മാമുക്കോയ എന്ന സമുദായ പരിഷ്‌കര്‍ത്താവ്

മാമുക്കോയ എന്ന നടന്റെ വിയോഗം മലയാള സിനിമയില്‍ സൃഷ്ടിക്കുന്ന ശൂന്യതയേക്കാള്‍വലുത് തികഞ്ഞ രാഷ്ട്രീയ വ്യക്തതയും സാമൂഹിക ബോധവുമുള്ള കലാ പ്രതിഭകളുടെ കുറ്റി അറ്റുപോകുന്നു എന്നതാണ്. മുസ്ലിം സമുദായത്തിലെ ക്രിറ്റിക്കല്‍ ഇന്‍സൈഡേഴ്‌സ് ആയ തലമുറയിലെ അവസാന കണ്ണികളില്‍ ഒരാള്‍ കൂടിയാണ് മാമുക്കോയയുടെ വിയോഗത്തോടെ ഇല്ലാതായിരിക്കുന്നത്.

മാമുക്കോയ പലപ്പോഴായി നല്‍കിയ അഭിമുഖങ്ങളും സംഭാഷണങ്ങളുമൊക്കെ എടുത്തുദ്ധരിച്ച് അദ്ദേഹത്തിന്റെ നിലപാടുകളുടെ മൂര്‍ച്ഛയെ കുറിച്ച് പലരും അല്‍ഭുതം കൂറുന്നത് കണ്ടു.

ശരിയാണ്. ശരീഅത്ത് വിവാദം മുതല്‍ പൗരത്വ പ്രക്ഷോഭം വരെയുള്ള പല വിഷയങ്ങളില്‍, വിശിഷ്യാ താന്‍ അംഗമായ സമുദായത്തെ ബാധിക്കുന്ന വിഷയങ്ങളില്‍ അദ്ദേഹം കണിശമായ നിലപാട് ഉയര്‍ത്തിപ്പിടിച്ചിട്ടുണ്ട്. തനിക്ക് ശരി എന്ന് തോന്നിയ കാര്യങ്ങളില്‍ കൃത്യമായ അഭിപ്രായം പറഞ്ഞിട്ടുണ്ട്.

പൊതുവില്‍ സിനിമാ നടന്മാരും സെലിബ്രിറ്റികളും തങ്ങളുടെ പ്രതിച്ഛായക്ക് കോട്ടം വരാതെ, തങ്ങളുടെ ആരാധകരെ തൃപ്തിപ്പെടുത്തുന്ന അഭിപ്രായങ്ങളേ പറയൂ. ചിലര്‍ വ്യക്തിപരമായ ലാഭങ്ങള്‍ നോക്കി മാത്രം അഭിപ്രായം പറയും, നിലപാട് പറഞ്ഞാല്‍ ആരാധകരുടെ അതൃപ്തി ഉണ്ടാകുമെന്നാണെങ്കില്‍ മൗനം ഭജിക്കും. മാമുക്കോയ അഭിപ്രായം പറയുമ്പോള്‍, അത് തന്റെ താരപരിവേഷത്തെ ബാധിക്കുമോ എന്നല്ല; തന്റെ മനസാക്ഷിയോട് നീതി പുലര്‍ത്തുന്നുണ്ടോ എന്നേ നോക്കിയുള്ളൂ.

ഈ നിലപാട് തറ വെറുതെ ഉണ്ടായി വന്നതല്ല. അദ്ദേഹത്തിന്റെ ജീവിത സമരങ്ങളുടെ ചൂടില്‍ നിന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായങ്ങളും രൂപപ്പെട്ടത്. തൊഴിലാളി എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ ആദ്യകാല ജീവിതം, ചുറ്റുപാടുകള്‍, സൗഹൃദ വലയം, കോഴിക്കോടിന്റെ വിപുലമായ സാംസ്‌കാരിക മണ്ഡലം, നാടക പ്രസ്ഥാനം എന്നിങ്ങനെ ഒട്ടേറെ ഘടകങ്ങള്‍ അദ്ദേഹത്തെ അഗാധമായി സ്വാധീനിച്ചിട്ടുണ്ട്.

