photo: wikipedia

പശുവിനെ
​പുണരുമ്പോൾ

പശുവും മലപ്പുറവുമായുള്ള ബന്ധം സുവിദിതമാണ്. ഇന്ത്യയിൽ ‘പശു ബെൽറ്റ്’ എന്നറിയപ്പെടുന്ന സംസ്ഥാനങ്ങൾ പോലെ, മലപ്പുറം കേരളത്തിന്റെ പോത്തു ബെൽറ്റാണ്. പശു, മലപ്പുറം പോലെ, ഇന്ത്യയെപ്പോലെ പ്രധാനം തന്നെ ലോകത്തെങ്ങും.

ഏഴ്​

‘പശുഷു പഞ്ചവിധം സാമോപാസീത, അജാ ഹിങ്കാരോവയഃ പ്രസ്താവോ ഗാവ ഉദ്ഗീഥോ ശ്വാഃ പ്രതിഹാരഃ പുരുഷോ നിധനം'

പശുദൃഷ്ടിയോടുകൂടി പഞ്ചവിധമായ സാമത്തെ ഉപാസിക്കണം. കോലാടുകൾ ഹിങ്കാരവും ചെമ്മരിയാടുകൾ പ്രസ്താവവും പശുക്കൾ ഉദ്ഗീഥവും കുതിരകൾ പ്രതിഹാരവും മനുഷ്യൻ നിധനവുമാകുന്നു.
(പശുക്കളിൽ പ്രാഥമ്യം കോലാടുകൾക്കാണെന്ന് ശ്രുതിയിൽ പറഞ്ഞിരിക്കുന്നു. ഇങ്ങനെ ശ്രുതിയിൽ പറഞ്ഞിട്ടുള്ള പ്രാഥമ്യമനുസരിച്ചാണ് കോലാടുകളെ ഹിങ്കാരമായി പറയുന്നത്. കോലാടുകളെ അനുസരിച്ച് ചെമ്മരിയാടുകൾ വരുന്നതുകൊണ്ട് അവയെ ഹിങ്കാരത്തെ അനുസരിച്ചുവരുന്ന പ്രസ്താവമായി പറഞ്ഞിരിക്കുന്നു. ഉത്ഗീഥത്തെ പോലെ പശുക്കൾക്ക് മൃഗങ്ങളിൽ പ്രാധാന്യമുണ്ടല്ലോ. കുതിരകൾ ആളുകളെ അങ്ങുമിങ്ങും കൊണ്ടുപോകുന്നത് കൊണ്ട്, പ്രതിഹരിക്കുന്നതുകൊണ്ട്, പ്രതിഹാരമാകുന്നു. പശുക്കളെല്ലാം മനുഷ്യനെ ആശ്രയിച്ചിരിക്കുന്നതിനാൽ മനുഷ്യൻ നിധനമാകുന്നു).
- ചാന്ദോഗ്യോപനിഷത്ത്: 6-1.

പാശത്താൽ ബന്ധിതമായതാണ് പശു. അതിനാൽ പശു ത്രിപുടിയുടെ സൂചകമാണ്. മൃഗവും കയറും അതിനെ ബന്ധിപ്പിച്ച കുറ്റിയും. ഭൗതികമായ എല്ലാ അസ്തിത്വ പ്രതിഭാസവും ഈ സൂചകത്തിൽ വിശദമാണ്. നന്ദിയായും കാമധേനുവായും ബുറാഖായും കഥയിലും ചരിത്രത്തിലും വർത്തമാനത്തിലും പ്രത്യക്ഷപ്പെടുന്നത് ഈ സൂചകംതന്നെ. കാഴ്ചയും കാണുന്നയാളും കാണപ്പെടുന്ന വസ്തുവും എന്ന നിലയിലുള്ള അസ്തിത്വത്തിന്റെ രഹസ്യം. ഓമെന്ന പ്രണവമായും, അലിഫ് ലാം മീമെന്ന ഭാഷയുടെ രഹസ്യമായും, ജാഗ്രത് സ്വപ്ന സുഷുപ്തിയായും, സൃഷ്ടി സ്ഥിതി സംഹാരമായും, ചുരുട്ടിക്കൂട്ടിയ, കാണപ്പെടുന്നതിന്റെ അവസ്ഥാന്തരങ്ങൾ.

ഇങ്ങനെ പശുവും മനുഷ്യനുമായുള്ള ബന്ധത്തിന്റെ കഥയ്ക്ക് ചരിത്രാതീതമായ കാലപ്പഴക്കമുണ്ട്.

പശുവും മനുഷ്യനുമായുള്ള ബന്ധത്തിന്റെ കഥയ്ക്ക് ചരിത്രാതീതമായ കാലപ്പഴക്കമുണ്ട്.
പശുവും മനുഷ്യനുമായുള്ള ബന്ധത്തിന്റെ കഥയ്ക്ക് ചരിത്രാതീതമായ കാലപ്പഴക്കമുണ്ട്.

