തൂതപ്പുഴ/ photo: wikipedia.org

തൂതപ്പുഴയിൽ നിന്നുള്ള​രോഗശാന്തി

ആയുർവേദത്തെയും നാട്ടുവൈദ്യ പാരമ്പര്യങ്ങളെയും ‘ഹിന്ദുത്വ'മായി ‘അപരവൽക്കരിച്ച്’, അലോപ്പതിയുടെ ഉപകരണയുക്തിക്ക് അടിയറവ് പറഞ്ഞ മലപ്പുറം മതാധുനികത. മകാര പ്രാസത്തിൽ ഒരു മനോരമയാണോ ദേശാഭിമാനി? ബംഗാളിൽ നിന്ന് വാർത്തകളുമായി ബേബി സഖാവ് ‘രാപ്പകൽ' സംഗമത്തിന് കൊണ്ടോട്ടിയിൽ വരുമോ?

നാല്​

തൂതപ്പുഴയിൽ മുങ്ങിക്കുളിച്ചാൽ രോഗശമനമുണ്ടെന്ന വിശ്വാസമുണ്ട്.
ഈ പുഴ മുറിച്ചു കടന്നാണ്, പി. സുന്ദരയ്യ ഇ.എം.എസിന്റെ ഇല്ലത്തിലെത്തി കമ്യൂണിസ്റ്റപ്പ നട്ടത്. ‘വെച്ചുത്തിവീണ' മുറിവുണക്കാൻ വയ്ക്കുന്ന പച്ചിലമരുന്ന്. അഷ്ടവൈദ്യ കുടുംബങ്ങളിൽ പുലാമന്തോൾ മൂസുമാരുടെ ഇല്ലം തൂതപ്പുഴയുടെ ഓരത്താണ്.

ആധുനിക കാലത്ത് പി. എസ്. വാര്യരുടെ വൈദ്യപ്രസ്ഥാനം കോട്ടക്കൽ ആരംഭിക്കും മുമ്പ്, മധ്യകാലത്തെ മലപ്പുറത്തിന് പതിച്ചുകിട്ടിയത്, അഷ്ടവൈദ്യ
കുടുംബങ്ങളിൽ പുലാമന്തോൾ മൂസുമാരെയായിരുന്നു.ആയുർവേദികൾക്ക് വൈദ്യദേവത വിഷ്ണുവിന്റെ ഭാവമായ ധന്വന്തരിയാണെങ്കിലും, പുലാമന്തോളിൽ,
രുദ്ര- ധന്വന്തരീ ദ്വന്ദം, അദ്വൈതം തീർക്കുന്ന അപൂർവ പ്രതിഷ്ഠയാണ്.

ഇല്ലത്തെ ക്ഷയിച്ച ചുറ്റുപാടുകൾ, പതുക്കെ പുനർജനി നേടാനുള്ള പ്രവൃത്തി തുടങ്ങിയ കാലത്ത്, അവിടം സന്ദർശിച്ചിരുന്നു. അകത്തെ മുറിയിൽ, തട്ടിന്മേൽ സൂക്ഷിച്ച വൈദ്യതാളിയോലകളും, ഓയിൽ പെയിന്റിൽ രചിച്ച പുലാമന്തോൾ വൈദ്യപരമ്പരയുടെ ഛായാചിത്രങ്ങളും, നിലവിൽ സ്ഥാനത്തിരിക്കുന്ന ഭിഷ്വഗ്വരന്റെ പത്‌നി, ഉള്ളിൽ കൊണ്ടുപോയി കാണിച്ചുതന്നു. കൂടെയുണ്ടായിരുന്ന ഫോട്ടോഗ്രാഫർ ഷമീറിനെ അകത്തുകയറ്റാതെ വാതിലടച്ചായിരുന്നു പ്രവേശം.

ബൗദ്ധ-ജൈന പാരമ്പര്യത്തിലൂടെയും കീഴാള സമുദായങ്ങളുടെ പ്രാദേശിക വഴക്കങ്ങളിലൂടെയും വളർന്ന ആയുർവേദ പാരമ്പര്യത്തിന്, ഒമ്പതാം നൂറ്റാണ്ട് മുതൽ നടന്ന ബ്രാഹ്മണ പുനരുത്ഥാനത്തിലൂടെ ഇടിച്ചിൽ തട്ടിയതായി കാണാം
ബൗദ്ധ-ജൈന പാരമ്പര്യത്തിലൂടെയും കീഴാള സമുദായങ്ങളുടെ പ്രാദേശിക വഴക്കങ്ങളിലൂടെയും വളർന്ന ആയുർവേദ പാരമ്പര്യത്തിന്, ഒമ്പതാം നൂറ്റാണ്ട് മുതൽ നടന്ന ബ്രാഹ്മണ പുനരുത്ഥാനത്തിലൂടെ ഇടിച്ചിൽ തട്ടിയതായി കാണാം

