ഇന്ത്യൻ ഫുട്‌ബോളിന് കേരളം കൈമാറിയ കരുത്തുറ്റ കളിമിടുക്കിന്റെ ലൈനപ്പിൽ നിന്ന് മലപ്പുറം അസീസിന്റെ നേർക്ക് കാലത്തിന്റെ ലോംഗ് വിസിൽ.
പാക് ടീമിന്റെ നായകസ്ഥാനത്ത് നിന്ന് ഇന്ത്യക്കെതിരെ കളിച്ച ഇരുമ്പൻ മൊയ്തീൻ കുട്ടി മുതൽ പുതിയ തലമുറയിലെ ഇന്ദ്രജാലക്കാരനായ ഇടത് വിംഗർ ആശിഖ് കുരുണിയൻ വരെ നീണ്ടു നിൽക്കുന്ന കാൽപന്തിന്റെ മലപ്പുറം പെരുമയിൽ അസീസ് ഇനി ആവേശകരമായ കളിയോർമ മാത്രം. ഫുട്‌ബോളിൽ നിന്ന് വിരമിച്ച ശേഷം 2000 -2001 കാലത്ത് സൗദിയിലെ ഹായിലിലും പിന്നീട് ജിദ്ദയിലും ചെറിയ ചില ജോലികളിലും ഒഴിവുവേളകളിലെ ഫുട്‌ബോളിലും മുഴുകിക്കഴിഞ്ഞ അസീസ്, അന്തർമുഖത്വം അടയാളമായി കൊണ്ടുനടന്ന തനി നാട്ടിൻപുറത്തുകാരനായിരുന്നു.
ഓർക്കുക, ഒരു കാലത്ത് കൊൽക്കത്തയിലെ ഫുട്‌ബോൾ ഭ്രാന്തന്മാർ, ഒരു ലക്ഷം പേർക്കിരിക്കാവുന്ന സാൾട്ട്‌ലേക്ക് സ്റ്റേഡിയത്തിനകത്ത് തോളിലേറ്റി നൃത്തം വെച്ച കളിക്കാരനായിരുന്നു അസീസ്. താൻ ജോലി ചെയ്തിരുന്ന ജിദ്ദ ഷറഫിയയിലെ പോളിക്ലിനിക്കിനടുത്ത പാർക്കിലെ സിമൻറ് ബെഞ്ചിലിരുന്ന്, മുൻ പി ആൻറ് ടി താരം മച്ചിങ്ങൽ അഹമ്മദ്കുട്ടിയുടെ നിർബന്ധത്തിനു വഴങ്ങി 2001 ഡിസംബറിൽ അസീസ് അയവിറക്കിയ ഫുട്‌ബോൾ കഥകളിലെ രോമാഞ്ചജനകമായ അനുഭവങ്ങൾ, അദ്ദേഹത്തിന്റെ മരണവാർത്തയറിഞ്ഞത് മുതൽ വീണ്ടും മനസ്സിൽ നിറഞ്ഞു. മദ്രാസ് റെജിമെൻറ് സെന്റർ ടീമിന്റെ (എം.ആർ.സി) കരുത്തുറ്റ ഡിഫന്ററും പിന്നീട് ടൈറ്റാനിയത്തിന്റെ നായകനുമായിരുന്ന മൂത്ത സഹോദരൻ മലപ്പുറം ചേക്കുവാണ് അസീസിന്റെ ജീവിതത്തിലേയും കളിയിലേയും മോഡൽ. കവാത്ത് പറമ്പ് എന്നറിയപ്പെട്ടിരുന്ന ഇന്നത്തെ മലപ്പുറം കോട്ടപ്പടിയിലെ മുനിസിപ്പൽ സ്റ്റേഡിയത്തിലാണ് അസീസ് പന്ത് തട്ടി വളർന്നത്. പേശികളിൽ ഫുട്‌ബോൾ ഉന്മാദം ചുരത്തുന്ന മറ്റു മലപ്പുറത്തുകാരെപ്പോലെ, ബൂട്ടില്ലാതെ കളി പഠിച്ച അസീസ്.
