ബേബിയേട്ടനെ അവസാനമായി കണ്ടു മടങ്ങി.
കനവുതേടി വയനാട്ടിലേയ്ക്ക് ഇനിയൊരു യാത്രയുണ്ടാകുമോ എന്നറിയില്ല.
'നാടുഗദ്ദിക' എന്ന നാടകം, മറ്റ് രചനകൾക്കൊപ്പം 'മാവേലിമൻ്റം' എന്ന നോവൽ, 'കനവ്' എന്ന സമാന്തര വിദ്യാഭ്യാസകേന്ദ്രം, 'ഗുഡ' എന്ന സിനിമ, ഏറ്റവുമവസാനം അവതരിപ്പിച്ചു കൊണ്ടിരുന്ന 'കുഞ്ഞിമായിൻ എന്തായിരിയ്ക്കും പറഞ്ഞത്' എന്ന ഒറ്റയാൾ നാടകം...
‘കംപ്ലീറ്റ് ആർട്ടിസ്റ്റ്’ എന്ന് തീർച്ചയായും വിശേഷിപ്പിയ്ക്കാവുന്ന തെരുവിലെ മഹാഗായകനായ കെ.ജെ.ബേബിയുമായി 43 വർഷത്തെ ബന്ധവും അടുപ്പവുമുണ്ടെനിയ്ക്ക്.
സർഗാത്മകതയിലും വൈകാരികതയിലും മുഴുകിയ ഒരാൾ ജീവിത പ്രണയത്തോടൊപ്പം ജീവിതനിരാസവും കൊണ്ടു നടന്നേയ്ക്കാം.
2024 സെപ്തംബർ ഒന്നിനാണ് ബേബിയേട്ടൻ വിട വാങ്ങിയത്.
നടവയലിൽ ചെന്നിട്ട് എനിയ്ക്കിനി ഒന്നും ചെയ്യാനില്ലല്ലോ, പോകാൻ മടിച്ചിരുന്നു ആദ്യം. സജീവതയോടെ, ചിരിച്ച്, പാട്ടു പാടി, തമാശ പറഞ്ഞ്, ഉത്സാഹിയായി ഓടിനടക്കുന്ന ബേബിയേട്ടൻ്റെ ചിത്രം മനസ്സിൽ നിലനിർത്തുകയല്ലേ വേണ്ടത്. ഞാൻ പോയേ തീരൂ എന്നെൻ്റെ ജീവിതപങ്കാളി ഗീതാ ജോസഫാണ് നിർബന്ധിച്ചത്. കൂടെപ്പോരാൻ ആഗ്രഹമുണ്ടെങ്കിലും യാത്ര ചെയ്യാൻ അവൾക്ക് വയ്യ. പനിയുണ്ട്.
അതെ, ഞാനെന്തായാലും പോകണം, ബേബിയേട്ടനെ കാണാൻ. മക്കളുണ്ടല്ലോ, കനവു മക്കളുമുണ്ടവിടെ.
ഒരു ചങ്ങല ഇരു ചങ്ങല
ആൽമരത്തറയിലെ
കരിന്തണ്ടൻ കൈകളായ
കഥ പറയും നാട്.
നാടടക്കി കൊള്ളയിടാൻ
കടൽ കടന്നുവന്നവരുടെ
കണ്ണിലേയ്ക്കമ്പെയ്ത
മലകളുടെ നാട്.
പഴശ്ശിരാജ പൊരുതിവീണ
തലയ്ക്കൽ ചന്തു പൊരുതിവീണ
എടച്ചേന കുങ്കൻ്റെ
വീരധീര കഥ നിറഞ്ഞ
കുറിച്ച്യപ്പട കുറുമപ്പട
ഉയിരു നല്കി മാനം കാത്ത
എൻ്റെ നാട് കബനി നാട്
വയനാട്...
വയനാട്... വയനാട്...
വയനാട്... വയനാട്...
ചുരത്തിൽ ബേബിയേട്ടൻ്റേയും കനവുമക്കളുടേയും പാട്ട് ഉയരുന്നുണ്ടോ?
