പി.എൻ. രാജമ്മ

പി.എൻ. രാജമ്മ; പാഠപുസ്തകം പഠിപ്പിക്കാത്ത
​എന്റെ പ്രിയ അധ്യാപിക

ലയാളത്തിലെ പ്രഗൽഭരും പ്രശസ്തരുമായ ഒരു ഭാഷാസാഹിത്യ അധ്യാപകരുടെയും ക്ലാസിൽ ഇരുന്നു സാഹിത്യം പഠിച്ചിട്ടില്ല ഞാൻ. കാരണം ഗണിതശാസ്ത്രത്തിൽ ബിരുദ -ബിരുദാനന്തര പഠനത്തിനു ശേഷമാണ് മലയാള സാഹിത്യം പഠിക്കാൻ MAയ്ക്ക് ചേരുന്നത്. സാഹിത്യ നായകരുടെ ക്ലാസുകളെ കുറിച്ചു അയവിറക്കാൻ ഒരു ഗൃഹാതുര സ്മരണയുമില്ല. വീട്ടിലും പരിസരത്തെ ലൈബ്രറികളിലുമുള്ള പുസ്തകങ്ങൾ വഴിയാണ് പ്രശസ്തരായ എഴുത്തുകാരെയും അധ്യാപകരെയും പരിചയപ്പെടുന്നത്. അവരുടെ എഴുത്തുകളിലേക്ക് വഴിവെട്ടിത്തരുകയും അക്ഷരങ്ങളെ ഭക്ഷിച്ചു വിശപ്പടക്കാൻ പരിശീലിപ്പിക്കുകയും ചെയ്ത ഒരച്ഛനും അനുഭവങ്ങളുടെ വലിയ പാഠപുസ്തകമായ ഒരമ്മയും എനിക്കുണ്ടായിരുന്നു. വീട്ടിലെ വലിയ അലമാരകളിൽ നിരത്തിയടുക്കി വെച്ചിരുന്ന പുസ്തകങ്ങളാണ് അധ്യാപകരേക്കാൾ എന്നെ ജീവിതത്തിന്റെയും സാഹിത്യത്തിന്റെയും കണക്കുകൾ പഠിപ്പിച്ചത്. അതെത്ര വലിയ ഒരു സാധ്യതയായിരുന്നു ഒരു പെൺകുട്ടിക്ക്.

ശാരദക്കുട്ടിയുടെ ബാല്യകാല ചിത്രം
ശാരദക്കുട്ടിയുടെ ബാല്യകാല ചിത്രം

സ്‌കൂളിലും കോളേജിലും എന്നെ പഠിപ്പിച്ച അധ്യാപകരെല്ലാം തങ്ങളുടെ ചുരുങ്ങിയ വൃത്തത്തിനുള്ളിൽ നിന്ന് സാധാരണ ജീവിതം ജീവിച്ച പാവം മനുഷ്യർ മാത്രമായിരുന്നു. ഒട്ടും അസാധാരണരായിരുന്നില്ല ഒരാൾ പോലും. അധ്യാപകരായി തൊഴിലെടുത്ത കുറെ നല്ല മനുഷ്യർ മാത്രം. വീടുകളിൽ നിന്ന് ഓടി കഷ്ടപ്പെട്ടു വന്ന് നാലും അഞ്ചും മണിക്കൂർ പാഠപുസ്തകം പഠിപ്പിച്ച് നോട്ടുകൾ തന്ന് പരീക്ഷകൾ നടത്തി മാർക്കിട്ട് വീട്ടിലേക്ക് തിരക്കിട്ട് ഓടിപ്പോയിരുന്നവർ. അവരുടെ ഔദ്യോഗികകൃത്യങ്ങൾ വിട്ടുവീഴ്ചയില്ലാതെ ചെയ്തവർ. പെൺകുട്ടികളെ സദാചാര കഥകൾ പഠിപ്പിച്ചവർ. പ്രത്യേകിച്ച് സ്വാധീനമുണ്ടാക്കിയിട്ടില്ല അവരാരും തന്നെ. എല്ലാവരും കുട്ടികളെ സ്‌നേഹിച്ചിരുന്നിരിക്കണം. അന്നതൊക്കെ സുന്ദര കാലമായിരുന്നിരിക്കണം. പരന്നൊഴുകുന്ന വെള്ളം പോലെ ഓർമ്മകളിൽ അവരെല്ലാമുണ്ട്, എന്നല്ലാതെ ജീവിതത്തിൽ സാമൂഹ്യ ഉള്ളടക്കത്തിന്റെ സർഗാത്മക കലാപങ്ങൾ പ്രതിധ്വനിപ്പിച്ച ഒരാളെ പോലും കണ്ടെത്താനാകുന്നില്ല. വ്യവസ്ഥാപിത ജീവിത വീക്ഷണങ്ങളെ മാറ്റിമറിക്കുന്ന ഒന്നും വിദ്യാഭ്യാസ കാലത്ത് സംഭവിച്ചിട്ടില്ല. അധ്യാപക നിയമനത്തിന്റെ മെറിറ്റ് വളരെയധികം ചർച്ചാവിഷയമാകുന്ന വർത്തമാന കാലത്തിരുന്ന് ഞാനാലോചിച്ചു നോക്കിയിട്ട് ടെക്സ്റ്റ് ബുക്കുകൾക്കപ്പുറത്തേക്ക് എന്തെങ്കിലും പറഞ്ഞു തന്നിട്ടുള്ള ഒരാളെ പോലും എനിക്കു കണ്ടെത്താനാകുന്നില്ല.

