മരിക്കാത്ത സിനിമകളുടെ
മരണമില്ലാത്ത നിർമാതാവ്

കെ.ജി. ജോർജിന്റെയും പദ്മരാജന്റെയും മികച്ച സിനിമകളിലേറെയും നിർമിച്ചത് ഗാന്ധിമതി ബാലനാണ്. നിർമാതാവിന് വിലയില്ലാതായതോടെ, നിർമാതാവ് വെറും പണം മുടക്കുന്ന ചാക്ക് മാത്രമായി അധഃപതിച്ചതോടെ സിനിമാ നിർമാണം അവസാനിപ്പിക്കുന്നു എന്നു പറഞ്ഞാണ് അദ്ദേഹം നിർമാണരംഗത്തുനിന്ന് പിൻവാങ്ങിയത്.

Think

ധാരാളം വായിക്കുക, സിനിമക്കുവേണ്ടി മികച്ച കഥകൾ കണ്ടെത്തുക, മികച്ച എഴുത്തുകാരെ കണ്ടെത്തി തിരക്കഥ എഴുതാൻ ഏൽപ്പിക്കുക, അഭിനേതാക്കളെ തിരഞ്ഞെടുക്കുക, ആദ്യാവസാനം കൂടെ നിന്ന് സിനിമ ഉണ്ടാക്കിയെടുക്കുക - അങ്ങനെയൊരു നിർമാതാവുണ്ടായിരുന്നു മലയാള സിനിമയക്ക്. പേര് ഗാന്ധിമതി ബാലൻ.

ഗാന്ധിമതി ഫിലിംസ് എന്ന് ഒരുതവണയെങ്കിലും സ്‌ക്രീനിൽ വായിക്കാത്ത മലയാളികൾ ചുരുക്കമായിരിക്കും. പക്ഷേ ഒരു നിമിഷത്തേക്ക് സ്‌ക്രീനിൽ മിന്നിമറയുന്ന ആ അനുഭവത്തിന് വേണ്ടിയോ, സിനിമാനിർമാണം എന്ന ബിസിനസുകൊണ്ട് ലാഭമുണ്ടാക്കുന്നതിനോ അല്ല ഗാന്ധിമതി ബാലൻ സിനിമ എടുത്തിരുന്നത്. സിനിമ എന്ന കലയോടുള്ള ബാലന്റെ അടങ്ങാത്ത അഭിനിവേശമായിരുന്നു ആ സിനിമകൾക്കെല്ലാം പിന്നിൽ.

ഗാന്ധിമതി ബാലൻ മമ്മൂട്ടിക്കും മോഹൻലാലിനുമൊപ്പം

ഒരു പക്ഷേ ബാലൻ എന്ന നിർമാതാവ് ഉണ്ടായിരുന്നില്ലെങ്കിൽ മലയാളികൾ പിന്നീട് ക്ലാസിക് എന്ന് വാഴ്ത്തിയ പല സിനിമകളും പിറവിയെടുക്കില്ലായിരുന്നു. മഹാൻമാരെന്ന് മലയാള സിനിമാലോകം പുകഴ്ത്തിയവരിൽ പലർക്കും തുടങ്ങും മുമ്പേ സിനിമ എന്ന സ്വപ്നം ഉപേക്ഷിക്കേണ്ടിവരുമായിരുന്നു. കൊമേഴ്‌സ്യൽ സിനിമയുടെ ലോകത്തു​നിന്ന് തിരക്കഥ മടക്കി തിരികെ പോകാൻ നിന്നവരിലാണ് ബാലൻ തന്റെ സിനിമകൾ കണ്ടെടുത്തത്. പഞ്ചവടിപ്പാലവും, മൂന്നാംപക്കവും, സുഖമോ ദേവിയുമെല്ലാം അങ്ങനെ ഉണ്ടായിവന്ന സിനിമകളാണ്. പത്മരാജനും വേണു നാഗവള്ളിയുമെല്ലാം അങ്ങനെ വളർന്ന സംവിധായകരും. തന്റെ സിനിമ എങ്ങനെ നിർമിക്കണമെന്നും എങ്ങനെ മാർക്കറ്റ് ചെയ്യണമെന്നും അദ്ദേഹത്തിന് കൃത്യമായി അറിയാമായിരുന്നു. അക്കാലത്ത് പലരും ചെയ്യാൻ മടിക്കുന്ന തരത്തിൽ തുടക്കക്കാരനായ ഒരു സംവിധായകന്റെ (വേണു നാഗവള്ളി) സിനിമ - സുഖമോ ദേവി - പോലും ആത്മവിശ്വാസത്തോടെ ഏറ്റെടുക്കുയും വിജയത്തിലേക്ക് എത്തിക്കുകയും ചെയ്തതും ഗാന്ധിമതി ബാലൻ എന്ന നിർമാതാവിന്റെ ഇച്ഛാശക്തി കൊണ്ടാണ്.

