അധികാരം ഒരു ​പ്ലേസ്​മെൻറ്​ ആയി മാറുന്ന കാലത്ത്​ മല്ലു സ്വരാജ്യത്തെ ഓർക്കുമ്പോൾ

അധികാരം ഒരു പ്ലേസ്​മെൻറ്​ ആയി കരുതുന്ന വലതു രാഷ്ട്രീയ ബോധം കരുത്താർജിക്കുന്ന ഒരു കാലത്താണ് നാം പോരാളിയായി മല്ലുവിന്റെ രാഷ്ടീയ ജീവിതം ഓർമിച്ചെടുക്കേണ്ടത്. അടിമുടി ഇടതുപക്ഷം ആയിരുന്നു മല്ലു. ജീവിതത്തിലും പോരാട്ടത്തിലും അധികാരത്തിലും മരണത്തിലും അവർ യഥാർത്ഥ കമ്യൂണിസ്റ്റ് മൂല്യജീവിതം ഉയർത്തിപ്പിടിച്ചു. ഡി.വൈ.എഫ്.ഐ. അഖിലേന്ത്യാ പ്രസിഡന്റും സി.പി.എം. രാജ്യസഭാ സ്ഥാനാർത്ഥിയുമായ എ.എ. റഹീമിന്റെ ഓർമക്കുറിപ്പ്.

ഖാവ് മല്ലു സ്വരാജ്യം വിടവാങ്ങിയത് പ്രചോദനാത്മകായ കമ്യൂണിസ്റ്റ് ജീവിതം ജീവിച്ചുതീർത്ത ശേഷമാണ്. അടിമുടി കമ്യൂണിസ്റ്റ്, സ്ത്രീ ശാക്തീകരണത്തിന്റെ നിർഭയ മാതൃക, സാമ്രാജ്യത്വ വിരുദ്ധ പോരാളി, കർഷക സമരങ്ങളുടെ കനൽ കെടാത്ത ധീര വിപ്ലവകാരി... അങ്ങനെ പല വിശേഷണങ്ങൾ സൂക്ഷിച്ച സഖാവാണ് മല്ലു.

മറ്റുള്ളവർക്കായി സ്വയം കത്തി എരിഞ്ഞു വെളിച്ചം നൽകുന്ന ത്യാഗ സന്നദ്ധതയുടെ സമരജീവിതമാണ് ഓരോ കമ്യൂണിസ്റ്റും തിരഞ്ഞെടുക്കുന്നത്. അവനവനിസം അവസാനിക്കുന്ന ഒരു പോരാട്ടമാണ് ഓരോ സഖാവിൻറെയും രാഷ്ട്രീയ ജീവിതം. സ്വകാര്യ ജീവിതം / പൊതു ജീവിതം എന്നീ വിഭജനങ്ങൾ പോലും ഒരു സഖാവിന്റെ ജീവിതത്തിൽ ഇല്ല. സമരത്തീച്ചൂളയിൽ സ്വയം കത്തുമ്പോഴും ജനതയുടെ വരാനിരിക്കുന്ന വിമോചന കാലം ലഹരി പിടിപ്പിക്കുന്ന നിർഭയത്വവും പോരാട്ട വീര്യവും വാഗ്ദാനം ചെയ്യുന്ന കമ്യൂണിസ്റ്റ് ജീവിതത്തിന്റെ ഉത്തമ സാക്ഷ്യമായിരുന്നു സഖാവ് മല്ലു എന്ന മല്ലു സ്വരാജ്യം.

ആയുദ്ധമെടുത്ത പെൺ പോരാളി

തെലുങ്കാന കർഷക സമരത്തിൽ സായുധ കമാൻഡറായി മല്ലു സ്വരാജ്യം (ഇടത്). / Photo : Sitaram Yechury, Twitter