മലപ്പുറം കാവുങ്ങലെ വീട്ടിൽ നിന്ന് എന്നും കവാത്ത് പറമ്പിലെത്തി കളി പഠിക്കുന്ന ഭ്രാന്തൻ കാലം. പിൽക്കാലത്ത് ദേശീയതാരങ്ങളായി ഉയർന്ന അലിൻഡ് കുണ്ടറ ടീമിന്റെ മൊയ്തീൻകുട്ടി, എം.ആർ.സിയുടെ കൊറ്റൻ, പൂളക്കണ്ണി മുഹമ്മദലി, ഇന്ത്യൻ നേവിയുടെ കാവൽഭടൻ മൊയ്തീൻകുട്ടി എന്നിവരൊക്കെ കളിക്കാനെത്തിയിരുന്നു. അടിയുടെ ഊക്ക് കൊണ്ട് ഇരുമ്പൻ മൊയ്തീൻകുട്ടിയെന്ന വിളിപ്പേര് വീണ മേൽമുറി കുഴിമാട്ടക്കളത്തിൽ മൊയ്തീൻകുട്ടി, വിഭജനശേഷം പാക്കിസ്ഥാനിലെത്തുകയും പാക് ടീമിന്റെ നായകനാവുകയും ചെയ്ത കഥ അസീസിനു പറഞ്ഞു കൊടുത്തതും കളിയുടെ ഹരിശ്രീ കുറിച്ചുകൊടുത്തതും കോട്ടപ്പടിയിലെ പഴയകാല റഫറി അയമുക്ക.
അസീസിന്റെ സഹോദരൻ ചേക്കു, പ്രതിരോധനിരയിൽ ഉരുക്ക്ഭിത്തി തീർത്തെങ്കിൽ അസീസ്, കവിത പോലെ ചാരുതയോലുന്ന ഡ്രിബ്ലിംഗിലൂടെ മുന്നേറ്റനിരയിൽ മഴവില്ലുകൾ തീർത്ത ജെന്റിൽമാൻ പ്ലെയറായിരു്ന്നു. എതിർപ്രതിരോധം കീറിമുറിച്ച് കിടയറ്റ പാസുകൾ നൽകുന്നതിൽ വിദഗ്ധനായ അസീസ് എത്ര അകലെ നിന്നാണെങ്കിലും ഉഗ്രൻഷോട്ടുകൾ പായിക്കാനും പാടവമുള്ള കളിക്കാരനായിരുന്നു. മഞ്ഞക്കണ്ടൻ അബൂബക്കർ, ആലിക്കുട്ടി, സൂപ്പി അബു, ഛോട്ടാ സെയ്തലവി, സത്താർ, ഡിക്രൂസ്, അയമു, മയമു, പോക്കർ തുടങ്ങി മലപ്പുറത്തിന്റെ ഫുട്‌ബോൾ പോരിഷയിലെ ഏറ്റവും തിളക്കമാർന്ന കണ്ണിയായിരുന്നു, അസീസ്. ഇദ്ദേഹത്തിന്റെ കുടുംബത്തിൽപ്പെട്ട അൻവർ, സമീർ, അമീർ, ഷാജി എന്നിവരും ഇന്ത്യൻ കുപ്പായമണിഞ്ഞ കളിക്കാരായിരുന്നു.
