വാഗ്ഭടാനന്ദഗുരു

നവോത്ഥാനവഴിയിലെ അധികമറിയാത്ത കാരക്കാട്

ദാർശനികവ്യക്തതയും അതിലുള്ള ഉറച്ച നിലപാടും വാഗ്ഭടാനന്ദനെ പലതരത്തിൽ വ്യത്യസ്തനാക്കി. മിശ്രവിവാഹം, മിശ്രഭോജനം എന്നതിലെയൊക്കെ മിശ്രം ഭേദചിന്ത ധ്വനിപ്പിക്കുന്നതാകയാൽ ഈ രണ്ടു കാര്യവും പ്രീതിയോടെ ചെയ്യുന്നതാകണം എന്നു നിഷ്‌ക്കർഷിച്ച് അദ്ദേഹം മലബാറിൽ പ്രീതിവിവാഹവും പ്രീതിഭോജനവും വ്യാപകമായി സംഘടിപ്പിച്ചു. വിഗ്രഹാരാധനയ്‌ക്കെതിരെയും അയിത്തത്തിനും ജാതി-ജന്മി മേധാവിത്വങ്ങൾക്കുമൊക്കെ എതിരെയും സന്ധിയില്ലാത്ത സമരമാണ് അദ്ദേഹം നടത്തിയത്.

തെക്കൻകേരളത്തിൽ റൗക്ക ധരിക്കാൻ നടന്ന മാറുമറയ്ക്കൽ സമരവും സഹോദരൻ അയ്യപ്പന്റെയും മറ്റും നേതൃത്വത്തിൽ നടന്ന മിശ്രവിവാഹവും മിശ്രഭോജനവുമൊക്കെ ഒട്ടുമിക്കവർക്കും അറിയാം. എന്നാൽ, മലബാറിൽ നടന്ന ഇത്തരം നവോത്ഥാനമുന്നേറ്റങ്ങൾ വേണ്ടത്ര എല്ലാവരും മനസിലാക്കിയിട്ടുണ്ടോ എന്നു സംശയമാണ്. അവിടെ സ്വന്തം കുടുംബക്ഷേത്രങ്ങളിലെ വിഗ്രഹങ്ങൾ എടുത്തു കടലിൽ എറിഞ്ഞ സംഭവങ്ങൾ പോലും ഉണ്ടായിട്ടുണ്ട്. ശ്രീനാരായണഗുരുവിനെപ്പോലെ വിപ്ലവാത്മകമായ നവോത്ഥാനാശയങ്ങൾക്കായി പ്രവർത്തിച്ച വാഗ്ഭടാനന്ദഗുരുവിനെപ്പറ്റി പഠിക്കാൻ ശ്രമിച്ചപ്പോൾ എഴുതണമെന്നു തോന്നിയ ഇത്തരം ചില കാര്യങ്ങൾ പങ്കുവയ്ക്കട്ടെ!

ശ്രീനാരായണഗുരു വിഗ്രഹപ്രതിഷ്ഠ നടത്തുന്നതിനെ വിമർശിക്കുകയും അദ്വൈതി അതു ചെയ്യുന്നതിലെ അപാകം അദ്ദേഹവുമായുള്ള സംഭാഷണത്തിൽ ബോദ്ധ്യപ്പെടുത്തുകയും ചെയ്ത ആളാണ് വാഗ്ഭടാനന്ദഗുരു എന്നു ചരിത്രം പറയുന്നു. ദാർശനികവ്യക്തതയും അതിലുള്ള ഉറച്ച നിലപാടും വാഗ്ഭടാനന്ദനെ പലതരത്തിൽ വ്യത്യസ്തനാക്കി. മിശ്രവിവാഹം, മിശ്രഭോജനം എന്നതിലെയൊക്കെ മിശ്രം ഭേദചിന്ത ധ്വനിപ്പിക്കുന്നതാകയാൽ ഈ രണ്ടു കാര്യവും പ്രീതിയോടെ ചെയ്യുന്നതാകണം എന്നു നിഷ്‌ക്കർഷിച്ച് അദ്ദേഹം മലബാറിൽ പ്രീതിവിവാഹവും പ്രീതിഭോജനവും വ്യാപകമായി സംഘടിപ്പിച്ചു. വിഗ്രഹാരാധനയ്‌ക്കെതിരെയും അയിത്തത്തിനും ജാതി-ജന്മി മേധാവിത്വങ്ങൾക്കുമൊക്കെ എതിരെയും സന്ധിയില്ലാത്ത സമരമാണ് അദ്ദേഹം നടത്തിയത്. ആത്മവിദ്യാസംഘം എന്ന സംഘടനയായിരുന്നു ഇതിനെല്ലാമുള്ള അദ്ദേഹത്തിന്റെ നിലപാടുതറ.

