വെളിയംകോട് ഉമർ ഖാളി മസ്ജിദ്

പൊന്നാനിയിലെ
നീല ജലാശയങ്ങൾ

ഇന്ത്യൻ ആധുനിക ചിത്രകലയുടെ ഇനിയും വേണ്ടത്ര വിശദീകരണം ലഭ്യമായിട്ടില്ലാത്ത മലപ്പുറം ചിത്ര-ശില്പ പാരമ്പര്യം സർവയലൻസ് ക്യാമറകൾ കണ്ണുവയ്ക്കാത്തത് എന്തെന്ന കാര്യം ചിന്തനീയം.

ശ്രീപത്മനാഭനെ മുൻനിർത്തി തിരുവിതാംകൂർ രൂപപ്പെടുംമുമ്പ്, വേണാട് ഭരിച്ചിരുന്ന രാജാക്കന്മാർ ആയ്- വേളന്മാരായിരുന്നു. പുരാതന തുറമുഖ നഗരമായ, പൊന്നാനിപ്പുഴ കടന്നാൽ വെളിവാകുന്ന, വെളിയങ്കോടുള്ള രാജവംശങ്ങളിൽനിന്ന് ദത്തുകൊണ്ടവരാണ് പിൽക്കാലത്ത് തിരുവിതാംകൂർ സ്വരൂപമായി വികസിച്ച രാജവംശങ്ങളിലൊന്നായ വേളന്മാരെന്നും ചരിത്രകാരന്മാർ പറയുന്നു. വെളിയങ്കോടിന്റെ ഈ രാജപദവി തിരുവിതാംകൂറോളം നീളുന്നു എന്നർഥം.

വെളിയങ്കോട് ആധുനിക ചരിത്രത്തിൽ അറിയപ്പെടുന്നത് വെളിയങ്കോട് ഉമർ ഖാളി എന്ന സ്വാതന്ത്ര്യസമര പോരാളിയിലൂടെയാണ്. ഗാന്ധിജിക്കുമുമ്പ് നികുതിനിഷേധ പ്രസ്ഥാനത്തിന് ആഹ്വാനം നൽകിയ ഉമർ ഖാളിയുടെ നാട്ടുകാരനായ ഒരാൾ ഇന്ത്യൻ ചിത്രകലാ പ്രസ്ഥാനങ്ങളിലൊന്നിന്റെ തലതൊട്ടപ്പനായുണ്ട്. മറ്റാരുമല്ല, സാക്ഷാൽ കെ.സി.എസ്. പണിക്കർ.

സ്‌കൂൾ പഠനത്തിന്റെ മൂന്നുവർഷമേ പണിക്കർ പൊന്നാനി പ്രദേശത്തുണ്ടായിരുന്നുള്ളൂവെങ്കിലും പണിക്കരുടെ ചിത്രമെഴുത്തിന്റെ ഭൂമിശാസ്ത്രം പൊന്നാനിയിലെ നീലാകാശം വീണുവിരിഞ്ഞുകിടന്ന കനാൽ ജലാശയങ്ങളായിരുന്നു എന്നദ്ദേഹം സംശയംവിനാ സാക്ഷ്യപ്പെടുത്തുന്നുണ്ട്.

കെ.സി.എസ്. പണിക്കർ
കെ.സി.എസ്. പണിക്കർ

അദ്ദേഹം എഴുതുന്നു: ‘കുഞ്ഞായിരിക്കുമ്പോൾ കനാലുകൾ എന്നെ വികാരഭരിതനാക്കിയിരുന്നു. കാനൽ ജലാശയങ്ങൾ കാണുമ്പോൾ കണ്ണുകൾ നിറയുമായിരുന്നു. അന്നുമുതൽ തുടർച്ചയായി പെയിൻറ്​ ചെയ്യാൻ ആരംഭിച്ചു. കനാലുകളും തെങ്ങിൻ തോപ്പുകളും വയലുകളും. ചിത്രകല ആനന്ദത്തിന്റെ ഉറവിടമായി ഇക്കാലത്തു മാറി. എനിക്ക് വലിയ പ്രയാസമൊന്നും അനുഭവിക്കേണ്ടിവന്നില്ല, വ്യക്തമായി നിർവചിക്കപ്പെട്ട ലക്ഷ്യത്തിലേക്കുള്ള തയ്യാറെടുപ്പിൽ ഞാൻ ശക്തിയാർജിക്കുവാൻ തുടങ്ങി.'

മലബാർ കർഷകന്റെ നരേറ്റീവ് അവതരിപ്പിച്ച്​ തൊഴിലാളിവർഗങ്ങളുടെ ജീവിതപ്പകർപ്പുകളിലൂടെത്തന്നെ കെ.സി.എസ്​. പണിക്കർ തന്റെ ഇഷ്ടപ്രമേയത്തെ മുന്നോട്ടുകൊണ്ടുപോകുന്നതു കാണാം.