പഞ്ചവടിപ്പാലം എന്ന ഒറ്റപ്പേര് മതി, ഗാന്ധിമതി ബാലൻ എന്ന നിർമാതാവിനെ ഓർക്കാൻ. കെ.ജി. ജോർജ് ആയിരുന്നു സംവിധായകൻ. ഷൂട്ടിംഗ് പൂർത്തിയാക്കി 1984 സെപ്റ്റംബർ 28ന് സിനിമ പുറത്തിറങ്ങി. അതുപോലെ മറ്റൊരു സെപ്റ്റംബർ 28നായിരുന്നു (2020 ൽ) പാലാരിവട്ടം പാലം പൊളിക്കാൻ തുടങ്ങിയതും. ക്ലാസിക്കുകൾക്ക് മാത്രമാണ് കാലം ഇത്തരം ആവർത്തനങ്ങൾ കരുതിവെക്കുക.

ഗാന്ധിമതി ബാലൻ

ജയറാമിന്റെ ആദ്യകാല സിനിമകളിലൊന്നായ, പത്മരാജന്റെ സംവിധാനത്തിൽ പിറന്ന മൂന്നാംപക്കം, നൊമ്പരത്തിപ്പൂവ്, ഇത്തിരി നേരം ഒത്തിരി കാര്യം, ഇരകൾ എന്നീ ചിത്രങ്ങളും ഗാന്ധിമതി ഫിലിംസ് ആണ് പുറത്തിറക്കിയത്. ആദാമിന്റെ വാരിയെല്ല്, പത്താമുദയം, ഈ തണുത്ത വെളുപ്പാൻ കാലത്ത്, മാളൂട്ടി, മണിവത്തൂരിലെ ആയിരം ശിവരാത്രികൾ എന്നീ സിനിമകളും ഗാന്ധിമതിയിൽനിന്നായിരുന്നു.

കലാമൂല്യമുള്ള സിനിമകൾ ധാരാളം നിർമിച്ച ബാലൻ പക്ഷേ തൊണ്ണൂറുകളുടെ മധ്യത്തോടെ സിനിമാ നിർമാണം അവസാനിപ്പിച്ചു. നിർമാതാവിന് വിലയില്ലാതായതോടെ, നിർമാതാവ് വെറും പണം മുടക്കുന്ന ചാക്ക് മാത്രമായി അധഃപതിച്ചതോടെ സിനിമാ നിർമാണം അവസാനിപ്പിച്ചെന്നായിരുന്നു ബാലൻ പറഞ്ഞിരുന്നത്.

പത്മരാജൻ

നല്ല സിനിമകൾ നിർമിക്കാനും അതിന്റെ ഭാഗമാകാനുംമാത്രം സിനിമയെ അത്രയും സ്‌നേഹിച്ചിരുന്ന ഒരു മനുഷ്യനെ അവിടെ കാണാമായിരുന്നു. സിനിമയിൽ നിർമാതാവിന് പഴയ പ്രധാന്യം കിട്ടുന്ന കാലത്തേ, സംവിധായകരെപ്പോലെ സർഗാത്മകമായി പ്രവർത്തിക്കാൻ നിർമാതാവിനും കഴിയുന്ന കാലത്തേ സിനിമയിലേക്ക് മടങ്ങിവരികയുള്ളൂ എന്നാണ് അദ്ദേഹം നിരന്തരം പറഞ്ഞുകൊണ്ടിരുന്നത്. അത്രയും സർഗാത്മകമായി സിനിമക്ക് പണം മുടക്കിയിരുന്ന നിർമാതാവ് മലയാള സിനിമയിൽ അപൂർവമായിരുന്നു.

പത്മരാജൻ എന്ന സാഹിത്യകാരനെ സിനിമയുടെ വലിയ ഉയരങ്ങളിലേക്ക് കൈപിടിച്ചുയർത്തുക മാത്രമല്ല, പത്മരാജന്റെ സന്തതസഹചാരി കൂടിയായിരുന്നു ബലൻ. കോഴിക്കോട് പാരാമൗണ്ട് ടവർ ഹോട്ടലിൽ പത്മരാജന്റെ അന്ത്യനിമിഷങ്ങളിൽ കൂടെയുണ്ടായിരുന്നത് ഗാന്ധിമതി ബാലനായിരുന്നു. ഞാൻ ഗന്ധർവൻ എന്ന സിനിമയുടെ വിജയത്തിനു ശേഷമുള്ള ഒരു പരിപാടിക്ക് കോഴിക്കോട് എത്തിയതായിരുന്നു ഗാന്ധിമതി ബാലനും പത്മരാജനും. കൂടെ ഗന്ധർവനായി വേഷമിട്ട നിതീഷ് ഭരദ്വാജും, ഗുഡ്‌നൈറ്റ് മോഹനും. ബാലനും പപ്പേട്ടനും ഒരു മുറിയിൽ. എന്നാൽ നേരം പുലരുമ്പോഴേക്കും തനിക്കൊപ്പം മുറിയിലുണ്ടായിരുന്നൊരാളെ താനറിയാതെ ഗന്ധർവൻമാർ കൂടെക്കൂട്ടിയത് ബാലന് മറക്കാൻ കഴിയാത്ത അനുഭവങ്ങളിൽ ഒന്നായിരുന്നു.

