വി.കെ.എസ്: മഹാപ്രസ്ഥാനങ്ങളുടെ ഈണം, ലഹരി

ശാസ്ത്രസാഹിത്യ പരിഷത്ത് മുൻ ജനറൽ സെക്രട്ടറിയും ജനകീയ ഗായകനുമായിരുന്ന വി.കെ.എസ് എന്ന വി.കെ. ശശിധരനെ ഓർക്കുകയാണ് ലേഖകൻ. പരിഷത്തിന്റെ കലാജാഥകളിലൂടെയും ബാലവേദികളിലൂടെയും സാക്ഷരതായജ്ഞം, ജനകീയാസൂത്രണം തുടങ്ങിയ മൂവ്‌മെന്റുകളിലൂടെയും കേരളമാകെ നിറഞ്ഞുനിന്ന ആ ഗംഭീര നാദവും ഈണവും മലയാളി കേൾവിയുടെ ഏറ്റവും ഗംഭീരമായ അനുഭവങ്ങളാണ്. വി.കെ.എസ് ഒക്‌ടോബർ ആറിന് പുലർച്ചെ മരിച്ചു.

വി.കെ.എസ് എന്നാൽ എനിക്ക് ആദ്യം പരിഷത്താണ്. പിന്നെയാണ് പാട്ട്. പക്ഷെ, വി.കെ.എസിനു മറിച്ചായിരുന്നു എന്നാണ് തോന്നിയിട്ടുള്ളത്. വി.കെ.എസിനെ പറ്റി മാധ്യമങ്ങളും ആസ്വാദകരും ആരാധകരും സഹപ്രവർത്തകരുമൊക്കെയായി ധാരാളം പേർ പൊതുവായി എഴുതും എന്നതിനാൽ എന്റെ ഓർമയിലെ ചില വി.കെ.എസ് അനുഭവങ്ങൾ മാത്രം കുറിക്കട്ടെ.

വി.കെ.എസ് എന്നാൽ എനിക്കു മറ്റൊന്നുകൂടിയാണ് - വടിവൊത്ത കൈപ്പട; ആ ഭംഗിയിൽ അലിഞ്ഞുനിറയുന്ന സ്‌നേഹത്തോടെ ആഴ്ചയ്ക്കാഴ്ചയ്ക്ക് വീട്ടിലെത്തിക്കൊണ്ടിരുന്ന കത്തുകളാണ്. പോസ്റ്റ് കാർഡുകളിലുള്ള കത്തുകൾ സംസ്ഥാന ബാലവേദി കൺവീനർ ജില്ലാ കൺവീനർക്ക് അയക്കുന്ന അറിയിപ്പുകളായിരുന്നില്ല. ഫലപ്രദമായി പ്രവർത്തനങ്ങൾ നടപ്പാക്കാനുള്ള പ്രേരണോർജ്ജമായിരുന്നു. ആ കൈപ്പട അനുകരിച്ചാണ് പിൽക്കാലത്തു മുഴുവൻ ഞാൻ എഴുതിവന്ന എന്റെ കൈപ്പടയ്ക്കു രൂപം നല്കിയത്.

1982-83 കാലത്ത് പരിഷത്തിലേക്കു വന്ന എനിക്ക് വി.കെ.എസിനെപ്പറ്റിയുള്ള ആദ്യയോർമകളിലൊന്ന് ഒരു ക്ലാസാണ്. 1983-ൽ നടന്ന ദക്ഷിണമേഖലാ പരിഷത്ത് സ്‌കൂളിലാണോ 1985 സെപ്തംബർ 19, 20, 21, 22 തീയതികളിൽ പത്തനംതിട്ട ജില്ലയിലെ മെഴുവേലിയിൽ നടന്ന സംസ്ഥാന പ്രവർത്തക ക്യാമ്പിലാണോ എന്ന് ഓർക്കുന്നില്ല, വി.കെ.എസ് നടത്തിയ ആ ഗംഭീര അവതരണമാണ് 'ശാസ്ത്രം സാമൂഹികവിപ്ലവത്തിന്' എന്ന മുദ്രാവാക്യത്തിലൂടെ പരിഷത്ത് ഉദ്ദേശിക്കുന്ന വിപ്ലവം ശരിയായ വിപ്ലവം തന്നെയാണെന്നും അതിൽ ശാസ്ത്രത്തിനുള്ള റോൾ എത്ര വലുതാണെന്നും എന്നെ ബോദ്ധ്യപ്പെടുത്തിയത്. അക്കാലത്ത് ബഹുരാഷ്ട്ര കുത്തകകളെ ബഹിഷ്‌ക്കരിക്കുന്നതടക്കമുള്ള കാര്യങ്ങൾ സ്വജീവിതത്തിൽ പടർത്താൻ അതു പ്രേരണയായി.

