Photo: Biju Ibrahim

മാപ്പിളമാർ
തങ്ങന്മാർസൂഫീ ധാരകൾ

മതം, ആചാരവും അനുഷ്ഠാനവും കെട്ടുകഥയും നുണക്കഥകളും ഭീതിയും വെപ്രാളവും നിറഞ്ഞ ഒരു വെറും സാമ്പത്തിക- രാഷ്ട്രീയ പ്രതിഭാസമായി സ്ഥാപനവൽക്കരിക്കപ്പെട്ടു. തങ്ങന്മാർ ഇല്ലെങ്കിൽ മാപ്പിളമാർ തീവ്രവാദം ഭക്ഷണമാക്കും എന്ന പേടി സെക്യുലർ ബുദ്ധിജീവികളുടെപോലും ഉറക്കം കെടുത്തുന്ന നിലയിലായത് ഈ വിധമാണെന്നർത്ഥം.

പത്ത്​

ങ്ങന്മാരില്ലെങ്കിൽ മാപ്പിളമാർ മലപ്പുറത്തെ ഒരു കുട്ടിപ്പാക്കിസ്ഥാനാക്കിയേനെ.. ഇത്തരമൊരാശങ്ക ടി.കെ. രാമചന്ദ്രനെപ്പോലുള്ള ബുദ്ധിജീവികൾപോലും വെച്ചുപുലർത്തിയിരുന്നു. മാപ്പിളമാർക്കും മുസ്​ലിംകൾക്കും ആന്തരിക പ്രകൃതിയായിത്തന്നെ തീവ്രവാദ പ്രവണതയുണ്ട് എന്ന മുൻധാരണ മുഖ്യധാരയ്ക്ക് പൊതുവേയുമുണ്ട്. അതിന് ഹിന്ദുത്വയേക്കാൾ കൊളോണിയൽ മനഃസ്ഥിതിയിലാണ് വേരുകൾ.

തങ്ങളുടെ മതത്തിൽ തീവ്രവാദമുണ്ട് എന്ന തോന്നൽ മാപ്പിളമാർക്കു തന്നെയുണ്ട്. അതുകൊണ്ടാവണം ഏതു സമുദായസംഘടന രൂപീകരിക്കുമ്പോഴും മുമ്പിൽ ഒരു ‘തങ്ങളെ' പിടിച്ചിടുന്നത്. മുസ്​ലിം ലീഗിന്റെ രൂപീകരണ കാലത്തും അതിന്റെ നേതാക്കൾ മലപ്പുറത്തെ അതിന്റെ നേതൃത്വത്തിന് ഒരു തങ്ങൾ കുടുംബത്തെ കിട്ടുമോ എന്നന്വേഷിച്ചിരുന്നു. അതിന് അന്ന് പ്രതാപശാലിയായിരുന്ന കൊണ്ടോട്ടിത്തങ്ങന്മാരെ സമീപിച്ചു നോക്കിയിരുന്നു. എന്നാലപ്പോഴേക്കും, നട്ടുവളർത്തിയ കറുപ്പ് ഔഷധമായി ഉപയോഗിച്ചുപോരുന്നതിനിടെ ‘മയങ്ങിപ്പോയ' തങ്ങൾ, ലീഗുകാരെ പടിക്കുപുറത്തു വച്ചുതന്നെ ആട്ടിയോടിക്കുകയായിരുന്നുവത്രേ.

