ജോൺ എബ്രഹാമിനൊപ്പം വേണു

ജോൺ എബ്രഹാം വന്നു; 'ഫ്രം ദി പ്ലാനറ്റ് ഓഫ് മാർസ്'

അമ്മ അറിയാൻ ഷൂട്ടിംഗ് കാലത്തെ ജോൺ ടച്ചുള്ള ഒരു ജീവിതഖണ്ഡം

വേണു

രു മഴക്കാലത്ത് രാത്രി തിരുവനന്തപുരത്തെ ഞങ്ങളുടെ ചെറിയ ഫ്‌ളാറ്റിന്റെ താഴെ ഒരു ബൈക്ക് വന്നു നിന്ന ശബ്ദം കേട്ടു. ഉടൻ തന്നെ ഡോർബെൽ തെരുതെരെ ചിലയ്ക്കാനും തുടങ്ങി. ഞങ്ങളുടെ വീട്ടിൽ പല സമയത്തും പലരും വരാറുണ്ട്. അത് എനിക്കോ ബീനയ്‌ക്കോ ഒരിക്കലും ബുദ്ധിമുട്ടായി തോന്നിയിട്ടില്ല. തീരെ താൽപര്യം തോന്നാത്ത ഏതെങ്കിലും ആതംഗവാദിയാണെങ്കിൽ എന്താണ് ചെയ്യണ്ടെതെന്നും എനിക്ക് നന്നായിട്ടറിയാം. എന്നാലും ആവർത്തിച്ചുള്ള ഈ കൂട്ടമണിയടിയിൽ അക്ഷമയുടേയും അടിയന്തരാവസ്ഥയുടേയും ധ്വനികൾ പ്രകടമായിരുന്നു. വാതിൽ തുറന്നപ്പോൾ പ്രതീക്ഷിച്ചതിലും വലിയ അടിയന്തരാവസ്ഥയാണ് മഴ നനഞ്ഞ് മുന്നിൽ നിൽക്കുന്നത്. പുത്തൻ ചാരായത്തിന്റെ സുഗന്ധം വിതറി ജോൺ ഏബ്രഹാം നാടകീയമായി അകത്തേക്ക് കയറിവന്നു.

അന്ന് ജോൺ കോഴിക്കോട്ടാണ് താമസം. അമ്മ അറിയാൻ ആലോചനാ കാലം. നിങ്ങളിതെവിടുന്ന് വരുന്നു എന്ന് ചോദിച്ചപ്പോൾ "ഫ്രം ദി പ്ലാനറ്റ് ഓഫ് മാർസ് ' എന്ന് പറഞ്ഞ് തിരിച്ച് വാതിലിലേക്ക് ചൂണ്ടി, "മീറ്റ് മൈ ഫെലോ ആസ്‌ട്രോനോട്ട്, ക്യാപ്റ്റൻ ശോഭി ' എന്നുകൂടി പറഞ്ഞു. അപ്പോൾ ഇരുട്ടിൽനിന്ന് അടിമുടി വാട്ടർപ്രൂഫ് സ്യൂട്ടും മുഖംമൂടി പോലത്തെ തൊപ്പിയും ഹെൽമെറ്റും ധരിച്ച ഒരാൾരൂപം മെല്ലെ മുന്നാട്ടുവന്നു. ജോണിന്റെ ശബ്ദം കേട്ട് അങ്ങോട്ടുവന്ന ബീനയും ഒന്നു പകച്ചു. ജോൺ നേരെ അടുക്കളയിലേക്ക് പോയി.

ജോൺ എബ്രഹാം
ജോൺ എബ്രഹാം

ആസ്‌ട്രോനോട്ടിന്റെ സ്‌പേസ് സ്യൂട്ടിൽ നിന്ന് വെള്ളം ഒലിച്ചുവീഴുന്നുണ്ടായിരുന്നു. ഹെൽമെറ്റും മുഖംമൂടിയും മാറ്റിയപ്പോൾ താടി വെച്ച ഒരു വെളുത്ത മുഖവും അതിന്റെ പുറത്ത് നേരിയ ഒരു പുഞ്ചിരിയും തെളിഞ്ഞുവന്നു. പുറത്തുനിന്നുതന്നെ അദ്ദേഹം സ്യൂട്ടഴിച്ച് മാറ്റി ഒരു മൂലയിലിട്ടിട്ട് വളരെ സൗമ്യമായി എന്റെ കൈ പിടിച്ച് കുലുക്കി "ശോഭീന്ദ്രൻ' എന്ന് സ്വയം പരിചയപ്പെടുത്തി. പട്ടാളപ്പച്ചനിറമുള്ള ഉടുപ്പും പാന്റുമായിരുന്നു അദ്ദേഹത്തിന്റെ അപ്പോഴത്തെ വേഷം. ഈ പട്ടാള വേഷത്തിലല്ലാതെ പിന്നീടൊരിക്കലും ഞാൻ ശോഭീന്ദ്രനെ കണ്ടിട്ടില്ല. ഞാനെന്നല്ല ആരും തന്നെ കണ്ടിട്ടുണ്ടാവാൻ വഴിയില്ല. കോഴിക്കോട്ടുനിന്ന് ശോഭിയുടെ മോട്ടോർ സൈക്കിളിലാണ് ഇവിടം വരെ വന്നതെന്ന് ജോൺ പറഞ്ഞു.