കനവു മക്കളെക്കണ്ടു, ലീലയേയും സന്തോഷിനെയും മൊണ്ണിയേയും സുരേഷിനെയുമൊക്കെ. ബേബിയേട്ടൻ്റേയും ഷേർളിയമ്മയുടേയും മൂത്തമകൾ ശാന്തിയേയും. 'ശശിമാമാ...' എന്നു വിളിച്ച് അവളെൻ്റെ നെഞ്ചിൽ ചേർന്നപ്പോൾ ഞാനും പൊട്ടിപ്പോയി. പിന്നെയവൾ എന്തൊക്കെയോ പറഞ്ഞു. അതിൽ വാക്കുകൾ ഇല്ലായിരുന്നു.
ബേബിയേട്ടൻ ഫ്രീസറിൽ ഉറങ്ങുന്നുണ്ട്.
'ചുരത്തില് ഭയങ്കര ബ്ലോക്കാണല്ലേ... പിന്നെ പൊട്ടിപ്പൊളിഞ്ഞ റോഡും...
നീ വൈകിയല്ലേ...' എന്ന് ബേബിയേട്ടൻ ചോദിയ്ക്കുമെന്നൊരു തോന്നൽ.
പഴയൊരു കള്ളച്ചിരി, തുറക്കാത്ത ആ കണ്ണുകളിലുണ്ട്.
മികച്ച വിദ്യാഭ്യാസ ചിത്രത്തിനുള്ള ദേശീയ പുരസ്കാരം ഞങ്ങൾക്ക് തന്നുകൊണ്ട് ഇന്ത്യൻ പ്രസിഡൻ്റ് ഡോ. അബ്ദുൾ കലാം, തനിയ്ക്ക് കനവ് സന്ദർശിക്കാൻ താല്പര്യമുണ്ട് എന്ന് പറഞ്ഞത് ഓർമ്മയിൽ തെളിഞ്ഞുവന്നു.
കനവ് തിളങ്ങിയ കാലം, ലോകം കനവിനെ ഉറ്റു നോക്കിയിരുന്ന കാലം മനസ്സിൽ നിറഞ്ഞു. കനവിനെക്കുറിച്ചുള്ള ഗീതയുടെ പ്രബന്ധത്തിൻ്റെ ഒരുക്കത്തിൽ നിന്നാണ് കനവുമലയിലേയ്ക്ക് എന്ന സിനിമയുടെ ആലോചന ഞാൻ തുടങ്ങിയത്. സ്വപ്നത്തിൻ്റെ മലയിലേയ്ക്കുള്ള യാത്രയായിരുന്നു അത്. മികച്ച വിദ്യാഭ്യാസ ചിത്രത്തിനുള്ള ദേശീയ പുരസ്കാരം ഞങ്ങൾക്ക് തന്നുകൊണ്ട് ഇന്ത്യൻ പ്രസിഡൻ്റ് ഡോ. അബ്ദുൾ കലാം, തനിയ്ക്ക് കനവ് സന്ദർശിക്കാൻ താല്പര്യമുണ്ട് എന്ന് പറഞ്ഞത് ഓർമ്മയിൽ തെളിഞ്ഞുവന്നു.
സ്വപ്നയാത്രയിൽ ഒരാൾ, അടുത്തയാൾ, വേറൊരാൾ... ആരൊക്കെ വീണു പോയാലും കനവുകൾ മുന്നോട്ട് പോകും. മുന്നോട്ട് പോകണം. മുൻനിരയിൽ കെ.ജെ.ബേബിയും ഷേർളിയുമുണ്ടാകും.
തിരികെ ചുരമിറങ്ങുമ്പോൾ ചുറ്റും ഇരുട്ടാണ്.
അരുത്, മനസ്സിൽ ഇരുട്ടുവീഴാൻ സമ്മതിയ്ക്കരുത്.
കനവുകൾ വെളിച്ചത്തിലേയ്ക്കാണ് ഉണരേണ്ടത്.
തൃശ്ശിലേരി ശാന്തികവാടത്തിൽ ബേബിയേട്ടൻ എരിഞ്ഞടങ്ങുമ്പോൾ മകൾ ശാന്തി ബാവുൽ ഗാനം പാടി.
അന്ത്യാഭിവാദ്യം.
കെ.ജെ.ബേബി ഇനി ചാരമായി കബനിയിലലിഞ്ഞ് ഭൂമിയുടെ ഉപ്പാകും.
ബേബിയേട്ടാ... ലാൽ സലാം.