ഒരേയൊരു മേരി റോയ്

ഇന്ത്യയെപ്പോലൊരു ജനാധിപത്യസമൂഹത്തിൽ മനുഷ്യവിരുദ്ധമായ മതനിയമങ്ങൾക്ക് ഒരു സ്ഥാനവുമില്ലെന്ന് മേരി റോയിയുടെ പോരാട്ടജീവിതം തെളിയിക്കുന്നു. വ്യക്തിജീവിതങ്ങൾക്കുമേൽ സമ്പൂർണമായ സ്വേച്ഛാധികാരം കൈയാളുന്ന സഭയെയും പുരോഹിതവർഗത്തെയും ഇവർക്ക് ഒത്താശ ചെയ്യുന്ന ഭരണകൂടങ്ങളെയുമാണ് മേരി റോയി തനിച്ച് എതിരിട്ടത്. അത് ഒരു സ്ത്രീയുടെ പോരാട്ടം എന്നതിനൊപ്പം, ആധുനിക ജനാധിപത്യ സമൂഹത്തിൽ ഒരു പൗര നടത്തിയ വലിയ മനുഷ്യാവകാശസംരക്ഷണ പ്രവർത്തനം കൂടിയായി മാറുന്നു.

തത്തിന്റെയും കുടുംബ സംവിധാനത്തിന്റെയും സ്ത്രീവിരുദ്ധമായ കൽപ്പനകളെ ഒറ്റക്കുനേരിട്ട്, നിയമസംവിധാനത്തിന്റെ വ്യവസ്ഥാപിതവഴിയിലൂടെ തന്നെ അവക്ക് പുരോഗമനപരമായ ഒരു തിരുത്ത് നേടിയെടുത്ത സ്ത്രീ എന്ന നിലയ്ക്കാണ്​മേരി റോയി കേരള ചരിത്രത്തിൽ അടയാളപ്പെടുത്തപ്പെടുക.

പിതൃസ്വത്തിൽ പെൺമക്കൾക്ക് അർഹമായ അവകാശം നിഷേധിക്കുന്ന 1916ലെ തിരുവിതാംകൂർ സിറിയൻ ക്രിസ്ത്യൻ പിന്തുടർച്ചാനിയമത്തിനെതിരെ സുപ്രീംകോടതി വരെ അവർ നടത്തിയ ഏകാംഗ നിയമയുദ്ധം, 1986ൽ ഈ നിയമം അസാധുവാക്കുന്നതിലേക്കാണ് നയിച്ചത്. നിയമം റദ്ദാക്കിയ സുപ്രീംകോടതിവിധി ക്രിസ്ത്യൻ സമുദായത്തെ നിയന്ത്രിച്ചുകൊണ്ടിരുന്ന സഭയെയും പുരോഹിതവർഗത്തെയും അവരോടൊപ്പമുള്ള രാഷ്ട്രീയകക്ഷികളെയും വിറളിപിടിപ്പിച്ചെങ്കിലും മേരി റോയ് ഇവരെയെല്ലാവരെയും ഒറ്റക്കുതന്നെ നേരിട്ടു. സംഘർഷഭരിതമായ സ്വന്തം ജീവിതം നൽകിയ പാഠങ്ങളാണ് അവരെ, അതിജീവനത്തിലേക്ക് നയിച്ചത്.

സാമ്പത്തികഭദ്രതയുള്ള കുടുംബത്തിലാണ് മേരി ജനിച്ചത്. മുത്തച്ഛൻ ജോൺ കുര്യൻ കോട്ടയത്തെ ആദ്യത്തെ സ്‌കൂളുകളിൽ ഒന്നായ അയ്മനം സ്‌കൂളിന്റെ സ്ഥാപകനായിരുന്നു. മലയാളം മീഡിയത്തിൽ പഠിക്കാൻ കുട്ടികളില്ലാതിരുന്നതുകൊണ്ടാണ് ആ സ്‌കൂൾ പൂട്ടിപ്പോയതെന്ന് ഒരു അഭിമുഖത്തിൽ മേരി പറയുന്നുണ്ട്.

