മാമുക്കോയ ആദ്യമായി നായകനായ, പുറത്തിറങ്ങാനിരിക്കുന്ന അവസാന സിനിമ

ആഗാധമായ വായനയും രാഷ്ട്രീയ ബോധ്യവുമുള്ള നടനുമാത്രമേ ചിന്തിപ്പിക്കുന്ന തമാശകൾ പറയാൻ പറ്റൂ. കൗണ്ടർ പറയുക എന്നതാണ് അദ്ദേഹത്തിന്റെ അഭിനയ ശൈലി. കൗണ്ടർ രാഷ്ട്രീയം സൂക്ഷ്മമായി പരിശോധിക്കുമ്പോൾ കാണാൻ കഴിയും, ഓരോ കൗണ്ടറും ഓരോ ചോദ്യമാണ്. ‘ചോദ്യം ചോദിക്കുക’ എന്നത് അപകടകരമായ അനന്തരഫലങ്ങൾ ഉണ്ടാക്കുന്ന കാലത്ത് ‘ചോദ്യം ചോദിക്കുക’ എന്ന രാഷ്ട്രീയ ദൗത്യത്തെ കൂടി തന്റെ തമാശകളിലൂടെ ഉയർത്തിപ്പിടിക്കുന്നു മാമുക്ക.

ലബാർ ഭാഷയിൽ തമാശകൾ പറഞ്ഞ് ചിരിച്ചും ചിന്തിപ്പിച്ചും സിനിമയുടെ എല്ലാ കോണിലും നിറഞ്ഞുനിന്ന തികഞ്ഞ മലബാറുകാരനായ ആ മനുഷ്യൻ നമ്മെ വിട്ടു പോയി. സ്വന്തമായ ശൈലി നിലനിർത്തി കാലഘട്ടത്തെ അതിജീവിച്ച രൂപകമാണ് മാമുക്കോയ എന്ന നടൻ. ഭാഷ കൊണ്ടും ശരീരം കൊണ്ടും അഭിനയിച്ച് അനശ്വരമാക്കിയ ഒട്ടനവധി കഥാപാത്രങ്ങൾ ഉണ്ടെങ്കിലും പൂർത്തിയാക്കാത്ത നായക കഥാപാത്രം തന്റെ സിനിമാജീവിതത്തിൽ ബാക്കി വച്ചുകൊണ്ടാണ് അദ്ദേഹം കടന്നുപോയത്. ധീരജ് ബാലയുടെ സംവിധാനത്തിൽ ചിത്രീകരിക്കുന്ന “മലബാർ” എന്ന സിനിമയിലെ നായകനാണ് മാമുക്കോയ. അത് പൂർത്തീകരിക്കുന്നതിനു മുൻപേ തിര ജീവിതത്തിൽ നായകനാവാൻ കഴിയാതെ മാമുക്ക നമ്മളെ വിട്ടു പോയി.

മലബാറിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങിയ ഫുട്ബോൾ കഥയിലെ കോച്ചാണ് അദ്ദേഹം. മലബാറിന്റെ മാസ്സ് നായകനായി സ്ക്രീനിൽ തിളങ്ങേണ്ട സിനിമയായിരുന്നു. മാമുക്കയെ ഫുട്ബോൾ കോച്ചിന്റെ ലുക്കിൽ കണ്ട കൗതുകമായിരുന്നു എനിക്കാദ്യം. അടുത്തറിഞ്ഞപ്പോൾ ആണ് ഫുട്ബോളിനെ ഹൃദയത്തോട് ചേർത്തുവച്ച കലാകാരനാണെന്ന് മനസ്സിലായത്. അദ്ദേഹത്തിന്റെ ജീവിതത്തിലെ അവസാന നിമിഷവും ഫുട്ബോൾ ഗ്രൗണ്ടിലായിരുന്നു എന്നത് യാദ്യച്ഛികമല്ല, ആ മനസിന്റെ മോഹമാണ്.

