മധു മാസ്റ്റർ: ചില ജീവിതങ്ങൾ ചരിത്രമാവുന്നത് ഇങ്ങനെയാണ്

ഞങ്ങളുടെ തലമുറയെ ഒരു ഇടതുപക്ഷ രീതിയിൽ ചിന്തിക്കാൻ, അതും തീവ്രമായ ഇടതുപക്ഷരീതിയിൽ ചിന്തിക്കാൻ, ഫാസിസത്തെക്കുറിച്ച് ബോധവാൻമാരാകാൻ, സ്വേച്ഛാധിപത്യത്തിനെതിരെ നിലകൊള്ളാൻ, എല്ലാ അധികാരികൾക്കുമെതിരെ സമരം ചെയ്യാൻ ഒക്കെ പ്രേരിപ്പിച്ചത് അല്ലെങ്കിൽ അതിനുള്ള ആശയപരമായ ഒരു പിൻബലം തന്നത് മധു മാസ്റ്ററാണ്.

ഴുപതുകളിലെ നക്‌സൽ ബാരി രാഷ്​ട്രീയം ഉയർത്തിപ്പിടിച്ച് രാഷ്ട്രീയ പ്രവർത്തനത്തിനിറങ്ങിയ മധു മാസ്​റ്റർ, അടിയന്തരാവസ്ഥക്കാലത്ത് തടവിൽ കിടക്കുകയും കൊടിയ പൊലീസ് പീഡനങ്ങൾക്കിരയാവുകയും ചെയ്തു. തന്റെ സാംസ്‌കാരിക പ്രവർത്തനത്തിലൂടെയാണ് അദ്ദേഹം ശ്രദ്ധേയനായത്, പ്രത്യേകിച്ചും രാഷ്​ട്രീയ നാടകങ്ങളിലൂടെ. അന്ന് നിലവിലുണ്ടായിരുന്ന രണ്ട് നാടക സമ്പ്രദായങ്ങൾക്കും അപ്പുറം നിൽക്കുന്ന രാഷ്ട്രീയ പ്രത്യയശാസ്ത്രം ഉയർത്തിപ്പിടിക്കുന്ന, പ്രത്യേകിച്ചും കമ്യൂണിസ്റ്റ് രാഷ്ട്രീയം ഉയർത്തിപ്പിടിക്കുന്ന നാടകരചനയിലൂടെയും നാടക സംവിധാനത്തിലൂടെയുമാണ് മധു മാസ്റ്റർ മലയാളത്തിൽ രാഷ്ട്രീയ നാടക ധാര രൂപപ്പെടുത്തുന്നതിൽ പ്രധാന പങ്കുവഹിച്ചത്.

76-ൽ അടിയന്തരാവസ്ഥയ്ക്കുശേഷം ജയിലിൽ നിന്ന് പുറത്തുവന്ന മധു മാസ്റ്റർ രചിച്ച് സംവിധാനം ചെയ്ത പടയണി കേരളത്തിൽ ഏറെ ശ്രദ്ധ നേടിയ നാടകമാണ്. അതിനുശേഷമാണ് സാംസ്‌കാരികവേദിയ്ക്കുവേണ്ടി അമ്മ എന്ന നാടകം, മാക്‌സിം ഗോർക്കിയുടെ നോവലിനെ അടിസ്ഥാനമാക്കി മധു മാസ്റ്റർ സംവിധാനം ചെയ്ത് അവതരിപ്പിച്ചത്.