അക്ബറിന്റെയും ഷേർഷയുടെയും അശോകന്റെയും ഭരണപരിഷ്‌കാരങ്ങൾ ഞങ്ങൾ കാണാതെ പഠിക്കുമ്പോൾ ദൽഹിയിലെ നഗരങ്ങളിൽ കുടിലുകൾ ഇടിച്ചു നിരത്തപ്പെടുകയും മനുഷ്യർ വന്ധ്യംകരിക്കപ്പെടുകയും ചെയ്യുകയായിരുന്നു

അടിയന്തരാവസ്ഥക്കാലത്തുപോലും നാടിന്റെ രാഷ്ട്രീയാവസ്ഥ എന്തെന്ന് ഞങ്ങളറിയുന്നത് അധ്യാപകരിൽ നിന്നായിരുന്നില്ല. അക്ബറിന്റെയും ഷേർഷയുടെയും അശോകന്റെയും ഭരണപരിഷ്‌കാരങ്ങൾ ഞങ്ങൾ കാണാതെ പഠിക്കുമ്പോൾ ദൽഹിയിലെ നഗരങ്ങളിൽ കുടിലുകൾ ഇടിച്ചു നിരത്തപ്പെടുകയും മനുഷ്യർ വന്ധ്യംകരിക്കപ്പെടുകയും ചെയ്യുകയായിരുന്നു. സ്വതന്ത്രബുദ്ധികളായ എഴുത്തുകാർ അറസ്റ്റ് ചെയ്യപ്പെടുകയും വിപ്ലവപ്രസ്ഥാനങ്ങളിൽ പ്രവർത്തിച്ചിരുന്ന ചെറുപ്പക്കാർ എന്നെന്നേക്കുമായി അപ്രത്യക്ഷരാവുകയും ചെയ്തു. ഞങ്ങളുടെ ചരിത്ര ക്ലാസ് മുറികൾ അതൊന്നുമറിഞ്ഞില്ല. അധ്യാപനത്തിന്റെ ആചാരാനുഷ്ഠാനങ്ങൾ കൃത്യമായി പാലിച്ചു പോന്ന ക്ലാസ് മുറികൾ ആയിരുന്നു അവയെല്ലാം. മറ്റുള്ളവരെ പോലെ മാത്രം ആയിത്തീരാതിരിക്കുവാൻ നമുക്കെന്താണ് ചെയ്യാൻ കഴിയുക എന്ന് പഠിപ്പിച്ചു തരുവാൻ ആരുമുണ്ടായിരുന്നില്ല.