1964 ൽ കോഴിക്കോട് നാഗ്ജി ടൂർണമെന്റിൽ മാറ്റുരയ്ക്കാൻ എം.ആർ.സി ടീം വന്ന സമയത്ത് സമാന്തരമായി മലപ്പുറത്ത് സൈനിക റിക്രൂട്ട്‌മെൻറ് നടന്നിരുന്നു. ചേക്കു അന്ന് എം.ആർ.സിയിലുണ്ട്. പ്രമുഖ കളിക്കാരൻ ചിദാനന്ദനുമുണ്ട്. ഇരുവരോടും പറഞ്ഞ് അസീസും കളിയുടെ ബലത്തിൽ പട്ടാളനിയമനത്തിനു ശ്രമം നടത്തി. ഭാഗ്യത്തിന് ആർമി സപ്ലൈ കോർപ്സിന്റെ (എ.എസ്.സി) ബാംഗ്ലൂർ പരിശീലനകേന്ദ്രത്തിലേക്ക് അസീസും മലപ്പുറത്തുകാരനായ ഭരതനും സെലക്ഷൻ കിട്ടി. പരിശീലനകാലത്ത് ഇന്റർ കമ്പനി ടൂർണമെൻറ് നടക്കുന്നുണ്ടായിരുന്നു. അസീസും കളിക്കളത്തിലിറങ്ങി. അസീസിന്റെ അച്ചടക്കം നിറഞ്ഞ കളി കണ്ട് പരിശീലനം നടക്കുന്ന മൈതാനത്തെത്തിയ എ.എസ്.സി ടീമിന്റെ കോച്ച് ബാലസുബ്രഹ്‌മണ്യം അസീസിനെ ടീമിലെടുത്തു. തുടർന്ന് ഇരുപത് വർഷത്തോളം വിവിധ ടീമുകൾക്കായി ഇന്ത്യയിലെ പ്രധാനടൂർണമെന്റുകളിൽ അസീസ് ബൂട്ട് കെട്ടി. ശൈലൻ മന്ന, ചുനിഗോസ്വാമി, പി.കെ ബാനർജി തുടങ്ങിയ ഇന്ത്യൻ ഫുട്ബോൾ രാജാക്കന്മാർ സെലക്ടർമാരായിരുന്ന ഇന്റർടൂർണമെന്റിൽ നിന്നും ആദ്യമായി അസീസ് സർവീസസ് ടീമിലെത്തുകയായിരുന്നു. ഫൈനലിൽ ബംഗാളിനെ മുട്ടുകുത്തിച്ച ആദ്യത്തെ സന്തോഷ് ട്രോഫി വിജയം. തുടർന്ന് ആന്ധ്രപ്രദേശ്, കർണാടക, തമിഴ്‌നാട്, കേരളം, ശ്രീലങ്ക ടീമുകൾ പങ്കെടുത്ത സതേൺ പെന്റാങ്കുലറിലും അസീസ് മുന്നേറ്റനിരയിലെ താരമായി. കൊല്ലത്തും കൊളംബോയിലും അസീസ് നായകനായ ടീമിനു കിരീടവിജയം. എറണാകുളം നാഷനലിൽ മലപ്പുറത്തുകാരനായ ഗോൾകീപ്പർ മൊയ്തീൻകുട്ടിയോടൊപ്പം സർവീസസിനെ നയിച്ചത് അസീസ്. ഗോൾവലയം കാത്തതും ടീമിനെ നയിച്ചതും ഒരേ നാ്ട്ടുകാർ. അതേ മൽസരത്തിൽ കേരളടീമിന്റെ ഡിഫന്റർ ജ്യേഷ്ടൻ ചേക്കുവും തമിഴ്‌നാട് ടീമിൽ സ്റ്റേറ്റ്്്ബാങ്ക് കളിക്കാരൻ മലപ്പുറം മൊയ്തീൻകുട്ടി എന്ന ചെറിയാപ്പുവും. മൊയ്തീൻകുട്ടി പിന്നീട് ഇന്ത്യൻ ടീമിന്റെ മികച്ച ലെഫ്റ്റ് ഇൻ ആയി ഉയർന്നു.
കൊൽക്കത്തയിലേയും മുംബൈയിലേയും വമ്പന്മാരത്രയും അസീസിനെത്തേടിയെത്തി. ജലന്തർ നാഷനലിൽ പങ്കെടുത്ത സർവീസസ് ടീമിലെ അസീസടക്കം പതിനാറു കളിക്കാരും ഭക്ഷ്യവിഷബാധയേറ്റ് ആശുപത്രിയിലായത് ഇക്കാലത്താണ്. എ.എസ്.സിയിൽ നിന്ന് വിട്ട അസീസ്, മുഹമ്മദൻസിലേക്കുള്ള കൂടുമാറ്റത്തിന്റെ ഒരുക്കത്തിലായിരുന്നു. സത്യത്തിൽ ബാംഗ്ലൂരിൽ നിന്ന് അസീസിനെ മുഹമ്മദൻസിന്റെ മാനേജർ മസൂദ് റാഞ്ചിക്കൊണ്ടു പോവുകയായിരുന്നു. അസീസിന്റെ കേളീശൈലി അത്രയ്ക്കും ആകർഷകമായിരുന്നു. രണ്ടു വർഷത്തെ കരാർതുക മുഴുവൻ മുൻകൂറായി നൽകിയാണ് അസീസിനെ കൊൽക്കത്തയിലേക്ക് കൊണ്ടുപോയത്. ഫുട്‌ബോൾ ടീമുകളുടെ സംഘാടനചരിത്രത്തിലെ ആദ്യസംഭവം. തന്നെ മസൂദ് സാബിന് പരിചയപ്പെടുത്തിയ ഇന്ത്യൻ കോച്ച് നഈമുദ്ദീനേയും ടാറ്റാ അക്കാദമി കോച്ച് ഹബീബിനേയും മറക്കാൻ കഴിയില്ലെന്ന് അസീസ് പറഞ്ഞതോർക്കുന്നു.