ഇന്നത്തെ നവമുറ നടീ നടന്മാരെ പോലെ യൂറ്റ്യൂബ്, ഇന്‍സ്റ്റ പ്ലാറ്റ്ഫോമുകള്‍ വഴിയോ, കലോല്‍സവങ്ങള്‍ വഴിയോ, കോമഡി സ്റ്റേജ് ഷോകള്‍ വഴിയോ ഒന്നും സിനിമയില്‍ വന്ന ഒരാളല്ല അദ്ദേഹം. നാടകത്തിലൂടെ തുടങ്ങിയ അഭിനയ ജീവിതം, സിനിമയിലേക്ക് നീളുകയായിരുന്നു. അക്കാലത്ത് നാടകം ഒരു കലാരൂപം എന്നതിലുപരി ആശയ സമരത്തിന്റെ ഒരു ജനകീയ മാധ്യമം ആയിരുന്നു. നാടകം എഴുതുന്നവരും, അഭിനയിക്കുന്നവരും, സംവിധാനം ചെയ്യുന്നവരുമെല്ലാം ഒരു രാഷ്ട്രീയ ദൗത്യമായാണ് അതിനെ കണ്ടിരുന്നത്. മാമുക്കോയയും ഒരു രാഷ്ട്രീയ പ്രവര്‍ത്തനമായി നാടകത്തെ കണ്ടിരുന്ന ആളായിരുന്നു.

മലബാറിലെ നാടക പ്രസ്ഥാനങ്ങള്‍ക്ക് ശക്തമായ ഒരു ഇടത് ആശയാടിത്തറ ഉണ്ടായിരുന്നു. ജന്മിത്വത്തിനെതിരെയുള്ള പ്രക്ഷോഭങ്ങളുടെ കലാവിഷ്‌കാരങ്ങള്‍ എന്ന നിലയിലാണ് മലബാറിലെ ആദ്യകാല നാടകങ്ങള്‍ ശ്രദ്ധിക്കപ്പെടുന്നത്. സ്വതന്ത്ര മനുഷ്യന്‍ എന്ന ആശയം ആ നാടകങ്ങളുടെ ആശയാടിത്തറ ആയിരുന്നു. സ്വാഭാവികമായും അന്ധ വിശ്വാസങ്ങളിലും അനാചാരങ്ങളിലും പൂണ്ട് കിടക്കുന്ന സമൂഹ്യ വ്യവസ്ഥകള്‍ക്കും മത, ജാതി ബോധങ്ങല്‍ക്കും എതിരെ യുക്തിപരമായ ചോദ്യങ്ങള്‍ എയ്യുന്ന നാടകങ്ങളും അതിന്റെ ഭാഗമായി ഉണ്ടായി. നമ്പൂതിരി സമൂഹത്തിലെ ദുരാചാരങ്ങളെ ശക്തമായി വിമര്‍ശിക്കുന്ന വി ടി ഭട്ടതിരിപ്പാടിന്റെ 'അടുക്കളയില്‍ നിന്ന് അരങ്ങത്തേക്ക്' (1929) എന്ന സാമൂഹിക നാടകം മലബാറില്‍ വലിയ പ്രകമ്പനമാണ് ഉണ്ടാക്കിയത്. എം.ആര്‍.ബി.യുടെ മറക്കുടയ്ക്കുള്ളിലെ മഹാനരകം (1931), പ്രേംജിയുടെ ഋതുമതി (1938) എന്നീ നാടകങ്ങളും ഏറെ പ്രകോപനമുണ്ടാക്കുകയും സാമൂഹിക പരിവര്‍ത്തനങ്ങള്‍ക്ക് നിമിത്തമാകുകയും ചെയ്തു. നമ്പൂതിരി സമുദായത്തിലെ പുരോഗമനേച്ഛുക്കളുടെ സമാജമായിരുന്നു ഈ പ്രകോപനങ്ങള്‍ക്ക് പിന്നിലെ പ്രചോദനവും കരുത്തും.

