ഒമ്പത്
‘‘ഹിന്ദുസ്ഥാനി സംഗീതത്തെ സാധാരണ മലയാളി ഓർത്തെടുക്കുക ബാബുക്കയിലൂടെയായിരിക്കും. മലയാള ഗാനപദങ്ങളിൽ ഉത്തരേന്ത്യൻ രാഗശീലുകൊണ്ടുതീർത്ത ഭാവഗീതികയായിരുന്നു അദ്ദേഹത്തിന്റെ ട്യൂണുകൾ. ഉപകരണസംഗീതത്തെ തന്റെ കോമ്പോസിഷനിൽ സമർത്ഥമായി സന്നിവേശിപ്പിക്കുന്നതിൽ അദ്ദേഹം അന്യാദൃശ്യത പുലർത്തി. എന്നാൽ ഉപകരണവാദ്യങ്ങളുടെ പൊടിപ്പും തൊങ്ങലുമില്ലാതെ, ഹാർമോണിയവും തബലയും കൊണ്ടുമാത്രം, അദ്ദേഹം ഭാവാലാപനത്തിൽ ഇന്ദ്രജാലം തീർത്തിട്ടുണ്ട്. ബാബുക്കയുടെ തനത് ആലാപനത്തിന്റെ ഏതാനും റെക്കോർഡുകൾ തൊണ്ണൂറുകൾക്കു മധ്യേ പുറത്തെത്തിയത് മലയാളത്തിന്റെ ഭാഗ്യമായി. ബാബുക്കയുടെ കോമ്പോസിഷന്റെ യഥാർത്ഥ ആവിഷ്‌കാരം ഇങ്ങനെയാണെന്നറിഞ്ഞ് സംഗീതപ്രേമികൾ അത്ഭുതം കൂറി. പ്രൗഢഗംഭീരമായ ആ ഗാനനിർജ്ജരിയിൽ നിന്നുള്ള ഏതാനും ട്യൂണുകൾ മാത്രമായിരുന്നു അത്. ഉള്ളുതുറന്ന വിലാപസ്ഥായിയിൽ അദ്ദേഹം പാടിയുണർത്തിയ മെഹ്ഫിൽ രാവുകൾ മലബാറിന്റെ സംഗീതസംസ്‌കാരത്തിലെ മൂന്നു പതിറ്റാണ്ടിന്റെ ചരിത്രമായി.
മലയാള സിനിമാശാഖയിൽ ബാബുക്ക മെലഡിയുടെ ചക്രവർത്തിയായി വിരാജിക്കുന്നു. ലയമധുരമായ ഇന്ത്യൻ സംഗീതത്തെ അദ്ദേഹം സാധാരണക്കാരുടെ കേൾവിശീലത്തിന്റെ ഭാഗമാക്കി. ടാഗോറിന്റെ ബംഗാളും ആയിരത്തൊന്നു രാവുകളുടെ ബാഗ്ദാദും ആ ട്യൂണുകളിൽ കസവുഞൊറിയിട്ടു. ഉള്ളുതുറന്ന വിലാപസ്വരം ഉഛസ്ഥായിയിൽ മണലാരണ്യങ്ങളിൽ അലഞ്ഞു. ഉന്മാദത്തിന്റെയും വിഷാദത്തിന്റെയും നിമിഷങ്ങളെ ഉന്മീലനം ചെയ്തു. ഇന്ത്യ എങ്ങനെ ജീവിച്ചു എന്ന് ബാബുക്കയുടെ സംഗീതത്തിലൂടെ മലയാളി അറിഞ്ഞു. ഭക്തമീരയും വിരഹിണിയായ രാധയും ഒമർഖയ്യാമിന്റെ മധുചഷകവും ഹിമാലയ വനഛായയിലെ ദേവതാരുവും ആ ട്യൂണുകളിൽ ജാലകവാതിൽ തുറന്നു.
