മരണവും സ്വപ്നവും:

Ars Longa, Vita brevis

മേതിൽ: വ്യാഴാഴ്​ചകൾ മാത്രമുള്ള ഏഴു ദിവസങ്ങൾ- 6

ചില അതിവേഗ പാതകളെപ്പറ്റി

ഒരു ദിവസം, ‘കൊറോണ' എന്ന വാക്ക് വരുന്ന ഒരു മലയാളം പേജ്, ഏതോ ഒരു പുസ്തകത്തിൽനിന്ന് ഫോട്ടോ എടുത്ത്, ആ വാക്കിനുചുറ്റും ഒരു ചുവന്ന വട്ടമിട്ട്, ബംഗ്ലൂരിൽ നിന്ന് എഴുത്തുകാരിയും സുഹൃത്തുമായ സവിത എനിക്കയച്ചുതന്നു. ഇത് ‘സൂര്യവംശ'ത്തിൽ നിന്നാണ്, സവിത പറഞ്ഞു.

മേതിൽ രാധാകൃഷ്ണൻ
മേതിൽ രാധാകൃഷ്ണൻ

തേ ദിവസങ്ങളിൽ ഒരു രാത്രി എന്റെ അച്ഛൻ മരിച്ചതായി ഞാൻ സ്വപ്നം കണ്ടു.
അങ്ങനെയൊരു സന്ദേശവുമായി നാട്ടിൽ നിന്നെത്തിയ ഒരു ടെലിഗ്രാം ഞാൻ വായിക്കുന്നതായിട്ടാണ് സ്വപ്നം കണ്ടത്.
പനയോല പോലെ ഇളകുന്ന ഒരു മുഷിഞ്ഞ കടലാസ്സിൽ എന്റെ അച്ഛൻ മരിച്ചതായി ആരോ അറിയിച്ചിരിക്കുന്നു, ‘അച്ഛൻ മരിച്ചു. നീ ഉടനെ പുറപ്പെടുക.’

ഏതോ ഒരു നഗരത്തിലെ ഒറ്റമുറി വീട്ടിൽ ഞാൻ എന്നെ കാണുകയായിരുന്നു, അവിടെ ജനൽപടിയ്ക്ക് താഴെ ഞാൻ ആ സന്ദേശവുമായി ഇരിക്കുന്നു. ആരെല്ലാമോ ഓടിവരുന്ന കാലൊച്ചകളും കേട്ടുകൊണ്ട് - തൊട്ടുപിറകെ, രാജ്യങ്ങളുടെ നിസ്സഹായമായ അകലത്തിലേക്ക് ഞാൻ ഉണരുകയും ചെയ്തു.
രാത്രി വീണ്ടും തുടർന്നു.

പിറ്റേന്നു രാവിലെ മുതൽ ഓഫീസിൽ ഇനിയും അറിയാനിരിക്കുന്ന അതേ മരണവാർത്തക്കൊപ്പം ഞാൻ കഴിഞ്ഞു. ദൂരവും മരണവും പ്രിയപ്പെട്ട എന്തിനെയും ഭയപ്പെടുത്തുന്ന പരിചയത്തിൽ എന്നെ നിർത്തുകയായിരുന്നിരിക്കണം, എന്നും വൈകുന്നേരം നാലുമണിയോടെ ഓഫീസിലെത്തുന്ന തപാൽസഞ്ചിയിൽ നിന്ന് അങ്ങനെയൊരു ടെലിഗ്രാം എടുത്ത് എനിക്കുനേരെ നീട്ടുന്ന ഈജിപ്ഷ്യൻ സഹപ്രവർത്തകനെ, മരണവീട്ടിൽ നിന്നെത്തുന്ന ആളെ പോലെ കാത്ത്, ഞാൻ സമയം നീക്കുകയായിരുന്നു.
ആ സമയം മേതിൽ എന്നെ ഫോണിൽ വിളിച്ചു, തന്റെ അച്ഛൻ മരിച്ചതായി പറഞ്ഞു; ‘ഇന്നലെ എന്റെ അച്ഛൻ മരിച്ചു, ഞാൻ ഇന്ന് നാട്ടിലേക്ക് പോവുകയാണ്', മേതിൽ പറഞ്ഞു.

