ചിരകാലമങ്ങനെ ചിതൽ തിന്നു പോയിട്ടും ചിലതുണ്ടു ചിതയിന്മേൻ വയ്ക്കാൻ

അയ്യപ്പ പണിക്കർക്ക് ഇന്ന് നവതി. കവികൾക്കിടയിലെ സാഹോദര്യവും സൗഹൃദവും ഉറപ്പിക്കുന്നതിൽ ഇത്ര ശ്രദ്ധ കാണിച്ച മറ്റൊരാളില്ല. സാറിന്റെ 'കേരള കവിത'യിൽ ഉൾപ്പെടുക എന്നത് ഒരൈക്യദാർഢ്യപ്പെടലായാണ് എല്ലാ കവികളും കണ്ടിരുന്നത്. സാറിന്റെ സാന്നിധ്യവും കാലവും സാധ്യമാക്കിയ എഴുത്തുകാർക്കിടയിലെ 'അന്തരങ്ങളെ' ആദരിക്കുന്ന സൗഹൃദം ഇന്ന് നിലനിൽക്കുന്നുണ്ടോ എന്നത് പരിശോധിക്കപ്പെടേണ്ടതാണ്- അയ്യപ്പ പണിക്കരുമായി അടുത്ത ബന്ധമുണ്ടായിരുന്ന എഴുത്തുകാരൻ ബി. ഉണ്ണികൃഷ്ണന്റെ ഓർമക്കുറിപ്പ്

ന്ന് അയ്യപ്പ പണിക്കർ സാറിന്റെ 90ാം ജന്മദിനം, നവതി. മലയാളകവിതയെ വിപ്ലവകരമായി നവീകരിച്ച, ആധുനികതയുടെ തലതൊട്ടപ്പൻ. ജീവിച്ചിരുന്നെങ്കിൽ, ‘ഞാനപ്പനല്ലല്ലോ, അയ്യപ്പനല്ലേ?' എന്ന് തന്റെ സ്വതസിദ്ധമായ punning ലൂടെ സാറ് ഈ വിശേഷിപ്പിക്കലിനേയും തകിടംമറിക്കുമായിരുന്നു. പൊതുസമ്മതി അദ്ദേഹത്തിന് ചാർത്തികൊടുത്തിരുന്ന പിതൃരൂപത്തോട് യാതൊരു ദാക്ഷിണ്യവുമില്ലാത്ത അപനിർമ്മാണപരമായ ഒരകലം അദ്ദേഹം എപ്പോഴും പാലിച്ചിരുന്നു.

കവിതകൾ പോലെതന്നെ, സാറിന്റെ ലേഖനങ്ങളും സൂക്ഷ്മമായി പഠിക്കപ്പെടേണ്ടവയാണ്. എല്ലാ അർത്ഥത്തിലും കാച്ചിക്കുറുക്കിയ എഴുത്ത്. മൗലിക നിരീക്ഷണങ്ങളും, അക്കാദമിക്ക് കണിശതയും, പാണ്ഡിത്യവും ആ ലേഖനങ്ങളിൽ വലക്കെട്ടുപോലെ പരസ്പരം കൊരുത്തു കിടക്കുന്നു.