നാടിന്റെ നാനാഭാഗത്തുനിന്നും നക്‌സലൈറ്റുകളും നാടോടികളും നാളെയുടെ വാഗ്ദാനങ്ങളും എത്തിത്തുടങ്ങി. ആദ്യത്തെ ഈ തിരക്ക് അതിവേഗത്തിൽ കുറഞ്ഞു

ജോൺ യാത്രാമാർഗങ്ങൾ സ്വീകരിച്ചിരുന്നത് അപ്പോഴത്തെ അവസ്ഥകൾ മാത്രം കണക്കിലെടുത്തായിരുന്നു. ബസുകൂലിക്ക് പണമില്ലെങ്കിൽ ഓട്ടോറിക്ഷ പിടിക്കുക എന്നത് ജോണിന്റെ സ്ഥിരം ഉപായമായിരുന്നു. ആരെങ്കിലും കാശ് കൊടുത്ത് ഡെലിവറി എടുക്കുന്നതുവരെ ഓട്ടോ ഓടിക്കൊണ്ടിരിക്കും. അതുപോലെയുള്ള എന്തെങ്കിലും സിസ്റ്റമായിരിക്കും ഇതെന്ന് ഞാൻ വിചാരിച്ചു. എന്നാൽ ഇത്തരം നീണ്ട മോട്ടോർ സൈക്കിൾ സവാരികൾ ശോഭീന്ദ്രൻ സ്‌പെഷ്യലുകളാണ് എന്ന് ഞാൻ പിന്നീടാണറിഞ്ഞത്. മാത്രമല്ല ഈ പച്ചക്കുപ്പായക്കാരന്റെ മോട്ടാർസൈക്കിൾ സഞ്ചാരങ്ങൾക്കുപരി അദ്ദേഹത്തിന്റെ അനന്തമായ മാനസസഞ്ചാരങ്ങൾ പിൽക്കാലത്ത് കോഴിക്കോട്ടെ പല മൊട്ടക്കുന്നുകളെയും മഹാവനങ്ങളാക്കി മാറ്റാൻ സഹായിക്കുമെന്നും അന്നെനിക്ക് ഊഹിക്കാൻ കഴിയുമായിരുന്നില്ല. ശോഭി കോളേജ് അധ്യാപകനാണെന്ന് ഞാനറിഞ്ഞതും പിന്നീടാണ്. അതിനുശേഷമാണ് ഞാനദ്ദേഹത്തെ ശോഭീന്ദ്രൻ മാഷ് എന്ന് വിളിക്കാൻ തുടങ്ങിയത്.

അമ്മ അറിയാൻ എന്ന സിനിമ ഒരുപാട് ചെറുപ്പക്കാരുടെ സ്വപ്നം എന്ന അവസ്ഥയിൽ നിന്ന് ഒരു യാഥാർഥ്യം എന്ന അവസ്ഥയിലേക്ക് സാവധാനം രൂപം മാറാൻ തുടങ്ങി. ഇതിനിടെ ഞാൻ ഒഡേസയുമായി ബന്ധപ്പെട്ട പലരുമായും പരിചയപ്പെടുകയും അടുക്കുകയും ചെയ്തു. അന്നത്തെ പല സൗഹൃദങ്ങളും ഇന്നും തുടരാനാകുന്നു എന്നതും വലിയ സന്തോഷമുള്ള കാര്യമാണ്.

പ്രഫസർ ശോഭീന്ദ്രൻ / ഫോട്ടോ: മുഹമ്മദ് ഹനാൻ
പ്രഫസർ ശോഭീന്ദ്രൻ / ഫോട്ടോ: മുഹമ്മദ് ഹനാൻ

ഒടുവിൽ സിനിമയുടെ ഷൂട്ടിംഗ് തുടങ്ങാൻ തീരുമാനമായി. നാടിന്റെ നാനാഭാഗത്തുനിന്നും നക്‌സലൈറ്റുകളും നാടോടികളും നാളെയുടെ വാഗ്ദാനങ്ങളും എത്തിത്തുടങ്ങി. ആദ്യത്തെ ഈ തിരക്ക് അതിവേഗത്തിൽ കുറഞ്ഞു. അതിനിടയിൽ എങ്ങനെയെങ്കിലും ഷൂട്ടിംഗ് മുന്നോട്ടുകൊണ്ടുപോകാനുള്ള കഠിനശ്രമത്തിൽ മാത്രം കണ്ണുവെച്ച് അമ്മദും ശോഭിയും പോലുള്ളവർ അദൃശ്യരായി അലഞ്ഞുനടന്നു. അമ്മ അറിയാൻ സംഘം ഒടുവിൽ വയനാട്ടിലെത്തിയപ്പോൾ കുടെയുണ്ടാകുന്നത് അത്യാവശ്യക്കാർ മാത്രമായിരുന്നു.

