മുഹമ്മദ് അബ്ബാസ്. / Photo : Mohammed Abbas, Fb Page

പതിനഞ്ചുകാരന്റെ കോഴിക്കോട്​

​​​​​​​ആരുടെയൊക്കെയോ സ്വപ്നനഗരമായ കോഴിക്കോ​ട്ടേക്ക്,​ ആ ബസിലിരുന്ന് യാത്ര ചെയ്യുമ്പോൾ എനിക്കറിയില്ലായിരുന്നു, അവിടെ എന്നെ കാത്തിരിക്കുന്നത് തീരാ ദുരിതങ്ങളുടെ കടൽമണങ്ങളാണെന്ന്.​​​​​​​ആത്മകഥയുടെ മൂന്നാം ഭാഗം തുടങ്ങുന്നു.

ഗരം...
കോഴിക്കോട് നഗരം...

ഈ നഗരം പലർക്കും പലതാണ്.
ചിലർക്ക് മുടിയഴിച്ചിട്ട് മുലകുലുക്കി വശ്യമായി ചിരിച്ച് മാടിവിളിക്കുന്ന അഭിസാരികയാണ്. ഇനി ചിലർക്ക് നിഗൂഢമായ ആനന്ദങ്ങൾ ഒളിപ്പിച്ചുവെച്ച കാമുകിയാണ്. വേറെ ചിലർക്ക് സ്വന്തം ഭാവനകൾക്ക് ഉത്തേജനം നൽകുന്ന ഔഷധിയാണ്. എത്രയോ പേർ ഈ നഗരത്തെ കുറിച്ചും, അതിന്റെ ചരിത്രത്തെക്കുറിച്ചും, നന്മകളെക്കുറിച്ചും, രുചി വൈവിധ്യങ്ങളെ കുറിച്ചും എഴുതി.

നമ്മുടെ നോവലുകളിലും കഥകളിലും കവിതകളിലും സിനിമകളിലും ഈ നഗര മുണ്ട്. ഇവിടുത്തെ കടൽത്തീരമുണ്ട്, കാറ്റാടിമരങ്ങളുണ്ട്, കടൽപ്പാലമുണ്ട്. പൊറ്റെക്കാടും, ബഷീറും എം. ടിയും എൻ. പി യും എൻ.വി. കൃഷ്ണവാര്യരും സഞ്ജയനും മാമുക്കോയയും ഒക്കെ ഈ നഗരത്തിന്റെ പല ഭാവങ്ങളെ കുറിച്ചും എഴുതിയിട്ടുണ്ട്.

കോഴിക്കോട് നഗരത്തിലൂടെ യാത്ര ചെയ്യുന്ന കളക്ടർ കാണുന്ന നഗരമല്ല അവിടെ ഓട്ടോ ഓടിക്കുന്നവർ കാണുന്ന നഗരം. അവിടുത്തെ ശീതീകരിച്ച മുറിയിലിരുന്ന് തിരക്കഥയെഴുതുന്ന എഴുത്തുകാർ കാണുന്ന നഗരമല്ല, അവിടുത്തെ തെരുവുകൾ തൂത്തുവാരുന്നവർ കാണുന്ന നഗരം

ആരുടെയൊക്കെയോ സ്വപ്നനഗരമായ കോഴിക്കോ​ട്ടേക്ക്,​ ആ ബസിലിരുന്ന് യാത്ര ചെയ്യുമ്പോൾ എനിക്കറിയില്ലായിരുന്നു, അവിടെ എന്നെ കാത്തിരിക്കുന്നത് തീരാ ദുരിതങ്ങളുടെ കടൽമണങ്ങളാണെന്ന്. ആ മണങ്ങളിൽ ശ്വാസംമുട്ടി ഞാനെന്ന പതിനഞ്ചുകാരന് പിടയേണ്ടിവരുമെന്ന്. അത് അങ്ങനെയാണ്. അടികൊണ്ടവൻറെ വികാരമല്ലല്ലോ അടിച്ചയാൾക്ക്​. അത് കണ്ടുനിൽക്കുന്നയാൾക്ക്​ ഈ രണ്ട് വികാരങ്ങളുമല്ലല്ലോ അനുഭവപ്പെടുന്നത്.