വൈദ്യർ കോഴിക്കോട് പോയതാണെന്നും, ഇപ്പോൾ കൊണ്ടോട്ടി എത്തിയെന്ന് വിളിച്ചറിയിച്ചെന്നും പറഞ്ഞു. കരുവാങ്കല്ല് ഇല്ലപ്പറമ്പിനടുത്ത് പൂർവപിതാക്കൾ താമസിച്ചതുകൊണ്ടോ, സംസ്‌കൃതപ്രേമത്തിന്റെ ഭാവം കണ്ടാൽ ഏതോ ഇല്ലത്തെ കുട്ടിയാണെന്ന തോന്നലുകൊണ്ടോ, പത്രപ്രവർത്തകനായതു കൊണ്ടോ, വൈദ്യപത്‌നി എനിക്ക് രഹസ്യ അറകൾ തുറന്നു കാണിച്ചു. കാര്യസ്ഥനെക്കൊണ്ട് സർപ്പക്കാവിൽ പറഞ്ഞയച്ചു, എന്റെ പൂർവികർ വിഷവൈദ്യം വശമുള്ളവരായിരുന്നുവെന്ന് അവർക്ക് അറിവു ലഭിച്ചപോലെ. ചർമരോഗത്തിന് സർപ്പക്കാവിൽ വഴിപാട് നേർന്നുവേണം ചികിത്സ എന്ന അറിവിന്, അലോപ്പതിയുടെ നിഘണ്ടുവിൽ അന്ധവിശ്വാസം എന്നാണു പേര്.

മനുസ്മൃതി അടക്കമുള്ള നിയമപുസ്തകങ്ങൾ വൈദ്യവൃത്തിയെ നീചമായാണ് കാണുന്നത്. സംസ്‌കൃതകാവ്യങ്ങളിലും കൂടിയാട്ട വേദികളിലും വൈദ്യൻ പരിഹാസപാത്രമാണ്. വൈദ്യം പ്രതിപാദിക്കുന്ന അഥർവ്വവേദം പുണ്യത്രയത്തിൽ പെടുന്നില്ല.

സർപ്പങ്ങളുമായുള്ള ബന്ധപൈതൃകകഥകൾ കുടുംബത്തിലേറെയുണ്ട്. അഞ്ചു തലമുറകൾക്ക് സർപ്പദംശം കൊണ്ട് മരണമുണ്ടാകില്ല എന്ന വാഗ്ദാനസിദ്ധി. വഴിപിഴയ്ക്കുമ്പോൾ സർപ്പങ്ങൾ വന്ന് ദർശനം തരുന്ന അനുഭവസാക്ഷ്യങ്ങൾ. കൊല്ലാൻ പാടില്ലാത്ത ഒരിനം സർപ്പത്തെ കൊന്ന വല്യുപ്പ ഒസ്യത്ത് രേഖപ്പെടുത്തി മരണനാൾ ഗണിച്ച കുടുംബപുരാണം. കൊണ്ടോട്ടി വലിയ പള്ളിയിൽ റമദാൻ കാലം പാതിരായ്ക്ക് ദിക്ർ സദസ്സ് നടത്തിക്കൊണ്ടിരുന്ന പിതാമഹൻ, തട്ടിൻ പുറത്തുനിന്ന് ഇറങ്ങിവന്ന രാജവെമ്പാലയെ തലേകെട്ടിൽ ചുരുട്ടി, തുടയ്ക്കടിയിൽ വച്ച്, ദിക്‌റ് തുടർന്ന അപസർപ്പക കഥകൾ.