ദൂരവും മരണവും ബന്ധുത്വവും മനസ്സും സഞ്ചരിക്കുന്ന അതിവേഗപാതകളെപ്പറ്റി ഊഹങ്ങൾ പണിയുക രസകരമായിരുന്നു. അത് ‘കഥ'യിലെ പ്രഖ്യാപിതങ്ങളായ സ്ഥലങ്ങൾ റദ്ദ് ചെയ്യുന്നു.

ഒരു നിമിഷം എന്നിൽ നിന്ന്​ ‘മാറിപ്പോയ' മരണവാർത്ത കേട്ട് ഞാൻ നിശ്ശബ്ദനായി. പിന്നെ, തലേന്നുരാത്രി കണ്ട സ്വപ്നം ഞാൻ മേതിലിനോട് പറഞ്ഞു.
ഇളകുന്ന ഒരു പനയോല എന്ന് അപ്പോഴും ആ ചെറിയ കടലാസ് കഷണത്തെ കണ്ടു, അപ്പോഴും വിറച്ചു.

മരണാനന്തര ചടങ്ങുകളിൽ പങ്കെടുത്ത് മേതിൽ തിരിച്ചെത്തിയപ്പോൾ, ഒരു ദിവസം, സംഭാഷണത്തിനിടയിൽ ഞങ്ങൾ വീണ്ടും ഇതേ സ്വപ്നത്തിൽ വന്നു.

ദൂരവും മരണവും ബന്ധുത്വവും മനസ്സും സഞ്ചരിക്കുന്ന അതിവേഗപാതകളെപ്പറ്റി ഊഹങ്ങൾ പണിയുക രസകരമായിരുന്നു. അത് ‘കഥ'യിലെ പ്രഖ്യാപിതങ്ങളായ സ്ഥലങ്ങൾ റദ്ദ് ചെയ്യുന്നു. അതുപോലെ, റ്റലെപതി, അന്യചിത്തജ്ഞാനം, കലയെ സന്ദർശിയ്ക്കുന്ന സന്ദർഭങ്ങൾ ഓർക്കുന്നതും രസകരമായിരുന്നു. ഒരുവേള, കളിയോ കഥയോ ആയി ജീവിതത്തെ കാണാൻ അവ അവസരങ്ങൾ തന്നു. നിശൂന്യമായ, പ്രബലമായ യാഥാർഥ്യത്തിലേക്ക് അത്രയും വേഗത്തിൽ കഥകൾ പോലും പിൻവാങ്ങുമ്പോഴും...

വളരെ ദൂരത്ത് നടക്കുന്ന, ഭാവനയെ ഉദ്ദീപിപ്പിക്കുന്ന ഒന്നുമാത്രമായി ഒരു രോഗം വായനയിൽ മാത്രം ചുറ്റിത്തിരിയുകയായിരുന്നു. ഇപ്പോൾ രോഗം മഹാമാരിയായിരിക്കുന്നു. ഭാവന മാത്രമല്ലാതായിരിക്കുന്നു.  / Photo: Flickr
വളരെ ദൂരത്ത് നടക്കുന്ന, ഭാവനയെ ഉദ്ദീപിപ്പിക്കുന്ന ഒന്നുമാത്രമായി ഒരു രോഗം വായനയിൽ മാത്രം ചുറ്റിത്തിരിയുകയായിരുന്നു. ഇപ്പോൾ രോഗം മഹാമാരിയായിരിക്കുന്നു. ഭാവന മാത്രമല്ലാതായിരിക്കുന്നു. / Photo: Flickr