എട്ടുകൊല്ലം മുമ്പ് ധീരജ് ബാല ഈ കഥയുമായി ബഹുദൂരം നടന്നു. അന്ന് മാമുക്കോയയെ നായകനാക്കി സിനിമ ചെയ്യുക എളുപ്പമായിരുന്നില്ല. പിന്നീടയാൾ പല നടന്മാരെയും വെച്ച് ഈ കഥ മാറ്റിയെഴുതി മുന്നോട്ടു നടന്നു. കാലവും മാറുന്ന രാഷ്ട്രീയവുമ ഇന്ദ്രൻസിലെ പ്രതിഭയ്ക്ക് കേന്ദ്രസ്ഥാനത്ത് ദൃശ്യത നല്‍കിത്തുടങ്ങിയപ്പോള്‍ആ തുടർച്ചയില്‍, മാമുക്കോയയെ നായകനാക്കിയ സിനിമക്കും നിർമ്മാതാവിനെ കിട്ടി. സിനിമ തുടങ്ങി. ജേഴ്സിയും തൊപ്പിയും ഓവർകോട്ടുമണിഞ്ഞ് വിസിലുമെടുത്ത് അയാൾ ഗ്രൗണ്ടിൽ ഇറങ്ങി. സിനിമയോടും ഫുട്ബോളിനോടുമുള്ള മൊത്തം പ്രണയത്തോടെ പന്ത് തട്ടി. “മലബാർ” എന്ന ക്ലബ്ബിന്റെ കോച്ച്, കരുണൻ എന്ന കഥാപാത്രമായി മാറുകയായിരുന്നു മാമുക്ക. തന്റെ നാട് കൂടിയായ മലബാറിലെ ഫുട്ബോൾ കഥകൾ, വ്യഥകൾ അദ്ദേഹത്തിന്റെ ശരീരഭാഷയിലൂടെ പകർന്നൊഴുകി.

മലബാറിന്റെ ഫുട്ബോൾ പ്രണയചരിത്രം ദൃശ്യഭാഷയിലേക്ക് വിവർത്തനം ചെയ്യുകയായിരുന്നു. സിനിമയുടെ കുറച്ച് ഭാഗങ്ങൾ മാത്രമേ ചിത്രീകരിക്കാൻ ബാക്കിയുണ്ടായിരുന്നുള്ളൂ. സിനിമയുടെ തുടർപ്രവർത്തനത്തെക്കുറിച്ച് മാമുക്ക നിരന്തരം അന്വേഷിക്കുമായിരുന്നു. അഭിനയ ജീവിതത്തിൽ ഏറെ താല്പര്യത്തോടെ പുറത്തിറങ്ങണമെന്ന് ആഗ്രഹിച്ച സിനിമ കൂടിയായിരുന്നു അദേഹത്തിനത്. നൂറുക്കണക്കിന് സിനിമകൾ ചെയ്തിട്ടും ആദ്യമായാണ് നായകനായി മാമുക്കോയ വേഷമിടുന്നത്. ഈ സിനിമയിൽ അസിസ്റ്റൻറ് ഡയറക്ടറായി പ്രവർത്തിച്ചപ്പോൾ എനിക്ക് ലഭിച്ചത് സിനിമ അനുഭവമല്ല, മാമുക്കയെ പോലുള്ള ഒരു നടനെ അടുത്തറിയാനുള്ള അവസരമാണ്.

"മലബാറിൽ ഏതു മഹർഷി ജനിച്ചാലും ഈ ഭാഷയിലെ പറയൂ" എന്ന് പറയുന്ന കഥാപാത്രം, മലബാറിന്റെ ഭാഷയിൽ വടക്കൻ വീരകഥയിലെ ചന്തുവിന്റെ ഡയലോഗ് പറയുന്ന മാമുക്കോയ, "മാണ്ട" എന്നു പറയുന്ന നമ്പൂതിരി തുടങ്ങി മലബാർ ഭാഷയുടെ നാട്ടുവഴി വഴക്കങ്ങളെ കൈയ്യൊഴിയാതെ കഥാപാത്രത്തിലേക്ക് സന്നിവേശിപ്പിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. ഒരുപക്ഷേ പ്രാദേശിക ഭാഷാഭേദങ്ങൾക്ക് ഇടമില്ലാതാക്കിയിരുന്ന ആദ്യകാല സിനിമകൾക്കുള്ള മറുപടിയായിരുന്നു ഈ ഡയലോഗുകൾ. മറ്റൊരു സിനിമയിൽ ഇന്നസെന്റിന്റെ കഥാപാത്രം “താൻ എന്ത് തെമ്മാടിത്തരം ആടോ കാണിച്ചത് ഇവിടെ അഹിന്ദുക്കൾക്ക് പ്രവേശനമില്ല" എന്നു പറയുമ്പോൾ " ഞമ്മളതിന് അഹിന്ദുവാ മുസ്ലിമല്ലേ എന്നു തിരിച്ച് ചോദിക്കുന്നുണ്ട്". പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കാൻ ശ്രമിക്കുന്ന ഇന്ത്യൻ ഫാഷിസ രാഷ്ട്രീയത്തിനുള്ള മറുപടി ഇതിൽ കേൾക്കാം.

