2017 ൽ കൊണ്ടോട്ടിയിൽ നടന്ന സൂഫി ഫെസ്റ്റിവലിൽ നിന്ന് / Photo: Biju Ibrahim

വിലാപങ്ങൾ മദ്ഹുകൾ
മങ്കിഗീതയും മങ്കൂസ് മൗലൂദും

​മന്തിച്ചോറിൽ ജൂതപ്പണത്തെ ഉപാസിച്ച്​ മരുഭൂമിയായിത്തീരുന്ന മനസകത്തുനിന്ന് ഖയാലും കിസ്സയും മദ്ഹുപാട്ടും മങ്കൂസ് മൗലൂദും ‘സ്വലാത്ത് നഗറുകൾ' കൊണ്ടു പോകുമോ? ചിന്തിക്കാൻ ഇന്റലിജൻസിന് വകയുണ്ട്. സർവൈലൻസ് സഖാക്കൾ ഒലീവുമരച്ചുവട്ടിൽ വച്ച ഒളിക്യാമറകൾക്ക് പിടികിട്ടാത്ത കഥയും കവിതയുമുണ്ട്.

രണ്ട്​

A damsel with a dulcimerIn a vision once I saw:It was an abyssinian maidAnd on her dulcimer she playedSinging on Mount Abora.Could I revive within meHer symphony and song...- Samuel Taylor Coleridge, Kubla Khan.

ലയാളം മറന്ന കാവ്യജീവിതം മലപ്പുറത്തുണ്ട്.
മലപ്പുറം മലയാളം ഒരു കാളിദാസപ്രകൃതിയാണ് എന്നറിഞ്ഞ വി. സി. ബാലകൃഷ്ണപ്പണിക്കർ, മലബാറിന്റെ വിളക്കുമാടം എന്നു വിളിപ്പേരുണ്ടായിരുന്ന ഊരകം മലയടിവാരത്തിൽ പാർത്ത കവിയാണ്.
ഇരുളിനെഴുതിയ വി.സിയുടെ സ്തുതിഗീതങ്ങൾ ഇരുണ്ട കാലത്തും പാട്ടുണ്ടാകുമെന്നതിന്​ തെളിവ്.

നാട്ടാരെല്ലാം വിഷൂചിലഹളയിലുതിരുംകാല, മദ്ദീനമായിത്തൻ- കൂട്ടാളയ്യോ, കഴിഞ്ഞീടിന കഥ, വലുതായുള്ള വർഷാനിശീഥം, കേട്ടാലാരും ഭയംകൊണ്ടിളകി മറിയുമീവേളയിൽ കഷ്ടമായാൾ നീട്ടാനുംകൂടി വയ്യാതെരിയുമൊരു വിളക്കിന്റെ നേരിട്ടിരുന്നു.(ഒരു വിലാപം)

​എഴുത്തച്ഛന്റെയും പൂന്താനത്തിന്റെയും ഭക്തിയെ സംസ്‌കൃതകവിതയുടെ വിഭക്തിക്ക് വഴങ്ങാതെ വേറിട്ടുകാത്ത മലപ്പുറം കഥ മധ്യകാലത്തിന്റേതാണ്. മേൽപ്പത്തൂരിന്റെ വിഭക്തിയേക്കാൾ പൂന്താനത്തിന്റെ ഭക്തിയാണ് തനിക്കിഷ്ടമെന്ന് ഭഗവാന് സ്വപ്നദർശനം നൽകേണ്ടിയും വന്നു

തൂതപ്പുഴയിലുള്ള മത്സ്യസ്പീഷ്യസുകൾ പിന്നെ ഹിമാലയത്തിലാണ് കണ്ടുവരുന്നത് എന്ന ജീവൽശാസ്ത്രം വികസിക്കും മുമ്പ്, കാളിദാസപ്രകൃതിയാണ് മലപ്പുറത്തിന് എന്ന് കവികൾ അറിഞ്ഞാനന്ദിച്ചിരുന്നു. ഷില്ലോങിലെ നെൽവിത്തിനങ്ങൾ ആരാമ്പ്രം മലയിലെ കരനെൽകൃഷിക്ക്​ യോജിച്ചതാണെന്ന് ഗോപകുമാർ പൂക്കോട്ടൂരിന്റെ കണ്ടെത്തലും മലപ്പുറത്തെ ഹിമാലയൻ മഴക്കാടുകളെക്കുറിച്ചുള്ള
അറിവിന്റെ നിദർശമാണ്.