'ദ ഡെത്ത് ഓഫ് ഇനായത്ത് ഖാൻ' / Photo : Wiki Media Commons

മുഗളന്മാർ ഉൾപ്പെടെയുള്ള മുസ്​ലിം ഭരണകൂടങ്ങളെ ഒതുക്കാൻ, ചൈനയിൽ എന്നപോലെ ഇന്ത്യയിലും, കറുപ്പാണ് ബ്രിട്ടീഷ് സാമ്രാജ്യത്വം ഉപയോഗിച്ചത്. കറുപ്പുതീറ്റ പ്രചരിപ്പിക്കാൻ, പട്ടാളത്തെ കാവൽ നിർത്തി ഏകവിളയായി കറുപ്പുകൃഷി നടത്തിയിരുന്നുവത്രേ. മുഗൾ അഡ്മിനിസ്‌ട്രേഷൻ ലോകത്തിലെത്തന്നെ മികച്ച ഭരണതന്ത്രജ്ഞത കാഴ്ചവച്ചിരുന്നു. ഇനായത്ഖാൻ അതിന്റെ വലിയ ഉദാഹരണമായിരുന്നു. കറുപ്പുതീറ്റ ശീലിച്ച ഖാൻ എല്ലും തോലുമായി, ഒരു മസ്തിഷ്‌കം മാത്രമായി മാറിയ ചിത്രം, ഇന്ത്യൻ ചരിത്രമാണ്. ഇനായത്ഖാന്റെ ഈ പരിണാമദശകളെ മുൻനിർത്തി, ചിത്രകാരൻ കെ. ജി. സുബ്രഹ്മണ്യൻ തന്റെ ഉപഹാസത്തിലൂടെ, നിരവധി കാൻവാസുകൾ നിർമ്മിച്ചിട്ടുണ്ട്. അറക്കൽ രാജപ്പാർട്ട് കഴിഞ്ഞാൽ കേരളത്തിൽ ഭരണം നടത്തിയ മുസ്​ലിം ഭരണകർത്താക്കളായ കൊണ്ടോട്ടി തങ്ങന്മാരെയും ഒരു പതിതവർഗ്ഗമാക്കിയതിനുപിന്നിൽ ഈ കറുപ്പുതീറ്റ സ്വന്തം പങ്കു വഹിച്ചിട്ടുണ്ട്.

ടിപ്പുവിനോടും ബ്രിട്ടീഷുകാരോടും നയതന്ത്രതജ്ഞത കാണിച്ച് ഇനാംദാർപദവി തുടർന്ന കൊണ്ടോട്ടി തങ്ങന്മാരുടെ ഭരണഭൂപ്രദേശം ചാലിയം മുതൽ ആനക്കയം വരെ നീണ്ടിരുന്നു. പോരാതെ പാലക്കാട്ടും തെങ്കാശിയിലും മൈസൂരിനടുത്തെ മാൻഡ്യയിലും പെരിന്തൽമണ്ണയിലും അരീക്കോടുമെല്ലാം ഭൂമിയും തക്കിയയും ഉണ്ടായിരുന്നു. ഏതായാലും പ്രതാപത്തിന്റെ ആ കാലങ്ങൾ ആധുനിക രാഷ്ട്രീയത്തിന്റെയും ജനാധിപത്യ യുഗത്തിന്റെയും വേനലുകൾ കൊണ്ടുപോയി.

കൊണ്ടോട്ടി വലിയ തങ്ങൾ മഖ്ബറ, കൊണ്ടോട്ടി, മേലങ്ങാടി / Photo: WIKIMEDIA COMMONS

മലബാർ കലാപങ്ങൾ വഴിതെറ്റി മൂകമാക്കിയ മലപ്പുറം മലയോരങ്ങൾ പിന്നീട് അബ്ദുറഹിമാൻ സാഹിബിന്റെ പ്രവർത്തനം കൊണ്ടുപോലും മൗനം വിട്ടുണർന്നില്ല. ഒടുവിൽ മുപ്പതുകളിലെ കമ്യൂണിസ്റ്റ് പ്രവർത്തനങ്ങളാണ് മലപ്പുറത്തെ വീണ്ടുമുണർത്തിയത്.

ഒളിവിൽ ആരംഭിച്ച ആദ്യകാലങ്ങളിൽത്തന്നെ മലപ്പുറത്ത് കമ്യൂണിസം പിച്ചവച്ചിരുന്നു. അബ്ദുറഹിമാൻ സാഹിബ് പ്രസിഡണ്ടും ഇ.എം.എസ് സെക്രട്ടറിയുമായ സോഷ്യലിസ്റ്റ് കോൺഗ്രസ് പതുക്കെ കമ്യൂണിസ്റ്റ് പാർട്ടിയായി അട്ടിമറിയുകയായിരുന്നല്ലോ ചെയ്തത്. കോഴിക്കോട് കല്ലായിലെ ലോഡ്ജ് മുറിയിൽ ചേർന്ന രഹസ്യ കമ്യൂണിസ്റ്റ് ഫ്രാക്ഷൻ ഇ.എം.എസിനെ പുലാമന്തോളിലെ കർഷകസംഘം പ്രവർത്തനങ്ങൾക്കും കെ. ദാമോദരനെ പൊന്നാനിയിലെ ബീഡിത്തൊഴിലാളി മേഖലയിലുമാണ് നിയോഗിച്ചത്. (ആ കിസ്സ പിന്നീടൊരിക്കൽ).

