Photo: K.R. Sunil

പട്ടാപകൽചൂട്ടും മിന്നിച്ച്

മനുഷ്യനെത്തിച്ചേരാൻ പറ്റുന്ന മാനസികാനുഭവങ്ങളുടെ പരമകോടിയായി, സാംസ്‌കാരിക പ്രതിരോധത്തിന്റെ ജ്ഞാനിമം എന്ന നിലയിൽ, ഭ്രാന്ത് എന്നും മലപ്പുറം ആഘോഷിച്ചിരുന്നു.

അഞ്ച്​

A hundred and a hundred times have I taken up my lantern,Seeking you, at high noon.- Mathurin Regnier.

‘പട്ടാപകലും ചൂട്ടും മിന്നിച്ച്​ മനുഷ്യരെത്തേടി നടന്നവരുണ്ട്' മലപ്പുറത്ത്.

‘പലരും ഞമ്മളെ മക്കാറാക്ക്ണ് പറയും ഞാനീ ഹഖ്,
പലരും ഞമ്മളെ പിരാന്തനാക്ക്ണ്, തുടരും ഞാനീ പോക്ക് ' എന്നു പ്രഖ്യാപിച്ച ഭ്രാന്തന്മാർ. സ്വർഗത്തിനു തീവയ്ക്കാൻ ഒരു കയ്യിൽ തീയും നരകത്തെ കെടുത്താൻ മറ്റേ കയ്യിൽ വെള്ളത്തൊട്ടിയും കൊണ്ട് നടന്ന റാബിയമാർ.

ചൂട്ടുകാട്ടി മമ്മദ്.
ഷെയ്ഖാണെന്ന്, പൊന്നാനിത്തെരുവിൽ, പട്ടാപകൽ ചൂട്ടു കത്തിച്ചു പ്രഖ്യാപിക്കണമെന്നു കല്പന നൽകി, ശിഷ്യന്റെ ആത്മബലം പരിശോധിച്ച ചൂട്ടുകാട്ടി മമ്മദുമാരുടെ നാട്.
നൊസ്സിനും മസ്തിനും അഭയമായ നാട് മലപ്പുറം പോലെ മറ്റൊന്നില്ല.

പൊന്നാനിയിലെ നൊസ്സന്മാരും കൊണ്ടോട്ടിയിലെ മസ്താൻമാരും മതത്തിന്റെ ‘മഹത്തായ തടവറകളിൽ' നിന്ന് പുറത്തായി തലച്ചൂടുമായി അലഞ്ഞവരാണ്. ഭ്രാന്ത് അറിവിന്റെ വിഷയമാണെന്നറിഞ്ഞ സൂഫീ ജ്ഞാനത്തിന്റെ നാറാണത്ത് ഭ്രാന്തന്റെ രായിരനല്ലൂരിലെ ഭ്രാന്താചലവും മലപ്പുറത്തിന്റെ ഓരത്താണ്.

പറയിപെറ്റ പന്തിരുകുലത്തിലെ നാറാണത്തു ഭ്രാന്തനുമായി ബന്ധപ്പെട്ട ക്ഷേത്രമാണ് രായിരനല്ലൂർ ഭ്രാന്താചല ക്ഷേത്രം

If madness is the truth of knowledge, It's because knowledge is absurd, and instead of addressing itself to the great book of experience, loses its way in the dust of books, and in idle debate, learning becomes madness through the very excess of false learning.- Michael Foucault.

എന്നാൽ ‘കയ്യിൽ കിതാബുമേന്തി നടക്കും കഴുകന്മാരുണ്ടിവിടെ' എന്ന് എം. വി. അബൂബക്കർ മാസ്റ്റർ പാട്ട് കെട്ടിയത് ഫ്രഞ്ചുകാരനായ മിഷേൽ ഫൂക്കോയെ വായിച്ചല്ല.

Oh ye learned men, who bear great names,Look back at the ancient fathers, learned in the law.They did not weigh dogmas in shining white books,But fed their thirsty hearts with natural skill.- Sebastian Brant.

According to the theme long familiar to popular satire, madness appears here as the comic punishment of knowledge and its ignorant presumption.- Michael Foucault.