സാമൂഹിക ജീര്‍ണ്ണതകള്‍ക്കെതിരെ നാടകം എന്ന ജനകീയ മാധ്യമത്തെ ഉപയോഗിക്കുന്ന മാതൃക ഇതര സമൂഹങ്ങളിലേക്കും പടര്‍ന്നു. എന്നാല്‍ മുസ്ലിം സമുദായത്തില്‍ അക്കാലത്ത് നാടകം/ അഭിനയം തന്നെ നിഷിദ്ധമായാണ് കരുതപ്പെട്ടിരുന്നത്. അതുകൊണ്ട് ആ രംഗത്തേക്ക് കടന്ന് വരിക എളുപ്പമായിരുന്നില്ല. എന്നാല്‍ പൗരോഹിത്യ വിമര്‍ശനങ്ങളെ നേരിട്ട് നാടക രംഗത്തേക്ക് ചില വിപ്ലവകാരികള്‍ കടന്നു വന്നു. ഇ കെ അയമുവും കെ ടി മുഹമ്മദും തന്നെ ആയിരുന്നു അവരില്‍ മുന്‍പന്തിയില്‍. ഇ കെ അയമുവിന്റെ ജ്ജ് നല്ല മനുസനാകാന്‍ നോക്ക് ( അയമു), കെ ടി മുഹമ്മദിന്റെ ഇത് ഭൂമിയാണ്, കാഫര്‍ (കെ ടി) തുടങ്ങിയ നിരവധി നാടകങ്ങള്‍ മുസ്ലിം സാമൂഹിക വിമര്‍ശനത്തിന്റെ ഗംഭീരമായ സമരമുഖമാണ് തുറന്നത്. അത് മലബാറില്‍ ചെറുതല്ലാത്ത രാഷ്ട്രീയ പരിണാമങ്ങള്‍ക്കാണ് തുടക്കം കുറിച്ചത്. ആ കളരിയില്‍ പോരാടി മുന്നോട്ട് വന്ന ഉജ്വല പ്രതിഭയാണ് മാമുക്കോയ. അതുകൊണ്ട് അദ്ദേഹത്തിന് അഭിനയവും സാമൂഹിക വിമര്‍ശനവും രണ്ടല്ല. താനടക്കം സമരം ചെയ്ത് വെട്ടിത്തെളിച്ച നവോത്ഥാനത്തിന്റെ വഴികളില്‍ ഇരുട്ട് കയറുമ്പോള്‍ അദ്ദേഹത്തിന്ന് മൗനിയാകാനാകില്ല.

മുസ്ലിം സമൂഹത്തില്‍ നിലനിന്ന, ഇപ്പോഴും തുടരുന്ന യാഥാസ്ഥിതികമായ അവസ്ഥകളെ കുറിച്ചും ഇസ്ലാമിക നിയമങ്ങള്‍ കാലോചിതമായി പുനര്‍വ്യാഖ്യാനിക്കപ്പെടേണ്ടതിന്റെ ആവശ്യകതയെ കുറിച്ചുമൊക്കെ അദ്ദേഹം ആര്‍ജ്ജവത്തോടെ പറയുന്നത് ആ ബോധ്യത്തില്‍ നിന്നാണ്.

മാമുക്കോയ മുസ്ലിം സാമൂഹിക വിഷയങ്ങളില്‍ എല്ലാം അഭിപ്രായം പറഞ്ഞു എന്ന് മാത്രമല്ല, പുരോഗമന വാദികളായ മുസ്ലിം എഴുത്തുകാരും കലാകാരന്മാരും പണ്ഡിതന്മാരും ചേര്‍ന്ന് ഉണ്ടാക്കിയ വേദിയുടെ ഭാഗമായി സജീവമായി നിലകൊള്ളുകയും ചെയ്തിരുന്നു. കോഴിക്കോട് കേന്ദ്രമായി പ്രോഗ്രസീവ് മുസ്ലിംകളുടെ ഒരു ഫോറം സജീവമായി പ്രവര്‍ത്തിച്ച ഒരുകാലമുണ്ടായിരുന്നു. എന്‍ പി മുഹമ്മദ് ആയിരുന്നു അതിന്റെ ബുദ്ധികേന്ദ്രം.

1960- കളില്‍ 'കേരള ഇസ്ലാമിക് സെമിനാര്‍' എന്ന പേരില്‍ പ്രവര്‍ത്തിച്ച മുസ്ലിം ബുദ്ധിജീവികളുടെ ഒരു സംവാദ വേദി പ്രകോപനപരമായ ആശയങ്ങളാണ് മുന്നോട്ട് വെച്ചത്. ശരീഅത്ത് എന്ന പേരില്‍ നിലവിലുള്ള നിയമങ്ങള്‍ കാലോചിതമായി പരിഷ്‌കരിക്കണം എന്ന ചര്‍ച്ചകള്‍ക്ക് കേരളത്തില്‍ തുടക്കമിട്ടത് 'കേരള ഇസ്ലാമിക് സെമിനാര്‍' ആയിരുന്നു. മുസ്ലിം വ്യക്തി നിയമത്തെ കുറിച്ച് ആഴത്തില്‍ വിശകലനം ചെയ്യുന്ന ഒരു പ്രബന്ധം എന്‍ പി മുഹമ്മദ് അവതരിപ്പിച്ചത്, പില്‍ക്കാലത്ത് ശരീഅത്തിനെ കുറിച്ചുള്ള പുനരാലോചനകളിലേക്ക് വഴി വെട്ടുന്നതായിരുന്നു. ഈ നീക്കങ്ങളുടെ തുടര്‍ച്ചയായി 1970 സെപ്റ്റംബര്‍ 25-ന് കോഴിക്കോട് ടൗണ്‍ഹാളില്‍ 'ഇസ്ലാം ആന്റ് മോഡേണ്‍ ഏജ് സൊസൈറ്റി' എന്ന ഒരു സംഘടന തന്നെ നിലവില്‍ വന്നു. എന്‍.പി മുഹമ്മദ്, ഡോ. ഇ.വി ഉസ്മാന്‍ കോയ, എന്‍. കോയട്ടി, പ്രഫ. ടി അബ്ദുല്‍ അസീസ് (മങ്കട) എന്നിവരടങ്ങിയതായിരുന്നു സംഘടനയുടെ നേതൃത്വം. ഇവര്‍ക്കൊപ്പം പണ്ഡിതനായ സി എന്‍ അഹമ്മദ് മൗലവിയും വൈക്കം മുഹമ്മദ് ബഷീറും എം എന്‍ കാരശേരിയും മാമുക്കോയയുമെല്ലാം ഉണ്ടായിരുന്നു.

