photo: culturedirectorate.kerala.gov.in

ഗുരുവിനെ
​അപനിർമ്മിക്കുമ്പോൾ

ശരീരത്തെ ആത്മബോധമാക്കിയ നമ്മുടെ തത്വചിന്തകർ എന്നാണ് യു.ജി.സിയുടെ മാസവരുമാനമുപേക്ഷിച്ച് ശരിക്കും തത്വം പ്രയോഗിക്കുന്നവരാകുക? ഊഹക്കമ്പോളത്തിൽ നിന്നും ജീവിതരസായനത്തിൽ നിന്നും എന്നാണ് തത്വചിന്ത രക്ഷപ്പെടുക?

എട്ട്

നിർമ്മിക്കുകയും കർമം ചെയ്യുകയും ചെയ്യുന്ന പ്രവൃത്തിമാർഗികളെ (നിർമായ കർമണാശ്രീ) നിർമ്മിച്ചെടുക്കാൻ രൂപം കൊടുത്ത സർവകലാശാലയുടെ പേര് കാലിക്കറ്റാണെങ്കിലും ജില്ല മലപ്പുറമാണ്. മലബാറിന്റെ പേറ്റുനോവായി പ്രചരിപ്പിച്ച്, ആറ്റുനോറ്റ് കൊണ്ടുവന്ന വിമാനത്താവളം കൊണ്ടോട്ടിയിലാണെങ്കിലും പേര്, സായിപ്പിന്റെ നാവിന്റെ ‘കോർങ്ങേടി'ൽ സംഭവിച്ച കാലിക്കറ്റ് തന്നെ. അവഗണനയുടെ വയനാടൻ പർവ്വത്തെക്കുറിച്ചല്ല ഈ കുറിപ്പ്. ‘കാലിക്കറ്റിൽ' നടന്ന ഒരു ഗുരുചർച്ചയെ മുൻനിർത്തി ചില ‘വികാര'പ്രകടനങ്ങളാണ്. കണ്ണൂർ ചിട്ടയിലുള്ള കോറിയോഗ്രഫിയിൽ, നമ്മുടെ തത്വചിന്തകർ വെള്ളം കോരിയും വിറകുവെട്ടിയും, തങ്ങളുടെ തത്വചിന്താജീവിതത്തെ തോറോ മോഡലാക്കി സാക്ഷാത്കരിച്ച ഗുരുചിന്തനം ‘കൂടിയിരിപ്പി'ന്റെ വരുംവരായ്​മകളെക്കുറിച്ച് സഞ്ജയൻ രീതിയിൽ ഒരു വിചിന്തനം എന്നു കൂട്ടിക്കോളൂ.

നബിയെ തന്റെ സ്വതസിദ്ധമായ അനുകമ്പയോടെ ‘മുത്ത്' എന്ന്​ വിശേഷിപ്പിച്ച്​ ഗുരു തന്റെ മുഹബത്ത് പ്രകടിപ്പിച്ചുണ്ടെങ്കിലും, മുസ്​ലിംകളോ ക്രിസ്ത്യാനികളോ ആയിത്തീരാനുള്ള ഈഴവരുടെ സാധ്യതകളെ, ഗുരുവിന്റെ കർമകാണ്ഡം വാസ്തവത്തിൽ ഹിന്ദുയിസത്തിൽ തന്നെ ഉൾച്ചേർക്കുകയാണുണ്ടായത്.

