ഒരാളുടെ മരണം അയാൾക്കു ചുറ്റുമുള്ള മനുഷ്യരിൽ വലിയ വൈകാരികത സൃഷ്ടിക്കും. സങ്കീർണ്ണമായ ഭാഷകളും ഓർമ്മകളും സ്വായത്തമാക്കിയ ജീവിയെന്ന നിലയിൽ മനുഷ്യരിൽ അത് സ്വാഭാവികമാണ്. ചിലപ്പോഴൊക്കെ ആ സന്ദർഭം അതിവൈകാരികമായിപ്പോകാറുമുണ്ട്. സാധാരണ മരണവീടുകളിൽപ്പോലും നമുക്കത് കാണാം. ഉറ്റവർ വലിയ ആഘാതത്തിലാകുന്നു, പരേതരുടെ എതിരാളികളായിരുന്നവർ പോലും കണ്ണീർ പൊഴിക്കുന്നു, വേണ്ടത്ര വൈകാരികപ്രകടനം നടത്താത്തവർ ആക്ഷേപിക്കപ്പെടുന്നു, വകതിരിവില്ലാതെ ആ സമയത്തും മരിച്ചയാളെ കുറ്റം പറയാൻ നോക്കുന്നവർ ചിലപ്പോൾ കൈകാര്യം ചെയ്യപ്പെടുന്നു..
അതിപ്രശസ്തരുടെ കാര്യത്തിൽ ഇപ്പറഞ്ഞതൊക്കെ ഉയർന്ന അളവിൽ സംഭവിക്കും.
മലയാളികൾക്കിടയിൽ വലിയ വൈകാരികത പ്രകടമായ രണ്ട് മരണങ്ങളാണ് അടുത്തകാലത്ത് നടന്നത്. രണ്ട് മുൻ മുഖ്യമന്ത്രിമാരുടേത്. ഉമ്മൻ ചാണ്ടിയുടേതും വി.എസ്. അച്യുതാനന്ദന്റേതും. മുകളിൽ പറഞ്ഞ വൈകാരിക മുഹൂർത്തങ്ങളൊക്കെ പ്രതീക്ഷിച്ചതിലും കൂടിയ അളവിൽ അവരുടെ കാര്യത്തിലും സംഭവിച്ചു. വർദ്ധിച്ച മാദ്ധ്യമ സ്വാധീനത്തിനും അതിൽ വലിയ പങ്കുണ്ട്.
രാഷ്ട്രീയത്തോടുള്ള താല്പര്യം കാരണം ഞാൻ ചെറുപ്പം മുതലേ വി.എസിനെ കൗതുകത്തോടെയും അത്ഭുതത്തോടെയും നോക്കിയിട്ടുണ്ട്. അദ്ദേഹം കുട്ടനാട്ടിൽ നയിച്ച കർഷകത്തൊഴിലാളി സമരം ഞാൻ ജനിക്കുന്നതിന് കുറച്ചു വർഷങ്ങൾ മുമ്പുതന്നെ എന്റെ നാട്ടിൽ വലിയ ആഘാതങ്ങളുണ്ടാക്കിയിട്ടുണ്ട്.
രാഷ്ട്രീയപ്രവർത്തകരെ വളരെ അത്ഭുതത്തോടെയും ബഹുമാനത്തോടെയുമാണ് ഞാൻ കാണുന്നത്. കാരണങ്ങൾ പലതുണ്ട്. സമൂഹത്തിൽ ഏറ്റവും കൂടുതൽ ഓഡിറ്റ് ചെയ്യപ്പെടുന്ന വിഭാഗം അവരാണ്. അവരുടെ ജീവിതത്തിലെ ഓരോ നിമിഷവും വേറെ മനുഷ്യരാൽ (ഒപ്പം നിൽക്കുന്നവരാൽ പ്രത്യേകിച്ചും) നിരീക്ഷിക്കപ്പെടുന്നു. കലാകാരർക്കും മറ്റും സമൂഹത്തോട് കാര്യമായ ഉത്തരവാദിത്തം കാണിക്കാതെ സ്വന്തം സ്ഥാനത്ത് തുടരാൻ പറ്റും. ഇവരെക്കൊണ്ട് അത് സാധ്യമല്ല. ഈ ഓഡിറ്റ് നൽകുന്ന മാനസികക്കരുത്ത് കാരണമാകണം, ഇവർ പ്രായേണ കുലുക്കമില്ലാത്തവരായി ജീവിക്കുന്നത്. അതിവൈകാരികത ഉന്നതരായ രാഷ്ട്രീയപ്രവർത്തകർ അധികം കാണിക്കാറില്ല. മറ്റുള്ളവർ വല്ലപ്പോഴും മാത്രം നേരിടുന്ന കുഴപ്പം പിടിച്ച ജീവിതസന്ദർഭങ്ങളെ അവർ നിരന്തരം നിസ്സാരമായി കൈകാര്യം ചെയ്യുന്നു. പൊതുവേ ഇവർ ദീർഘായുസ്സുള്ളവരുമാണ്.