നാലു മക്കളിൽ ഏറ്റവും ഇളയവളായിരുന്ന മേരി. കൃഷിവകുപ്പിൽ ഉന്നത ഉദ്യോഗസ്ഥനായ അച്ഛൻ പി.വി. ഐസക് പ്രമുഖ സിറിയൻ ക്രിസ്ത്യൻ കുടുംബാംഗവും എന്റമോളജിസ്റ്റുമായിരുന്നു. മേരിയുടെ അമ്മയും സമ്പന്നമായ ഒരു സിറിയൻ ക്രിസ്ത്യൻ കുടുംബാംഗമായിരുന്നു. വൻ തുക സ്ത്രീധനം നൽകിയായിരുന്നു അവരുടെ വിവാഹം. നാലു വയസ്സുകാരിയായ മേരിയും കുടുംബവും 1937ലാണ് പിതാവിനൊപ്പം ഡൽഹിയിലെത്തിയത്. ഡൽഹി ജീസസ് മേരി കോൺവെന്റിലായിരുന്നു സ്‌കൂൾ വിദ്യാഭ്യാസം. ഡൽഹിയിൽനിന്ന് പെൻഷനായി മടങ്ങിയ പിതാവ് ഊട്ടിയിൽ ഒരു വീടു വാങ്ങി. ഊട്ടിയിൽ പിതാവിന്റെ കൂടെയുള്ള ജീവിതം മേരിക്ക് നരകതുല്യമായിരുന്നു. ഐസക് മേരിയുടെ അമ്മയെ നിരന്തരം മർദ്ദിക്കുമായിരുന്നു. ഒരു ദിവസം അമ്മയെ വീട്ടിൽനിന്ന് അടിച്ചുപുറത്താക്കി, പിന്നീട് അവർ കേരളത്തിലേക്ക് മടങ്ങി.

മേരി റോയ്ക്കൊപ്പം അരുന്ധതി റോയ്
മേരി റോയ്ക്കൊപ്പം അരുന്ധതി റോയ്

ചെന്നൈ ക്വീൻ മേരീസ് കോളേജിലായിരുന്നു മേരിയുടെ ബിരുദ പഠനം. സ്വന്തം കാലിൽ നിൽക്കാനുള്ള ഇച്ഛ അന്നുമുതൽ അവരെ ഒരു ജോലിക്കുവേണ്ടിയുള്ള അന്വേഷണങ്ങളിലെത്തിച്ചു. അങ്ങനെ ബിരുദപഠനശേഷം, കൊൽക്കത്തയിൽ ജോലി ചെയ്തിരുന്ന മൂത്ത ജ്യേഷ്ഠൻ ജോർജിന്റെ അടുത്തേക്ക് മേരി പോയി. മെറ്റൽ ബോക്‌സ് എന്ന കമ്പനിയിൽ സെക്രട്ടറിയായി. അവിടെ വച്ചാണ്, പിന്നീട് ജീവിതപങ്കാളിയായും ദുരന്തപൂർണമായ ഒരു ബന്ധത്തിന്റെ കണ്ണിയായും മാറിയ രാജീബ് റോയിയെ കണ്ടുമുട്ടിയത്. തീർത്തും അരക്ഷിതവും ഏകാന്തവും ദുരിതമയവുമായ ജീവിതത്തിന് ഒരു കൂട്ട് എന്ന നിലയിലാണ് മേരി രാജീബ് റോയിയുടെ ജീവിതം പങ്കിടാൻ തയാറായത്. എന്നാൽ, അമിത മദ്യപാനവും മറ്റും മൂലം ജീവിതം താളം തെറ്റിയ നിലയിലായിരുന്നു അദ്ദേഹം. തുടരെത്തുടരെ ജോലികൾ മാറുകയും സാമ്പത്തിക സ്ഥിതി മോശമാകുകയും ചെയ്തു. ഒടുവിൽ, 30ാം വയസ്സിൽ മേരി റോയ്, മക്കളായ ലളിത് റോയ്, അരുന്ധതി റോയ് എന്നിവരെയും കൊണ്ട് ഊട്ടിയിൽ പൂട്ടിക്കിടന്നിരുന്ന പിതാവിന്റെ കോട്ടേജിലെത്തി താമസം തുടങ്ങി. ലളിതിന് അന്ന് അഞ്ചും അരുന്ധതിക്ക് മൂന്നും വയസായിരുന്നു അന്ന്.