ഗുരു ഒരു മാപ്പിള വിരോധിയായിരുന്നോ എന്നന്വേഷണത്തിൽ നിന്നാരംഭിക്കാം. അന്തർജനത്തിന്റെ കീഴാളപ്രേമത്തെക്കുറിച്ച് കവിത കെട്ടിയപ്പോൾ ‘ക്രൂരമുഹമ്മദീയർ' എന്ന് ഉപമ ഉപയോഗിച്ചത് ചിന്നസ്വാമിയായ കുമാരനാശാനാണ്. നബിയെ തന്റെ സ്വതസിദ്ധമായ അനുകമ്പയോടെ ‘മുത്ത്'
എന്നു വിശേഷിപ്പിച്ചുകൊണ്ട് ഗുരു തന്റെ മുഹബത്ത് പ്രകടിപ്പിച്ചുണ്ടെങ്കിലും, മുസ്​ലിംകളോ ക്രിസ്ത്യാനികളോ ആയിത്തീരാനുള്ള ഈഴവരുടെ സാധ്യതകളെ, ഗുരുവിന്റെ കർമകാണ്ഡം വാസ്തവത്തിൽ ഹിന്ദുയിസത്തിൽ തന്നെ ഉൾച്ചേർക്കുകയാണുണ്ടായത്. അതിന് ആവശ്യത്തിന് സിദ്ധവും മേമ്പൊടിക്ക് സർവ്വമതസാരവും ദൈനംദിനത്തിന് ഇംഗ്‌ളീഷ് കലണ്ടറും, ദീക്ഷ നൽകിയ ഗുരുവിനെ മറികടന്നുള്ള സാമുദായിക ബോധവും, തത്വത്തിൽ അദ്വൈതവും വേണ്ടിടത്തോളം ബ്രാഹ്മണവിരോധവും വേണമെന്നുള്ളോർക്ക് ഭക്തിയും വേണ്ടാത്തോർക്ക് ജ്ഞാനയോഗവും അല്ലാത്തോർക്ക് യുക്തിവാദവുംകൊണ്ട് ഒരു കോഴിക്കോടൻ ബിരിയാണിയാണോ ഗുരു വിളമ്പിയത് എന്നത് ഒരു നിർഗുണഭക്തി ചിന്തയാണ്. ഗുരുവിനെ പിൽക്കാലത്ത് ഇ.എം.എസിന്റെ കുശാഗ്ര ശങ്കരബുദ്ധി തങ്ങളുടേതാക്കിയെടുത്ത പോലെ (ആദ്യം വെറും ബൂർഷ്വാ പരിഷ്‌കർത്താവായിരുന്നു ഗുരു), ഗുരുവിന്റെ ശക്തിസ്ഥലികളെ കൗളമാർഗികളായ ബുദ്ധിജീവികളും അവർക്ക് പിന്തുണ പാടുന്ന കലാകാരന്മാരും പുറമെ ബിസിനസുകാരും കള്ളുവ്യവസായികളുമെല്ലാം എടുത്തുപയോഗിക്കുന്ന ഉപകരണ യുക്തിവാദത്തിന്, നാം ഒരു പോസ്റ്റ് മോഡേൺ ഭാഷ്യം ചമയ്ക്കുകയാണോ?

കുമാരനാശാൻ ശ്രീ നാരായണ ​ഗുരുവിനോടൊപ്പം

ഒന്നിനെയും ‘ഹറാമാക്കി'യിട്ടില്ലാത്ത ഗുരുവിനെ ആർക്കും വേണേൽ തങ്ങളുടേതാക്കാം എന്ന മട്ടുണ്ട്. അഭിനവ സൂഫികളും ഇച്ഛ മസ്താന്റെ ബലത്തിൽ ‘ഗുരുനിന്ദനം' നടത്തിപ്പോരുന്നുണ്ട്. അവഗണയുടെ പോയ കാലത്തിൽ നിന്ന് പെട്ടെന്നൊരു വെളിപാടെന്നോണം, തങ്ങളുടെ മാർക്‌സിസ്റ്റ് ചാർച്ചകൾ ഒളിപ്പിച്ചു വെച്ച ബുദ്ധിജീവിതങ്ങളും ഗുരുവിനെ തങ്ങളുടെ അവസാന കച്ചിത്തുരുമ്പാക്കുന്നുണ്ട്. ദൈവം മരിച്ചുപോയി എന്നറിയാതെ, കാട്ടിൽ ദൈവസ്തുതി പാടിക്കഴിയുന്ന സംന്യാസിയെപ്പറ്റി വേവലാതി കൊള്ളുന്ന നീത്‌ഷേയുടെ സാരതുഷ്ട്രയെപ്പോലെ, ഗുരു കാടു കയറിയ വിവരം ഇവർ അറിഞ്ഞില്ലേ?