അടച്ചുറപ്പില്ലാത്ത മൂത്രപ്പുരയിൽ നിരന്നിരുന്നു മൂത്രമൊഴിക്കാനുള്ള സൗകര്യം മാത്രമേ ഞങ്ങളുടെ സ്‌കൂളിൽ പെൺകുട്ടികൾക്ക് അന്നുണ്ടായിരുന്നുള്ളു. ഒരിക്കൽ അവിടെ തറയിൽ രക്തക്കറ കണ്ട് ഭയന്ന ഞങ്ങൾ ടീച്ചറോട് ചെന്നു പറഞ്ഞപ്പോൾ ടീച്ചർ പറഞ്ഞു തന്നത്, വെള്ളിയാഴ്ചകളിൽ മരിച്ചു പോയ ആത്മാക്കൾ മൂത്രപ്പുരയിൽ വരുമെന്നാണ്. വെള്ളിയാഴ്ചകളിൽ മൂത്രമടക്കിപ്പിടിച്ച് ഞങ്ങൾ ക്ലാസ് മുറികളിലിരുന്നു, ശാരീരികശാസ്ത്രമൊന്നും ക്ലാസ് മുറികളിൽ ആരും പഠിപ്പിച്ചില്ല. ധാരാളം അധ്യാപികമാർ സ്‌കൂളിലും ബന്ധുസ്ത്രീകൾ വീട്ടിലും ഉണ്ടായിരുന്നിട്ടും ഋതുമതിയായ ദിവസം ഞാൻ ഭയന്ന് ഉറക്കെ കരഞ്ഞു.

ഇന്നെനിക്കൂഹിക്കാൻ കഴിയുന്നുണ്ട്, ജീവിത പ്രശ്‌നങ്ങളുടെ പരുക്കുകളുമായാണ് അവരൊക്കെ ക്ലാസിൽ എത്തിയിരുന്നതെന്ന്. അവർ ട്രെയിനിങ് കോളേജിൽ പരിശീലിച്ചപ്പോൾ കിട്ടിയതനുസരിച്ച് ഞങ്ങളെയും പാഠങ്ങൾ പഠിപ്പിച്ചു. ഇടയ്‌ക്കൊക്കെ ചെറിയ ചെറിയ ഉദാഹരണങ്ങളിലൂടെ വലിയ ശാസ്ത്ര - ചരിത്ര സത്യങ്ങൾ പറഞ്ഞു തരാൻ കഴിവുള്ള ചുരുക്കം ചിലരും അവരിലുണ്ടായിരുന്നിരിക്കും. പക്ഷേ ജീവിതാവസ്ഥകൾക്കെതിരെ വ്യത്യസ്തമായ രീതിയിൽ പ്രതിഷേധ സ്വരമുയർത്തുന്നവരൊന്നും എന്റെ ഓർമയിൽ വരുന്നില്ല.

മുതിർന്നു കഴിഞ്ഞപ്പോൾ ചില അധ്യാപകരെ പിന്തുടരാൻ ഞാനാഗ്രഹിച്ചു. അവരുടെ ക്ലാസ് മുറികളിലിരിക്കാൻ കൊതിച്ചു. അയ്യപ്പപ്പണിക്കർ സാറും സ്‌കറിയ സക്കറിയ സാറും കെ.ഇ.എൻ കുഞ്ഞഹമ്മദു മാഷുമുണ്ട് അക്കൂട്ടത്തിൽ. അവരുടെ ലേഖനങ്ങളും പ്രസംഗങ്ങളും ആ ക്ലാസ് മുറികളെക്കുറിച്ചുള്ള വലുതായ