പൊന്നാനിയുടെ ഈ ഗൃഹാതുര ഭൂമിശാസ്ത്രം പണിക്കരുടെ കലാജീവിതത്തിന്റെ എക്കാലത്തെയും അടിത്തറയായിത്തീർന്നുവെന്ന് അദ്ദേഹത്തിന്റെ കൃതികൾ സാക്ഷ്യം. പണിക്കരുടെ മദ്രാസ് സ്‌കൂളിനോട് കയർത്ത്​ റാഡിക്കൽ പെയിന്റേഴ്‌സ് ഗ്രൂപ്പ് ഉപയോഗിച്ചുപോന്ന തീരദേശ ജീവിതത്തിന്റെ മോട്ടിഫുകളുടെ പിതൃത്വം പക്ഷേ പണിക്കരിൽ തന്നെയായിരുന്നു എന്ന് അദ്ദേഹത്തിന്റെ തോണിക്കാരനും മത്സ്യത്തൊഴിലാളികളും കടത്തുകളും കമ്പോളജീവിതവും നിഴലിക്കുന്ന വാട്ടർ കളർ പെയിന്റിങ്ങിന്റെ ആദ്യകാലം സൂചന നൽകുന്നു. സാധാരണ മനുഷ്യരുടെ ജീവിതതാളവും ഗ്രാമീണജീവിതവും. തെങ്ങിൻതോപ്പുകളെയും ചെറ്റപ്പുരകളെയും മണൽപരപ്പുകളെയും നീലാകാശത്തെയും കായൽ ജലാശയത്തെയും പച്ചപ്പാടങ്ങളെയും പ്രകാശംതട്ടി തിളങ്ങുന്ന മേഘപ്പടർപ്പുകളെയും പശ്ചാത്തലമാക്കി ചെയ്ത ചിത്രങ്ങൾ, ജീവിതയാഥാർഥ്യത്തിലേക്കിറങ്ങിവരാൻ വെമ്പിയ ആധുനിക ഇന്ത്യൻ ചിത്രകലയുടെ വ്യഗ്രതകളെത്തന്നെയാണ് അടയാളപ്പെടുത്തിയത്.

ഇംപ്രഷണലിസ്റ്റ് ശൈലിയിൽ കൊളോണിയൽ യജമാനൻ സമ്മാനിച്ച ഓയിൽ സങ്കേതത്തിൽ വിക്ടോറിയൻ സദാചാരത്തിന്റെ ഒരു വകഭേദത്തിൽ രവിവർമ സൃഷ്ടിച്ച ക്യാൻവാസുകളുടെ സ്വാധീനത്തിൽനിന്ന് കുതറിമാറാൻ, ഇന്ത്യൻ ചിത്രകല ബംഗാൾ സ്‌കൂളിലൂടെയും ശാന്തിനികേതൻ പ്രസ്ഥാനത്തിലൂടെയും കാണിച്ച വീക്ഷണകോടികളുടെ വരേണ്യഭാവങ്ങളോട് കലഹിച്ചുകൊണ്ട്, കെ.സി.എസ്. പണിക്കർ ആധുനിക കലയുടെ ദക്ഷിണേന്ത്യൻ ഭാഷ്യം ചമച്ചപ്പോൾ, അതിനടിത്തറയായ ജീവിതപശ്ചാത്തലം പൊന്നാനിയിലെ നീലാകാശം പ്രതിഫലിച്ച ജലാശയങ്ങളായിരുന്നുവെന്ന്
കലാചരിത്രകാരൻമാരും സാക്ഷ്യം പറയുന്നു.

PHOTO: kr.sunil
PHOTO: kr.sunil

പിന്നീട്, നാല്പതുകളിൽ ബിബ്ലിക്കൽ പകർച്ചകളിൽ, നിറങ്ങളിൽ പിശുക്കുകാണിച്ച്, മനുഷ്യമുഖത്തിന്റെ വരയിൽ തന്റെ മാസ്റ്റർഷിപ്പ് കാണിക്കുന്ന കലായാനം തുടരുമ്പോഴും, പൊന്നാനിയുടെ ഗൃഹാതുരത നിറഞ്ഞ അബോധത്തിന്റെ അടിത്തറ അതിനുണ്ടായിരുന്നു. പാശ്ചാത്യപ്രോക്തമായ കലയുടെ റഫറൻസുകളോട് കലഹിച്ചുകൊണ്ട്, കൂടുതൽ കൂടുതൽ വിടുതൽ ഭാവത്തോടെ, അമ്പതുകളിൽ പണിക്കർ ഇന്ത്യൻ ചുമർചിത്രകലയിൽ നിന്നും ശില്പകലാ ചരിത്രത്തിൽ നിന്നും പ്രേരണകളും മോട്ടിഫുകളും സ്വീകരിച്ച്​ കണ്ടാലറിയാത്തവിധം മാറിപ്പോകുമ്പോഴും, പൊന്നാനിപ്രകൃതിയുടെ യഥാതഥ കാഴ്ചകളുടെ കണ്ണീരണിഞ്ഞ കനാൽ ജലാശയങ്ങൾ അവയിലും നിഴലിച്ചിരുന്നു. ഇക്കാലത്തുതന്നെ മലബാർ കർഷകന്റെ നരേറ്റീവ് അവതരിപ്പിച്ചുകൊണ്ട് തൊഴിലാളിവർഗങ്ങളുടെ ജീവിതപ്പകർപ്പുകളിലൂടെത്തന്നെ പണിക്കർ
തന്റെ ഇഷ്ടപ്രമേയത്തെ മുന്നോട്ടുകൊണ്ടുപോകുന്നതു കാണാം.