പിതാവ് ഐസക് വിൽപത്രം എഴുതിവക്കാതെയാണ് മരിച്ചത്. അതുകൊണ്ടുതന്നെ, സഹോദരൻ ജോർജിന്റെ കൈവശമായിരുന്നു, പിതാവിന്റെ കോട്ടേജ്. അത് മേരി കൈവശപ്പെടുത്തുമോ എന്ന ആശങ്കയിൽ സഹോദരൻ ജോർജ്, അവിടെനിന്ന് ഒഴിയാനാവശ്യപ്പെട്ടു. മേരി അത് നിരസിച്ചു. പിതാവിന്റെ വീട് വിൽക്കാനും സഹോദരൻ നീക്കം നടത്തി. എന്നാൽ, ഇത് മേരി എതിർത്തു. തനിക്കും ഇതിൽ ഓഹരിയുണ്ടെന്ന് അവർ പറഞ്ഞപ്പോൾ, 1916ലെ തിരുവിതാംകൂർ ക്രിസ്ത്യൻ പിന്തുടർച്ചാവകാശ നിയമം ചൂണ്ടിക്കാട്ടി അത് നിരസിക്കുകയാണ് സഹോദരൻ ചെയ്തത്. മേരി, കുടുംബത്തിന്റെ എതിർപ്പ് വകവെക്കാതെ സിറിയൻ ക്രിസ്ത്യൻ സമുദായത്തിനുപുറത്തുള്ള ആളെ വിവാഹം കഴിച്ചുവെന്നത്, സ്ത്രീധനവും കുടുംബസ്വത്തിലെ പങ്കും നൽകാതിരിക്കാനുള്ള കാരണമായി കുടുംബം കണ്ടു. ഒടുവിൽ, മേരിയെ ബലംപ്രയോഗിച്ച് സഹോദരൻ വീട്ടിൽനിന്നിറക്കിവിട്ടു.

പിതാവിന്റെ സ്വത്തിൽ മകന് ലഭിക്കുന്ന വീതത്തിന്റെ നാലിലൊന്നോ 5000 രൂപയോ എതാണ് കുറവ് അതുമാത്രമേ നിയമപ്രകാരം തനിക്കു ലഭിക്കുന്നുള്ളൂ എന്ന് മേരി മനസ്സിലാക്കി. രാജ്യം തന്നെ ശ്രദ്ധിച്ച ആ നിയമപോരാട്ടത്തിന്റെ തുടക്കമായിരുന്നു അത്.

മകൾ എന്ന നിലയിൽ തനിക്കുള്ള അവകാശം നിഷേധിക്കുന്ന നിയമത്തെക്കുറിച്ച് അവർ അന്വേഷണം തുടങ്ങി. മദ്രാസ് ഹൈകോടതിയിൽ ഈ നിയമത്തെ ചോദ്യം ചെയ്ത് അവർ കേസുകൊടുത്തു. മേരിക്ക് അനുകൂലമായിരുന്നു വിധി. ഇതേതുടർന്ന് വീട് ഇഷ്ടദാനമായി മേരിക്ക് നൽകേണ്ടിവന്നു. സ്വന്തമായി കിട്ടിയ ആ വീടുവിറ്റ് കോട്ടയത്തേക്കുമടങ്ങിയ അവർ, 1967ൽ കോർപസ് ക്രിസ്റ്റ് ഹൈസ്‌കൂൾ തുടങ്ങി. അരുന്ധതിയും മകൻ ലളിതും അടക്കം ഏഴു വിദ്യാർഥികളുമായാണ് സ്‌കൂൾ തുടങ്ങിയത്. ഊട്ടിയിലെ വീട് വിറ്റ് കിട്ടിയ പണത്തിൽ ഒരു ലക്ഷം രൂപ കൊണ്ടാണ് സ്‌കൂൾ ഇരിക്കുന്ന അഞ്ചേക്കർ വാങ്ങിയത്.

