മാമുക്കോയയുടെ മൃതദേഹം കണ്ട് കോഴിക്കോടു നിന്ന് കണ്ണൂരേക്ക് തിരിച്ചു വരുന്ന രാത്രിയാത്രയ്ക്കിടയിൽ ആലോചിക്കുകയായിരുന്നു, പാംഗ്രൂവ് ഹെറിറ്റേജിലെ കസേരയിൽ ചാരിയിരുന്ന് മാമുക്കോയ പറഞ്ഞത്: " ജീവിതത്തിന് ഇന്റർവെൽ കൊടുത്ത് സിനിമാ ടാക്കീസിന് പുറത്തു പോയി, ഒന്ന് മൂത്രമൊഴിച്ച്, ഒരു സിഗററ്റ് അല്ലെങ്കിൽ ബീഡി വലിച്ച് (ഒന്നും വലിക്കുന്നില്ലെങ്കിലും ശ്വാസം വലിക്ക്ന്ന്ണ്ട ല്ലൊ), വീണ്ടും തിയറ്ററിലെ ഇരുട്ടിലേക്ക് തിരിച്ചു കയറി തിരശ്ശീലയിലേക്ക് നോക്കി പിന്നെയും കാണുന്ന ഒരു സിനിമയുടെ കഥയായി ജീവിതം കാണാനുള്ള അവസരം കാലം മരിച്ചയാൾക്ക് നൽകുന്നില്ല. ജീവിതത്തിന്റെ ഇടവേള, ജീവിതം തന്നെയാണ്. ശേഷം സ്ക്രീനിൽ മരിച്ചയാൾ ഒന്നും കാണുന്നില്ല. ഭയങ്കര ഫിലോസഫിയല്ലെ ഞാൻ പറയ്ന്നത്?' അതിന് മുമ്പ് മാടായിയിലെ ഇടവഴിയിലൂടെ ഒരു പൗർണമി രാത്രിയിൽ റോഡിലേക്ക് തിരിച്ചു നടക്കുമ്പോൾ ആകാശത്തേക്ക് നോക്കി മാമുക്കോയ പറഞ്ഞു: "പടച്ചോൻ ചുട്ടു വെച്ച അരിപ്പത്തിരി.'
മാമുക്കോയയോടൊപ്പമുള്ള സഞ്ചാരങ്ങളിൽ, സ്വാഭാവികമായി പൊട്ടിവീഴുന്ന ചില നിരീക്ഷണങ്ങളുണ്ട്. ജീവിതം അടിത്തട്ടിലനുഭവിച്ച ഒരാളുടെ വാക്കുകളാണ് അവ. മാമുക്കോയയുടെ ജീവിതകഥ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ കവർച്ചിത്രത്തോടൊപ്പം പ്രസിദ്ധീകരിച്ചു വന്ന ആ ലക്കം, ജീവിതാനുഭവ സാഹിത്യത്തിലേക്ക് പുതിയൊരു പ്രതിനിധാനം കൂടി കടന്നു വന്നു. ഫലിതം നിറഞ്ഞ കാരിക്കേച്ചർ ടൈപ്പ് മനുഷ്യൻ, അതിനിശിതമായ നിരീക്ഷണബുദ്ധിയോടെ സംസാരിച്ചു തുടങ്ങി. എഴുത്തിടത്തേക്ക് ജീവിതം പച്ചത്തുടിപ്പിൽ വാക്കുകളുമായി കയറി വന്നു. സാഹചര്യങ്ങൾ ചേർത്തു പിടിച്ച പുതിയൊരു ജൈവിക ധിഷണ മാമുക്കോയയുടെ വാക്കുകളിലൂടെ വെളിപ്പെട്ടു. സാധാരണ മനുഷ്യർ എന്നു നാം കാണുന്നവർ കൂട്ടായ്മകളിലൂടെ എങ്ങനെയാണ് സർഗാത്മക മനുഷ്യേച്ഛയെ രൂപപ്പെടുത്തിയത് എന്നതിന്റെ തെളിവ് പുസ്തകമാണ് "മാമുക്കോയ’.
മാമുക്കോയയുടെ ജീവിതവർത്തമാനം വായിച്ച് പ്രദീപൻ പാമ്പിരികുന്ന് മാതൃഭൂമി ആഴ്ചപ്പതിപ്പ് ഓരോ ലക്കമിറങ്ങുമ്പോഴും വിളിക്കുമായിരുന്നു. ചില വരികൾ എടുത്തു പറഞ്ഞ് ഒരു ചെറു ചിരിയോടെയാണ് ഫോൺ സംഭാഷണമവസാനിപ്പിക്കുക.