ഒടുവിൽ മാപ്പിള ഗാനശാഖിയിലും ആ വാനമ്പാടി പറന്നെത്തി. ഇശലുകളുടെ നാട്ടിൽ, വൈദ്യരുടെ കാവ്യപാരമ്പര്യത്തിൽ... അക്കാലത്തെ ഏതെളിയ കലാകാരനും കലാകാരിയും ബാബുക്കയുടെ സംഗീതസാന്നിധ്യമറിഞ്ഞു. അങ്ങിനെ മാപ്പിള നാടോടി ഗാനപാരമ്പര്യത്തിൽ ക്ലാസിസിസത്തിന്റെ വിത്തെറിഞ്ഞു.’’
20 വർഷം മുമ്പ് കൊണ്ടോട്ടിയിൽ ഞങ്ങൾ കൊണ്ടാടിയ ബാബുക്കയുടെ ‘ഉറൂസി'നു വേണ്ടി എഴുതിയതാണ് ഈ കുറിപ്പ്.
കലാകാരന്മാരെ കമ്യൂണിസ്റ്റ് പാർട്ടിയ്ക്ക് അവശ്യംവേണ്ട ഒരു കാലമുണ്ടായിരുന്നു. അന്ന് കമ്യൂണിസ്റ്റുകാർക്ക് സമൂഹത്തിൽ ഭ്രഷ്ടായിരുന്നു. ഇന്നേപ്പോലെ ‘ഗോവിന്ദം ഭജ ഗോവിന്ദം' പാടി വീരാരാധന തുടങ്ങിയിട്ടില്ല. തോക്കിൻകുഴലിലൂടെ വിപ്ലവം നടത്തി, ചെങ്കോട്ടയിൽ ചെങ്കൊടി പാറിക്കാൻ ഒരുമ്പെട്ടിറങ്ങിയ കമ്യൂണിസ്റ്റ് കാൽപനികതയുടെ നാൽപതുകൾ... അന്ന് ആളില്ലായോഗങ്ങൾക്ക് ആളെക്കൂട്ടാൻ തിരുവിതാംകൂറിൽ കെ.പി.എ.സി പോലെ, മലബാറിൽ, കോഴിക്കോട് അബ്ദുൽ ഖാദറിനും ശാന്താദേവിയ്ക്കും കൂട്ടർക്കുമായിരുന്നു നിയോഗം. ഈ പിന്നണിയിൽ ഹാർമോണിയം വായിക്കാനായിരുന്നു ബാബുരാജിനെ അബ്ദുൽ ഖാദർ കൂടെക്കൂട്ടിയത്.
പൊതുവെ, സംഗീത പാരമ്പര്യങ്ങൾ ഒന്നുമില്ലാത്ത മലബാറിൽ, സംഗീതത്തിന് എളിയ നിലയിലെങ്കിലും അടിത്തറയിട്ടത് ഉത്തരേന്ത്യയിൽനിന്ന് ഇവിടെ വന്നുചേർന്ന കലാകാരന്മാരായിരുന്നു. അക്കൂട്ടത്തിൽ കോഴിക്കോട്, ജാൻ മുഹമ്മദും മട്ടാഞ്ചേരിയിൽ ഗുൽ മുഹമ്മദും പ്രമുഖസ്ഥാനം വഹിച്ചു.
ഹാർമോണിയത്തിൽ ബാബുരാജിനുണ്ടായ സിദ്ധി പിതാവ് ജാൻമുഹമ്മദ് ജലതരംഗിൽ അദ്ദേഹത്തിനു നൽകിയ പരിശീലനത്തിന്റെ പരാവർത്തനമായിരുന്നു. ഏകദേശം പിയാനോയെപ്പോലെ ഇരു കൈകൾകൊണ്ടും ബാസും ട്രബിളും വായിക്കാവുന്ന ചവിട്ട് ഹാർമോണിയംവിദഗ്ധനായിരുന്നു ജാൻ മുഹമ്മദ്. പൊതുവെ, സംഗീത പാരമ്പര്യങ്ങൾ ഒന്നുമില്ലാത്ത മലബാറിൽ, സംഗീതത്തിന് എളിയ നിലയിലെങ്കിലും അടിത്തറയിട്ടത് ഉത്തരേന്ത്യയിൽനിന്ന് ഇവിടെ വന്നുചേർന്ന കലാകാരന്മാരായിരുന്നു. അക്കൂട്ടത്തിൽ കോഴിക്കോട്, ജാൻ മുഹമ്മദും മട്ടാഞ്ചേരിയിൽ ഗുൽ മുഹമ്മദും പ്രമുഖസ്ഥാനം വഹിച്ചു. കോഴിക്കോട്ടെ ഗുജറാത്തി വ്യാപാരികളുടേയും ആലി ബറാമി പോലുള്ള അറബി പാരമ്പര്യമുള്ള വരേണ്യവണിക്കുകളുടേയും സ്വകാര്യ സദസ്സുകളിൽ പരിപാടികൾ അവതരിപ്പിക്കാനെത്തിയ ഈ ഔത്തരേയ സംഗീതകാരന്മാർ ശിഷ്ടകാലം ഇവിടെ കഴിച്ചുകൂട്ടിയ കഥകൾ ഏറെയുണ്ട്. ജാൻ മുഹമ്മദ് ഈ പരമ്പരയിൽ ബംഗാളിൽ നിന്നെത്തിയ കലാകാരനായിരുന്നു.