ആത്മവിദ്യാസംഘം സ്ഥാപിക്കുന്നത് 1917-ൽ വടകരയ്ക്കടുത്ത് കാരക്കാട് എന്ന ഗ്രാമത്തിലാണ്. അന്നുമുതൽ ഗുരു ആസ്ഥാനമാക്കിയ കാരക്കാട്ട് അദ്ദേഹം എത്തിയതുമുതലുള്ള കഥകൾ സംഗ്രഹിച്ചിട്ടുള്ള ഡോ: മിഷേൽ വില്യംസും ഡോ: റ്റി.എം. തോമസ് ഐസക്കും ചേർന്ന് രചിച്ച "Building Alternatives; The story of India's Oldest Construction Workers' (ലെഫ്റ്റ് വേഡ് പ്രസിദ്ധീകരിച്ചത്, 2017) എന്ന ഗവേഷണഗ്രന്ഥമാണ് ഇനിപ്പറയുന്ന വിവരങ്ങൾക്ക് ആധാരം. ആ ഗ്രാമത്തിൽ നടന്ന മാറ്റത്തിന്റെ ചിത്രമുണ്ട് ഈ ഗ്രന്ഥത്തിൽ.

"Building Alternatives; The story of India's Oldest Construction Workers'

ജാതിക്കും ജന്മിത്തത്തിനും നാടുവാഴി-ബ്രിട്ടിഷ് ഭരണങ്ങൾക്കും എതിരെ പോരാടാൻ വെമ്പിയിരുന്ന ചില യുവാക്കൾ കാരയ്ക്കാട്ടുനിന്ന് വാഗ്ഭടാനന്ദഗുരുവിന്റെ പ്രസംഗം കേൾക്കാൻ മാഹിയിൽ പോയി. പ്രസംഗത്തിൽ ആകൃഷ്ടരായ അവർ അദ്ദേഹത്തെ നാട്ടിലേക്കു ക്ഷണിച്ചു. അതു സ്വീകരിച്ചെത്തിയ സ്വാമിയെ അവർ അവിടെ ആശ്രമം കെട്ടി പാർപ്പിക്കുകയായിരുന്നു. ആത്മവിദ്യാസംഘം സ്ഥാപിക്കാൻ മുന്നിട്ടിറങ്ങിയതും അവർ.