ഏതാനും വർഷങ്ങൾക്കുശേഷം ‘സംഗീതം ഒരു സമയകലയാണ്' എന്ന മേതിലിന്റെ കഥ വായിക്കുമ്പോൾ ഞാൻ ഈ സന്ദർഭം വീണ്ടും ഓർത്തു. അല്ലെങ്കിൽ, കഥ, ഒരു മഹാമാരിയെക്കുറിച്ചുള്ള അവതരണം മാത്രമായിരുന്നു. പിന്നെ അത് ഒരു രക്തബന്ധുത്വത്തിന്റെ അകമഴിഞ്ഞ അവതരണം കൂടിയായി. മേതിലിന്റെ സംഭാഷണങ്ങളിൽ പലപ്പോഴും വന്നിരുന്ന തന്റെ പപ്പയുടെ ഓർമയ്ക്ക് വേണ്ടി കൂടിയായിരുന്നു ആ കഥ എന്ന് പിന്നെയും ഒരിക്കൽക്കൂടി ഓർത്തു.

പിന്നെയും വർഷങ്ങൾ കഴിഞ്ഞു.
കോവിഡിന്റെ ലോകം മുഴുവനുമുള്ള വ്യാപനത്തിന്റെ ആദ്യനാളുകളിലൊന്നിൽ ഞാൻ വീണ്ടും ആ കഥയിൽ വന്നുപെട്ടു. വളരെ ദൂരത്ത് നടക്കുന്ന, ഭാവനയെ ഉദ്ദീപിപ്പിക്കുന്ന ഒന്നുമാത്രമായി ഒരു രോഗം വായനയിൽ മാത്രം ചുറ്റിത്തിരിയുകയായിരുന്നു. ഇപ്പോൾ രോഗം മഹാമാരിയായിരിക്കുന്നു. ഭാവന മാത്രമല്ലാതായിരിക്കുന്നു.

ഒരാളുടെ ജീവിതം അയാളുടെ മരണത്തിൽനിന്ന്​ ആരംഭിക്കുന്നു എന്ന സങ്കൽപമാണ്, ഒരുപക്ഷെ, സാഹിത്യത്തെ വീണ്ടും ഓർമയുടെ കലയാക്കുന്നത്. എന്നാൽ, അതേ സങ്കൽപം, അങ്ങനെയൊരു ഓർമയിൽ പങ്കൊന്നുമില്ലാത്ത സ്ഥലത്തും, ആളുകളിലും, ചിതറി തൂവുമ്പോൾ മരണം ജീവിതത്തിന്റെതന്നെ വലിയ അവതരണമാകുന്നു.

ഒരു ദിവസം, ‘കൊറോണ' എന്ന വാക്ക് വരുന്ന ഒരു മലയാളം പേജ്, ഏതോ ഒരു പുസ്തകത്തിൽനിന്ന് ഫോട്ടോ എടുത്ത്, ആ വാക്കിനുചുറ്റും ഒരു ചുവന്ന വട്ടമിട്ട്, ബംഗ്ലൂരിൽ നിന്ന് എഴുത്തുകാരിയും സുഹൃത്തുമായ സവിത എനിക്കയച്ചുതന്നു. ഇത് ‘സൂര്യവംശ'ത്തിൽ നിന്നാണ്, സവിത പറഞ്ഞു.

എനിക്ക് ഓർമയുണ്ടായിരുന്നില്ല.

സയൻസിനോടും മനുഷ്യരുടെ തനിച്ചിരിപ്പിനോടും ഒരേപോലെ ആഭിമുഖ്യം പുലർത്തുന്ന മേതിലിന്റെ സാഹിത്യത്തിൽ ജന്തുസഹജം എന്നപോലെ പ്രത്യക്ഷപ്പെടാറുള്ള പരികല്പനകൾ എന്നെ അത്ഭുതപ്പെടുത്തില്ല. അല്ലെങ്കിൽ, ആയിരക്കണക്കിനു വർഷങ്ങൾക്കുമുമ്പ് മനുഷ്യശരീരത്തിലേക്ക് കുടിയേറിയ ഒരു വൈറസിനെ, മറ്റൊരു കുറ്റാന്വേഷകന്റെ രൂപത്തിൽ മേതിലും പിന്തുരുന്നുണ്ടായിരുന്നു. ആ പകൽ, പെട്ടെന്ന്, ഞാൻ മലയാളത്തിലെ അസാധാരണമായ ആ ചെറുകഥയോർത്തു: ‘സംഗീതം ഒരു സമയകലയാണ്' എന്ന മേതിലിന്റെ കഥ.