പശുവും മലപ്പുറവുമായുള്ള ബന്ധവും സുവിദിതമാണ്. ഇന്ത്യയിൽ ‘പശു ബെൽറ്റ്’ എന്നറിയപ്പെടുന്ന സംസ്ഥാനങ്ങൾ പോലെ, മലപ്പുറം കേരളത്തിന്റെ പോത്തു ബെൽറ്റാണ്. പശു, മലപ്പുറം പോലെ, ഇന്ത്യയെപ്പോലെ പ്രധാനം തന്നെ ലോകത്തെങ്ങും. വിശുദ്ധ ഖുർആന്റെ തുടക്കം കഴിഞ്ഞുള്ള ആദ്യ അദ്ധ്യായം പശു എന്ന് നാമകരണം ചെയ്തിരിക്കുന്നു.

പശു ഒരു ടോടം മൃഗം എന്ന നിലയിൽ ചരിത്രാതീതകാലം മുതൽ മനുഷ്യന്റെ ആരാധ്യവസ്തുവാണ്. സമൃദ്ധിയുടെയും സാമ്പത്തിക സ്ഥിതിയുടെയും ആഹാരത്തിന്റെയും ഉറവിടം എന്ന നിലയിൽ, മനുഷ്യനെ പിന്തുണച്ചു പോന്ന ഈ മൃഗം ആരാധ്യവസ്തുവായിത്തീർന്നതിൽ അത്ഭുതമില്ല. വിശുദ്ധ മൃഗം എന്ന നിലയിൽ ഈ മൃഗം മനുഷ്യഗോത്രത്തിന്റെ വിശ്വാസ സംഹിതയിൽ ഇടം നേടിയതിനു പിന്നിൽ സങ്കീർണമായ സാമ്പത്തിക, സാമൂഹ്യ, മനഃശാസ്ത്ര കാരണങ്ങളുണ്ട്. പശു എന്ന് പൊതുവെ വിളിക്കപ്പെടുന്ന ഈ മൃഗഗണത്തിൽ ആടും പോത്തുമെല്ലാം ഉൾപ്പെടുന്നു.

വെള്ളിയാഴ്ചത്തെ ശബാത്ത് ദിനത്തിൽ അല്പം ഇറച്ചിയും, ബാക്കിയുള്ള ദിനങ്ങളിൽ താളും തവരയും കാവുത്തും ചേമ്പും ചക്കക്കൂട്ടാനും എന്ന നിലയിൽ പുലർന്ന മാപ്പിള ജീവിതം, പൊടുന്നനെ മൂക്കറ്റം ബീഫും പൊറാട്ടയും തിന്നുകൊഴുത്ത് പ്രമേഹവും രക്തസമ്മർദ്ദവും കോളസ്‌ട്രോളുമായി മാറിയത്, ഭൂതകാലത്തനുഭവിച്ച ദാരിദ്ര്യത്തോടുള്ള പകരം വീട്ടലാണോ?

മൃഗങ്ങളും മരങ്ങളും തങ്ങളുടെ പൂർവികരാണെന്ന സങ്കല്പം ആദിമ ജനസമൂഹങ്ങൾക്കുണ്ടായിരുന്നു. ഇവയെ കുലമൃഗങ്ങളും ഗോത്രസസ്യങ്ങളുമായി കണക്കാക്കിപ്പോന്നു. ഓരോരോ മൃഗവും സസ്യവും ഇങ്ങനെ ഗോത്രജനങ്ങളുടെ ആരാധ്യവസ്തുക്കളായി മാറി. അവരുടെ ജീവിതം പലനിലയിൽ അതുമായി ബന്ധപ്പെട്ടതുകൊണ്ടോ, സ്വയം തിരിച്ചറിയാൻ ഉപയോഗിച്ച അടയാളവും ചിഹ്നവും എന്ന നിലയിലോ ആകാമത്. ടോടത്തിൽ നിന്ന് ടാറ്റൂവും ടാബൂവും ഉടലെടുത്തു. കുലവും അടയാളവും വിധിവിലക്കുകളും.

ഇന്ത്യയിൽ  ‘പശു ബെൽറ്റ്’ എന്നറിയപ്പെടുന്ന സംസ്ഥാനങ്ങൾ പോലെ, മലപ്പുറം കേരളത്തിന്റെ പോത്തു ബെൽറ്റാണ്/ photo:wikipedia
ഇന്ത്യയിൽ ‘പശു ബെൽറ്റ്’ എന്നറിയപ്പെടുന്ന സംസ്ഥാനങ്ങൾ പോലെ, മലപ്പുറം കേരളത്തിന്റെ പോത്തു ബെൽറ്റാണ്/ photo:wikipedia