തൂതപ്പുഴയുടെ തീരത്തെ മൂസുമാരുടെ ഇല്ലപ്പറമ്പ് മധ്യകാലത്തിനും മുമ്പുള്ള പൗരാണികതയെ പറയുന്നു. ബ്രാഹ്മണഗണത്തിൽപെട്ടതെങ്കിലും മൂസുമാർ ഗോത്രത്തിൽ താണവരാണ്. മനുസ്മൃതി അടക്കമുള്ള നിയമപുസ്തകങ്ങൾ വൈദ്യവൃത്തിയെ നീചമായാണ് കാണുന്നത്. സംസ്‌കൃതകാവ്യങ്ങളിലും കൂടിയാട്ട വേദികളിലും വൈദ്യൻ പരിഹാസപാത്രമാണ്. വൈദ്യം പ്രതിപാദിക്കുന്ന അഥർവ്വവേദം പുണ്യത്രയത്തിൽ പെടുന്നില്ല. അശ്വനീദേവകൾ വൈദ്യഭിഷക്കുകൾ ആയതുകൊണ്ട് യജ്ഞദാനം നിഷേധിക്കണമെന്ന് ശതപത ബ്രാഹ്മണം നിർദ്ദേശിക്കുന്നു. മറ്റു ദേവതകൾ അശ്വനീ ദേവകളോട് പറയുന്നു, ‘ഞങ്ങൾ നിങ്ങളെ ക്ഷണിക്കില്ല, കാരണം നിങ്ങൾ രോഗശമനവുമായി മനുഷ്യരുടെ ഇടയിൽ വളരെയധികം അലഞ്ഞു തിരിഞ്ഞു.'

തൂതപ്പുഴയുടെ തീരത്തെ മൂസുമാരുടെ ഇല്ലപ്പറമ്പ് മധ്യകാലത്തിനും മുമ്പുള്ള പൗരാണികതയെ പറയുന്നു.
തൂതപ്പുഴയുടെ തീരത്തെ മൂസുമാരുടെ ഇല്ലപ്പറമ്പ് മധ്യകാലത്തിനും മുമ്പുള്ള പൗരാണികതയെ പറയുന്നു.

കീഴ്ജാതിക്കാരോട് ഇടപഴകുകയും ശവങ്ങളെ സ്പർശിക്കുകയും ചെയ്യുന്ന ഭിഷ്വഗരനെ നീചനായി കണ്ട് പുച്ഛിച്ചു ബ്രാഹ്മണ്യം. (ഒസ്സാന്മാരുടെ വീട്ടിലെ ഭക്ഷണം കറാഹത്താക്കിയ ഇസ്​ലാമിക പൗരോഹിത്യവും സ്മരണീയം).

കേരളത്തിൽ ആയുർവേദം എത്തിയത് രണ്ടു വഴികളിലൂടെയാണെന്ന് ഗവേഷകർ പറയുന്നു. വടക്കേ ഇന്ത്യയിൽ നിന്ന് സിന്ധ്, ഗുജറാത്ത്, കൊങ്കൺ വഴി കേരളത്തിലെത്തിയ ആയുർവേദം ബ്രാഹ്മണർ കൈകാര്യം ചെയ്തു. ബീഹാറിൽ നിന്ന്​ കടൽ മാർഗം ശ്രീലങ്കയിൽ എത്തിയ ബൗദ്ധധാര. ഇരുകൂട്ടരും കേരളത്തിൽ ബുദ്ധഭിക്ഷുവായ വാഗ്ഭടന്റെ ‘അഷ്ടാംഗഹൃദയം' അടിസ്ഥാന ഗ്രന്ഥമായി അംഗീകരിച്ചു പോന്നു.

പ്രാചീന ഭാരതത്തിൽ വൈദ്യശാസ്ത്രത്തിന് അർഹമായ സ്ഥാനം നൽകിയത് ബുദ്ധന്മാരാണ്. അശ്വഘോഷൻ സുന്ദരാനന്ദത്തിൽ ബുദ്ധനെ വൈദ്യനോടുപമിക്കുന്നു. തിബത്തൻ തങ്ക ബൗദ്ധപാരമ്പര്യത്തിലാകെ, ബുദ്ധൻ ഭൈഷജ്യനാണ്. ബൗദ്ധ സർവകലാശാലയായ തക്ഷശിലയിലായിരുന്നു ആയുർവേദം തഴച്ചുവളർന്നത്. അവിടുത്തെ വിദ്യാർത്ഥിയായിരുന്നു ജീവകൻ.