ശാരദക്കുട്ടിയും മകളും
ശാരദക്കുട്ടിയും മകളും

നഷ്ടബോധം എന്നിലുണ്ടാക്കിയിട്ടുണ്ട്. സ്വയം മാറുവാനും നിരന്തരം വളരുവാനും പ്രേരിതയായി, അവരുടെ കാഴ്ചകളുടെ തെളിമയിൽ, അത്ഭുതംകൂറി മുൻനിരബഞ്ചിൽ ഒരു വിദ്യാർഥിനിയായി എന്നെ സങ്കൽപിക്കാൻ ഇന്നും എനിക്കിഷ്ടമാണ്. ഒരുപാടു ശിഷ്യഗണങ്ങളുള്ള അക്കാലത്തെ മറ്റു പല പ്രശസ്ത സാഹിത്യ അധ്യാപകരും എന്നെ അത്രക്ക് ആകർഷിച്ചിട്ടില്ല. അവരുടെ പുസ്തകങ്ങൾ പഠിച്ചിട്ടുണ്ട് എന്നതിനപ്പുറം അവർ സാഹിത്യം പഠിപ്പിച്ചാൽ ഒരു പക്ഷേ ഞാനൊന്നും ശ്രദ്ധിക്കുമായിരുന്നില്ല എന്നാണെനിക്കു തോന്നുന്നത്. കേവല ജ്ഞാനത്തെയും പാണ്ഡിത്യത്തെയുംകാൾ സാമാന്യ ബോധത്തെ അട്ടിമറിക്കുന്നവരുടെ ക്ലാസുകൾക്കായി ഞാൻ ആഗ്രഹിച്ചു. കുഞ്ഞാമൻ മാഷ് പഠിപ്പിച്ചിരുന്നെങ്കിൽ ചിലപ്പോൾ ഞാൻ ഇന്നത്തേതിലും മികച്ച മാനവികതാബോധമുള്ള വ്യക്തിയാകുമായിരുന്നു എന്നു തോന്നിയിട്ടുണ്ട്.
​സാറാ ജോസഫ്, സുജാതാദേവി ടീച്ചർ ഒക്കെ പഠിപ്പിച്ചിരുന്നെങ്കിൽ ഞാൻ കൂടുതൽ പ്രചോദിതയാകുമായിരുന്നിരിക്കും. ഹൃദയകുമാരി ടീച്ചറെയും ലീലാവതി ടീച്ചറെയും അവരുടെ ആർജ്ജിതജ്ഞാനത്തെയും പാണ്ഡിത്യത്തെയും ആദരിക്കുമ്പോഴും സുജാതാദേവി ടീച്ചറിലും സാറാ ജോസഫിലും കൂടുതൽ ആകൃഷ്ടയായി അവരെയാകും ഞാൻ പിന്തുടരുക. നോക്ക്, നോക്ക് എന്ന് സദാ പുറത്തേക്ക് വിരൽചൂണ്ടി ജാഗ്രതപ്പെടുത്തുന്നവരെ മികച്ച അധ്യാപകരെന്നു വിളിക്കുവാനാണ് ഉൾപ്രേരണ. പാണ്ഡിത്യത്തോളം തന്നെ കാരുണ്യവും താർക്കിക വൈദഗ്ദ്ധ്യത്തോളം തന്നെ സംവാദ ബുദ്ധിയും കാല്പനികതയേക്കാൾ പ്രായോഗിക ബുദ്ധിയും ശാരീരികമായ വൃത്തിയും വെടിപ്പും തീക്ഷ്ണമായ കണ്ണുകളും നർമ്മബോധവും അധ്യാപകരിലുണ്ടാകണമെന്നതാണ് എന്റെ സങ്കൽപം.

ഒടുവിൽ പാഠപുസ്തകം പഠിപ്പിക്കാതെ തന്നെ ഒരു മികച്ച അധ്യാപികയെ എനിക്കു ജീവിതത്തിൽ കിട്ടുന്നത് എന്റെ ഇരുപത്തിയേഴാമത്തെ വയസ്സിലാണ്. അവർ അന്ന് ഔദ്യോഗിക ജീവിതത്തിൽനിന്ന് വിരമിച്ച ഒരു പ്രൈമറി സ്‌കൂൾ അധ്യാപികയാണ്. ഞാൻ പുതിയ ജീവിതത്തിലേക്കു പ്രവേശിക്കുകയാണ്. പലതരത്തിൽ ധാരാളം വിദ്യാഭ്യാസവും ഉന്നത ബിരുദങ്ങളും നേടിയിരുന്നിട്ടും ഭർത്തൃഗൃഹത്തിലേക്കുള്ള ആ പ്രവേശനം അക്കാലത്തെ എല്ലാ പെൺകുട്ടികളെയും എന്ന പോലെ എന്നെയും ഭയപ്പെടുത്തി. അന്നു വരെ ലഭിച്ച ആന്തരിക വിദ്യാഭ്യാസത്തിന്റെ പരിമിതികൾ തന്നെയാണ് അത്തരം ഭയങ്ങളുടെ അടിസ്ഥാനം. പി.എൻ. രാജമ്മ എന്ന ആ പ്രൈമറി സ്‌കൂൾ അധ്യാപികയിൽ നിന്ന് ഞാൻ പലതും പഠിച്ചു തുടങ്ങി.

