ബിജു ഇബ്രാഹിം

കൊച്ചിൻ ബിനാലെയിലെകൊണ്ടോട്ടിക്കാർ

ദേശ-രാഷ്ട്രങ്ങളിലെ കലാകാരന്മാർ മാറ്റുരയ്ക്കുമ്പോൾ, കൊണ്ടോട്ടിയുടെ പ്രാദേശികവാദത്തിന് രാഷ്ട്രമാനം നൽകി, കൊച്ചിൻ ബിനാലെയുടെ ഹൃദയസ്ഥാനത്ത്, കൊണ്ടോട്ടി ത്വരീഖത്ത് ഇടം നേടിയിരിക്കുന്നു.

ആറ്​

കൊച്ചിൻ ബിനാലെയിൽ കൊണ്ടോട്ടിയ്ക്ക് ഒരു മണിയറയുണ്ട്.

ദേശ-രാഷ്ട്രങ്ങളിലെ കലാകാരന്മാർ മാറ്റുരയ്ക്കുമ്പോൾ, കൊണ്ടോട്ടിയുടെ പ്രാദേശികവാദത്തിന് രാഷ്ട്രമാനം നൽകി, കൊച്ചിൻ ബിനാലെയുടെ ഹൃദയസ്ഥാനത്ത്, കൊണ്ടോട്ടി ത്വരീഖത്ത് ഇടം നേടിയിരിക്കുന്നു. സവിശേഷമായ സൂഫി പാരമ്പര്യംകൊണ്ടോ, വാസ്തുവിസ്മയത്തിന്റെ നാടെന്ന നിലയിലോ, കൊണ്ടോട്ടി മിസ്റ്റിക്കലായ ചരിത്രപ്രാധാന്യം കൈവരിക്കുന്നു.

കലയുടെയും കവിതയുടെയും സംഗീതത്തിന്റെയും മൊസപൊടാമിയൻ പൈതൃകങ്ങൾ കാത്തുസൂക്ഷിക്കുന്നു കൊണ്ടോട്ടി.

കൊച്ചിൻ ബിനാലെയിൽ ബിജു ഇബ്രാഹിമിനെ തെരഞ്ഞെടുത്തത്, ജന്മനാട്ടിനെ പശ്ചാത്തലമാക്കി അവൻ നിർമ്മിച്ച ഫോട്ടോ ഇമേജുകളുടെ പിൻബലത്തിലാണ്. ഒരു പ്രദേശത്തിന്റെ ആത്മീയ പാരമ്പര്യങ്ങളുടെ ആർക്കൈവൽ ഇമേജുകൾ. ചരിത്രത്തിന്റെ മ്യൂസിയം പീസായി മാറിയേക്കാവുന്ന ഒരു ദേശത്തിന്റെ സംസ്‌കൃതിയെ നാളെയിലേക്ക് തുറന്നു വയ്ക്കുന്ന ഇടപെടൽ.

വിശാലമായ ഒരു കബറിടത്തിന്റേത് എന്നു തോന്നുന്ന, നഗ്‌നമായ ചെങ്കല്ലുകൾ കൊണ്ട് കാവ്യം തീർത്ത സ്‌പേസിൽ, ഒരു ആർക്കിയോളജി ട്രഞ്ചിനുള്ളിലെ ഭിത്തികളിൽ തൂക്കിയിട്ട ആർട് ഫാക്​ട്​സ്​ പോലെ, കാണാം, ബിജുവിന്റെ കൊണ്ടോട്ടി ദേശീയതയുടെ ഹൃദയപടങ്ങൾ.