ഡക്‌നി മുസ്ലിമായ ജാൻ മുഹമ്മദ്, മലപ്പുറം വാഴക്കാടിനടുത്തുള്ള ആക്കോട് നിന്ന് ഒരു മാപ്പിളപ്പെണ്ണിനെ വിവാഹം കഴിച്ചു. ഈ ലേഖകന്റെ മാതാവിന്റെ (പിതാവിന്റെയും) മുത്തശ്ശിയുടെ കസിനായിരുന്നു അവർ. ജാൻ മുഹമ്മദിന് ഇവരിൽ പിറന്ന മക്കളാണ് സാബിർ ബാബു എന്ന ബാബുരാജും മജീദ് എന്നു ഞങ്ങൾ വിളിച്ചു പോന്ന ചാച്ചിയും. സംഗീതം കുലത്തൊഴിലായിരുന്ന ജാൻ മുഹമ്മദ്, ബാബുക്കയ്ക്ക് ജലതരംഗിലും മജീദ്ക്കയ്ക്ക് സിത്താറിലുമാണ് പ്രാഥമിക പരിശീലനം നൽകിയത്. അക്കാലത്ത് സംഗീതം ഭക്തിയുടേയും ഈശ്വരപ്രേമത്തിന്റെയും മാധ്യമമായിരുന്നു. ഇന്നത്തെപോലെ സിനിമയുടെ താരപ്പൊലിമയോടുള്ള അഭിനിവേശമോ വിനോദവ്യവസായത്തിന്റെ കൗശലങ്ങളോ സംഗീതത്തിന്റെ സത്യത്തെ ബാധിച്ചിരുന്നില്ല. സംഗീത സ്‌നേഹികളും സംസ്‌കാരസമ്പന്നരുമായ ഒരു കൂട്ടം വ്യാപാരികളുടെ പിന്തുണയും തണലുമാണുണ്ടായിരുന്നത്.
ജനമനസ്സിനെ വൈകാരികമായി ബാധിക്കുന്ന ബാബുരാജിന്റെ ആലാപനശൈലിയും ഉപകരണ സംഗീതത്തിലുള്ള വൈദഗ്ധ്യവും നാടോടി ജീവിതത്തിന്റെ നേരനുഭവങ്ങളും സന്ധിച്ചതാണെന്നു കാണാം.