കഴിഞ്ഞ നൂറ്റാണ്ടിന്റെ സാമ്രാജ്യത്വ - ഫ്യൂഡൽ കാലത്ത് തെലുങ്കാന കർഷക സമരത്തിന്റെ സായുധ കമാൻഡറായി പ്രവർത്തിച്ച സ്ത്രീ എന്നതുതന്നെ ഐതിഹാസിക ചരിത്രമാക്കി മല്ലു സ്വരാജ്യത്തിന്റെ ജീവിതത്തെ മാറ്റുന്നു. സ്വയം തിരസ്​കരിക്കലാണ്, അവരവരെ, സ്വന്തം താല്പര്യങ്ങളെയും നേട്ടങ്ങളെയും ഒക്കെ സമൂഹത്തിന്റെയോ രാജ്യത്തിന്റെയോ വിമോചന സ്വപ്നങ്ങൾക്കുമുന്നിൽ ചെറുതായി കാണലാണ് പ്രബുദ്ധമായ ഏതൊരു രാഷ്ട്രീയ ജീവിതത്തിൻെറയും സത്ത. മല്ലു സ്വരാജ്യത്തിന്റെ ജീവിതത്തിലും ഈ ആത്മതിരസ്‌ക്കാരം കാണാം. അവർ അവർക്കുവേണ്ടി വളരെ കുറച്ചേ ജീവിച്ചുള്ളൂ. ഒരല്പവും സ്വന്തം ഇച്ഛകൾക്കായി ജീവിക്കാത്ത ഒരു വിപ്ലവ പോരാളിയാണ് ചരിത്രത്തിലേക്ക് നടന്നു പോയത്. മല്ലു സ്വരാജ്യത്തിന്റെ സ്വപ്നം നാടിന്റെ സ്വാതന്ത്യവും വിമോചനവുമായിരുന്നു. രാഷ്ട്രീയ സ്വാതന്ത്ര്യം എന്ന നിലയിൽ മാത്രമല്ല അവർ സ്വാതന്ത്ര്യത്തെ കണ്ടത്. ഫ്യൂഡൽ അധികാര ബന്ധങ്ങളും അതുൽപ്പാദിപ്പിക്കുന്ന മനുഷ്യത്വ വിരുദ്ധമായ ചൂഷണങ്ങളും അവസാനിക്കുന്നതുകൂടിയാണ് യഥാർത്ഥ സ്വാതന്ത്ര്യമെന്ന്​ അവർ മനസ്സിലാക്കി. നിസ്വ മനുഷ്യരുടെ വിമോചന സ്വപ്നങ്ങൾക്ക്, അത് ഒരേസമയം വർഗപരവും ജാതിപരവുമായ ചൂഷങ്ങളിൽ നിന്നുള്ള സ്വാതന്ത്ര്യ പ്രഖ്യാപനമായിരുന്നു - അവയുടെ സാക്ഷാത്ക്കാരം മല്ലു സ്വരാജ്യത്തിന്റെ രാഷ്ട്രീയ ജീവിതത്തിന്റെ പ്രധാന അഭിലാഷമായിരുന്നു. അവർ അത് ജീവിച്ചിരിക്കെ സാക്ഷാത്ക്കരിക്കുകയും ചെയ്തു.

ജന്മി കുടുംബത്തിൽ നിന്ന് കമ്യൂണിസ്റ്റ് പാർട്ടി അമരത്തേക്ക്

ജന്മി കുടുംബത്തിൽ ജനിച്ച മല്ലുവിന് സ്വരാജ്യം എന്ന പേരിട്ടത് സ്വാതന്ത്ര്യ സമര പോരാട്ടത്തിന്റെ ഭാഗമായി ഗാന്ധി ഉയർത്തിയ സ്വരാജ്യം എന്ന പ്രഖ്യാപനത്തിൽ നിന്ന്​ ആവേശമുൾക്കൊണ്ടാണ്. തെരുവിൽ തൊഴിലാളികൾക്ക് അരി വിതരണം ചെയ്താണ് മല്ലു രാഷ്ട്രീയ പ്രവർത്തനം ആരംഭിക്കുന്നത്.

നൈസാമിന്റെ റസാക്കർ സേനയും ഭൂപ്രഭുക്കളുടെ മർദിത സംഘശക്തിയും ആന്ധ്രയിലെ കർഷകരെ കൊടിയ ചൂഷണത്തിലേക്ക് എടുത്തെറിഞ്ഞപ്പോൾ സായുധ പോരാട്ടങ്ങളിലേക്ക് കർഷക സമരങ്ങൾ പടർന്നു. മല്ലുവിന്റെ സഹോദരനും ആന്ധ്രയിലെ കമ്യൂണിസ്​റ്റ്​ പാർട്ടി നേതാവുമായ ഭീം റെഡ്ഢിയുടെ നേതൃത്വത്തിൽ ശക്തിയാർജ്ജിച്ച സായുധ സേനയിലേക്ക് മല്ലു കടന്നുവന്നതോടെ ചരിത്രത്തിൽ മറ്റൊരു അധ്യായം തുറക്കുകയായിരുന്നു. സ്ത്രീകൾക്ക് പൊതുജീവിതം തന്നെ അസാധാരണമായിരുന്ന കാലത്താണ് മല്ലു ആയുധങ്ങളുമായി അധികാര ശക്തികളോട്​ പോരാടാനിറങ്ങിയത്. നൈസാം 10,000 രൂപയായിരുന്നു മല്ലുവിന്റെ തലയ്ക്ക് പ്രഖ്യാപിച്ച ഇനാം.

Photo : Nitheesh Narayanan, Twitter

1946 മുതൽ 1951 വരെ സായുധ കലാപ നേതൃത്വം സൂക്ഷ്മതയോടെ കൈകാര്യം ചെയ്യാൻ മല്ലുവിന് കഴിഞ്ഞു. സ്ത്രീകളെയും യുവതയെയും കുട്ടികളെയും നേതൃത്വശേഷി കൊണ്ട് സമരസേനയിലെക്ക് ആകർഷിച്ചത് മല്ലുവിന്റെ നേതൃത്വ പാടവത്തിന്റെ ജനകീയത വ്യക്തമാക്കുന്നു.