Photo: Biju Ibrahim
Photo: Biju Ibrahim

മലബാറിന്റെ രാജവാഴ്ചയുടെ മൂലകേന്ദ്രമാണ് കൊണ്ടോട്ടിയും പരിസരവും. സാമൂതിരി രാജവംശം ഉത്ഭവം കൊണ്ടത് നെടിയിരുപ്പ് സ്വരൂപത്തിലെ ഏറാടികൾ മൂത്താണെന്ന് ചരിത്രകാരന്മാർ പറയുന്നു. സാമൂതിരിമാരുടെ ധനം സൂക്ഷിച്ച ട്രഷറി എന്ന നിലയിലും നെടിയിരുപ്പ് എന്ന പേരു കിട്ടി. ആരാമ്പ്രം മലനിരകളിലെ മലപ്പണിക്കാർ എന്ന ആദിവാസി വിഭാഗമാണ് പിന്നീട് ഏറാടികളും സാമൂതിരികളുമായിത്തീർന്നത് എന്നാണ് എൻ എം നമ്പൂതിരി പറയുന്നത്. നെടിയിരുപ്പ് ഏറാടികളുടെ തായ് നാടായിരുന്നു. ‘ചത്തും കൊന്നും നേടിക്കൊൾക' എന്നു പറഞ്ഞ്​ പെരുമാൾ നൽകിയ വാൾ, ആദ്യമുപയോഗിച്ച് കീഴടക്കിയ സ്ഥലം എന്ന നിലയാണ് നെടിയിരുപ്പിനുള്ളത്.

കാലം നിലച്ചുപോയ ജീവിതം ഒരു മാജികൽ റിയലിസമാക്കിത്തീരുന്ന കൊണ്ടോട്ടി. മൃതപ്പെട്ട് ആർക്കൈവൽ ആകുന്ന സ്മരണ. പൈതൃകങ്ങളുടെ ഇരുണ്ട ഭാവിയിലേക്ക് മിനിമം ലൈറ്റയയ്ക്കുന്ന ഫോട്ടോ പ്രതിനിധാനങ്ങൾ.

നെടിയിരുപ്പ് പൊയിലിക്കാവ് കരിങ്കാളി ക്ഷേത്രവും താന്നിക്കാട് ശിവക്ഷേത്രവും അതിർത്തി നിർണ്ണയിക്കുന്ന കൊച്ചുനാട്. ഈ പ്രദേശത്തിന്റെ വാസ്തുഭൂമികയാണത്രേ കോഴിക്കോട് തളി ക്ഷേത്രത്തിൽ താന്ത്രികമായി പുനഃസൃഷ്ടിച്ചത്. തങ്ങളുടെ മൂലസ്ഥാനം എന്ന നിലയിലുള്ള ഓർമ്മ. തിരുവോണമലയിൽ കോട്ടസ്ഥാനം. മലഞ്ചരക്കുകൾ സമൃദ്ധമായ ഏറനാട്. മലനാടിന്റെ നട്ടെല്ല് പോലെ കിടക്കുന്ന ആരാമ്പ്രം മല. രാമനാട്ടുകര മുതൽ സേലം വരെ ഇടമുറിഞ്ഞ നിലയിലെങ്കിലും തുടർച്ചയുള്ള ഈ മലനിരകളിൽ നിന്നാണ് ഏറാടികൾ എന്ന പോലെ എല്ലാ ആദിചേര വംശങ്ങളും ഉടലെടുത്തത്. പന്തല്ലൂർ മലയിൽ നിന്ന് വള്ളുവക്കോനാതിരികൾ. കോയമ്പത്തൂർ എന്ന കോവയിൽ നിന്ന് ആദിചേരന്മാർ. കടലുണ്ടി എന്ന ടിണ്ടിസ് ചേര രാജാക്കന്മാരുടെ രണ്ടാം തലസ്ഥാനമായിരുന്നു. ‘ടിൻഡിസിലെ മീനുകൾ പോലെയാണ് നിന്റെ കണ്ണുകൾ' എന്ന് കാമുകിയെ പുകഴ്ത്തികൊണ്ട് സംഘകാല കൃതിയായ കലിത്തൊകയിലെ കാമുകൻ കടലുണ്ടിയെ സാക്ഷ്യപ്പെടുത്തുന്നു, കടലുണ്ടിപ്പുഴ അരഞ്ഞാണം കെട്ടിയ മലപ്പുറം. മലപ്പുറത്തെ നീരൊഴുക്കുകൾ ഏറെക്കുറെയെല്ലാം കടലുണ്ടിപ്പുഴയിൽ അഴിമുഖം കണ്ടെത്തുന്നു. ജലപാതകൾ മുഖ്യ ഗതാഗത മാർഗമായിരുന്ന അന്നത്തെ ജീവിതം തോടുകളും അരുവികളും പുഴകളും കടലും ചേർന്ന് ജലസമൃദ്ധമായിരുന്നു.