മാമുക്കോയയുമായി മനോരമ ചാനലില്‍ ജോണി ലൂക്കോസ് നടത്തിയ അഭിമുഖം ഇപ്പോള്‍സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. അതിലദ്ദേഹം ശക്തമായ ശരീഅത്ത് വിമര്‍ശനം നടത്തിയിട്ടുണ്ട്. അദ്ദേഹത്തെ സംബന്ധിച്ച് അത് പുതിയ കാര്യമല്ല. യുക്തിക്ക് ഉള്‍ക്കൊള്ളാവുന്ന വിധം, മാറിയ കാലത്തിന്റെ ആവശ്യങ്ങള്‍ കണക്കിലെടുത്ത് മത നിയമങ്ങള്‍ മാറേണ്ടതുണ്ട്, അഥവാ മത നിയമങ്ങള്‍ക്ക് കാലോചിത വ്യാഖ്യാനം ആവശ്യമാണെന്ന് അദ്ദേഹം കഴിഞ്ഞ അര നൂറ്റാണ്ടിലേറെ നിരന്തരം പറഞ്ഞു കൊണ്ടിരിക്കുന്നതാണ്.

കേരളത്തിലെ ഒരു നടനും ഇത്ര രൂക്ഷമായ ഭാഷയില്‍ മത വിമര്‍ശനം നടത്താന്‍ ധൈര്യം വരുമെന്ന് തോന്നുന്നില്ല. ആ ധൈര്യം അദ്ദേഹത്തിന്റെ ബോധ്യങ്ങളില്‍ നിന്ന് ഉണ്ടാകുന്നതാണ്. തന്റെ പ്രവര്‍ത്തന പാരമ്പര്യത്തിന്റെ ഭാഗമാണ്. ആ വിമര്‍ശനത്തിന്റെ പേരില്‍ മാമുക്കോയയെ എതിര്‍ക്കാം. എന്നാല്‍ തന്റെ സമുദായത്തിന്റെ ആചാരങ്ങളെ വിമര്‍ശിക്കാനുള്ള അദ്ദേഹത്തിന്റെ ജനാധിപത്യപരമായ അവകാശത്തെ ആര്‍ക്കും നിഷേധിക്കാനാകില്ല.

മാമുക്കോയ എന്ന നടന്റെ വിയോഗം മലയാള സിനിമയില്‍ സൃഷ്ടിക്കുന്ന ശൂന്യതയേക്കാള്‍വലുത് തികഞ്ഞ രാഷ്ട്രീയ വ്യക്തതയും സാമൂഹിക ബോധവുമുള്ള കലാ പ്രതിഭകളുടെ കുറ്റി അറ്റുപോകുന്നു എന്നതാണ്. മുസ്ലിം സമുദായത്തിലെ ക്രിറ്റിക്കല്‍ ഇന്‍സൈഡേഴ്‌സ് ആയ തലമുറയിലെ അവസാന കണ്ണികളില്‍ ഒരാള്‍ കൂടിയാണ് മാമുക്കോയയുടെ വിയോഗത്തോടെ ഇല്ലാതായിരിക്കുന്നത്.

എഴുതിയും പ്രസംഗിച്ചും അഭിനയിച്ചും ഈ സമുദായത്തിന്റെ ചിന്തകളെ തന്നെ മാറ്റി മറിച്ച, വിമര്‍ശനങ്ങളെ ധീരമായി നേരിട്ട അവര്‍ക്ക് പിന്തുടര്‍ച്ച ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാമോ?.

മാമുക്കോയ ഒരു കാലഘട്ടത്തിന്റെ ചരിത്രം കൂടിയാണ്. അദ്ദേഹം കൂടി വെട്ടിത്തെളിച്ചതാണ് ആധുനിക കേരളത്തിലെ മുസ്ലിംകളുടെ ജീവിത വഴി എന്ന് നാം മറന്നു പോകരുത്.

Comments