ശാരദക്കുട്ടിയും ഭർത്താവ് ജി.മധുകുമാറും വിവാഹദിനത്തിൽ
ശാരദക്കുട്ടിയും ഭർത്താവ് ജി.മധുകുമാറും വിവാഹദിനത്തിൽ

പുറത്തു നിന്ന് കാണുന്നത്ര എളുപ്പമല്ല കാര്യങ്ങൾ എന്ന് വെറും സ്വപ്നജീവിയും പുസ്തകോപജീവിയും മാത്രമായി ആ വീട്ടിലേക്കു കയറിച്ചെന്ന എന്നെ പഠിപ്പിച്ചത് ഈ റിട്ടയേഡ് അധ്യാപികയാണ്. ഇപ്പോൾ 90 വയസ്സു കഴിഞ്ഞു. വ്യവസ്ഥക്കുള്ളിൽ നിന്നുകൊണ്ട് വ്യവസ്ഥയോടു പൊരുതുവാൻ കൂടുതൽ കരുത്തും ബുദ്ധിയും ആവശ്യമാണെന്നവർ കാണിച്ചുതന്നു. ഒരു ഹെഡ്മിസ്ട്രസ്സെന്ന മട്ടിൽ തന്നെ ആ വീട്ടിൽ ഏറ്റവും ഉയരത്തിലാണ് അവർ അന്നും ഇന്നും.

"എല്ലാ സത്യങ്ങളും ഭർത്താവിനോടു പറയരുത്, പറയേണ്ടതെന്തെന്ന് ആലോചിച്ചുറപ്പിച്ചേ പറയാവൂ' എന്നാണ് അമ്മ, മകൻ കേൾക്കാതെ എന്നോട് വിവാഹ ദിവസം ആദ്യമായി പറഞ്ഞു തന്നത്.

"താഴരുത് , ചിലപ്പോഴൊക്കെ താഴുന്നതായി ഭാവിക്കുന്നതിൽ തെറ്റൊന്നുമില്ല' എന്നത്, വലിയ യുദ്ധങ്ങൾ ജയിക്കണമെങ്കിൽ ചെറിയ വഴക്കുകളിൽ തോറ്റുകൊടുക്കണം എന്നത്, ഒക്കെ ഒരു ബുദ്ധിയാണ്. ചെറിയ പ്രശ്‌നങ്ങൾ കണ്ടില്ലെന്നു നടിച്ചു കൊണ്ട് അവർ വിജയിച്ചു വരുന്നത് ഞാൻ കാണുകയായിരുന്നു. "എല്ലാ സത്യങ്ങളും ഭർത്താവിനോടു പറയരുത്, പറയേണ്ടതെന്തെന്ന് ആലോചിച്ചുറപ്പിച്ചേ പറയാവൂ' എന്നാണ് അമ്മ, മകൻ കേൾക്കാതെ എന്നോട് വിവാഹ ദിവസം ആദ്യമായി പറഞ്ഞു തന്നത്.
അന്നുവരെ മറ്റൊരധ്യാപകരും പറഞ്ഞു തരാത്ത പാഠം.

എന്റെ ക്ലാസുകളിൽ ഞാൻ പെൺകുട്ടികൾക്ക് ഈ പാഠം പകർന്നു കൊടുത്തു.
ഒരു പ്രൈമറി സ്‌കൂൾ അധ്യാപികക്ക് തന്റെ കുട്ടികളോട് ഇതൊന്നും പറഞ്ഞു കൊടുക്കേണ്ട സാഹചര്യമില്ലായിരിക്കാം. പക്ഷേ, ഈ ടീച്ചർ ശരിയല്ലാത്തതൊന്നും ആരിലും അടിച്ചേൽപ്പിച്ചിട്ടുണ്ടാകില്ല എന്ന് അവരുടെ ഏറ്റവും മുതിർന്ന വിദ്യാർഥിനി എന്ന നിലയിൽ എനിക്കു പറയാനാകും. ചെറുപ്പകാലം മുതൽ തന്നെ ആൺകുട്ടികൾ വീട്ടുജോലികളിൽ പങ്കാളികളാകുന്ന ആ വീടിന്റെ ശീലം എനിക്ക് നേട്ടമായി.