സിനിമയിലൂടെ കലാകാരൻ എന്ന തന്റെ ദൗത്യം കാലത്തിനു മുമ്പേ അദ്ദേഹം നിർവഹിച്ചതായി തോന്നും. ആഗാധമായ വായനയും രാഷ്ട്രീയ ബോധ്യവുമുള്ള നടനുമാത്രമേ ചിന്തിപ്പിക്കുന്ന തമാശകൾ പറയാൻ പറ്റൂ. കൗണ്ടർ പറയുക എന്നതാണ് അദ്ദേഹത്തിന്റെ അഭിനയ ശൈലി. കൗണ്ടർ രാഷ്ട്രീയം സൂക്ഷ്മമായി പരിശോധിക്കുമ്പോൾ കാണാൻ കഴിയും, ഓരോ കൗണ്ടറും ഓരോ ചോദ്യമാണ്. ‘ചോദ്യം ചോദിക്കുക’ എന്നത് അപകടകരമായ അനന്തരഫലങ്ങൾ ഉണ്ടാക്കുന്ന കാലത്ത് ‘ചോദ്യം ചോദിക്കുക’ എന്ന രാഷ്ട്രീയ ദൗത്യത്തെ കൂടി തന്റെ തമാശകളിലൂടെ ഉയർത്തിപ്പിടിക്കുന്നു മാമുക്ക. ഫ്രയിമിന് പുറത്തേക്ക് തള്ളി നിൽക്കുന്ന പല്ലുകളും കോഴിക്കോടൻ ഭാഷയുമാണ് തന്റെ നടനെന്ന സ്വത്വത്തെ നിർണയിക്കുന്നത് എന്ന് എപ്പോഴും അദ്ദേഹം പറയാറുണ്ട്. ശരീരത്തിന്റെ രാഷ്ട്രീയമാണ് കൂസലില്ലാതെ മുന്നോട്ട് വെക്കുന്നത്.

കമൽ എന്ന സംവിധായകൻ ഒരു പരിപാടിയിൽ ഇങ്ങനെ പറയുന്നുണ്ട് മലയാളസിനിമയിൽ ബഹദൂറിന്റെ വഴിയാണ് അല്ലെങ്കിൽ ഒരു പിന്തുടർച്ചയാണ് മാമുക്കോയ എന്ന്. ബഹദൂറും മാമുക്കോയയും തമ്മിൽ വലിയ സൗഹൃദം ഉണ്ടായിരുന്നു. വീടിന് കല്ലിടുമ്പോൾ പറയാതെ ഓർത്ത് വന്ന ആളായി ബഹദൂറിനെ പറ്റി മാമുക്ക ഓർക്കുന്നുണ്ട്. സിനിമയിൽ വരുന്നതിനു മുമ്പ് തൊട്ടേ ഉള്ള സൗഹൃദം ആയിരുന്നു അത് എന്നും മാമുക്കോയ പറയുന്നുണ്ട്. വെള്ളിരി പ്രാവിന്റെ ചങ്ങാതി എന്ന സിനിമയിൽ അഭിനയിച്ചപ്പോൾ ബഹദൂറിനെ അനുകരിച്ചതാണോ എന്ന് പലരും ചോദിച്ചുവത്രേ. ബഹദൂർ തന്റെ ഉള്ളിൽ കിടക്കുന്നുണ്ടാവും എന്നാണ് മാമുക്കോയ മറുപടി പറഞ്ഞത്.