അറിവും ഭ്രാന്തും തമ്മിലുള്ള ഈ വിവാദാസ്പദമായ ബന്ധങ്ങൾ മധ്യകാലത്ത് നാറാണത്ത് ഭ്രാന്തനിലൂടെ മലപ്പുറമറിഞ്ഞു. മനുഷ്യനെത്തിച്ചേരാൻ പറ്റുന്ന മാനസികാനുഭവങ്ങളുടെ പരമകോടിയായി, സാംസ്‌കാരിക പ്രതിരോധത്തിന്റെ ജ്ഞാനിമം എന്ന നിലയിൽ, ഭ്രാന്ത് എന്നും മലപ്പുറം ആഘോഷിച്ചിരുന്നു.

മിഷേൽ ഫൂക്കോ

കൊണ്ടോട്ടിയും കിഴിശ്ശേരിയും പൊന്നാനിയും മുസ്ലിയാരങ്ങാടിയും വള്ളുവമ്പ്രവും ഫക്കീറന്മാരുടെയും മസ്താക്കന്മാരുടെയും മജ്ദൂബികളുടെയും നാടായിരുന്നു. ‘മൂച്ചിപ്പിരാന്തിന് പുത്തൻ മാളിക ശരണം' എന്ന നിലയിൽ, കൊണ്ടോട്ടിയിലെ തങ്ങന്മാർ, സാമൂഹ്യ ജീവിതത്തിന്റെ തടവറകൾ സമ്മാനിച്ച മനോരോഗത്തിന്റെയും അപസ്മാരത്തിന്റെയും ചികിത്സകരായാണ്, തങ്ങളുടെ സൂഫി ജ്ഞാനിമത്തിന്റെ പേർഷ്യൻ പാരമ്പര്യങ്ങളിൽ പുലർന്നത്. ജന്മി-കൊളോണിയൽ വിരുദ്ധ പ്രക്ഷോഭത്തിന്റെ പതിറ്റാണ്ടുകളിൽ, മനോരോഗം ബാധിച്ചവരുടെ എണ്ണം വർധിച്ചതായി ആശുപത്രി കണക്കുകൾ സൂചിപ്പിച്ച കാര്യവും ഇവിടെ പരിഗണനാർഹമാണ്. മലബാർ കലാപം വഴിതെറ്റിമറിഞ്ഞ്​ ലഹളകളായി മാറിയപ്പോൾ, അഭയാർത്ഥികളായെത്തിയവർക്ക് കൊണ്ടോട്ടിയിലും കോട്ടക്കലും അഭയം നൽകിയ പോലെ, തങ്ങൾവൈദ്യവും കോട്ടക്കൽ വൈദ്യവും പൂങ്കുടിൽ മനയും മനസ്സിന്റെ താളപ്പിഴകൾക്ക് ചികിത്സ നിശ്ചയിച്ച കാര്യങ്ങൾ നാം പറഞ്ഞുവല്ലോ.

ഭരണി നക്ഷത്രത്തിൽ നെല്ലിമരം നാൾവൃക്ഷമായ ഇവന് ഭ്രാന്തിനോട് എന്നും ആഭിമുഖ്യമുണ്ടായിരുന്നു. തലയിൽ നെല്ലിക്കാത്തളം വയ്ക്കാൻ, പ്രണയച്ചൂടിന്റെ നാളുകളിൽ, ഉണക്കനെല്ലിക്കയുമായി വീട്ടിലെ രഹസ്യത്തിൽ അവളെത്തിയിരുന്നു. എന്നാൽ എന്റെ ഭ്രാന്തിന്റെ വയലൻസ് അവളുടെ രതിശാസ്ത്രത്തിന് പഥ്യമായിരുന്നു. ലൈംഗികതയെക്കുറിച്ചും ഭ്രാന്തിനെക്കുറിച്ചും പുസ്തകമെഴുതിയ ഫൂക്കോയെ ഗവേഷണ ടൂളാക്കിയ അവൾക്ക്, അന്തമില്ലാത്ത രതിവാഞ്ചയുടെ ഭ്രാന്ത് പ്രണയപരീക്ഷയുടെ സെമസ്റ്ററായിരുന്നു. ടെലിഫോൺ സംഭാഷണങ്ങൾ പോലും നാഭിയിൽ കനമായി ഭവിച്ച്, രതിയുടെ ഭ്രാന്തൻ ദിനങ്ങളാഘോഷിച്ച നാളുകൾ.