Photo: Biju Ibrahim
Photo: Biju Ibrahim

നെടിയിരുപ്പിന്റെ ഈ മധ്യകാലത്തിനു മുമ്പും ഇരുമ്പുയുഗത്തിന്റെ സമൃദ്ധി ഈ പ്രദേശങ്ങൾക്കുണ്ട്. ശിലായുഗത്തോളം മനുഷ്യവാസ ലക്ഷണങ്ങൾ കാണുന്നുണ്ട്. ഈ പൗരാണികത മധ്യകാലത്ത് നെടിയിരുപ്പായും പിൽക്കാലത്ത് കൊളത്തൂരായും പിന്നീട് കൊണ്ടോട്ടിയായും വികസിച്ചുവന്നു.

250 വർഷം മുമ്പ് കൊണ്ടോട്ടിയിൽ ബോംബെ കല്യാണിൽ നിന്ന്, തന്റെ ആത്മീയ യാത്രയ്‌ക്കൊടുവിൽ മുഹമ്മദ് ഷാ തങ്ങൾ വന്നണഞ്ഞത്, കൊണ്ടോട്ടിയുടെ അതുവരെയുള്ള ചരിത്രത്തിന്റെ മുഖച്ഛായ മാറ്റുന്നതായിരുന്നു. ഒരു സൂഫിയുടെ വരവ്, സാമൂഹിക ജീവിതത്തെ മാറ്റി തീർക്കുകയും സമ്പന്നമാക്കുകയും സാന്ത്വനപ്പെടുത്തുകയും കവിതയും സംഗീതവും സമ്മാനിക്കുകയും ചെയ്യുന്ന വിസ്മയമായിരുന്നു അത്.

മുഹമ്മദ് ഷാ തങ്ങൾ തുടങ്ങിവെച്ചു ദൃഢപ്പെടുത്തിയ സൂഫീ പാരമ്പര്യങ്ങൾ കുറേക്കൂടി കാലം നിലനിന്നു. 200 വർഷത്തിലധികം നിലനിൽക്കുന്ന ഒരു സൂഫി ഓർഡറിന് പിന്നെ അതിന്റെ തോടു മാത്രമേ ബാക്കിയുണ്ടാവൂ എന്നു പറഞ്ഞ ബഹാവുദ്ദീൻ നക്ഷബന്ധിയുടെ വാക്കുകൾ സ്മരിച്ചാൽ, മുഹമ്മദ് ഷാ തങ്ങൾ തുടങ്ങിവച്ച സൂഫീ പാരമ്പര്യങ്ങൾ, ഇരുനൂറു വർഷത്തോളം ജീവനോടെ നിലനിന്നു എന്നു കാണാം.

Photo: Biju Ibrahim
Photo: Biju Ibrahim

പിൻഗാമികൾ ഷായുടെ ജ്ഞാനപദവിയെ സ്മരിക്കാൻ നിർമ്മിച്ച ശവകുടീരം, കേരളത്തിലെ മഖാമുകളുടെ മഖാമായി നിലകൊള്ളുന്നു. ഇന്തോ സാരസൻ ശിൽപ മാതൃകയിൽ, തമിഴ്- ബീജാപൂർ സമ്മിശ്ര ശില്പ ശൈലികളുടെ സമ്മേളനം. അടിയിലെ തറ കണ്ടാൽ ചിതറാളിലെ ജൈനനിർമ്മിതിയെ ഓർമിപ്പിക്കുന്നതും, മധ്യത്തിലെ നിർമിതി തമിഴ് മണ്ഡപ ശൈലിയിലും, മുകളിൽ സാരാനാഥിലെ സ്തൂപങ്ങളുടെ സ്മരണയുണർത്തിയും. ഇന്ത്യൻ സംസ്‌കൃതിയുടെ മുഖ്യ ചാലകശക്തികളുടെ സമന്വയ ബിന്ദുവായി ഇസ്​ലാമിനെ കണ്ടെത്തുന്ന ദർശനം, ഈ ശവകുടീരത്തിന്റെ വാസ്തുവിദ്യ സംസാരിക്കുന്നുണ്ട്. ദക്ഷിണേന്ത്യയിൽ ഇത്തരം വാസ്തുവിദ്യയിൽ പണിത ദർഗങ്ങൾ മറ്റൊന്നില്ല.

