ലാൽസലാം അലൈക്കും മാമുക്കാ

സിനിമാക്കാരുടെ ദൃശ്യത വെള്ളിത്തിരയിലായിരിക്കണം എന്നതാണ് ഇന്ത്യൻസിനിമയിലെ  അലിഖിത നിയമം. സാധാരണ ജീവിതത്തിൽ താരദർശനം സാധ്യമല്ലാതിരിക്കൽ താരാരാധനയുടെ മനഃശാസ്ത്രവുമായിക്കൂടി ബന്ധപ്പെട്ടതാണ്. കാണിയും താരവും തമ്മിലുള്ള ഈ നക്ഷത്രദൂരം പരിഗണിക്കാതിരുന്ന നടൻമാരിലൊരാളായിരുന്നു മാമുക്കോയ.

 കോഴിക്കോടൻ നഗരത്തെരുവുകളുടെ ചെത്തവും ചൂരും ഒഴിവാക്കാനാവുമായിരുന്നില്ല അദ്ദേഹത്തിന്. ടൗൺഹാളിലോ ആർട്ട് ഗാലറി പരിസരത്തോ മാനാഞ്ചിറയിലോ അളകാപുരിയിലോ നളന്ദയിലോ ഏതു സമയത്തും പ്രത്യക്ഷപ്പെട്ടേക്കാവുന്ന, സാധാരണ മനുഷ്യരിൽ നിന്ന് വേറിട്ടൊരു ജീവിതം സാധ്യമല്ലാതിരുന്ന, തികഞ്ഞൊരു നാട്ടുമനുഷ്യനായിരുന്നു അദ്ദേഹം.

വേദിയും കാണിയും തമ്മിലുള്ള അതിരുകൾ മാഞ്ഞ് ജനകീയമായിത്തീർന്ന കോഴിക്കോടൻ നാടകപാരമ്പര്യത്തിന്റെ ഊർജ്ജമായിരിക്കണം മാമുക്കോയയുടെ ജീവിതപ്പറ്റ്. മനുഷ്യൻ എന്ന വാക്ക് ദീപശിഖയായി ഉയർത്തിപ്പിടിച്ച നവോത്ഥാനകാലം മുതൽ കോഴിക്കോട്ട് സജീവമായ നാടകവേദിയുണ്ട്. മലബാർ കേന്ദ്രകലാ സമിതിയുടെ നേതൃത്വത്തിൽ നാടകങ്ങൾ ജീവിതോത്സവമായി മാറിയ ഇടമാണ് കോഴിക്കോട്. അക്കാലത്തും കോഴിക്കോടൻ നാടകങ്ങൾ ശ്രദ്ധേയമായത് രാഷ്ട്രീയമായ അതിന്റെ ഉള്ളടക്കം കൊണ്ടു കൂടിയാണ്. മനുഷ്യൻ എന്ന വാക്കിലേക്കുയരാനുള്ള ശ്രമങ്ങളായിരുന്നു ഓരോ നാടകവും. ശില്പപരമായ പരീക്ഷണാത്മകതയേക്കാൾ ജീവിതഗന്ധമായിരുന്നു അക്കാലത്തെ നാടകത്തിന്റെ മറക്കാനാവാത്ത മാറ്റ്.

 കോഴിക്കോട്ടെ ഓരോ തെരുവിലും നാടകം പൂത്ത ആ കാലത്തിന്റെ തുടർച്ചയിലാണ് മാമുക്കോയ തന്റെ കലാജീവിതം കരുപ്പിടിപ്പിക്കുന്നത്. ജീവിതാവസാനം വരെ അദ്ദേഹം ഉയർത്തിപ്പിടിച്ച മനുഷ്യപക്ഷരാഷ്ട്രീയത്തിന്റെ വേരുകൾക്ക് ദൈർഘ്യമേറെയുണ്ടെന്നർത്ഥം.