ബി.ജെ.പി ഭരണം ശ്വാശ്വതീകരിക്കാൻ അണ്ണാർക്കണ്ണനും തന്നാലായത് എന്ന നിലയിൽ ഇടതുസർക്കാറിനും അതിൽ ഉപചാരപൂർവ്വം കയറിക്കൂടിയ ഉപജാപ വർഗങ്ങൾക്കും കഴിഞ്ഞു.

കേരളീയരുടെയാകെ പ്രതിനിധിയാണെന്ന നിലയിൽ, അഭിനവ ബിനാലെ ബുദ്ധിജീവികളുടെ ബലത്തിൽ, റിപ്പബ്ലിക് പരേഡിൽ ഗുരുപ്രതിമയെ എഴുന്നളിച്ച പിണറായി സർക്കാരിനെ, പെരുന്തച്ചന്റെ പ്രതിമയെ മകന്റെ പ്രതിമ മുഖത്തടിച്ച പോലെ, മോദി സർക്കാർ തിരസ്‌ക്കരിച്ചതുകണ്ട്, തെക്കൻദേശത്തുള്ള ആചാരിയും മൂശാരിയും പുലയരും നായരും സുറിയാനിയുമെല്ലാം ഊറിച്ചിരിച്ച കാര്യം, ബുദ്ധിജീവികളുടെ ഫീൽഡ് സർവേകളിൽ തെളിയാത്ത സാറ്റലൈറ്റ് ഇമേജുകളാണ്. കാരണം പണ്ടേ ഗുരുവിന്റെ ഈ വിഗ്രഹവൽക്കരണത്തിന് അവർ ‘സിമൻറ്​ നാണു' എന്നാണ്​ പേരിട്ടത്. അങ്ങനെ ഗുരുവിരോധത്തിൽ പുലരുന്ന നായരുടേയും ആശാരി മൂശാരി വർഗങ്ങളുടേയും, നമ്പൂതിരി- മുസ്​ലിം വിരോധം ജീനിലുള്ള സുറിയാനികളുടേയും പിന്തുണ ബി.ജെ.പി ഉറപ്പുവരുത്തി.
എന്തിരോ ഏതോ...

ബി.ജെ.പി ഭരണം ശ്വാശ്വതീകരിക്കാൻ അണ്ണാർക്കണ്ണനും തന്നാലായത് എന്ന നിലയിൽ ഇടതുസർക്കാറിനും അതിൽ ഉപചാരപൂർവ്വം കയറിക്കൂടിയ ഉപജാപ വർഗങ്ങൾക്കും കഴിഞ്ഞു. പകരം പരേഡിന് കേരളീയനായ സാക്ഷാൽ ശങ്കരന്റെ പ്രതിമയായിരുന്നെങ്കിലോ അയച്ചിരുന്നത്? മോദിജിയ്ക്ക് കയ്ച്ചിട്ട് ഇറക്കാനും വയ്യ, മധുരിച്ചിട്ട് തുപ്പാനും വയ്യ എന്ന നില വന്നേനെ.