ഇത്തരം ടോടം മൃഗങ്ങളെ ചുറ്റിപ്പറ്റി നിശ്ചിത വിശ്വാസങ്ങൾ മനുഷ്യർ വെച്ചുപുലർത്തി. ചില തരം വിലക്കുകളും തൊട്ടുകൂടായ്മകളും ഇവയുമായി ബന്ധപ്പെടുത്തിക്കൊണ്ട് നിലനിർത്തി. ഗോത്രശുദ്ധിയും, മറ്റുള്ള ഗോത്രങ്ങളിൽ നിന്നുള്ള വ്യതിരിക്തതയും സൂക്ഷിക്കുവാൻ ഇതു സഹായിച്ചു. ഗോത്ര അംഗങ്ങളുടെ ഭക്ഷണം, ലൈംഗികത, ശത്രുമിത്ര ഭാവങ്ങൾ, സാഹോദര്യ ബന്ധങ്ങൾ എന്നിവയെല്ലാം നിർണ്ണയിക്കുന്നതിൽ കുലമൃഗങ്ങളും കുലസസ്യങ്ങളും പങ്കു വഹിച്ചു. മതങ്ങളും വിശ്വാസസംഹിതകളും ആചാരങ്ങളും വിധിവിലക്കുകളും രൂപം കൊണ്ടത്, കുലമൃഗങ്ങളും കുലസസ്യങ്ങളും ചുറ്റിപ്പറ്റിയുള്ള ഇത്തരം വിലക്കുകളും ചിഹ്നങ്ങളും വഴിയാണെന്ന് നരവംശശാസ്ത്ര പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു.

ഉത്തര ദേശത്ത് പാലുപന്നങ്ങൾ പശുവിന്​ വിശുദ്ധി നൽകിയപ്പോൾ, മലപ്പുറത്ത് ഭക്ഷണവസ്തു എന്ന നിലയിൽ പോത്ത് വിശുദ്ധി നേടുന്നു. മാനിറച്ചി പോലെ രുചികരവും മാംസ്യസമൃദ്ധവുമാണെന്ന നിലയിൽ, മലപ്പുറത്തുകാരുടെ ദേശീയ ഭക്ഷണമായി പോത്തിറച്ചി മാറി.

നരവംശശാസ്ത്രകാരനായ ഫ്രേസറുടെ നിരീക്ഷണങ്ങൾ ചർച്ചയ്ക്കെടുത്തുകൊണ്ട്, സിഗ്മണ്ട് ഫ്രോയിഡ് തന്റെ സാമൂഹ്യ അബോധത്തെകുറിച്ചുള്ള അന്വേഷണങ്ങൾ ഈ വഴിയ്ക്കാണ് നടത്തുന്നത്. സാമൂഹ്യ സംഘർഷങ്ങളുടെയും വ്യക്തിമനസ്സിന്റെ അബോധത്തിന്റെയും അടിസ്ഥാനങ്ങൾ, ആദിമ ഗോത്രജനവിഭാഗങ്ങൾ വെച്ചുപുലർത്തിയ ടോടം സങ്കല്പങ്ങളിലാണ് കുടികൊള്ളുന്നത് എന്ന് ഫ്രോയിഡ് തന്റെ കൂടുതൽ പക്വതയാർന്ന പഠനങ്ങളിൽ ചൂണ്ടിക്കാട്ടുന്നു.

സ്വത്വ നിർമിതികളുടെ അബോധങ്ങളുടെ ഈ ഗോത്രാടിസ്ഥാനങ്ങൾ ഫ്രെഡറിക് എംഗൽസും, ഫ്രേസറുടെ ഗവേഷങ്ങളെസംബന്ധിച്ച മാർക്‌സിന്റെ കുറിപ്പുകളുടെ അടിസ്ഥാനത്തിൽ രചിച്ച, ‘കുടുംബം, സ്വകാര്യ സ്വത്ത്, ഭരണകൂടം എന്നിവയുടെ ഉത്ഭവം' എന്ന കൃതിയിൽ ചർച്ച ചെയ്യുന്നുണ്ട്. കുടുംബങ്ങളും ഗോത്രങ്ങളും ലൈംഗികവിലക്കുള്ള സഹോദര ബന്ധങ്ങളും ഗോത്രങ്ങൾ തമ്മിൽ തമ്മിലുള്ള സാമൂഹ്യബന്ധങ്ങളും വിവാഹബന്ധങ്ങളും ഭരണകൂടങ്ങളും സ്വത്തുടമസ്ഥതകളും രൂപം കൊണ്ടതിന്റെ അടിത്തറകൾ എംഗൽസ് പരിശോധിക്കുന്നു.