ഇടശ്ശേരിയുടെ ‘പൂതപ്പാട്ട്' വി.കെ.എസ് കാസറ്റിലാക്കിയപ്പോൾ 1986 ജനുവരി 26 ലക്കം കലാകൗമുദിയിൽ ഇടശ്ശേരിയുടെ മകൻ ഇ. ഹരികുമാർ എഴുതിയ ‘ഇടശ്ശേരിയുടെ പൂതപ്പാട്ട്, വീണ്ടും' എന്ന ലേഖനം വായിച്ചത് അതിനകംപരിചയമായിക്കഴിഞ്ഞിരുന്ന വളരെ വേണ്ടപ്പെട്ട ഒരാളെപ്പറ്റി എന്ന വികാരം പകർന്ന ആവേശത്തോടെയാണ്.

വി.കെ.എസ്. പാടുന്നു / Photo: Manoj K. Puthiyavila, Facebook
വി.കെ.എസ്. പാടുന്നു / Photo: Manoj K. Puthiyavila, Facebook

1986 ഡിസംബർ 20 മുതൽ 24 വരെ നടന്ന ആദ്യത്തെ സംസ്ഥാന ബാലോത്സവം വി.കെ.എസിന്റെ നാടായ കൊല്ലത്തായിരുന്നു. അതിൽ പങ്കെടുത്തവർ ഒരിക്കലും മറക്കാത്ത ആ ഉത്സവം വി.കെ.എസിന്റെ സംഘാടന മികവിന്റെ കൂടി സാക്ഷ്യമാണ്. ബാനർജിമാഷെ പോലുള്ളവരെ മറന്നുകൊണ്ടു പറയുന്നതല്ല.
അടുത്ത വർഷമായ 1987-ലെ രണ്ടാമത്തെ ബാലോത്സവ ജാഥയിൽ അംഗമായിരുന്ന എനിക്ക് അതിന്റെ പരിശീലനക്യാമ്പിലുടനീളം വി.കെ.എസിനൊപ്പം ഉണ്ടാകാൻ അവസരം ലഭിച്ചു. ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ ദിവസം നാലു വേദികളിൽവീതം പരിപാടികൾ അവതരിപ്പിച്ച ജാഥയുടെ പല കേന്ദ്രത്തിലും വി.കെ.എസ് എത്തുമായിരുന്നു. പാട്ടിലെ പിഴവുകളുണ്ടെങ്കിൽ രാത്രി എല്ലാവരെയും വിളിച്ചിരുത്തി ചിട്ടയാക്കും.
അക്കൊല്ലം (1987) ഡിസംബർ 19 മുതൽ 24 വരെ തൃശ്ശൂരിൽ നടന്ന അഖിലേന്ത്യ ബാലോത്സവം കേരളചരിത്രത്തിലെ ഏറ്റവും വലിയ മേളയായിരുന്നു.
1989 ഏപ്രിൽ 7, 8, 9 തീയതികളിൽ ഇടുക്കിയിലെ തട്ടക്കുഴയിൽ നടന്ന ബാലവേദി സംസ്ഥാനതല പ്രവർത്തകക്യാമ്പിൽ നിറഞ്ഞുനിന്ന വി.കെ.എസും ഓർമച്ചിത്രങ്ങളിൽ പ്രധാനമായുണ്ട്. അന്നെല്ലാം ജില്ല- മേഖലാ തലങ്ങളിലൊക്കെ നടത്തിയ ഇത്തരം ക്യാമ്പുകളുടെയും ബാലോത്സവങ്ങളുടെയും പരീക്ഷണഫലമാണ് പിന്നീടു സംസ്ഥാനത്ത്​വികസിപ്പിക്കപ്പെട്ട പുതിയ പാഠ്യപദ്ധതി. അതിനാൽ ബാലവേദി മേഖലയുടെ പ്രധാനി എന്ന നിലയിൽ വി.കെ.എസിന്റെ സംഭാവന വലുതാണ്.
അക്കാലം ബാലവേദിയുടെ യോഗങ്ങൾ കുട്ടികൾക്ക് ആവേശമായിരുന്നു. വൈവിദ്ധ്യമാർന്ന എന്തെന്തെല്ലാം പ്രവർത്തനങ്ങളായിരുന്നു!