കോട്ടയത്തെ താമസത്തിനിടയിൽ, ക്രിസ്ത്യൻ പിന്തുടർച്ചാവകാശ നിയമം അവരുടെ ജീവിതത്തിൽ വീണ്ടും ഇടപെടാൻ തുടങ്ങി. നാട്ടിലുള്ള കുടുംബസ്വത്തിൽ, ഈ നിയമപ്രകാരം തനിക്ക് അവകാശമില്ലെന്ന് അവർ തിരിച്ചറിഞ്ഞു. അങ്ങനെയാണ്, 1916 ലെ തിരു-കൊച്ചി ക്രിസ്ത്യൻ പിന്തുടർച്ചാവകാശ നിയമവും 1921ലെ കൊച്ചിൻ പിന്തുടർച്ചാവകാശ നിയമവും റദ്ദാക്കണമെന്നാവശ്യപ്പെട്ട് മേരി റോയി 1984ൽ സുപ്രീംകോടതിയെ സമീപിച്ചത്. 1986ൽ നിയമം അസാധുവാക്കി സുപ്രീംകോടതി ഉത്തരവിട്ടു. വിൽപ്പത്രമെഴുതാതെ മരിക്കുന്ന പിതാവിന്റെ സ്വത്തിൽ ആൺമക്കൾക്കും പെൺമക്കൾക്കും തുല്യമായ അവകാശമുണ്ടെന്നായിരുന്നു വിധി. ഇന്ത്യയിൽ എല്ലായിടത്തും നിലനിൽക്കുന്ന 1925ലെ ഇന്ത്യൻ പിന്തുടർച്ചാവകാശ നിയമം മാത്രമാണ് എല്ലാവർക്കും ബാധകമെന്നും മറ്റെല്ലാ നിയമങ്ങളും അസാധുവാണെന്നം വിധിയിൽ ചൂണ്ടിക്കാട്ടി. നിയമയുദ്ധം വഴി, പിതൃസ്വത്തിൽനിന്ന് നാട്ടകത്ത് ലഭിച്ച ഭൂമി, സഹോദരനുതന്നെ തിരിച്ചുനൽകി അവർ മധുരമായി പ്രതികാരവും ചെയ്തു.

ഇന്ത്യയെപ്പോലൊരു ജനാധിപത്യസമൂഹത്തിൽ മനുഷ്യവിരുദ്ധമായ മതനിയമങ്ങൾക്ക് ഒരു സ്ഥാനവുമില്ലെന്ന് മേരി റോയിയുടെ പോരാട്ടജീവിതം തെളിയിക്കുന്നു. വ്യക്തിജീവിതങ്ങൾക്കുമേൽ സമ്പൂർണമായ സ്വേച്ഛാധികാരം കൈയാളുന്ന സഭയെയും പുരോഹിതവർഗത്തെയും ഇവർക്ക് ഒത്താശ ചെയ്യുന്ന ഭരണകൂടങ്ങളെയുമാണ് മേരി റോയി തനിച്ച് എതിരിട്ടത്. അത് ഒരു സ്ത്രീയുടെ പോരാട്ടം എന്നതിനൊപ്പം, ആധുനിക ജനാധിപത്യ സമൂഹത്തിൽ ഒരു പൗര നടത്തിയ വലിയ മനുഷ്യാവകാശസംരക്ഷണ പ്രവർത്തനം കൂടിയായി മാറുന്നു.

‘അമ്മ എന്നതിനേക്കാളേറെ അവർ ഒരു സ്ത്രീയാണ്, വളരെ ഉൾക്കരുത്തുള്ള സ്ത്രീ' എന്ന് വനിതക്കുവേണ്ടി നടത്തിയ അഭിമുഖത്തിൽ പ്രിയ എ.എസിനോട്​അരുന്ധതീ റോയ് പറയുന്നുണ്ട്. അരുന്ധതീ റോയിയുടെ ഈ വിശേഷണം മേരി റോയിയുടെ ജീവിതത്തിന്റെ സാർഥകമായ അടിക്കുറിപ്പായി മാറുന്നു.


Summary: ഇന്ത്യയെപ്പോലൊരു ജനാധിപത്യസമൂഹത്തിൽ മനുഷ്യവിരുദ്ധമായ മതനിയമങ്ങൾക്ക് ഒരു സ്ഥാനവുമില്ലെന്ന് മേരി റോയിയുടെ പോരാട്ടജീവിതം തെളിയിക്കുന്നു. വ്യക്തിജീവിതങ്ങൾക്കുമേൽ സമ്പൂർണമായ സ്വേച്ഛാധികാരം കൈയാളുന്ന സഭയെയും പുരോഹിതവർഗത്തെയും ഇവർക്ക് ഒത്താശ ചെയ്യുന്ന ഭരണകൂടങ്ങളെയുമാണ് മേരി റോയി തനിച്ച് എതിരിട്ടത്. അത് ഒരു സ്ത്രീയുടെ പോരാട്ടം എന്നതിനൊപ്പം, ആധുനിക ജനാധിപത്യ സമൂഹത്തിൽ ഒരു പൗര നടത്തിയ വലിയ മനുഷ്യാവകാശസംരക്ഷണ പ്രവർത്തനം കൂടിയായി മാറുന്നു.


കെ. കണ്ണൻ

ട്രൂകോപ്പി എക്സിക്യൂട്ടീവ് എഡിറ്റർ.

Comments