മാട്ടുംഗയിലെ പ്രശസ്തമായ ഇറാനിയൻ കഫെ 'കൂളർ ആന്റ് കമ്പനി'

മാട്ടുംഗ മിറാക്ക്​ൾ

ബോംബെയിലെ മലയാളികളടക്കമുള്ള ദക്ഷിണേന്ത്യക്കാരുടെ തട്ടകമായ മാട്ടുംഗയുടെ വൈചിത്ര്യമാർന്ന ജീവിതങ്ങളിലേക്ക്​, വർഷങ്ങൾക്കുശേഷം ഒരു തിരിച്ചുപോക്ക്​

ർഷങ്ങൾക്കുശേഷം വീണ്ടും ബോംബെയിലെത്തി.
ബാന്ദ്ര ഗവ. കോളനിയിൽനിന്ന് ബസ്​ പിടിച്ച് റെയിൽവെ സ്റ്റേഷനിൽ വന്നപ്പോൾ സമയം രാവിലെ ഒമ്പത് കഴിഞ്ഞിരുന്നു. ഓഫീസുകളിലേയ്ക്ക് തിരക്കിട്ടോടുന്ന വൈറ്റ്‌കോളർ ജീവനക്കാർ. ‘മല്ലികൈപ്പു മുളം അഞ്ചുരൂപൈ' എന്ന്​ കരയുന്ന സ്വരത്തിൽ പറയുന്ന തമിഴ്‌ പെൺകുട്ടിയുടെ ശബ്ദം ആൾക്കൂട്ടത്തിൽ ഞെരിഞ്ഞമരുകയാണ്​. ‘അള്ളാ കാനാം സെ, ഭഗ്വാൻ കാ നാം സെ, കുച്ച് മദത് കരോ സാഹേബ്' എന്ന്​ വിലപിക്കുന്ന യാചകർ... ഏതെങ്കിലുമൊരു ദൈവം തങ്ങളിൽ പ്രസാദിക്കട്ടെ എന്നാണ് അവരുടെ പ്രാർത്ഥന.
കടകടാരവം മുഴക്കി പാഞ്ഞുവരുന്ന സബർബൻ ട്രെയിനുകളിൽനിന്ന്​ പരശ്ശതം യാത്രികർ സാഹസികമായി ഇറങ്ങുകയും കയറുകയും ചെയ്യുന്ന അമ്പരപ്പിക്കുന്ന കാഴ്ചക്കും മാറ്റമില്ല. വീരാറിൽനിന്ന് ദാദർ വരെയുള്ള 12 ബോഗികളുള്ള ‘ബാരാഡബ്ബ’ ഫാസ്റ്റ് ബാന്ദ്രയിലെത്തി. അതിൽ അധികം തിരക്കുണ്ടായിരുന്നില്ല. മാഹിം സ്റ്റേഷൻ പിന്നിട്ട് വണ്ടി മാട്ടുംഗ റോഡ് സ്റ്റേഷനിൽ നിർത്താതെ ദാദർ വെസ്റ്റേൺ റെയിൽവേ 5-ാം നമ്പർ പ്ലാറ്റ്‌ഫോമിൽ യാത്ര അവസാനിപ്പിച്ചു.

തീതുപ്പി പാഞ്ഞുപോകുന്ന കാലങ്ങൾക്കൊപ്പം എത്രയോ മനുഷ്യരുമുണ്ട്​; ഒരു മാറ്റവുമില്ലാതെ... മഹാനഗരത്തിനുമില്ല, മാറ്റം.

നടക്കാൻ മാത്രം ദൂരമുള്ള മാട്ടുംഗയിലേയ്ക്ക് അനാവശ്യമായി ടാക്‌സി പിടിച്ചു. പ്രായത്തിന്റെ വിവശത വല്ലാതെ വലയ്ക്കുന്നു. ടാക്‌സിക്കാരനോട് ‘മാട്ടുംഗ തക്' എന്നുപറഞ്ഞപ്പോൾ ചെറിയ സവാരിയിൽ അയാൾക്ക്​ വലിയ താൽപര്യം കണ്ടില്ല. എങ്കിലും ടാക്‌സിവാലകളുടെ പൊതുസ്വഭാവമനുസരിച്ച് കാറിന്റെ മുൻഡോർ തുറന്നുപിടിച്ച് അയാൾ പറഞ്ഞു; ‘ബൈഠിയേ...'
മീറ്റർ താഴ്​ത്തി വയോധികനായ ഡ്രൈവർ ഫിയറ്റ് മുന്നോട്ടെടുത്തു. മുരൾച്ചയോടെ ഒരു ശരം പോലെ പാഞ്ഞ് പോദ്ദാർ കോളേജും മാട്ടുംഗ ജിംഖാനയും താണ്ടി മാട്ടുംഗ കാർ കബൂത്തർ ഖാനയിൽ നിർത്തി. ടാക്‌സിക്കൂലിയും പത്തുരൂപ ദക്ഷിണയും നൽകിയിട്ടും ടാക്‌സിവാലയുടെ മുഖം പ്രസന്നമായില്ല. ‘‘ഇത്‌നാ മെഹംഗായി! ലോഗ്‌കൊ രോജ്ഗാർ നഹി. കൈസേ ദിൻ കാഠേഗാ.’’ പെട്രോളിന്റെ തീ പിടിച്ച വിലയെപ്പറ്റിയും തൊഴിലില്ലാത്ത ദിവസങ്ങങ്ങളെക്കുറിച്ചും അയാൾ പിറുപിറുത്തുകൊണ്ടിരുന്നു.

വർഷങ്ങൾക്കിപ്പുറവും കടകടാരവം മുഴക്കി പാഞ്ഞുവരുന്ന സബർബൻ ട്രെയിനുകളിൽനിന്ന് പരശ്ശതം യാത്രികർ സാഹസികമായി ഇറങ്ങുകയും കയറുകയും ചെയ്യുന്ന അമ്പരപ്പിക്കുന്ന കാഴ്ചക്ക് മാറ്റമില്ല /Photo: Wikimedia Commons

പേരു മാറിയ സ്​ഥലങ്ങൾ

മാട്ടുംഗ എനിക്ക് ഒരുപാട് സുന്ദരമായ​ ഓർമകൾ സമ്മാനിച്ച ഇടമാണ്. മൈലാപ്പൂരിന്റെ റിപ്പബ്ലിക്കായ ഈ ദേശത്ത് സെൻറ്​ തോമസ് കത്തീഡ്രൽ കാണാനില്ല. പട്ടുചേലയുടുത്ത, മൂക്കിൽ വൈരമൂക്കുത്തിയണിഞ്ഞ മാമിമാർ തുണിസഞ്ചിയുമായി ബാജി മാർക്കിറ്റിലേയ്ക്ക് നീങ്ങുന്നു. പുതുവേഷമായ ലഹൻചാ ചോളി ധരിച്ച യുവതികൾ കലപിലയോടെ ബണ്ഡാർക്കർ റോഡിലെ ദാഗിനാ ജ്വല്ലേഴ്‌സിനു മുമ്പിൽ കൂട്ടംകൂടി നില്ക്കുന്നു. തെലംഗ് റോഡിലെ ‘നള്ളി' സാരീസിൽ കാഞ്ചിപുരം പട്ടുസാരികൾ തിരിച്ചും മറിച്ചും നോക്കുന്ന ദുർമേദസ്സുള്ള ഗുജറാത്തി സ്ത്രീകൾ. ‘ശങ്കരമഠ'ത്തിന്റെ ചവിട്ടുപടികളിലിരുന്ന്​ പഴങ്കഥകൾ വിളമ്പുന്ന വയോധികരുടെ പതിവുദൃശ്യം എന്തുകൊണ്ടോ കണ്ടില്ല. കോവിഡ് ഭീതിയാകാം കാരണം. തൊട്ടടുത്ത് കല്യാൺ ജ്വല്ലേഴ്‌സിന്റെ പുതിയ ഷോറും. ഇതേ റോഡിന്റെ എതിർഭാഗത്തുണ്ടായിരുന്ന ‘ഡബ്ബാവാല' മാൻഷൻ ഇടിച്ചുനിരത്തി പുതിയൊരു കെട്ടിടം നിർമിച്ചുകൊണ്ടിരിക്കുന്നു. അതിന്റെ താഴെ നിലയിലെ ‘മണീസ് ലഞ്ച് ഹോം' ഉടമ, പാലക്കാട്ടുകാരനും ഹ്യുമനിസ്റ്റുമായ സുഹൃത്ത് നാരായണസ്വാമി ഒരു വർഷം മുമ്പ്​ മരിച്ചു.

പുല്ലു വില്ക്കുന്ന സ്ത്രീയിൽനിന്ന്​ അഞ്ചു രൂപയ്ക്ക് പുല്ല് വാങ്ങി ലാംപ് പോസ്റ്റിൽ കെട്ടിയിട്ട ‘ഗോമാതാവിന്​’ നൽകുകയാണ്​ ചില ഭക്തർ... അതായത്, ആനന്ദിന്റെ ആൾക്കൂട്ടത്തിൽ പറയുന്ന ‘Cow feeder.' എന്നിട്ടും പശു, കരയുന്നുണ്ട്.

കബൂത്തർഖാനയിൽ സഹൃദയർ വാരിവിതറിയ ഗോതമ്പുമണികൾ കൊത്തിത്തിന്നാനെത്തിയ പ്രാവിൻകൂട്ടം ടാക്‌സികളുടെ ഹോണടി കേട്ട് പറന്നകന്നു. ബണ്ഡാർക്കർ റോഡിലൂടെ കിങ്ങ്‌ സർക്കിൾ ലക്ഷ്യമാക്കി നടന്നു. കിങ്ങ്‌സ് സർക്കിൾ ഗാർഡൻ എന്ന, ബ്രിട്ടീഷ് രാജഭരണത്തിന്റെ ഓർമയുണർത്തുന്ന പഴയ പേര് മറാഠിവൽക്കരിച്ച് ‘മഹേശ്വരി ഉദ്യാൻ' എന്നാക്കിയിട്ട്​ നാളേറെയായി. ഗോഥിക് ശില്പകലയുടെ മകുടോദാഹരണമായ ഫോർട്ടിലെ ഫ്‌ളോറാ ഫൗണ്ടൻ ‘ഹുതാത് മാ ചൗക്ക്' എന്നും സയൺ ‘ശിവ്' എന്നും വിക്ടോറിയ ടെർമിനസ്​ ഛത്രപതി ശിവജി ടെർമിനസ്​ എന്നും മാറ്റിയത്​ശിവസേനയുടെ പേരുമാറ്റ ‘വിപ്ലവ’ത്തിന്റെ അടയാളങ്ങളായി നിൽക്കുന്നു. മഹേശ്വരി ഉദ്യാനിലെ കോൺക്രീറ്റ് ബഞ്ചുകളിലൊന്നിൽ കിടന്നുറങ്ങുന്ന ഒരു പാവം ബയ്യയും അവിടെ തലയുയർത്തി നില്ക്കുന്ന കോണിഫറസ് മരങ്ങളും ഈ പേരുമാറ്റ ‘ശസ്ത്രക്രിയ' ഒരുപക്ഷേ അറിഞ്ഞിട്ടുണ്ടാകില്ല!