മാറുമറയ്ക്കാൻ അനുവാദമില്ലായിരുന്ന സ്ത്രീകളെ ബ്ലൗസ് ധരിപ്പിച്ച് ആദ്യമായി ജാഥ നയിച്ച് നാട്ടിൽ വിപ്ലവാത്മകമാറ്റത്തിനു നേതൃത്വം കൊടുത്തത് അവരിൽ ഒരാളായ പാലേരി ചന്തമ്മാനാണ്. അയിത്തം കല്പിക്കപ്പെട്ടിരുന്നവരെ ക്ഷേത്രങ്ങളിലും പൊതുക്കുളങ്ങളിലും കൊണ്ടുപോയി നാടിനെ ഞെട്ടിച്ചൂ അദ്ദേഹം. വാഗ്ഭടാനന്ദന്റെ പ്രസംഗം കേട്ട് വിഗ്രഹാരാധനയിലെ നിരർത്ഥകത ബോദ്ധ്യപ്പെട്ട് സ്വന്തം കുടുംബക്ഷേത്രത്തിലെ വിഗ്രഹം കടലിലെറിയുകപോലും ചെയ്തൂ ചന്തമ്മാൻ! മറ്റുപലരും ഇത്തരത്തിൽ വിഗ്രഹങ്ങൾ കടലിൽ എറിഞ്ഞതായി നാട്ടുകാർ അഭിമാനപൂർവ്വം രേഖപ്പെടുത്തിയിട്ടുണ്ട്. അയിത്തോച്ചാടനവും തുല്യതയും പൊതുവിടങ്ങളിൽ മാത്രം പോരാ, കുടുംബത്തിലും നടപ്പാക്കണം എന്ന ബോദ്ധ്യത്തിൽ സ്വന്തം പറമ്പിൽ ദളിതർക്കായി കിണർ കുഴിച്ച് ജീവിതത്തിലൂടെ വഴി കാട്ടിയ കയ്യാല ചെക്കുവും ചരിത്രത്തിന്റെ ഭാഗം. ഈ മുന്നേറ്റങ്ങൾക്കു പിന്നിൽ മൊയ്യാരത്ത് ശങ്കരന്റെയും മറ്റും നേതൃത്വത്തിൽ വടകരയിലും സമീപദേശങ്ങളിലും ശക്തിപ്പെട്ടുവന്ന ദേശീയപ്രസ്ഥാനത്തിന്റെ സ്വാധീനവും ഉണ്ടായിരുന്നതായി ഗവേഷകർ വിലയിരുത്തുന്നു.

പാലേരി ചന്തമ്മാൻ

അന്നു വാഗ്ഭടാനന്ദൻ അവരെ പഠിപ്പിച്ച ഒരു പ്രാർത്ഥനയുണ്ട്:

"ഉണരുവിൻ, അഖിലേശ്വരനെ സ്മരിപ്പിൻ,

ക്ഷണമെഴുന്നേല്പിൻ,

അനീതിയോടെതിർപ്പിൻ...'.

അന്ധവിശ്വാസവും അനാചാരവും ജാതിമേധാവിത്വവും ഇരുളാഴ്ത്തിനിന്ന കുഗ്രാമത്തിൽ ജന്മിക്കുവേണ്ടി എല്ലുമുറിയെ പണിയെടുത്തുവന്ന ജനത പ്രാർത്ഥനയുടെ പൊരുൾ തിരിച്ചറിഞ്ഞു. "അനീതിയോടെതിർപ്പാൻ' അവർ ഉണർന്നെണീറ്റു.

അതു യാഥാസ്ഥിതികത്വത്തിനു സഹിച്ചില്ല. അന്ന് താഴ്ന്നജാതിക്കാരായി കരുതിയിരുന്ന അവരെ ജന്മിയും കൂട്ടാളികളും ഉപദ്രവിക്കാൻ തുടങ്ങി. ജോലി നിഷേധിച്ചു, പഠിത്തം തടഞ്ഞു, കടം കൊടുക്കൽ വിലക്കി, വിവാഹബന്ധങ്ങൾ വിലക്കി, പട്ടിണിക്കിടാനും ഒറ്റപ്പെടുത്താനും പലതരം ഊരുവിലക്കുകൾ ഏർപ്പെടുത്തി...