ഒരു സിനിമാ സ്വീക്വൻസിൽ നിന്ന് ചീന്തിയെടുത്ത പോലെയാണ് ബിജുവിന്റെ ഫോട്ടോഗ്രാഫുകൾ. കൊണ്ടോട്ടിയുടെ വാസ്തു ശാസ്ത്രവും ശ്മശാനങ്ങളുടെ അർത്ഥശാസ്ത്രവും ഫക്കീറന്മാരുടെ ത്വത്വശാസ്ത്രവും.

തുടർച്ചയായ സാംസ്‌കാരിക പ്രവർത്തനങ്ങളും, റിയാസ് കോമു ക്യൂറേറ്റ് ചെയ്ത കൊണ്ടോട്ടി സൂഫി ഫെസ്റ്റിവലും, അതിനും മുമ്പ് ജനതയുടെ സാസ്‌കാരിക സാമന്വയ ബിന്ദുവായിരുന്ന കൊണ്ടോട്ടി നേർച്ചകളും, വർഷം നീളുന്ന സ്മരണാദിനങ്ങളും, ഉറൂസുകളും പാട്ടുത്സവങ്ങളും വൈദ്യർ കവിതയും കൊണ്ടോട്ടിയുടെ ഷെഹ്നായിയായ ചീനിമുട്ടും,എല്ലാം ചേർന്ന്, ആധുനികതയും പാരമ്പര്യവും, ബിജുവിന്റെ കൊണ്ടോട്ടി പ്രേരണകളെ സമ്പന്നമാക്കുന്നുണ്ട്.

കലയുടെയും കവിതയുടെയും സംഗീതത്തിന്റെയും മൊസപൊടാമിയൻ പൈതൃകങ്ങൾ കാത്തുസൂക്ഷിക്കുന്നു കൊണ്ടോട്ടി. വലിയ മുഹമ്മദ് ഷാ തങ്ങളുടെ മുത്തച്ഛൻ ഇറാഖിലെ ബസറയിൽ നിന്നെത്തി മുംബൈയിൽ സ്ഥിരതാമസമാക്കിയവരായിരുന്നു. മുഹമ്മദ് ഷാ തങ്ങളുടെ സൂഫിസം പേർഷ്യൻ സൗന്ദര്യാനുഭവമായി പുനർജനി കണ്ടെത്തുന്നതിന്റെ വേരുകൾ അതാണ്. കളിമണ്ണിന്റെ ആ കാലം പണിത ഇമേജുകളുടെ ചാരെയാണ്, ബിജുവിന്റെ ഫോട്ടോകളുടെ പ്രദർശനത്തുടർച്ച എന്ന കാര്യവും ശ്രദ്ധേയമാണ്.

Photo: Biju Ibrahim
Photo: Biju Ibrahim

സൂഫിസത്തിന് പല പ്രതിനിധാനങ്ങളുണ്ട്. തത്വചിന്താപരമായ പ്രതിനിധാനങ്ങൾ. ഹാജിയോഗ്രഫികൾ. കവിത. മൊഴിമുത്തുകൾ. കഥപറച്ചിലുകൾ. സംഗീതം. ചിത്രകല എന്നുവേണ്ട എല്ലാ നിലയിലുള്ള പ്രതിനിധാനങ്ങളും ലഭ്യമാണ്. പ്രത്യേകിച്ചും പടിഞ്ഞാറൻ ചിന്തയുടെ വിട്ടുപോകലുകൾ, ആത്മനഷ്ടങ്ങൾ, സൂഫിസത്തിന്റെ ഓറിയന്റൽ പ്രതിനിധാനങ്ങളിൽ കൗതുകം കൊള്ളുന്നു. ബിജുവിന്റെതാകട്ടെ, അനുഷ്ഠാനപരവും നരവംശശാസ്ത്രപരവുമായ, ഫോട്ടോഗ്രാഫിയുടെ തനതു ഭാഷയിലുള്ള പ്രതിനിധാനങ്ങളാണ്. വംശാവലി ചരിത്രത്തിന്റെ ഷാക്കും, അനുഷ്ഠാനങ്ങളുടെയും ഉന്മാദാവസ്ഥയുടെയും മുഹൂർത്തങ്ങളും, അതിലുപയോഗിക്കുന്ന ആയുധങ്ങളുമെല്ലാം ബിജുവിന്റെ ഫോട്ടോഗ്രഫി പകർത്തുന്നു.