ഒരു മഹാമാരിയെപ്പറ്റിയാണ് ആ കഥയും.

വീണ്ടും, സാഹിത്യവും മഹാമാരിയും മനുഷ്യരും ഭാവനയും ഞാൻ ഓർക്കാൻ തുടങ്ങി. ‘പ്ലേഗ്' ആണ് ഈ കഥയിലെ മഹാമാരി. പക്ഷെ ഒരു വില്ലനെപ്പോലെയല്ല; മറിച്ച്, മരണത്തിനും ജീവിതത്തിനുമിടയിൽ, ആ ഇടനേരത്ത്, മനുഷ്യരുടെ ഇടയിൽ, രോഗം ഒരു ഇതിവൃത്തംതന്നെയാവുകയാണ്.

നമ്മുടെ ഭാഷയിലെ അപൂർവഭംഗിയുള്ള ഒരാഖ്യാനം കഥയെ ഭാഷയുടെ പ്രിയപ്പെട്ട ‘വാസ്തു'വാക്കുന്നു.

അടുത്തുതന്നെ ചിത്രീകരണം തുടങ്ങുന്ന ഒരു ചലച്ചിത്രത്തിൽ അഭിനയിക്കാൻ തിരഞ്ഞെടുക്കപ്പെട്ട ബസവ കന്നാഡ് എന്ന യുവാവ്, കർണാടകയിലെ ചിക്ക്മഗ്ലൂരിലേയ്ക്ക് തന്നെ കൊണ്ടുപോകാൻ വന്ന മറ്റു രണ്ടുപേർക്കുമൊപ്പം അവരുടെ വാഹനത്തിലിരിക്കുമ്പോൾ, ഒരു നിമിത്തംപോലെ നഴ്‌സറിക്കഥയിലെ പൈഡ് പൈപ്പർ എന്ന കുഴലൂത്തുകാരനെക്കുറിച്ച് ആലോചിക്കുകയായിരുന്നു എന്നുപറഞ്ഞുകൊണ്ടാണ് കഥ തുടങ്ങുന്നത്. പിന്നീട്, കഥ വികസിക്കുമ്പോൾ, അകാരണമായി ബസവ ഓർക്കുന്ന ആ നായകൻ, പൈഡ് പൈപ്പർ, കഥയിലെ എല്ലാ കഥാപാത്രങ്ങളിലേക്കും എല്ലാ സന്ദർഭങ്ങളിലെക്കും എല്ലാ സ്ഥലത്തെയ്ക്കും വ്യാപിക്കുന്നു.
തന്നെത്തന്നെ അഴിച്ചുവിടുന്നപോലെ. അല്ലെങ്കിൽ, ഒരു മഹാമാരിയുടെ, പതിഞ്ഞ താളത്തിലുളള ‘വിളയാട്ട'മാണ് കഥയെ (വായനയെ) ബാധിക്കുന്നത്. യാഥാർഥ്യം, പറയുന്നത് എന്തോ അതുമാത്രമാകുന്നു. കഥ, അതിലെ ‘നായകരെ' മാറിമാറി അവതരിപ്പിക്കുന്നു.