ഒപ്പം, മലയും മലയോരവും ചേർന്ന കുറിഞ്ചിനിലവും, കാടും പരിസരവും ഇടയരും വസിക്കുന്ന മുല്ലനിലവും, അരുവിയോ നീർച്ചാലുകളോ ഇല്ലാത്ത ഊഷരഭൂമിയായ പാലനിലവും, വയലും വയൽ ചേർന്ന ദിക്കുകളും തോടും ചിറയും കുളവും പുഴയും നാടും നഗരവും ചേർന്ന സമതലഭൂമിയായ മരുതനിലവും, കടലും കായൽക്കരയും പരിസരങ്ങളും ചേർന്ന നെയ്തൽനിലവും ഉൾപ്പെടുന്ന സംഘകാലത്തെ ഭൂവൈവിധ്യങ്ങൾ മലപ്പുറം കവിതയ്ക്കു പശ്ചാത്തലമൊരുക്കുന്നു.

തമസ്സിലെ വെളിച്ചക്കീറുകൾ അന്വേഷിച്ച വി.സി കവിത, വെളിച്ചത്തിന്റെ നവോത്ഥാനയുക്തിയെ ആഘോഷിച്ച പിൽക്കാല വൈലോപ്പിള്ളിക്കാലത്തിൽ നിന്ന് ഏറെ വ്യത്യസ്തമായിരുന്നു. ജി. ശങ്കരക്കുറുപ്പ് തന്റെ കവിതയിൽ പിടിച്ചെടുക്കാൻ ശ്രമിച്ച മിസ്റ്റിസിസത്തിന്റെ ഭാവതലങ്ങൾ എത്രയോമുമ്പ് വി. സിയുടെ കാവ്യവിഭവങ്ങളിൽ നിറവായിരുന്നു. തന്റെ ദേവ്യുപാസനയുടെയും വേദാന്തവിവേകത്തിന്റെയും കാവ്യ സാക്ഷ്യങ്ങൾ നിരൂപകയുക്തിയുടെ ആധുനികതയെ കവിഞ്ഞു തുളുമ്പുന്നതായിരുന്നു.

ജി. ശങ്കരക്കുറുപ്പ് / Source: Twitter, Indian Democracy

കവികളെല്ലാം കൊച്ചുപ്രായത്തിലേ മരിച്ചുപോകുന്ന പതിവ് കാല്പനിക പ്രസ്ഥാന കാലത്തുണ്ട്. കോൾറിഡ്​ജും ഷെല്ലിയും വി.സിയും ഇടപ്പള്ളിയും ചങ്ങമ്പുഴയും വൈദ്യരുമെല്ലാം അത്യപൂർവവും അസാധാരണവുമായ നിലയിൽ ഭാഷയിലെ കാവ്യപക്ഷം പകർന്ന്, പ്രായം കൊണ്ട് പക്വതയാകുംമുമ്പ് വിടപറഞ്ഞവരാണ്. അതിനാലാവണം ഗ്രീക്ക്, റോമൻ കവികളെ പിന്തുടർന്ന് റൊമാന്റിസിസത്തിന്റെ കാലത്ത് വിലാപകാവ്യങ്ങൾ ഒരു സമ്പ്രദായമായി മാറിയത്. ആധുനിക കാലത്തും അതിന്റെ അനുരണനങ്ങളുണ്ടായി. മദ്ഹുകളും മങ്കി മൗലൂദുകളും വിലാപങ്ങളും ഓർമകളുടെ ഖയാലും കെസ്സും കിസ്സയുമായിത്തീർന്ന കാവ്യജീവിതത്തിന്റെ ശ്രുതികളും സ്മൃതികളും.