മദ്രാസ് കലാപ്രസ്ഥാനത്തിൽ നിന്ന് വേറിട്ടുപോകുവാനുള്ള രാഷ്ട്രീയ നിയാമകം ഏറ്റെടുത്ത തിരുവനന്തപുരം ആർട്‌സ് സ്‌കൂളിന്റെ പരിസരങ്ങളിൽ ജന്മംകൊണ്ട റാഡിക്കൽ പെയിന്റേഴ്സ് ഗ്രൂപ്പിന്റെ നിലപാടുതറകളും ഇവിടെ പരിശോധനാർഹമാണ്.

1956-ൽ ലുംബിനിയും ബുദ്ധജീവിതവും ക്യാൻവാസിൽ എഴുതുമ്പോൾ, അമ്പതുകളിലെ ഇന്ത്യൻ കർഷകരുടെ രാഷ്ട്രീയജീവിതത്തിൽ നിന്ന് തത്വചിന്താപരമായ ഉൾക്കാഴ്ചകളിലേക്ക് മെല്ലെ വഴുതിനീങ്ങുന്നു. ‘പൂന്തോട്ട പരമ്പര'യും ‘വേനൽകാല പരമ്പര'യും രചിക്കുമ്പോൾ പണിക്കർ പൊന്നാനിയുടെ സവിശേഷ ഭൂമിശാസ്ത്രത്തിൽനിന്ന് കാല്പനികമായൊരു സങ്കൽപഭൂമികയുടെ തത്വചിന്തയിലേക്ക് മനസ്സിനെ മാറ്റിപ്പണിയുന്നതുകാണാം. ഇപ്പോൾ നിറവും പ്രകാശവും മിനിമലായി, പുക പടർന്ന്, പിങ്ക് പിഗ്​മെൻറുകളായി ചിത്രപ്രതലം മാറുന്നു. നീലയും മഞ്ഞയും ഇവിടെ മങ്ങിമയങ്ങി മെലങ്കളിയായിത്തീരുന്നു. വലിയ തലകളും ചെറിയ ഉടലുകളുമുള്ള മനുഷ്യരായും, പിന്നീട് കാലിഗ്രഫി ഇമേജുകളും വട്ടെഴുത്തും കോലെഴുത്തും അടങ്ങുന്ന അക്ഷരപ്പൊരുളുകളായും മാറി മിനിമലും മിസ്റ്റിക്കലുമായി, പിൽക്കാലത്ത് ‘താന്ത്രികശൈലി' എന്ന്​ തെറ്റായി വിശേഷിപ്പിക്കപ്പെട്ട സമ്പ്രദായത്തിന്റെ പിതൃത്വം പേറേണ്ട സ്ഥിതിയിലാകുന്നതും കാണാം.

അറബി- ലാറ്റിൻ അക്ഷരങ്ങളും ആൾജിബ്രാ ചിഹ്നങ്ങളും ഗണിത കോണങ്ങളുമായി ‘വാക്കുകളും പ്രതീകങ്ങളും' തീർത്ത പണിക്കരുടെ അവസാനകാലങ്ങൾ അക്ഷരപ്പൊരുളിലടങ്ങിയ സൂഫീരഹസ്യത്തിന്റെ ബീജാക്ഷരങ്ങളെ ആവിഷ്‌കരിച്ചുകൊണ്ട് നിർമിച്ചത്, ഒരു പൊന്നാനി പാഠമല്ലാതെ മറ്റൊന്നുമല്ല. പൊന്നാനി വികസിപ്പിച്ചെടുത്ത അറബി ലിപികൾ ലോകത്താകമാനം ഏറ്റവും സുഗമമായി വായിക്കപ്പെട്ട അറബി ലിപിയായി പരിണമിച്ച ‘സാർവദേശീയത' പണിക്കരുടെ കലയുടെയും പൊതുസ്വാധീനമാകുന്നതിൽ അത്ഭുതമില്ല.

PHOTO: Kochi-Muziris Biennale
PHOTO: Kochi-Muziris Biennale

Every letter in the written word has a highly evolved form, a form attained through usage and guided by man's racial and national sense of seeing and shaping, the line following the laws of continuity and free manual rhythm of action, man has been writing for centuries. - K C S Panikkar.