സയണിൽ നിന്നാരംഭിക്കുന്ന ഫ്‌ളൈഓവറിൽ ബി.എസ്.ടി ബസുകൾ നിരനിരയായി വരുന്നു, ഒച്ചുകളെപ്പോലെ. സർക്കിളിനു (ക്ഷമിക്കണം; മഹേശ്വരി, ഉദ്യാനിന്!) ചുറ്റുമുള്ള പഴയ ബഹുനില കെട്ടിടങ്ങളിൽ പുതിയ ചായം പൂശിയിരിക്കുന്നു. സർക്കിൾ ഒന്നുചുറ്റി കൊച്ചുഗുരുവായൂരപ്പൻ ക്ഷേത്രപരിസരത്തെത്തി. പുല്ലു വില്ക്കുന്ന സ്ത്രീയിൽനിന്ന്​ അഞ്ചു രൂപയ്ക്ക് പുല്ല് വാങ്ങി ലാംപ് പോസ്റ്റിൽ കെട്ടിയിട്ട ‘ഗോമാതാവിന്​’ നൽകുകയാണ്​ ചില ഭക്തർ... അതായത്, ആനന്ദിന്റെ ആൾക്കൂട്ടത്തിൽ പറയുന്ന ‘Cow feeder.' എന്നിട്ടും പശു, കരയുന്നുണ്ട്. സെറ്റുമുണ്ടുടുത്ത, അതിന് മാച്ചു ചെയ്യുന്ന ബ്ലൗസണിഞ്ഞ, ചന്ദനക്കുറിയിട്ട മലയാളി സ്​ത്രീകളെ കണ്ടപ്പോൾ, ഇന്ന് കന്നി ഒന്നാണല്ലോ എന്നോർമ വന്നു. അവർ കടന്നു പോയപ്പോൾ ഇൻറിമേറ്റ് പെർഫ്യൂമിന്റെ മണം മൂക്കിലടിച്ചു. മരച്ചുവട്ടിലുള്ള പഴയ
പുസ്തകകച്ചടവക്കാരിൽ ഒരാൾ തമ്പാക്ക് ചവച്ചുകൊണ്ടിരിക്കുന്നു. ‘പുസ്തകം ദൂരെത്തെറിഞ്ഞെന്റെ കൂട്ടരേയീ, പുത്തിലഞ്ഞിച്ചോട്ടിൽ ഒന്നിച്ചിരിക്കുവിൻ' എന്ന കവിതാശകലം അക്ഷരംപ്രതി പാലിക്കുന്നവനാണ് ഞാൻ. എങ്കിലും അവിടെ നിരത്തിവെച്ചിരിക്കുന്നവയിൽ മിൽസ് ആൻറ്​ ബൂൺസ് പ്രേമകഥകളും ബാർബറാ കാർട്ട്​ലാൻറ്​ കൃതികളും, ശോഭാ ഡേയുടെ പുസ്തകങ്ങളും കാണാം. സൽമാൻ റഷ്ദി​യുടെ പുറംചട്ട അല്പം കീറിയ ‘മിഡ്‌നൈറ്റ്സ്​ ചിൽഡ്രൻ' (പൈരസി പ്രിൻറ്​) വെറുതെയൊന്ന് മറിച്ചുനോക്കി. ഇന്ദ്രജാൽ കോമിക്‌സ്, ബാലരമ, ഫാന്റം തുടങ്ങിയ ചിത്രകഥാ പുസ്തകങ്ങളും അവിടെ കണ്ടു. ജീത്​ തയ്യിലിന്റെ ‘നാർക്കോപോളിസി'ന് 600 രൂപ വില പറഞ്ഞ കച്ചവടക്കാരൻ ഒടുവിൽ അത് 150 രൂപക്ക്​ തന്നു.
‘ബോണിഹെ സാബ്'- ആ ദിവസത്തെ ആദ്യവില്പനയാണ് അതെന്നൊരു ടിപ്പണിയും അയാൾ കൂട്ടിച്ചേർത്തു.

മഹേശ്വരി ഉദ്യാൻ എന്ന് പുനർനാമകരണം ചെയ്ത കിങ്ങ്‌സ് സർക്കിൾ ഗാർഡൻ

ദി ഗ്രെയ്​റ്റ്​ ഇന്ത്യൻ കിച്ചൺസ്

മാട്ടുംഗയുടെ മർമപ്രധാനമായ ഭാഗമാണ് കൊച്ചുഗുരുവായൂരപ്പൻ ക്ഷേത്രവും പരിസരത്തുള്ള സൗത്ത് ഇന്ത്യൻ ഹോട്ടലുകളും. ഇവ മുംബൈക്കാരെ വലിയ തോതിൽ ആകർഷിക്കുന്നുണ്ട്. മതിൽ കെട്ടിമറച്ച ആ ക്ഷേത്രവളപ്പിൽ വേറെയും അമ്പലങ്ങളുണ്ട്. കറുത്ത മുണ്ടുടുത്ത്, ഭസ്മം പൂശി, മാലയിട്ട അയ്യപ്പഭക്തരുരുടെ ശരണം വിളി അധികം അവിടെ കേട്ടില്ല. കൊച്ചുഗുരുവായൂർ ക്ഷേത്രംപോലെ ‘മിനി ശബരിമല'യും ബോംബെ പവായിലുണ്ട്. മഹാനഗരത്തിൽ ജനങ്ങൾക്ക് പൊതുവെ തിരക്കുള്ളതിനാൽ എല്ലാം ‘മിനിമൈസ്’ ചെയ്യേണ്ടിവരുന്നതാകാം. പ്രഭാവതിയിലെ സിദ്ധി വിനായക്ക് ക്ഷേത്ര പ്രവേശനത്തിന്​ ഇപ്പോൾ ഓൺലൈനിൽ ബുക്ക് ചെയ്യണമെത്ര. ഈ അമ്പലത്തിൽ അങ്ങനെ ഒരു ഏർപ്പാടുണ്ടോയെന്ന് ഞാൻ തിരക്കിയില്ല.

മാട്ടുംഗ ബ്രാഹ്മണരുടെ തട്ടകമാണ്. തമിഴ് ബ്രാഹ്മണരുടേയും ജെയ്ൻ മതവിഭാഗക്കാരുടെയും ഗുജറാത്തികളുടെയും അതോടൊപ്പം ഇടത്തരക്കാരായ മലയാളികളുടെയും വാസഗൃഹങ്ങളാണ് മാട്ടുംഗയിൽ കാണുക. പൊതുവെ ശാന്തമാണ് റോഡുകളും പരിസരങ്ങളും. ടാക്‌സികളുടെ ഇടതടവില്ലാത്ത ഹോണടികളും അലഞ്ഞുതിരിയുന്ന ചാവാലിപ്പട്ടികളും താരതമ്യേന കുറവാണ്. ഗട്ടറുകളിൽ മലിനജലം കെട്ടിക്കിടക്കുന്നില്ല. കൊതുകുകളുടെ സംഘഗാനവും അധികമില്ല. ക്ഷേത്രങ്ങളുടെ ഒരു നീണ്ടനിര തന്നെ മാട്ടുംഗയിലുണ്ട്​. കൊച്ചുഗുരുവായൂരപ്പൻ അമ്പലം മുതൽ ജെയ്ൻ ടെമ്പിൾ വരെയും ശങ്കരമഠം മുതൽ ഭജനസമാജം വരേയും. എന്നെപ്പോലുള്ള ഭക്ഷണപ്രിയർക്ക് ആശ്വാസമേകുന്നതാണ് ദക്ഷിണേന്ത്യൻ ഭോജനശാലകൾ.

ഒരിക്കൽ മണിയുടെ കോഫി രുചിച്ച കച്ചവടക്കാർ പിറ്റേന്നും പിറ്റേന്നും കോഫി കൊണ്ടുവരാൻ മണിയോട് ആവശ്യപ്പെടുകയായിരുന്നു. അതാണ് ‘മണീസ് ലഞ്ച്‌ ഹോമി’ന്റെ ആധാരശില.

ഓഫീസ് സംബന്ധമായാണ് ആദ്യമായി ഞാൻ മാട്ടുംഗ തെലംഗ് റോഡിലെ മണീസ് ലഞ്ച്‌ഹോമിലെത്തുന്നത്. മഹാനഗരത്തിന്റെ പരിച്​ഛേദമെന്നോണം വിവിധ ഭാഷകൾ സംസാരിക്കുന്ന സ്ത്രീകളും പുരുഷന്മാരുമായ ഉപഭോക്താക്കൾ മണീസിൽ നിന്ന് ഉച്ചഭക്ഷണം കഴിക്കാൻ വരിനിൽക്കുന്നു. അധികം വിസ്തീർണമില്ലത്ത ആ ഹോട്ടലിൽ അപ്പോഴൊന്നും തിരക്കൊഴിയുന്ന മട്ടില്ല. ഞാൻ വിസിറ്റിങ്ങ് കാർഡ് ക്യാഷ്‌ കൗണ്ടറിലിരിക്കുന്നയാൾക്ക്​ നൽകി ഹോട്ടലിന് പുറത്തു കാത്തുനിന്നു. നിമിഷനേരത്തിൽ ഹോട്ടൽബോയ്​ ഒരു പ്ലാസ്റ്റിക് കസേര കൊണ്ടുവന്നിട്ട് പറഞ്ഞു, ‘ഉക്കാരുങ്കോ സാർ, സ്വാമി ഇപ്പ വരുവാറ്.’
ഒരു സാധാരണ പത്രക്കാരനോട് ഇത്രയും ബഹുമാനമോ എന്ന് ന്യായമായും തോന്നിപ്പോകാതിരുന്നില്ല. പത്ത് മിനിറ്റിനുള്ളിൽ മണീസ് ലഞ്ച് ഹോം ഉടമ നാരായണസ്വാമിയെത്തി. ‘ഉള്ളിലിരിക്കാം ജോസഫ്', എന്റെ പേരിന് അദ്ദേഹം ചെറിയൊരു പാഠഭേദം വരുത്തിയിട്ടുണ്ട്. നെറ്റിയിൽ ചന്ദനപ്പൊട്ടുമായി, ഇളം നീലനിറമുള്ള ഫുൾകൈ ഷർട്ട് അല്പം മടക്കിവെച്ച് കരയുള്ള ഡബ്ബിൾമുണ്ട്​ ധരിച്ച നാരായണസ്വാമി പിന്നീട് ചോദിച്ചത് ‘ഊണു കഴിച്ചോ' എന്നാണ്. വൻകുടൽ ചെറുകുടലിനെ തിന്നുന്നു എന്ന് സംശയിക്കും വണ്ണം പൊരിഞ്ഞ വിശപ്പുണ്ടായിരുന്നു. എങ്കിലും ആഗമനോദ്ദേശ്യം കുളമാകരുതല്ലോ എന്നു കരുതി വെറുതെ തലയാട്ടി. അതിൽ രണ്ടുത്തരങ്ങളുണ്ട്; കഴിച്ചെന്നും ഇല്ലെന്നും.