‘മുങ്ങിപ്പൊങ്ങും തമസ്സിൽ കടലിലൊരുകുടം പോലെ ഭൂചക്രവാള'ത്തെ കണ്ട കവി മലയാളത്തിന്റെ ആദ്യ വിലാപകാവ്യം ചമയ്ച്ചപ്പോൾ, അതേ കാലചക്രത്തിൽ ജീവിച്ച പുലിക്കോട്ടിൽ ഹൈദർ വിടവാങ്ങിയപ്പോൾ ഒരു കവിത പിറന്നു. കീറ്റ്‌സ് വിട പറഞ്ഞപ്പോൾ ഷെല്ലി എഴുതിയ അഡോണിയസ് എന്ന പ്രശസ്തമായ വിലാപകാവ്യമെന്നോണം.

എല്ലാവരും നവോത്ഥാനയുക്തിയിൽ ഉണർന്നപ്പോൾ മലപ്പുറം ഭക്തിയുടെ രഹസ്യത്തിൽ അമർന്നു. എല്ലാവരും ഗദ്യത്തിൽ മുന്നേറ്റം കണ്ടപ്പോൾ മലപ്പുറംവഴക്കങ്ങൾ പദ്യത്തിൽത്തന്നെ തുടർന്നു. ഉപമകളും ഉൽപ്രേക്ഷയുംകൊണ്ടുള്ള നാട്ടുഭാഷ തീർത്തു.

മാപ്പിള മക്കൾക്കെന്നും പൂന്തേനാറൊരുക്കിത്തന്ന പുന്നാരക്കവി ഹൈദർകാക്ക പോയല്ലോ മാപ്പിളപ്പാട്ടിൻ മൊഞ്ചഴകിൽ വെഞ്ചാമരം വീശിത്തന്ന മുത്തു ഹബീബിൻ നെഞ്ചകമീ മണ്ണിൽ ചേർന്നല്ലോ...

He is made one with nature:there is heardHis voice all in her musicfrom the moan of Thunder to the song of night's sweet bird:He is a presence to be felt and knownIn darkness and in lightfrom herb and stone.- Adonais, An elegy on the deathof John Keats by P. B. Shelly.

സ്വാതന്ത്ര്യത്തോടുകൂടി സ്വയമുയരുമൊരീ നിന്റെ ജീവൻ, ക്രമത്തിൽ കൈതന്നുംവെച്ചു വാനോർ വനിതകളരുളീടുന്നൊരഗ്രാസനത്തിൽ ആതങ്കം വിട്ടു മിന്നി, ക്കിളികളിളകുമാനന്ദനത്തോപ്പിലേന്തും ഗീതത്തോടൊത്തു പുത്തൻ മണമണിയുമിളംകാറ്റു തെല്ലേറ്റിടട്ടെ.
(ഒരു വിലാപം)

ഒപിയം പകർന്ന സ്വപ്നദർശനം കൊണ്ട് കവിത തീർത്ത കോൾറിഡ്​ജും പ്രകൃതിയോടൊപ്പം നൃത്തം ചെയ്ത കീറ്റ്‌സും അദ്ദേഹത്തിന്റെ അകാലമരണത്തിൽ വിലാപകാവ്യം എഴുതിയ ഷെല്ലിയും മലപ്പുറത്തുണ്ട്. അയർലണ്ടും ഇംഗ്ലണ്ടും കവിതയിൽ തുടുത്ത ഇംഗ്ലീഷ് റൊമാൻറിസസത്തിന്റെ ആ കാലം തന്നെ കവിതയിലൂടെ മലയാളത്തിനും ആധുനികത നൽകി.