കോഴിക്കോട് നഗരത്തിലൂടെ യാത്ര ചെയ്യുന്ന കളക്ടർ കാണുന്ന നഗരമല്ല അവിടെ ഓട്ടോ ഓടിക്കുന്നവർ കാണുന്ന നഗരം. അവിടുത്തെ ശീതീകരിച്ച മുറിയിലിരുന്ന് തിരക്കഥയെഴുതുന്ന എഴുത്തുകാർ കാണുന്ന നഗരമല്ല, അവിടുത്തെ തെരുവുകൾ തൂത്തുവാരുന്നവർ കാണുന്ന നഗരം. ആ കടൽത്തീരത്തെ കാറ്റാടി മരങ്ങളുടെ തണലിലേക്ക് എന്നും അസ്തമനം കാണാൻ പോവുന്ന ഒരു കുടുംബം കാണുന്ന നഗരമല്ല, ആ തെരുവുകളിലെ കടത്തിണ്ണകളിൽ അന്തിയുറങ്ങുന്ന കുടുംബം കാണുന്ന നഗരം. കോഴിക്കോട് മേയർ കാണുന്ന നഗരമല്ല, അവിടുത്തെ ഹോട്ടലുകളിൽ എച്ചിൽ കഴുകുന്ന ഒരു മനുഷ്യൻ കാണുന്ന നഗരം.

കോഴിക്കോട് അപ്‌സരാ തിയേറ്ററിന്റെ, പണ്ടത്തെ ആ ടിക്കറ്റ് കൗണ്ടറിലേക്കുള്ള ഇടുങ്ങിയ ഇടനാഴികയിൽ അമ്പതോ നൂറോ രൂപക്ക്​ വേണ്ടി ഉടുതുണി അഴിക്കേണ്ടി വന്ന അനേകം സ്ത്രീകൾ ഇപ്പോഴും എന്റെ മുമ്പിലുണ്ട്. / Photo : worldorgs.com

നഗരം ഒന്നാണെങ്കിലും കാഴ്ചകൾ പലതാണ്.
ഓരോരുത്തരും അവരവരുടെ കണ്ണുകളിലൂടെ ആ നഗരത്തെ കണ്ടു.
​വീടുവിട്ടിറങ്ങിയ ഞാനെന്ന കുട്ടി, കണ്ട് അനുഭവിച്ച നഗരത്തെയും, അവിടുത്തെ ജീവിതത്തെയും കുറിച്ചാണ് ഇനി എഴുതാനുള്ളത്. നിങ്ങളുടെ സ്വപ്നനഗരത്തിന് ഇങ്ങനെയും ഒരു മുഖമുണ്ടോ എന്ന്, എന്റെയീ എഴുത്ത് വായിച്ച് നിങ്ങൾ നെറ്റി ചുളിച്ചേക്കാം.
ആ ചുളിവുകൾക്ക് ഒരിക്കലും ഞാൻ ഉത്തരവാദിയല്ല.

കോഴിക്കോട് അപ്‌സരാ തിയേറ്ററിന്റെ, പണ്ടത്തെ ആ ടിക്കറ്റ് കൗണ്ടറിലേക്കുള്ള ഇടുങ്ങിയ ഇടനാഴികയിൽ അമ്പതോ നൂറോ രൂപക്ക്​ വേണ്ടി ഉടുതുണി അഴിക്കേണ്ടി വന്ന അനേകം സ്ത്രീകൾ ഇപ്പോഴും എന്റെ മുമ്പിലുണ്ട്. ഫസ്റ്റ് ഷോ തുടങ്ങിക്കഴിഞ്ഞ്​തിയേറ്റർ ജീവനക്കാരുടെ അനുമതിയോടെ ആ നീണ്ട ഇടനാഴികയിലേക്ക് പ്രവേശിക്കുന്ന ആ മെല്ലിച്ച ആൾ രൂപങ്ങളുടെ ദൈന്യതയത്രയും എന്റെ മുമ്പിലുണ്ട്.

മറവികൾക്ക് വഴങ്ങാതെ ഇന്നും എന്റെ മുമ്പിൽ ആ നഗരവും അതിന്റെ നൂറായിരം കാഴ്ചകളുമുണ്ട്. ആ കാഴ്ചകളിലേക്ക് ഞാൻ ബസിറങ്ങുമ്പോൾ ഉച്ചവെയിലിന്റെ ചൂടിൽ നഗരം വെന്തുരുകി നിൽക്കുകയായിരുന്നു. പാളയം സ്റ്റാൻഡിലാണ് ഞാൻ ഇറങ്ങിയത്. ആളുകൾ ഉറക്കെ സംസാരിക്കുന്ന, തിരക്കി​ട്ടോടുന്നു, വഴക്കടിക്കുന്ന ആളുകൾ. പലതരം വേഷങ്ങൾ, വാഹനങ്ങൾ, മനുഷ്യർ, ശബ്ദങ്ങൾ. അപ്പോഴും ഞാൻ കടൽ നേരിട്ട് കണ്ടിട്ടില്ല. പക്ഷേ എന്റെ മുമ്പിലെ ആ മനുഷ്യത്തിരകളും, വിയർപ്പിന്റെ ഉപ്പുകാറ്റുകളും ആർത്തുവിളിക്കുന്ന പോർട്ടർമാരും, ഏതൊക്കെയോ ഉന്മാദങ്ങളിൽ ഉലഞ്ഞുനിന്ന കെട്ടിടങ്ങളും എനിക്കുമുമ്പിൽ കടലായി മാറി.