ഒരു ഫുട്ബോൾ ടൂർണമെന്റ് ഉദ്ഘാടനം ചെയ്യുന്നതിനിടയിലാണ് അദ്ദേഹം കുഴഞ്ഞു വീണത്. ഫുട്ബോൾ സിനിമയാണ് തീർക്കാൻ ബാക്കി വെച്ചതും. ഫുട്ബോളിനെ അത്രയേറെ സ്നേഹിച്ചിരുന്നു അദ്ദേഹം. കണ്ണൂർ-കാസർകോട് ബോർഡറിലുള്ള ഇളമ്പച്ചി എന്ന ഗ്രാമത്തിൽ ആണ് കരുണൻ കോച്ചിന്റെയും കൂട്ടുകാരുടെയും ജീവിതം തന്നെയായ മലബാർ ക്ലബ്ബിന്റെ സെറ്റ് നിർമ്മിച്ചത്. കരുണൻ കോച്ച് പോയതറിയാതെ മൈതാനത്തിനരികിൽ മലബാർ ക്ലബിന്റെ സെറ്റ് കാത്തിരിക്കുന്നു. ആ സെറ്റിന്റെ ഉമ്മറക്കോലായിൽ ഇരുന്ന് സിനിമയുടെ ഏതോ ഇടവേളകളിൽ മാമുക്കയുമായി ഒരുപാട് സംസാരിച്ചിട്ടുണ്ട് സാഹിത്യത്തെപ്പറ്റി സിനിമയെപ്പറ്റിയും മലബാറിനെ പറ്റിയും എല്ലാ അദ്ദേഹം തമാശ നിറഞ്ഞ സ്വരത്തിൽ സംസാരിച്ചു. കൂടെയിരുന്ന് ഞങ്ങളെല്ലാവരും ചിരിക്കുകയും ചിന്തിക്കുകയും ചെയ്തു.

മാമുക്കോയ ഒരുകാലത്ത് തകർത്ത് അഭിനയിച്ച സിനിമയിലെ ഭാഗങ്ങളാണ് ഇന്ന് സോഷ്യൽ മീഡിയയിൽ തഗ് വീഡിയോകൾ ആയി പുറത്തിറങ്ങുന്നത്. ഒരു സിനിമയിൽ ഇന്നസെന്റിന്റെ കഥാപാത്രം “എന്താ അന്റെ പേര് എന്ന് ചോദിക്കുമ്പോൾ” “ജബ്ബാർ” എന്ന് മാമുക്കോയ മറുപടി പറയുന്നു “എന്ത്” എന്ന് വീണ്ടും ചോദിക്കുമ്പോൾ “ജബ്ബാർ” എന്ന് ഉറച്ചു പറയുന്നു. ഇന്നസെൻറ് കഥാപാത്രം “നായരാണോ” എന്ന് ചോദിക്കുമ്പോൾ “നായരല്ല നമ്പൂരി അവർക്കല്ലേ ജബ്ബാർ എന്ന് പേരുണ്ടാവുക” എന്ന് പ്രതിവചിക്കുന്നു. ഉരുളക്കുപ്പേരി പോലുള്ള മറുപടികളാണ് സോഷ്യൽ മീഡിയയിൽ തഗ് ലൈഫ് എന്നും പറഞ്ഞ് ആളുകൾ കൊണ്ടാടിയത്. പുതിയ കാലത്തിൽ ഏറെ ആഘോഷിക്കപ്പെട്ട ഒന്നായിരുന്നു അദ്ദേഹത്തിന്റെ കോമഡികൾ. തീയറ്ററിന്റെ ഇരുളകങ്ങളിൽ മാമുക്കോയ ഉതിർത്തുവിട്ട ചിരിയുടെ ചിന്താലോകം സിനിമയുടെ കലാ ജീവിതത്തിന് മറക്കാൻ സാധ്യമല്ല.

ഇത്തരം എല്ലാ കഥാപാത്രങ്ങളിൽ നിന്നും വ്യത്യസ്തമായിരുന്നു മാമുക്കോയയുടെ കരുണൻ കോച്ച്. ഇളമ്പച്ചിയിലെ ആ വലിയ ഗ്രൗണ്ടിൽ പെൺകുട്ടികളെ ഫുട്ബോൾ പഠിപ്പിക്കുന്ന ഒരു രംഗം ചിത്രീകരിക്കുമ്പോൾ പെൺകുട്ടികളുമായി പന്തും തട്ടി പോകുന്ന അദ്ദേഹത്തിന്റെ ദൃശ്യം മായാതെ മനസ്സിൽ ഉണ്ട്. പഴയ കളിക്കാരുടെ പേരുകൾ ക്ലബ്ബിലെ ബോർഡിൽ എഴുതിവച്ച് അതിലേക്ക് നോക്കിനിൽക്കുന്ന രംഗത്ത്, നിന്നുപോയ കളിയുടെ ഓർമ്മ കോച്ചിന്റെ ഭാവങ്ങൾ നിശബ്ദമായി പകർത്തി. ആ രംഗം സ്ക്രീനിൽ കാണാൻ കഴിയുമോ? അതുല്യനായ നടനാണെന്ന് ആയിരം വട്ടം ആളുകൾ പ്രശംസിക്കുമ്പോഴും ഈ നടനെ നായകനാക്കി സിനിമ എടുക്കാൻ എട്ടുവർഷം കഷ്ടപ്പെടേണ്ടിവന്ന ഒരു സംവിധായകന്റെ വേദന അവശേഷിക്കുന്നു. ഒരു പരിപാടിയിൽ കമൽ പറയുന്നുണ്ട് മാമുക്കോയ എന്ന നടനെ വേണ്ടത്ര ഉപയോഗിച്ചിട്ടില്ല എന്ന്. അതിനുള്ള ഒരു സാഹചര്യം ഒരുപക്ഷേ ഇവിടെ ഉണ്ടായിരുന്നില്ല എന്നുകൂടി പറയേണ്ടതുണ്ട്. മാറി വന്ന കാലത്തിൽ അത് സാധിച്ചുവെങ്കിലും പടം പൂർണ്ണമാകാത്തത് നീറുന്ന വേദനയാണ്.

