നമ്പീശൻ മാഷ്

നമ്പീശൻ മാഷ് മുമ്പ് എന്നെ പഠിപ്പിച്ചതേ ഇന്ന് എനിക്കും പഠിപ്പിക്കാനുള്ളൂ

മുപ്പത് രൂപയായിരുന്നു ഇംഗ്ലീഷ് ക്ലാസിന്റെ ഫീസ്. ഹിന്ദി ഗ്രാമർ ക്ലാസ് സൗജന്യം. അത് കാലങ്ങളായി അങ്ങനെത്തന്നെയായിരുന്നു. ഇന്നും അദ്ദേഹം ജീവിച്ചിരുന്നെങ്കിൽ അതേ മുപ്പതുരൂപ തന്നെയായിരിക്കും അദ്ദേഹത്തിന്റെ ഫീസ്.

ചില കാര്യങ്ങൾ രേഖപ്പെടുത്താൻ അക്ഷരങ്ങൾ മതിയാവാതെ വരും. എന്നാലും കാലയവനികക്കുപിന്നിൽ മറഞ്ഞുപോയ ചിലരിൽ ഇന്നും ജീവിക്കേണ്ടവരുണ്ട്. നടന്നുമറഞ്ഞ വഴികളിലെ വെയിലാറുന്നതിനുമുൻപ് ആ കുളിരെന്തെന്ന് അറിയിക്കേണ്ടതുണ്ട്. ഓർമയിൽ കുളിർ നിറച്ച ആ ഗുരുനാഥനെ പറ്റി.
മുന്നിലിരിക്കുന്ന കുഞ്ഞിന്റെ കണ്ണിലെ അന്ധകാരം മാറ്റി അവിടെ വെളിച്ചം നിറക്കുന്നവരാരോ അവരാണ് അധ്യാപകർ. തിരിഞ്ഞുനോക്കുമ്പോൾ "ഗുരു' എന്ന വാക്കിനോട് ചേർത്തുവയ്ക്കാൻ എനിക്കൊരു പേരേയുള്ളൂ- നമ്പീശൻ മാഷ്. മാഷിന്റെ പേരെന്തായിരുന്നു? എന്തായാലും നമ്പീശൻ എന്നാവാൻ തരമില്ല. പേര് പോലും അപ്രധാനമായി പോകുന്നു ആ വ്യക്തിത്വത്തിനുമുമ്പിൽ.
ഞാൻ കാണുമ്പോഴേ അദ്ദേഹത്തിന്റെ മുടി നരച്ചിരിക്കുന്നു. വെളുത്ത ഫുൾകൈ ഷർട്ടും മുണ്ടുമാണ് പതിവുവേഷം. തിളങ്ങുന്ന കട്ടിക്കണ്ണടയുണ്ട് മുഖത്ത്. കൈയ്യിലൊരു സഞ്ചിയും. സുസ്‌മേരവദനൻ.

പ്രായഭേദമെന്യേ വിവിധ ക്ലാസിലുള്ളവർ അവിടെ ഒരുമിച്ച് പഠിക്കുകയാണ്. ഏകാധ്യാപനമാണ്. ഹിന്ദിയും ഇംഗ്ലീഷുമാണ് മുഖ്യമായി പഠിപ്പിക്കുന്നത്. സർവ്വോപരി ഒരു മുത്തശ്ശന്റെ വാത്സല്യവും സ്‌നേഹവും കൈമുതലായുള്ള ഒരു പാവം അധ്യാപകൻ

ഏഴാം ക്ലാസ് കഴിഞ്ഞ് എട്ടിലേക്കാവുന്ന വേനലവധിക്കാലം. രണ്ടുമാസം യാത്രയും സിനിമയും കളിയുമായി അടിച്ചു പൊളിക്കാൻ തന്നെ തീരുമാനിച്ചിരിക്കെയാണ്, അപ്രതീക്ഷിതമായി, അച്ഛൻ എന്നെ ട്യൂഷന് ചേർക്കുന്നു എന്നുപറഞ്ഞത്. അതും ഇംഗ്ലീഷ് ഗ്രാമർ ക്ലാസിന്. വല്ലാത്ത മുഷിച്ചിലായി എന്ന് പറയേണ്ടതില്ലല്ലോ. മനസ്സില്ലാമനസ്സോടെ ഞാനും ക്ലാസിനുപോയി തുടങ്ങി. വട്ടംകുളം ഗ്രാമീണ വായനശാലയുടെ കെട്ടിടത്തിലാണ് ക്ലാസ്. വായനശാലയുടെ ഒരു വശത്ത് ഏറെയൊന്നും മികവ് അവകാശപ്പെടാനില്ലാത്ത ഒരു വലിയ മുറി. അവിടെ തലങ്ങും വിലങ്ങുമായി ധാരാളം ബെഞ്ചും ഡെസ്‌ക്കും. അതിൽ നിറയെ കുട്ടികൾ തിങ്ങിഞെരുങ്ങിയിരിക്കുന്നു. അതിനിടയിലേക്കാണ് മുറുമുറുപ്പുകളുമായി ഞാൻ എത്തിച്ചേരുന്നത്.