അവധിക്കാലങ്ങളായിരുന്നു ഏറ്റവും സജീവം. ബാലവേദിക്കുട്ടികൾക്കായി ശാസ്ത്രസാഹിത്യ പരിഷത്ത് ധാരാളം ശാസ്ത്രാന്വേഷണ പ്രൊജക്റ്റുകൾ നിർദ്ദേശിക്കുമായിരുന്നു. മഴയളക്കലും വിത്തു പാകി ചെടിയുടെ വളർച്ച നിരീക്ഷിക്കലും താരതമ്യം ചെയ്യലും ഒക്കെ വളരെ ഗൗരവത്തോടെയാണ് കുട്ടികൾ ചെയ്തിരുന്നത്. അത്തരം അവധിക്കാല പ്രൊജക്റ്റുകളിൽ രസകരമായ ഒന്നായിരുന്നു ചക്ക നടൽ. 1987ലാണെന്നുതോന്നുന്നു, സംഗതി ഇതാണ് - പഴുത്ത ഒരു ചക്ക ഒന്നാകെ അതിന്റെ ഞെട്ടു മുകളിൽ വരത്തക്കവിധം കുഴിച്ചിടുക. അതിലെ എല്ലാ ചക്കക്കുരുവും കിളിർക്കുകയും ആ നാമ്പുകൾ എല്ലാംകൂടി ഞെട്ടിന്റെ ദ്വാരത്തിലൂടെ ഞെങ്ങിഞെരുങ്ങി ഒന്നായി പുറത്തുവരികയും ഒറ്റ മരമായി വളരുകയും ചെയ്യുമത്രേ. അതിന്റെ തടിക്ക് അസാധാരണ കടുപ്പവും പ്ലാവിന് അസാമാന്യവിളവും ഉണ്ടാകുമത്രേ. ഇതു ശരിയാണോ എന്നു പരീക്ഷിക്കാൻ ആയിരുന്നു പ്രൊജക്റ്റ്. (കഥാകാരി ഇന്ദു മേനോൻ ഇപ്പോഴും എന്നെ ഓർക്കുന്നത് അവരുടെ നാട്ടിൽ ബാലവേദിയിൽ ചെന്ന് ഈ പ്രൊജക്റ്റ് വിശദീകരിച്ചതാണത്രേ.)

അഷ്ടമുടിയുടെ തീരത്ത് നടന്ന വി.കെ.എസ്. കാവ്യോത്സവത്തിനിടെ മനോജ് .കെ. പുതിയവിള, സഞ്ജീവ് പ്രഭു, കോട്ടയ്ക്കൽ മുരളി, രമ തുടങ്ങിയ ആദ്യകാല കലാജാഥാ പ്രവർത്തകർക്കൊപ്പം വി.കെ.എസ്. / Photo: Manoj K. Puthiyavila, Facebook
അഷ്ടമുടിയുടെ തീരത്ത് നടന്ന വി.കെ.എസ്. കാവ്യോത്സവത്തിനിടെ മനോജ് .കെ. പുതിയവിള, സഞ്ജീവ് പ്രഭു, കോട്ടയ്ക്കൽ മുരളി, രമ തുടങ്ങിയ ആദ്യകാല കലാജാഥാ പ്രവർത്തകർക്കൊപ്പം വി.കെ.എസ്. / Photo: Manoj K. Puthiyavila, Facebook

പരിഷത്തിന്റെ ആദ്യകാല കലാജാഥകളിലെ ഒട്ടെല്ലാപ്പാട്ടുകളും വി.കെ.എസിന്റെ ഈണത്തിലാണ്. ആ ഈണങ്ങൾ അഖിലേന്ത്യ കലാജാഥകളിലൂടെ രാജ്യമെമ്പാടും എത്തി. പരിഷത്തിന്റെ പല സംസ്ഥാന സമ്മേളനങ്ങളിലും ആമുഖഗാനം വി.കെ.എസിന്റെയാണെങ്കിലും പരിഷത്തിന്റെ രജതജൂബിലി സമ്മേളനത്തിൽ അവതരിപ്പിക്കപ്പെട്ട സംഘമഹാഗാനം ശക്തിഗാംഭീരങ്ങൾകൊണ്ട് മനസിൽ നിറഞ്ഞുനിൽക്കുന്നു - ‘‘നെഞ്ചുയർത്തിയിന്ത്യയിൽ നമുക്കു പാടുവാനൊരൊറ്റ സംഘഗാനം... അതിൻ സിംഹനാദം...''.