ഇന്ത്യയിൽ ബ്രിട്ടീഷുകാരുടെ വരവ്, രാജാക്കന്മാരും നാടുവാഴികളുമടങ്ങുന്ന ഭരണവർഗത്തിന്റെ രക്ഷാകർതൃത്വം അവസാനിപ്പിച്ച സാഹചര്യത്തിൽ, ഇന്ത്യൻ കലയും നൃത്തവും സംഗീതവും, അവ അനുശീലനം ചെയ്തുപോന്ന കലാകാരന്മാരും, ഒരുതരത്തിലുള്ള തരംതാഴലിനും അവമതിപ്പിനും വിധേയമായിരുന്നു. സൂഫി മഖാമുകളിലും പ്രാദേശിക വ്യാപാരികളുടെ തണലിലും അവരിൽ ഒരു കൂട്ടം സംഗീതകാരന്മാർ അഭയം കണ്ടു. അലച്ചിൽ ജീവിതചര്യയാക്കുകയും ഫക്കീറുകളുടെ ജീവിതം നയിക്കുകയും ചെയ്തു. തങ്ങളുടെ വൈദഗ്ധ്യത്തെ തിരിച്ചറിയാനും അനുശീലിച്ചുപോന്ന കലയുടെ ആഴം മനസ്സിലാക്കാനും അതാസ്വദിക്കാനും ആളില്ലാത്ത അവസ്ഥയിൽ ദാരിദ്ര്യവും ജീവിതദുരിതവും പുൽകേണ്ടിയും വന്നു. ഔത്തരേയ സംഗീതം പരിശീലിച്ചുപോന്ന കലാകാരന്മാർക്കാണ് പ്രത്യേകിച്ചും ഈ ഗതി വന്നത്. ജാൻ മുഹമ്മദും അക്കൂട്ടത്തിൽ ഒരാളാകണം. കോഴിക്കോട് കോട്ടപ്പറമ്പ് ഹോസ്പിറ്റലിൽ വച്ച് മരണമടഞ്ഞു എന്നു കരുതുന്ന ജാൻ മുഹമ്മദിന്റെ വിയോഗത്തോടെ രണ്ടു മക്കളും അനാഥരായി.
ബാബുരാജിന്റെ കുട്ടിക്കാലത്തെയും കൗമാരകാലത്തെയും കുറിച്ച് മിത്തിക്കൽ സ്വഭാവമുള്ള പല കഥകളുമുണ്ട്. ‘വണ്ടീ വണ്ടീ നിന്നെപ്പോലെ വയറിലെനിക്കും തീയാണേ..'എന്ന നിലയിലുള്ള പാട്ടുകൾ പാടി ഭിക്ഷാടനംവരെ നടത്തി എന്നു കഥകളുണ്ട്. ഏതായാലും അന്നത്തെ ബോംബെയിൽ ഒരു നാടോടി ഗായികയോടൊത്ത് ദീർഘകാലം ഹാർമോണിയത്തിൽ അകമ്പടി സേവിച്ചതായി അറിവുണ്ട്. ജനമനസ്സിനെ വൈകാരികമായി ബാധിക്കുന്ന ബാബുരാജിന്റെ ആലാപനശൈലിയും ഉപകരണ സംഗീതത്തിലുള്ള വൈദഗ്ധ്യവും നാടോടി ജീവിതത്തിന്റെ നേരനുഭവങ്ങളും സന്ധിച്ചതാണെന്നു കാണാം. (നാഗസ്വര ബാണിയിൽ നിന്നുള്ള ഗായകരെപ്പോലെ). ഏതായാലും കുഞ്ഞുമുഹമ്മദ് എന്ന പൊലീസ് കോൺസ്റ്റബിൾ അഭയം നൽകിയ ബാബുരാജിന്, തന്റെ മകളെയും അദ്ദേഹം വിവാഹം ചെയ്തു കൊടുത്തു. ക്ഷയബാധയേറ്റ് ഈ ഭാര്യയും അതിലെ മക്കളും മരിക്കുകയായിരുന്നു. പിൽക്കാലത്ത് ബിച്ച എന്ന പെൺകുട്ടിയെ വിവാഹം കഴിച്ചു. അതിൽ ഒമ്പതു മക്കളുണ്ടായി. മൂത്തവളാണ് കൊണ്ടോട്ടിയിലേക്ക്, ഈ ലേഖകന്റെ മൂത്ത സഹോദരൻ വിവാഹം കഴിച്ച, ബാബുക്കയുടെ പ്രിയപ്പെട്ട സാബിറ.
കമ്യൂണിസം പോറ്റിവളർത്തിയ എല്ലാ കലാകാരന്മാരെയും കോടമ്പക്കം വിഴുങ്ങിയപോലെ, ബാബുക്കയും ആ മുതലവായിൽ സ്വന്തം കലാജീവിതം അവസാനിപ്പിച്ചു. ആ അതൃപ്തി അദ്ദേഹത്തെ എന്നും വ്യസനിപ്പിക്കുകയും വേട്ടയാടുകയും അസ്വസ്ഥപ്പെടുത്തുകയും ചെയ്തിരുന്നു.