ഗാന്ധിമതി ബാലൻ

നിർമാണം മാത്രമായിരുന്നില്ല, വിതരണം, നിർമാണ ചുമതല എന്നീ കർത്തവ്യങ്ങളും ഏറ്റെടുത്ത് ഭംഗിയായി നിർവഹിച്ചിരുന്നു ബാലൻ. സ്ഫടികം, കിലുക്കം എന്നീ സിനിമകളുടെ നിർമാണ ചുമതല അദ്ദേഹത്തിനായിരുന്നു.

ബാലന്റെ അമ്മയക്ക് മഹാത്മാഗാന്ധി നൽകിയ പേരായിരുന്നു ഗാന്ധിമതി എന്നത്. അമ്മയുടെ പേര് സ്വന്തം പേരിന് മുന്നിൽ ചേർത്താണ് ബാലൻ തന്റെ ജീവിതം മുഴുവൻ ജീവിച്ചത്. സിനിമാ നിർമാണത്തിൽ നിന്ന് പിന്മാറിയിരുന്നെങ്കിലും പിന്നീടും അദ്ദേഹത്തിന്റെ സംരംഭങ്ങളിലെല്ലാം ഗാന്ധിമതി എന്ന അമ്മയുടെ അടയാളമുണ്ടായിരുന്നു.

സിനിമാ നിർമാണത്തിൽ നിന്ന് അകന്നശേഷം മറ്റു മേഖലകളിലും സജീവമായിരുന്നു, 66 കാരനായിരുന്ന ബാലൻ. സിനിമാ അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’ രൂപീകരിക്കുന്നതിന് നേതൃത്വം നൽകിയ ബാലൻ അമ്മ ഷോ എന്ന പേരിൽ നിരവധി താരനിശകൾ സംഘടിപ്പിച്ചിട്ടുണ്ട്.

ഗാന്ധിമതി ബാലൻ, പത്മരാജൻ, നിതീഷ് ഭരദ്വാജ്, ഗുഡ്നൈറ്റ് മോഹൻ എന്നിവർ

2015-ൽ കേരളത്തിൽ ദേശീയ ഗെയിംസിന്റെ ഗെയിംസ് ചീഫ് ഓർഗനൈസറായിരുന്നു. 63ാം വയസിൽ മകൾക്കൊപ്പം ആലിബൈ എന്ന പേരിൽ സൈബർ ഫോറൻസിക് സ്റ്റാർട്ട്അപ്പ് കമ്പനി സ്ഥാപിച്ചു. ആലിബൈയെ രാജ്യത്തെ ഒട്ടുമിക്ക കുറ്റാന്വേഷണ ഏജൻസികൾക്കും സൈബർ ഇന്റലിജൻസ് സേവനം നൽകുന്ന സ്ഥാപനമായി അദ്ദേഹം വളർത്തി. ഇവന്റ്സ് ഗാന്ധിമതി എന്ന ഇവന്റ് മാനേജ്മെന്റ് കമ്പനിയുടെ ഉടമ കൂടിയായ ഗാന്ധിമതി ബാലൻ മികച്ച സംഘാടകൻ കൂടിയായിരുന്നു. പത്തനംതിട്ട ഇലന്തൂർ കാപ്പിൽ തറവാട് അംഗമായ ഗാന്ധിമതി ബാലൻ 40 വർഷത്തിലേറെയായി തിരുവനന്തപുരത്തായിരുന്നു പ്രവർത്തിച്ചിരുന്നത്.

ഒരു പക്ഷേ മലയാള സിനിമയിൽ നിർമാതാക്കൾക്കുള്ള പ്രധാന്യത്തെ ഗാന്ധമതി ബാലന് മുമ്പും ശേഷവും എന്ന് അടയാളപ്പെടുത്തേണ്ടി വരും. സിനിമയുടെ തുടക്കം മുതൽ ഒടുക്കം വരെ കൂടെ നിന്നിരുന്ന ഗാന്ധിമതി ബാലൻ എന്ന നിർമാതാവിന്റെ വിടവാങ്ങൽ വലിയ വിടവാണ് മലയാള ചലച്ചിത്ര രംഗത്ത് ഉണ്ടാക്കിയിരിക്കുന്നത്‌.

Comments