സാക്ഷരതായജ്ഞവും ജനകീയാസൂത്രണവും അടക്കമുള്ള മഹാപ്രസ്ഥാനങ്ങൾക്കും വി.കെ.എസിന്റെ ഈണമായിരുന്നു ലഹരി. ഇന്നു മദ്ധ്യവസ്‌ക്കരൊക്കെയായ, 80-കൾ മുതലുള്ള എത്രയായിരം ബാലവേദിക്കൂട്ടുകാരുടെ ചുണ്ടുകളിൽ വി.കെ.എസിന്റെ എത്രയെത്ര ഈണങ്ങൾ ഇന്നും ഇഴുകിച്ചേർന്നുനിൽക്കുന്നു!

ഡോ. എം.പി. പരമേശ്വരൻ എഴുതിയ ‘ഹേ പ്രപഞ്ചമേ! നീ മായയാണോ, ഖരമോ ദ്രവമോ, നീ വാതകമോ... പ്ലാസ്മയോ പിന്നെ തേജസ്സോ നീ, ഇരുളോ വെളിച്ചമോ...?' എന്നീ വരികൾ പോലും ഈണം കൊണ്ട് എത്ര മനോഹരമാക്കി വി.കെ.എസ്!
ഓരോ വാക്കിന്റെയും ഭാവം ഈണത്തിൽ ആവാഹിക്കാൻ ഉണ്ടായിരുന്ന അസാധാരണമായ സിദ്ധിയായിരുന്നു വി.കെ.എസിന്റെ ഏറ്റവും വലിയ മഹത്വം. ‘‘എത്ര മനോഹരമാണവിടുത്തെ ഗാനാലാപനശൈലി...'' എന്ന് ഓർമിപ്പിക്കുന്ന ഗീതാഞ്ജലിയും പൂതപ്പാട്ടുമെല്ലാം ആ ഭാവനിർഭരനാദത്തിൽ എത്രയാവർത്തി കേട്ടിരിക്കുന്നു!

90-കളുടെ ആദ്യപകുതി പിന്നിട്ടതോടെ ജോലിത്തിരക്കും മറ്റും കാരണം ഞാൻ പരിഷത്തിൽ സജീവമല്ലാതായി. അക്കാലത്തൊരിക്കൽ വി.കെ.എസ് വിളിച്ചു; ‘‘നാലഞ്ചു പേരുടെ മഴക്കവിതകൾ ചിട്ടപ്പെടുത്തി തിരുവനന്തപുരത്ത് ഒരു വീട്ടിൽവച്ചു പാടുന്നുണ്ട്. നീ വരണം. ചിലരെയൊക്കെ വിളിച്ച് പങ്കെടുക്കാൻ ഏർപ്പാടു ചെയ്യണം.''
സുഗതകുമാരി, ആർ. രാമചന്ദ്രൻ, ഒ.വി. ഉഷ, സാവിത്രി രാജീവൻ, ലളിത ടീച്ചർ തുടങ്ങിയവരുടേതായിരുന്നു കവിതകൾ എന്നാണ് ഓർമ. അതിൽ ചിലരടക്കം ഒരു കൈയുടെ വിരലിലെണ്ണാവുന്നവർ മാത്രം. അവർക്കുമുന്നിൽ വി.കെ.എസ് പാടി: ‘‘മഴ പെയ്തു... മഴയോടൊപ്പം സ്മൃതിയും നിലവും നിനവും നനവാർന്നു... കോടക്കാറേ... ഇനിയും പെയ്യൂ...''

വി.കെ.എസ്.
വി.കെ.എസ്.

വി.കെ.എസിന് പാടാൻ നാലു കേൾവിക്കാർ തന്നെ അധികം. നല്ല ആസ്വാദകർ ആയിരിക്കണമെന്നുമാത്രം. പാടാൻ കവിത തെരഞ്ഞെടുക്കുന്നതും കവിയുടെ വലിപ്പമോ കവിതയുടെ പ്രശസ്തിയോ നോക്കിയല്ല. ആനുകാലികങ്ങളൊക്കെ വായിക്കുമ്പോൾ മനസിൽ കയറിക്കൂടുന്ന ഏതു കവിതയും അതിന്റെ ആത്മാവിലുള്ള ഈണം കണ്ടെത്തി അദ്ദേഹം ഹൃദ്യമാക്കും.