മലയാളത്തിന് ലോകകവിതയുടെ വാതിലുകൾ തുറന്നുകൊടുത്തവരിൽ പ്രധാനിയായിരുന്നു, പണിക്കർ സാർ. ബോദ്‌ലയറും, റ്റി.എസ്. എലിയറ്റും, ബ്രെഹ്റ്റും മറ്റും അദ്ദേഹത്തിന്റെ പരിഭാഷയിലൂടെ നമ്മുടെ വായനാലോകത്തിന്റെ അതിരുകളെ വികസിപ്പിച്ചു. ഒപ്പം മലയാളസാഹിത്യത്തെ അദ്ദേഹം, മറുലോകങ്ങൾക്കും പരിചയപ്പെടുത്തി. ‘Kumaran Asan: The Man and the Poet,' ‘ Vallathol: A Centenary Perspective,' ‘Indian Renaissance,' ‘Malayalam Short Stories,' തുടങ്ങിയ കൃതികൾ ഓർക്കുക. ഷേക്‌സ്പിയറിനെ മലയാളത്തിലാക്കുക എന്ന ക്ലേശകരമായ ദൗത്യത്തിനും അദ്ദേഹം നേതൃത്വം നൽകി. സാഹിത്യ-സംസ്‌കാരങ്ങളുടെ കൊടുക്കൽ വാങ്ങലുകൾക്ക് ഇത്രയും അർത്ഥവത്തായി മദ്ധ്യസ്ഥം പറഞ്ഞ മറ്റൊരു മലയാളി ഇല്ല. അദ്ദേഹത്തിന്റെ വിപുലമായ സുഹൃദവലയത്തിൽ ഫെഡെറിക് ജെയ്ംസൺ, ഹരോൾഡ് ബ്ലൂം തുടങ്ങിയവരെല്ലാം ഉൾപ്പെട്ടിരുന്നു. പണിക്കർ സാർ ഫെഡറിക്ക് ജെയ്ംസണുമായി നടത്തിയ ഒരഭിമുഖം, 30 വർഷങ്ങൾക്ക് മുമ്പ്, ആവേശത്തോടെ വായിച്ചു തീർത്തത് ഇന്ന് ഞാനോർക്കുന്നു.
ഏറ്റവും കാർക്കശ്യമുള്ള ഒരദ്ധ്യാപകനായിരുന്നു, സാറ്. അദ്ദേഹത്തോടൊപ്പം ഗവേഷണം ചെയ്താൽ ഏതൊരു വിദ്യാർത്ഥിയും അത് സമയബന്ധിതമായി പൂർത്തിയാക്കിയിരിക്കും. A hard disciplinarian in every sense. പക്ഷേ, അദ്ദേഹത്തിന്റെ കാർക്കശ്യത്തിന്റെ ഇരുമ്പുവല പൊട്ടിച്ച്, പുറത്തുചാടി PhD രഹിതനായി നിലനിന്നയാളായിരുന്നു നരേന്ദ്രപ്രസാദ് സാർ.

പണിക്കർ സാറിന്റെ ചില സെമിനാർ സെഷനുകളിലും, ഗസ്റ്റ് ലെക്ചറുകളിലും മാത്രമേ ഞാനിരുന്നിട്ടുള്ളൂ. അടുക്കും ചിട്ടയോടെയും, ആവശ്യമുള്ള കാര്യങ്ങൾ മാത്രം പറയുക എന്നതായിരുന്നു അദ്ദേഹത്തിന്റെ രീതി. പരമാവധി informative ആകുക, മുന്നോട്ട് സഞ്ചരിക്കാനുള്ള ചില വഴികൾ തുറന്നിടുക; അതിനുമപ്പുറം സ്വന്തം ധാരണകളെ ഒരിക്കലും വിദ്യാർഥികളിലേക്ക് അദ്ദേഹംകെട്ടിവെച്ചിരുന്നില്ല. എന്നാൽ, കാർക്കശ്യത്തിന്റേയും, അക്കാദമിക്ക് കൃത്യതയുടേയും ഏകാഗ്രത പൊളിച്ചുകൊണ്ട് പലപ്പോഴും അദ്ദേഹത്തിന്റെ ഇരുണ്ടഹാസ്യം പുറത്തു വന്നിരുന്നു. സ്വയം പുതുക്കലിന്റെ ഭാഗമായി, നിരന്തരം ചിന്തയിൽ ഏർപ്പെടേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് ക്ലാസിൽ പറഞ്ഞ്, ഒന്ന് നിറുത്തി അദ്ദേഹം സ്വയം ചോദിച്ചു, ‘when did I think last? Let me think...'

കവികൾക്കിടയിലെ സാഹോദര്യവും സൗഹൃദവും ഉറപ്പിക്കുന്നതിൽ ഇത്ര ശ്രദ്ധ കാണിച്ച മറ്റൊരാളില്ല. സാറിന്റെ ‘കേരള കവിത'യിൽ ഉൾപ്പെടുക എന്നത് ഒരൈക്യദാർഢ്യപ്പെടലായാണ് എല്ലാ കവികളും കണ്ടിരുന്നത്. സാറിന്റെ സാന്നിധ്യവും കാലവും സാധ്യമാക്കിയ എഴുത്തുകാർക്കിടയിലെ ‘അന്തരങ്ങളെ' ആദരിക്കുന്ന സൗഹൃദം ഇന്ന് നിലനിൽക്കുന്നുണ്ടോ എന്നത് പരിശോധിക്കപ്പെടേണ്ടതാണ്.