മനസ്സിന്റെ താളമിടറിയ നാളുകളിൽ, പൂങ്കുടിൽ മനയിൽ പോയി നമ്പൂതിരിയെ കണ്ടപ്പോൾ, അനീതിയെ പൊറുപ്പിക്കാത്ത നിലപാടിനെ ഭ്രാന്തെന്നു പറയാമോ എന്ന ചോദ്യത്തിന്, നാറാണത്തു ഭ്രാന്തന്റെ കഥയാണ് അദ്ദേഹം മറുവാക്കായി പറഞ്ഞത്.

അക്കാലത്താലൊരിക്കലാണ് തിരുവേഗപ്പുറത്തിനടുത്തെ രായിരനല്ലൂരിലെ ഭ്രാന്താചലം ചവിട്ടാൻ പോയത്. തുലാമാസം ഒന്നിന്റെ തീർത്ഥാടനത്തിന്റെ തൊട്ടുമുമ്പത്തെ ദിനം. തന്ത്രിമാർ ഭഗവതിക്ക് വിളക്കൊരുക്കുന്നതിനു സാക്ഷിയായി ഞങ്ങളും. നിറഞ്ഞു കത്തുന്ന ദീപക്കാഴ്ച. ഭ്രാന്തന് ദർശനം നൽകിയ ഭദ്രകാളി. ഭ്രാന്തനെ തളച്ച പാറയിലെ കാഞ്ഞിരക്കുറ്റിയിൽ എന്റെ സ്‌പോണ്ടിലോസിസ് ബാധിച്ച പുറംകശേരു അമർത്തി ഞാനിരുന്ന് സുഖവാസം കൊണ്ടത് അവൾ ഫോട്ടോയിൽ പകർത്തി. നിന്റെ പൂമുഖം ഇത്രത്തോളം ശോഭയിൽ ഇതിനു മുമ്പ് ഭാവം പകർന്നിട്ടില്ലെന്ന് അവൾ പറഞ്ഞു.

മനസ്സിന്റെ താളമിടറിയ നാളുകളിൽ, പൂങ്കുടിൽ മനയിൽ പോയി നമ്പൂതിരിയെ കണ്ടപ്പോൾ, അനീതിയെ പൊറുപ്പിക്കാത്ത നിലപാടിനെ ഭ്രാന്തെന്നു പറയാമോ എന്ന ചോദ്യത്തിന്, നാറാണത്തു ഭ്രാന്തന്റെ കഥയാണ് അദ്ദേഹം മറുവാക്കായി പറഞ്ഞത്. കീഴടങ്ങാത്ത ഇച്ഛാശക്തിയെ മുറുകെ പിടിക്കാനുള്ള ഉപദേശം. പണ്ഡിതലോകം ഭ്രാന്തനെന്നു വിളിച്ചാലും പതറാതെ നിൽക്കാനുള്ള സൂഫി ജ്ഞാനിമം പറഞ്ഞു തന്നത് പൂങ്കുടിയിലെ വൈദ്യനാണ്. പറയിപെറ്റ പന്തിരുകുലത്തിൽ, ബുദ്ധിജീവിതത്തിന്റെ വഴി തെരഞ്ഞെടുത്ത ഭ്രാന്തനെ മാനസഗുരുവാക്കിയതും മറ്റൊന്നും കൊണ്ടല്ല.

പത്രാധിപനായി പ്രവർത്തിച്ച നാളുകളിൽ മേധാവിയോട് കയർത്തപ്പോൾ, ഭ്രാന്തുകൾ പലതരമുണ്ടെന്ന് അന്ന് രാജാവായിരുന്ന രാജീവ് എഡിറ്റോറിയൽ യോഗത്തിൽ പറഞ്ഞപ്പോൾ, അധികാരഭ്രാന്താണ് ഫൂക്കോ പറയുന്ന ഏറ്റവും അപകടം പിടിച്ച ഭ്രാന്തെന്ന് തിരിച്ചടിച്ചിരുന്നു.