ഒരാളുടെ ജീവിതം അയാളുടെ മരണത്തിൽനിന്ന്​ ആരംഭിക്കുന്നു എന്ന സങ്കൽപമാണ്, ഒരുപക്ഷെ, സാഹിത്യത്തെ വീണ്ടും ഓർമയുടെ കലയാക്കുന്നത്. എന്നാൽ, അതേ സങ്കൽപം, അങ്ങനെയൊരു ഓർമയിൽ പങ്കൊന്നുമില്ലാത്ത സ്ഥലത്തും, ആളുകളിലും, ചിതറി തൂവുമ്പോൾ മരണം ജീവിതത്തിന്റെതന്നെ വലിയ അവതരണമാകുന്നു. ഈ കഥയിൽ, മരണം പക്ഷെ ഒരു മഹാമാരിയുടെ, പ്ലേഗിന്റെ, ആഖ്യാനമാണ്. അതിലേക്ക് ഒഴുകുകയോ വന്നുചേരുകയോ ചെയ്യുന്നപോലെയാണ് എല്ലാ കഥാപാത്രങ്ങളും അവരുടെ ആത്മഗതങ്ങളും.

അന്ന് യൂറോപ്പിൽ ചിതറിക്കിടന്ന ശവശരീരങ്ങൾ പെറുക്കിയെടുത്ത് ഒരു നേർവരയിൽ നിരത്തിവയ്ക്കുകയാണെങ്കിൽ ആ വര നീണ്ടുനീണ്ട് ഭൂമധ്യരേഖയെ മൂടും. ദൂരത്തെ ദൈവങ്ങൾക്ക് അത് കൗതുകം നിറഞ്ഞ കാഴ്ചയായിരുന്നിരിക്കണം.

ഒരിക്കൽ, തന്റെ പപ്പ ഒരു സാനിറ്ററി ഉദ്യോഗസ്ഥനായിരുന്നു എന്ന് മേതിൽ ഓർക്കുന്നു, കഥയ്ക്കുശേഷം ചേർത്ത കുറിപ്പുകളിൽ. കഥയിലെ മൂന്നു സാനിറ്ററി ഉദ്യോഗസ്ഥന്മാരിലും തന്റെ പപ്പയുടെ ഓർമയുണ്ട് എന്ന് പറയുന്നു. എന്നാൽ, പൈഡ് പൈപ്പറെപ്പറ്റി തന്റെ പപ്പ പറയാത്ത ഒന്ന് മേതിൽ ഈ കഥയ്ക്കുവേണ്ടി മുമ്പേ കണ്ടെത്തിയിട്ടുണ്ട്: പതിനാലാം നൂറ്റാണ്ടിലെ യൂറോപ്പിനെ ശ്മശാനഭൂമിയാക്കിയ Black Death എന്ന വൻ പ്ലേഗാണ് പൈഡ് പൈപ്പർ എന്നാണ് ആ കണ്ടെത്തൽ. പൈഡ് പൈപ്പറുടെ ഐതിഹ്യത്തിലെ ദൃശ്യങ്ങളായ ചില ചമയങ്ങളെയും നിറങ്ങളെയും യൂറോപ്പിലെ ചില ആചാരങ്ങളുമായി തട്ടിച്ചുനോക്കിയപ്പോൾ വർഷങ്ങൾക്ക് മുമ്പ് തനിക്കു കിട്ടിയ ഉത്തരമാണ് അതെന്ന് മേതിൽ എഴുതുന്നു.

ഇപ്പോൾ, കോവിഡ് - 19 ന്റെ പശ്ചാത്തലത്തിൽ ഈ കഥ വായിക്കുമ്പോൾ കഥയിലെ മറ്റൊരു നിരീക്ഷണത്തിലും നമ്മൾ എത്തുന്നു. മരണത്തിന്റെ ഒരു പരസ്യത്തിനുവേണ്ടി നാം കോപ്പി റൈറ്റിങ് നടത്തുകയാണെങ്കിൽ അത് ഇങ്ങനെയാവുമെന്നാണ് മേതിൽ പറയുക: അന്ന് യൂറോപ്പിൽ ചിതറിക്കിടന്ന ശവശരീരങ്ങൾ പെറുക്കിയെടുത്ത് ഒരു നേർവരയിൽ നിരത്തിവയ്ക്കുകയാണെങ്കിൽ ആ വര നീണ്ടുനീണ്ട് ഭൂമധ്യരേഖയെ മൂടും. ദൂരത്തെ ദൈവങ്ങൾക്ക് അത് കൗതുകം നിറഞ്ഞ കാഴ്ചയായിരുന്നിരിക്കണം. ശനിക്കുചുറ്റുമുള്ള വലയം പോലെ ഭൂമിയ്ക്കുചുറ്റും ശവശരീരങ്ങളുടെ ഒരു വലയം...