വയനാട്ടിൽ പൂക്കോട് എന്ന സ്ഥലത്താണ് ഞങ്ങൾ താമസിച്ചത്. അന്ന് കൂടെ ബീനയും ഉണ്ട്. പൂക്കോട് ആശ്രമം എന്നുപേരുള്ള ഒരു സ്ഥലത്ത് കുറച്ച് സീനുകൾ ഷൂട്ട് ചെയ്യാനുണ്ട്. ഏതോ ഒരു ബെൽജിയംകാരൻ അറുപതുകളിൽ ആളിപ്പടർന്ന ഗുരുതരംഗത്തിൽ പെട്ട് ഇന്ത്യയിലെത്തി ആശ്ചര്യാചാര്യ എന്ന പേരും സ്വീകരിച്ച് ഇവിടെ തുടങ്ങിയ ഒരുതരം ആത്മീയ കേന്ദ്രമായിരുന്നു ഈ ആശ്രമം. ആശ്ചര്യസ്വാമി എന്നും ചിലർ വിളിച്ചിരുന്ന ഇദ്ദേഹം തത്വചിന്തകൻ മാത്രമല്ല താന്ത്രിക് പെയിന്ററും കൂടിയായിരുന്നു. അരവിന്ദന്റെ ഉത്തരായനം എന്ന സിനിമയിൽ നായകൻ ഒടുവിൽ ശാന്തി തേടി എത്തുന്ന ആശ്രമം ഇതാണ്. സിനിമയിൽ സ്വാമി അഭിനയിച്ചിട്ടും ഉണ്ട്.

അമ്മ അറിയാൻ എന്ന ചിത്രത്തിൽ ജോയ് മാത്യു
അമ്മ അറിയാൻ എന്ന ചിത്രത്തിൽ ജോയ് മാത്യു

ഇപ്പോൾ ആശ്ചര്യസ്വാമി നാട്ടിൽ പോയിരിക്കുകയാണ്. ചില ലോക്കൽ ശിഷ്യന്മാർക്കാണ് ആശ്രമ ഭരണത്തിന്റെ ചുമതല. ഇന്ന് പൂക്കോട് വൻ തിരക്കുള്ള ടൂറിസ്റ്റ് കേന്ദ്രമാണ്. അന്ന് ആരുമില്ല. താമസിക്കാൻ സൗകര്യം തീരെയില്ല. ആശ്രമത്തിലെ രണ്ട് മുറികൾ തരാമെന്ന് ഒരു ശിഷ്യൻ സ്വാമി പറഞ്ഞു. ബീനയും ഞാനും ഒരു മുറിയിലും ജോണും ശോഭിയും മറ്റൊരു മുറിയിലും താമസമാക്കി. രാത്രി ഒരാൾ വന്ന് ഞങ്ങളെ ഭക്ഷണത്തിന് ക്ഷണിച്ചു. നിലത്ത് വിരിച്ചിട്ട പുൽപ്പായക്കുമുന്നിൽ അഞ്ച് പിച്ചളക്കിണ്ണങ്ങളിൽ കഞ്ഞി വിളമ്പി വെച്ചിരിക്കുന്നു. ഭിത്തിയിൽ താന്ത്രിക ചിഹ്നങ്ങളും മറ്റും വരച്ചിട്ടുണ്ട്. കൈകൾ രണ്ടുമുയർത്തി ലോകത്തിന് മുഴുവൻ തന്റെ ആശീർവാദങ്ങൾ അനുവദിച്ചുകൊടുത്തുകൊണ്ട് ശാന്തഗംഭീര ഭാവത്തോടെ ഒരു യുവസ്വാമി അങ്ങോട്ട് കടന്നുവന്നു. ജോൺ തന്റെ മുഖത്ത് ജോണിനുമാത്രം സാധിക്കുന്ന രീതിയിൽ മഹാകൃത്രിമവും അതീവ ഗുരുതരവുമായ ഒരു ഭാവം വരുത്തി പ്രതിവന്ദനം ചെയ്തു. ഞങ്ങളോട് വാത്സല്യപൂർവ്വം ഇരിക്കാൻ കൈ കാണിച്ച് സന്യാസിവര്യൻ ഉപവിഷ്ഠനായി. എല്ലാവരും കഞ്ഞി കുടിക്കാനുള്ള ധൃതിയിൽ വേഗം തന്നെ ഇരുന്നു.