Photo: K.R. Sunil

ഫൂക്കോ എന്നു കേട്ട മാത്രയിൽ, ഫൂക്കോ സാഹസങ്ങളുടെ ലെനിനിസ്റ്റ് ഭൂതം ഓർത്ത്, ഞാൻ ആവശ്യപ്പെട്ട അവധി തന്ന് അദ്ദേഹം തടി സലാമത്താക്കുകയായിരുന്നു. പിണറായിയെ മനോരമയ്ക്ക് ‘മിന്നൽപ്പിണറായി' എന്ന് വിളിക്കാമെങ്കിൽ, എനിക്ക് ‘പണറായി' എന്നും പറയാമെന്ന് എഡിറ്റോറിയലിൽ പ്രഖ്യാപിച്ചത്, പാർട്ടിക്കൊലയുടെ കൊറിയോഗ്രഫിയാക്കി മാറ്റാതെ നോക്കിയത്, എന്റെ കല്ലാടത്തു ഭ്രാന്തിന്റെ പിൻബലം കൊണ്ടായിരുന്നു. അവന് വട്ടായിപ്പോയതാണെന്ന് പാർട്ടിസ്‌നേഹം അനുഭവിക്കുകയും ചെയ്തു. കെ. ദാമോദരന്റെ കാലം മുതൽ പാർട്ടിക്കാരായ കുടുംബത്തിൽ വളർന്നതുകൊണ്ട്, മാർക്‌സിസത്തിന്റെ രഹസ്യങ്ങൾ കുടുംബത്തിൽ അങ്ങാടിപ്പാട്ടായിരുന്നു. അതിനാൽ ലെനിനിസത്തിന്റെ പത്മവ്യൂഹത്തിൽ നിന്ന് പുറത്തു കടക്കാനുള്ള വിദ്യയും മനസ്സിലാക്കിയിരുന്നു.

പ്രായത്തിൽ മൂത്ത ഒരു പട്ടത്തിപ്പെണ്ണിന്റെ പ്രണയം പിരിഞ്ഞ ഇടവേളയിൽ താളം തെറ്റിയ മനസ്സിന്റെ സമനില, ഒരു ഹോമം കഴിച്ച് നിലനിർത്താമെന്ന് പെങ്ങളോട് പണിക്കർ ഉപദേശിച്ചുവത്രേ. പള്ളിപ്പറമ്പത്തിയായ ഇസ്​ലാം ആണെങ്കിലും, അവൾക്ക് പണിക്കൻമാരിലും ജോത്സ്യന്മാരിലും പണ്ടേ വിശ്വാസമായിരുന്നു. അവളുടെ ഭഗവതീബലത്തിലാണ്, അറിവിന്റെ കൊട്ടാരക്കെട്ടിൽ ഞാൻ ഒട്ടകത്തെ തേടി നടന്നത്. മട്ടുപ്പാവിൽ നഷ്ടപ്പെട്ട ഒട്ടകത്തെ അന്വേഷിക്കുംപോലെ വ്യർത്ഥമാണ്, കൊട്ടാരത്തിലിരുന്ന് ദൈവത്തെയന്വേഷിക്കുന്നത് എന്ന് ഇബ്രാഹിം അദ്ഹം എന്ന മഹാനായ സൂഫിയ്ക്ക് കിട്ടിയ ദർശനത്തെപ്പറ്റി പറഞ്ഞു തന്നത് ഉമ്മയാണ്.

ഒരുപക്ഷേ വിചിത്രമായ ജീവിതശൈലിയിൽ പുലരുന്ന മുസ്​ലിം ജീവിതം, പടിഞ്ഞാറൻ ചിന്തക്ക്​ ഒരു ഭ്രാന്തായതുകൊണ്ടാവും, പല വിധേനെ അതിന്റെ കെട്ടഴിച്ചുവിടാനും ലിബറലൈസ് ചെയ്യാനുമുള്ള കോർപ്പറേറ്റ് യുക്തികൾ പതിറ്റാണ്ടുകളായി പ്രവർത്തിച്ചുപോരുന്നത്.