രാഷ്ട്രീയത്തോടുള്ള താല്പര്യം കാരണം ഞാൻ ചെറുപ്പം മുതലേ വി.എസിനെ കൗതുകത്തോടെയും അത്ഭുതത്തോടെയും നോക്കിയിട്ടുണ്ട്. അദ്ദേഹം കുട്ടനാട്ടിൽ നയിച്ച കർഷകത്തൊഴിലാളി സമരം ഞാൻ ജനിക്കുന്നതിന് കുറച്ചു വർഷങ്ങൾ മുമ്പുതന്നെ എന്റെ നാട്ടിൽ വലിയ ആഘാതങ്ങളുണ്ടാക്കിയിട്ടുണ്ട്. ഞങ്ങൾക്ക് കൃഷിയുണ്ടായിരുന്ന നീണ്ടൂർ താഴത്തെക്കുഴി പാടത്തിന്റെ തൊട്ടുപടിഞ്ഞാറേ പുത്തൻകരി പാടശേഖരത്തിൽ ഒരു സന്ധ്യയ്ക്ക് മൂന്ന് കർഷകത്തൊഴിലാളികളെ ഭുവുടമകൾ കുത്തിക്കൊന്നു. നീണ്ടൂർ രക്തസാക്ഷികൾ- ആലി, വാവ, ഗോപി. തുടർന്നുണ്ടായ സംഘർഷഭരിതമായ ദിനങ്ങളിൽ ഈ നാട്ടിൽ അദ്ദേഹത്തിന്റെ സാന്നിദ്ധ്യമുണ്ടായിരുന്നു. അതേക്കുറിച്ച് പല വീക്ഷണകോണിൽ നിന്നുള്ള കഥകൾ കേൾക്കാതെ ഈ നാട്ടിൽ ബാല്യം പൂർത്തിയാക്കാൻ പറ്റുമായിരുന്നില്ല. അതേ രക്തസാക്ഷി വാർഷികത്തിനാണ് തീരെച്ചെറുതിലേ ഞാനദ്ദേഹത്തെ കാണുന്നത്. പ്രാവട്ടം കവലയിൽ ഉയർത്തിക്കെട്ടിയ സ്റ്റേജിൽ നിന്ന് ഇതുവരെ കാണാത്തതരം ശരീരഭാഷയും പ്രസംഗഭാഷയുമുള്ള ഒരാൾ സംസാരിക്കുന്നു. താഴെ തിങ്ങിക്കൂടിയ ജനക്കൂട്ടം ചിലപ്പോൾ ചിരിക്കുന്നു, മറ്റുചിലപ്പോൾ സൂക്ഷ്മമായി ശ്രദ്ധിക്കുന്നു. ആദ്യ കാഴ്ചയിൽ ഇഷ്ടം തോന്നില്ലെങ്കിലും കാലങ്ങളോളം നമ്മുടെ ഓർമ്മയിൽ തങ്ങിനിൽക്കുന്ന തരം പ്രസംഗരീതിയാണത്.
ഒരുപക്ഷേ കമ്യൂണിസ്റ്റ് കോട്ടയായ മാരാരിക്കുളത്ത് ദുർബ്ബലനായ ഒരു സ്ഥാനാർത്ഥിയോട് സംഭവിച്ച തോൽവിയും മറ്റൊരു ശക്തികേന്ദ്രമായ മലമ്പുഴയിൽ അടുത്ത ഇലക്ഷനിൽ നേടിയ നേരിയ വിജയവുമായിരിക്കാം സാമൂഹ്യ ഇടപെടലുകൾ സംബന്ധിച്ച പുനർചിന്തയ്ക്ക് വി.എസിനെ പ്രേരിപ്പിച്ചത്.
അന്നും തുടർന്ന് കുറേക്കാലത്തേക്കും വി.എസ് അറിയപ്പെട്ടത് കടുപ്പക്കാരനായ ഒരു പാർട്ടിക്കാരനെന്ന നിലയിലാണ്. സംഘടനയ്ക്കു പുറത്ത് അദ്ദേഹത്തെ ഇഷ്ടപ്പെടുന്നവർ കുറവായിരുന്നു. ഇ.എം.എസിനോ നായനാർക്കോ ഉള്ള പൊതുസ്വീകാര്യത വി.എസിനില്ലായിരുന്നു. ‘ഒരു മുരടൻ’ എന്നുപോലും സംഘടനാ സംവിധാനത്തിന് പുറത്തുനിൽക്കുന്നവർ കരുതിയ ആ മനുഷ്യൻ പിൽക്കാലം അവരേക്കാൾ വലിയ ജനകീയനാകുമെന്ന കാര്യം അന്ന് അചിന്ത്യമായിരുന്നു. അതിന്റെ നാൾവഴികൾ ഇത് വായിക്കുന്നവർക്കറിയാം.