ദൃശ്യത്തിന്റെ ആദ്യപ്രേരണകൾ എഴുത്താണ് എന്ന അറിവിലേക്കാണ് പണിക്കർ നമ്മെ കൂട്ടിക്കൊണ്ടുപോകുന്നത്. വചനം രൂപമായിത്തീരുന്നത് ആദ്യം എഴുത്തിലൂടെത്തന്നെയാണല്ലോ. അക്ഷരങ്ങൾ കണ്ടുപിടിച്ചതുമുതൽ തുടർച്ചയായി സൂക്ഷിച്ചുപോന്ന അറിവിന്റെ അനുസ്യൂതി. അപ്പോൾ എഴുത്താണ് വായ്‌മൊഴിക്കുശേഷമുണ്ടാകുന്ന ആദ്യ ദൃശ്യം എന്നു വരുന്നു. പേന കൊണ്ട് എഴുത്തു പഠിപ്പിച്ച നാഥനെന്നും, ‘ഖല'മാണ് ആദ്യമായി ദൈവം സൃഷ്ടിച്ചത് എന്നും, നൂർ അഥവാ വെളിച്ചം സൃഷ്ടിച്ചതുമുതൽ ദൃശ്യം വന്നുചേരുന്നു എന്നും, ഇരുളും വെളിച്ചവും തമ്മിലുള്ള നിഴൽനാടകമാണ് ദൃശ്യമെന്നും പണിക്കർ ഇവിടെ അക്ഷരപ്പൊരുളിന്റെ സൂഫി ജ്ഞാനിമം പകരുന്നു.

പണിക്കർ തുടങ്ങിവച്ച ശൈലി പിൽക്കാലത്ത് സ്വാംശീകരിച്ച ടി.കെ. പത്മിനി, മലപ്പുറം തവനൂരിൽ നിന്ന് ഇടശ്ശേരി ഗോവിന്ദൻ നായരുടെ പ്രോത്സാഹനത്തിൽ, വരയുടെ തമ്പുരാൻ നമ്പൂതിരിയുടെ കൈപിടിച്ചാണ് പണിക്കർസരണിയിലെത്തിയത്.

ലാ-ക്കു കോടി മനാസിലേക്കൊരു ലാമു കൊണ്ട് മണിക്കെടാ ലാ-ക്കു വെട്ടി എടുത്തുടുക്കെടാ ലാമ് റംസ് ചുഴിക്കെടാ...
എന്ന് ഇച്ച മസ്താൻ പാടിയ ഓംകാരപ്പൊരുൾ തന്നെയാണ് ‘വാക്കുകളും പ്രതീകങ്ങളും' പരമ്പരയിലൂടെ വട്ടെഴുത്തും കോലെഴുത്തും അടങ്ങിയ പൗരാണിക അക്ഷരചരിത്രം കോറിയിട്ട് പണിക്കരും പറയാൻ ശ്രമിച്ചത്. (ലാ എന്ന നിഷേധാക്ഷരം കൊണ്ടുതന്നെ കൊടിക്കണക്കിന് ലക്ഷ്യസ്ഥാനങ്ങളെ അടയാളപ്പെടുത്താനുണ്ട്. അതിനെ ലാക്കാക്കിയാണ് ലം, പിന്നെ ലാം എന്ന അക്ഷരങ്ങൾ ഉച്ചരിച്ച്​ മണിച്ചെടുക്കുന്നത്. ലാ കൊണ്ടുവെട്ടി എടുത്തു ധരിക്കേണ്ടത് എന്താണെന്നറിയാൻ ലാം എന്നതിന്റെ മൗനം ചുഴിച്ച് അതിലേക്ക് ഇറങ്ങിനോക്കണം.)

ഇസ്മുൽ ഇസ്മാം മുഹമ്മദ് ഹബീബല്ലെടീ മീമ് മീമായ മീമ് മിഹ്‌റാജെൻ തടീ മീമ് ലാമലിഫ് മിഫ്താഹ് നൂനാണെടീ മീമ് ദാലോട് സാദും ഹയാത്താണെടീ. അഹദിൻ ഉഹുദായ ത്വാഹാ മദ്ദ് ജീമെടീ അലിഫ് ലാമലിഫലിഫ് സദ്ദലിഫ് സിർറെടീ...

എന്ന് വീണ്ടും വീണ്ടും ഇസ്മ് എന്ന അക്ഷരപ്പൊരുളിന്റെ സിറുകൾ, രഹസ്യങ്ങൾ, ഇച്ച മസ്താൻ പാടുന്നതറിയുമ്പോൾ, പണിക്കർ പൊന്നാനിയിൽ നിന്ന് തന്റെ കാൻവാസിലെ ഭൂമിശാസ്ത്രം മാത്രമല്ല ഉള്ളിൽ വിരിച്ചിട്ടത്, മിസ്റ്റിസിസത്തിലെ പൊന്നാനി രഹസ്യങ്ങളും ആ മനസ്സിൽ കൂടുവെച്ചിരുന്നു എന്നുപറയാം.