ഒന്നുരണ്ട് ക്ലാസ് കഴിഞ്ഞതോടെ ചില സവിശേഷതകൾ ഞാൻ മനസ്സിലാക്കി തുടങ്ങി. പ്രായഭേദമെന്യേ വിവിധ ക്ലാസിലുള്ളവർ അവിടെ ഒരുമിച്ച് പഠിക്കുകയാണ്. ഏകാധ്യാപനമാണ്. ഹിന്ദിയും ഇംഗ്ലീഷുമാണ് മുഖ്യമായി പഠിപ്പിക്കുന്നത്. സർവ്വോപരി ഒരു മുത്തശ്ശന്റെ വാത്സല്യവും സ്‌നേഹവും കൈമുതലായുള്ള ഒരു പാവം അധ്യാപകനാണ് ക്ലാസുകൾ കൈകാര്യം ചെയ്യുന്നത്. ഹോം വർക്കിനെ തീരെ ഭയക്കേണ്ടതില്ല. മുഷിച്ചിലും പതിയെ മാറിത്തുടങ്ങി. എടുത്തിരുന്ന ഗ്രാമർ ക്ലാസിനേക്കാൾ വിശേഷമായി എന്നെ ആകർഷിച്ചത് സാത്വികമായ ആ വ്യക്തിത്വമായിരുന്നു. എല്ലാവരോടും ഒരേ സ്‌നേഹം, ഒരേ കരുണ, ഒരേ വാത്സല്യം. മുഖം കടുത്ത ഒരു വാക്ക് പറയില്ല. സർവ്വോപരി അദ്ദേഹം ഒരിക്കലും പഠിക്കാൻ നിർബന്ധിച്ചില്ല. പതിയെ ഞാൻ അദ്ദേഹത്തെ അറിഞ്ഞു തുടങ്ങുകയായിരുന്നു.

മൂന്നു വർഷം മുടങ്ങാതെ ഞാൻ വേനലവധിക്കായി കാത്തിരുന്നു. ഓരോ അവധിക്കാലവും എന്നെ ഞാനറിയാതെ അദ്ദേഹത്തിലേക്ക് അടുപ്പിച്ചുകൊണ്ടിരുന്നു.

മുപ്പത് രൂപയായിരുന്നു ഇംഗ്ലീഷ് ക്ലാസിന്റെ ഫീസ്. ഹിന്ദി ഗ്രാമർ ക്ലാസ് സൗജന്യം. അത് കാലങ്ങളായി അങ്ങനെത്തന്നെയായിരുന്നു. ഇന്നും അദ്ദേഹം ജീവിച്ചിരുന്നെങ്കിൽ അതേ മുപ്പതുരൂപ തന്നെയായിരിക്കും അദ്ദേഹത്തിന്റെ ഫീസ്. സാമ്പത്തികലാഭം അദ്ദേഹത്തിന്റെ നിഘണ്ടുവിലേ ഇല്ലായിരുന്നു. തികച്ചും നിസ്വാർത്ഥമായിരുന്നു ആ സേവനം. അവസാനകാലത്തും അദ്ദേഹം ആവർത്തിച്ചു പറഞ്ഞിരുന്നത് ശിഷ്യ സമ്പത്തിനെക്കുറിച്ചായിരുന്നു. അതുമാത്രമായിരുന്നു അദ്ദേഹം എന്നും ആഗ്രഹിച്ചതും.