ഈ വിവാഹബന്ധത്തിനു മുമ്പുതന്നെ ബാബുക്ക കൊണ്ടോട്ടിയിലെയും തുറക്കലിലെയും സന്ദർശകനായിരുന്നു. കോഴിക്കോട് പൊലീസ് ലൈനിൽ താമസിച്ചുവരവെ, പോലീസ് വകുപ്പിലുണ്ടായിരുന്ന ഈ ലേഖകന്റെ അമ്മാവൻ ചേക്കുട്ടി, ബാബുരാജിനെ കണ്ടുമുട്ടുകയും, തന്റെ മുത്തശ്ശിയുടെ കസിന്റെ മകനാണ് ബാബുക്ക എന്നു തിരിച്ചറിയുകയും ചെയ്തു. തനിക്ക് വീണുകിട്ടിയ ആകെ ബന്ധുബലമെന്ന നിലയിൽ, തുറക്കലിൽ അമ്മാവന്റെ സൗഹൃദകൂട്ടായ്മയിൽ ബാബുരാജ് സന്ദർശകനായിത്തീർന്നു. കല്ലാടത്തു വീട്ടിൽ ഉമ്മയുടെ വിഭവങ്ങളും അമ്മാവന്റെ വാറ്റുചാരായവും ആഘോഷമാക്കിക്കൊണ്ട് ഹാർമോണിയം വായനയും ഗാനാലാപനവുമായി കൊണ്ടോട്ടിയ്ക്ക് ബാബുരാജിന്റെ സാന്നിധ്യം പകർന്നുകിട്ടി. അന്ന് കോഴിക്കോട് കല്ലായി ‘രാഗ് രംഗി'ൽ പാർത്തുപോന്നിരുന്ന അദ്ദേഹം, സിനിമയിൽ അവസരങ്ങൾ ലഭിച്ചു പ്രശസ്തിപെറ്റിരുന്നു. കമ്യൂണിസം പോറ്റിവളർത്തിയ എല്ലാ കലാകാരന്മാരെയും കോടമ്പക്കം വിഴുങ്ങിയപോലെ, ബാബുക്കയും ആ മുതലവായിൽ സ്വന്തം കലാജീവിതം അവസാനിപ്പിച്ചു. ആ അതൃപ്തി അദ്ദേഹത്തെ എന്നും വ്യസനിപ്പിക്കുകയും വേട്ടയാടുകയും അസ്വസ്ഥപ്പെടുത്തുകയും ചെയ്തിരുന്നു.
ഭക്ഷണപ്രിയനായിരുന്നു ബാബുക്ക. അന്ന് കോഴിക്കോട്ടെ ബീഫ് വ്യാപാരികൾ തൂക്കം വർധിപ്പിക്കാൻ ഇറച്ചിയിൽ വെള്ളമൊഴിക്കുക പതിവായിരുന്നു. ഇത് ഇറച്ചിയുടെ രുചി കുറയ്ക്കും. കൊണ്ടോട്ടിയിലെ ശുദ്ധഗതിക്കാരായ നാടൻ വിൽപ്പനക്കാർ ‘ഹലാലായ' പോത്തിറച്ചി നൽകിപ്പോന്നിരുന്നു. ഇതു മണത്തറിഞ്ഞ ബാബുക്ക, ഈ ലേഖകന്റെ ഉമ്മയുടെ കൊണ്ടോട്ടി ശൈലിയിൽ പാചകം ചെയ്യുന്ന ബീഫ് കഴിക്കാനായുംകൂടി വന്നുചേരുമായിരുന്നു. അങ്ങനെ കല്ലാടത്തു വീട്ടിൽ ബാബുക്കയുടെ ഏറെ ഗാനസദസ്സുകളുണ്ടായി. ശ്രുതി തെറ്റി കുയിൽ നാദത്തിൽ പാടുന്ന പെങ്ങൾക്കും ഹാർമോണിയം മീട്ടും ബാബുക്ക, ‘മോളേ ഇക്കാക്കയെ എടങ്ങേറാക്കല്ലേ' എന്നു കമന്റുമുണ്ടാകും.