"ഇനി ക്ലാസിൽ കുട്ടികളോട് ഭൂമിയുടെ രാഷ്ട്രീയം പറയുമ്പോൾ മാമുക്കോയയുടെ വരികളാണ് ഞാൻ ഉപയോഗിക്കുക.'
പ്രദീപന്‍ പാമ്പിരികുന്ന് പറഞ്ഞ ജീവിത കഥയിലെ ആ വരികൾ ഇതാണ്:
"ആകാശം അല്ലാഹുവിന്റേത്, കടല് അല്ലാഹുവിന്റേത്, കാറ്റ് - വെളിച്ചം - മഴ ഒക്കെ അല്ലാഹുവിന്റേത്. ഭൂമി കോവിലകത്തെ തമ്പുരാന്റേതും കൊയപ്പത്തൊടി ഹാജിക്കാന്റേതും. ഇതെന്തു കണക്കാണ്! ഭൂമിക്കു മാത്രം അതിരുകള്. ഭൂമിക്ക് മാത്രം ഉടമ ഇവിട്ത്തെ കുറേ ജന്മിമാര്!'
ഭൂമിയുടെ അവകാശികൾ'എഴുതിയ ബഷീറും ഭൂമിക്ക് മാത്രം അതിരുകൾ എന്തുകൊണ്ട് എന്നു ചോദിച്ച മാമുക്കോയയും ചരിത്രത്തിലെ സാധാരണ മനുഷ്യരുടെ ഭാഗധേയങ്ങൾ ജീവിച്ച ജീവിതത്തെക്കുറിച്ചുള്ള അശുഭ ബോധങ്ങൾ ഇല്ലാതെ തന്നെ പകർത്തി. ദുഃഖകാലങ്ങളിലും കൂട്ടായ ജീവിതങ്ങളിൽ സാധ്യമായിത്തീരുന്ന ആനന്ദങ്ങളിൽ അവർ അന്യോന്യം കണ്ടെത്താൻ ശ്രമിച്ചു. ആ കാലത്തെ അമച്വർ നാടകങ്ങൾ രൂപപ്പെട്ടത് അങ്ങനെയാണ്. ഒരു തരത്തിൽ ആ കാലത്തെ ജനത അനുഭവിച്ച ആത്മവേദനകളുടെ മിന്നലാട്ടങ്ങൾ അതിൽ കണ്ടു.
ഒരു ജീവിതപ്പുസ്തമെഴുതുമ്പോൾ നാം എന്താണ് ചെയ്യുക? അത് അനുഭവസ്ഥരിൽ നിന്ന് ഒരു മുറിയിൽ ഇരുന്നു കൊണ്ട് കേട്ടിരിന്നെഴുതും. എന്നാൽ മാമുക്കോയയുടെ പുസ്തകത്തിലെ "മരങ്ങൾ' എന്ന അധ്യായത്തിലെ ചില ഭാഗങ്ങൾ സംസാരിക്കുന്നത്, കല്ലായിയിൽ വെച്ചു തന്നെയാണ്. എസ്.കെ. പൊറ്റക്കാടിനെയും ഉറൂബിനെയും കുറിച്ച് മിഠായിത്തെരുവിലൂടെ നടന്നു സംസാരിച്ചു. അതു കൊണ്ടു തന്നെ ഇരുന്നെഴുത്തിന്റെ ദോഷങ്ങൾ പരമാവധി കുറഞ്ഞ പുസ്തകമായിരുന്നു, മാമുക്കോയ.
മാമുക്കോയ വലിയ എഴുത്തുകാരെക്കുറിച്ച് നടത്തിയ നിരീക്ഷണങ്ങൾ അമ്പരിപ്പിക്കുന്ന വിധത്തിൽ രസമുള്ളതായിരുന്നു. എസ്.കെ. പൊറ്റക്കാടിനെക്കുറിച്ചുള്ള നിരീക്ഷണം ഇങ്ങനെയായിരുന്നു:
"മാനാഞ്ചിറയുടെ ഒരു ഓരം പറ്റിയാണ് എസ്.കെ. നടക്കുക. നമ്മളെ ഒരാക്ക്ന്ന മാതിരിയാണ് ആ നടത്തം'.