ഏതായാലും, പാക്കിസ്ഥാൻ വിഭജനത്തോടെ ന്യൂനപക്ഷമായ മുസ്​ലിംകളുടെ പതിതാവസ്ഥ പരിഹരിക്കാനുള്ള ശ്രമങ്ങളുടെ, പ്രമാണിവർഗ വകഭേദമായ മുസ്​ലിം ലീഗിനു പുലരാൻ, ഒരു തങ്ങൾ പ്രാധിനിധ്യം അന്വേഷിച്ചു. കൊയിലാണ്ടിയിൽ ബാഫഖി തങ്ങളെ ലഭിച്ചപ്പോൾ മലപ്പുറത്ത് പാണക്കാട് തങ്ങന്മാർക്ക് ആ നിയോഗം ലഭിച്ചു. മമ്പുറം തങ്ങളുടെ പിൻഗാമി ഫസൽ പൂക്കോയ തങ്ങളെ നാടുകടത്തിയതിനാൽ അവിടെനിന്ന് ആരെയും പിന്തുണ പാടാൻ കിട്ടിയിട്ടുണ്ടാകില്ല.

സയ്യിദ് ഫസൽ പൂക്കോയ തങ്ങൾ

കേരള മുസ്​ലിംകളുടെ ചരിത്രത്തിൽ തങ്ങന്മാർക്കുള്ള ഈ പ്രാമുഖ്യം യഥാർത്ഥത്തിൽ ഒരു സമീപകാല പ്രതിഭാസമാണ്. ലോകമാകെ പോർച്ചുഗീസ് അധിനിവേശങ്ങൾ നടന്ന പശ്ചാത്തലത്തിൽ, മിക്കവാറും യമൻ ഭാഗത്തുനിന്നും അഭയാർത്ഥികളായെത്തിച്ചേർന്ന പ്രവാചക വംശപരമ്പരകളായി അറിയപ്പെട്ട കുടുംബങ്ങളാണ് തങ്ങന്മാർ. ഏറിപ്പോയാൽ ആ പലായന കഥയ്ക്ക് മുന്നൂറ് വർഷത്തെ പഴക്കമേയുള്ളൂ. ആദ്യം എത്തിച്ചേർന്നത് ബാഫക്കി തങ്ങന്മാർ. പിന്നീട് ജിഫ്രി തൊട്ടുള്ള പല വംശങ്ങളും വന്നുചേർന്നു. 18-ാം നൂറ്റാണ്ടിന്റെ മധ്യത്തിൽ തുടങ്ങിയ ഈ ‘തങ്ങൾ പ്രതിഭാസത്തിന്' മുമ്പേത്തന്നെ മുസ്​ലിംകൾ കേരളക്കരയിൽ അവരുടെ ജീവിതം കണ്ടെത്തിയിരുന്നു. പ്രവാചകന്റെ കാലം മുതൽ തന്നെ അറബി വണിക്കുകൾവഴി ഇവിടെ ഇസ്​ലാം എത്തി. നൂറുവർഷം കഴിഞ്ഞ് മാലിക് ഇബ്‌നു ദിനാറും സംഘവും വന്ന് തീരദേശത്ത് പള്ളികളും പള്ളിക്കൂടങ്ങളും സ്ഥാപിച്ചു. അതിനുശേഷം 11, 12 നൂറ്റാണ്ടിലായി മുഹ്യുദ്ദീൻ ശൈഖ്, മൊയ്‌നുദ്ദീൻ ഖ്വാജ മുതൽപേരുടെ സൂഫി പ്രസ്ഥാനങ്ങളും കേരളത്തിൽ അനുരണനം സൃഷ്ടിച്ചു. മുഹ്യുദ്ദീൻ ശൈഖിന്റെ ആദ്യകാല ശിഷ്യരിൽ ഒരാളായി അറിയപ്പെടുന്ന, കോട്ടയം കാഞ്ഞിരമറ്റത്ത് അന്ത്യവിശ്രമം കൊള്ളുന്ന, ഷെയ്ഖ് ഫരീദുദ്ദീൻ ഔലിയയാണ്, പൊന്നാനിയിൽ ആദ്യ മുസ്​ലിം പള്ളിയായ തോട്ടുങ്ങൽ പള്ളി സ്ഥാപിക്കുന്നത്. അദ്ദേഹത്തിന്റെ പന്ഥാവും സ്വാധീനവും മൂന്നു നൂറ്റാണ്ട് പുലർന്നു.