മാട്ടുംഗയുടെ മർമപ്രധാനമായ ഭാഗമാണ് കൊച്ചുഗുരുവായൂരപ്പൻ ക്ഷേത്രവും പരിസരത്തുള്ള സൗത്ത് ഇന്ത്യൻ ഹോട്ടലുകളും. കൊച്ചുഗുരുവായൂർ ക്ഷേത്രംപോലെ 'മിനി ശബരിമല'യും ബോംബെ പവായിലുണ്ട്. മഹാനഗരത്തിൽ ജനങ്ങൾക്ക് പൊതുവെ തിരക്കുള്ളതിനാൽ എല്ലാം 'മിനിമൈസ്' ചെയ്യേണ്ടിവരുന്നതാകാം. / Photo: Muhammed Fasil

മണീസ് ലഞ്ച് ഹോമിന്റെ ചുമരിൽ വയോധികനായ ഒരു ബ്രാഹ്​മണന്റെ ഫോട്ടോയും തൊട്ടടുത്ത് ഗുരുവായൂരപ്പെന്റ ഛായാചിത്രവും തൂക്കിയിരിക്കുന്നു. ചില്ലലമാരിയിൽ ലഡ്​ഢു, മൈസൂർ പാക്ക്, ജിലേബി, നെയ്യപ്പം തുടങ്ങിയ മധുരപലഹാരങ്ങളുടെ നീണ്ടനിരയുണ്ടായിരുന്നു. ഉണ്ടുകൊണ്ടിരിക്കുന്ന രണ്ടുപേർ ഭക്ഷണം വെടിപ്പായി കഴിച്ച് ഏമ്പക്കംവിട്ട് എണീറ്റപ്പോൾ നാരായണസ്വാമിയും ഞാനും മുഖത്തോടുമുഖമായി സ്ഥാനം പിടിച്ചു, എന്റെ വിസിറ്റിങ്ങ് കാർഡ് സ്വന്തം പോക്കറ്റിൽ നിക്ഷേപിച്ച് നാടും വിലാസവും അപ്പോഴുള്ള താമസസ്ഥലവും അദ്ദേഹം ചോദിച്ചറിഞ്ഞു. വന്ന കാര്യം പറഞ്ഞപ്പോൾ സ്വാമി ‘പാക്കലാം, ബാദ് മേ ദേഖേഗാ, ദേഖാ ജായേഗാ' എന്ന മുംബൈ വരട്ടു മുതലാളിമാരുടെ പൊതു ഒഴികഴിവൊന്നും പറയാതെ ചെക്കുബുക്ക്​വരുത്തി പരസ്യ ഇനത്തിൽ പത്രത്തിനുനൽകേണ്ട തുക എഴുതി ഒപ്പിട്ട് എനിക്കു നീട്ടി. സംഗതി ശുഭമായി കലാശിച്ചിരിക്കുന്നു. ഇതിനകം ഹോട്ടൽ വെയ്റ്റർ ഇല വെച്ചു. വിഭവങ്ങൾ വിളമ്പി. തുമ്പപ്പൂനിറമുള്ള ചോറും ചൂടുള്ള ഉള്ളി സാമ്പാറും കൂട്ടുകറിയും അവിയലും പപ്പടവും പൊന്തൻകായ മെഴുക്കുപുരട്ടിയും കടുമാങ്ങ അച്ചാറും. ചെറിയ സ്റ്റീൽ ഗ്ലാസിൽ സേമിയാ പായസവും. ബോംബയിലെ പല ഹോട്ടലുകളിലും ഞാൻ ഭക്ഷണം കഴിച്ചിട്ടുണ്ടെങ്കിലും അവിടെയൊന്നും ലഭിക്കാത്ത ഒരു പ്രത്യേക രുചി എനിക്കപ്പോൾ അനുഭവപ്പെട്ടു. അതുതന്നെയാണ് ഭക്ഷണം കഴിക്കാൻ അവിടെ വരിനിൽക്കുന്നവരിലും ഉള്ളത് എന്ന് പറയാതിരിക്കാനാവില്ല. മാട്ടുംഗയിൽ കറങ്ങുമ്പോഴൊക്കെ ഞാൻ ‘മണീസ്' സന്ദർശിച്ചു. അവിടെ ഒരു ഉത്തമസൗഹൃദം ആരംഭിച്ചു, ഒരിക്കലും ഇഴപിരിയാത്ത ചങ്ങാത്തം.

ഒരു നിശ്ചയദാർഢ്യത്തിന്റെ വീരഗാഥ

ഹോട്ടലിൽ അധികം തിരക്കില്ലാത്ത ദിവസം സുബ്രഹ്മണ്യസ്വാമി ആ കഥ പറഞ്ഞു. 1940 കാലത്ത്​ പാലക്കാ​ട്ടെ ഉൾനാടൻ ഗ്രാമത്തിൽ നിന്നൊരു യുവാവ് ജീവസന്ധാരണത്തിന്​ കൽക്കത്തയിലെത്തുന്നു. അദ്ദേഹത്തിന് കൈമുതലായി പഠിപ്പോ, മുൻപരിചയമോ ഒന്നുമുണ്ടായിരുന്നില്ല. ആകെയുണ്ടായിരുന്നത്​നിശ്ചയദാർഢ്യം. പക്ഷെ കൽക്കത്തയിൽ അത്​ വിലപ്പോയില്ല. അക്കാലത്ത്​ ധാരാളം മലയാളികൾ ജീവിതമാർഗ്ഗം തേടി അവിടെ ചെന്നെത്തിയിരുന്നെങ്കിലും മണിസ്വാമി എന്ന നാരായണസ്വാമിയുടെ പിതാവിനെ ഭാഗ്യം തുണച്ചില്ല. അലഞ്ഞു തിരിഞ്ഞ മണി നിരാശനും ദുഃഖിതനുമായെങ്കിലും ആശ കൈവിട്ടില്ല. അദ്ദേഹം കൽക്കത്തയിൽനിന്ന് ബോംബെ ദാദറിൽ വണ്ടിയിറങ്ങി. അനേകം ‘സ്വജാതി’ക്കാർ മാട്ടുംഗയിലുണ്ടായിരുന്നെങ്കിലും മണിസ്വാമി കയ്യിലുള്ള പണം തട്ടിക്കൂട്ടി ഒരു കെറ്റിൽ വാങ്ങുകയാണുണ്ടായത്. തെലംഗ് റോഡിന്റെ ഒരറ്റത്ത് അദ്ദേഹം അടുപ്പുകൂട്ടി കോഫിയുണ്ടാക്കി. നല്ല നറുമണമുള്ള അസ്സൽ ഫിൽറ്റർ കോഫി. ഒരു സൈക്കിൾ താൽക്കാലികമായി സംഘടിപ്പിച്ച് കാരിയറിൽ ചൂടുള്ള ഫിൽറ്റർ കോഫി നിറച്ച കെറ്റിൽ കെട്ടിവെച്ച് ബണ്ടാർക്കർ റോഡിലെ ഗുജറാത്തി കച്ചവടക്കാർക്ക് കോഫി ടംബ്ലർ ഒന്നിന് കാൽ അണയ്ക്ക് വിൽക്കാനാരംഭിച്ചു. (16 അണയാണ്​ ഒരു രൂപ).

പാവങ്ങൾക്ക് പലപ്പോഴും സഹായഹസ്തവുമായെത്തുന്ന നാരായണസ്വാമി മുംബൈക്കാരെ വിട്ടുപിരിഞ്ഞിരിക്കുന്നു. പാലക്കാടൻ രുചിക്കൂട്ടുകൾ വിളമ്പുന്ന മണീസ് ലഞ്ച് ഹോമിന്റെ നാലഞ്ച് ശാഖകൾ ഇപ്പോഴും സജീവമാണെന്ന് തല്ക്കാലം സമാധാനിക്കാം.

ഒരിക്കൽ മണിയുടെ കോഫി രുചിച്ച കച്ചവടക്കാർ പിറ്റേന്നും പിറ്റേന്നും കോഫി കൊണ്ടുവരാൻ മണിയോട് ആവശ്യപ്പെടുകയായിരുന്നു. അതാണ് ‘മണീസ് ലഞ്ച്‌ ഹോമി’ന്റെ ആധാരശില. ഈ സംരംഭം പടർന്നുപന്തലിച്ച് സയൺ, ചെമ്പൂർ എന്നിവിടങ്ങളിലും ദാദർ ഹിന്ദുകോളനിയിലും ബ്രാഞ്ചുകൾ തുറന്നു. അതിനു പിന്നിൽ പ്രവർത്തിച്ച കരങ്ങളാണ് അദ്ദേഹത്തിന്റെ മകൻ നാരായണസ്വാമിയുടേത്. പാലക്കാട് വിക്ടോറിയ കോളേജിൽനിന്ന് ഇക്കണോമിക്‌സിൽ ബിരുദം നേടിയ അദ്ദേഹം പിതാവിനെ സഹായിക്കാൻ ബോംബെയിലെത്തി. ഒരു ‘കള്ളക്കച്ചവടക്കാരന്റെ തട്ടിപ്പും മത്തങ്ങയും' ഉപഭോക്താക്കൾക്കിടയിൽ ചെലുത്താതെ ശുദ്ധമായ പാലും നെയ്യും മറ്റ് ഡയറി ഉല്പന്നങ്ങളും പാഴ്‌സി ഡയറി ഫാമിൽ നിന്ന് നാരായണസ്വാമി നേരിട്ട് വരുത്തി. മായം ചേർക്കാൻ ജോലിക്കാരെ ഏല്പിച്ചില്ല എന്നു മാത്രമല്ല, സാമ്പാറിന് കൊഴുപ്പു കൂട്ടാൻ ചൂടുള്ള കഞ്ഞിവെള്ളം ചേർക്കുന്ന പരിപാടിയും അവിടെ ഉണ്ടായിരുന്നില്ല. പാചകത്തിന് അദ്ദേഹം നേരിട്ട് മേൽനോട്ടം വഹിച്ചു. ബോംബെ, ഹോട്ടൽ ബിസിനസിന് വളക്കൂറുള്ളതാണെന്ന് അദ്ദേഹം മനസ്സിലാക്കി, പരിശ്രമിച്ചു. അതിന്റെ ഫലമോ, നിശ്ചയമായും മധുരമുള്ളതെന്ന് തെളിഞ്ഞിരിക്കുന്നു.