ഭ്രാന്തിന്റെ നൂൽപാലം കടന്നു വേണം അറിവിന്റെ ഈന്തപ്പഴം രുചിക്കാൻ എന്ന സൂഫീരഹസ്യം പകർന്ന, അജ്മീറുമായി കൊണ്ടോട്ടിയിൽ എത്തിയ, മുഹമ്മദ് ഷാ തങ്ങൾ നൽകിയ ഭ്രാന്ത്. എതിരാളികളാൽ തീക്കുണ്ഡത്തിൽ എറിയപ്പെട്ടപ്പോൾ ‘തണുക്കുന്നു, ഒരു പുതപ്പ് തരൂ' എന്ന് ഗുരുവിനോട് പറഞ്ഞ ഫൂക്കോഡിയൻ ജ്ഞാനിമം പകർന്ന കൊണ്ടോട്ടി.

വിവസ്ത്രനായി നടന്ന ഒരു ഫക്കീർ, കൊണ്ടോട്ടി തങ്ങൾ, ഇവിടെ വന്ന കാലത്ത്, എനിക്കൊരു വസ്ത്രം തരൂ എന്ന് കടലുണ്ടിയിലെ തുണിക്കച്ചവടക്കാരനോടു പറഞ്ഞപ്പോൾ, ‘നിനക്കെന്തിനു വസ്ത്രം, ആദ്യം നിന്റെ ഭ്രാന്ത് മാറട്ടെ' എന്ന് പ്രതികരിച്ചപ്പോൾ, അല്ല, നമ്മുടെ ദേശത്ത് ഒരു മനുഷ്യനെത്തിയിരിക്കുന്നു എന്നും, അയാളെ കാണാൻ എനിക്ക് വസ്ത്രമുടുക്കണമെന്നും പറഞ്ഞ ജ്ഞാനിയെ വിശ്വാസത്തിന്റെ ശക്തിപീഠമായി കടലുണ്ടിയിൽ ഇന്നും ആരാധിച്ചു പോരുന്നു.

ഒരു പ്രത്യേക ലക്ഷ്യത്തിനുവേണ്ടി മറ്റെല്ലാം മറന്ന് പ്രവർത്തിക്കുന്നതാണ് ഭ്രാന്ത് എന്ന് ‘ലക്ഷ്യത്തെ വഴിയിൽ ഉപേക്ഷിക്കാൻ' പഠിപ്പിക്കുന്ന താവോ ശാസ്ത്രം പറയുന്നു. അതിനാലാവണം നവോത്ഥാനയുക്തിയ്ക്കാണ് ഭ്രാന്ത് എന്ന് ഫൂക്കോ പറയുന്നത്. ഒരു നിശ്ചിതലക്ഷ്യത്തിനായി പ്രവർത്തിക്കുമ്പോൾ, വഴിയിലെ നന്മകളെല്ലാം തടസ്സങ്ങളായി ഭവിക്കുമ്പോൾ, അതിനെ തകർത്തു നിരപ്പാക്കുന്ന വികസനത്തിനാണ് ഭ്രാന്ത് എന്ന് പറഞ്ഞാലും അർത്ഥവ്യക്തത കൈവെടിയുന്നില്ല.

കൊണ്ടോട്ടി കുബ്ബ / Photo: Wikipedia

സംസാരസാഗരത്തിന്റെ സമാവർത്തങ്ങളിൽ മുങ്ങിപ്പോകുന്ന, ജീവിത വ്യർത്ഥതയുടെ കല്ലുരുട്ടിയ ഭ്രാന്തൻ. സ്വന്തമായി കരുതുന്ന വസ്തുവിന്റെ ഭാരം ഉപേക്ഷിക്കുന്നതാണ് ആനന്ദാനുഭവത്തിന്റെ രഹസ്യമെന് ‘ഈശാവാസ്യ രഹസ്യം' പറഞ്ഞു തന്ന ഭ്രാന്തൻ കാവൽ നിൽക്കുന്ന മലപ്പുറം, ഇന്റലിജൻസ് ക്യാമറകളിൽ ബ്ലർ ആയി മാറുന്നതു കണ്ട്, അന്ധാളിക്കുന്ന മൊസാദിയൻ ബുദ്ധിജീവിതങ്ങൾ. ഭ്രാന്തിന്റെ മഹാരഹസ്യങ്ങളിലേക്ക് ഉണരാത്ത മനുഷ്യന്റെ ജ്ഞാനം പൂർത്തിയാകുന്നില്ല എന്നു പഠിപ്പിക്കുന്ന മലപ്പുറം.