കെ.സി.എസ് പണിക്കരുടെ ‘വാക്കുകളും പ്രതീകങ്ങളും' ചിത്രം
കെ.സി.എസ് പണിക്കരുടെ ‘വാക്കുകളും പ്രതീകങ്ങളും' ചിത്രം

പണിക്കരെ ഒരു പുനരുത്ഥാനവാദിയായി കണ്ട കലാനിരൂപകർക്ക് പിടികിട്ടാതെപോയ പൊന്നാനി പാഠങ്ങളുണ്ട്. ഇന്ത്യൻ കലയിൽ ക്രിയാത്മകതയുടെ വലിയ പിന്തുടർച്ചയ്ക്ക് പണിക്കർ തുടക്കമിട്ടു. ആധുനിക ദൃശ്യകലയിൽ ദക്ഷിണേന്ത്യൻ വകതിരിവിനു വഴിമരുന്നിട്ടു. പണിക്കർരീതികളുടെ വകഭേദങ്ങളായി പലനിലയിൽ പരിഷ്‌കരിച്ചും ജീർണിച്ചും തുടർച്ച തേടിയ കലാചരിത്രം, ഏറെ ശ്ലാഘിക്കപ്പെട്ടതുപോലെ വിമർശനത്തിനും വിധേയമായി.

വാക്കുകളിൽ നിന്ന് വരകളിലേക്കും മനോഭൂമികകളിലേക്കും കൂടുമാറി എഴുപതുകളിൽ ‘കാക്ക പരമ്പരയും' ‘നദീ പരമ്പരയും' തീർക്കുമ്പോൾ പൊന്നാനിയിലെ നീലജലാശയങ്ങളും മഞ്ഞത്തോപ്പുകളും പച്ചപ്പാടങ്ങളും സവിശേഷമായ ഒരു സ്വപ്നസ്ഥലിയായി ആന്തരിക ജീവിതം തിരയുന്നതു കാണാം. വെള്ളവും മരങ്ങളും മീനുകളും സൂക്ഷ്മജീവികളും അടങ്ങുന്ന ലാൻഡ്‌കേപ്പുകളായി പണിക്കർ തന്റെ കലായാത്രയുടെ അവസാനത്തിലെത്തുന്നു. കുട്ടിക്കാലം സ്വാംശീകരിച്ച പൊന്നാനിയുടെ ജലജീവിതത്തിന്റെ ഉറവിടത്തിലേക്കുതന്നെ മടങ്ങുന്നു. പണിക്കർ പ്രസ്ഥാനത്തെക്കുറിച്ച് മറ്റു ചില കാര്യങ്ങൾ കൂടി പറഞ്ഞ്​, ദീർഘിക്കാനിടയുള്ള ഈ പൊന്നാനിക്കിസ്സ അവസാനിപ്പിക്കാം.

സ്ത്രീകളുടെ ദൈന്യതയിൽ വീണ ജീവിതവും അവളുടെ ദുരൂഹ ഭാവതലങ്ങളും നിസ്സംഗതയിലേക്ക് ഊർന്നുവീഴുന്ന വെളിച്ചം വാടിയ കണ്ണുകളും കൊണ്ട് ‘കാവുനില'ങ്ങൾ തീർത്ത പത്മിനിയുടെ ചിത്രങ്ങൾ, പണിക്കരുടെ പരമ്പരയായി പിന്നീട് തെറ്റായ നിലയിൽ കൊണ്ടാടിയ ‘താന്ത്രിക ശൈലി'യുടെ യഥാർത്ഥ പ്രാധിനിധ്യം പേറുന്നവയായിരുന്നു.