ഷെയ്ഖ് ഫരീദുദ്ദീൻ ഔലിയ മഖ്ബറ

15-ാം നൂറ്റാണ്ടിൽ യമനിൽ നിന്നു വന്ന പണ്ഡിത കുടുംബമായ മഖ്ദൂമുമാർ കായൽ പട്ടണമിറങ്ങി മട്ടാഞ്ചേരി വഴി പൊന്നാനിയിലെത്തി കണ്ണൂരിലേക്കും പെരിന്തൽമണ്ണയിലേക്കും കൊണ്ടോട്ടിയിലേക്കും കേരളത്തിലേക്കും പടർന്ന കഥയാണ്, കേരളത്തിൽ ഇന്നു കാണുന്ന ഇസ്​ലാമിക സമൂഹത്തിന്റെ ഘടന നിലവിൽ വരുത്തിയത്. സാമൂതിരി കാലത്ത് പ്രതാപം കൊണ്ട മഖ്ദൂം കുടുംബനേതൃത്വം ഹൈദറിന്റെയും ടിപ്പുവിന്റെയും കാലത്തോടെ ‘തങ്ങൾ പ്രതിഭാസത്തിന്' നേതൃത്വമൊഴിയുന്നതു കാണാം. മഖ്ദൂമുമാർ രൂപംകൊടുത്ത കേരളീയ ഇസ്​ലാമിന്റെ ഘടനയിൽ സൂഫി ദർശനങ്ങളുടെ വിത്തുകൾ പാകിക്കൊണ്ട്, നഷ്ടപ്പെട്ടുപോയിരുന്ന ഇസ്​ലാമിന്റെ തത്വചിന്തയെയും ആത്മീയ ഭാവനകളെയും വീണ്ടെടുക്കുന്നതിൽ തങ്ങന്മാർ അവരുടെ പങ്കുവഹിച്ചു.

എന്നാൽ ബ്രിട്ടീഷുകാരുടെ വരവും കൊളോണിയൽ ആധുനികതയും മലബാർ കലാപങ്ങളിൽ ചെന്ന് വഴിമുട്ടിയപ്പോൾ, തങ്ങന്മാരുടെ നേതൃത്വം സംഘടനകൾ ഏറ്റെടുത്തു. മുസ്​ലിം ലീഗ് മുതൽ സമസ്ത വരെയുള്ള പ്രസ്ഥാനങ്ങൾ. എന്നാൽ ഭൂതകാലത്തിൽ നിന്നു ലഭിച്ച നഷ്ടപ്രായമായ സൂഫീ ദർശനങ്ങളോടുള്ള ആഭിമുഖ്യവും തങ്ങളുടെ സാംസ്‌കാരിക ജീവിതം തീർത്ത കാവ്യ സംസ്‌കൃതിയോടുള്ള മനസ്സടുപ്പവും ഓർത്താവണം, തങ്ങന്മാരെ വിടാതെ ഒപ്പം കൂട്ടാൻ ഈ പ്രസ്ഥാനങ്ങൾ ശ്രമിച്ചത്. എന്നാൽ, 19-ാം നൂറ്റാണ്ടിൽ പരിഷ്‌കരണ പ്രസ്ഥാനങ്ങൾ ഉടലെടുത്തതോടെ, ഭൂതകാലത്തിലെ ഈ മിസ്റ്റിക്കൽ പന്ഥാവ് പൂർണമായി കയ്യൊഴിയാനുള്ള പ്രവണതകളാണ് ഇസ്​ലാമിക സമൂഹം കാണിച്ചത്.