ഒരുപക്ഷേ കമ്യൂണിസ്റ്റ് കോട്ടയായ മാരാരിക്കുളത്ത് ദുർബ്ബലനായ ഒരു സ്ഥാനാർത്ഥിയോട് സംഭവിച്ച തോൽവിയും മറ്റൊരു ശക്തികേന്ദ്രമായ മലമ്പുഴയിൽ അടുത്ത ഇലക്ഷനിൽ നേടിയ നേരിയ വിജയവുമായിരിക്കാം സാമൂഹ്യ ഇടപെടലുകൾ സംബന്ധിച്ച പുനർചിന്തയ്ക്ക് അദ്ദേഹത്തെ പ്രേരിപ്പിച്ചത്. പക്ഷേ തോൽവിയും തിരിച്ചുവരവും വി.എസിന് ആദ്യ അനുഭവമൊന്നുമല്ലായിരുന്നു. ആദ്യ മത്സരത്തിൽത്തന്നെ 1965- ൽ പുന്നപ്രയുൾപ്പെട്ട സ്വന്തം മണ്ഡലത്തിൽ നിന്ന് അദ്ദേഹം തോറ്റിരുന്നു. 1967- ലും 70- ലും ജയിച്ചു. 77- ൽ വീണ്ടും തോറ്റു. പാർട്ടിക്കുള്ളിൽ വിമതത്വവും നായകത്വവും അദ്ദേഹത്തിന് പണ്ടേ ഉണ്ടായിരുന്നു. പ്രതിപക്ഷ നേതാവായപ്പോൾ അത് പുറത്തേക്കു കൂടി വ്യാപിച്ചെന്നതായിരിക്കാം ശരി.

തിരുവിതാംകൂറിലെ അടിസ്ഥാന ജനവിഭാഗങ്ങളിലും പിൽക്കാലത്ത് കേരളമൊട്ടാകെയും വി.എസിനുണ്ടായിരുന്ന വലിയ സ്വാധീനത്തെക്കുറിച്ച് ഞാനിവിടെ പറയേണ്ട കാര്യമില്ല. അദ്ദേഹത്തിന്റെ പ്രവർത്തനരീതികളെക്കുറിച്ച് മതിപ്പ് തോന്നിയിട്ടുണ്ടെങ്കിലും ആശയഗതികളോട് എനിക്ക് വലിയ താൽപര്യം തോന്നിയിട്ടില്ല. എന്നാൽ ആ ജീവിതത്തോട് അത്ഭുതം തോന്നിയിട്ടുണ്ട്. ഒരു പ്രിവിലേജുമില്ലാത്ത പിന്നാക്കസമുദായത്തിലെ ഒരു ദരിദ്രകുടുംബത്തിൽ ജനിച്ച് ഇത്രയും ഉയരത്തിലെത്തിയ ആൾ - ഭരണതലത്തിലും ജനകീയതയിലും ഒരുപോലെ - കേരളത്തിൽ വേറെ ഇല്ലെന്നുതന്നെ പറയാം. മാത്രമല്ല, സമരത്തിലല്ലാതെ ഭരണത്തിൽ ഒരു പ്രായോഗിക പരിചയവുമില്ലാതെ അദ്ദേഹം മുഖ്യമന്ത്രി പദത്തിലെത്തുന്നത് എൺപത് വയസ്സു കഴിഞ്ഞാണ്. കുശാഗ്രബുദ്ധികളായ ഉന്നത ഉദ്യോഗസ്ഥവൃന്ദത്തെ ആ പ്രായത്തിൽ അദ്ദേഹം എങ്ങനെ കൈകാര്യം ചെയ്തെന്നത് വേറൊരത്ഭുതമാണ്. അവരൊരുക്കുന്ന കുരുക്കുകളിൽനിന്ന് രക്ഷപ്പെടണമെങ്കിൽ വിദ്യാഭ്യാസമല്ല, അപാരമായ പ്രായോഗിക ജ്ഞാനമാണ് വേണ്ടത്. പാർട്ടിക്കുള്ളിൽ ചെറുപ്പത്തിലേ ശീലമായ വിമതത്വവും നായകത്വവും അതിനദ്ദേഹത്തെ സഹായിച്ചിരിക്കാം.