ഫ്രെഡറിക് എംഗൽസ്
ഫ്രെഡറിക് എംഗൽസ്

താൻ തന്റെ മുരിങ്ങാമരത്തിനു ചുവട്ടിൽ നിന്നാണ് ആകാശം കാണുന്നത് എന്ന ചെറുകാടിന്റെ പ്രസ്താവവും, ‘കടമ്പനാട്ട് കടമ്പില്ല' എന്ന കവിതയിൽ കെ.ജി. ശങ്കരപിള്ളയും പറയുന്നത്, ആദിമമായ ഗോത്രാടിസ്ഥാനങ്ങൾ സംബന്ധിച്ച കാവ്യ രേഖകളാണ്. അസ്തിത്വത്തിന്റെ ഈ അടിസ്ഥാനങ്ങൾ നമ്മുടെ ആഹാര നീഹാരാദികളിലും ലൈംഗികശീലുകളിലും ശുദ്ധാശുദ്ധ ബോധങ്ങളിലും അയിത്താചരണങ്ങളിലും സഹോദരങ്ങൾ തമ്മിലുള്ള ബന്ധങ്ങളിലും സാമൂഹ്യമായി രൂപം കൊള്ളുന്ന ശത്രുതാമനോഭാവങ്ങളിലുമെല്ലാം വഹിക്കുന്ന ആഴങ്ങളെ ഇനിയും ആധുനികത അന്വേഷണ വിധേയമാക്കേണ്ടിയിരിക്കുന്നു. സമകാലീന ഇന്ത്യയിൽ പശു ഒരു വിവാദസ്ഥലിയായിത്തീരുന്നതിന്റെ അടിസ്ഥാനങ്ങൾ കേവലം രാഷ്ട്രീയമായി മാത്രം മനസ്സിലാക്കുന്നത് സുബദ്ധമായിരിക്കില്ല എന്നർത്ഥം.

മുസ്​ലിംകൾ എന്നും ബൗദ്ധന്മാർ എന്നും പൊതുപ്പേരുള്ള മാപ്പിളമാർ, അതിന്റെ ലളിതമായ അർത്ഥത്തിലെങ്കിലും പശു ആരാധനയോട് എതിരല്ല. മറിച്ച് ഒരു ടോടം ആനിമൽ എന്ന നിലയിൽ മനഃശാസ്ത്രപരമായ വേരുകളുള്ള കുലചിഹ്നമാണതെന്ന് അവരിൽ അറിവുള്ളവർക്കറിയാം.

ആധുനികത എത്രതന്നെ ആധുനികമാകുമ്പോഴും, അതിന്റെ മനഃശാസ്ത്രപരമായ അബോധസ്ഥലികൾ, ഗോത്രപരമായ അടിസ്ഥാനങ്ങളിൽ തന്നെയെന്നറിയുക അടിയന്തരമത്രെ. ഗോത്രവൈവിധ്യങ്ങളുടെ പൗരാണിക അട്ടിപ്പേറുകളിൽ ജീവിക്കുന്ന ഒരു ജനതയെ, ബീഫ് ഫെസ്റ്റിവൽ കൊണ്ട് സോഷ്യലിസ്റ്റുവൽക്കരിക്കാം എന്ന വ്യാമോഹം ഈ അറിവില്ലായ്മയിൽ നിന്നുണ്ടാകുന്ന രാഷ്ട്രീയാബദ്ധമാണ്. സംഘികളും കമ്മികളുമായി നമ്മെ കറുപ്പും വെളുപ്പുമാക്കേണ്ടത് ഇരുകൂട്ടരും സ്വീകരിച്ചുപോരുന്ന ഒരേ രാഷ്ട്രീയ ബലതന്ത്രത്തിന്റെ ദുരന്തവുമാണ്.

തങ്ങളുടെ പൂർവികരുടെ ഉത്ഭവം ഒരു നിശ്ചിത കുലമൃഗത്തിന്റേതാണെന്ന അബോധ സാംസ്‌കാരിക ധാരണയിൽ, ആ മൃഗത്തെ പുണ്യമായെണ്ണുന്ന മനോഭാവം ഒരു പാരമ്പര്യത്തെ സൃഷ്ടിക്കുന്നു. ആ മൃഗത്തെ കൊന്നു തിന്നുന്നത് പാപമായെണ്ണുന്നു. മറ്റൊരു കുലമോ ഗോത്രമോ ഈ മൃഗത്തെ ഭക്ഷണത്തിനായി കശാപ്പു ചെയ്യുന്നത് സ്വാഭാവികമായും, ആ ഗോത്രമോ മത സമൂഹമോ തമ്മിൽ ശത്രുതയിൽ കൊണ്ടെത്തിക്കുന്നു. ഇത്തരം മാറാൻ കൂട്ടാക്കാത്ത മനോഭാവങ്ങൾ ജനവിഭാഗങ്ങൾ തമ്മിലുള്ള ശത്രുതയെ ശാശ്വതീകരിക്കുന്നു. തങ്ങളുടെ നിലനിൽപ്പുതന്നെ ഇത്തരത്തിൽ മറ്റൊരു ഗോത്രത്തോടോ സമൂഹത്തോടോ ഉള്ള എതിർപ്പിൽ അധിഷ്ഠിതമായി വളർന്നുവരുന്നു. നിരന്തരം അപരത്വം സൃഷ്ടിച്ചു കൊണ്ടേ നിലനിലക്കാനാവൂ എന്ന രാഷ്ട്രീയയുക്തി നിലവിൽ വരുന്നു. തലമുറകളിലൂടെ ഇത് സങ്കീർണ രൂപം കൈക്കൊള്ളുന്നു. ജാതികളും ഗോത്ര വിഭിന്നതകളും മത ശത്രുതകളും രൂപം കൊള്ളുന്നതിൽ, ഇത്തരത്തിൽ പ്രാചീന ഗോത്രങ്ങളുടെ ടോടം പാരമ്പര്യങ്ങൾ തീർക്കുന്ന മനഃശാസ്ത്ര ഘടകങ്ങൾ വളരെ നിർണ്ണായകമാണെന്നു വരുന്നു.