തിരുവിതാംകൂറിലെ കിളിമാനൂർ കൊട്ടാരത്തിൽനിന്നുള്ള രാജാ രവിവർമ്മയായിരുന്നു ആധുനിക ഇന്ത്യൻ ചിത്രകലാ പ്രസ്ഥാനങ്ങളുടെ റഫറൽ പോയിൻറ്​ എന്ന തീർപ്പിൽനിന്ന് നോക്കിക്കാണുമ്പോൾ, നവോത്ഥാനത്തിന്റെയും ആധുനികതയുടെയും കൊളോണിയൽ ചാർച്ചകളെ തിരുത്തിക്കൊണ്ടും, ഉയരങ്ങളിൽനിന്ന് ആഴങ്ങളിലേക്കിറങ്ങി വന്നും, വർമ്മ പെയിന്റിങ്ങിന്റെ വരേണ്യ സാക്ഷ്യങ്ങളുടെ സ്വാധീനമുക്തി ശ്രദ്ധേയമായ വിധം അടയാളപ്പെടുത്തിയ പണിക്കരുടെ ചിത്രകലയുടെ പ്രേരണകളെയും പ്രകോപനങ്ങളെയും നാം ഇതിനകം കണ്ടുകഴിഞ്ഞു. പൊന്നാനി പ്രകൃതിയുടെ അടിത്തറയിൽ വികസിച്ച പണിക്കർ പ്രസ്ഥാനം, മദ്രാസിലെ പുരോഗമന പന്ഥാവിലുള്ള ചിത്രകലാപ്രസ്ഥാനത്തിന് ബോംബെയ്ക്കും കൽക്കട്ടക്കുമൊപ്പം സമാന്തരം തീർത്തു ക്കൊണ്ട് ആരംഭിക്കുകയും, പിന്നീട് മദ്രാസ് ആർട് സ്‌കൂളിനും ചോളമണ്ഡലം കലാകൂട്ടായ്മക്കും ജന്മം നൽകിക്കൊണ്ട്, തന്റെ ആയുസ്സ് നൽകി സമകാലികരെയും പിന്തുടർന്നെത്തിയവരെയും സ്വാധീനത്തിലമർത്തിയ കാര്യവും നിസ്തർക്കമാണ്. ഇന്ത്യൻ ആധുനിക ചിത്രകലാ പ്രസ്ഥാനത്തിന്റെ ദക്ഷിണേന്ത്യൻ വേറിട്ടുപോകലുകളെ അദ്ദേഹം പണിതീർത്തുവെന്ന് പറഞ്ഞുവയ്ക്കാം.

ടി.കെ. പത്മിനി
ടി.കെ. പത്മിനി

പണിക്കർ തുടങ്ങിവച്ച ശൈലി പിൽക്കാലത്ത് സ്വാംശീകരിച്ച ടി.കെ. പത്മിനി, മലപ്പുറം തവനൂരിൽ നിന്ന് ഇടശ്ശേരി ഗോവിന്ദൻ നായരുടെ പ്രോത്സാഹനത്തിൽ, വരയുടെ തമ്പുരാൻ നമ്പൂതിരിയുടെ കൈപിടിച്ചാണ് പണിക്കർസരണിയിലെത്തിയത്. ഇല്ലസ്‌ട്രേഷൻ എന്ന ആനുകാലിക വരയുടെ പാരമ്പര്യം മലയാളത്തിൽ തുടങ്ങിവച്ച കെ.സി.എസ്. പണിക്കരുടെ പിന്തുടർച്ച പിൽക്കാലത്ത് നമ്പൂതിരി മുതൽപേർ ഏറ്റെടുക്കുകയായിരുന്നു. നമ്പൂതിരിയിലൂടെ പത്മിനിക്കുപകർന്നു കിട്ടിയ മദ്രാസ് സ്‌കൂൾ സ്പർശം പിന്നീട് കെ.സി.എസ്. പണിക്കരുടെത്തന്നെ സഹവാസത്തിൽ തനതുനിലയിൽ സ്വകീയയമായ ക്യാൻവാസുകൾക്ക് ജന്മം നൽകി. സ്ത്രീകളുടെ ദൈന്യതയിൽ വീണ ജീവിതവും അവളുടെ ദുരൂഹമായ ഭാവതലങ്ങളും നിസ്സംഗതയിലേക്ക് ഊർന്നുവീഴുന്ന വെളിച്ചം വാടിയ കണ്ണുകളും കൊണ്ട് ‘കാവുനില'ങ്ങൾ തീർത്ത പത്മിനിയുടെ ചിത്രങ്ങൾ, പണിക്കരുടെ പരമ്പരയായി പിന്നീട് തെറ്റായ നിലയിൽ കൊണ്ടാടിയ
‘താന്ത്രിക ശൈലി'യുടെ യഥാർത്ഥ പ്രാധിനിധ്യം പേറുന്നവയായിരുന്നു. പണിക്കരുടെ പൊന്നാനി ഭൂമിശാസ്ത്രത്തിന്റെ ഇങ്ങേതലയ്ക്കൽ പ്രാദേശിക ഭൂപടങ്ങളുടെയും ഗ്രാമീണ ജീവിത പ്രതിനിധ്യങ്ങളുടെയും പരിസരങ്ങളിലേക്ക് അവ കൺപായിച്ചു.

മദ്രാസ് സ്‌കൂളിൽ നിന്നുള്ള മാസ്റ്റേഴ്‌സായ ജയപാലപണിക്കരും കാനായി കുഞ്ഞിരാമനും സി.എൻ. കരുണാകരനും മറ്റും തങ്ങളുടെ സൃഷ്ടിപ്പിന്റെ ധാരാളിത്തത്തിൽ പലപ്പോഴും അർത്ഥനഷ്ടം നേരിട്ടപ്പോൾ, പത്മിനിയുടെ രചനകൾ മത്തീസിയൻ ഛായയിലുള്ള ശിശുഭാവേനെ, മൂലപ്രമേയത്തിന്റെ സൂക്ഷ്മതലങ്ങളിൽ സഞ്ചരിക്കുകയായിരുന്നു.