ഭക്ഷണം കഴിക്കുന്ന ഓരോരുത്തരുടെയും മുഖത്തേക്ക് നോക്കി. കണ്ണുകൾക്കും മീശകൾക്കും താടികൾക്കും വസ്ത്രങ്ങൾക്കും മാറ്റമുണ്ടെങ്കിലും അവരൊക്കെയും ഒറ്റ ഒരു മനുഷ്യനായിരുന്നു. വിശക്കുന്ന മനുഷ്യൻ

കടൽ; ചുറ്റും ആർത്തിരമ്പുന്ന തിരമാലകൾ.
ഉപ്പുരുചിയുള്ള കാറ്റുകൾ. ഞാൻ ആ തിരമാലകളിലൂടെ പുറത്തേക്കുകടന്നു.
എന്റെ കണ്ണുകൾ ഹോട്ടൽ എന്ന ബോർഡിനായി ആർത്തിപൂണ്ട് ചുറ്റും നോക്കി. മുറിച്ചു കടക്കേണ്ട പാതയ്ക്കപ്പുറം, ഇടവിട്ടിടവിട്ട് ഹോട്ടലുകളുണ്ടായിരുന്നു.
വെജ്ജും നോൺ വെജ്ജും എന്താണെന്നറിയാത്ത ഞാൻ, ആ പാത പ്രയാസപ്പെട്ട് മുറിച്ചുകടന്ന് ഒരു ഹോട്ടലിലേക്ക് കയറി.

ഉച്ചയൂണിന്റെ തിരക്കിലായിരുന്നു ഹോട്ടൽ. ഊണിന് കൗണ്ടറിൽ പണമടച്ച് ടോക്കൺ എടുക്കണമായിരുന്നു. അതറിയാതെ ഞാൻ മറ്റുള്ളവരോടൊപ്പം മേശ ഒഴിയാൻ കാത്തുനിന്നു. തിന്നുന്നവർക്കും വിളമ്പുന്നവർക്കും കാത്തു നിൽക്കുന്നവർക്കും ആ ഹോട്ടലിനാകെയും ആർത്തിയായിരുന്നു.
വിശപ്പിന്റെ തിരമാലകൾ വയറിൽ ഇരമ്പുന്നത് ഞാനും അറിഞ്ഞു.

പാളയം സ്റ്റാൻഡിലാണ് ഞാൻ ഇറങ്ങിയത്. ആളുകൾ ഉറക്കെ സംസാരിക്കുന്ന, തിരക്കി​ട്ടോടുന്നു, വഴക്കടിക്കുന്ന ആളുകൾ. പലതരം വേഷങ്ങൾ, വാഹനങ്ങൾ, മനുഷ്യർ, ശബ്ദങ്ങൾ. / Photo : Njangal Kozhikottukar, Fb Page

നീണ്ട നേരത്തെ കാത്തുനിൽപ്പിനുശേഷം ഒരു മേശയിലെ ഇരിപ്പിടം കിട്ടി. അതിലേക്ക് ചാടിക്കയറിയിരുന്നു. എച്ചിലിലകളെടുക്കുന്ന കുട്ടി വന്ന് ഇലയെടുത്തു. എന്റെ മുണ്ടിലേക്ക് സാമ്പാറും മോരും കൂടിക്കലർന്ന എച്ചിൽ ചാറ് വീണു. ആ ഹോട്ടലിലെ പരശ്ശതം മണങ്ങളിൽ എന്റെ വിയർപ്പിന്റെ നാറ്റം ഞാൻ അറിഞ്ഞതേയില്ല. സപ്ലയർ വന്ന് ടോക്കണ് കൈ കാണിച്ചു. എന്റെ കയ്യിൽ ടോക്കണുണ്ടായിരുന്നില്ല. കൗണ്ടറിലേക്ക് ചൂണ്ടി ടോക്കണെടുത്ത് വരാൻ അയാളെന്നോട് പറഞ്ഞു. കിട്ടിയ ഇരിപ്പിടത്തിൽ നിന്നെഴുന്നേൽക്കാൻ തുടങ്ങിയതും എന്നെ ശക്തിയായി തള്ളിമാറ്റി ഒരു പാൻറുകാരൻ അവിടെ ഇരുന്നു. ഞാൻ കൗണ്ടറിൽ ചെന്ന് ടോക്കൺ വാങ്ങി.