തങ്ങളുടെ പൂർവികരുടെ ഉത്ഭവം ഒരു നിശ്ചിത കുലമൃഗത്തിന്റേതാണെന്ന അബോധ സാംസ്‌കാരിക ധാരണയിൽ, ആ മൃഗത്തെ പുണ്യമായെണ്ണുന്ന മനോഭാവം ഒരു പാരമ്പര്യത്തെ സൃഷ്ടിക്കുന്നു/ photo: pinterst
തങ്ങളുടെ പൂർവികരുടെ ഉത്ഭവം ഒരു നിശ്ചിത കുലമൃഗത്തിന്റേതാണെന്ന അബോധ സാംസ്‌കാരിക ധാരണയിൽ, ആ മൃഗത്തെ പുണ്യമായെണ്ണുന്ന മനോഭാവം ഒരു പാരമ്പര്യത്തെ സൃഷ്ടിക്കുന്നു/ photo: pinterst

തങ്ങൾക്ക് ആഹാരമായി വർത്തിച്ച മൃഗങ്ങൾ ടോടം മൃഗമായിത്തീരുന്ന സ്ഥിതിവിശേഷവുമുണ്ട്. ഒരിക്കൽ ഭക്ഷണമായി ഉപയോഗിച്ചുപോന്ന മൃഗത്തെ, പിൽക്കാലത്ത് ഒരു സാമൂഹ്യ പരിഷ്‌കരണത്തിലൂടെ, കൊന്നുതിന്നുന്നതിന് വിലക്കേർപ്പെടുത്തപ്പെടുന്ന സംഭവഗതികളുമുണ്ട്. ഒരു ഗോത്രത്തിൽ ഇത്തരം പരിഷ്‌കാരം നടക്കുമ്പോൾ, ഒരിക്കൽ ഭക്ഷണത്തിന് ഉപയോഗിച്ചു പോന്ന മൃഗം, തങ്ങളുടെ ഗോത്രത്തിന്റെ കുലമൃഗമായിത്തീരുന്നു. അതിനെ കൊല്ലുന്നത് പിൽക്കാലത്ത് കൊടിയ പാപം പോലുമായിത്തീരുന്നു. ഈ സ്ഥിതിവിശേഷം സമുദായങ്ങൾ തമ്മിൽ പിളർപ്പിൽ പോലും എത്തിക്കുന്നു. ഇങ്ങനെ ഭക്ഷണമായി ഉപയോഗിച്ചു പോന്ന മൃഗം, പിൽക്കാലത്ത് പ്രത്യേകമായി അനുഷ്ഠിക്കുന്ന ആചാരത്തിന്റെ ഭാഗമായി മാത്രം കൊല്ലുന്നു. അപ്പോൾ മാത്രം അതിനെ ഭക്ഷിക്കുന്നു.

പതുക്കെ മൈക്രോഫോണിലൂടെയുള്ള ബാങ്കുവിളിയ്ക്കും പോത്തുതീറ്റയ്ക്കും രാഷ്ട്രീയമായ അന്ത്യങ്ങൾ സംഭവിക്കുമ്പോൾ, മയങ്ങിമറന്ന് ഒരു വെറും ഇട്ടാവട്ടമായിത്തീർന്ന മലപ്പുറം ജീവിതത്തിന്, അതൊരു മുതൽക്കൂട്ടായി മാറുമോ?

യാഗത്തിന് പശുക്കളെ കൊല്ലുകയും യജ്ഞ ബാക്കി എന്ന നിലയിൽ അതിനെ ഭക്ഷിക്കുകയും ചെയ്തുപോന്ന കാര്യം, ബ്രാഹ്മണ സമൂഹത്തിന്റെ കാര്യത്തിൽ ഉപനിഷത്തുകൾ തന്നെ സൂചന നൽകുന്നു. കഠോപനിഷത്തും ഛാന്ദോഗ്യോപനിഷത്തും ഇതിലേക്ക് ഉദാഹരണങ്ങൾ നീട്ടുന്നു.