എഴുത്തച്ഛന്റെയും പൂന്താനത്തിന്റെയും ഭക്തിയെ സംസ്‌കൃതകവിതയുടെ വിഭക്തിക്ക് വഴങ്ങാതെ വേറിട്ടുകാത്ത മലപ്പുറം കഥ മധ്യകാലത്തിന്റേതാണ്. മേൽപ്പത്തൂരിന്റെ വിഭക്തിയേക്കാൾ പൂന്താനത്തിന്റെ ഭക്തിയാണ് തനിക്കിഷ്ടമെന്ന് ഭഗവാന് സ്വപ്നദർശനം നൽകേണ്ടിയും വന്നു. ഇത്​ പാവം പെണ്ണുങ്ങൾക്കുള്ള പുരാണമാണെന്നും എഴുതാൻ വിലക്കുള്ളതുകൊണ്ടാണ് കിളിമൊഴിയാക്കുന്നതെന്നും എഴുത്തച്ഛനും പറഞ്ഞു. പിൽക്കാലത്ത് അദ്ദേഹത്തിനെ ഭാഷാപിതാവാക്കേണ്ട ഗതിയുണ്ടായി. തിരുവിതാംകൂർ രാജവാഴ്ചയിൽ പതിതരായി ഭവിച്ച നായർസമൂഹത്തിന് കിളിപ്പാട്ട് വിമോചനത്തിന്റെ ദൈവശാസ്ത്രമാവുകയും ചെയ്തു.

പുലിക്കോട്ടിൽ ഹൈദർ / Photo: Wikimedia

ഈഴവർക്കുള്ള ശിവനെയാണ് താൻ പ്രതിഷ്ഠിച്ചത് എന്ന് നാരായണഗുരു ‘ആധുനിക മലയാളം' രചിക്കുവോളം നാം എഴുത്തച്ഛനിൽ പുലർന്നു.

മലപ്പുറം മാഹാത്മ്യത്തിലെ തിരൂർ തുഞ്ചൻപറമ്പ്.
എണ്ണയാട്ടിന്റെ താളത്തിൽ പിറന്ന ഇന്ത്യൻ ഭക്തിപ്രസ്ഥാനത്തിന്റെ മലയാളത്തിന്റെ നീക്കിബാക്കി.

കവിതയുടെ ഭാഷ ഹൃദയരക്തംകൊണ്ടുള്ളതാണ് എന്നതിനാലാവണം കവികളൊക്കെ അകാല മരണത്തിനിരയാകുന്നത്. മുമ്പേ പൊലിഞ്ഞ കവി പിമ്പേ നടന്ന കവിയ്ക്ക് വിലാപകാവ്യം എഴുതുന്ന ആത്മരഹസ്യമായി കവിത മാറുന്നത് അതുകൊണ്ടാവണം. ഗദ്യത്തിൽ പറയാൻ കഴിയാത്ത ഉൺമയെ ആവിഷ്‌കരിക്കുന്ന ആത്മായനത്തിന്റെ സ്വഭാവം കവിതയ്ക്ക് വരുന്നതും അങ്ങിനെത്തന്നെ. ഭഗവാന്റെ ഗീതമായി ഗീതാരഹസ്യം കാവ്യനീതി തേടുന്നതും ഉപനിഷത്തിന്റെ ജ്ഞാനിമം കാവ്യഭാഷ കൈവരിക്കുന്നതും ഈ നിലയിലാണ്. ‘ഗദ്യത്തിന്റെ മധുരോക്തികളും പദ്യത്തിന്റെ ഗാനാത്മകതയും' സാന്ധ്യഭാഷ തീർക്കുന്ന ഖുർആന്റെ രഹസ്യമറിയുന്ന മലപ്പുറം, കവിതയ്ക്ക് ജീവിതം ചീന്തിക്കൊടുത്തതിന്റെ കാരണവും മറ്റൊന്നമല്ല.

കോൾറിഡ്​ജിയൻ സ്വപ്നദർശനവും വേർഡ്‌സ് വർത്തിയൻ പ്രകൃതിയും ഷെല്ലിയുടെ വിലാപശ്രുതികളും കാളിദാസ ക്ലാസിസത്തോടും എഴുത്തച്ഛന്റെ ഭക്തിസുധയോടും ചേർന്ന് രൂപംകൊണ്ട മലപ്പുറം മലയാളം.