വലിയ സൈനുദ്ദീൻ മഖ്ദൂം എന്നു വിളിക്കപ്പെടുന്ന ശൈഖ് സൈനുദ്ദീൻ ഇബ്നുഅലി ഇബ്നുഅഹ്‌മദ് മഅബരി സ്ഥാപിച്ച പൊന്നാനി വലിയ ജുമുഅത്ത് പള്ളി / Photo: Wikipedia

വഹാബി പ്രസ്ഥാനം അറേബ്യയിൽ പിടിമുറുക്കിയതോടെ, കേവല യുക്തിയിൽ
അധിഷ്ഠിതമായ ഒരു ഭരണകൂട മതമായി ഇസ്​ലാം നിറംകെടുന്ന കാഴ്ചയാണു കണ്ടത്. സലഫിസത്തിന്റെ രാഷ്ട്രീയ കരിനിഴൽ വീണതോടെ വെറുമൊരു രാഷ്ട്രീയ- സാമ്പത്തിക സമൂഹമായി ഇസ്​ലാം പ്രഭാവം കെടുകയും തത്വചിന്തയും ആത്മീയ ഭാവനകളും പുച്ഛഭാവേനെ കയ്യൊഴിയുന്ന ആധുനികതയിലേക്ക് കൂടൊഴിയുകയും ചെയ്തു. സലഫിസമാകട്ടെ പതുക്കെ ഇസ്​ലാമിസ്റ്റ് രാഷ്ട്രീയത്തിന്റെ വരണ്ട പോരാട്ടക്കനലായി പരിണമിക്കുന്നതോടെ ചിത്രം പൂർത്തിയായി. തത്വചിന്തയും ആത്മീയാനുഭവങ്ങളും തേടിയുള്ള യാത്രകൾ ഏകാന്തമാവുകയും അതിന് മതത്തിനു പുറത്ത് അന്വേഷണം നടത്തുകയും ചെയ്യേണ്ട ഗതിയുമായി. സൂഫി ദർശനങ്ങൾ എന്ന നിലയിൽ ബാക്കിയായത് ഈ ആത്മാന്വേഷണ യാത്രകളാണ്. മതമാകട്ടെ ആചാരവും അനുഷ്ഠാനവും കെട്ടുകഥയും നുണക്കഥകളും ഭീതിയും വെപ്രാളവും നിറഞ്ഞ ഒരു വെറും സാമ്പത്തിക- രാഷ്ട്രീയ പ്രതിഭാസമായി സ്ഥാപനവൽക്കരിക്കപ്പെടുകയും ചെയ്തു.

തങ്ങന്മാർ ഇല്ലെങ്കിൽ മാപ്പിളമാർ തീവ്രവാദം ഭക്ഷണമാക്കും എന്ന പേടി സെക്യുലർ ബുദ്ധിജീവികളുടെപോലും ഉറക്കം കെടുത്തുന്ന നിലയിലായത് ഈ വിധമാണെന്നർത്ഥം. ഘടന അതിന്റെ ഉള്ളടക്കം നഷ്ടപ്പെട്ട് എല്ലും തോലുമായി അസ്ഥികൂടം പോലെ പല്ലിളിച്ചു കാട്ടുന്ന വിപര്യയം എല്ലാ പ്രസ്ഥാനങ്ങൾക്കുമുണ്ട്. അത് ഇസ്​ലാമിനും സംഭവിച്ചു. എങ്കിലും മനുഷ്യന്റെ ജീവിത വ്യവഹാരത്തിന്റെ അന്തർധാരയായി ഭൂതകാല പ്രേതങ്ങൾ അലഞ്ഞു. യൂറോപ്പിൽ മാർക്‌സിന്റെ ഭൂതങ്ങൾ പോലെ അത് ഏകാന്തമായ തത്വചിന്താന്വേഷണങ്ങൾക്കും രഹസ്യ കൂട്ടായ്മകൾക്കും അടിത്തറയായി. മലപ്പുറത്തെ സൂഫീ പ്രസ്ഥാനങ്ങൾ ഇത്തരത്തിൽ ഉറവ വറ്റാതെ നിൽക്കുന്ന ചില മലഞ്ചോലകളും കാട്ടരുവികളും നീരുറവകളുമാണ്.