സ്വന്തം ശക്തിയെ ബോധപൂർവം നിലയ്ക്കുനിർത്തി പട നയിക്കുന്ന പോരാളിക്ക് നിൽക്കുന്ന സ്ഥലത്തെയും സ്വന്തം കഴിവിനെയും കുറിച്ച് വ്യക്തമായ ധാരണയുണ്ടാകും. എങ്ങോട്ട് നയിക്കണമെന്ന ദിശാബോധമുണ്ടായിരിക്കും. അമ്മ അങ്ങനെയാണ്. അച്ഛനോ ആൺമക്കളോ അമ്മയുടെ ഒരഭിപ്രായത്തിനും എതിരു നിന്നില്ല. അതൊന്നും ഔദാര്യമായിരുന്നില്ല. അമ്മ വലിയ ഒരു ശരിയാണ്. അത് ബാക്കിയുള്ളവർ അംഗീകരിച്ചു. കൈ വീശി അച്ഛനു മുന്നേ നടക്കുന്ന അമ്മയെ ഞാനെന്റെ വ്യക്തിജീവിതത്തിൽ കണ്ട ഏറ്റവും വിജയിച്ച സ്ത്രീ എന്ന് അസൂയയുടെയും അഭിമാനത്തോടെയും കണ്ടു.

അമ്മ രാജമ്മയ്ക്കൊപ്പം ശാരദക്കുട്ടിയും ഭർത്താവ് മധുകുമാറും.
അമ്മ രാജമ്മയ്ക്കൊപ്പം ശാരദക്കുട്ടിയും ഭർത്താവ് മധുകുമാറും.

സൂക്ഷ്മതയാണ് ജീവിതത്തിൽ ഏറ്റവും ആവശ്യമെന്നാണ് ഈ അധ്യാപിക പഠിപ്പിച്ചത്. "ആണിനൊന്ന് പെണ്ണിനു മറ്റൊന്ന്' എന്ന പാഠഭേദങ്ങൾ അവർക്കില്ല. ഇത്തരം ഒരധ്യാപികയായിരിക്കണം പ്രൈമറി ക്ലാസുകളിൽ പഠിപ്പിക്കേണ്ടത്. വലിയ രാഷ്ട്രത്തിന് വളരണം, ചെറുതിന് സംരക്ഷണവും വേണം. അങ്ങനെ വലുത് താഴ്ന്നു കൊടുക്കുമ്പോൾ, എല്ലാവർക്കും വേണ്ടത് കിട്ടുന്നു. ചെറുത് ആര്, വലുത് ആര് എന്ന് തിരിച്ചറിഞ്ഞു അമ്മ. 90 കഴിഞ്ഞ അമ്മയാണ് ആ വലിയ രാഷ്ട്രം.

നിശ്ചലതയിൽ താഴ്ന്നു കിടക്കുന്നെങ്കിൽ അത് കൂടുതൽ കരുത്തോടെ ഉയർന്നു വരാൻ വേണ്ടിയാകണം...ക്ഷമാശീലകളും സഹനശ്രീകളും പരാജയപ്പെട്ടു പോയ നിലമാണിതെന്ന് അവർക്കറിയാം... തന്ത്രവും പ്രായോഗികബുദ്ധിയും ഏറെ ആവശ്യപ്പെടുന്ന ചതുരംഗക്കളി ആസ്വദിക്കുവാൻ ഞാൻ പഠിച്ചതങ്ങനെയാണ്...
എന്തൊരു നിശ്ചയദാർഢ്യം. തർക്കങ്ങളില്ല. വഴക്കുകളില്ല. "വലിയ' ഭാവങ്ങളൊന്നുമില്ല... അമ്മയുടെ തീരുമാനങ്ങളെല്ലാം വിദഗ്ധമായി അവിടെ നടപ്പിലാക്കപ്പെടുന്നു. അതെല്ലാം ഏറിയകൂറും ഞങ്ങൾ പെണ്ണുങ്ങൾക്ക് അനുകൂലമാകുന്നു ...

വിശക്കുമ്പോൾ, ആരു കഴിച്ചോ ഇല്ലയോ എന്നു നോക്കാതെ ഭക്ഷണം എടുത്തു കഴിക്കണമെന്ന് ആദ്യം തന്നെ പറഞ്ഞു തന്നുകൊണ്ട് എനിക്ക് പുതിയ ജീവിതത്തിൽ ധൈര്യം തന്നു