ആയുർവേദത്തിന്റെ ചികിത്സാമുറകളും ഔഷധസംസ്‌കാരവും പ്രാചീന ഭാരതത്തിൽ തെക്കും വടക്കും നടപ്പാക്കുന്നത് മൗര്യന്മാരുടെ കാലത്താണ്. അശോക ചക്രവർത്തിയുടെ ശിലാശാസനകളിലൊന്നിൽ ഈ ഔഷധപ്രചാരണത്തിന്റെ കഥാസൂചന കാണാം. ജൈനന്മാരായ ഗുഹാവാസികളാണ് തമിഴകത്ത് ജ്യോതിശാസ്ത്രവും ഗണിതവും പോലെ വൈദ്യവും പ്രചരിപ്പിച്ചത്. അഷ്ടവൈദ്യന്മാരിൽപെട്ട പുലാമന്തോൾ മൂസുമാരുടെ പ്രദേശമായ പുലാമന്തോൾ, ഒരു ബൗദ്ധകേന്ദ്രമായിരുന്നുവെന്ന് ഐതിഹ്യമാലയും സൂചിപ്പിക്കുന്നു. ബൗദ്ധ-ജൈന പാരമ്പര്യത്തിലൂടെയും കീഴാള സമുദായങ്ങളുടെ പ്രാദേശിക വഴക്കങ്ങളിലൂടെയും വളർന്ന ആയുർവേദ പാരമ്പര്യത്തിന്, ഒമ്പതാം നൂറ്റാണ്ട് മുതൽ നടന്ന ബ്രാഹ്മണ പുനരുത്ഥാനത്തിലൂടെ ഇടിച്ചിൽ തട്ടിയതായി കാണാം.

വാക്‌സിനേഷനിലൂടെ പകർച്ചവ്യാധികളെ നിയന്ത്രിക്കുന്നതിൽ കൈവരിച്ച നേട്ടം ഇംഗ്ലീഷ് വൈദ്യത്തിന് ജനകീയാഗീകാരം നേടിക്കൊടുത്തു. മുമ്പേ നഷ്ടപ്രാണനായി കഴിഞ്ഞ ആയുർവേദത്തിനുമേൽ ഇതു വീണ്ടും അവമതിപ്പു വളർത്തി.

ഈ നിലയിൽ അസ്തമിക്കാനൊരുങ്ങിയ ആയുർവേദ പാരമ്പര്യത്തെയാണ് പി. എസ്. വാര്യരുടെ കോട്ടക്കൽ പ്രസ്ഥാനം ആധുനിക കാലത്ത് വീണ്ടെടുക്കുന്നത്. അഷ്ടവൈദ്യൻ കുട്ടൻഞ്ചേരി അഫ്പൻ മൂസിൽ നിന്നാണ് വാര്യർ വൈദ്യം പഠിച്ചത്. മഞ്ചലിൽ സഞ്ചരിക്കുന്ന ഗുരുനാഥനുപിന്നിൽ പൂജാദ്രവ്യങ്ങളുമായി നടന്നുനേടിയ ജ്ഞാനം. ഉദാരമനസ്‌കനും പരിഷ്‌കരണ സ്വഭാവക്കാരനുമായതുകൊണ്ടാണ് മൂസ്, ജാതിധർമ്മത്തിൽ കഴകക്കാരനായ വാര്യർക്ക് വൈദ്യവിദ്യ പറഞ്ഞുകൊടുത്തതു തന്നെ.

ഇത്തരമൊരു നവോത്ഥാനത്തിന് വാര്യരെ പ്രേരിപ്പിച്ചത് വൈജ്ഞാനിക മേഖലയിൽ നിലനിന്നുപോന്ന ഉച്ചനീചത്വം മാത്രമായിരുന്നില്ല. അക്കാലത്ത് പ്രചാരം സിദ്ധിച്ച ഇംഗ്ലീഷ് വൈദ്യം നാട്ടുപാരമ്പര്യങ്ങളെ സമ്പൂർണമായി അവഗണിക്കുന്ന സ്ഥിതികൊണ്ടു കൂടിയാണ്. പള്ളിയും പള്ളിക്കൂടവും വൈദ്യവുമെല്ലാം കൊളോണിയൽ പുനഃക്രമീകരണത്തിന് വിധേയമായിക്കൊണ്ടിരുന്ന കാലം.