ശങ്കരാചാര്യൻ ശിഷ്യൻമാർക്കൊപ്പം/ illustration : wikipedia

എന്നാൽ, എട്ടാം നൂറ്റാണ്ടിലെ ശങ്കരനേയും പതിനെട്ടാം നൂറ്റാണ്ടിലെ നാരായണ ഗുരുവിനേയും എതിരികളാക്കി നിർത്തിയുള്ള യൂറോപ്പിതര ‘അമേരിക്കനിസം ഫോർഡിസം' ചിന്തകൾ, ഗുരു തന്നെ ഏറ്റു പറഞ്ഞ, തന്റെ ദർശനം ശങ്കരന്റേതു തന്നെ എന്ന ‘ഹദീത്', ‘ചരിത്രപരം' ആണെന്നതുകൊണ്ടാണോ തങ്ങളുടെ ഫിനോമിനോളജിയിൽ ചേർക്കാത്തത്? ‘അനുകമ്പാദശക'ത്തിൽ ഗുരു ക്രിസ്തുവിനോടും നബിയോടും ഒപ്പം വയ്ക്കുന്ന കരുണവാൻ ശങ്കരനാണെന്നതും കാവ്യരേഖയാണ്. ‘ശങ്കരൻ ആളു വലുതാണെങ്കിലും ജാതിയിൽ ചെറുതാണെന്നുള്ള' ചരിത്രബോധവും ഗുരു പ്രകടിപ്പിച്ചിട്ടുണ്ട്. ശങ്കരന്റെ സ്‌നേഹരാഹിത്യത്തെക്കുറിച്ച് വിവേകാനന്ദ സ്വാമികളും പറഞ്ഞിട്ടുണ്ട്. അതിനെല്ലാം ശങ്കരന് ശങ്കരന്റെ ന്യായം കാണും. അല്ലേൽ ഈ ശങ്കരൻ ഒറ്റയ്ക്കാണോ ബുദ്ധനെ ഇന്ത്യയിൽ തീർപ്പാക്കിയത്? അക്കാലമായപ്പോഴേക്കും ബുദ്ധിസം ഭരണകൂട മതമായി കുത്തുപാളയെടുത്തിരുന്നില്ലേ? ഏറിപ്പോയാൽ ശങ്കരൻ അതിന്റെ അന്ത്യകൂദാശ നടത്തി എന്നുമാത്രം. അപ്പോഴേക്കും, അറേബ്യയിൽ കരുണയും പ്രജ്ഞയും മധ്യമാർഗ്ഗവും ഉപദേശിച്ചു മറ്റൊരു ബുദ്ധൻ അവതാരമെടുത്തല്ലോ. കരുണാവാനാം മുത്തുരത്‌നം എന്നു ഗുരു പാടിയ പാടൽ കേൾക്കൂ.

പടിഞ്ഞാറുള്ള അത്തിമരത്തിൽ ഹൃദയം തൂക്കിയിട്ട് കിഴക്കുള്ള കര പറ്റുന്നതിനു പകരം, കിഴക്കിന്റെ ഭൂമികയിൽ നിന്ന് പടിഞ്ഞാറൻ ചക്രവാളത്തിലേക്ക് കണ്ണയക്കുന്ന ഒരു നിസാറിയൻ സിസേറിയനുവേണ്ടി നമുക്ക് കാത്തിരിക്കാം.