ബാക്കി പണം കീശയിലേക്കുതന്നെ വെക്കുമ്പോൾ, ആ പണത്തിന്റെ ഉടമയായ ഏട്ടനെ ഓർത്തു.
എന്നെ തല്ലിയപ്പോൾ അവന്റെ ചുരുൾമുടിയിൽ പറ്റിപ്പിടിച്ചുനിന്ന മൺത്തരികളെ ഓർത്തു.
ആ കണ്ണുകളിൽ എരിഞ്ഞ അഗ്‌നിയെ ഓർത്തു.
കൈയിൽ പണമില്ലാതെ അവനിപ്പോൾ വിശന്നുവലഞ്ഞ് അന്തം വിട്ടിരിക്കുകയാവുമെന്നോർത്തപ്പോൾ എനിക്ക് ആനന്ദമാണ് തോന്നിയത്.
അവൻ അങ്ങനെ ഇരിക്കേണ്ടവനാണെന്ന് ഞാൻ എന്നോടുതന്നെ പറഞ്ഞു.

അത്രയും വിഭവങ്ങൾ എനിക്കായി മാത്രം വിളമ്പപ്പെട്ടത് അന്നാണ്.
അത്രയും കറികൾ കൂട്ടി ഞാൻ ചോറ് തിന്നതും അന്നാണ്. തീറ്റ കഴിഞ്ഞ് കൈ കഴുകുമ്പോൾ കണ്ണാടിയിൽ എന്റെ ക്ഷീണിച്ച മുഖം കണ്ടു.

സാമ്പാറിന്റെയും രസത്തിന്റെയും പൊരിച്ച മീനിന്റെയും ഗന്ധങ്ങളിൽ മുഴുകിക്കുളിച്ച് , ഇരിപ്പിടം ഒഴിയാനായി ഞാൻ വീണ്ടും കാത്തുനിന്നു. ഭക്ഷണം കഴിക്കുന്ന ഓരോരുത്തരുടെയും മുഖത്തേക്ക് നോക്കി. കണ്ണുകൾക്കും മീശകൾക്കും താടികൾക്കും വസ്ത്രങ്ങൾക്കും മാറ്റമുണ്ടെങ്കിലും അവരൊക്കെയും ഒറ്റ ഒരു മനുഷ്യനായിരുന്നു. വിശക്കുന്ന മനുഷ്യൻ, ഭക്ഷണം ആർത്തിയോടെ തിന്നുന്ന മനുഷ്യൻ, തൊണ്ടയിൽ അന്നം തടയാതിരിക്കാൻ വെള്ളം കുടിക്കുന്ന മനുഷ്യൻ.

കുറെ നേരത്തെ കാത്തിരിപ്പിനുശേഷം ഇരിക്കാൻ ഇടം കിട്ടി, വെള്ളം കിട്ടി, ഇല കിട്ടി. ആ ഇലയിലേക്ക് വിളമ്പിയ ചോറിന്റെ മണം ഇപ്പോഴും അനുഭവിക്കാനാവുന്നുണ്ട്. ചോറിലേക്ക് ആദ്യം ഒരാൾ സാമ്പാറൊഴിച്ചു, മറ്റൊരാൾ മീൻകറി, വേറെയൊരാൾ ഉപ്പേരിയും അവിയലും അച്ചാറും ഇലയിലേക്ക് വിളമ്പി പിന്നാലെ മറ്റൊരാൾ പപ്പടവും കൊണ്ടാട്ടം മുളകും ഇട്ടുതന്നു. ഒരു കുട്ടി വന്ന് കുഞ്ഞു സ്റ്റീൽ പാത്രത്തിൽ വിളമ്പിയ രസവും മോരും എനിക്ക് വെച്ചുതന്നു.

പാലൈവനം ഉസ്താദ് പറഞ്ഞുതന്ന സ്വർഗത്തിലാണ് ഞാനിരിക്കുന്നതെന്ന് തോന്നിപ്പോയി. ഭക്ഷണത്തിന്റെ അത്തരം സ്വർഗങ്ങൾ എനിക്ക് അതുവരെ അപരിചിതമായിരുന്നു. ആ ഭക്ഷണസ്വർഗത്തിൽ ചുടുകാറ്റ്​ തിർക്കുന്ന പങ്കകൾ കറങ്ങി. എനിക്കുമുമ്പിലിരുന്ന പ്രായം ചെന്ന ഒരാൾ ആകെ വിയർത്തുകുളിച്ച് ചോറ് തിന്നു. അയാളുടെ നെറ്റിയിൽനിന്ന് വിയർപ്പ് ചോറ്റിലയിലേക്ക് ഇറ്റിവീണു. ഇടയ്ക്ക് തല ഉയർത്തി അയാൾ എന്റെ മുഖത്തേക്കും ചളി പുരണ്ട കുപ്പായത്തിലേക്കും നോക്കുന്നുണ്ടായിരുന്നു.