അതിനെയെല്ലാം അതിജീവിക്കാൻ ജനങ്ങൾ സംഘടിച്ചു. പഠിപ്പു മുടങ്ങിയവരെ പഠിപ്പിക്കാൻ അവരൊരു പള്ളിക്കൂടം തുടങ്ങി. പണത്തിന്റെ ആവശ്യത്തിന് പരസ്പരം സഹായിക്കാൻ ഒരു "ഐക്യനാണയ സംഘം' ഉണ്ടാക്കി. ജോലി പോയവർക്കെല്ലാം ജോലി നല്കാൻ "കൂലിവേലക്കാരുടെ പരസ്പര സഹായസംഘ'വും. പണികൾ കരാറെടുത്ത് സ്വയം ചെയ്യും. ലാഭം വീതിച്ചെടുക്കും.

ചാപ്പയിൽ കുഞ്ഞ്യേക്കു ഗുരുക്കൾ

പ്രീതിഭോജനത്തിന് കാരക്കാട്ടു നേതൃത്വം കൊടുത്ത ചാപ്പയിൽ കുഞ്ഞ്യേക്കു ഗുരുക്കളായിരുന്നു കൂലിവേലക്കാരുടെ സംഘത്തിന്റെ ആദ്യപ്രസിഡന്റ്. കെട്ടിടനിർമ്മാണത്തൊഴിലാളിയായിരുന്നു അദ്ദേഹം. പാലേരി ചന്തമ്മാൻ വീടുപണിയാൻ കെട്ടിയ അടിത്തറയോടുകൂടി സ്വന്തം പുരയിടം സംഘത്തിന് ഓഫീസ് നിർമ്മിക്കാൻ സംഭാവന ചെയ്തു. പില്ക്കാലത്ത് ഇദ്ദേഹവും സംഘത്തിന്റെ പ്രസിഡന്റായി. ഇത്തരത്തിൽ നവോത്ഥാനത്തിനും നാടിന്റെ സ്വാതന്ത്ര്യത്തിനുമായി പ്രയത്‌നിച്ച ഉത്പതിഷ്ണുക്കളായ തൊഴിലാളികൾ ജന്മം നല്കിയ ആ പരസ്പരസഹായസംഘം നവോത്ഥാനവുമായി നാഭീനാളബന്ധമുള്ള പ്രസ്ഥാനമായിരുന്നു.

കാരക്കാടിന്റെ ഇന്ന് അറിയപ്പെടുന്ന പേരാണ് ഊരാളുങ്കൽ. "ഊരാളുങ്കൽ കൂലിവേലക്കാരുടെ പരസ്പരസഹായസംഘം'മാണ് ഇന്നത്തെ ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോപ്പറേറ്റീവ് സൊസൈറ്റി. യു.എൽ.സി.സി.എസ്. എന്നു ചുരുക്കപ്പേരുള്ള തൊഴിൽക്കരാർസംഘം.

ഉരാളുങ്കൽ ലേബർ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ലോഗോ

ഇന്ന് ഇത് എഴുതാൻ പ്രത്യേക കാരണമുണ്ട്. ഇങ്ങനെയെല്ലാമുള്ള ഊരാളുങ്കൽ സൊസൈറ്റിയെ ഇന്നത്തെ നിലയിലേക്കു വളർത്താൻ പ്രതിസന്ധികളുടെ നാളുകളിൽ കഠിനാദ്ധ്വാനം ചെയ്ത പാലേരി കണാരൻ മാസ്റ്ററുടെ അനുസ്മരണ ദിനമാണ് ഒക്ടോബർ 12. സൊസൈറ്റിയുടെ ആവശ്യത്തിനായി തിരുവനന്തപുരത്തു പോയ അദ്ദേഹം 1984 ഒക്‌റ്റോബർ 12-ന് അവിടെവച്ച് ആകസ്മികമായി മരണമടയുകയായിരുന്നു.