ഗാന്ധിയുടെ ചിത്രത്തോടുകൂടിയുള്ള Customer is the King എന്ന സൂക്തം ഹോട്ടലിൽ ചില്ലിട്ട് സൂക്ഷിച്ചിരിക്കുന്നു. മഹാനഗരത്തിലെ ഈറ്റിങ്ങ് ഹൗസുകൾക്ക് അവയുടെ വൃത്തി, ആഹാരപദാർത്ഥങ്ങളുടെ രുചി, സർവ്വീസ് തുടങ്ങിയവ മുൻനിർത്തി ​ഗ്രെയ്റ്റർ മുംബൈ കോർപറേഷൻ ചില ഗ്രേഡുകൾ നല്കിയിട്ടുണ്ട്. മണീസിന് ഒന്നാം ഗ്രേഡ്​ (ഗ്രേഡ്- 1) ആണ്. പല മാധ്യമങ്ങളും അവരുടെ പ്രത്യേക സപ്ലിമെന്റുകളിൽ മണീസ് ലഞ്ച് ഹോമിനെ പുകഴ്​ത്തി എഴുതാറുണ്ട്. പരിചയക്കാരനായിരുന്ന യശ്വന്ത് ഷ്‌റോഫിന്റെ ‘പ്രൊഫഷണൽ ഫുഡ് സർവീസിൽ' മണീസ് ലഞ്ച് ഹോമിനെപ്പറ്റിയുള്ള ലേഖനങ്ങൾ നിരവധി തവണ പ്രസിദ്ധീകരിച്ചിട്ടുണ്ട്. യശ്വന്ത് ഈയിടെ മരിച്ചതായി കേട്ടു. പാവങ്ങൾക്ക് പലപ്പോഴും സഹായഹസ്തവുമായെത്തുന്ന നാരായണസ്വാമിയും ഇപ്പോൾ മുംബൈക്കാരെ വിട്ടുപിരിഞ്ഞിരിക്കുന്നു. അങ്ങനെ എനിക്ക്​ ഒരു ഉത്തമസുഹൃത്തും നഷ്ടപ്പെട്ടിരിക്കുന്നു. പാലക്കാടൻ രുചിക്കൂട്ടുകൾ വിളമ്പുന്ന മണീസ് ലഞ്ച് ഹോമിന്റെ നാലഞ്ച് ശാഖകൾ ഇപ്പോഴും സജീവമാണെന്ന് തല്ക്കാലം സമാധാനിക്കാം.

മാട്ടുംഗയിലെ മണീസ് ലഞ്ച് ഹോം

മാട്ടുംഗ ബണ്ടാർക്കർ റോഡിൽ ദക്ഷിണേന്ത്യൻ വിഭവങ്ങൾ വിളമ്പുന്ന മറ്റു ചില ഹോട്ടലുകളുണ്ട്​. കൊച്ചുഗുരുവായൂരപ്പൻ ക്ഷേത്രത്തിൽനിന്ന് അഞ്ചാറ് മിനിറ്റ്​ നടന്നാൽ ‘അംബാ ഭവ'നിലെത്താം. (ഹിന്ദു പുരാണത്തിലെ അംബ, അംബിക, അംബാലിക എന്നീ സ്​ത്രീകഥാപാത്രങ്ങളെ ഓർക്കുക). സ്റ്റീം ഇഡ്ഡലിയും കഡായി വടയും രസം വടയും നമുക്കവിടെ ആസ്വദിക്കാം. എപ്പോഴും തിരക്കുള്ള ഈ റസ്റ്റോറന്റിൽ പതിവുകാരാണ് അധികവുമെത്തുക എന്ന്​ സമീപത്ത്​ ഫുട്പാത്തിൽ ഹിന്ദു ദൈവങ്ങളുടെ ഛായാചിത്രങ്ങൾ വിൽക്കുന്ന ശാരംഗപാണി പറഞ്ഞു. കുറച്ചുദൂരം മുന്നോട്ടു നടന്നാൽ ‘ആനന്ദ് ഭവൻ' കാണാം. കിങ്ങ്‌ സർക്കിൾ ഫ്‌ളൈ ഓവറിന് സമീപമുള്ള, ഈ ഭോജനശാല കർണ്ണാടക സ്പെഷൽ ‘നിരു' ദോശക്ക് പ്രസിദ്ധമാണ്. സത്യം പറഞ്ഞാൽ നീരുദോശ + ചിക്കൻ കറി എന്ന കോമ്പിനേഷനാണ് കൂടുതൽ രുചികരമെന്ന് എനിക്കു തോന്നുന്നു.

1975-ൽ മാംഗ്ലൂരിൽ നിന്ന് ഭാഗ്യം തേടി ബോംബെയിലെത്തിയ സുഹൃത്ത് ശ്രീധർ പൂജാരി കൊളാബയിലെ ഒരു കാന്റീനിലാണ് ആദ്യം ജോലി നോക്കിയത്. സ്ഥിരോത്സാഹിയായ അദ്ദേഹം ഇപ്പോൾ മുംബൈയിലെ ഇടത്തരം പത്രത്തിലെ മാനേജരാണ്​. പച്ചരി വെള്ളത്തിലിട്ട് നാലുമണിക്കൂർ കുതിർത്ത് അല്പം ഉപ്പുചേർത്ത് അരയ്ക്കുക. അല്പസമയം ആ മാവ് അനക്കാതെ വെച്ച് ദോശ പരത്തും പോലെ തവയിൽ പരത്തി ചുട്ടെടുക്കാമെന്നാണ് അദ്ദേഹത്തിന്റെ അഭിമതം. (കന്നഡയിൽ ‘നീരു' എന്നാൽ വെള്ളം എന്നാണർത്ഥം.) ഖാർ റോഡിലെ അദ്ദേഹത്തിന്റെ വസതിയിൽ വെച്ചാണ് നീരു ദോശ + ചിക്കൻകറി കോമ്പിനേഷൻ ആദ്യമായി ഞാൻ കഴിച്ചത്. ഇടയ്ക്കിടെ വീശാൻ ഓൾഡ് മങ്ക് റം കൂടി ഉണ്ടായിരുന്നു. ഭജനസമാജ് ക്ഷേത്രത്തിനുസമീപമുള്ള ‘അയ്യപ്പൻ ഇഡ്ഡലി സ്റ്റാൾ' ബോംബെയിൽ കോവിഡ് മഹാമാരി അടങ്ങിയപ്പോൾ വീണ്ടും സജീവമായിരിക്കുന്നു. ഇവിടെയെത്തുന്നവരുടെ തിരക്കുതന്നെ ഇഡ്ഡലി സ്റ്റാളിലെ ‘ദിൽഖുഷ്' ദോശയടക്കമുള്ള ഭക്ഷണപദാർത്ഥങ്ങളുടെ സ്വാദ് എത്ര ആസ്വാദ്യകരമെന്ന് വിളിച്ചുപറയുന്നുണ്ട്. ബോംബെയിൽ കോവിഡ്​ പടർന്നപ്പോൾ ഹോട്ടലുകൾ പലതും പൂട്ടേണ്ടിവന്നു. ലോക്ക്​ഡൗണിൽ ഇളവ്​ വരുത്തിയതോടെ ഭാഗികമായി തുറന്ന ഭോജനശാലകളിൽ നിന്ന് ആളുകൾക്ക് ഭക്ഷണമെത്തിക്കുന്ന സ്വിഗ്ഗി, സൊമാറ്റോ, ഊബർ ഈറ്റ്‌സ് തുടങ്ങിയ ഭക്ഷണവിതരണ ശൃംഖലകൾക്ക് കോളടിച്ചു. അവരുടെ ഡെലിവറി സർവീസ് ചെയ്യുന്നവർക്ക് നിന്നുതിരിയാൻ ഇടമില്ലാതായി. ഒരു പുതിയ സംസ്കാരം തന്നെ ഇതോടെ ഉടലെടുത്തു.

‘ഇറാനിയൻ റെസ്റ്റോറന്റിൽ മൃഷ്ടാന്നഭോജനം നടത്താൻ ഒരാൾക്ക് തന്റെ ഫ്‌ളാറ്റ് പണയപ്പെടുത്തേണ്ടിവരില്ല' എന്ന് എന്റെ പാഴ്‌സി സുഹൃത്തുക്കളിലൊരാളായ ആഡ്മാൻ ദാഞ്ചിവാഡിയ പറഞ്ഞതോർമ വരുന്നു.