ആയുധം എടുക്കാൻ മുൻനിരയിൽ നിന്ന മല്ലു തന്റെ വിപ്ലവ ഗാനങ്ങളിൽ കൂടിയും സമര പോരാട്ടങ്ങൾക്ക് കരുത്തുപകർന്നു.
സായുധസമരങ്ങൾക്കുശേഷം നൽഗൊണ്ടയിലെ കർഷകരുടെ ക്ഷേമം ഉറപ്പാക്കാനുള്ള നിരവധി പ്രവർത്തനങ്ങളിൽ മല്ലു വ്യാപൃതയായി. കമ്യൂണിസ്​റ്റ്​പാർട്ടിയുടെ അനിഷേധ്യ നേതാവായി. സി. പി. ഐ. എം സ്ഥാനാർഥിയായി മൽസരിച്ച് ലോകസഭാ അംഗമായി.

1978, 1983 വർഷങ്ങളിൽ ആന്ധ്ര നിയമസഭയിലേക്ക് മല്ലു വലിയ ഭൂരിപക്ഷത്തിൽ തെരഞ്ഞെടുക്കപ്പെട്ടു. അധികാരം മല്ലുവിനെ സംബന്ധിച്ച് കൂടുതൽ ജനക്ഷേമ പ്രവർത്തനങ്ങൾക്ക് നിയമ സാധുത നൽകാനുള്ള അവസരമായിരുന്നു. തന്നെ ഏല്പിച്ച ഉത്തരവാദിത്വം അവർ ഏറ്റവും ഭംഗിയായി നിർവഹിക്കുകയും ചെയ്തു. ശാരീരിക അവശതകൾ ബുദ്ധിമുട്ടിക്കും വരെ മല്ലു പൊതു പ്രവർത്തനം നിതാന്തം തുടർന്നു. 75 വർഷത്തെ രാഷ്ട്രീയ പ്രവർത്തന പാരമ്പര്യമുള്ള ഒരു ഉജ്ജ്വല കമ്യൂണിസ്റ്റ് പോരാളിയെയാണ് മല്ലുവിൻെറ മരണത്തോടെ രാജ്യത്തിന് നഷ്ടമായത്. സി. പി. ഐ (എം) കേന്ദ്ര കമ്മിറ്റി അംഗം എന്ന നിലയിൽ മികച്ച പ്രവർത്തനം മല്ലു കാഴ്ചവച്ചു.

Photo : Rahul M, Twitter

മല്ലുവിന്​ രാഷ്ടീയം നിസ്വ മനുഷ്യരുടെ ജീവിതത്തെ മെച്ചപ്പെടുത്താനുള്ള ഏറ്റവും മികച്ച സാധ്യതയായിരുന്നു. അധികാരമോ, പ്രതിഫലമോ പ്രചോദിപ്പിച്ച രാഷ്ട്രീയ ജീവിതമല്ല ഒരു കമ്യൂണിസ്റ്റ് പോരാളിയുടെത് എന്ന് മല്ലു ഓർമിപ്പിക്കുന്നു. അധികാരം ഒരു placement ആയി കരുതുന്ന വലതു രാഷ്ട്രീയ ബോധം കരുത്താർജിക്കുന്ന ഒരു കാലത്താണ് നാം പോരാളിയായി മല്ലുവിന്റെ രാഷ്ടീയ ജീവിതം ഓർമിച്ചെടുക്കേണ്ടത്. അടിമുടി ഇടതുപക്ഷം ആയിരുന്നു മല്ലു. ജീവിതത്തിലും പോരാട്ടത്തിലും അധികാരത്തിലും മരണത്തിലും അവർ യഥാർത്ഥ കമ്യൂണിസ്റ്റ് മൂല്യജീവിതം ഉയർത്തിപ്പിടിച്ചു. സഖാവ് മല്ലു സ്വരാജ്യത്തിന്റെ അഭിലാഷ പ്രകാരം മൃതശരീരം സർക്കാർ മെഡിക്കൽ കോളേജ് വിദ്യാർത്ഥികൾക്ക് പഠനത്തിന് വിട്ടു നൽകി.

ജീവിതത്തിൽ മാത്രമല്ല, മരണത്തിലും അപര ജീവിതങ്ങൾക്കായി സ്വയം വിട്ടു കൊടുത്ത് സഖാവ് മല്ലു സൂര്യഗീതം തുടരുകയാണ്. ഈ നാടിന്റെ ചരിത്രത്തിനും ഭാവിക്കും വേണ്ടി സ്വയം കത്തി എരിഞ്ഞു വെളിച്ചം പകരുന്ന സൂര്യജന്മത്തിന്, ഞങ്ങൾ അസംഖ്യം സഖാക്കളുടെ ഉറവ വറ്റാത്ത പ്രചോദനത്തിന് വിപ്ലവാഭിവാദ്യങ്ങൾ...

Comments