കൊണ്ടോട്ടി വലിയ തങ്ങൾ മഖ്ബറ / Photo : Biju Ibrahim

മലപ്പുറത്ത് ഏകാകികളുടെ അന്വേഷണങ്ങളായും, ചില സെക്റ്റുകളിലെ കൂട്ടായ്മകളായും നിലനിൽക്കുന്ന സൂഫീ ദർശനങ്ങൾ ഇത്തരത്തിലുള്ള നീർച്ചാലുകളാണ്. പ്രധാനമായും ഖ്വാദിരിയ, ചിഷ്തിയ, സുഹറവർദിയ, നക്ഷബന്ദി പ്രസ്ഥാനങ്ങളുടെ കൈവഴികളാണ് ഈ നിലയിൽ ആശയങ്ങൾ മുന്നോട്ടുവയ്ക്കുന്നത്. പ്രേമത്തിന്റെയും ഭക്തിയുടെയും മാർഗ്ഗമാണ് ചിഷ്തിയ. ഭാരതത്തിലെ ഭക്തിപ്രസ്ഥാനങ്ങൾക്ക് ഏറെ പ്രചോദനം നൽകിയ ചിഷ്തിയ സൂഫിസം, അജ്മീറിലെ ഖ്വാജ മൊയ്‌നുദ്ധീൻ മുതൽ ഇന്ത്യയിൽ വേരോട്ടമുള്ള ധാരയാണ്. കൊണ്ടോട്ടിയിലെ സൂഫി മാർഗം പ്രധാനമായും ചിഷ്തിയ പ്രേമത്തിന്റെയും ഭക്തിയുടെയും മാർഗത്തിനാണ് ഊന്നൽ നൽകിപ്പോന്നത്.

കേരളത്തിലെ സൂഫീ ധാരകൾ മിക്കവാറും, തങ്ങൾ കബീലകൾ ഏറെയും, മുഹ്യുദ്ദീൻ ശൈഖിന്റെ പന്ഥാവായി അറിയപ്പെടുന്ന ഖ്വാദിരി ധാരയാണ്. ഖ്വാദിരി യുക്തിയുടെയും ആത്മവിചാരത്തിന്റെയും മാർഗ്ഗമായാണ് പൊതുവേ അറിയപ്പെടുന്നത്. ധ്യാനത്തിന്റെ രീതികൾ ചിഷ്തിയയും ഖ്വാദിരിയയും അവലംബിക്കുന്നുണ്ട്. ഖ്വാദിരി ഇന്ത്യൻ ആത്മീയതയിലെ ജ്ഞാന മാർഗ്ഗത്തോട് സമാനത പറയാം. ചിഷ്തിയ ഭക്തിമാർഗത്തോടും. ചിഷ്തിയ സൂഫീ ത്വരീഖത്തിൽ സംഗീതത്തിന് അല്ലെങ്കിൽ 'സമാഹ്'ന് പ്രത്യേകം പ്രാധാന്യം നൽകുന്നു.

അജ്മീർ ദർഗ / Photo: Wikimedia Commons

സൂഫീ സംഗീതം എന്നറിയപ്പെടുന്നതാകെ ചിഷ്തിയ ധാരയാണ്. മറ്റുള്ള സൂഫീ ധാരകളോ ഇസ്​ലാമോ സംഗീതത്തെയും കലയെയും വലിയ നിലയിൽ പ്രോത്സാഹനം നൽകാത്തപ്പോൾ, അജ്മീറിലെ മൊയ്‌നുദ്ധീൻ ഖ്വാജയാണ് സംഗീതം ഇസ്​ലാമിൽ ഉൾച്ചേർക്കുന്നത് എന്നു കാണാം. ഇത് ഒരു കാലത്ത് ഇസ്​ലാമിക പണ്ഡിതന്മാരുടെ വലിയ ചർച്ചാവിഷയമായിട്ടുണ്ട്. നിസാമുദ്ദീൻ ഔലിയയുടെ കാലത്താണ് സംഗീതാരാധന ഏറെ പ്രചാരം സിദ്ധിക്കുന്ന നിലയിൽ വികാസംകൊണ്ടത്. ഇന്ത്യൻ ഖയാൽ സംഗീതവും ഖവാലിയും സിതാറും തബലയുമെല്ലാം നിസാമുദ്ദീൻ ഔലിയയുടെ കാലത്ത് അദ്ദേഹത്തിന്റെ പ്രമുഖ ശിഷ്യനായിരുന്ന അമീർ ഖുസ്രുവാണ് രൂപം കൊടുത്തത്.