അസ്തമിക്കാനൊരുങ്ങിയ ആയുർവേദ പാരമ്പര്യത്തെയാണ് പി. എസ്. വാര്യരുടെ കോട്ടക്കൽ പ്രസ്ഥാനം ആധുനിക കാലത്ത് വീണ്ടെടുക്കുന്നത്
അസ്തമിക്കാനൊരുങ്ങിയ ആയുർവേദ പാരമ്പര്യത്തെയാണ് പി. എസ്. വാര്യരുടെ കോട്ടക്കൽ പ്രസ്ഥാനം ആധുനിക കാലത്ത് വീണ്ടെടുക്കുന്നത്

വാക്‌സിനേഷനിലൂടെ പകർച്ചവ്യാധികളെ നിയന്ത്രിക്കുന്നതിൽ കൈവരിച്ച നേട്ടം ഇംഗ്ലീഷ് വൈദ്യത്തിന് ജനകീയാഗീകാരം നേടിക്കൊടുത്തു. മുമ്പേ നഷ്ടപ്രാണനായി കഴിഞ്ഞ ആയുർവേദത്തിനുമേൽ ഇതു വീണ്ടും അവമതിപ്പു വളർത്തി. കൊളോണിയൽ സർക്കാർ നാട്ടുവൈദ്യത്തെയും ആയുർവേദത്തെയും ഇകഴ്ത്തുകയും അവഗണിക്കുകയും ചെയ്തു.

കോട്ടക്കലിനു ചുറ്റുവട്ടത്തെ പ്രദേശങ്ങളിലാണ് ജന്മിത്വത്തിനും കൊളോണിയലിസത്തിനുമെതിരെ കുടിയാൻ പ്രക്ഷോഭങ്ങൾക്ക് വേദിയായത്. ഇതേ കാലഘട്ടത്തിൽ തന്നെയാണ് കോട്ടക്കൽ പ്രസ്ഥാനവും രൂപപ്പെട്ടത്.

ഒരു ഭാഗത്ത്, ചാതുർവർണ്യയന്ത്രത്തിനുള്ളിൽ പ്രയോഗക്ഷമത നഷ്ടപ്പെട്ട ആയുർവേദത്തെയും വൈദ്യവിദ്യാഭ്യാസത്തെയും വാര്യർ വീണ്ടെടുത്തു. മറുഭാഗത്ത്, ഇംഗ്ലീഷ് വൈദ്യത്തിന്റെ മേൽക്കോയ്മയെ ചെറുത്ത്​
പൗരസ്ത്യ വൈദ്യത്തിന്റെ തത്വചിന്തയിലും ജീവിതവീക്ഷണത്തിലും ഉറച്ചുനിന്നു.

ബ്രിട്ടീഷ് കൊളോണിയലിസം നേരിട്ട് ഭരണം നടത്തിയ മദ്രാസ് പ്രസിഡൻസിക്കു കീഴിലെ മലബാറിൽ, ഇന്നത്തെ മലപ്പുറം ജില്ലയിലെ കോട്ടക്കലിലായിരുന്നു വാര്യർ തന്റെ പ്രവർത്തനമേഖല കണ്ടെത്തിയത് എന്ന കാര്യവും ശ്രദ്ധേയമാണ്. കോട്ടക്കലിനു ചുറ്റുവട്ടത്തെ പ്രദേശങ്ങളിലാണ് ജന്മിത്വത്തിനും കൊളോണിയലിസത്തിനുമെതിരെ കുടിയാൻ പ്രക്ഷോഭങ്ങൾക്ക് വേദിയായത്. ഇതേ കാലഘട്ടത്തിൽ തന്നെയാണ് കോട്ടക്കൽ പ്രസ്ഥാനവും രൂപപ്പെട്ടത്.

ഇന്നത്തെ മലപ്പുറം ജില്ലയിലെ കോട്ടക്കലിലായിരുന്നു പി.എസ്​. വാര്യർ തന്റെ പ്രവർത്തനമേഖല കണ്ടെത്തിയത് എന്ന കാര്യവും ശ്രദ്ധേയമാണ്
ഇന്നത്തെ മലപ്പുറം ജില്ലയിലെ കോട്ടക്കലിലായിരുന്നു പി.എസ്​. വാര്യർ തന്റെ പ്രവർത്തനമേഖല കണ്ടെത്തിയത് എന്ന കാര്യവും ശ്രദ്ധേയമാണ്

പി.എസ്. വാര്യർക്ക് പ്രക്ഷോഭകാരികളുമായി അടുത്ത ബന്ധമുണ്ടായിരുന്നു. അവർക്ക് അദ്ദേഹം സംഭാവന നൽകുകയും, പലായനം ചെയ്‌തെത്തിയവർക്ക് അഭയം നൽകുകയും, ജാതിമതഭേദമന്യേ അഭയാർത്ഥികൾക്ക് ആഹാരം വിളമ്പുകയും ചെയ്തു. ഇതിന്റെയെല്ലാം ഫലമെന്നോണം ‘വെള്ള മുസ്​ല്യാർ' എന്ന പരിഹാസപ്പേരിനു വിധേയമായി.