ശരീരം ഇവിടെ പ്രധാനപ്പെട്ട ഒരു രൂപകമാണ്. തൊലിപ്പുറമേയല്ലാത്ത ആത്മജ്ഞാനങ്ങൾ, ശരീരത്തിലൂടെ എങ്ങിനെ പ്രകടനം കൊള്ളുന്നു എന്നതിന്റെ സാക്ഷ്യങ്ങൾ. ഉന്മാദത്തിന്റെയും വിസ്മൃതിയുടെയും സന്ദർഭങ്ങളെ സമാധിയുടെ പടവുകളായി പരിഗണിക്കുന്ന രീതി ആത്മീയശാസ്ത്രത്തിലുണ്ട്. റിഫായി ഷെയ്ഖിനും മുഹിയുദ്ധീൻ ഷെയ്ഖ്‌നും സമർപ്പിച്ചു നടത്തുന്ന കുത്തുറാത്തീബ് അതിലൊന്നാണ്. കത്തി വാർന്നും കമ്പി തുളച്ചും നാവറുത്തും കണ്ണുപിഴുതും റിയലിസത്തിന്റെ എല്ലാ യുക്തികളും അസ്ഥപ്രജ്ഞമാക്കുന്ന കുത്തുറാത്തീബ്.

ശരീരം ഇവിടെ പ്രധാനപ്പെട്ട ഒരു രൂപകമാണ്. തൊലിപ്പുറമേയല്ലാത്ത ആത്മജ്ഞാനങ്ങൾ, ശരീരത്തിലൂടെ എങ്ങിനെ പ്രകടനം കൊള്ളുന്നു എന്നതിന്റെ സാക്ഷ്യങ്ങൾ.

ശരീരത്തിന്റെ ഈ നരവംശശാസ്ത്രം കറുപ്പിലും വെളുപ്പിലും യുഗ്മഗാനം പാടുന്ന ഈ ഫോട്ടോഗ്രഫുകൾ, നരവംശ ശാസ്ത്രത്തിന്റെ ഭാഷ പിന്തുടരുന്ന, ഫോട്ടോഗ്രഫിയുടെ ദ്വന്ദയുക്തിയിൽ നിന്ന് മുന്നോട്ടു പോയി, ആർക്കൈവലായ അതിവർത്തനങ്ങൾ നടത്തുന്നു. ഒരു സിനിമാ സ്വീക്വൻസിൽ നിന്ന് ചീന്തിയെടുത്ത പോലെയാണ് ബിജുവിന്റെ ഫോട്ടോഗ്രാഫുകൾ. കൊണ്ടോട്ടിയുടെ വാസ്തു ശാസ്ത്രവും ശ്മശാനങ്ങളുടെ അർത്ഥശാസ്ത്രവും ഫക്കീറന്മാരുടെ ത്വത്വശാസ്ത്രവും.

കാലം നിലച്ചുപോയ ജീവിതം ഒരു മാജികൽ റിയലിസമാക്കിത്തീരുന്ന കൊണ്ടോട്ടി. മൃതപ്പെട്ട് ആർക്കൈവൽ ആകുന്ന സ്മരണ. പൈതൃകങ്ങളുടെ ഇരുണ്ട ഭാവിയിലേക്ക് മിനിമം ലൈറ്റയയ്ക്കുന്ന ഫോട്ടോ പ്രതിനിധാനങ്ങൾ.

തന്റെ ജന്മനാട്ടിൽ വർഷങ്ങളോളം ആവർത്തിച്ചു ജീവിച്ചുകൊണ്ട്, ഫോട്ടോഗ്രഫിയിലെ കൗതുകകാലം തൊട്ട് ഇന്നോളം പിന്തുടരുന്ന കൊണ്ടോട്ടിയുടെ ഈ ഇമേജുകൾ, ഇവിടുത്തെ സമ്പന്നമായ ഒരു പൈതൃകത്തിന്റെ ഫോട്ടോഗ്രാഫിക് അബോധമാണ്. ▮

Comments