വെറ്ററൻ ഫുട്ബോളിൽ മത്സരിച്ച കഥ അന്ന് സെറ്റിൽ വച്ച് മാമുക്കോയ എന്നോട് പറഞ്ഞിരുന്നു. ആൻജിയോപ്ലാസ്റ്റി കഴിഞ്ഞു റെസ്റ്റിൽ ഇരിക്കുമ്പോൾ ആണ് കളിച്ചത്. അദ്ദേഹത്തിന് ഫുട്ബോളിനോടുള്ള പ്രേമം അന്ന് ഞാൻ തിരിച്ചറിഞ്ഞു. പൊരിവെയിലിനെ തണലാക്കി ഗ്രൗണ്ടിൽ നിന്ന് അഭിനയിക്കുന്ന മാമുക്കയുടെ ഫുട്ബോളിനോടും സിനിമയോടും ഉള്ള ഇഷ്ടം വെയിലിനെക്കാൾ തീക്ഷണമാണ്.

ഞങ്ങളെല്ലാവരും മനസ്സിന്റെ സ്ക്രീനിൽ കണ്ട മാമുക്കയുടെ മാസ് പ്രകടനമുള്ള, സിനിമയുടെ പൂർത്തിയായ ഭാഗങ്ങളും ഓർമ്മകളും അദ്ദേഹത്തിനുള്ള ട്രിബ്യൂട്ട് ആകുന്നു. ബ്രസീലിനെ സ്നേഹിക്കുന്ന, ഫുട്ബോളിനോട് അടങ്ങാത്ത അഭിനിവേശമുള്ള മലബാറിലെ സാധാരണക്കാരനായ ഫൂട്ബാൾ പ്രേമിയാണ് അദ്ദേഹം. കേരളത്തിലെ ഫുട്ബോൾ ഗ്രാമം എന്നാണ് ‘മലബാർ’ ഷൂട്ട് ചെയ്ത ഇളംമ്പച്ചി എന്ന ദേശം അറിയപ്പെടുന്നത്. ഇളമ്പച്ചിയുടെ മൈതാനങ്ങളിൽ സൂര്യനുദിക്കുന്നതും അസ്തമിക്കുന്നതും കാൽപ്പന്തിന്റെ താളത്തിലാണ്. അവിടുത്തെ മൈതാനിയിൽ ഫുട്ബോൾ കളിക്കും പ്രാക്ടീസിനുമായി വരുന്ന കൗമാരക്കാർക്കെല്ലാം കരുണൻ കോച്ചായി മാറി മാമുക്കോയ. സിനിമയിൽ കളിക്കാൻ ഇറങ്ങിയ ഒട്ടേറെ കുട്ടികളും ആ ഗ്രാമവും അവരുടെ കരുണൻ കോച്ചിനെ സ്ക്രീനിൽ പ്രതീക്ഷിക്കുന്നുണ്ടാകും. ഗഫൂർക്കയായും ജബ്ബാർ ആയും, കീലേരി അച്ചു ആയും, കുഞ്ഞനന്തൻ മേസ്തിരി ആയും, അബ്ദുവായും, കുഞ്ഞി കാദർ ആയും നിറഞ്ഞാടിയ വേഷപ്പകർച്ചകളിൽ കരുണൻ കോച്ചിനെ അടയാളപ്പെടുത്താതെ മലയാള സിനിമ പൂർണമാകുമോ?

Comments