"ഒരാക്ക്ന്ന മാതിരിയുള്ള നടത്തം' എന്ന ഒറ്റവരിയിൽ തന്നെ ആ തെരുവും മനുഷ്യരും അതിനിടയിലൂടെ നടന്നു പോകുന്ന എസ്.കെയും മനസ്സിലേക്ക് വരുന്നു.
ഏതെങ്കിലും ഒരു കാര്യത്തെക്കുറിച്ച് മാമൂൽ പ്രതികരണങ്ങൾ നടത്തി തടി തപ്പി പോകുന്ന ആളല്ല മാമുക്കോയ. ലോകത്ത് ഇപ്പോൾ ദൃശ്യമായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങളെ സൂക്ഷ്മമായി മനസ്സിലാക്കാൻ ശ്രമിച്ചിരുന്നു. പുതിയ വാക്കുകൾ വന്നപ്പോൾ ഒലിച്ചു പോയ വാക്കുകൾ ഏതൊക്കെ എന്ന ചോദ്യത്തിന് വിശദമായി തന്നെ ഉത്തരം പറയുകയും മാപ്പിള വാക്കുകളുടെ "ഒരു കീശ നിഘണ്ടു ' ജീവിത കഥയോടൊപ്പം ചേർത്തുവെക്കാൻ കാരണമായിത്തീരുകയും ചെയ്തു. അതും പുതിയൊരു അനുഭവമായിരുന്നു.
മാപ്പിള ഖലാസികളും കല്ലായിയിലെ മരപ്പണിക്കാരും വലിയ തടികൾ പുഴയിൽ നിന്ന് കരയിലേക്കും കരയിൽ നിന്ന് മരമില്ലിലേക്കും തള്ളിക്കൊണ്ടു പോകുമ്പോൾ പാടുന്ന ഏലേസാ പാട്ടുകളാണ് "അമ്പ' എന്ന പേരിലറിയപ്പെടുന്നത്. നമ്മുടെ ഫോക് കൾച്ചറൽ ആർക്കൈവുകളിൽ പെടുത്തേണ്ട, അല്ലെങ്കിൽ ഗാന പൈതൃക സംരക്ഷണ ലിസ്റ്റിൽ പെടുത്തേണ്ട പാട്ടാണത്. വാസ്തവത്തിൽ അമ്പ എന്നു ഞാൻ കേട്ടിരുന്നേയില്ല. ആഴ്ചപ്പതിപ്പിൽ മാമുക്കോയ പ്രസിദ്ധീകരിച്ചു വരുന്ന സന്ദർഭത്തിൽ ഒരു ദിവസം മാമുക്കോയ വിളിക്കുന്നു: "അതേയ്. മുമ്പൊരു ഷൂട്ടിങ്ങ് സെറ്റില് വെച്ച് ബാലചന്ദ്രൻ ചുള്ളിക്കാടും ഞാനും ഇങ്ങനെ പഴേ പല കഥകളും പറഞ്ഞോണ്ടിരിക്കുമ്പോൾ ഞാൻ കല്ലായിയിലെ മരപ്പണിക്കാർ പാടുന്ന അമ്പ പാട്ട് കേൾപ്പിച്ചു. ബാലൻ പറഞ്ഞു, അതൊക്കെ വരുന്ന തലമുറ കൂടി അറിയണമെന്ന്. അതൊക്കെ രേഖപ്പെടുത്തുന്നത് നന്നായിരിക്കില്ലേ?'
രണ്ടു ദിവസം കഴിഞ്ഞ് കോഴിക്കോട് ചെന്ന് "അമ്പ ' കേട്ടു . അതവിടെയും തീർന്നില്ല, കോഴിക്കോട് നടന്ന ഡിസി ബുക്സ് ലിറ്ററേച്ചർ ഫെസ്റ്റിൽ മാമുക്കോയായയും സംഘവും അമ്പപ്പാട്ടുകൾ സ്റ്റേജിൽ പരസ്യമായി അവതരിപ്പിച്ചു. ഒരു വർഷം കഴിഞ്ഞ് മാമുക്കോയ അതേ സംഘവുമായി കണ്ണൂരിൽ സമയം സ്റ്റുഡിയോവിൽ അമ്പ റെക്കോർഡ് ചെയ്യുകയും ചെയ്തു. പിന്നീടിറക്കിയ മാമുക്കോയ പതിപ്പിൽ ആ ഓഡിയോ സി ഡി കൂടിയുണ്ടായിരുന്നു. ഇത്തരം കാര്യങ്ങളിൽ ഏറെ
സൂക്ഷ്മാലുവായിരുന്നു. ചരിത്രപരമായ ഒരു സംഗീത രേഖയാണ് അത്.