സൊസൈറ്റിയുടെ സ്ഥാപകരിൽ ഒരാളും സാമൂഹികപരിഷ്‌കർത്താവും ആയിരുന്ന പാലേരി ചന്തമ്മാന്റെ മകനായി 1914-ൽ ജനിച്ച കണാരൻ ബുദ്ധിയുറച്ച കാലംമുതൽ കണ്ടതും കേട്ടതുമൊക്കെ കാരക്കാട്ടെ വിപ്ലവാത്മക പ്രവർത്തനങ്ങൾ ആയിരുന്നു. ആത്മവിദ്യാസംഘം ജനങ്ങൾക്കു
പകർന്നുനല്കിക്കൊണ്ടിരുന്ന നന്മയുടെ മൂല്യബോധം ആയിരുന്നു. ആത്മവിദ്യാസംഘത്തിന്റെ പ്രവർത്തനങ്ങളിൽ ബാല്യകാലം മുതൽക്കേ ബന്ധമുണ്ടായിരുന്ന ഇദ്ദേഹം പത്തൊൻപതാം വയസിലേ ആത്മവിദ്യാ സംഘത്തിൽ അംഗമായി ചേർന്നിരുന്നു. വിദ്യാഭ്യാസം നിഷേധിച്ചവർക്ക് അതു നല്കാൻ സ്ഥാപിച്ച ആത്മവിദ്യാസംഘം എൽ.പി. സ്‌കൂളിലെ അദ്ധ്യാപകനായി പൊതുരംഗത്തെത്തിയ ഇദ്ദേഹം അവിടത്തെ കുറഞ്ഞകാലത്തെ പ്രവർത്തനത്തിലൂടെ നാട്ടുകാരുടെ പ്രിയപ്പെട്ട കണാരൻ മാസ്റ്ററുമായി. അക്കാലത്തെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പ്രധാന പ്രവർത്തകനായിരുന്ന എം.കെ. കേളുവേട്ടനെപ്പോലുള്ള നേതാക്കളുമായി വളരെ അടുത്ത ബന്ധമുണ്ടായിരുന്നു. കണാരൻ മാസ്റ്റർ രാജ്യത്തിന്റെ സ്വാതന്ത്ര്യപ്രാപ്തിക്കും ഒന്നരപ്പതിറ്റാണ്ടു മുമ്പ് 1933-ലാണ് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോപ്പറേറ്റീവ് സൊസൈറ്റിയിൽ അംഗമാകുന്നത്.

പലേരി കണാരന്‍

1952 ജനുവരി ആറിന് ചേർന്ന പഞ്ചായത്ത് യോഗമാണ് കണാരൻ മാസ്റ്ററെ സംഘത്തിന്റെ പ്രസിഡണ്ടായി ആദ്യം തിരഞ്ഞെടുക്കുന്നത്. ആ കാലഘട്ടം കടുത്ത പ്രതിസന്ധികളുടേതായിരുന്നു. സർക്കാരിൽനിന്നു കാര്യമായ പരിരക്ഷയോ കരാറുകളോ ഇല്ലെന്നു മാത്രമല്ല സ്വകാര്യകരാറുകാരുടെ എതിർപ്പുകളും വലുതായിരുന്നു. പൂർത്തിയാക്കിയ പ്രവൃത്തികളുടെ ബില്ല് യഥാസമയം കിട്ടിയിരുന്നില്ല. തൊഴിലാളികൾക്കു കൂലി പൂർണമായും കൊടുക്കാൻപോലും സാധിച്ചിരുന്നില്ല. ഓണത്തിനും വിഷുവിനും മാത്രമാണ് കുടിശ്ശികകൂലി വിതരണം ചെയ്തിരുന്നത്.