അത്രയും വിഭവങ്ങൾ എനിക്കായി മാത്രം വിളമ്പപ്പെട്ടത് അന്നാണ്.
അത്രയും കറികൾ കൂട്ടി ഞാൻ ചോറ് തിന്നതും അന്നാണ്. തീറ്റ കഴിഞ്ഞ് കൈ കഴുകുമ്പോൾ കണ്ണാടിയിൽ എന്റെ ക്ഷീണിച്ച മുഖം കണ്ടു. മുഷിഞ്ഞതും ചളി പുരണ്ടതുമായ കുപ്പായവും പുള്ളിത്തുണിയും കണ്ടു. വയറ് നിറഞ്ഞതിന്റെ ആശ്വാസത്തിനപ്പുറം ഞാൻ മറ്റെന്തോ കൂടി അറിയുകയായിരുന്നു. ഒരു കുട്ടിയിൽ നിന്ന്​, മുതിർന്ന ഒരാളായി മാറിയതിന്റെ അറിവുപോലെ എന്തോ ആയിരുന്നു അത്.

ഡേവിഡ് ഡേവിഡ് മിസ്റ്റർ ഡേവിഡ് സിനിമയിൽ ത്യാഗരാജൻ

മുതിർന്ന ഒരാളായിത്തന്നെ ഞാൻ ആ ഹോട്ടലിൽ നിന്നിറങ്ങി.
നഗരബഹളങ്ങളും ആൾത്തിരക്കും കാണാത്ത കാഴ്ചകളും ഉയരംകൂടിയ കെട്ടിടങ്ങളും അമ്പരപ്പോടൊപ്പം എനിക്ക് ആനന്ദവും ആത്മവിശ്വാസവും തന്നു. കണ്ണാടിച്ചുമരുകളിൽ കണ്ട എന്റെ കോലം എനിക്ക് തൃപ്തി തന്നില്ല. എന്റെ പ്രായത്തിലുള്ളവരോ മുതിർന്നവരോ ആരും അവിടെ പുള്ളിത്തുണിയുടുത്ത് കണ്ടില്ല. ലുങ്കിയുടുത്ത കുറച്ചുപേരെ കണ്ടതൊഴിച്ചാൽ ബാക്കിയെല്ലാം വെള്ളത്തുണികളും പാന്റുമായിരുന്നു.

ഞാൻ നടന്നിരുന്നത് ഡേവിസൻ തിയേറ്ററിലേക്കുള്ള പാതയിലായിരുന്നു. അവിടെ, ആദ്യം കണ്ട തുണിക്കടയിൽ കയറി ഒരു വെള്ളമുണ്ടും പാകമായ കുപ്പായവും വാങ്ങി. അത് പൊതിഞ്ഞുതന്ന ആൾ എന്റെ മുഷിഞ്ഞ വസ്ത്രത്തിലേക്ക് നോക്കി, പുതിയ തുണി മാറ്റിയുടുക്കണമെങ്കിൽ ഇവിടെനിന്നുതന്നെ മാറ്റിയുടുക്കാമെന്ന് പറഞ്ഞു. അയാൾ കാണിച്ചുതന്ന ഇടുങ്ങിയ മുറിയിൽ കയറി പുതിയ മുണ്ടുടുത്തു, കുപ്പായമിട്ടു. പഴയത് കടലാസിൽ പൊതിഞ്ഞെടുത്തു. പിന്നെ ഏട്ടന്റെ പഴ്‌സിലെ ബാക്കി കാശെടുത്ത് മുണ്ടിന്റെ കോന്തലയിൽ കെട്ടി, ചില്ലറ നാണയങ്ങൾ പുതുകുപ്പായത്തിന്റെ കീശയിലേക്കിട്ടു.

ഡേവിസൺ തിയേറ്ററിനുമുന്നിൽ ആളുകൾ മാറ്റിനിക്ക് വരിനിൽക്കുന്നു. ഞാനെന്ന ഇരുമ്പുതരിയെ സിനിമയെന്ന കാന്തം പിടിച്ചുവലിച്ചു. ഞാൻ ആ വരിയിൽ ഒരാളായി. സിനിമയെന്ന അത്ഭുതം, സിനിമയെന്ന ആനന്ദം...