എല്ലാവരും വെളിച്ചത്തെ ആഘോഷിച്ചപ്പോൾ മലപ്പുറം ഇരുട്ടിനെ പ്രണയിച്ചു. നവോത്ഥാനത്തിന്റെ വെളിച്ചമാഹാത്മ്യത്തിനു പകരം ‘ശ്രേഷ്ഠമായ ഇരുട്ടിന്റെ രാത്രി'യുടെ ശിവരാത്രം, ലൈലത്തുൽ ഖദ്ർ, ആഘോഷിച്ചു. എല്ലാവരും നവോത്ഥാനയുക്തിയിൽ ഉണർന്നപ്പോൾ മലപ്പുറം ഭക്തിയുടെ രഹസ്യത്തിൽ അമർന്നു. എല്ലാവരും ഗദ്യത്തിൽ മുന്നേറ്റം കണ്ടപ്പോൾ മലപ്പുറംവഴക്കങ്ങൾ പദ്യത്തിൽത്തന്നെ തുടർന്നു. ഉപമകളും ഉൽപ്രേക്ഷയുംകൊണ്ടുള്ള നാട്ടുഭാഷ തീർത്തു. കവിത കണ്ടത്താനുള്ള ‘പി'യുടെ വഴിതെറ്റിയ യാത്രകൾക്കു മുമ്പേ നടന്നു.

കേളി മികച്ചൊരു മലബാറിൽ പൂമാരി പൊഴിച്ചു ചിരിച്ചോരെ കേരമരങ്ങൾ ചൂടിയ വീഥിയിൽ വീണക്കമ്പി പടുത്തോരെ കേറിയ തോണിക്കൊമ്പിലിരുന്നോ ളങ്ങൾക്കൊത്തു മണിച്ചോരെ കേസിനു പോയ തിരൂരിൽ നിന്നൊരു കെസ്സും കൊണ്ടു തിരിച്ചോരെ...

തിരൂർ തുഞ്ചൻപറമ്പ് / Photo: Wikimedia

കവിതയെത്തേടിയുള്ള ഈ സർക്കീട്ടുകൾ തീവണ്ടിച്ചിന്തും വെറ്റിലപ്പാട്ടും കിളത്തിമാലയും ഹുസ്‌നുൽ ജമാലും രചിച്ചു. സംഘർഷങ്ങളുടെ നാളുകളിലും ഭാഷയെയും ജീവിതത്തെയും കാത്തുസൂക്ഷിച്ച കുലവൈദ്യന്മാർ. മോയിൻകുട്ടി വൈദ്യർക്കുശേഷം കടായിക്കൽ മൊയ്തീൻകുട്ടിയും മുണ്ടമ്പ്ര ഉണ്ണിമമ്മദും സുജായി മൊയ്തുവും വടക്കിണിയേടത്ത് അഹമ്മദ്കുട്ടിയും നിർമ്മിച്ച മലപ്പുറം കാവ്യ രേഖകൾ.

കോൾറിഡ്​ജിയൻ സ്വപ്നദർശനവും വേർഡ്‌സ് വർത്തിയൻ പ്രകൃതിയും ഷെല്ലിയുടെ വിലാപശ്രുതികളും കാളിദാസ ക്ലാസിസത്തോടും എഴുത്തച്ഛന്റെ ഭക്തിസുധയോടും ചേർന്ന് രൂപംകൊണ്ട മലപ്പുറം മലയാളം. പാലക്കാട് കലക്കത്തുഭവനിലെ കുഞ്ചൻ നമ്പ്യാരുടെ തുള്ളൽ പ്രസ്ഥാന കാലത്തോടൊത്ത് രൂപംകൊണ്ട വൈദ്യർ കാവ്യങ്ങൾ. ചേലക്കരയിലെ ‘അതീത യാഥാർഥ്യങ്ങളിൽ' നിന്നാണത്രെ വൈദ്യരുടെ കുടുംബം കൊണ്ടോട്ടിയിൽ വന്നെത്തിയത്. പത്തു ഭാഷകളുടെ സങ്കലനം കൊണ്ട് കവിത തീർത്ത വൈദ്യരുടെ കാവ്യജീവിതം മലയാളത്തിന് നഷ്ടമായ മാണിക്യമാണ്. ഒരുപക്ഷേ മൺമറഞ്ഞ കവികളുടെമേൽ നടത്തുന്ന ഓർമകളുടെ കലാപമാണ് മലപ്പുറംജീവിതം.