സ്വാമി ഒരു നിമിഷം കണ്ണടച്ച് ധ്യാനിച്ചു. ജോൺ എന്നെയൊന്ന് നോക്കിയിട്ട് ഗൗരവത്തിൽ ഒരു കുരിശ് വരച്ചു. സ്വാമി കണ്ണടച്ചുതന്നെ ഇരുന്നു. ഭക്ഷണത്തിന് മുൻപ് ദൈവത്തിനോട് നന്ദി പറയുന്നത് പല സംസ്‌ക്കാരങ്ങളുടേയും ഭാഗമാണ്. എന്നാൽ ഇത് വല്ലാതെ നീണ്ടുപോകാൻ തുടങ്ങി. ഞങ്ങൾ പരസ്പരം നോക്കി. സ്വാമി യോഗനിദ്രയിൽ പ്രവേശിച്ച മട്ടാണ്. കഞ്ഞി തണുത്തു തുടങ്ങി. യോഗിക്ക് അനക്കമൊന്നുമില്ല. എല്ലാവരും സന്യാസി കണ്ണുതുറക്കാനായി കാത്തിരിക്കുന്നു. ശോഭിയാണ് സ്വാമിയുടെ തൊട്ടടുത്ത് ഇരിക്കുന്നത്. ശോഭി എപ്പോഴും ക്ഷമാശീലനും ശാന്തനുമാണെങ്കിലും അനാവശ്യമായി നീണ്ടുപോകുന്ന ഈ നിർബന്ധിത യോഗാചാരത്തിൽ മടുത്ത് മെല്ലെ കഞ്ഞി കുടിക്കാനുള്ള നീക്കം തുടങ്ങി. പിച്ചളക്കിണ്ണത്തിൽ കരണ്ടി മുട്ടുന്ന ശബ്ദം കേട്ട് സ്വാമി പെട്ടെന്ന് കണ്ണുതുറന്ന് ശോഭിയുടെ നേരേ തിരിഞ്ഞു. ആചാരലംഘനം ആരോപിച്ച് സ്വാമി ശോഭിയെ തുറിച്ച് നോക്കി. ശോഭി ശാന്തമായി ഒന്ന് ചിരിച്ചു. അതോടെ സ്വാമിയുടെ നോട്ടത്തിന്റെ തീഷ്ണത ഒന്നുകൂടി ഉയർന്നു.

ശോഭി വളരെ ശാന്തമായി തിരിച്ചുനോക്കി. വളരെപ്പെട്ടെന്ന് തന്നെ അതൊരു നോട്ടമത്സരമായി മാറി. രണ്ടു പേരും കണ്ണനക്കുന്നില്ല. കഞ്ഞി കൂടുതൽ തണുക്കാൻ തുടങ്ങി. സ്വാമിയുടെ കണ്ണിൽ ചെറുതായി വെള്ളം പൊടിയുന്നുണ്ടോ എന്ന് എനിക്കൊരു സംശയം തോന്നി. സ്വാമി കണ്ണ് നേരേ നിർത്താൻ പണിപ്പെടുന്നത് പോലെയും തോന്നി. ശോഭിയുടെ മുഖത്തെ പുഞ്ചിരി ഉറച്ചു തുടങ്ങി. ഇപ്പോൾ സ്വാമി വല്ലാതെ ആയാസപ്പെടുന്നുണ്ട്. ശോഭി അതേ സമയം തന്റെ ഗെയിം ഒരു പടി കൂടി ഉയർത്തി. സ്വാമിയുടെ പരാജയം ഏകദേശം ഉറപ്പായി. അപ്പോൾ ശോഭി മെല്ലെ ചോദിച്ചു "എങ്കിൽപ്പിന്നെ കഴിക്കാം അല്ലേ?'

(മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിക്കുന്ന, ഡോ. ദീപേഷ് കരിമ്പുങ്കര തയാറാക്കിയ പ്രൊഫ. ടി. ശോഭീന്ദ്രന്റെ "മോട്ടോർ സൈക്കിൾ ഡയറീസ്- ജോണിനൊപ്പം' എന്ന പുസ്തകത്തിൽനിന്ന്)


വേണു

സിനിമാറ്റോഗ്രാഫർ, സംവിധായകൻ, എഴുത്തുകാരൻ. ദയ, മുന്നറിയിപ്പ്, കാർബൺ എന്നീ സിനിമകൾ സംവിധാനം ചെയ്തു. സോളോ സ്റ്റോറീസ്, നഗ്നരും നരഭോജികളും എന്നിവ പുസ്തകങ്ങൾ.

Comments