പ്രജ്ഞയും പ്രസരിപ്പുമുള്ള സ്ത്രീ വലിയൊരു രാഷ്ട്രം തന്നെയാണ് എന്നവർ കാണിച്ചുതന്നു ... വലിയ രാജ്യം വിനീതമായ നിലപാട് എടുത്തുകൊണ്ട് ചെറിയ രാജ്യങ്ങളുടെ വിശ്വാസം പിടിച്ചെടുക്കുന്നു; അവർ ഒരു മഹാസമുദ്രം തന്നെയാണ്, ചെറിയ അരുവികൾ അതിലേക്കു വന്നു കൂടിച്ചേരുന്നു. അവർ താഴ്ന്നുകിടക്കുന്ന ഒരഴിമുഖമെന്നു തോന്നിപ്പിക്കുമെന്നേയുള്ളു. ചെറിയ ജലധാരകൾ അവിടെക്കൊഴുകിയെത്തി ലയിച്ചുചേരുന്നു...നയശീലയും പ്രസാദവതിയുമായിരുന്നുകൊണ്ട്, ബുദ്ധിമതിയും
രസികത്തിയുമായിരുന്നുകൊണ്ട്. അന്തസ്സുള്ളവളും നല്ല വായനയുമുള്ളവളുമായിരുന്നുകൊണ്ട്

ശാരദക്കുട്ടിയും മകനും
ശാരദക്കുട്ടിയും മകനും

അമ്മ ഞങ്ങളെ കൂട്ടിച്ചേർത്തുപിടിച്ചിരിക്കുന്നു...

"കറിയുടെ കഷണങ്ങളും', മീൻ വറുത്തതും മുട്ടയും തുല്യമായേ വിളമ്പൂ. തവി നമ്മുടെ കയ്യിലിരിക്കുന്നത്, നമുക്കുള്ളത് പാത്രത്തിൽ ഉണ്ടെന്ന് ഉറപ്പു വരുത്തുവാനാകണം എന്നാണമ്മയുടെ പക്ഷം. വിശക്കുമ്പോൾ, ആരു കഴിച്ചോ ഇല്ലയോ എന്നു നോക്കാതെ ഭക്ഷണം എടുത്തു കഴിക്കണമെന്ന് ആദ്യം തന്നെ പറഞ്ഞു തന്നുകൊണ്ട് എനിക്ക് പുതിയ ജീവിതത്തിൽ ധൈര്യം തന്നു. "ഒരിക്കലും അവളെ ദേഷ്യപ്പെടരു'തെന്ന് ഗൗരവക്കാരനായ സ്വന്തം മകനെ ശാസിച്ചു. എന്റെ ചില "കുറവു' കളെ ഞാൻ അന്നൊക്കെ ഭയപ്പെട്ടപ്പോൾ അവയെ തമാശകളായി കണ്ട് അമ്മ ഇന്നും ചിരിക്കുന്നു. സാറാ ജോസഫിനും സരസ്വതിയമ്മക്കും വർജീനിയ വുൾഫിനും ഒപ്പം ചേർത്ത് ഈ അധ്യാപികയെക്കുറിച്ചും ഞാൻ ക്ലാസിൽ കുട്ടികളോട് സംസാരിക്കാറുണ്ട്.

പ്രിയപ്പെട്ട ഈ അധ്യാപികയാണ്, എന്നെ ജീവിത വിജയത്തിലെത്തിച്ച മഹാഗ്രന്ഥം... എത്ര കുറച്ച് ആളുകളെപ്പറ്റിയേ ഇങ്ങനെ പറയാൻ കഴിയൂ!▮

(വായനക്കാർക്ക് തങ്ങളുടെ പ്രിയപ്പെട്ട അധ്യാപകരെക്കുറിച്ചുള്ള ഹൃദയസ്പർശിയായ അനുഭവങ്ങൾ എഴുതാം; ഇ- മെയിൽ: [email protected])


എസ്​. ശാരദക്കുട്ടി

എഴുത്തുകാരി. സാഹിത്യ, സാംസ്​കാരിക, രാഷ്​ട്രീയ വിഷയങ്ങളിൽ സജീവമായി ഇടപെടുന്നു. പരുമല ദേവസ്വം ബോർഡ്​ കോളജിൽ മലയാളം അധ്യാപികയായിരുന്നു. പെൺവിനിമയങ്ങൾ, പെണ്ണ്​ കൊത്തിയ വാക്കുകൾ, ഞാൻ നിങ്ങൾക്കെതിരെ ആകാശത്തെയും ഭൂമിയെയും സാക്ഷ്യം വെക്കുന്നു, വിചാരം വിമർശം വിശ്വാസം, ഇവിടെ ഞാൻ എന്നെക്കാണുന്നു തുടങ്ങിയവ പ്രധാന കൃതികൾ.

Comments