റ് ഡിബേറ്റിന്റെ കാലം ... അരനൂറ്റാണ്ട് കാലത്തെ സൗഹൃദത്തിനൊടുവിൽ വിട പറയുന്ന മലയാള അരങ്ങിലെ എക്കാലത്തേയും മികച്ച നാടകക്കാരിലൊരാളായ മധുവിന് റെഡ് സല്യൂട്ട്!