കൂളർ അത്ര കൂളല്ല

ഒരു കാലത്ത് ഇറാനിയൻ റെസ്റ്റോറന്റുകൾ മഹാനഗരത്തിൽ എമ്പാടുമുണ്ടായിരുന്നു. കേഫ് കോൺസ്റ്റാന്റിനോപ്പിൾ, കഫേ നാസ്, ലൈറ്റ് ഓഫ് ഏഷ്യ, ബി. മെർവാൻ ആൻറ്​ കമ്പനി തുടങ്ങിയ വിചിത്രപേരുകളാണ് ഇവക്ക്​. എന്നാലിപ്പോൾ ഇത്തരം ഹോട്ടലുകളുടെ എണ്ണം ഗണ്യമായി കുറഞ്ഞു. വയോധികരായ ഇറാനി ഹോട്ടലുടമകളുടെ മക്കൾക്ക് ഉന്നതവിദ്യാഭ്യാസം നേടി ഐ.ടി കമ്പനികളിലും കോർപറേറ്റ് ഓഫീസുകളിലും ജോലിചെയ്യാനാണ് കൂടുതൽ താല്പര്യമെന്ന് ചില പത്രക്കുറിപ്പുകൾ വ്യകതമാക്കുന്നു. ‘ഇറാനിയൻ റെസ്റ്റോറന്റിൽ മൃഷ്ടാന്നഭോജനം നടത്താൻ ഒരാൾക്ക് തന്റെ ഫ്‌ളാറ്റ് പണയപ്പെടുത്തേണ്ടിവരില്ല' എന്ന് എന്റെ പാഴ്‌സി സുഹൃത്തുക്കളിലൊരാളായ ആഡ്മാൻ ദാഞ്ചിവാഡിയ പറഞ്ഞതോർമ വരുന്നു. ഇത്തരം ഹോട്ടലുകളിലെ ചുമരുകളിൽ കണ്ണാടി പതിപ്പിച്ചിട്ടുള്ളത് എന്തിനെന്നറിയില്ല. പാഴ്‌സികളെപ്പോലെ സൗരാഷ്ട്രരെ ആരാധിക്കുന്നവരാണ് ഇറാനികളും. പാഴ്‌സികൾ ഉദാരമതികളാണെങ്കിൽ ഇറാനികൾ അണ-പൈ-രൂപയിൽ മാത്രം വിശ്വസിക്കുന്നവരാണെന്നാണ്​ എന്റെ കണ്ടെത്തൽ. തോളിൽ ഒരു ചെറിയ ടർക്കി ടവൽ അലങ്കാരമെന്നോണമിട്ട് ഇറാനി റെസ്റ്റോറൻറിലെ വെയ്റ്ററോട് ഇന്നത്തെ വിഭവങ്ങളെന്തെന്ന് മെനു നോക്കാതെ ചോദിക്കുന്ന മാത്രയിൽ ഇലക്​ട്രിക്​ സ്വിച്ചിട്ട പോലെ അയാൾ പറയും; ‘മസ്ക്കാ ബൺ, പാവ് ബട്ടർ, ഇറാനി ബൺബട്ടർ, ഇറാനി ബർഗർ, ഇറാനി കുക്കുംബർ ബർഗർ, ചിക്കൻ ബർഗർ, മസ്ക്കാ ബൺ, പുഡ്ഡിംങ്ങ്, ഓംലെറ്റ് സാൻറ്​വിച്ച്​, മട്ടൻ സമോസ’... ഈ വായ്​ത്താരി അവസാനിപ്പിക്കാൻ നാം പറയുന്നു; ‘അച്ചാ, പുഡ്ഡിങ്ങ് ലേ ആവോ.’
‘ഓ ഐസാ ഹേ ക്യാ' എന്ന അവജ്ഞ നിറഞ്ഞ ഭാവഹാവാദികളോടെ വെയ്റ്റർ ‘സായ്ബാല, ഏക് പുഡ്ഡിങ്ങ്, അണി ചഹാ മലായ് മാർക്കേ' എന്ന് വിളിച്ചു കൂവുന്നത് കേൾക്കാം. പുഡ്ഡിങ്ങ് കൂടാതെ പാട മാറ്റിയ ഒരു ചായയും അയാൾ നമുക്കായി ഓർഡർ നല്കുന്നുണ്ട്. നന്ദി വെയ്റ്റർ സാബ്!

ഹിന്ദു ആചാരമനുസരിച്ച് വ്യാപാര സ്ഥാപനങ്ങൾ കെട്ടിടങ്ങളുടെ മൂല (കോനി) യിൽ ആരംഭിക്കുന്നത് അശുഭമെന്ന് കരുതുന്നു. വാസ്തുശാസ്​ത്രത്തിലും ഇത്തരമൊരു അന്ധവിശ്വാസമുണ്ടത്രേ. ഹിന്ദുക്കളായ കെട്ടിട ഉടമകളുടെ ഈ അബദ്ധവിശ്വാസം മുതലെടുത്ത് ഇറാനികൾ കെട്ടിടത്തിന്റെ മൂലകൾ ചുരുങ്ങിയ തുകയ്ക്ക് വാങ്ങുകയോ ലീസിനോ വാടകയ്‌ക്കോ എടുക്കുകയോ ചെയ്​ത്​ അവരുടെ ഹോട്ടലുകളും സ്റ്റേഷനറി കടകളും വിജയകരമായി നടത്തിവരുന്നുണ്ട്.

മാട്ടുംഗ കിങ്ങ് സർക്കിളിൽ ഇപ്പോഴും സ്ഥിതിചെയ്യുന്ന ‘കൂളർ ആൻറ്​ കമ്പനി'എന്നാൽ അത്ര കൂളല്ല എന്നാണ് ഗുജറാത്ത് സമാചാറിലെ സഹപ്രവർത്തകയായിരുന്ന, ഇപ്പോൾ ദാദർ ഹിന്ദു കോളനിയിൽ പാർക്കുന്ന റീത്ത ഠക്കർക്ക് പറയാനുള്ളത്. 1932ൽ കിങ്ങ്‌ സർക്കിളിലെ നൂർമഹൽ കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ച കൂളർ ആൻറ്​ കമ്പനി ഷോപ്പ് ആൻറ്​ റസ്റ്റോറൻറിന്റെ ഇന്നത്തെ ഉടമ 'സീനിയർ കൂളർ' അസ്സലായി ഇംഗ്ലീഷിൽ തമാശ പറയുമ്പോഴും അദ്ദേഹത്തിന്റെ കൈയും കണ്ണും പണമെണ്ണുന്നതിൽ ബദ്ധശ്രദ്ധമാണ് എന്നാണ് റീത്തയുടെ കമൻറ്​. കൂളർ കുടുംബം നൂർമഹലിൽ തന്നെ തങ്ങളുടെ റസ്റ്റോറന്റിന് മുകളിലുള്ള നിലയിലാണ് താമസം. സ്​പ്രൈറ്റ്​, മംഗോള, സെവൻ അപ് തുടങ്ങിയ ഡ്രിങ്ക്‌സുകൾ ‘കൂൾ' ചെയ്തതാണെങ്കിൽ രണ്ടുരൂപ അധികവില ഈ റസ്റ്റോറൻറ്​ ഈടാക്കുമെന്നാണ് റീത്തയുടെ പരാതി.

കൂളർ കഫെയുടെ ഇന്റീരിയർ

താർദേവിലെ ഇറാനി റെസ്റ്റോറൻറ്​ ‘ഖയാനീസ്' മാധ്യമപ്രവർത്തകരുടെ സംഗമസ്ഥലമായിരുന്നു. തലമുറകളിൽനിന്ന് അത് ഇന്നത്തെ തലമുറയിലെ റഷീദ് ഇറാനിയുടെ കയ്യിലെത്തി. ഫിലിം ക്രിട്ടിക്ക് കൂടിയായിരുന്ന അദ്ദേഹത്തിന് റഫറൻസ് ഗ്രന്ഥങ്ങൾ ഉൾപ്പടെയുള്ള നല്ലൊരു ലൈബ്രറിയുണ്ട്. കൊളാബ പാസ്റ്റാ ലെയിനിൽ താമസിച്ചുപോന്ന ഇറാനിയായ പ്രസിദ്ധ ഇംഗ്ലീഷ് കവി നിസിം എക്ക്കിയേലിനേപ്പോലെ അവിവാഹിതനായിരുന്ന റഷീദ്​ മാസങ്ങൾക്കുമുമ്പ് സ്വന്തം മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയ വാർത്ത പത്രങ്ങളിൽ വായിച്ചു.
പത്രപ്രവർത്തകർ വാർത്തകൾ കൈമാറാനും ബീയർ അടിക്കാനും മറ്റും ഇറാനി റെസ്റ്റോറൻറുകളിലും പോകാറുണ്ട്​. അവിടത്തെ ‘ജൂക് ബോക്‌സിൽ' ഒറ്റരൂപ നാണയമിട്ടാൽ ഇഷ്ടമുള്ള പാട്ട് കേൾക്കാവുന്ന പഴയകാലം ഇപ്പോൾ കേവലം ഓർമയാണ്​. തലത്ത് മഹ്​മൂദ്​ മുതൽ നൂർജഹാൻ വരെയും ഗീതാദത്ത് മുതൽ പാക്കിസ്ഥാനി ഗായിക രേഷ്​മ ബേഗം വരെയുമുള്ള ഗായകരുടെ അനേകം പാട്ടുകൾ ഞാൻ ഖയാനീസിലെ ജൂക്‌ബോക്‌സിൽ നിന്നാണ്​ കേട്ടിട്ടുള്ളത്​. ഇന്ന് അതിനു പകരം കാരവൻ പ്ലെയറുകൾ മാർക്കറ്റ് പിടിച്ചുപറ്റിയിരിക്കുന്നു.

മാട്ടുംഗ ബണ്ഡാർക്കർ റോഡിൽ പോസ്റ്റാഫീസിനുസമീപം ഇഡ്ഡലി - വടയും പൊങ്കലും തൈർ സാദവും മറ്റും വിറ്റുപോന്നിരുന്ന, നിരനിരയായി ഉണ്ടായിരുന്ന തട്ടുകടകൾ ഇപ്പോൾ പൂട്ടിയിരിക്കുകയാണ്.

ഇറാനി റെസ്റ്റോറൻറിൽ അവരുടെ ചിട്ടവട്ടങ്ങൾ ബോർഡിൽ എഴുതി (ഇപ്പോൾ ഡി.ടി. പി. ചെയ്ത്) ചുമരിൽ തറച്ചിരിക്കുന്നത് കാണാം. ‘ഭക്ഷണം ഓർഡർ ചെയ്യാതെ കത്തെഴുതരുത്', ‘ഗ്ലാസിൽ കൈകഴുകരുത്', ‘ക്യാബിനിൽ പ്രവേശിക്കുന്ന യുവതീയുവാക്കൾ വൃത്തികേട്​ കാണിക്കരുത്, ഞങ്ങളുടെ വെയ്റ്റർ അത് റിപ്പോർട്ട് ചെയ്യുമെന്ന ഓർമ വേണം' എന്നിങ്ങനെ നീളുന്ന വിജ്​ഞാപനങ്ങളുടെ അവസാന വരിയാണ്​ ശ്രദ്ധേയം: ‘ഞങ്ങളുടെ സേവനം നിങ്ങൾക്കിഷ്ടപ്പെട്ടാൽ അത് എല്ലാവരോടും പറയുക. ഇഷ്ടപ്പെട്ടില്ലെങ്കിൽ ഞങ്ങളോട് മാത്രം പറയുക.’