അങ്ങനെ നോക്കുമ്പോൾ, അദ്വൈതികൾ എന്ന ആക്ഷേപവാക്യത്തിൽ രാഷ്ട്രീയമുണ്ട്, തത്വചിന്തയില്ല. ശങ്കരന്റെ അദ്വൈതം ഉത്ഗ്രഥനത്തിന്റെയും അരികുവൽക്കരണത്തിന്റെയും ബ്രാഹ്മണഭാഷ സംസാരിക്കുന്നു എന്ന ഭൂതകാലപ്പേടിയിൽ, തങ്ങളുടെ ദലൂസിയൻ ‘ഡിഫറൻസ്' എന്ന ജാതിസ്വത്വം ഇല്ലാതായി ഹിന്ദുത്വത്തിൽ ഉൽഗ്രഥിക്കപ്പെട്ടേക്കുമോ എന്ന ‘പുലപ്പേടി'യിൽ, അദ്വൈതത്തിന്റെ സങ്കീണ്ണമായ ഉൾപ്പിരിവുകളെ ചർച്ചയ്ക്കെടുക്കാത്ത നിസാർ ചിന്ത ഒരു റിഡക്ഷനിസമാകുമോ? ഭാഷാ നിഷ്പത്തിയിൽ അഭയം കണ്ടെത്തുന്ന മാഷിന്റെ പ്രതിരോധ പ്രസ്താവങ്ങൾക്ക്, വിമർശനങ്ങളോടുള്ള അസഹിഷ്ണുതയും ചർച്ചയ്ക്കു വരേണ്ടതാണ്. രാഷ്ട്രീയോന്മുഖമായ തത്വംപറച്ചിൽ എന്ന നിലയിൽ മാഷുടെ ‘നിലപാടുനിൽപ്പ്' സ്വാഗതാർഹം തന്നെ. ആ നിലയിൽ മാഷെയും ശിഷ്യരെയും ആളും അർത്ഥവും നൽകി ചേർത്തുപിടിച്ചോളാം. (പശുക്കളേയും ബ്രാഹ്മണരേയും സംരക്ഷിക്കാം എന്ന രാജനീതി വച്ചുതന്നെ). എന്നാൽ തത്വചിന്തയുടെ ശുദ്ധാർത്ഥത്തിൽ മാഷ് നാഗാർജുനനിലേക്ക് കടക്കുംമുമ്പ് ശങ്കരനിൽ നിന്ന് കുറച്ചൊക്കെ കടം കൊള്ളേണ്ടതുണ്ട്. ‘ചരിത്രവൽക്കരിക്കുക' എന്ന മാർക്‌സിന്റെ രീതിശാസ്ത്രത്തോടുള്ള പ്രതിഭാസ വിജ്ഞാനീയത്തിന്റെ വിമുഖത, തത്വചിന്തയെ ഒരു മിത്തുനിർമാണത്തിന്റെ തലത്തോളമെത്തിക്കുന്നുവോ എന്നും സംശയിക്കാം. പ്രത്യേകിച്ചും ഭാരതീയ തത്വചിന്തയിലെ ഭാവവൈവിധ്യങ്ങളിലുള്ള പ്രകരണങ്ങൾ നടത്തുന്നത്, കാഴ്​ചപ്പാടിലെ പ്രശ്​നങ്ങൾ മൂലമാണ്​. സാംഖ്യ ദർശനങ്ങളോടുള്ള പ്രതികരണങ്ങൾ ഉദാഹരണം. അദ്വൈതത്തെത്തന്നെ, ദ്വൈതവും വിശിഷ്ടവും ഏകത്വവും ചേർന്ന ത്രിപുടിയുടെ സമഗ്രതയിൽ കണക്കിലെടുക്കാതെയുള്ള നിഗമനങ്ങൾ ന്യൂനീകരണമായിത്തീരുന്നു. സംസ്‌കൃത ഭാഷാനിഷ്പത്തിയെ മുൻനിർത്തിയുള്ള മാഷിന്റെ ലീലകളിലും ഈ അപകടങ്ങളുറങ്ങുന്നു. ഭാഷയിലെ പ്രാഥമികമായ വാക്കുകൾ ചരിത്രത്തിലൂടെ അതിന്റെ എതിരർത്ഥം പോലും കൈവരിച്ചു മറ്റൊന്നായി തീരാറുണ്ട് എന്ന ഫ്രോയിഡിന്റെ നിരീക്ഷങ്ങൾ ഓർക്കാം. പടിഞ്ഞാറുള്ള അത്തിമരത്തിൽ ഹൃദയം തൂക്കിയിട്ട് കിഴക്കുള്ള കര പറ്റുന്നതിനു പകരം, കിഴക്കിന്റെ ഭൂമികയിൽ നിന്ന് പടിഞ്ഞാറൻ ചക്രവാളത്തിലേക്ക് കണ്ണയക്കുന്ന ഒരു നിസാറിയൻ സിസേറിയനുവേണ്ടി നമുക്ക് കാത്തിരിക്കാം. ഹെഗലിനെക്കുറിച്ച് മാർക്‌സ് പറഞ്ഞതു തന്നെ ‘ഞമ്മക്കും' പറയാനുള്ളത്. കോഴിക്കോട്ടു നിന്ന് കൊണ്ടോട്ടിയിലേക്കുള്ള ആ ‘നോടികൽ മൈൽ' താണ്ടും വരെ, മാഷെ വിമർശിക്കാനുള്ള ആത്മബലം മമ്പുറം തങ്ങൾ നൽകിയിട്ടുണ്ട്.