വൈരുദ്ധ്യങ്ങളുടെ ആഹ്ലാദകരമായ സങ്കലനമായിരുന്നു, അയ്യപ്പ പണിക്കർ. രാഷ്ട്രീയ പ്രസ്ഥാനങ്ങളെ, ദൃഢരൂപം പൂണ്ട പ്രത്യയശാസ്ത്രങ്ങളെ, അവയുടെ നിലപാടുകളെ ദയാരഹിതമായി പരിഹസിച്ചയാളായിരുന്നു, പണിക്കർ സാർ. എന്നാൽ, ഇടതുപക്ഷ പ്രസ്ഥാനങ്ങളോട് ഗാഢമായ ഒരു അടുപ്പം സൂക്ഷിച്ചിരുന്ന ഭൂതകാലവും അദ്ദേഹത്തിനുണ്ടായിരുന്നു. 1946ൽ, മലബാർ ക്രിസ്ത്യൻ കോളേജിൽ പഠിക്കുമ്പോൾ, കോഴക്കോട് ടൗൺഹാളിൽ വെച്ചായിരുന്നു അദ്ദേഹത്തിന്റെ ആദ്യപ്രസംഗം; സർ സി.പി ക്കെതിരെയുള്ള ഒരു പ്രതിഷേധയോഗത്തിൽ. പി.കെ. രാജൻ എഴുതുന്നു, ‘‘ഇ.എം.എസിന്റെ ‘ലോകം രണ്ട് ചേരിയിൽ' എന്ന വിഷയത്തെക്കുറിച്ചുള്ള സ്റ്റഡിക്ലാസ് മെഴുതിരിവെളിച്ചത്തിൽ പണിക്കർ കേട്ടതും ഇക്കാലത്താണ്.'' എന്നാൽ, വ്യവസ്ഥാപിത ഇടതുപക്ഷവുമായി തന്റെ ബൗദ്ധികജീവിതത്തിലുടനീളം അദ്ദേഹം പാലിച്ച അകലം, അദ്ദേഹത്തെ രൂപപ്പെടുത്തിയ വൈരുദ്ധ്യാത്മകതയുടെ പാഠങ്ങളിലൊന്നാണ്.

‘അഗ്‌നിസ്ഫുലിംഗമേ..
...വന്മരക്കൊമ്പുകൾ
തങ്ങളിലുള്ള ജലാംശം ഒരു ചെറു-
കണ്ണുനീരാവിയായി വിണ്ണിനു നൽകിയും
പിന്നേയും പിന്നേയും പച്ചപ്പൊടിപ്പുകൾ
തുന്നിവെയ്ക്കുന്നതും നിൻ കരുണാമൃതം!'
എന്ന് കാലത്തിന്റെ ചാക്രികതയിലൂടെ നീളുന്ന ജീവന്റെ തുടർച്ചയെ അഭിവാദ്യം ചെയ്യുന്ന കവി തന്നെയാണ്, മരണത്തെ
‘ഒന്നുമിനി വേണ്ട
പുലരിക്കതിരു വേണ്ട
പകൽ വേണ്ട വെയിൽ വേണ്ട
എന്നേക്കുമായിനി വരൂ നീ!
ഹേ മന്ദഗാമിനി,
ഹേമന്ദയാമിനി
ഘനശ്യാമരൂപിണി, വരൂ നീ!'
എന്ന് പറഞ്ഞ് ക്ഷണിക്കുന്നത്.