മാട്ടുംഗ ബണ്ഡാർക്കർ റോഡിൽ പോസ്റ്റാഫീസിനുസമീപം ഇഡ്ഡലി - വടയും പൊങ്കലും തൈർ സാദവും മറ്റും വിറ്റുപോന്നിരുന്ന, നിരനിരയായി ഉണ്ടായിരുന്ന തട്ടുകടകൾ ഇപ്പോൾ പൂട്ടിയിരിക്കുകയാണ്. കോവിഡ് തന്നെയാണ് ഇവരുടെ അന്നം മുട്ടിച്ചത്. ക്ഷേത്രങ്ങൾ അനേകമുള്ള മാട്ടുംഗയിൽ അർച്ചനക്ക്​ പൂക്കൾ വില്ക്കുന്ന ചില സ്റ്റാളുകൾ അവശേഷിച്ചിട്ടുണ്ട്. ചാഠ് (സംഭാരം) വില്ക്കുന്ന കൊച്ചു കൊച്ചു സ്റ്റാളുകൾ മാട്ടുംഗ സ്റ്റേഷൻ പരിസരങ്ങളിൽ പണം കൊയ്യുന്നുണ്ടായിരുന്ന കാലം ഓർമ വരുന്നു. ചെറിയ ഗ്ലാസിൽ മസാല ചാഠിന് ആദ്യം അമ്പത് പൈസയായിരുന്നുവെങ്കിൽ കുറെ നാൾ മുമ്പ് അത് രണ്ട് രൂപയാക്കി. ഇപ്പോൾ ഇക്കൂട്ടത്തിൽ എടുത്തുപറയാവുന്നത് ഗുപ്ത സ്റ്റാൾ മാത്രമാണ്. ഇവിടേയും കോവിഡ് സ്റ്റാളുടമകളെ ചതിച്ചു. കാലാഖഠാ, ജൽജീര, കൊക്കം സർബത്ത് തുടങ്ങിയ ദാഹശമനികൾ വിറ്റുകൊണ്ടിരുന്ന ചെറിയ സ്റ്റാളുകൾ മാട്ടുംഗയിൽ ഈ സന്ദർശനവേളയിൽ കണ്ടില്ല.

മുംബൈയിലെ ഇറാനിയൻ കഫെകളൊന്നിൽ സ്ഥാപിച്ച ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ വിശദീകരിക്കുന്ന ബോർഡ്

മാട്ടുംഗയിലെ ഭക്ഷണ സംസ്കാരത്തിൽ മാംസവും മീനും അധികം കടന്നുകയറാത്തത് പരിസരവാസികൾ അധികവും ഹിന്ദുക്കളായതുകൊണ്ടാകാം. ഹോട്ടലുകളിലും മെസുകളിലുമെത്തുന്ന ഉപഭോക്താക്കൾ മീൻകറിയോ ചിക്കൻകറിയോ ആവശ്യപ്പെടാറില്ല എന്ന് ഇപ്പോൾ പൂട്ടിയ തൃശൂർ മെസ്​ ഉടമ പറഞ്ഞത് ഓർമയുണ്ട്. അവിടെ അയിലയും ആവോലിയും മറ്റും വിളമ്പിയിരുന്നെങ്കിലും വഴിയെ അത്തരം വിഭവങ്ങൾ അവർക്ക്​അവസാനിപ്പിക്കേണ്ടിവന്നുവെന്നും അദ്ദേഹം പറഞ്ഞു. ആ മെസ് സ്​ഥിതിചെയ്തിരുന്ന കെട്ടിടത്തിന്റെ ഒന്നാം നിലയിലുണ്ടായിരുന്ന ട്രിച്ചൂർ ലോഡ്​ജ്​ ഇപ്പോൾ ട്യൂട്ടോറിയൽ കോളേജിന് വഴി മാറി. പ്രാവിൻകൂട്ടത്തെ സ്വന്തമാക്കിയ മാട്ടുംഗ കബൂത്തർഖാനയുടെ തൊട്ടടുത്ത് സ്ഥിതിചെയ്തിരുന്ന മലയാള പുസ്തക വില്പനക്കട പൂട്ടി നാളേറെയായെത്ര. സ്റ്റേഷൻ റോഡിൽത്തന്നെ കേരളീയ പലചരക്കുകൾ മുതൽ നിലവിളക്കുവരെയും ഗുരുവായൂർ പപ്പടം മുതൽ ഉണ്ണിപ്പിണ്ടി കൊണ്ടാട്ടം വരെയും വിറ്റുപോന്നിരുന്ന വടക്കാഞ്ചേരി സ്വദേശിയുടെ ‘വെങ്കിടേശ്വര സ്റ്റോഴ്‌സും' വിമൽ കട്ട്പീസ്, മഹേശ്വരി ഒപ്റ്റിക്കൽസ് തുടങ്ങിയവയും സ്ഥിതിചെയ്തിരുന്ന പഴയ കെട്ടിടം പൊളിച്ച് അവിടെ മൾട്ടി സ്റ്റോറി ബിൽഡിങ്ങ് ഉയർന്നുവന്നു. മാട്ടുംഗ പോസ്റ്റാഫീസിന് പിൻവശമുണ്ടായിരുന്ന തൃശൂർ അമ്മാടം സ്വദേശിയുടെ ജോൺസൺ ടെയ്‌ലേഴ്‌സും അദ്ദേഹത്തിന്റെ മറ്റു സ്ഥാപനങ്ങളും ന്യൂ ബോംബൈ നെറുളിലേയ്ക്ക് മാറ്റിയതായി അനിൽ നായർ എന്ന ഒരു മാട്ടുംഗ നിവാസി പറഞ്ഞു.

മാട്ടുംഗ സ്റ്റേഷൻ പ്ലാറ്റ്‌ഫോമിലേയ്ക്ക് കയറാനുള്ള കോണിക്ക് കുറച്ചിപ്പുറമായി മാട്ടുംഗ ബുക്​സ്​ സ്​റ്റാൻറിൽ തമിഴ്, മലയാളം, കന്നഡ ഭാഷകളിലുള്ള വാരികകളും ഇംഗ്ലീഷ്, മറാഠി, കന്നഡ, മലയാളം ഭാഷകളിലുള്ള പത്രങ്ങളും നിങ്ങളെ കാത്തിരിക്കുന്നുണ്ട്. ഡിജിറ്റൽ മീഡിയ വ്യാപകമായിട്ടും പത്രങ്ങൾ വായിക്കാതെ മലയാളിക്ക് ദിവസം ആരംഭിക്കാനാകില്ല എന്ന്​ സ്റ്റാൾ ഉടമ പറയുന്നു.

ഫുൾ ശാപ്പാടിന്റെ അനുഭവ സാക്ഷ്യം

എന്റെ ഈ അന്വേഷണത്തിന്റെ അവസാനത്തിൽ തൃശൂർ സ്വദേശിയും ഷാവാലാസ് കമ്പനിയിലെ ഉദ്യോഗസ്ഥനുമായിരുന്ന, ഇപ്പോൾ വിശ്രമജീവിതം നയിക്കുന്ന രാമസ്വാമിയെ കണ്ടുമുട്ടി. കിങ്ങ് സർക്കിളിലെ ഗാന്ധിമാർക്കറ്റിന് സമീപമുള്ള സംഗം കെട്ടിടത്തിലാണ് അവിവാഹിതനായ അദ്ദേഹം താമസിക്കുന്നത്. വെളുത്ത്, അധികം ഉയരമില്ലാത്ത രാമസ്വാമി പാലക്കാട് ചിറ്റൂർ ഗവ. സ്കൂളിൽ നിന്നാണ് പത്താം ക്ലാസ്​ പാസായത്. ചിറ്റൂർ മുൻസിഫ് കോർട്ടിലെ ക്ലാർക്കായിരുന്ന അദ്ദേഹത്തിന്റെ പിതാവ് ഹൃദയാഘാതം മൂലം മരിച്ചപ്പോൾ കുടുംബത്തിന്റെ ഭാരം മൂത്തമകനായ രാമസ്വാമിക്ക് ഏറ്റെടുക്കേണ്ടിവന്നു. സർവീസിലിരിക്കേ മരിച്ചാൽ ആശ്രിതർക്ക്​ ജോലി നല്കുന്ന പരിപാടി സർക്കാർ സർവീസിൽ അന്നുണ്ടായിരുന്നില്ലെന്ന് രാമസ്വാമി പറഞ്ഞു. 1966-ൽ സാധാരണക്കാർക്ക് അഭയം നല്കുന്ന ബോംബെ മഹാനഗരത്തിലേക്ക് അദ്ദേഹം ട്രെയിൻ കയറി.

1966-ൽ ബാൽ താക്കറേ നാളികേരമുടച്ച് ആരംഭിച്ച ശിവസേന, രാമസ്വാമി പറയുംപോലെ, ​ഒരു ഒച്ചപ്പാടൊക്കെ ഉണ്ടാക്കാനായി ദക്ഷിണേന്ത്യൻ വിരോധം പടർത്തിവിടാൻ തുടങ്ങി.

രണ്ടാം ലോകമഹായുദ്ധകാലത്ത് മലയാളികൾ കൽക്കത്ത, ബോംബെ, മദ്രാസ് തുടങ്ങിയ ഇടങ്ങളിലേക്ക് ‘ഷോർട്ട്കട്ട്’ പ്രവാസം നടത്തിയിരുന്നു. കേരളീയരുടെ ഡയസ്പോറയിൽ ഈ വിഷയം കാര്യമായി ഇടം പിടിച്ചിട്ടില്ലെങ്കിലും രാമസ്വാമി ആദ്യകാല ബോംബെ മലയാളികളിൽ ഒരാളാണ്. ബോംബെയിൽ എത്തിയ അദ്ദേഹത്തിന്റെ താമസം മുളുണ്ടിലെ ഒരു ബന്ധുവിനൊപ്പമായിരുന്നു. എന്നാൽ ആ പാവം ടൈപ്പിസ്റ്റിന്റെ എണ്ണിച്ചുട്ട ശമ്പളത്തിൽ പങ്കുപറ്റി അവിടെ കഴിയുന്നത്​ അത്ര ‘പന്തിയായി' രാമസ്വാമിക്കു തോന്നിയില്ല. ബ്രാഹ്മണരുടെ ‘കുലത്തൊഴി’ലായി കണക്കാക്കപ്പെടുന്ന ‘ടൈപ്പ് ഷോർട്ട്’ (കൊട്ടലും കോറലും എന്താണ് അദ്ദേഹം അതിനെ കളിയാക്കിപ്പറഞ്ഞത്) പഠനം തൃശൂരിൽത്തന്നെ വെച്ച് അദ്ദേഹം പാസായിരുന്നു. ടൈംസ് ഓഫ് ഇന്ത്യയിലെ സിറ്റേഷ്വൻ വേക്കൻറ്​ കോളത്തിൽ കാണുന്ന ജോലിക്കെല്ലാം​ അപേക്ഷിച്ചുകൊണ്ടിരുന്ന രാമസ്വാമിക്ക് വൈകാതെ ഫോർട്ടിലെ ഷിപ്പിങ്ങ് കമ്പനിയിൽ സ്റ്റെനോഗ്രാഫറായി നിയമനം ലഭിച്ചു. ‘കെട്ടും കെടക്കയുമെടുത്ത് ഞാൻ മാട്ടുംഗയിലെത്തി’, തൃശൂർ ഭാഷയിൽ രാമസ്വാമി പറഞ്ഞു. ബണ്ഡാർക്കർ റോഡിൽ സൗത്ത് ഇന്ത്യൻ മെസിൽ പ്രതിമാസം 32 രൂപയ്ക്ക് രണ്ടുനേരം ‘ഫുൾ ശാപ്പാട്', എഴുപത് രൂപക്ക്​ ഡോർമെട്രിയിൽ താമസവും. സാമാന്യം വൃത്തിയും വെടിപ്പുമുള്ള സൗത്ത് ഇന്ത്യൻ മെസിൽ നാല് മുറികളിലായി പതിനഞ്ച് പേർ താമസക്കാരായി ഉണ്ടായിരുന്നെന്ന് രാമസ്വാമി ഓർത്തെടുത്തു. വിധവയായ ഒരു തമിഴ് ബ്രാഹ്മണ സ്ത്രീയായിരുന്നു അതിന്റെ ഉടമ. നികുതിയിനത്തിലും വെള്ളം, വൈദ്യുതി തുടങ്ങിയവക്കും മുനിസിപ്പാലിറ്റിയുടെ അധിക നികുതി ഒഴിവാക്കാനാണ് ‘മെസ്​' എന്ന പേരിട്ടിരുന്നതെന്ന്​ രാമസ്വാമി പറഞ്ഞു.