ഒരുപക്ഷേ വിചിത്രമായ ജീവിതശൈലിയിൽ പുലരുന്ന മുസ്​ലിം ജീവിതം, പടിഞ്ഞാറൻ ചിന്തക്ക്​ ഒരു ഭ്രാന്തായതുകൊണ്ടാവും, പല വിധേനെ അതിന്റെ കെട്ടഴിച്ചുവിടാനും ലിബറലൈസ് ചെയ്യാനുമുള്ള കോർപ്പറേറ്റ് യുക്തികൾ പതിറ്റാണ്ടുകളായി പ്രവർത്തിച്ചുപോരുന്നത്. വിശ്വാസ വിചിത്രതയായി, മധ്യകാലം മന്ദീഭവിച്ച, ഇസ്​ലാമിന്റെ അനുഷ്ഠാനജീവിതം ആധുനികതയ്ക്ക് ഒരു ഭ്രാന്തായി അനുഭവപ്പെടുമ്പോൾ, അതിനെ ക്ലെൻസ്​ ചെയ്യാനുള്ള ‘ഭാഗവത് യുക്തികൾ' കീഴടങ്ങലിന്റെ ഫാഷിസ്റ്റ് മന്ത്രം ഉപദേശിക്കുമ്പോൾ, ഒന്നുകിൽ കീഴടങ്ങുക, അല്ലെങ്കിൽ ഗെറ്റോയിസ് ചെയ്യപ്പെട്ട് കൊലയടയാളം പേറുന്ന ആട്ടിൻപറ്റമാകുക, എന്ന ഭരണകൂട പരിഹാരങ്ങൾ ഏറ്റുവാങ്ങുന്ന സമസ്യയിൽപ്പെട്ട ജീവിതം ജൂതന്മാർ തൊട്ടുള്ള സെമിറ്റിക് ചരിത്രമാണ്. ‘അവരെ അവരായി കണ്ടു അംഗീകരിക്കുന്നതാണ്' ജനാധിപത്യം എന്ന് ‘ജൂതപ്രശ്‌ന'ത്തിൽ മാർക്‌സ് ഉന്നയിക്കുന്നതും, അനുഷ്ഠാന ജീവിതങ്ങൾ ആധുനികതയ്ക്ക് വഴങ്ങാതെ, ചരിത്രത്തിന്റെ ഫൂക്കോഡിയൻ ഭ്രാന്തിന് കൂട്ടുനിൽക്കുന്നതു കൊണ്ടാവാം.

സലഫിസത്തിന് സൂഫിസം ഒരു ഭ്രാന്താണ്. സൂഫികൾക്ക് ലോകം തലതിരിഞ്ഞ ഒരു ഹെഗലിയൻ വൈരുദ്ധ്യമാണ്. പ്രത്യയശാസ്ത്രത്തിന്റെ മായക്കാഴ്ച മാറിയാൽ യാഥാർത്ഥ്യത്തിന്റെ സൂര്യനുദിക്കുമെന്ന ജ്ഞാനിമം മാർക്‌സിന്റേതാണ്.