ഇത്തരത്തിൽ യാഗത്തിന് പശുക്കളെ വലിയ തോതിൽ ബലി നൽകുന്നതുമൂലം, കാലികളുടെ എണ്ണത്തിൽ വർധമാനമായ കുറവ് വന്നതിന്റെ പശ്ചാത്തലത്തിലാണ്, ബുദ്ധൻ പശുഹത്യ നിരോധിച്ചത്. അഹിംസ ജീവിതവ്രതമാക്കണമെന്ന് ഉപദേശിച്ചത്. പശുവിൻ പാലും ഉത്പന്നങ്ങളും പ്രധാനമായും ഉപയോഗിച്ചുപോന്ന ഒരു ജനവിഭാഗത്തിന്, യാഗത്തിനായി പശുക്കളെ ധാരാളമായി കൊന്നൊടുക്കുന്ന സ്ഥിതിവിശേഷം സ്വാഭാവികമായും പ്രതിസന്ധി തീർക്കുന്നു. സമ്പദ് വ്യവസ്ഥയെയും ജീവിതത്തെയും താറുമാറാക്കുന്ന ഈ സ്ഥിതി മുൻനിർത്തിയാവണം, ഇടയ ഗോത്രങ്ങളെ പ്രതിനിധീകരിച്ച ബുദ്ധൻ, പശുഹത്യ നിരോധിച്ചത്. ബുദ്ധതത്വചിന്തയെ സ്വാംശീകരിച്ചു സ്വന്തമാക്കിയതു പോലെ, ബുദ്ധർ നിർമിച്ച ജീവിതവ്യവസ്ഥകളെയും ബ്രാഹ്മണിസം കയ്യാളി തങ്ങളുടേതാക്കി.

യാഗത്തിന് പശുക്കളെ വലിയ തോതിൽ ബലി നൽകുന്നതുമൂലം, കാലികളുടെ എണ്ണത്തിൽ വർധമാനമായ കുറവ് വന്നതിന്റെ പശ്ചാത്തലത്തിലാണ്, ബുദ്ധൻ പശുഹത്യ നിരോധിച്ചത്
യാഗത്തിന് പശുക്കളെ വലിയ തോതിൽ ബലി നൽകുന്നതുമൂലം, കാലികളുടെ എണ്ണത്തിൽ വർധമാനമായ കുറവ് വന്നതിന്റെ പശ്ചാത്തലത്തിലാണ്, ബുദ്ധൻ പശുഹത്യ നിരോധിച്ചത്

ഇപ്രകാരം, ഒരു കാലത്ത് അനുവദിക്കപ്പെട്ടത്, ഒരു ഗോത്രത്തിലോ സമൂഹത്തിലോ പിൽക്കാലത്ത് നിരോധിക്കപ്പെട്ടു എന്നു വരാം. മനഃശാസ്ത്രപരവും സാമൂഹ്യശാസ്ത്രപരവും സാമ്പത്തികപരവും ചരിത്രപരവുമായ ഈ സങ്കീർണ സ്ഥിതിവിശേഷം, ഇപ്രകാരം മനുഷ്യന്റെ ആഹാരനീഹാരാദികളിലും അനുഷ്ഠാനങ്ങളിലും ആരാധനകളിലും നിലനിൽക്കുന്നു.

മലപ്പുറത്തെ ബീഫ് തീറ്റയുടെ ചരിത്രവും ഈ നിലയിൽ ഉപന്യസിക്കാവുന്നതാണ്. ഒരു കുലമൃഗം എന്ന നിലയിൽ പോത്ത് മലപ്പുറംകാരുടെ ഇഷ്ട തീൻവിഭവമാണ്. തീർച്ചയായും, ഒരു മലയോര പ്രദേശത്ത്, കാർഷികവൃത്തി മുഖ്യതൊഴിലായി സ്വീകരിച്ചുപോന്ന ഒരു ജനതയുടെ അതിജീവനത്തിന്, കാലാവസ്ഥ കൊണ്ടും തൊഴിൽ കൊണ്ടും അനുയോജ്യമായ ഒരു ഭക്ഷണമാണ് പോത്തിറച്ചി. ഉത്തര ദേശത്ത് പാലുപന്നങ്ങൾ പശുവിന്​ വിശുദ്ധി നൽകിയപ്പോൾ, മലപ്പുറത്ത് ഭക്ഷണവസ്തു എന്ന നിലയിൽ പോത്ത് വിശുദ്ധി നേടുന്നു. മാനിറച്ചി പോലെ രുചികരവും മാംസ്യസമൃദ്ധവുമാണെന്ന നിലയിൽ, മലപ്പുറത്തുകാരുടെ ദേശീയ ഭക്ഷണമായി പോത്തിറച്ചി മാറി. അധ്വാനം മുന്നോട്ടു കൊണ്ടുപോകാനും ആരോഗ്യം നിലർത്താനും പുഷ്ടിവർധനത്തിനും അനുയോജ്യമായ ആഹാരപദാർത്ഥമായി, പോത്തിറച്ചി മലപ്പുറത്തുകാർ ആരാധ്യവസ്തുവാക്കി. (പശു ഇറച്ചി മലപ്പുറത്തുകാർ ഉപയോഗിക്കാറില്ലെന്ന് പ്രത്യേകം ഓർമിക്കാം). ദലിത് സമൂഹത്തിൽ പെട്ട കണക്കസമൂഹം മൂരിയെയും, ഗോത്ര സ്വഭാവമുള്ള ചെറുമർ കോഴിയെയും തങ്ങളുടെ ബലിമൃഗവും അനുഷ്ഠാന മൃഗവുമാക്കി. മാപ്പിളമാരാകട്ടെ പോത്തിനെയും. പുറമെ, മുഹിയുദ്ധീൻ ഷെയ്ഖിന് ഉഴിഞ്ഞുവയ്ക്കുന്ന കോഴിയെയും, നാഗൂർ ഷെയ്ഖിന്​ നേർച്ചയാക്കിയ ആടിനെയും തങ്ങളുടെ കുലമൃഗങ്ങളുടെ കൂട്ടം ചേർത്തു.