ശിവസേനയുടെ രസതന്ത്രം

1966-ൽ ബാൽ താക്കറേ നാളികേരമുടച്ച് ആരംഭിച്ച ശിവസേന, രാമസ്വാമി പറയുംപോലെ, ​ഒരു ഒച്ചപ്പാടൊക്കെ ഉണ്ടാക്കാനായി ദക്ഷിണേന്ത്യൻ വിരോധം പടർത്തിവിടാൻ തുടങ്ങി. അതിനെ ‘നമ്മുടെ മണ്ണ്, നമ്മുടെ ആളുകൾ’ എന്ന അരുമപ്പേരിട്ടുവിളിച്ചു. ബോംബെയിൽ സൗത്ത് ഇന്ത്യക്കാരുടെ ആസ്ഥാനങ്ങളായ, മാട്ടുംഗ, ചെമ്പൂർ, സയൺ, മുളുണ്ട് എന്നിവിടങ്ങളിൽ അവർ ആക്രമണമഴിച്ചുവിട്ടു. ‘ലുങ്കിവാലകൾ' (ദക്ഷിണേന്ത്യക്കാർ) ഇരണ്ടക്കൂട്ടംപോലെയെത്തി ബോംബെയിലെ തൊഴിലവസരങ്ങൾ അടിച്ചു മാറ്റുന്നത് തടയാനാണൈത്ര ശിവസേന ഈ സാഹസം ചെയ്തത് എന്നാണ് രാമസ്വാമിയുടെ നിഗമനം. ‘സമാനമായ ആക്രമണങ്ങൾ ഗുജറാത്തികൾക്കുനേരെയുണ്ടായെങ്കിലും വൈകാതെ ഗുജറാത്ത് ബോംബെയിൽനിന്ന് മാറി പ്രത്യേക സംസ്ഥാനമായതോടെ ശിവസേന അവരുടെ അക്രമം പിൻവലിക്കുകയാണ് ഉണ്ടായത്’, രാമസ്വാമി പറഞ്ഞു.

ഷെട്ടി ഹോട്ടലുകൾ, മലയാളികളുടെ കടകൾ തുടങ്ങിയവയായിരുന്നു ശിവസേനയുടെ ടാർഗറ്റ്. ഹോട്ടലുകൾ, ദക്ഷിണേന്ത്യൻ സ്ഥാപനങ്ങൾ, കടകൾ എന്നിവ അടിച്ചുതകർക്കുന്നതിനോടൊപ്പം ക്യാഷ് കൗണ്ടറുകളിൽ കൈയിട്ടുവാരാനും അവർ മറന്നില്ല. അന്നും ഇന്നും ഷെട്ടി ഹോട്ടലുകൾ പണമൊഴുകുന്ന സ്രോതസ്സാണ്. മൊറാർജി ദേശായി പ്രഖ്യാപിച്ച മദ്യനിരോധനം പിൻവലിക്കപ്പെട്ടതോടെ നീരു ദോശയ്ക്കും ഇഡ്ഡലി- വട- സാമ്പാർ-മസാലദോശയ്ക്കുമൊപ്പം ‘പെർമിറ്റ് റൂമിലെ' മദ്യ വില്പനയും ഷെട്ടി ഹോട്ടലുകളിൽ ആരംഭിച്ചു. അവർ പണം കൊയ്യുകതന്നെയായിരുന്നു. ശിവസേനയ്ക്ക് ഇത് സഹിക്കാനായില്ല. ബോംബെയിലെ ആദ്യലഹളയ്ക്ക് പ്രധാന കാരണം ഈ അസൂയയിൽനിന്ന് ഉടലെടുത്തതാണ്.

ശിവസേന ആദ്യമായി സംഘടിപ്പിച്ച റാലിയിൽ തടിച്ചു കൂടിയ അണികൾ (1966) / Photo: Bal Keshav Thackeray: A Photobiography, edited by Raj Thackeray

ഷെട്ടി ഹോട്ടലുടമകൾ ഒരു പടികൂടി കടന്ന് ഡാൻസ് ബാറുകൾ ആരംഭിച്ചു. സുലഭമായി മദ്യം വില്ക്കുന്ന ഇത്തരം ബാറുകളിൽ ഗുണ്ടാസംഘങ്ങളെത്തി ‘സുപ്പാരി' ഏറ്റെടുത്തു. പല അവിഹിത ഇടപാടുകൾക്കും​ സാക്ഷ്യം വഹിച്ചിരുന്ന ഈ ബാറുകൾ അധോലോക സംഘങ്ങളുടെ മീറ്റിംഗ് പോയിന്റുമായിരുന്നു. മയക്കുമരുന്ന് വില്പനയും ഇവിടെ പൊടിപൊടിച്ചു. 2005-ൽ അന്നത്തെ ആഭ്യന്തരമന്ത്രിയായിരുന്ന ആർ.ആർ. പാട്ടീലാണ്​ ഡാൻസ് ബാറുകൾ നിരോധിച്ചത്. ചെമ്പൂർ ഷെൽ കോളനിയിലെ ഇത്തരമൊരു ഡാൻസ് ബാർ (WWF - വൈൻ, വുമൺ ആൻറ്​ ഫക്ക്) റെയ്ഡ് ചെയ്ത് 12 മുതൽ 50 വയസ്സ് വരെയുള്ള സ്ത്രീകളെ പൊലീസ്​ രക്ഷപ്പെടുത്തിയ കഥ പത്രങ്ങളിൽ വലിയ വാർത്തയായിരുന്നു. ബോംബെ മുൻ പൊലീസ്​ മേധാവി പരം ബീർ സിംഗിനെ ചുറ്റിപ്പറ്റി, ഈയിടെ വാർത്തകളിൽ നിറഞ്ഞുനിന്ന ഹഫ്ത്, വസൂലി വിവാദങ്ങളും നാർകോട്ടിക് സെൽ തലവൻ സുധീർ വാങ്ക്‌ഡേയ്‌ക്കെതിരെ മഹാരാഷ്ട്ര മന്ത്രി മാലികിന്റെ ആരോപണങ്ങളും ഈ വിഷയത്തിൽ പുത്തൻ അറിവുകളാണ്.

ഒരു ഡാൻസ് ബാർ വിശേഷം

ബാങ്ക് ഉദ്യോഗസ്ഥനായ ഫ്രാൻസീസ് മച്ചാഡോയുമൊത്ത് ഞാൻ ദാദർ വെസ്റ്റിലെ ഒരു ഡാൻസ് ബാറിൽ പോയിട്ടുണ്ട്​. ആദ്യമായാണ് ഞാൻ ഇത്തരമൊരു ബാർ സന്ദർശിക്കുന്നത്. സമയം രാത്രി ഒമ്പത്. ഡാൻസ് ഫ്‌ളോറിൽ നർത്തകിമാർ ഡിവിഡിയിൽനിന്നൊഴുകുന്ന ഗാനത്തിനൊത്ത് ചുവടുവെയ്ക്കുന്നു. കണ്ണഞ്ചിപ്പിക്കുന്ന വർണങ്ങളിൽ ലൈറ്റുകൾ നർത്തകികളുടെ ശരീരത്തിലൂടെ ഇഴയുന്നു. ഒരു ബാർ മേഡ് ഞങ്ങൾക്കരികിലെത്തി വിസ്കി, വോഡ്ക, റം... ഏതാണ് ആവശ്യമെന്ന് ചോദിച്ചു. ഓരോ പെഗ്​ മാക്​ഡോവൽ വിസ്കി ഓർഡർ ചെയ്തു. നിമിഷനേരം കൊണ്ട്​ വിസ്കിയും റോസ്റ്റഡ് കാഷ്യുനട്ടും ഐസ് ക്യൂബുകൾ നിറച്ച പ്ലാസ്റ്റിക് പാത്രവും സോഡയും ബിസ്​ലേരി ബോട്ടിൽ വെള്ളവും അവൾ മേശമേൽ നിരത്തി. ബാർ മെയ്ഡ് ഇപ്പോൾ എന്റെ തോളിൽ കൈവെച്ചിരിക്കയാണ്. ഞാൻ വിസ്കി സിപ്പ് ചെയ്തുകൊണ്ടിരുന്നു. ശീതമാപിനിയുടെ തണുപ്പ് പരന്നു. കണ്ണുകളിൽ ഒരുതരം സൈക്കഡലിക് ഇഫക്ട് അനുഭവപ്പെട്ടുതുടങ്ങി. മച്ചാഡോ മൂന്നാമത്തെ പെഗിന് ഓർഡർ ചെയ്തു. ദ്രാവകവുമായി ബാർ മെയ്ഡ് വീണ്ടുമെത്തി. മച്ചാഡോ ദ്രാവകം ഒന്ന്​ രുചിച്ചുനോക്കി ആ യുവതിയോടു പറഞ്ഞു: ‘നിങ്ങൾ ലിക്കറിൽ സ്വന്തം ഇഷ്ടപ്രകാരം വെള്ളം ചേർക്കേണ്ട, അത് ഞങ്ങൾ ചെയ്തുകൊള്ളാം’.