പട്ടിണിയും പരിവട്ടവുമായി കഴിഞ്ഞിരുന്ന പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആദ്യപാദങ്ങളിൽത്തന്നെ തൊഴിലാളികൾക്കു ഭക്ഷണവും കൂലിയും ലഭ്യമാക്കി ക്ഷേമം ഉറപ്പാക്കാനുള്ള പരിശ്രമം സംഘം നടത്തിവന്നിരുന്നു. പണിചെയ്തതിന്റെ കരാർപ്പണം കിട്ടാൻ വൈകുമ്പോൾ തൊഴിലാളികൾക്കു ബുദ്ധിമുട്ടു വരാതിരിക്കാൻ പീടികകളിൽ കടം ഏർപ്പാടാക്കുന്നതടക്കമുള്ള നടപടികൾ സംഘം അക്കാലത്തു സ്വീകരിച്ചിരുന്നു. ഇങ്ങനെ തൊഴിലാളികളുടെ ജീവിതത്തിലും കുടുംബ്പ്രശ്‌നങ്ങളിലും വരെ ഇടപെട്ട് അവരുടെ ജീവിതം നന്നായിരിക്കുന്നു എന്ന് ഉറപ്പാക്കാൻ അദ്ദേഹം ശ്രദ്ധിക്കുമായിരുന്നു.

സംഘത്തിന്റെ ലാഭത്തിൽ ഒരുഭാഗം നാടിന്റെ ക്ഷേമത്തിനു വിനിയോഗിക്കുന്ന ശൈലിയും അന്നേ വികസിച്ചുവന്നിരുന്നു. തൊഴിലാളികൾക്കായി നിശാപാഠശാലകൾ, വെല്ലുവിളികൾ നിറഞ്ഞ പ്രവൃത്തികൾ ഏറ്റെടുക്കാൻ തൊഴിലാളികളുടെ തൊഴിൽനൈപുണ്യം മെച്ചപ്പെടുത്താനായി പുറംസംസ്ഥാനങ്ങളിൽനിന്ന് വിദഗ്ദ്ധരെ കൊണ്ടുവന്നുള്ള പരിശീലനം ഒക്കെ ദീർഘദർശനത്തോടും സമൂഹബദ്ധതയോടുമുള്ള ആദ്യകാലപ്രവർത്തനങ്ങൾ ആയിരുന്നു.

ഇതെല്ലാം ശക്തിപ്പെടുത്തി കൂടുതൽ ഫലപ്രദമായി മുന്നോട്ടു കൊണ്ടുപോകാൻ കണാരൻ മാസ്റ്റർ ജാഗരൂകത പുലർത്തി. തൊഴിലാളികളുടെ മക്കൾക്കു സ്‌കോളർഷിപ്പ് ഏർപ്പെടുത്തിത്തുടങ്ങിയതൊക്കെ കണാരൻ മാസ്റ്ററാണ്. വിദ്യാഭ്യാസം സുപ്രധാനമായി കണ്ട ഇദ്ദേഹമാണ് തൊട്ടടുത്തുള്ള മടപ്പള്ളിയിൽ ഗവണ്മെന്റ് കോളേജ് അനുവദിപ്പിക്കാൻ മുൻനിരയിൽനിന്നു പ്രവർത്തിച്ചത്. ജന്മി - നാടുവാഴിത്തത്തിന്റെ കൊടിയമർദ്ദനങ്ങൾ നേരിടുകയും അതിനെതിരെ പടനയിക്കുകയും ചെയ്ത അവിടുത്തെ പ്രമുഖരായിരുന്നു കാട്ടിൽ ആണ്ടി മാസ്റ്ററും പാലേരി കണാരൻ മാസ്റ്ററും.

ചെറുപ്പക്കാർക്കു തൊഴിലൊരുക്കിക്കൊടുത്ത് നാടിനെയാകെ മുന്നോട്ടു നയിക്കുക എന്നതിലായിരുന്നു അദ്ദേഹത്തിന്റെ ഊന്നൽ. തൊഴിലാളികൾക്കു മാത്രമല്ല നാടിനാകെ സംഘം മുതൽക്കൂട്ടാകണം എന്ന ചിന്ത. പ്രവൃത്തികൾ ഗുണമേന്മയോടെ കൃത്യസമയത്തു പൂർത്തീകരിക്കാൻ കഴിയുമാറ് കരിങ്കൽ, ചെമ്മൺ ക്വാറികൾ സ്വന്തമായി തുടങ്ങുന്നതടക്കം സംഘത്തിന്റെ സ്ഥായിയായ
വളർച്ചയ്ക്കുവേണ്ട ഒട്ടേറെ നടപടികൾ മാസ്റ്ററുടെ കാലത്താണ് ഉണ്ടാകുന്നത്. സംഘത്തിന്റെ ആസ്തിവർദ്ധനയ്ക്കു നിദാനമായത് ആ വളർച്ചയാണ്.