മലപ്പുറത്തെ സൂഫീ ധാരകൾ മിക്കവാറും ഖ്വാദിരി പ്രസ്ഥാനക്കാരാണ്. ഇറാഖിലെ മുഹ്യുദ്ദീൻ ശൈഖ് ഇസ്​ലാമിലെ ഒരു നവോത്ഥാനപുരുഷനെന്ന നിലയിലെങ്കിലും ഏതാണ്ടെല്ലാവരും അംഗീകരിക്കുന്നു. ഉത്തരേന്ത്യയിൽ ചിഷ്തിയ ധാര പ്രാമുഖ്യം കൈവരിച്ചപ്പോൾ, ദക്ഷിണേന്ത്യയിൽ മിക്കവാറും ഖ്വാദിരി ധാരയാണ് സ്വാധീനമുറപ്പിച്ചത്. ജിഫ്രി-മൗലദ്ദവീല കബീലയിലുള്ള മമ്പുറം തങ്ങളും 11-ാം നൂറ്റാണ്ടിലെ ഫരീദുദ്ധീൻ ഔലിയയുമെല്ലാം ഈ ധാരയുടെ കൈവഴികൾ തന്നെ. നിറം അടയാളമാക്കുമ്പോൾ, ഖ്വാദിരി പച്ചനിറം തെരഞ്ഞെടുക്കുന്നു. ചിഷ്തി മെറൂണും. ചിഷ്തിയുടെ വകഭേദമായ സാബ്രി ത്വരീഖത്തിന്റെ കൊടിയടയാളം കാവിയാണ്. സാബ്രി ത്വരീഖത്തിലുള്ള ഒരു പുണ്യാളന്റെ മഖാം പുത്തനത്താണിയിലുണ്ട്.

ബഗ്ദാദിലെ മുഹ്യുദ്ദീൻ ശൈഖ് മഖ്ബറ / Photo: Wikimedia Commons

നക്ഷബന്ദി സൂഫി പ്രസ്ഥാനത്തിന് മലപ്പുറത്ത് വേരുണ്ട്. പ്രത്യേകിച്ചും കൊണ്ടോട്ടിക്കും അരീക്കോടിനും മധ്യേ കിഴിശ്ശേരിയിൽ, ഏറെ കുടുംബങ്ങൾ ഈ സെക്റ്റിൽ തങ്ങളുടെ ജീവിതവും ദർശനവും കണ്ടെത്തുന്നു. കൊടുവള്ളിയിലെ കിഴക്കോത്ത് തറവാട് കേന്ദ്രമായി 1920- കൾ മുതൽ 50- കൾ വരെ സജീവമായിരുന്ന നക്ഷബദ്ധീ ഷെയ്ഖുമാരെ പിന്തുടർന്ന വിഭാഗങ്ങളാണിവർ. എല്ലാ സൂഫീ പ്രസ്ഥാനങ്ങളും തങ്ങളുടെ ജ്ഞാനഗുരുസ്ഥാനം അലിയിൽ അധിഷ്ഠിതമാക്കുമ്പോൾ, നക്ഷബന്ദി, പ്രവാചകന്റെ പ്രഥമശിഷ്യനായിരുന്ന അബൂബക്കറിൽ തങ്ങളുടെ ഗുരു പരമ്പരയുടെ തലസ്ഥാനം കണ്ടെത്തുന്നു. ‘ഞാൻ അറിവിന്റെ പട്ടണമാണെങ്കിൽ അലി അതിന്റെ വാതിലാണ്' എന്ന പ്രവാചക വചനം മുൻനിർത്തി, അലിയ്ക്ക് സൂഫീ ജ്ഞാനിമത്തിൽ പ്രമുഖ സ്ഥാനം നൽകുന്നു. ഇത് നക്ഷബന്ദിയും അംഗീകരിക്കുന്നുണ്ട്. എങ്കിലും അവരുടേത് കൂടുതൽ സങ്കീർണവും തത്വചിന്താനിർഭരവും ഉയർന്ന നിലവാരത്തിലുള്ള ആശയചർച്ചകൾ ഉള്ളടങ്ങിയതുമാണ്. ▮

Comments