ഇറാൻ വിപ്ലവം റിപ്പോർട്ടുചെയ്യാൻ പോയ ആ തത്വചിന്തകൻ, മതമൗലികവാദം ഭരണത്തിലേറിയപ്പോൾ, പെണ്ണുങ്ങളുടെ മുലയറക്കുകപോലും ചെയ്തിട്ടും, ഇറാനിയൻ വിപ്ലവം ചരിത്രത്തിൽ എണ്ണപ്പെടേണ്ട ഒന്നാണെന്ന് ഉറപ്പിച്ചു പറഞ്ഞപ്പോൾ, എന്താവും അർത്ഥമാക്കിയത്? ‘റിവോൾട്ട് ഓഫ് ഇസ്​ലാം' എഴുതിയ പി. ബി. ഷെല്ലിയുടെ ഫ്രഞ്ച് പുനർജന്മമാണോ ഫൂക്കോ? കുബ്ലാഖാന്റെ വരവ് സ്വപ്നദർശനമായി കിട്ടിയ കവിതയെഴുതിയ കോൾറിഡ്​ജിയൻ കാവ്യാനുഭവങ്ങളെ പുനഃസൃഷ്ടിക്കുകയാണോ ഫൂക്കോ തന്റെ കൃതികളിൽ ചെയ്തത്? സ്വവർഗാനുരാഗിയായ ആ തത്വചിന്തകൻ മലപ്പുറത്തെ ‘കുണ്ടൻ- ഹാജിയാർ' കാലത്തിന്റെ ഫ്രഞ്ച് അവതാരമാണോ? എന്തായാലും മലപ്പുറം ജീവിതത്തിന് ആധുനിക കാലത്ത് ഒരു ആഗോള തത്വചിന്തകൻ വേണമെങ്കിൽ, അതിലുത്തമൻ മിഷേൽ ഫൂക്കോയായിരിക്കും. ഇസ്​ലാം എന്ന ഭ്രാന്തിന് ആധുനികാനന്തര ന്യായം പകർന്ന ഫൂക്കോ കാക്ക. അദ്ദേഹം എഴുതുന്നു: In a general way, then, madness is not linked to the world and its subterranean forms, but rather to man, to his weakness, dreams, and illusions.- Michael Foucault.

സലഫിസത്തിന് സൂഫിസം ഒരു ഭ്രാന്താണ്. സൂഫികൾക്ക് ലോകം തലതിരിഞ്ഞ ഒരു ഹെഗലിയൻ വൈരുദ്ധ്യമാണ്. പ്രത്യയശാസ്ത്രത്തിന്റെ മായക്കാഴ്ച മാറിയാൽ യാഥാർത്ഥ്യത്തിന്റെ സൂര്യനുദിക്കുമെന്ന ജ്ഞാനിമം മാർക്‌സിന്റേതാണ്. പ്രത്യയശാസ്ത്രക്കണ്ണാടികളിൽ ഇടംവലം തിരിഞ്ഞു കാണുന്ന ‘മായ'യെക്കുറിച്ചുള്ള അറിവ് തന്നെയാണ് വേദാന്തവും പറയുന്നത്.

വേദാന്ത ചിന്തയിലേ സോഷ്യലിസമുള്ളൂ എന്നു പറഞ്ഞ വിവേകാനന്ദ സ്വാമികൾ, കേരളം ഒരു ഭ്രാന്താലയമാണെന്ന് പറഞ്ഞ് കന്യാകുമാരിയിലേക്ക് ഒളിച്ചോടിയത്, കേരളത്തിൽ വന്നുകഴിഞ്ഞ വികസനഭ്രാന്ത് മുന്നിൽ കണ്ടാകുമോ? ജാതിഭ്രാന്തിന്റെ കേരളത്തിൽ നിന്ന് വികസിച്ച വികസനഭ്രാന്തിന്റെ കേരളം. ടൂറിസ്റ്റ് പരിഹാരങ്ങളുടെ വണ്മാൻ ഷോ. സി.പി.ഐ- എമ്മും ബി.ജെ.പിയും അദാനിയുടെ അധ്യക്ഷതയിൽ കോവളത്തെ സമുദ്രയിൽ ഒന്നാകുന്ന അദ്വൈതം. കേന്ദ്രീകരണത്തിന്റെ ഭരണവാഴ്ച അരാജകത്വത്തിൽ തള്ളുന്ന വികേന്ദ്രീകൃതാസൂത്രണങ്ങൾ. ഐസക്കും ബേബിയും പാലോളിയും ശൈലജ ടീച്ചറും ഇല്ലാത്ത മന്ത്രിസഭ.