"ഗുണമേന്മ, സത്യസന്ധത, അച്ചടക്കം' - ഈ ത്രിത്വത്തിൽ അടിയുറച്ചതായിരുന്നു ആത്മവിദ്യാസംഘത്തിലൂടെ വളർന്നുവന്ന മാസ്റ്ററുടെ കാഴ്ചപ്പാട്. ഇവ ഒരിക്കലും കൈവിടരുതെന്ന് സദാ പറഞ്ഞുപറഞ്ഞ് സമസ്ത വിഭാഗങ്ങളിലും അദ്ദേഹം ഉറപ്പിച്ചു. ഇതെല്ലാം ചേർന്ന ഒരു ദർശനസഞ്ചയമായി അതു സൊസൈറ്റിയും ഊരാളുങ്കൽ ഗ്രാമവും സ്വാംശീകരിച്ചു.

പണിയിലെ കൃത്യതയ്ക്കും ഗുണമേന്മയ്ക്കും ഒപ്പം തൊഴിലിടങ്ങളിലും പൊതുവിടങ്ങളിലും അച്ചടക്കം പാലിക്കുക എന്നതിൽ ഏറെ നിഷ്‌കർഷ പാലിക്കാൻ തൊഴിലാളികളെയും ജീവനക്കാരെയും നിരന്തരം ഉപദേശിച്ചിരുന്ന കണാരൻ മാസ്റ്ററുടെ സ്വാധീനം പില്ക്കാലത്തും ഉന്നതമായ തൊഴിലാളി സംസ്‌ക്കാരം പുലർത്താൻ ഇവിടുത്തെ തൊഴിലാളികളെ പ്രാപ്തരാക്കി; അഥവാ, അതൊരു ഊരാളുങ്കൽ തനിമയാക്കി അദ്ദേഹം ഊട്ടിയുറപ്പിച്ചു. സാമ്പത്തിക അച്ചടക്കം കർശനമായി പാലിക്കുക എന്ന കീഴ്വഴക്കവും കണാരൻ മാസ്റ്ററുടെ കാലം മുതൽ സംഘം തുടർന്നുവരുന്നു. പ്രവൃത്തിയുടെ ഗുണമേന്മയിൽ ഒരു ഒത്തുതീർപ്പിനും സംഘം ഇന്നും തയ്യാറല്ലാത്തതിന്റെ കാരണം ജന്മത്തിലൂടെ സന്നിവേശിപ്പിക്കപ്പെട്ട ഉയർന്ന മൂല്യബോധവും അവ കടുകിട ചോരാതെ നിലനിർത്താൻ പില്ക്കാലനേതാക്കൾ പുലർത്തിയ ഇത്തരം ജാഗ്രതയുമാണ്. പ്രവൃത്തിയിലുള്ള ഈ ഗുണമേന്മ ഉദ്യോഗസ്ഥർക്കും സർക്കാരിനും പൊതുജനത്തിനും പകരുന്ന വലിയ ആശ്വാസമാണ് സ്വന്തം മണ്ഡലത്തിലെയും തദ്ദേശഭരണസ്ഥാപനത്തിലെയും പ്രവൃത്തികളെല്ലാം ഊരാളുങ്കൽ സൊസൈറ്റി ഏറ്റെടുക്കണമെന്ന് ആവശ്യപ്പെടാൻ രാഷ്ട്രീയഭേദമെന്യേ ജനപ്രതിനിധികളെ പ്രേരിപ്പിക്കുന്നത്.