കൊളോണിയൽ സംസർഗ്ഗം വരേണ്യവർഗ്ഗങ്ങളുടെ ഉത്കണ്ഠകളുമായി ചേർന്ന് സാങ്കേതത്തിലും പ്രമേയത്തിലും നവോത്ഥാന സംഭവമാർന്ന ഒരു സംശ്ലേഷണകലയെ തെരഞ്ഞെടുത്തപ്പോൾ, പണിക്കരുടെയും പത്മിനിയുടെയും എ.സി.കെ. രാജയുടെയും മലപ്പുറം മണ്ഡലകാലം, തങ്ങളുടെ ചരിത്രമാണ്ടുപോയ കലാകാഴ്ചകളെ അതിജീവിക്കാനുള്ള പ്രസവവേദന അനുഭവിച്ചു. വൈദേശിക സമ്പർക്കം കൊണ്ട് കിട്ടിയ സംഭാവനകളെ ബഹുമാനിക്കെത്തന്നെ, പ്രതിരോധചിന്തയുടെ തന്ത്രമുഖങ്ങളാണ്, മലപ്പുറത്തിന്റെ കൊളോണിയൽ വിരുദ്ധ പോരാട്ടത്തിന്റെ പശ്ചാത്തലത്തിൽ നിന്നുള്ള ഈ ചിത്രകലാ ജീനിയസുകൾ അവതരിപ്പിച്ചത്. അങ്ങനെ മദ്രാസ് കലാപ്രസ്ഥാനത്തിന് ഒരു മലപ്പുറം പശ്ചാത്തലമുണ്ട് എന്ന നിലയിൽ, പത്മിനി ‘തന്ത്ര'യുടെ കേന്ദ്രപ്രമേയമായ സ്ത്രീഭാവങ്ങളെ കാൻവാസിൽ ആഘോഷിക്കുകയായിരുന്നു എന്നുകാണാം. മദ്രാസ് സ്‌കൂളിൽ നിന്നുള്ള മാസ്റ്റേഴ്‌സായ ജയപാലപണിക്കരും കാനായി കുഞ്ഞിരാമനും സി.എൻ. കരുണാകരനും മറ്റും തങ്ങളുടെ സൃഷ്ടിപ്പിന്റെ ധാരാളിത്തത്തിൽ പലപ്പോഴും അർത്ഥനഷ്ടം നേരിട്ടപ്പോൾ, പത്മിനിയുടെ രചനകൾ മത്തീസിയൻ ഛായയിലുള്ള ശിശുഭാവേനെ, മൂലപ്രമേയത്തിന്റെ സൂക്ഷ്മതലങ്ങളിൽ സഞ്ചരിക്കുകയായിരുന്നു.

ടി.കെ. പത്മിനിയുടെ ചിത്രങ്ങൾ
ടി.കെ. പത്മിനിയുടെ ചിത്രങ്ങൾ

എ.സി.കെ രാജയും തന്റെ ചെറിയ ജീവിതകാലയളവിൽ ഭൂതകാല മഹിമകളെ മിനിമൽ ശൈലിയിൽ അവതരിപ്പിച്ച്​ രാജാലങ്കാരങ്ങളുടെ ആർട്ടിസാൻ ഭാവനകളെ പുനരാവിഷ്‌കരിച്ചു. മേലാറ്റൂർ രാജകുടുംബത്തിൽ നിന്നുള്ള രാജയും വേണാടിന്റെ രാജവംശങ്ങളെ സമ്മാനിച്ച വെളിയങ്കോട് നിന്നുള്ള പണിക്കരും തവനൂരിലെ അന്തർജന പ്രകൃതിയിൽ നിന്നുള്ള പത്മിനിയും, രാജാ രവിവർമ്മ കൊണ്ടാടിയ പാശ്ചാത്യസങ്കേതത്തിൽ ഉറച്ച, വിക്ടോറിയൻ സദാചാരത്തിന്റെ ഉടുപ്പണിയിച്ച, ഇന്ത്യൻ മിത്തോളജിയുടെ ചിത്രപുനർവായനയെ, സ്വന്തം മണ്ണിൽ നിന്നുകൊണ്ട് അതിജീവിക്കുവാൻ ശ്രമിച്ചു.

പണിക്കരും പത്മിനിയും നമ്പൂതിരിയും അക്കിത്തവും എ.സി.കെ. രാജയും അച്യുതൻ കൂടല്ലൂരും അടങ്ങുന്ന മലപ്പുറം ചുറ്റുവട്ടങ്ങൾ, ഇന്ത്യൻ ആധുനിക ചിത്രകലയുടെ കേരളപതിപ്പ് പണിതു.