സമരത്തിലല്ലാതെ ഭരണത്തിൽ ഒരു പ്രായോഗിക പരിചയവുമില്ലാതെ അദ്ദേഹം മുഖ്യമന്ത്രി പദത്തിലെത്തുന്നത് എൺപത് വയസ്സു കഴിഞ്ഞാണ്. കുശാഗ്രബുദ്ധികളായ ഉന്നത ഉദ്യോഗസ്ഥവൃന്ദത്തെ ആ പ്രായത്തിൽ അദ്ദേഹം എങ്ങനെ കൈകാര്യം ചെയ്തെന്നത് വേറൊരത്ഭുതമാണ്.
എന്താണ് ഇങ്ങനെയൊരാളെ രൂപപ്പെടുത്തിയതെന്ന് ആലോചിച്ചുനോക്കാവുന്നതാണ്. കാലവും സ്ഥലവും എന്നുതന്നെയാണ് ശരിക്കുമുള്ള ഉത്തരം. അദ്ദേഹം ജനിച്ച് തൊട്ടടുത്ത വർഷമാണ് കായലിനക്കരെ വൈക്കത്ത് വഴിനടക്കാനുള്ള സമരം നടന്നത്. 16 വയസ്സുള്ളപ്പോൾ അദ്ദേഹം ജനിച്ച ഹിന്ദുരാജ്യമായ തിരുവിതാംകൂർ ഉത്തരവാദസമരഭരണത്തിന്റെ തീച്ചൂളയിലായി. കേരളമുണ്ടായിക്കഴിഞ്ഞും ഒത്തിരിക്കാലത്തേക്ക് മലയാളികളുടെ രാഷ്ടീയതലസ്ഥാനമെന്ന് പറയാവുന്നത് കൊല്ലം- ആലപ്പുഴ ജില്ലകളായിരുന്നു. കേവലം 25 വയസ്സുള്ളപ്പോൾ അദ്ദേഹത്തിന്റെ സ്വന്തം ഗ്രാമത്തിൽ ജനങ്ങൾ പട്ടാളവുമായി ഏറ്റുമുട്ടി. കെ. വി. പത്രോസ്, പി. കൃഷ്ണപിള്ള, കെ. സി. ജോർജ്ജ്, ടി.വി. തോമസ്, ശ്രീകണ്ഠൻ നായർ, കെ.സി. എസ്. മണി തുടങ്ങി അനേകരുടെ ഏറ്റവും ശക്തമായ പ്രവർത്തനമേഖല അദ്ദേഹത്തിന്റെ ചുറ്റുവട്ടം തന്നെയായിരുന്നു.
വി.എസിന്റെ യൗവനത്തിൽ തന്നെ രാജഭരണത്തെ ജനങ്ങൾ പൊരുതിത്തോൽപ്പിച്ചു. പുതിയ ദേശീയത രൂപപ്പെട്ടു. സമുദായങ്ങളുടെ പരിഷ്കരണം ഏറ്റവും വേഗത്തിലായി. അദ്ദേഹത്തിന്റെ പാർട്ടി നിരോധിക്കപ്പെടുകയും അടിച്ചമർത്തപ്പെടുകയും എന്നാൽ ഉയിർത്തെഴുനേൽക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ പ്രവർത്തനമേഖലയായ കുട്ടനാടിനെ ഭൂപരിഷ്കരണം അടിമുടി മാറ്റി. ആ കാലത്തിൽ നിന്നും സ്ഥലത്തുനിന്നും ഉയർന്നുവന്ന ഒരാളെ രണ്ടായിരത്തിന്റെ തുടക്കത്തിൽ നായകത്വത്തിലേക്കുയർത്താൻ മലയാളികൾ ഒരുങ്ങിയതിൽ അത്ഭുതമില്ല. കാരണം ആ ഭൂതകാലമാണ് നമ്മുടെ രാഷ്ട്രീയ പൊതുബോധത്തെ രൂപപ്പെടുത്തിയത്.

വി.എസിന്റെ നിലപാടുകളിൽ എനിക്ക് പ്രധാനമായും ഇഷ്ടം തോന്നിയത് രണ്ടു കാര്യങ്ങളോടാണ്.
ഒന്ന്: തിരുവിതാംകൂർ രാജകുടുംബത്തോടുള്ളത്. അല്പവും മതിപ്പ് വി. എസ് അവരോട് കാട്ടിയില്ല. അദ്ദേഹത്തിന്റെ നിശിതമായ ഓർമ്മകളായിരിക്കാം അതിന് കാരണം.
രണ്ട്: ഭൂരിപക്ഷ- ന്യൂനപക്ഷ വർഗ്ഗീയതകളോട് വിട്ടുവീഴ്ച ചെയ്യാതിരുന്നത്. രണ്ടിനേയും അദ്ദേഹം തൊലിയുരിഞ്ഞുപോകുന്ന തരത്തിൽ വിമർശിച്ചിട്ടുണ്ട്.
ദീർഘവും സംഭവബഹുലവുമായ ആ ജീവിതത്തിന് അഭിവാദ്യങ്ങൾ.