ഇങ്ങനെ മുസ്​ലിംകൾ എന്നും ബൗദ്ധന്മാർ എന്നും പൊതുപ്പേരുള്ള മാപ്പിളമാർ, അതിന്റെ ലളിതമായ അർത്ഥത്തിലെങ്കിലും പശു ആരാധനയോട് എതിരല്ല. മറിച്ച് ഒരു ടോടം ആനിമൽ എന്ന നിലയിൽ മനഃശാസ്ത്രപരമായ വേരുകളുള്ള കുലചിഹ്നമാണതെന്ന് അവരിൽ അറിവുള്ളവർക്കറിയാം. ഒരു മോശം കാര്യത്തിന്റെ പേര് തങ്ങളുടെ വിശുദ്ധ ഗ്രന്ഥത്തിന്റെ അധ്യായത്തിനു നൽകാൻ മുതിരില്ലല്ലോ. അൽ ബഖറ. അതാണ് ഖുർആനിന്റെ ആദ്യത്തെ ദീർഘമായ ആ അദ്ധ്യായം.

മലപ്പുറത്തുകാരുടെ ദേശീയ ഭക്ഷണമായി പോത്തിറച്ചി മാറി. അധ്വാനം മുന്നോട്ടു കൊണ്ടുപോകാനും ആരോഗ്യം നിലർത്താനും പുഷ്ടിവർധനത്തിനും അനുയോജ്യമായ ആഹാരപദാർത്ഥമായി, പോത്തിറച്ചി മലപ്പുറത്തുകാർ ആരാധ്യവസ്തുവാക്കി
മലപ്പുറത്തുകാരുടെ ദേശീയ ഭക്ഷണമായി പോത്തിറച്ചി മാറി. അധ്വാനം മുന്നോട്ടു കൊണ്ടുപോകാനും ആരോഗ്യം നിലർത്താനും പുഷ്ടിവർധനത്തിനും അനുയോജ്യമായ ആഹാരപദാർത്ഥമായി, പോത്തിറച്ചി മലപ്പുറത്തുകാർ ആരാധ്യവസ്തുവാക്കി

എന്നാൽ ബീഫ് ഫെസ്റ്റിവലുകൾ, വെറുപ്പിന്റെ ഒരു ഭക്ഷണക്രമം ജീവിതത്തിൽ കൊണ്ടുവന്നതിന് അവർ ഉത്തരവാദികളല്ല. നൂറ്റാണ്ടുകളായി അവർ പുലർന്ന ഒരു ഭക്ഷണ ക്രമം പൊടുന്നനെ വെറുപ്പിന്റെ ബദർപ്പാട്ട് പാടുമ്പോൾ, അവർ ‘ബദരീങ്ങളാണ്ടി'ന്​ ജാതി നോക്കാതെ വെച്ചുവിളമ്പിയ ഇറച്ചിയും പത്തിരിയും, അവരുടെ വിശ്വാസത്തിലെ സമദർശനമായിരുന്നു എന്നു മാത്രമല്ല, ആ ഇറച്ചിയുടെ രുചിയിൽ മയങ്ങിയാണ്, നബിചരിത്രത്തിലേക്ക് അവർ കാതു കൂർപ്പിച്ചത് എന്നും വരുന്നു. അത് വെറുപ്പിന്റെ ബീഫ് ഫെസ്റ്റിവലായി പരിവർത്തനം കൊണ്ട കഥ ഒരു ദുഃസ്വപ്നം കണ്ടുണർന്ന പോലെയാണ്. ഭക്ഷണം സ്‌നേഹം കലർത്തി പാചകം ചെയ്യുകയും വിളമ്പുകയും ചെയ്യുമ്പോഴാണ് രുചിയും നിറവുമായിത്തീരുക എന്ന രഹസ്യത്തിൽ നിന്ന്, വിദ്വേഷം കലർന്ന രുചികളുടെ രാഷ്ട്രീയമായി ജീവിതം കണ്ടാലറിയാത്തവിധം മാറിപ്പോയ വർത്തമാനം.