മദ്രാസ് കലാപ്രസ്ഥാനത്തിൽ നിന്ന് വേറിട്ടുപോകുവാനുള്ള രാഷ്ട്രീയ നിയാമകം ഏറ്റെടുത്ത തിരുവനന്തപുരം ആർട്‌സ് സ്‌കൂളിന്റെ പരിസരങ്ങളിൽ ജന്മംകൊണ്ട റാഡിക്കൽ പെയിന്റേഴ്സ് ഗ്രൂപ്പിന്റെ നിലപാടു തറകളും ഇവിടെ പരിശോധനാർഹമാണ്. മദ്രാസ് സ്‌കൂൾ സ്വാധീനത്തോടും ശാന്തിനികതൻ ശൈലികളോടും പിണങ്ങിപ്പിരിഞ്ഞ, റാഡിക്കലായ രാഷ്ട്രീയ ഉത്കണ്ഠകളിൽ നിഷേധത്തിന്റെ നിർമിതികൾ തീർത്ത, ഇടശ്ശേരിയുടെ മരുമകൻ കൂടിയായ കെ. പി. കൃഷ്ണകുമാറും ആ പൊന്നാനി പരമ്പരയിൽ നിന്നുള്ളതാണ് എന്നറിയുന്നത് വിസ്മയകരമാണ്. അങ്ങനെ ഇന്ത്യൻ ചിത്ര- ശില്പ കലയുടെ ദക്ഷിണേന്ത്യൻ പാരമ്പര്യം മലപ്പുറത്തിന്റെ സംഭാവനയാണ് എന്ന് വിലയിരുത്തിപ്പോയാൽ അതൊരു മൗലികവാദമായി മാറില്ല.

കെ. പി. കൃഷ്ണകുമാർ ശിൽപങ്ങളോടൊപ്പം
കെ. പി. കൃഷ്ണകുമാർ ശിൽപങ്ങളോടൊപ്പം

മലപ്പുറത്തെ ഈ മനീഷികളുടെ മസ്തിഷ്‌ക രേഖകൾ ഇന്ന് പരിമിതമാണെങ്കിലും, സൂക്ഷിപ്പിന്റെ ശാസ്ത്രമറിയാതെ ചിതലരിച്ച കോലത്തിലാണെങ്കിലും, നമുക്ക് കാണാൻ സൗകര്യമുണ്ട്. തിരുവനന്തപുരത്ത് പണിക്കർ രചനകൾ സമാഹരിച്ച പണിക്കർ ആർട് ഗാലറി പൊന്നാനിയുടെ ജലവർണ്ണങ്ങൾ തൊട്ട് ‘വാക്കുകളും പ്രതീകങ്ങളും' വരെയുള്ള കൃതികൾ കാണാൻ സൗകര്യമൊരുക്കുന്നു. പൊന്നാനിയുടെ ജലാശയങ്ങളിൽ പ്രതിഫലിക്കുന്ന നീലാകാശത്തിന്റെ പ്രത്യാശയും പുരാവസ്തുവായിക്കൊണ്ടിരിക്കുന്ന നമ്മുടെ ദൃശ്യാനുഭവങ്ങളുടെ പ്രാഥമിക നിയാമകങ്ങളും ക്രാഫ്റ്റിന്റെ വഴുതിവീഴാത്ത കൃത്യതയിൽ കൃതിമലേശമേശാതെ ചിത്രചരിത്രം നിർമിക്കുന്നു. ഈ ഗാലറി മലയാളത്തിനു ലഭിച്ച അപൂർവമായ ഒരു സമ്പത്താണ്. പത്മിനിയുടെ ക്യാൻവാസുകൾ മങ്ങിയ വെളിച്ചത്തിൽ എറണാകുളം ദർബാർ ആർട് ഗാലറിയിലും എ.സി.കെ. രാജയുടെ ഏതാനും കാൻവാസുകൾ നാശത്തിലേക്കു കാൽനീട്ടികൊണ്ട് മലപ്പുറം ആർട് ഗാലറിയിലും കൃഷ്ണകുമാറിന്റെ ക്യാൻവാസുകളിൽ ചിലതും റിലീഫുകളിൽ ഒന്നും ഡ്രോയിങ്ങുകളിൽ ഏതാനുമെണ്ണവും ശില്പങ്ങളിൽ അപൂർവ്വമായ ബോട്മാനും പട്ടാമ്പിക്കടുത്തുള്ള അദ്ദേഹത്തിന്റെ അമ്മ പാർത്തുപോന്ന വീട്ടിലുമുണ്ട്.

ഇന്ത്യൻ ആധുനിക ചിത്രകലയുടെ ഇനിയും വേണ്ടത്ര വിശദീകരണം ലഭ്യമായിട്ടില്ലാത്ത ഈ മലപ്പുറം ചിത്ര-ശില്പ പാരമ്പര്യം സർവയലൻസ് ക്യാമറകൾ കണ്ണുവയ്ക്കാത്തത് എന്തെന്ന കാര്യം ചിന്തനീയം. ▮

Comments