കൊളോണിയൽ ജന്മിത്വശക്തികളും ജനകീയ പ്രതിരോധ പ്രസ്ഥാനങ്ങളും തമ്മിലുള്ള സംഘർഷങ്ങൾ സാമൂഹികാന്തരീക്ഷത്തെ കലുഷമാക്കുകയും, സാമാന്യജനങ്ങൾ ഈ സാഹചര്യത്തെ രോഗാതുരതയായി അനുഭവിക്കുകയും ചെയ്ത സാഹചര്യത്തിലാണ്, വാര്യരുടെ ചികിത്സാപ്രസ്ഥാനം ഉയർന്നുവന്നത്. കർഷക കൂടിയാന്മാരുടെ പ്രക്ഷോഭം ഭൂബന്ധങ്ങളിലെ വർഗസമരത്തിന്റെ നേരിട്ടുള്ള വിവക്ഷകൾ ഉൾക്കൊണ്ടപ്പോൾ, വാര്യരുടെ ചികിത്സാപ്രസ്ഥാനം ധൈഷണിക പ്രതിരോധത്തിന്റെ മാനങ്ങൾ കൈവരിച്ചു.

കൊളോണിയൽ യുക്തിയിൽ വേരുകളുള്ള പാശ്ചാത്യ ശാസ്ത്രബോധത്തിന്റെ മാനദണ്ഡങ്ങൾ വച്ചാണ്, ആയുർവേദത്തെ സ്വന്തം നാട്ടുകാരും മനസ്സിലാക്കിപ്പോരുന്നത്.

പാരമ്പര്യ മനോരോഗ ചികിത്സയിൽ പേരുകേട്ട മഞ്ചേരിക്കടുത്തെ പൂങ്കുടിൽ മനയും ഇത്തരമൊരു ചരിത്രം പറയുന്നുണ്ട്. (‘പൂങ്കള നമ്പൂതിരി' ഒഴിപ്പിച്ച കുട്ടിച്ചാത്തൻ ബാധയെപ്പറ്റി കേട്ടുവളർന്ന കുട്ടിക്കാലം). മലബാർ പ്രക്ഷോഭകാലത്തും അവർ ചികിത്സകരായി പ്രദേശത്ത് തുടർന്നു. പി.എസ്. വാര്യരെ തേടിയെത്തുന്നവരെ ഏത് അർദ്ധരാത്രിയിലും കോട്ടക്കലിൽ കൊണ്ടെത്തിക്കാനുള്ള സൗകര്യം ഒരുക്കിക്കൊടുത്തപോലെ, ഖിലാഫത്ത് കമ്മിറ്റികളും പ്രക്ഷോഭകാരികളും പൂങ്കുടിൽ മനയെയും സംരക്ഷിച്ചു. ജന്മി കുടുംബങ്ങൾ നാടൊഴിഞ്ഞുപോയപ്പോൾ, ഇവർ കലാപം കൊടുമ്പിരികൊണ്ട നാളുകളിലും ദേശത്തുതന്നെ തുടർന്നു. പൂങ്കുടിൽ മനക്കാർ നേരത്തെ തന്നെ സമുദായത്തിൽ ഭ്രഷ്ട് അനുഭവിക്കുന്നവരായിരുന്നു. താത്രിക്കുട്ടി വിചാരണയെത്തുടർന്നായിരുന്നു അത്. കലാപകാലത്ത് അവർ മതം മാറിയെന്ന്, ദേശം മാറിപ്പോയ നമ്പൂതിരി കുടുംബങ്ങൾ വിശ്വസിച്ചു.

പാരമ്പര്യ മനോരോഗ ചികിത്സയിൽ പേരുകേട്ട മഞ്ചേരിക്കടുത്തെ പൂങ്കുടിൽ മന
പാരമ്പര്യ മനോരോഗ ചികിത്സയിൽ പേരുകേട്ട മഞ്ചേരിക്കടുത്തെ പൂങ്കുടിൽ മന

പ്രക്ഷോഭനാളുകളിൽ അനുഭവിച്ച അന്തഃസംഘർഷങ്ങളും ജീവിതദുരിതവും പീഡനങ്ങളും ജനങ്ങളിൽ നല്ലൊരു പങ്കിനെ രോഗങ്ങൾക്കടിമയാക്കി. മനോരോഗികൾ എണ്ണത്തിൽ വർദ്ധിച്ചതായി ആശുപത്രിക്കണക്കുകൾ പറയുന്നു. ഈ സാമൂഹ്യാവസ്ഥയിൽ ആതുരസേവനത്തിന്റെ സാന്ത്വനമരുളുന്ന മാതൃകകളായി പൂങ്കുടിൽ മനയും കോട്ടക്കൽ പ്രസ്ഥാനവും വർത്തിച്ചു.