ഒരു നടനെന്ന നിലയിൽ എനിക്ക് അങ്ങേയറ്റത്തെ കടപ്പാടുള്ള, ഒരർഥത്തിൽ എന്റെ ഗുരു തന്നെയാണ് മധു മാസ്റ്റർ. 17 വയസ്സുള്ള എന്നെ നാടകത്തിലേയ്ക്ക് കൊണ്ടുവരികയും കേവലം കോളേജ് വിദ്യാർഥിയായിരുന്ന എന്നെ പ്രൊഫഷണൽ, അമച്വർ നാടകരംഗത്തേക്ക് കൊണ്ടുവന്ന് അഭിനയത്തിന്റെ ബാലപാഠങ്ങൾ അഭ്യസിപ്പിച്ചുതന്ന എന്റെ വലിയ ഗുരു തന്നെയാണ്. എന്നെ വായനയിലേക്കും രാഷ്ട്രീയബോധത്തിലേക്കും എല്ലാം വളർത്തിയെടുത്തതിൽ മധു മാസ്റ്റർക്കുള്ള പങ്ക് നിസ്തുലമാണ്. അമ്മ നാടകം കേരളത്തിലങ്ങോളമിങ്ങോളം കളിക്കുമ്പോൾ എനിക്ക് 17 വയസ്സാണ്.

പൊലീസിന്റെ നോട്ടപ്പുള്ളിയായി മധു മാഷും സംഘവും കേരളത്തിലങ്ങോളമിങ്ങോളവും ബോംബെയിലുമൊക്കെ നാടകമവതരിപ്പിച്ചു. നാടകം അവതരിപ്പിക്കാൻ രൂപംകൊണ്ടതാണ് ജനകീയ സാംസ്‌കാരിക വേദി. പിന്നീട് അതൊരു പ്രസ്ഥാനമായി മാറുകയും തുടർന്ന് ഡോക്ടറെ വിചാരണ ചെയ്യുന്നതുപോലെയുള്ള ജനകീയ സമരങ്ങളിലേർപ്പെടുകയും ചെയ്തു. പിന്നീട് രാഷ്ട്രീയ അഭിപ്രായവ്യത്യാസങ്ങളും ആശയ വ്യത്യാസങ്ങളും മറ്റും ഉടലെടുത്ത് ആ സംഘടന ഇല്ലാതായി. പക്ഷെ അതൊന്നും മധു മാസ്റ്ററുടെ സംഭാവനകളെ ഇല്ലാതാക്കുന്നില്ല. അമ്മ നാടകത്തിനു പുറമെ സ്പാർട്ടക്കസ്, കറുത്ത വാർത്ത, സുനന്ദ, പുലിമറഞ്ഞ കുട്ടൻ മൂസ് തുടങ്ങി നിരവധി നാടകങ്ങൾ സംവിധാനം ചെയ്യുകയും അഭിനയിക്കുകയും എഴുതുകയും ചെയ്തു മധു മാഷ്. ഞാൻ ആദ്യമായി ഒരു സിനിമ സംവിധാനം ചെയ്യുമ്പോൾ അതിലെ ഒരു കഥാപാത്രത്തെ മധു മാഷാണ് അവതരിപ്പിച്ചത്. ‘ഒരു ഷട്ടർ ഇട്ട മുറി ചൂലുകൊണ്ട് തൂത്തുവാരി തൂത്തുവാരുന്നു ഞാൻ, തൂത്തുവാരുന്നു ഞാൻ’ എന്ന പാട്ട് മാഷ് തന്നെ ഉണ്ടാക്കി പാടിയതാണ്.

നിരന്തരമായ രാഷ്ട്രീയബോധത്തിന്റെ മാറിമറിയലുകളാണ് മധു മാസ്റ്ററെ ഒരു സ്വതന്ത്ര നാടകപ്രവർത്തകനായി അല്ലെങ്കിൽ ചിന്തകനായി മാറ്റിയത് എന്ന് കാണാനാണെനിക്കിഷ്ടം. തന്റെ രാഷ്ട്രീയ കാഴ്ചപ്പാട് ശരിയല്ല എന്നുതോന്നിയ നിമിഷം അതുപേക്ഷിക്കുകയും അരാജക ജീവിതത്തിലേയ്ക്ക് മാറുകയും അതിന്റെ സ്വാതന്ത്ര്യം അങ്ങേയറ്റം ആഘോഷിക്കുകയും ചെയ്​തു, അപ്പോഴും തന്റെയുള്ളിലെ കെടാത്ത കലാപബോധം ഉണർത്തുന്ന സമരങ്ങളും ഒറ്റയാൾ സമരങ്ങളും ഒരിക്കലും അണഞ്ഞുപോകാതെ നിലനിർത്തി. ഒപ്പം, ഉള്ളിലുള്ള നീതിബോധത്തെ ഉയർത്തിപ്പിടിക്കുന്ന നിലപാടുകളും മധു മാസ്റ്റർ എന്ന നാടകകൃത്തിനെ മറ്റുള്ളവരിൽ നിന്ന് ഏറെ വ്യത്യസ്തനാക്കി.