മാപ്പിളപ്പാട്ടിന്റെ ജീർണകാലം ആഘോഷിച്ച വി.എം. കുട്ടിയുടെ വേദികളിൽ അകമ്പടി വായിക്കാൻ പോലും ബാബുരാജ് മടികാണിച്ചില്ല. തന്റെ പ്രശസ്തിയെയോ പണത്തെയോ പുല്ലുവില കൽപ്പിക്കാത്ത സൂഫി സംസ്‌കാരത്തിനുടമയായിരുന്നു ആ കലാകാരൻ.
കൊണ്ടോട്ടിയുമായുള്ള ഈ സഹവാസം മോയിൻകുട്ടി വൈദ്യരുടെ മിസ്റ്റിക്കൽ കാവ്യലോകവുമായും ബാബുക്കയെ ബന്ധിപ്പിച്ചു. ‘കുട്ടിക്കുപ്പായം' പോലെ, അക്കാലത്ത് പ്രശസ്തമായ സിനിമകളിൽ വൈദ്യരുടെ ഇശലുകൾ കമ്പോസ് ചെയ്ത് ബാബുക്ക തന്നെ രംഗത്തഭിനയിച്ച് ആലപിക്കുകയും ചെയ്തു. ‘മണിദീപമേ മക്ക മദീനാ നിലാവേ' തുടങ്ങിയ പാട്ടുകളിലൂടെ മാപ്പിളപ്പാട്ടിന് മെലഡിയുടെ നിറവുപകരാനും ആ ഗാനശാഖയെ ആധുനികവൽക്കരിക്കാനും അദ്ദേഹത്തിനു നിയോഗമുണ്ടായി. അക്കാലത്തെ ചെറുതും വലുതുമായ എല്ലാ സംഗീത പ്രതിഭകളേയും അദ്ദേഹം സ്വാധീനിച്ചു. മാപ്പിളപ്പാട്ടിന്റെ ജീർണകാലം ആഘോഷിച്ച വി.എം. കുട്ടിയുടെ വേദികളിൽ അകമ്പടി വായിക്കാൻ പോലും മടികാണിച്ചില്ല. തന്റെ പ്രശസ്തിയെയോ പണത്തെയോ പുല്ലുവില കൽപ്പിക്കാത്ത സൂഫി സംസ്‌കാരത്തിനുടമയായിരുന്നു ആ കലാകാരൻ. സൂഫിദർഗകൾ സന്ദർശിക്കുക ഏറെ പ്രിയമായിരുന്നു. നാഗൂർ ഷാഹുൽ ഹമീദ് ഷെയ്ഖിന്റെ മഖാമിൽ ഹാർമോണിയം വായിച്ച് പാട്ടുപാടിയ സ്മരണയുണ്ട്.
90-കളുടെ മധ്യേ പുറത്തുവന്ന, ബാബുക്ക കോഴിക്കോട്ടെ ഒരു സ്വകാര്യ സദസ്സിൽ പാടിയ റെക്കോർഡ്, തിരുവനന്തപുരത്തെ പാട്ടുകാരനായ നസീം പുറത്തെത്തിച്ചതാണ്, ബാബുക്കയുടെ കുടുംബത്തിനുപോലും, ആ കലാകാരന്റെ നിജസ്ഥിതി എന്തെന്ന് ശരിക്കും മനസ്സിലാകുന്നതിലേക്കു നയിച്ചത്. അതിലെ ഏതാനും പാട്ടുകൾ റീമിക്‌സ് ചെയ്ത് ‘മനോരമ മ്യൂസിക്' പുറത്തിറക്കിയതോടെയാണ്, യേശുദാസിന്റെയും എസ്. ജാനകിയുടെയും ‘സ്റ്റാൻഡേർഡൈസ്ഡ്' ശബ്ദത്തിൽ പതിഞ്ഞുപോയ ബാബുക്കയുടെ കോമ്പോസിഷനുകളുടെ ഭാവതാരള്യം ശരിക്കും മലയാളിയറിഞ്ഞത്.