വീണ്ടും സാക്ഷാൽ ഗുരുവിലേക്കു വരാം. നിസാറിനെ എന്നപോലെ ഗുരുവിനെ അപനിർമിച്ചാലും അപകടമുണ്ട്. ‘ഹുബ്ബു റസൂലി'ന്റെ ആളുകളെപ്പോലെയായിരിക്കുന്നു ഇടതുബാധയുള്ള തത്വചിന്താപക്ഷവും. ഗുരുവിഗ്രഹം ഉള്ളിൽ പ്രതിഷ്ഠിച്ച സമുദായ ശരീരങ്ങൾ, പോത്തിറച്ചിയും ഖുർആൻ ഹറാമാക്കിയ നിസ്‌കാരവും മോദിപ്പേടിയും കൊണ്ട് ചീർത്തു വീർത്തു പുഴുവെച്ച മലപ്പുറം ശരീരങ്ങൾ പോലെത്തന്നെയായിരിക്കുന്നു. ശരീരത്തെ ആത്മബോധമാക്കിയ നമ്മുടെ തത്വചിന്തകർ എന്നാണ് യു.ജി.സിയുടെ മാസവരുമാനമുപേക്ഷിച്ച് ശരിക്കും തത്വം പ്രയോഗിക്കുന്നവരാകുക? ഊഹക്കമ്പോളത്തിൽ നിന്നും ജീവിതരസായനത്തിൽ നിന്നും എന്നാണ് തത്വചിന്ത രക്ഷപ്പെടുക? ഗുരുവിനെ ഒരു ബഹുലതയാക്കി വികസിപ്പിക്കാൻ എന്നാണ് നാം തത്വചിന്തയുടെ ചരിത്രം പഠിക്കുക? ഗുരു ഒരാളുള്ള, ഒരു പരമ്പരയാണ് എന്ന ഗുരുജ്ഞാനം എന്നാണ് പണ്ഡിതർക്കു കൈവരിക?

‘മലയപ്പുലയനും കുലടകളായ സ്ത്രീകളും തൃഷ്ണ പകർന്ന് തന്റെ സംന്യാസം മുടക്കുന്നു' എന്നു വിലപിച്ച ഗുരു, ജാതിബോധത്തിൽ നിന്നും പുരുഷസ്വത്വത്തിൽ നിന്നും പൂർണമുക്തി പ്രാപിച്ചിരുന്നോ?

സംസ്‌കൃതത്തിലും ചിത്രകലയിലും സംഗീതത്തിലും ആത്മജ്ഞാനം നേടിയ വിദ്യാധിരാജ ചട്ടമ്പിസ്വാമികളായിരുന്നു ഗുരുവിന്​ സംന്യാസദീക്ഷ നൽകിയത്. സ്വാതി തിരുനാൾ ജയിലിലടച്ച അയ്യാ വൈകുണ്ഡ സ്വാമികളുടെ ജയിലറായിരുന്ന തൈക്കാട് അയ്യാ ഗുരുവിന്റെതായിരുന്നു യോഗദീക്ഷ. വൈകുണ്ഡ സ്വാമികളുടെ സാമൂഹ്യ പരിഷ്‌കരണ സംരഭങ്ങളിൽ നിന്നായിരുന്നു പൗരത്വദീക്ഷ. ‘പുറമേയ്ക്ക് ലെനിനായിരുന്നുവെങ്കിലും' സ്വാതി തിരുനാളിന്റെ അകത്തെ സംഗീത സപര്യയും രവിവർമയുടെ ചിത്രമെഴുത്ത് വിപ്ലവവും തക്കല പീർ മുഹമ്മദ് ഷായുടെ സൂഫീ ജ്ഞാനിമവും പൊയ്കയിൽ അപ്പച്ചന്റെ ആത്മജ്ഞാനവും... ഇങ്ങനെ അക്കാലത്തെ നിരവധി ജ്ഞാനാന്വേഷണങ്ങളുടെ ആകത്തുകയെ ഗുരു എന്നൊരു ഡോഗ്മയിലേക്കു ചുരുക്കാനാവുമോ? ഹിന്ദുത്വയുടെ ഈ സുവർണകാലത്ത് അക്കാദമികലോകത്ത് അതിജീവിക്കാനുള്ള അവസാന അടവാകുമോ, ഗുരുവിന്റെ കീഴാളതയിൽ ഊന്നലുള്ള ഹിന്ദുയിസത്തോടുള്ള ബുദ്ധിജീവികളുടെ സമകാലപ്രേമം? ‘ആധികാരികതയുടെ ജടിലോക്തി' എന്ന് അഡോർണോ പറഞ്ഞതിനോട് ഇതിൽ വല്ലതും കൂട്ടിച്ചേർക്കാനുണ്ടോ? ഗുരു ഒരു ഹിന്ദു സംന്യാസിയല്ലേ? ‘മലയപ്പുലയനും കുലടകളായ സ്ത്രീകളും തൃഷ്ണ പകർന്ന് തന്റെ സംന്യാസം മുടക്കുന്നു' എന്നു വിലപിച്ച ഗുരു, ജാതിബോധത്തിൽ നിന്നും പുരുഷസ്വത്വത്തിൽ നിന്നും പൂർണമുക്തി പ്രാപിച്ചിരുന്നോ? രാജസ്തുതിയോടൊപ്പം ഗുരുസ്തുതിയും ചേർത്ത, കൽക്കട്ടയിൽ നിന്ന് സംസ്‌കൃതം പഠിച്ചെത്തിയ കുമാരനാശാനെ ആസ്ഥാനകവികളോടൊപ്പമിരുത്തിയ, മഹാരാജാവിന്റെ കാരുണ്യത്തണലാണോ ഗുരുവിനെയും സാധ്യമാക്കിയത്? ചെമ്പഴന്തിയിലെ ക്ഷേത്രം ഈഴവർക്കും നായന്മാർക്കുമായി രാജാവ് നൽകിയതും അത് പിന്നീട് ഗുരുവിന് അനുവദിച്ചതും ഓർക്കാം. കൈവെട്ടാൻ വരരുതേ നബി ഭക്തരേ... അവിവേകമുണ്ടെങ്കിൽ അഭിപ്രായസ്വാതന്ത്ര്യം അനുവദിക്കുന്ന ജനാധിപത്യബോധത്താൽ ക്ഷമിച്ചുകള.