ഘടനാവാദാനതര ചിന്തയുടെ ആരംഭശൂരത്വത്തിൽ, ഞാനെഴുതിയ ആദ്യ ലേഖനം പണിക്കർ സാറിന്റെ കവിതയെ കുറിച്ചായിരുന്നു, ‘അയ്യപ്പപണിക്കർ: ഒരു അപനിർമ്മാണവായന' എന്ന തലക്കെട്ടിൽ. സാർ അദ്ധ്യാപനവൃത്തിയിൽനിന്ന് വിരമിച്ചപ്പോൾ, ഡോ.ജോർജ് ഓണക്കൂർ എഡിറ്ററായി, 1990ൽ, ഡി.സി ബുക്‌സ് പ്രസിദ്ധീകരിച്ച, ‘അയ്യപ്പപ്പണിക്കർ: വ്യക്തിയും കവിയും' എന്ന സമാഹാരത്തിൽ നരേന്ദ്രപ്രസാദ് സാർ എന്റെ ആ ലേഖനവും ഉൾപ്പെടുത്തി. പിന്നീട്, പണിക്കർ സാറിനെ നേരിട്ട് കണ്ടപ്പോൾ ഉള്ളിൽ നിറയെ ഭയാശങ്കകളായിരുന്നു. ഒരു over enthusiast ന്റെ എല്ലാ പ്രകടനപരതയും എന്റെ ആ ലേഖനത്തിലുണ്ടായിരുന്നു. എന്നാൽ, എന്നോട് നിറഞ്ഞ സ്‌നേഹവാത്സല്യങ്ങളോടെ അദ്ദേഹം സംസാരിച്ചു, നല്ലതൊരുപാട് പറഞ്ഞു. ആ ധൈര്യത്തിൽ ഞാൻ പിന്നീട് ആശാൻ കവിതയെ കുറിച്ചെഴുതിയ ലേഖനം അദ്ദേഹത്തിന് അയച്ചു കൊടുത്തു. ഒരാഴ്ച്ച കഴിഞ്ഞ്, എന്റെ ലേഖനം സാർ തിരിച്ചയച്ചുതന്നു, അദ്ദേഹത്തിന്റെ കൈപ്പടയിൽ, ഭാഷാപരമായ ചില തിരുത്തലുകളോടെ! കൂടെ ഒരു ചെറുകുറിപ്പും. ‘മാതൃഭൂമി ആഴ്ച്ചപ്പതിപ്പി'ന് അയക്കൂ, പ്രസിദ്ധീകരിച്ചില്ലെങ്കിലും സാരമാക്കേണ്ട എന്നായിരുന്നു കുറിപ്പിൽ. ഞാൻ ആ നിർദ്ദേശം അനുസരിച്ചു. മാതൃഭൂമി പ്രസിദ്ധീകരിച്ചില്ല. രണ്ടുമൂന്നു വർഷങ്ങൾക്കുശേഷം കെ.ജി.എസിന്റെ ‘സമകാലീന കവിത'യിലാണ് ആ ലേഖനം പ്രസിദ്ധീകരിക്കപ്പെട്ടത്.

‘ഒരോരോ ജീവിയും
ഒരിക്കൽ കൊതിച്ച
പരിപൂർണ്ണ ശ്രമ ക്ലമ വിരാമ' ത്തിലേക്ക് പണിക്കർ സാർ ചുരുങ്ങിയിട്ട് 14 വർഷങ്ങൾ. എന്നാൽ അദ്ദേഹത്തിന്റെ ഭൂതാത്മകത ( Spectrality) നമ്മുടെ എഴുത്തിന്റെ, സാംസ്‌ക്കാരിക വിനിമയത്തിന്റെ ഇടങ്ങളെ, രാപ്പകലുകളെ ഇപ്പോഴും സന്നിവേശിക്കുന്നു; ‘വരുമെന്ന് ചൊല്ലി നീ, ഘടികാരസൂചിയിൽ നിൽക്കുന്നില്ല കാല' മെന്ന് സാറ് നമ്മളെ ഓർമിപ്പിച്ചുകൊണ്ടേയിരിക്കുന്നു. ചരിത്രത്തോട് വർത്തമാനത്തിന്റെ ക്ഷണിക തീക്ഷ്ണതയിൽ വെച്ച് സംവദിക്കുക എന്നത് മാത്രമാണല്ലൊ, ഇന്നിന്റെ സാധ്യമായ രാഷ്ട്രീയം.

Comments