മുഹമ്മദൻസിലെ കളിക്കാലം, അസീസിന്റെ വസന്തമായിരുന്നു. രണ്ടുകാൽ കൊണ്ടും ഡ്രിബ്ൾ ചെയ്യാനുള്ള കഴിവ് അസീസിന്റെ പാസുകളുടെ അഴക് വർധിപ്പിച്ചു. പറക്കുന്ന കളിക്കാരനായിരുന്നു. ഒരു പക്ഷേ പിന്നീട് സിദാനിലും മറ്റും ലോകം കണ്ട അതേ വേഗതയുടെ ഇന്ത്യൻ മാതൃക. മുഹമ്മദൻസിന്റെ ടോപ് സ്‌കോറർ ലത്തീഫുദ്ദീനായിരുന്നുവെങ്കിലും ഈ ഗോളുകളത്രയും പിറവിയെടുത്തത് അസീസിന്റെ അളന്നുമുറിച്ച പാസുകളിൽ നിന്നായിരുന്നു. കൊൽക്കത്തയിലെ ഹൗറാ ടൂണിയൻ ഗ്യാലറിയിലിരുന്ന് കളി കണ്ട പഴയകാലതാരം ഒളംപ്യൻ ബാലറാം, അസീസിന്റെ പാസുകളെപ്പറ്റി ഏറെ പറഞ്ഞിട്ടും എഴുതിയിട്ടുമുണ്ട്. കളിക്കുക, ആസ്വദിക്കുക, ആസ്വദിച്ചുകളിക്കുക- ഇതായിരുന്നു അസീസിന്റെ ശൈലി.
ഒരിക്കലും താരമാകാനോ, അംഗീകാരങ്ങൾക്ക് പിറകെ പോകാനോ ഇഷ്ടപ്പെടാത്ത കളിക്കാരനായിരുന്നു അസീസ്. 1975 ലെ ഇന്തോനേഷ്യയിലെ ഹാലൻകപ്പിനുള്ള ഇന്ത്യൻ ടീമിനൊപ്പം ചേരണമെന്ന അന്നത്തെ അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷൻ പ്രസിഡൻറ് സിയാവുൽഹഖിന്റെ ടെലഗ്രാം വഴിയുള്ള ആവശ്യം വിനയത്തോടെ നിരാകരിച്ച, മുഹമ്മദൻസിന്റെ ഈ നായകൻ മുംബൈ ഓർക്കെ മിൽസിനു വേണ്ടിയും കളിച്ചിരുന്നു. കൊൽക്കത്താ ലീഗ് കിരീടവും ഡി.സി.എം ട്രോഫിയും എയർലൈൻ കപ്പുമെല്ലാം കൊൽക്കത്താ മുഹമ്മദൻസിന് നേടിക്കൊടുത്ത നായകനും ഈ മലപ്പുറത്തുകാരൻ തന്നെ.
ആരവങ്ങളിൽ നിന്നൊഴിഞ്ഞ് ശിരസ്സ് താഴ്ത്തി, മലപ്പുറത്തിന്റെയും ജിദ്ദയുടേയും ഓരങ്ങളിലൂടെ ആരോരും ശ്രദ്ധിക്കാതെ നടന്നുപോയിരുന്ന ഈ പ്രതിഭാശാലിയായ കളിക്കാരന്റെ കേളീചാരുതയുടെ ചരിത്രവും ഇതാ മറഞ്ഞുപോയി.