ചട്ടമ്പിസ്വാമികൾ

ഇത് പിഴച്ച കാലമാണ്. ഏത് കൊണ്ടോട്ടിക്കാർക്കും കോളം അനുവദിക്കുന്ന താമരക്കണ്ണന്മാരുടെ കാലമാണ്. രാജാവ് നഗ്‌നനാണ് എന്നു പറയുന്ന പോസ്റ്റ് മോഡേൺ കുട്ടിത്തങ്ങളുടെ കാലമാണ്. പൂർവജന്മങ്ങൾ കൊച്ചുനാളിലേ അറിഞ്ഞ അമ്മു ദീപമാരുടെ കാലമാണ്. ‘തങ്ങൾ' എന്ന വരേണ്യ ജന്മം കിട്ടീട്ടും മാപ്പിളമാരുടെ ബലത്തിൽ അക്കാദമികളുടെ ഭാരം പേറുന്ന ബീവിജാന്മാരുടെ കാലമാണ്. ജാതി സ്പർദ്ദകൾക്ക് പരിചയായി ഫൂക്കോയും ദലൂസും കടത്തനാടൻകളരി നടത്തുന്ന യുഗ സംക്രമണമാണ്.

എങ്കിലും, ‘അള്ളാഹു' മൂന്ന് നിഷേധ പദങ്ങൾ ചേർന്ന മഹാവാക്യമാണെന്നും, അറിവിന്റെ അപ്പുറത്തുള്ള യാഥാർഥ്യമെന്തോ അതാണ് അവൻ, എന്നുള്ള ‘പുരുഷ' രഹസ്യമാണ് അതെന്നും പറഞ്ഞുതന്നത് ഗുരുവാണ്. മരുത്വാമലയിൽ പിള്ളത്തടത്തിലെ രാത്രിവാസം കഴിഞ്ഞ്​, പുലർന്നപ്പോൾ കൂടെ മലയിറങ്ങിപ്പോന്ന ഗുരുവാണ്. ജീനിലും രക്തപ്പകർച്ചയിലും ഉണ്മയായ ഗുരുവാണ്. മലയാളത്തിനു ലഭിച്ച അനുഗ്രഹ കടാക്ഷമാണ്. അദ്ദേഹം ‘മ്മളെ' പരമ്പരയാണ്. ഗുരവേ നമ: ▮

Comments