അവിടുന്ന് ഇറങ്ങിനടക്കുമ്പോൾ, ഏട്ടന്റെ പഴ്‌സ് പലതായി കീറി ഓരോ തുണ്ടുകളായി വലിച്ചെറിഞ്ഞു. എന്റെ മുമ്പിൽ വലിയൊരു ബോർഡ് പ്രത്യക്ഷപ്പെട്ടു: ‘ഡേവിഡ് ഡേവിഡ് മിസ്റ്റർ ഡേവിഡ് ' എന്ന സിനിമയുടെ പോസ്റ്റർ. ആ പേര് അന്ന് ഞാൻ ശരിയായിത്തന്നെയാണോ വായിച്ചത് എന്ന് സംശയമുണ്ട്. ആ വലിയ പോസ്റ്ററിൽ ന്യൂഡൽഹിയിലെ നടരാജ് വിഷ്ണുവിനെ കണ്ടു. എനിക്ക് വേണ്ടപ്പെട്ട ഒരാൾ അവിടെ നിൽക്കുമ്പോലെയാണ് തോന്നിയത്. ആ ഉച്ച വെയിലിൽ ത്യാഗരാജൻ എന്ന നടൻ ഒരിക്കൽ കൂടി എന്റെ മുമ്പിൽ വന്നുനിന്നു. മറ്റു മുഖങ്ങളിൽ ഒന്ന് ഞാൻ ന്യൂഡൽഹി സിനിമയിൽ കണ്ടതാണ്. പക്ഷേ അത് സിദ്ദീഖാണെന്ന് അന്നെനിക്കറിയില്ലായിരുന്നു.

ആ ബോർഡ് ഡേവിസൺ തിയേറ്ററിന്റെ മുറ്റത്തായിരുന്നു. ആളുകൾ മാറ്റിനിക്ക് വരിനിൽക്കുന്നു. ഞാനെന്ന ഇരുമ്പുതരിയെ സിനിമയെന്ന കാന്തം പിടിച്ചുവലിച്ചു. ഞാൻ ആ വരിയിൽ ഒരാളായി. സിനിമയെന്ന അത്ഭുതം, സിനിമയെന്ന ആനന്ദം, എന്റെ മറ്റെല്ലാ കാര്യങ്ങളെയും പ്രശ്‌നങ്ങളെയും ബന്ധങ്ങളെയും തിരശ്ശീല കൊണ്ട് മറച്ച് സുഗന്ധം പരത്തിനിന്നു.

കോഴിക്കോട്ടെ ഡേവിസൻ തിയേറ്റർ. / Photo :; Flicker.com

ആ സിനിമയിൽ ത്യാഗരാജൻ എന്ന നടന് കാര്യമായ റോളൊന്നും ഉണ്ടായിരുന്നില്ല. പക്ഷേ ആ തീഷ്ണമായ നോട്ടവും ചുവപ്പ് തലയിൽക്കെട്ടുമായി അയാൾ ഇടയ്ക്കിടയ്ക്ക്, ‘ഉല്ലൂക്കാ പട്ടേ’ എന്നുപറയുന്നതും ഇപ്പോഴും ഓർമയുണ്ട്. ബാലചന്ദ്രമേനോനും അശോകനുമൊക്കെ ആ സിനിമയിലുണ്ടായിരുന്നു. അവരെയൊന്നും ഞാനതിനു മുമ്പ് കണ്ടിട്ടില്ല. സിനിമ തീർന്ന് തിയേറ്ററിൽ നിന്നിറങ്ങുമ്പോൾ, ത്യാഗരാജന്റെ ‘ഉല്ലൂക്കാ പട്ടേ’ എന്ന ആ ഡയലോഗ് ഞാൻ ഉരുവിട്ടു. നടന്ന വഴികളിലെല്ലാം എന്റെ ചുണ്ടിൽ നിന്ന് ആ വാക്ക്, അതൊരു തെറിയാണെന്ന് പോലുമറിയാതെ പുറത്തേക്കു ചാടി.