മൈക്രോഫോൺ മാലിന്യവും അമിതമായ ഭക്ഷണാസക്തിയും മാറാൻ ഒരു എതിർ രാഷ്ട്രീയ ഇടപെടൽ വന്നാലും, അത് സ്വാഗതം ചെയ്യാം. ബുദ്ധന്മാരെ തോൽപ്പിക്കാൻ ബ്രാഹ്മണർ പച്ചക്കറിയായ പോലെ, കല്ലേറുകളെ പൂവാക്കി മാറ്റുന്ന സൂഫീരഹസ്യം മലപ്പുറം എന്നാണ് ചുരുളഴിക്കുക?

മാപ്പിളമാരുടെ കുലമൃഗത്തിന് പിണഞ്ഞ ദുര്യോഗം. വെള്ളിയാഴ്ചത്തെ ശബാത്ത് ദിനത്തിൽ അല്പം ഇറച്ചിയും, ബാക്കിയുള്ള ദിനങ്ങളിൽ താളും തവരയും കാവുത്തും ചേമ്പും ചക്കക്കൂട്ടാനും എന്ന നിലയിൽ പുലർന്ന മാപ്പിള ജീവിതം, പൊടുന്നനെ മൂക്കറ്റം ബീഫും പൊറാട്ടയും തിന്നുകൊഴുത്ത് പ്രമേഹവും രക്തസമ്മർദ്ദവും കോളസ്‌ട്രോളുമായി മാറിയത്, ഭൂതകാലത്തനുഭവിച്ച ദാരിദ്ര്യത്തോടുള്ള പകരം വീട്ടലാണോ? അതോ എൺപതുകൾ മുതൽ സജീവമായ ഗൾഫ് പണം കുട്ടിച്ചോറാക്കിയ ജീവിതമാണോ?

ഏതായാലും ഒരു ടോടം മൃഗത്തിനു വരുന്ന പരിണാമവേഗങ്ങൾ പഠിക്കാൻ മലപ്പുറത്തെ പോത്തിന്റെ ആത്മകഥയെഴുതിയാൽ മതിയാകും. പതുക്കെ മൈക്രോഫോണിലൂടെയുള്ള ബാങ്കുവിളിയ്ക്കും പോത്തുതീറ്റയ്ക്കും രാഷ്ട്രീയമായ അന്ത്യങ്ങൾ സംഭവിക്കുമ്പോൾ, മയങ്ങിമറന്ന് ഒരു വെറും ഇട്ടാവട്ടമായിത്തീർന്ന മലപ്പുറം ജീവിതത്തിന്, അതൊരു മുതൽക്കൂട്ടായി മാറുമോ? പലപ്പോഴും സ്വന്തം വിശ്വാസമല്ല, അന്യവിശ്വാസങ്ങളുടെ ഇടപെടലാണ് നമ്മെ രക്ഷിക്കുക എന്നും വരാം.

ഏതായാലും ഒരു ടോടം മൃഗത്തിനു വരുന്ന പരിണാമവേഗങ്ങൾ പഠിക്കാൻ മലപ്പുറത്തെ പോത്തിന്റെ ആത്മകഥയെഴുതിയാൽ മതിയാകും
ഏതായാലും ഒരു ടോടം മൃഗത്തിനു വരുന്ന പരിണാമവേഗങ്ങൾ പഠിക്കാൻ മലപ്പുറത്തെ പോത്തിന്റെ ആത്മകഥയെഴുതിയാൽ മതിയാകും

അടിയന്തരാവസ്ഥക്കാലത്ത്, എൻ. എൻ. കക്കാട് എഴുതിയ ‘പോത്ത്' എന്ന കവിതയിലെ, നിഷ്‌ക്രിയതയുടെ മെറ്റഫർ ആയ ‘പോത്ത്' തിന്നുതിന്ന്, നാം വിവേകം ചോർന്ന പോത്തുകളായി മാറിയോ? കഴിക്കുന്ന ഭക്ഷണമാണ് നാം എന്ന അറിവുപോലെ, ആഹാരത്തിലും നീഹാരത്തിലും വരുത്തേണ്ട കാലം ആവശ്യപ്പെടുന്ന മാറ്റങ്ങൾ, നമ്മുടെ ജീവിതത്തെ പരിഷ്‌കരിച്ചും സംസ്‌കരിച്ചും നവീകരിക്കുന്നു. മൈക്രോഫോൺ മാലിന്യവും അമിതമായ ഭക്ഷണാസക്തിയും മാറാൻ ഒരു എതിർ രാഷ്ട്രീയ ഇടപെടൽ വന്നാലും, അത് സ്വാഗതം ചെയ്യാം. ബുദ്ധന്മാരെ തോൽപ്പിക്കാൻ ബ്രാഹ്മണർ പച്ചക്കറിയായ പോലെ, കല്ലേറുകളെ പൂവാക്കി മാറ്റുന്ന സൂഫീരഹസ്യം മലപ്പുറം എന്നാണ് ചുരുളഴിക്കുക? ▮

Comments