കോഴിക്കോട്ടെ അവധൂത സംഗീതജ്ഞരെപ്പോലെ മലപ്പുറത്തെ കവികളും കക്കനുണങ്ങി മരിച്ചു. അകാലത്തിൽ പൊലിഞ്ഞു. അസൂയാലുക്കളാൽ ആക്രമിക്കപ്പെട്ടു. കീറ്റ്‌സിന്റെയും ഷെല്ലിയുടെയും ഇംഗ്ലണ്ട് പോലെ മലപ്പുറം വിലാപങ്ങളുടെ ദിക്‌റ് ഹൽഖകളായി.

മന്തിച്ചോറിൽ ജൂതപ്പണത്തെ ഉപാസിച്ച്​ മരുഭൂമിയായിത്തീരുന്ന മനസകത്തുനിന്ന് ഖയാലും കിസ്സയും മദ്ഹുപാട്ടും മങ്കൂസ് മൗലൂദും ‘സ്വലാത്ത് നഗറുകൾ' കൊണ്ടു പോകുമോ? ചിന്തിക്കാൻ ഇന്റലിജൻസിന് വകയുണ്ട്. സർവൈലൻസ് സഖാക്കൾ ഒലീവുമരച്ചുവട്ടിൽ വച്ച ഒളിക്യാമറകൾക്ക് പിടികിട്ടാത്ത കഥയും കവിതയുമുണ്ട്.

എഡിറ്റററുടെ സ്ഥലം തീരുന്നു. കവിത ആനുകാലികത്തിന് വഴങ്ങുന്നതല്ല സഖാവേ. അയ്യോ പവിഴം, നീയെന്തിന് ആ കള്ളക്കിളികളുടെ കൂടെക്കൂടി? അതല്ലേ നിന്റെ ആത്മജ്യോതിസ്സുകൾ അമ്പേറ്റ പോലെ പിടയുന്നത്?
ഉത്തിഷ്ഠത ജാഗ്രത
പ്രാപ്യവരാൻ നിബോധത!
​ക്ഷുരസ്യ ധാരാ ദുരത്യയാ...

ആത്മായനം കവിത പോലെ ആയുസ്സ് പകരം ചോദിക്കുന്ന കത്തിമുന നടത്തമാണ്. ‘മുടിനാരേഴായി ചീന്തീട്ട് അതിലൊരു പാലം കെട്ടീട്ട് ' ഈമാനുറച്ചവർ മാത്രം കരപറ്റുന്ന സിറാത്താണ്. നേരെ ചൊവ്വേയുള്ള ഇടുങ്ങിയ പാത നട്ടെല്ലിനുള്ളിലാണെന്ന് വിലാപശ്രുതികൾക്കും വർഷനിഷീഥത്തിനുമിടയിൽ വി. സി. ബാലകൃഷ്ണപ്പണിക്കർ ശ്രീവിദ്യ ഉപദേശിക്കുന്നു.

മങ്കൂസ് മൗലൂദുകളും മങ്കിഗീതയും പണിഞ്ഞ മലപ്പുറം.
ആമ്പലും താമരയും ഒരേ കുളത്തിൽ വിരിഞ്ഞ കാവ്യഭാവന.

കോഴിക്കോട്ടെ അവധൂത സംഗീതജ്ഞരെപ്പോലെ മലപ്പുറത്തെ കവികളും കക്കനുണങ്ങി മരിച്ചു. അകാലത്തിൽ പൊലിഞ്ഞു. അസൂയാലുക്കളാൽ ആക്രമിക്കപ്പെട്ടു. കീറ്റ്‌സിന്റെയും ഷെല്ലിയുടെയും ഇംഗ്ലണ്ട് പോലെ മലപ്പുറം വിലാപങ്ങളുടെ ദിക്‌റ് ഹൽഖകളായി. കബറിടങ്ങളുടെ ഖയാൽ പാടി. കെസ്സും കിസ്സയുമായി ജീവിതം പുരാവസ്തുവായി. ശേഷിച്ചത് ആരോഗ്യവും ആശുപത്രിയുമായി. വിട പറയാൻ വയ്യാത്ത ഭൂതങ്ങളുടെ തലച്ചുമടുകൾ. കവിതയുടെയും കലാപത്തിന്റെയും ശ്മശാനസ്മരണകൾ. ▮

Comments