ബാർ മെയ്ഡ് ഇപ്പോൾ എന്റെ തോളിൽ കൈവെച്ചിരിക്കയാണ്. ഞാൻ വിസ്കി സിപ്പ് ചെയ്തുകൊണ്ടിരുന്നു. ശീതമാപിനിയുടെ തണുപ്പ് പരന്നു. കണ്ണുകളിൽ ഒരുതരം സൈക്കഡലിക് ഇഫക്ട് അനുഭവപ്പെട്ടുതുടങ്ങി.

രാമസ്വാമിയിലേയ്ക്ക് മടങ്ങിപ്പോകാം. ആന്ധ്രക്കാർ മഹാനഗര ജനസംഖ്യയിൽ 0.08 ശതമാനത്തിൽ താഴെയാണെങ്കിലും മാട്ടുംഗയിലെ ലക്ഷ്മി ജ്വല്ലറിക്കു സമീപം ‘ആന്ധ്ര വെജ്' ഹോട്ടൽ ഉണ്ടായിരുന്നു. (ഇപ്പോഴത് പൂട്ടി) ചർച്ച് ഗേറ്റിലെ ‘ഷാവാലാസ്' കമ്പനിയിൽ ജോലി നോക്കവെ രാമസ്വാമി കെ.സി. കോളേജിൽ നിന്ന് കോമേഴസിൽ ബിരുദവും ബിരുദാനന്തരബിരുദവും നേടി.
ഇതിനിടെ, രസകരമായ ഒരു സംഭവത്തിന് സാക്ഷ്യം വഹിച്ച കഥ അദ്ദേഹം പറഞ്ഞു. മാട്ടുംഗയിലെ സൗത്ത് ഇന്ത്യൻ ബാങ്ക്‌ പ്രൈവറ്റ്​ ലിമിറ്റഡിൽ (നമ്മുടെ തൃശൂർവാല സൗത്ത് ഇന്ത്യൻ ബാങ്കല്ല!) എസ്.ബി അക്കൗണ്ടുള്ള ചിറ്റൂർ സ്വദേശിയും രാമസ്വാമിയുടെ സുഹൃത്തുമായ ഗുരുക്കൾമണി നാട്ടിൽ പോകാൻ 1000 രൂപ പിൻവലിക്കാൻ ഈ ബാങ്കിലെത്തി ചെക്ക് നല്കി കാത്തിരുന്നു. എന്നാൽ ബാലൻസ് ഉണ്ടായിട്ടും മാനേജർ പണം നല്കിയില്ല. കാരണം ചോദിച്ചപ്പോൾ അയാൾ തട്ടിക്കയറാൻ തുടങ്ങി. ഗുരുക്കൾ മണി രാമസ്വാമിയോട് ഈ വിവരം പറഞ്ഞു. അവരിരുവരും എസ്.ഐ.ബി ബാങ്കിലെത്തി. മാനേജർ പരിഭ്രാന്തനായി ഗുരുക്കൾ മണിയോട് ശബ്​ദം താഴ്​ത്തി പറഞ്ഞതേത്ര: ‘നീ എതുക്കാകടാ വക്കീലെ കൂട്ടി വന്തത്. എങ്കിട്ടെ ശൊന്നാൽ പോതുമില്ലയാ.'
മാനേജർ അപ്പോൾതന്നെ ചെക്ക് പാസാക്കി 1000 രൂപ എണ്ണിക്കൊടുത്തു. അടുത്ത ആഴ്ച ആർ.ഐ.ബി., എസ്.ഐ.ബി താഴിട്ടുപൂട്ടി ലിക്വിഡേറ്റ് ചെയ്ത നോട്ടീസും പതിച്ചു. കൂടുതൽ പലിശ നല്കുമെന്ന വാഗ്ദാനങ്ങളും ‘നിങ്ങളുടെ പണം ഞങ്ങൾവശം സുരക്ഷിത’മെന്നുമൊക്കെയുള്ള ഉറപ്പുകൾ കാറ്റിൽ പറത്തി മുതലും പലിശയും നല്കാതെ നിക്ഷേപകരെ വഞ്ചിച്ച ആ ബാങ്കിൽ ഇടപാടുകാരായി മലയാളികളും തമിഴരും ഗുജറാത്തികളും ഉണ്ടായിരുന്നു. അതിന്റെ കേസ് കെട്ട് എവിടെയെത്തിയെന്ന് രാമസ്വാമിക്കുപോലും അറിയില്ല.

1992 ഡിസംബർ ആറിന്​ ബാബറി മസ്ജിദ് തകർക്കപ്പെട്ടതോടെ മുംബൈക്കാർ നേരിട്ട ഏറ്റവും വലിയ വർഗീയ കലാപത്തിന്​ ബി.ജെ.പി- സംഘപരിവാർ- ശിവസേന സഖ്യമാണ്​ചൂക്കാൻ പിടിച്ചത്​. പക്ഷേ, മാട്ടുംഗയിൽ വർഗീയ രാഷ്ട്രീയത്തിന്റെ ഒരു സർപ്പദംശനവും അരങ്ങേറിയില്ല

കണ്ണേ മടങ്ങുക!

1966ൽ ദക്ഷിണേന്ത്യക്കാർക്കുനേരെയുള്ള ശിവസേനയുടെ ആക്രമണത്തിനു ശേഷം മഹാനഗരത്തിൽ ഇത്തരം ഏടാകൂടങ്ങളൊന്നും ഉണ്ടായില്ല. 1992 ഡിസംബർ ആറിന്​ ബാബറി മസ്ജിദ് തകർക്കപ്പെട്ടതോടെ മുംബൈക്കാർ നേരിട്ട ഏറ്റവും വലിയ വർഗീയ കലാപത്തിന്​ ബി.ജെ.പി- സംഘപരിവാർ- ശിവസേന സഖ്യമാണ്​ചൂക്കാൻ പിടിച്ചത്​. പക്ഷേ, മാട്ടുംഗയിൽ വർഗീയ രാഷ്ട്രീയത്തിന്റെ ഒരു സർപ്പദംശനവും അരങ്ങേറിയില്ല എന്ന് എനിക്ക്​ നേരിൽ കാണാനിടയായി. കടകൾ ഭൂരിഭാഗവും തുറന്നു. എണ്ണത്തിൽ കുറവായിരുന്നെങ്കിലും ടാക്‌സികൾ മെല്ലെമെല്ലെ സഞ്ചരിക്കുന്നുണ്ടായിരുന്നു. കബൂത്തർഖാനയിൽ പ്രാവുകൾ ഗോതമ്പ് മണികൾ പതിവുപോലെ കൊത്തിത്തിന്നുകൊണ്ടിരുന്നു. ക്ഷേത്രങ്ങളിൽ ആൾത്തിരക്ക് കുറവായിരുന്നു എന്നു മാത്രം. അക്രമാസക്തരായ വർഗീയ സഖ്യത്തിന്റെ കൊലവിളിക്ക്​ മാട്ടുംഗ നിവാസികൾ ചെവികൊടുത്തില്ല എന്ന് ചുരുക്കിപ്പറയാം.
ഇന്ത്യയുടെ പലഭാഗങ്ങളിലും ക്രിസ്ത്യൻ ദേവാലയങ്ങളും മസ്ജിദുകളും തകർക്കപ്പെടുന്ന ദാരുണവൃത്താന്തം പതിവായി വന്നുകൊണ്ടിരിക്കുന്നു. എന്നാൽ അതിശയമെന്നുതന്നെ പറയട്ടെ, മാട്ടുംഗയുടെ ഹൃദയ ഭാഗത്തുള്ള തെലംഗ് റോഡിന് സമീപം ഒരു മസ്ജിദുണ്ട്; മതമൈത്രിയുടെ മകുടോദാഹരണമായി.

തമിഴ്‌സംഘം, ഷൺമുഖാനന്ദ ഹാൾ, ബോംബെ കേരളീയ സമാജം തുടങ്ങിയ സാംസ്കാരിക സംഘടനകൾ മാട്ടുംഗയിൽ സജീവമാണ്​. മഹാനഗരത്തിൽ ഇപ്പോൾ മെട്രോ ട്രെയിൻ സർവീസിന്റെ നിർമാണ പ്രവർത്തനം ദ്രുതഗതിയിൽ പുരോഗമിക്കുന്നു. ബോംബെയുടെ ഒരറ്റത്തുനിന്ന് അതിന്റെ ഹൃദയഭാഗങ്ങളിലൂടെ സഞ്ചാരപഥം ഒരുക്കുകവഴി സബർബൻ ട്രെയിനുകളിലെ തിരക്ക് കുറക്കാനാകുമെന്നാണ്​ മുംബൈ മെട്രോപൊലിറ്റൻ റീജിയൻ ഡെവലപ്‌മെൻറ്​ അതോറിറ്റിയുടെ കണക്കുകൂട്ടൽ.

മാട്ടുംഗയോട് താൽക്കാലികമായി വിട പറഞ്ഞ് റെയിൽവേ സ്റ്റേഷനിലെത്തി. മൊബൈൽ ഓൺ ചെയ്ത് ഹെഡ്​സെറ്റ്​ കാതിൽ തിരുകി. ‘‘യെ മുംബൈ യാ ബോംബെ ഇറ്റ് ഈസ്? ​​​​​​​ എ ബേൽപൂരി ഇറ്റ് ഈസ്? ചഠ്പഠാ ഇറ്റ് ഈസ്, തിക്കാ ഇറ്റ് ഈസ്, ക്രൻചി ഇറ്റ് ഈസ്, യമ്മീ...''
ഫാദർ റൂബിൽ കമ്പോസ് ചെയ്ത ഗാനത്തിൽ ലയിച്ചിരിക്കെ ദാദറിലേയ്ക്കുള്ള ട്രെയിൻ വന്നതറിഞ്ഞില്ല... ▮


വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​


കെ.സി. ജോസ്​

തൃശൂർ സ്വദേശി. ദീർഘകാലം മുംബൈയിൽ പരസ്യമേഖലയിൽ ജോലി ചെയ്തു. അക്കാല ബോംബെ ജീവിതങ്ങളെക്കുറിച്ച് ധാരാളം ലേഖനങ്ങൾ എഴുതി. മുംബൈ മേരി ജാൻ എന്ന പുസ്തകം പ്രസിദ്ധീകരിച്ചു.

Comments