തദ്ദേശീയ വൈദ്യത്തിന്റെ തത്വചിന്തയെ അലോപ്പതിയുടെ ഉപകരണ യുക്തി കയ്യാളിയ സാഹചര്യത്തിൽ, ആയുർവേദം ഒരു അപകർഷത്തെ നേരിടുന്നുണ്ട്. ഈ കൊളോണിയൽ അപകർഷം പല നിലയിൽ പ്രവർത്തനക്ഷമമാണ്.

കൊളോണിയാനന്തര സാഹചര്യത്തിലും ആയുർവേദത്തോട് നാം പുലർത്തുന്നത് കൊളോണിയൽ യജമാനന്റെ സമീപനമാണ്. കൊളോണിയൽ യുക്തിയിൽ വേരുകളുള്ള പാശ്ചാത്യ ശാസ്ത്രബോധത്തിന്റെ മാനദണ്ഡങ്ങൾ വച്ചാണ്, ആയുർവേദത്തെ സ്വന്തം നാട്ടുകാരും മനസ്സിലാക്കിപ്പോരുന്നത്.
പ്രയോജനവാദത്തെ പ്രതിഷ്ഠിക്കുന്ന ഉപകരണയുക്തിയുടെ കാഴ്ചപ്പാട് പിൻപറ്റുന്ന ആധുനികർക്ക്, ആയുർവേദം അന്ധവിശ്വാസമോ അശാസ്ത്രീയമോ ആയിത്തോന്നാം. എംപിരിക്കലായി തെളിയിക്കാൻ കഴിയാത്തതും കണക്കും കൃത്യതയുമില്ലാത്തതും കാര്യ-കാരണ ബന്ധങ്ങൾക്ക് അതീതവുമെന്ന് വിധിയെഴുതാം. പ്രകൃതിയിൽനിന്ന് അന്യവൽക്കരിക്കപ്പെട്ട നിലയിൽ, വ്യക്തിവാദത്തിൽ അടിത്തറയുള്ള ആധുനികതയുടെ ഈ സമീപനം, പാശ്ചാത്യ നവോത്ഥാനത്തിന്റെ അടിസ്ഥാനമായ കാന്റിയൻ യുക്തിചിന്തയിൽ അധിഷ്ഠിതമാണ്. കാർടീഷ്യൻ ഗണിതം സംഭാവന ചെയ്ത ഈ വ്യക്തിക്ക്, ചിന്തിക്കുന്ന തലച്ചോറും അനുഭവിക്കുന്ന ശരീരവും വേറിട്ട വിഭാഗങ്ങളാണ്. ശരീരത്തിന്റെ രാസനിയമങ്ങളുമായി ബന്ധമില്ലാത്ത ഒന്നായാണ് അത് കേന്ദ്ര നാഡീവ്യവസ്ഥയെ കാണുന്നത്. ജീവിയുടെ മരണം പോലും അലോപ്പതി നിജപ്പെടുത്തുന്നത് ഈ മാനദണ്ഡം വച്ചാണ്.

തദ്ദേശീയ വൈദ്യത്തിന്റെ തത്വചിന്തയെ അലോപ്പതിയുടെ ഉപകരണ യുക്തി കയ്യാളിയ സാഹചര്യത്തിൽ, ആയുർവേദം ഒരു അപകർഷത്തെ നേരിടുന്നുണ്ട്. ഈ കൊളോണിയൽ അപകർഷം പല നിലയിൽ പ്രവർത്തനക്ഷമമാണ്.