ഒരിക്കൽ കരകുളം കലാഗ്രാമത്തിൽ കുട്ടികൾക്കായി ‘പൂതപ്പാട്ട്' പാടാൻ വന്നപ്പോൾ ജീവിതപങ്കാളിയോടും മകനോടുമൊപ്പം പോയതും നല്ല ഓർമ.
പിന്നെ വി.കെ.എസിന്റെ പാട്ടുപെരുമഴകൾ വി.കെ.എസ് ഗാനോത്സവങ്ങളിൽ ആയിരുന്നു. കൊല്ലത്ത് അഷ്ടമുടിക്കായൽത്തീരത്തിരുന്നു ഒന്ന്. പിന്നൊന്ന് കരുനാഗപ്പള്ളിയിലും. ദിവസം മുഴുവൻ വി.കെ.എസ് പാട്ടുകൾ കേൾക്കാനും വി.കെ.എസിനെയും കുടുംബത്തെയും കാണാനും 20-25-30 വർഷങ്ങൾക്കു മുമ്പത്തെ കുറെയേറെ സുഹൃത്തുക്കളെയും അവരുടെ മക്കളെയുമൊക്കെ കാണാനും അവരിൽ പലരുടെയും പാട്ടു കേൾക്കാനും ഒക്കെയുള്ള അവസരമായി അവ. അപൂർവ്വമായി കിട്ടിയ അവിസ്മരണീയമായ ദിനങ്ങൾ.

നാടകപ്രവർത്തകയും ‘നാടക്' ഭാരവാഹിയുമായ ശൈലജയുടെ ചാരുമ്മൂട്ടിലെ വീടായ ‘വൈഖരി'യിൽ ഒരിക്കൽ വി.കെ.എസ് പാട്ടിന്റെ പെരുമഴ പെയ്യിച്ചു. പൂതപ്പാട്ടും ഗീതാഞ്ജലിയും മലയാളപ്പെരുമ വിളിച്ചോതുന്ന പാട്ടുകളും കവിതകളുമൊക്കെ ചൊല്ലി. ‘അക്ഷരം തൊട്ടു തുടങ്ങാം...' പോലുള്ള പാട്ടുകൾ സദസ്സിനെക്കൊണ്ട് ഏറ്റുപാടിച്ച് ആ സായാഹ്നത്തെ സംഗീതമധുരമാക്കി.
എഴുതാൻ ഓർമകൾ ഇനിയുമേറെയുണ്ട്. വി.കെ.എസിനെപ്പറ്റി ഒരു ഡോക്യുമെന്ററി ചെയ്യണമെന്ന ആഗ്രഹം അദ്ദേഹം നിരുത്സാഹപ്പെടുത്തിയതിനാൽ നിറവേറാതെ കിടാക്കുന്നു.

വി.കെ.എസിനെ സ്‌നേഹിക്കുന്ന എല്ലാവരോടുമായി ഒരു അഭ്യർത്ഥന: വി.കെ.എസ് ചിട്ടപ്പെടുത്തിയ മുഴുവൻ കലാജാഥാപ്പാട്ടും അതേ രൂപത്തിൽ റെക്കോഡ് ചെയ്തു സൂക്ഷിക്കാനും 80-കളിൽ പരിഷത്ത് ഇറക്കിയ കാസറ്റുകളിലെ പാട്ടുകൾ ഡിജിറ്റൈസ് ചെയ്ത് ആർക്കൈവ് ചെയ്ത് പൊതുസമൂഹത്തിനു ലഭ്യമാക്കാനും ആ പ്രവർത്തനം ഒരു ‘സംഭവം' ആക്കിമാറ്റാനും ഒരു കർമപദ്ധതി ആരെങ്കിലും ആവിഷ്‌കരിച്ചാൽ കൊള്ളാം.


Summary: ശാസ്ത്രസാഹിത്യ പരിഷത്ത് മുൻ ജനറൽ സെക്രട്ടറിയും ജനകീയ ഗായകനുമായിരുന്ന വി.കെ.എസ് എന്ന വി.കെ. ശശിധരനെ ഓർക്കുകയാണ് ലേഖകൻ. പരിഷത്തിന്റെ കലാജാഥകളിലൂടെയും ബാലവേദികളിലൂടെയും സാക്ഷരതായജ്ഞം, ജനകീയാസൂത്രണം തുടങ്ങിയ മൂവ്‌മെന്റുകളിലൂടെയും കേരളമാകെ നിറഞ്ഞുനിന്ന ആ ഗംഭീര നാദവും ഈണവും മലയാളി കേൾവിയുടെ ഏറ്റവും ഗംഭീരമായ അനുഭവങ്ങളാണ്. വി.കെ.എസ് ഒക്‌ടോബർ ആറിന് പുലർച്ചെ മരിച്ചു.


Comments