മൂന്നു വർഷം മുടങ്ങാതെ ഞാൻ വേനലവധിക്കായി കാത്തിരുന്നു. ഓരോ അവധിക്കാലവും എന്നെ ഞാനറിയാതെ അദ്ദേഹത്തിലേക്ക് അടുപ്പിച്ചുകൊണ്ടിരുന്നു. എല്ലാ വെള്ളിയാഴ്ചകളിലും ചെറിയൊരു പരീക്ഷ നടത്തും, പത്ത് മാർക്കിന്റെ ഒരു കേട്ടെഴുത്തും. മാർക്ക് കുറഞ്ഞവരെ ശകാരിക്കുന്ന പതിവില്ല. അധ്യാപകർക്ക് സർവ്വ സ്വാതന്ത്ര്യവും ഉണ്ടായിരുന്ന ആ കാലത്ത് അത് വലിയൊരു അത്ഭുതമായിരുന്നു.

എടുത്തു പറയേണ്ടത്, ഏഴാം ക്ലാസ് മുതൽ ഡിഗ്രി വരെയുള്ള കുട്ടികൾക്ക് ഒരേ സിലബസ് ആയിരുന്നു എന്നതാണ്. കനപ്പെട്ട ഗ്രാമർ ഭാഗങ്ങൾ അദ്ദേഹം സരസമായി അവതരിപ്പിക്കും. എന്നാൽ ഒരു പൊതു പരീക്ഷയെ നേരിടാനുള്ളതെല്ലാം അതിലുണ്ടായിരുന്നു എന്നതാണ് യാഥാർത്ഥ്യം. വലിയവനും ചെറിയവനും മുഷിപ്പില്ല. ഒരിക്കൽ കേട്ടെഴുത്തിൽ 'ശൂന്യത' എന്നർത്ഥം വരുന്ന ‘വാക്വം' എന്ന വാക്ക് ഞാൻ ശരിയാക്കി. ആ വലിയ സദസിനു മുൻപിൽ വച്ച് അദ്ദേഹം എന്നെ അഭിനന്ദിച്ചു. ‘മിടുക്കത്തി ആണ് ട്ടോ'. സത്യമായും അന്നുതൊട്ടാണ് ഞാൻ ഇംഗ്ലീഷ് ഗ്രാമറിനെ പ്രണയിച്ചു തുടങ്ങിയത്. മുന്നിലിരിക്കുന്ന കുഞ്ഞുങ്ങളെ മനസ്സറിഞ്ഞ് സ്‌നേഹിക്കുക എന്ന അധ്യാപനത്തിന്റെ ആദ്യപാഠം ഞാൻ അറിഞ്ഞത് അവിടെ നിന്നായിരുന്നു.
അത്ഭുതാവഹമായിരുന്നു അദ്ദേഹത്തിന്റെ ക്ഷമാശക്തി. ഒരിക്കൽ മാത്രം, ക്ലാസിൽ വല്ലാതെ അസ്വസ്ഥത കാണിച്ച ഒരു കുട്ടിയെ മാഷ് തിരിച്ചു പറഞ്ഞയക്കുന്നത് കണ്ടു; ‘വിഷമിക്കേണ്ട. അച്ഛനോട് ഞാൻ പറഞ്ഞോളാം. തിരിച്ചുപൊയ്‌ക്കോളൂ'; ആ നാവിൽ നിന്ന് ഞാൻ കേട്ട ഏറ്റവും കടുത്ത വാക്കാണത്.

നമ്പീശൻ മാഷ് ഞങ്ങളുടെ നാടിന്റെ അനുഗ്രഹമായിരുന്നു. പിന്നീടറിഞ്ഞു, വലിയ ക്ലാസിലെ കുട്ടികൾക്ക് ഇംഗ്ലീഷ് സാഹിത്യത്തിൽ ക്ലാസെടുത്തിരുന്നു എന്ന്. (അറിഞ്ഞത് വല്ലാതെ വൈകിയാണ്. ഇല്ലെങ്കിൽ തേടിപ്പിടിച്ച് ആ ക്ലാസിലും ഞാൻ ചെന്നെത്തിയേനെ) വായനശാലക്കായി സ്വന്തം കെട്ടിടം അദ്ദേഹം വിട്ടുകൊടുത്തിരുന്നു. പുസ്തകങ്ങളെ അത്രകണ്ട് സ്‌നേഹിച്ചു ആ മനീഷി. കലാസാംസ്‌കാരിക വേദികളിലും, അക്ഷരശ്ലോകസദസ്സുകളിലും നിറസാന്നിധ്യമായിരുന്നു.