Photo: K.R. Sunil

കമ്യൂണിസത്തിന്റെ അവസാന അഭയകേന്ദ്രമായ കേരളത്തെ, പരശുരാമന്റെ മഴു, റിവേഴ്‌സ് മൂവ്‌മെന്റിൽ തിരിച്ചുപിടിക്കുമോ?
കേരളം ഒരു പാരിസ്ഥിതിക ദുരന്തപ്രദേശമായി കേന്ദ്രം പ്രഖ്യാപിക്കുമോ?
നെഹ്‌റു പിരിച്ചുവിട്ട കമ്യൂണിസ്റ്റ് കേരളം.
ഇന്ദിരാഗാന്ധി രക്ഷിച്ച സൈലൻറ്​വാലി.
അദാനിയും മോദിയും അതിന്റെ മലയാള പതിപ്പുകളും കേരളത്തെ ഒരു കാർബൺ കോപ്പിയാക്കി മാറ്റുമോ?
മഴയുടെ ദേവതയായ അർദ്ധനാരീശ്വരൻ കനിയുമോ?
ഒരു പ്രളയംകൊണ്ട് ഈ വികസന വിഡ്ഢിത്തങ്ങൾ വായില്ലാക്കുന്നിലപ്പനാകുമോ? കണ്ടറിയണം കാലത്തെ.

മലപ്പുറത്തെ ഭ്രാന്തിന്റെ മറുപുറത്തുള്ള തിരുവേഗപ്പുറത്തിനടുത്തെ രായിരനല്ലൂരിലെ ഭ്രാന്താചലത്തിൽ ഇപ്പോൾ ആൾക്കൂട്ടമാണ്. വിസ്മയിപ്പിക്കുന്നതിനേയും വിഭ്രമിപ്പിക്കുന്നതിനേയും ആരാധിച്ചു സ്വന്തമാക്കുന്ന ബ്രാഹ്മണ്യം കയ്യാളിയ നാറാണത്ത് ഭ്രാന്തൻ.

മലപ്പുറത്തെ ഭ്രാന്തിന്റെ മറുപുറത്തുള്ള തിരുവേഗപ്പുറത്തിനടുത്തെ രായിരനല്ലൂരിലെ ഭ്രാന്താചലത്തിൽ ഇപ്പോൾ ആൾക്കൂട്ടമാണ്. വിസ്മയിപ്പിക്കുന്നതിനേയും വിഭ്രമിപ്പിക്കുന്നതിനേയും ആരാധിച്ചു സ്വന്തമാക്കുന്ന ബ്രാഹ്മണ്യം കയ്യാളിയ നാറാണത്ത് ഭ്രാന്തൻ. കള്ളക്കടത്തുകാരുടെ അനിശ്ചിത്വങ്ങൾക്ക് അഭയമാകുന്ന അജ്മീർ. ഫക്കീറുമാരെയും മസ്താൻമാരെയും ആട്ടിയോടിച്ച് ചുങ്കത്തറയായി മാറുന്ന മഖാമുകൾ. സലഫികൾ പിടിച്ചടക്കുന്ന സൂഫിസം. പോകാൻ കാടും മലയുമില്ലാതെ തടങ്കൽ പാളയങ്ങളിലേക്ക് തുറന്നുവച്ച ആത്മീയതയുടെ ഭാവി. വിദ്യാഭ്യാസം എന്ന പേരിലുള്ള ഫാഷിസ്റ്റ് ജയിലറകൾ. യൂണിഫോമണിഞ്ഞ് ആട്ടിൻപറ്റങ്ങളായി അടിവച്ച് അഞ്ചാംപത്തിയായി മാറുന്ന ജനതയുടെ അന്തമില്ലാതെ യാത്ര സാർത്രിന്റെ ‘അയൺ ഇൻ ദ സോളി'ലെ ആൾക്കൂട്ടത്തെ ഓർമിപ്പിക്കുന്നതാണ്. ‘കാണാതായവരുടെ എണ്ണം നാൾതോറും പെരുകുന്നു' എന്ന് കവി പാടിയ പോലെയാണ് കാര്യങ്ങൾ.

True, madness attracts, but it does not fascinate. It rules all that is easy, joyous, frivolous in the world. It is madness, folly, which makes men 'sport and rejoice,' as it has given the gods 'Genius, Beauty, Bacchus, Silenus, and the gentle guardian of gardens. All within it is brilliant surface: no enigma is concealed.- Michael Foucault, ‘Madness and civilization’.

ഓം ശാന്തി ശാന്തി ശാന്തി. ▮

Comments