പാലേരി കണാരൻ മാസ്റ്ററുടെ ആത്മാർത്ഥവും ത്യാഗനിർഭരവുമായ പ്രവർത്തനം സംഘത്തിലെ അംഗങ്ങളായ തൊഴിലാളികൾ പരമാവധി പ്രയോജനപ്പെടുത്തുകതന്നെ ചെയ്തു. നീണ്ട 32 വർഷം അദ്ദേഹത്തെ അവർ യു.എൽ.സി.സി.എസ്സിന്റെ പ്രസിഡന്റായി തെരഞ്ഞെടുത്തുകൊണ്ടേയിരുന്നു; അദ്ദേഹം ഊണും ഉറക്കവും ഉപേക്ഷിച്ച് മരണം വരെ ആ ദൗത്യം സ്തുത്യർഹമായിത്തന്നെ നിർവ്വഹിച്ചുകൊണ്ടുമിരുന്നു.

യു.എൽ.സി.സി.എസ്. ഇന്ന് 13,000 തൊഴിലാളികളും ആയിരത്തിൽപ്പരം എൻജിനീയർമാരും അത്യാധുനിക യന്ത്രസംവിധാനങ്ങളും യു.എൽ. സൈബർ പാർക്കും യു.എൽ. ടെക്‌നോളജി സൊല്യൂഷൻസും യു.എൽ. എഡ്യൂക്കേഷനും യു.എൽ. ഹൗസിങ്ങും യു.എൽ. അഗ്രിക്കൾച്ചറും ഇരിങ്ങൽ, വെള്ളാർ ആർട് ആൻഡ് ക്രാഫ്റ്റ് വില്ലേജുകളും യു.എൽ.സി.സി.എസ്. ചാരിറ്റബിൾ ആൻഡ് വെൽഫെയർ ഫൗണ്ടേഷനും ഒക്കെയുള്ള മഹാസ്ഥാപനമാണ്. ലോകത്തേതന്നെ ഏറ്റവും വലിയ സഹകരണസംഘങ്ങളിൽ ഒന്നായി, ഏഷ്യയിലെ ഏറ്റവും വലിയ പ്രാഥമികസംഘമായി, രാജ്യാന്തര കോപ്പറേറ്റീവ് അലയൻസിൽ അംഗത്വം ലഭിച്ച ഏകപ്രാഥമികസംഘമായി ഒക്കെ യു.എൽ.സ്സി.സി.എസ്. വളർന്നിരിക്കുന്നു. ഇതിനെല്ലാം നിദാനമാകുമാറ് അച്ചടക്കമുള്ള ഒരു തൊഴിലാളി സമൂഹത്തെ വാർത്തെടുത്ത് ഒരായുസ്സിന്റെ സിംഹഭാഗവും ഈ സ്ഥാപനത്തിന്റെ പുരോഗതിക്കായി സമർപ്പിച്ച കണാരൻ മാസ്റ്റർ, ചരിത്രത്തിൽ ഇടം നേടിയ സൊസൈറ്റിയും ചരിത്രവും ഉള്ളിടത്തോളം കാലം സ്മരിക്കപ്പെടും.

അതിലുപരി, തൊഴിലാളികളുടെ രീതികളിൽ പലപ്പോഴും പഴി കേൾക്കേണ്ടി വരാറുള്ള കേരളത്തിൽ അതിൽനിന്ന് ഏറെ വ്യത്യസ്തമായ, ഉത്തരവാദിത്വപൂർണ്ണമായ ഒരു തൊഴിൽ സംസ്‌ക്കാരം വാർത്തെടുക്കാൻ കഴിഞ്ഞതിന്റെ പെരുമയും കണാരൻ മാസ്റ്ററുടെ പേരിനൊപ്പം എക്കാലവും നിലനില്ക്കും.

Comments