ബാബുക്ക പകർന്ന ഈ ജനകീയ സംഗീതശീലിൽ നിന്നാണ്, സംഗീതം ചിട്ടയോടെ ശാസ്ത്രീയമായി പഠിച്ചിട്ടില്ലെങ്കിലും, ശബ്ദഗുണം കൊണ്ടും ആൾക്കൂട്ടത്തെ അറസ്റ്റിലാക്കുന്ന നാടകീയത കൊണ്ടും രാഷ്ട്രീയമായ സമകാലീനതയാലും ജനപ്രീതി നേടിയ മലപ്പുറത്തുകാരനായ ഷഹബാസ് ഉൾപ്പെടെയുള്ള, ഒരു നവ ഗായകവൃന്ദം ഉയർന്നുവന്നത്. ഗ്രാമി അവാർഡ് ലഭിച്ച യുടു എന്ന ഐറിഷ് റോക്ക് ബാന്റിന്റെ ഒരു പാട്ട് രേഖപ്പെടുത്തും പോലെ,
Sometimes you can't make it on your own Sometimes you can't make it Best you can do, is to fake it.
കലയുടെ പോസ്റ്റ് മോഡേൺ കാലത്ത് ഇത്തരം അനുകരണകലയും കയ്യടി നേടുന്നു. നൊസ്റ്റാൾജിയ ഒരു കച്ചവട സാധ്യതയായി മാറുന്നു. വിഷം വേണ്ടുവോളമുള്ള സമകാലീന മലബാറി ക്യുസിൻ പോലെ, വായ്പാട്ടിനെ ഉപകരണ സംഗീതത്തിന് അടിമയാക്കിയും, ശബ്ദസംവിധാനങ്ങളുടെ മാനിപ്പുലേഷൻ സാധ്യതകളെ മുതലെടുത്തും നടക്കുന്ന ഈ കെട്ടുകാഴ്ചകൾ, സംഗീതപരം എന്നതിനേക്കാൾ, സംഗീതബാഹ്യമായ കാരണങ്ങൾ കൊണ്ടാണ് കയ്യടി നേടുന്നത്.
സംഗീതത്തെ ഒരു വിനോദ വ്യവസായമായി മനസ്സിലാക്കാതെ, എന്നാണ് നമ്മുടെ ഗായകർ, മനുഷ്യൻ തീർത്ത അതുല്യമായ ആ വ്യവഹാരത്തോട് നീതി പുലർത്തുക?
സംഗീതത്തെ ഒരു വിനോദ വ്യവസായമായി മനസ്സിലാക്കാതെ, എന്നാണ് നമ്മുടെ ഗായകർ, മനുഷ്യൻ തീർത്ത അതുല്യമായ ആ വ്യവഹാരത്തോട് നീതി പുലർത്തുക? എന്നാണ് ശ്രുതിബദ്ധവും രാഗാധിഷ്ഠിതവും രാഷ്ട്രീയ ജാഗ്രതയുമുള്ള ഒരു സംഗീതത്തെ നമ്മുടെ കേൾവിശീലത്തിന്റെ ഭാഗമാക്കി മാറ്റാനാവുക? എന്നാണ് വേഷഭൂഷാദികൾ നാം അഴിച്ചു വയ്ക്കുക? ദാരിദ്ര്യത്തെ ജീവിതവ്രതമാക്കിയ, കറൻസിയെ കടലാസുകെട്ടെന്ന നിലയിൽ ധൂർത്തടിച്ച ബാബുരാജ് പ്രേതമായെങ്കിലും തിരിച്ചു വരുമോ? ആരാധനാലയത്തിൽ നിന്ന് വാണിഭക്കാരെ ആട്ടിയോടിച്ച ക്രിസ്തുവിന്റെ രണ്ടാം വരവുണ്ടാകുമോ? ജീവിച്ച കാലത്ത് അവഗണിക്കുകയും ആഭിചാരംകൊണ്ടും അസഹിഷ്ണുതകൊണ്ടും കുഴിച്ചുമൂടാൻ ശ്രമിക്കുകയും ചെയ്ത അതേ പക്ഷം, മരിച്ചശേഷം മിത്തുവൽക്കരിക്കുകയും ആ മിത്തിനെ കച്ചവടമാക്കുകയും ചെയ്യുന്ന നന്ദികേടിൽ നിന്നുണർന്ന്, എന്നാണ് നാം കൃതജ്ഞതയുടെ ശരിയായ അർത്ഥം കണ്ടെത്തുക? ▮