മാമുക്കോയയുടെ നടനജീവിതം പോലെത്തന്നെ മലയാളി ഓർക്കേണ്ട മറ്റൊന്നുകൂടിയുണ്ട്. അദ്ദേഹത്തിന്റെ ജീവിതമെഴുത്തുകളാണത്. താൻ പിന്നിട്ട ജീവിതവഴികളുടെ ഓർമയെഴുത്തുകൾ എന്നതിനേക്കാളേറെ, ഒരു സമൂഹമെന്ന നിലയിൽ മലയാളികളുടെ ജീവിതത്തിന്റെ അവസ്ഥാന്തരങ്ങളിലൂടെയുള്ള സൂക്ഷ്മമായ പിന്തുടരലാണ് ആ ആഖ്യാനങ്ങൾ. മതം, കല,  സാഹിത്യം, ഭക്ഷണം, ഭാഷ, രാഷ്ട്രീയം, കുടുംബം, തൊഴിൽ എന്നിങ്ങനെ ജീവിതത്തിന്റെ സമസ്ത മേഖലകളേയും സ്പർശിക്കുന്ന തനതും മൂർച്ചയേറിയതുമായ നിരീക്ഷണങ്ങൾ കൊണ്ട് സമ്പന്നമാണവ.

സിനിമാ ഷെഡ്യുളിന്റെ തിരക്കൊഴിഞ്ഞ് കോഴിക്കോടെത്തുന്ന  ദിവസങ്ങളിൽ ചിലപ്പോഴൊക്കെ മാമുക്ക വിളിക്കും.  മാഷേ, ങ്ങളേടാ ള്ളത് എന്നാവും ആദ്യവാചകം. സ്ഥലം പറഞ്ഞു കഴിഞ്ഞാൽ പിന്നത്തെ ചോദ്യം ഇന്ന് നിങ്ങൾക്കെന്താ പരിപാടീന്നാവും. കാര്യങ്ങൾ ഒത്തുവരുന്ന ദിവസങ്ങളിൽ എവിടെയെങ്കിലും ഒന്നിച്ചിരിക്കും സിനിമയും നാടകവും രാഷ്ട്രീയവും യാത്രയും ഭക്ഷണവുമൊക്കെ ചർച്ചാ വിഷയമാവും. മതം കൂടുതൽ തീവ്രമാവുന്നതും ജാതി വീണ്ടും പിടിമുറുക്കുന്നതും സങ്കടത്തോടെ പറയും. കോഴിക്കോടൻ തഗ്ഗുകൾക്ക് പിന്നിലെ അണിയറക്കഥകൾ പറഞ്ഞ് പൊട്ടിച്ചിരിക്കും. സിനിമകളിൽ നിന്ന് കേട്ട തമാശകൾക്ക് കണക്കില്ല. നേരിട്ട് കേട്ട ഗൗരവപ്പെട്ട കാര്യങ്ങൾക്കും.

വ്യക്തിപരമായ അനുഭവങ്ങൾ ഒട്ടേറെ പറയാനുണ്ടെങ്കിലും ഈയവസരം അതിനുപയോഗിക്കുന്നില്ല. സൗഹൃദം കൊണ്ട് പൂത്തുലഞ്ഞ സായാഹ്നങ്ങളുടെ ഓർമകൾ വേദനയോടെ ഉള്ളിൽ തന്നെ സൂക്ഷിക്കുന്നതാണ് നല്ലത്.
വരും കാലത്തും നമ്മുടെ സംസ്കാരചരിത്രസഞ്ചയത്തിൽ സവിശേഷമായ ഒരു സ്ഥാനം ഈ നാട്ടുമനുഷ്യൻ്റെ ഓർമകൾക്കുണ്ടായിരിക്കും.

ലാൽസലാം അലൈക്കും മാമുക്കാ...


ഡോ. എ.കെ. അബ്​ദുൽ ഹക്കീം

എഴുത്തുകാരൻ, വിദ്യാഭ്യാസ പ്രവർത്തകൻ. സമഗ്ര ശിക്ഷ കോഴിക്കോട് ജില്ല പ്രൊജക്റ്റ് കോ ഓർഡിനേറ്റർ. മാറുന്ന വിദ്യാഭ്യാസം, ശിലയിൽ തീർത്ത സ്മാരകങ്ങൾ (എഡിറ്റർ), എഴുത്ത് അഭിമുഖം നില്ക്കുന്നു എന്നിവ പ്രധാന പുസ്തകങ്ങൾ.

Comments