ഇപ്പോൾ എന്റെ ഒരു പഴയ സ്വപ്നത്തിൽ നിന്ന് ഞാനീ കഥയിലേക്ക് എത്തിയിരിക്കുന്നു. അപകടം പിടിച്ച ഒരു വാർത്ത, ദുഃഖകരമായ ഒരു സന്ദർഭം, ആഗ്രഹിക്കാത്ത ചില വീടുമാറ്റങ്ങൾ, ഇതെല്ലാം ചിലപ്പോൾ കൈമാറ്റം ചെയ്യപ്പെടുന്നത് സ്വപ്നങ്ങളിലാണ്. എങ്കിൽ, ഒരാൾ അയാളുടെ മരണമറിയിക്കാൻ തെരഞ്ഞെടുക്കുന്നത് സ്വപ്നമാവുന്നതും സ്വഭാവികമാകുന്നു. വേർപാടുകളെ അത് സ്വാന്ത്വനിപ്പിക്കുന്നു.

പിന്നെയും ചില വർഷങ്ങൾ കഴിഞ്ഞാണ് എന്റെ അച്ഛൻ മരിക്കുന്നത്. സ്വപ്നങ്ങളുടെ മുന്നറിയിപ്പൊന്നും തരാതെ, അവിചാരിതമായി, ഒരു രാവിലെ, ഞാനുമായി അതേ അകലം പാലിച്ച്, അതേ ദൂരത്തിൽ തന്നെ, ഞാൻ വീട്ടിൽ ഇല്ലാത്ത സമയത്തുതന്നെ, അച്ഛൻ മരിച്ചു. കണ്ണീരില്ലാത്ത സങ്കടത്തോടെ അതേ മരണം എന്റെ സ്വപ്നങ്ങളിലും പിന്നീടും പല പ്രാവശ്യം ആവർത്തിച്ചു.

അച്ഛൻ മരിച്ച ദിവസം രാത്രിയോടെ ഞാൻ അച്ഛന്റെ അരികിലെത്തി. എന്നാൽ, തന്റെ മരണാനന്തരമാണ്, അച്ഛൻ എന്നെ ഇടവേളകൾ അധികം ഇല്ലാതെ സന്ദർശിക്കാൻ തുടങ്ങിയത്. ഞാൻ അച്ഛനെ പലപ്പോഴും സ്വപ്നം കണ്ടു. അപ്പോഴും ഞങ്ങൾ രണ്ടു രാജ്യങ്ങളുടെ അകലം പാലിച്ചു.

ഒരു സ്വപ്നത്തിൽ മാത്രം ഞങ്ങൾ ഒരുമിച്ച് എവിടെക്കോ നടക്കുന്നത് കണ്ടു. ▮

(തുടരും)


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.


കരുണാകരൻ

കവി, കഥാകൃത്ത്​, നോവലിസ്​റ്റ്​. യുവാവായിരുന്ന ഒമ്പതുവർഷം, യക്ഷിയും സൈക്കിൾ യാത്രക്കാരനും, ബൈസിക്കിൾ തീഫ്​, ഉടൽ എന്ന മോഹം എന്നിവ പ്രധാന പുസ്​തകങ്ങൾ. ദീർഘകാലം പ്രവാസിയായിരുന്നു.

Comments