അവിചാരിതമായ ഒരു വളവിൽ വച്ച് ഇംഗ്ലീഷ് ഭാഷ എന്റെ ജീവിതത്തിലേക്ക് പടികടന്നെത്തിയപ്പോൾ ഞാൻ കയ്യിലെടുത്തത് മാഷ് ബാക്കിവെച്ച അക്ഷരങ്ങളെയാണ്.

കാലങ്ങൾക്കിപ്പുറം, അധ്യാപനത്തിന്റെ പുതിയ വേഷപ്പകർച്ചയിൽ പതറിപ്പോകുമ്പോൾ വീണ്ടും ഓർക്കുകയാണ് പ്രിയ ഗുരുവിനെ. ശമ്പളമില്ലാത്ത പരാധീനതകൾക്കിടയിലും കുട്ടികളോട് ചേർന്നിരിക്കുമ്പോൾ ഓർക്കുന്നത് മാഷ് പഠിപ്പിച്ച വലിയ പാഠമാണ്. ശിഷ്യസമ്പത്ത് എന്ന വലിയ പാഠം.
അവിചാരിതമായ ഒരു വളവിൽ വച്ച് ഇംഗ്ലീഷ് ഭാഷ എന്റെ ജീവിതത്തിലേക്ക് പടികടന്നെത്തിയപ്പോൾ ഞാൻ കയ്യിലെടുത്തത് മാഷ് ബാക്കിവെച്ച അക്ഷരങ്ങളെയാണ്. അദ്ദേഹം പഠിപ്പിച്ച അതേ വാചകങ്ങൾ അതേ ഉദാഹരണങ്ങളോടെ പകർന്നു കൊടുക്കുമ്പോൾ കുഞ്ഞിക്കണ്ണിൽ ഞാൻ കാണുന്ന തിളക്കങ്ങൾക്ക് സ്വർണവർണമാണ്.

‘മാഷ് പഠിപ്പിച്ചുതന്നതിനപ്പുറമൊന്നും ഞാൻ വളർന്നിട്ടില്ല, അതേ എനിക്കും പറഞ്ഞുകൊടുക്കാനുള്ളൂ' എന്നൊരിക്കൽ ഏറ്റുപറഞ്ഞപ്പോൾ തലയിൽ കൈവെച്ച് അനുഗ്രഹിച്ചു.
‘അതുമതി. അതുമാത്രം മതി. എന്റെ ഗുരുവായൂരപ്പാ... രക്ഷിക്കണേ' എന്ന്. ആ വാക്ക് നെഞ്ചിലു ള്ളിടത്തോളം കാലം എന്റെ ചുവടും പിഴക്കില്ല.
അധ്യാപകൻ എന്നാൽ ഒരായുസ്സ് മുഴുവൻ കൂടെ ഉണ്ടാവുക എന്നുറപ്പാണ്. വേണ്ടിടത്തെല്ലാം വേണ്ട നിർദേശങ്ങളുമായി കൂടെ ഉണ്ടാവുക എന്ന ഉറപ്പ്. ഇന്നും ഓർക്കുന്നു. വിവാഹജീവിതത്തിലേക്ക് കാലെടുത്തു വയ്ക്കാൻ ഒരുങ്ങിയ നാളിൽ ഒരുനാൾ ഒരു തിരക്കിൽ വച്ച് മാഷെന്നെ അന്വേഷിച്ചു പിടിച്ചു. ചേർത്തുപിടിച്ച് അനുഗ്രഹിച്ചു; ‘ക്ഷമയുണ്ടാവണം എപ്പോഴും. പിന്നീട് തിരക്കിൽ പറയാൻ കഴിഞ്ഞില്ലെങ്കിലോ'.

ദീർഘവീക്ഷിയായ ആ മഹാന് വിനീതമായ കൂപ്പുകൈ. പ്രിയ ഗുരുനാഥാ.. ക്ഷമിക്കുന്നു. ക്ഷമിച്ചു കൊണ്ടേയിരിക്കുന്നു. അങ്ങ് ബാക്കിവെച്ച വഴിയിൽ ഒരു വഴിവിളക്ക് ആവാനെങ്കിലും കഴിഞ്ഞാൽ ... സുകൃതം.▮

Comments