നേരം ഇരുളുകയായിരുന്നു. നടന്നത് ഡേവിസൺ തീയേറ്ററിൽ നിന്ന് സ്റ്റേഡിയം വഴി പുതിയ സ്റ്റാൻഡിലേക്ക് പോവുന്ന റോഡിലൂടെയായിരുന്നു. അവിടെ അന്ന് കെട്ടിടങ്ങൾ കുറവായിരുന്നു. കോഴിക്കോട് നഗരത്തെ ഞാനെന്ന കുട്ടി അളന്നത്, ഒരു തീയേറ്ററിൽ നിന്ന് മറ്റൊരു തീയേറ്ററിലേക്കുള്ള വഴികളും ദൂരങ്ങളുമായിട്ടാണ്. ഡേവിസൺ തീയേറ്ററിൽ നിന്ന് കോറണേഷൻ തിയേറ്ററിലേക്ക്, കോറണേഷനിൽ നിന്ന് ബ്ലൂ ഡയമണ്ടിലേക്ക്, അവിടെ നിന്ന് രാധാ തിയേറ്ററിലേക്കും ക്രൗണിലേക്കും. ക്രൗണിൽ നിന്ന് അപ്‌സരയിലേക്ക്.

ഒരു തിയേറ്ററിൽ നിന്ന് മറ്റൊരു തീയേറ്ററിലേക്കുള്ള ദൂരം ഒരു സിനിമയിൽ നിന്ന് മറ്റൊരു സിനിമയിലേക്കുള്ള ദൂരം മാത്രമായിരുന്നില്ല, സിനിമയ്ക്ക് പോയാൽ കെട്ടിയിട്ട് തല്ലുമായിരുന്ന ഏട്ടനോടുള്ള പ്രതികാരത്തിന്റെ ദൂരങ്ങൾ കൂടിയായിരുന്നു അത്.

പുതിയ ബസ്​ സ്​റ്റാൻഡിൽ കുറച്ചു നേരം ഞാൻ അന്തംവിട്ട് നടന്നു.
അവിടുത്തെ കടകളിൽനിന്ന് സർവത്തും മോരുംവെള്ളവും വാങ്ങി കുടിച്ചു. അവിടുത്തെ പോർട്ടർമാർ എന്നെ സംശയത്തോടെ നോക്കി. ഒരു പതിനഞ്ചുകാരന്റെ നടത്തമോ പെരുമാറ്റമോ ആയിരുന്നില്ല എന്റെത്, കൂട്ടിൽ നിന്ന് രക്ഷപ്പെട്ട പറവയുടെ ചിറകനക്കങ്ങളും ആനന്ദ പിടച്ചിലുകളുമായിരുന്നു. കോന്തലയിൽ മുന്നൂറോളം രൂപ ബാക്കിയുണ്ട് എന്ന ആഹ്‌ളാദവും.

അറിയാത്ത നഗരം. അറിയാത്ത ആളുകൾ. അറിയാത്ത വഴികൾ.
കുട്ടികളെ പിടുത്തക്കാര് രാത്രിയിലാവുമോ കുട്ടികളെ പിടിച്ചുകൊണ്ടുപോകുന്നത്? അറിയില്ല, ഒന്നും തന്നെ അറിയില്ല.

തെരുവുവിളക്കുകളും സൈൻ ബോർഡുകളിലെ പല വർണവെളിച്ചങ്ങളും തെളിഞ്ഞുതുടങ്ങി. ഏതെങ്കിലും കമേർഷ്യൽ ആർട്ടിസ്റ്റിന്റെ ഹെൽപ്പറായി നിൽക്കാം എന്ന തീരുമാനം ഇതിനകം ഞാൻ പോലുമറിയാതെ രൂപപ്പെട്ടു കഴിഞ്ഞിരുന്നു. അത്തരത്തിലുള്ള ഒരു സ്ഥാപനം കണ്ടെങ്കിലും, അതിന്റെ മുമ്പിൽ ഇത്തിരി നേരം അന്തിച്ചുനിന്നെങ്കിലും അവിടെ കയറി പണി ചോദിക്കാനുള്ള ധൈര്യം കിട്ടിയില്ല.

നടന്നുനടന്ന്, വളവുകൾ തിരിഞ്ഞ്, പാതകൾ മുറിച്ചുകടന്ന്, ഞാൻ മറു പുറത്തെത്തി. അവിടെയാണ് കോവൂരിലേക്കും മെഡിക്കൽ കോളേജിലേക്കുമുള്ള ബസുകൾ നിർത്തി ആളെ കയറ്റിയത്. രണ്ടു മൂന്നു ബസുകൾ പോയിക്കഴിഞ്ഞ് അടുത്തതായി വന്ന ബസിലെ കിളിയുടെ, കോളേജ് ...കോളേജ്... മെഡിക്കൽ കോളേജ്.... എന്ന വിളിക്ക് ഉത്തരം നൽകി ഞാനാ ബസിൽ കയറിയിരുന്നു.