ഒരു ദിവസം മാമുക്കോയ വിളിച്ചു പറഞ്ഞു:
"ഇന്നലെ നെടുമുടി വിളിച്ചു. അദ്ദേഹം പുസ്തകം വായിച്ചിരുന്നു. അതില് തിക്കുറിശ്ശിയും മോഹൻലാലും ഷൂട്ടിങ്ങ് സെറ്റിൽ വെച്ച് പറയാറുള്ള ചൊറിച്ചു മല്ലൽ ഞാൻ പറഞ്ഞിരുന്നല്ലൊ. അത് പുസ്തകത്തിന്റെ സാഹിത്യ ഭംഗി കുറക്കുന്നു എന്നാണ് നെടുമുടി പറഞ്ഞത്. അതിന് നമ്മുടെ പുസ്തകത്തില് സാഹിത്യമില്ലല്ലൊ എന്നു ഞാൻ പറഞ്ഞു. "ഓ, അതും ശരിയാണല്ലൊ ,എന്ന് പറഞ്ഞ് വേണു ചിരിച്ചു'.
സാഹിത്യാത്മകമായ ഒരു ബലിഷ്ഠ ഭാഷ ആ പുസ്തകത്തിന്റെ രചനയിൽ ഉപയോഗിച്ചിരുന്നില്ല. അനുഭവമെഴുത്ത് സാഹിത്യത്തിൽ ഒരു പൊളിച്ചെഴുത്ത് അത് സാധ്യമാക്കി.
മാടായി ചൂട്ടാട് ബീച്ചിൽ ഒരു പരിപാടിയിൽ പങ്കെടുക്കാൻ മാമുക്കോയ വന്നിരുന്നു. അന്ന് മാമുക്കോയയും വി.ആർ.സുധീഷും ഞാനും രാവിൽ ബീച്ചിലിരുന്നു. തിക്കോടിയടനെക്കുറിച്ചുള്ള ഓർമ പങ്കു വെച്ച് മാമുക്കോയ പറഞ്ഞു:
"ഒരിക്കൽ തിക്കോടിയനും ഞാനും ഒരു സ്റ്റേജിൽ ഇരിക്കുകയായിരുന്നു. സദസ് നോക്കി തിക്കു പറഞ്ഞു: ആളുകൾ ഒഴിഞ്ഞു പോകും. കസേരകൾ ബാക്കിയാവും. പിന്നേയും ആളുകൾ വരും. കസേരകൾ അവിടെത്തന്നെയുണ്ടാവും'.
ചില ആളുകൾ ഒഴിഞ്ഞു പോയ കസേര കുറേക്കാലം ,ഏകാന്തമായ ആളൊഴിഞ്ഞ ഇരിപ്പായിരിക്കും.
ബഷീറിനെയും മാമുക്കോയയും പലരും താരതമ്യപ്പെടുത്താറുണ്ട്. മാമുക്കോയ തന്നെ അതിന് പൊൻകുന്നം വർക്കിക്ക് മറുപടി നൽകിയിട്ടുണ്ട്:
"ബഷീറിന്റെ ബന്ധുവാണോ?'
പൊൻകുന്നം വർക്കി ചോദിച്ചു:
"അല്ല. ബഷീർക്ക വൈക്കത്ത് കാരനാണല്ലൊ. ഞാൻ കോഴിക്കോട്ടുകാരനും'.
ബഷീറും മാമുക്കോയയും രണ്ടു കാലങ്ങളും രണ്ടു കരകളുമാണ്. രണ്ടു ഭാഷയും താരതമ്യങ്ങൾക്കതീതമായ രണ്ടു തരം ഭാവനകളുമാണ്. എന്നാൽ, ബഷീറിൽ നിന്ന് പ്രചോദിതനായ ഒരാൾ ആയിരുന്നു മാമുക്കോയ. മാമുക്കോയ യെ കണ്ടെത്തിയ ഭാഷയുടെ നാവികൻ. സിനിമയിൽ മാമുക്കോയയെ കണ്ടെത്തിയ നാവികൻ സത്യൻ അന്തിക്കാടാണ്.
അപ്പോൾ മാമുക്കോയ?
മാമുക്കോയ സ്വയം ഒരു കണ്ടെത്തലാണ്.