ഇന്ന് ആയുർവേദ വിദ്യാഭ്യാസത്തിന്റെ കരിക്കുലവും സിലബസും നിശ്ചയിക്കുന്ന അഖിലേന്ത്യാ തലത്തിലുള്ള ബോഡിയായ സി.സി.ഐ.എം തന്നെ, അലോപ്പതിയെ അഗാധമായി അനുകരിക്കുന്നതായി കാണാം
ഇന്ന് ആയുർവേദ വിദ്യാഭ്യാസത്തിന്റെ കരിക്കുലവും സിലബസും നിശ്ചയിക്കുന്ന അഖിലേന്ത്യാ തലത്തിലുള്ള ബോഡിയായ സി.സി.ഐ.എം തന്നെ, അലോപ്പതിയെ അഗാധമായി അനുകരിക്കുന്നതായി കാണാം

‘‘ഇന്ന് ആയുർവേദ വിദ്യാഭ്യാസത്തിന്റെ കരിക്കുലവും സിലബസും നിശ്ചയിക്കുന്ന അഖിലേന്ത്യാ തലത്തിലുള്ള ബോഡിയായ സി.സി.ഐ.എം തന്നെ, അലോപ്പതിയെ അഗാധമായി അനുകരിക്കുന്നതായി കാണാം. ആയുർവേദത്തെ അഖിലേന്ത്യാ തലത്തിൽ ഉദ്ഗ്രഥിക്കാനും ദേശീയവൽക്കരിക്കാനുമുള്ള ശ്രമങ്ങൾ സി.സി.ഐ.എമ്മിന്റെ നേതൃത്വത്തിൽ നടക്കുന്നു. നൂറ്റാണ്ടുകളായി കേരളത്തിൽ നിലനിന്ന ‘അഷ്ടാംഗഹൃദയ പാരമ്പര്യത്തെ' ഒരൊറ്റ ദിവസം കൊണ്ട് കൗൺസിൽ നിർത്തലാക്കി. മുപ്പതു വർഷത്തെ നിരന്തര പരിശ്രമത്തിനൊടുവിലാണ് അഷ്ടാംഗഹൃദയത്തിന്റെ സൂത്രസ്ഥാനമെങ്കിലും പാഠ്യഗ്രന്ഥമായി പുനഃസ്ഥാപിക്കപ്പെട്ടത്. അപ്പോഴേക്കും അഷ്ടാംഗഹൃദയം പഠിച്ച അധ്യാപകർ കോളേജുകളിൽ അവശേഷിക്കാത്ത നിലയും വന്നു. കേരളത്തിന്റെ ആയുർവേദ പാരമ്പര്യമാകെ സൈദ്ധാന്തിക ജീവനായി കണ്ടുപോന്ന അഷ്ടാംഗഹൃദയ പാരമ്പര്യം പതുക്കെ നിഷ്‌ക്രമിച്ചു കഴിഞ്ഞിരിക്കുന്നു എന്നർത്ഥം.’’ (ഡോ. സി. ആർ. അഗ്‌നിവേശ്).

മറുഭാഗത്ത്, ഇംഗ്ലീഷ് വിദ്യാഭ്യാസം മാപ്പിളമാർക്ക് അഭികാമ്യം എന്നു പറഞ്ഞതിന് പാലായനം ചെയ്യേണ്ടിവന്ന മക്തി തങ്ങളുടെ സമൂഹം, ഇന്ന്​ വൈകിയ വേളയിൽ, ഇംഗ്ലീഷ് വിദ്യാഭ്യാസത്തിനും ഇംഗ്ലീഷ് വൈദ്യത്തിനും നൽകുന്ന വർദ്ധിച്ച പ്രാധാന്യം മനംപുരട്ടലുണ്ടാക്കുന്നതാണ്. ആയുർവേദത്തെയും നാട്ടുവൈദ്യ പാരമ്പര്യങ്ങളെയും ‘ഹിന്ദുത്വ'മായി ‘അപരവൽക്കരിച്ച്’, അലോപ്പതിയുടെ ഉപകരണയുക്തിക്ക് അടിയറവ് പറഞ്ഞ മലപ്പുറം മതാധുനികത. ആഹാരത്തെയും ആരോഗ്യത്തെയും വാണിജ്യത്തെയും മഹോത്സവമാക്കുന്ന മലപ്പുറം. മകാര പ്രാസത്തിൽ ഒരു മനോരമയാണോ ദേശാഭിമാനി? എഴുപതിൽ ഇടിമുഴക്കം തീർത്ത വാക്കുകൾ, എൺപതിൽ ‘ഫോക്കസ് തെറ്റിയ ഛായാചിത്രങ്ങ'ളാകുമോ? ബംഗാളിൽ നിന്ന് വാർത്തകളുമായി ബേബി സഖാവ് ‘രാപ്പകൽ' സംഗമത്തിന് കൊണ്ടോട്ടിയിൽ വരുമോ? ▮

Comments