അക്കാദമിക് പാണ്ഡ്യത്തിത്തിന്റെ പിൻബലമില്ലാതെ സ്വയം ആർജിച്ച വിജ്ഞാനത്തിന്റെ അല്ലെങ്കിൽ അറിവിന്റെ അല്ലെങ്കിൽ അനുഭവങ്ങളുടെ തീക്ഷ്ണമായ ഭൂമിയിലാണ് മധു മാഷ് തന്റെ രചനകൾ, തന്റെ സംവിധാനശൈലി ഒക്കെ രൂപപ്പെടുത്തിയെടുത്തത്.
എന്നെപ്പോലെ നിരവധി ശിഷ്യൻമാർ അഭിനയരംഗത്തും നാടകരംഗത്തുമൊക്കെ മധു മാസ്റ്റർക്കുണ്ട്. ഞങ്ങളുടെ തലമുറയെ ഒരു ഇടതുപക്ഷ രീതിയിൽ ചിന്തിക്കാൻ, അതും തീവ്രമായ ഇടതുപക്ഷരീതിയിൽ ചിന്തിക്കാൻ, ഫാസിസത്തെക്കുറിച്ച് ബോധവാൻമാരാകാൻ, സ്വേച്ഛാധിപത്യത്തിനെതിരെ നിലകൊള്ളാൻ, എല്ലാ അധികാരികൾക്കുമെതിരെ സമരം ചെയ്യാൻ ഒക്കെ പ്രേരിപ്പിച്ചത് അല്ലെങ്കിൽ അതിനുള്ള ആശയപരമായ ഒരു പിൻബലം തന്നത് മധു മാസ്റ്ററാണ്.

എന്നെ സംബന്ധിച്ച്​ എന്റെ വായനയെ ഗതിമാറ്റിവിടാനും എന്റെ അഭിനയത്തിലെ പാകപ്പിഴകൾ തിരുത്തിത്തരാനും കാഴ്ചപ്പാടുകൾ മാറ്റാനുമെല്ലാം ഒരുപാട് കാരണമായിട്ടുള്ളയാൾ മധു മാസ്റ്ററാണ്. തീരാത്ത തീരാത്ത അനുഭവങ്ങളും ഓർമകളും മധു മാസ്റ്ററുമായി എനിക്കുണ്ട്. രണ്ടുവർഷം മുമ്പ് മധു മാസ്റ്ററെ കോഴിക്കോട് നഗരത്തിൽ വെച്ച് ആദരിക്കാൻ ഞങ്ങളുടെ സുഹൃദ്‌സംഘം തീരുമാനിക്കുകയും അദ്ദേഹം ആദരം ഏറ്റുവാങ്ങുകയും ചെയ്തു. ഏറെ സന്തോഷവാനായിരുന്നു മധു മാഷ് എന്നതിൽ ശിഷ്യരായ ഞങ്ങളും സന്തോഷിച്ചു. ചില ജീവിതങ്ങൾ ചരിത്രപരമാകുന്നത്, സാർഥകമാകുന്നത് ഇങ്ങനെയൊക്കെയായിരിക്കും.


ജോയ് മാത്യു

നടൻ, സംവിധായകൻ, തിരക്കഥാകൃത്ത്​, സാംസ്‌കാരിക പ്രവർത്തകൻ. ബോധി ബുക്‌സ്​ എന്ന പ്രസാധന സ്​ഥാപനം നടത്തിയിരുന്നു.

Comments