ഗഫൂർ പറഞ്ഞുതന്ന മെഡിക്കൽ കോളേജിലേക്ക് തന്നെയാണോ ഈ ബസ്​ പോകുന്നതെന്ന് എനിക്കുറപ്പില്ലായിരുന്നു. ചിലപ്പോൾ രണ്ട് മെഡിക്കൽ കോളേജുകളുണ്ടെങ്കിൽ...? ഞാൻ ചെല്ലുന്ന മെഡിക്കൽ കോളേജിൽ കൂട്ടിരിപ്പുകാർക്ക് കിടക്കാനുള്ള ആ വലിയ ഹാൾ ഇല്ലെങ്കിൽ ...?
ആനന്ദങ്ങൾക്കുമേൽ ഭയത്തിന്റെ കരിമ്പടം നിവരുകയാണ്.
അറിയാത്ത നഗരം. അറിയാത്ത ആളുകൾ. അറിയാത്ത വഴികൾ.
കുട്ടികളെ പിടുത്തക്കാര് രാത്രിയിലാവുമോ കുട്ടികളെ പിടിച്ചുകൊണ്ടുപോകുന്നത്? അറിയില്ല, ഒന്നും തന്നെ അറിയില്ല.

​​​​​​​ഉള്ളിൽ കനക്കുന്ന സങ്കടമേഘങ്ങൾ ഇടിവെട്ടി പെയ്യാൻ ഞാൻ കാത്തിരുന്നു. / Photo : Mohammed Abbas, Fb Page

ടിക്കറ്റെടുക്കാൻ കാശ് നീട്ടിയ എന്റെ കൈ ഭയം കൊണ്ട് വിറച്ചു.
ആ വിറയലിലേക്ക്, ബാക്കി കാശ് കണ്ടക്ടർ വെച്ചുതന്നപ്പോൾ അത് എന്റെ കയ്യിലിരിക്കാതെ താഴേക്ക് വീണുരുണ്ടുപോയി. അയാൾ ചീത്തയൊന്നും പറയാതെ, ബാഗിൽ നിന്ന് വേറെ നാണയമെടുത്ത് എനിക്കുതന്നു. രാത്രിയുടെ മണങ്ങളും കാറ്റുകളും വരികയാണ്. നഗരം വെളിച്ചത്തിന്റെ കടലായി മാറുകയാണ്. ഓരോരോ പേരുകൾ എഴുതിയ ബോർഡുകൾ പിറകോട്ട് ഒഴുകി മറയുകയാണ്. ബസിൽ ഭാഗ്യക്കുറി വിൽക്കുന്ന മനുഷ്യൻ എന്റെ നേരെയും അത് നീട്ടിപ്പിടിച്ചപ്പോൾ കണ്ടക്ടർ പറഞ്ഞു, ‘കുട്ട്യാളെയെങ്കിലും ഒഴിവാക്കിക്കൂടേ അമ്പുട്ടിക്കാ... '

അയാൾ അതിന് മറുപടി പറയാതെ എന്റെ പിന്നിലെ സീറ്റിൽ ചെന്നിരുന്നു. ഞാൻ കോന്തലയിലെ പണക്കെട്ടിൽ കൈവെച്ച്, നഗരവെളിച്ചങ്ങളിലേക്ക് നോക്കി ഓരോ ബോർഡും വായിച്ചു. അമ്മൂസ് കൂൾബാർ എന്ന ചെറിയ ബോർഡ് വായിച്ചതും എന്റെയുള്ളിലെ ഭയമേഘങ്ങളെല്ലാം സങ്കടങ്ങളായി കനത്തു. ഞാൻ പിന്നിട്ട ദൂരങ്ങൾക്കപ്പുറം, വിദൂരതയിൽ വീടിന്റെ വരാന്തയിൽ മണ്ണെണ്ണ വിളക്കിനു ചുവട്ടിൽ, ഉമ്മ എന്നെ കാത്തിരിക്കുകയാവും ഇപ്പോൾ.
​ഉള്ളിൽ കനക്കുന്ന സങ്കടമേഘങ്ങൾ ഇടിവെട്ടി പെയ്യാൻ ഞാൻ കാത്തിരുന്നു. ▮


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.​


മുഹമ്മദ്​ അബ്ബാസ്​

മലപ്പുറം ജില്ലയിലെ കോട്ടക്കൽ വലിയപറമ്പിൽ താമസം. പെയിന്റുപണിക്കാരനാണ്. എട്ടാം ക്ലാസുവരെ തമിഴ്‌നാട്ടിൽ പഠിച്ച് ജീവിതവൃത്തി തേടി നാടുവിട്ട് ലോറിയിൽ കയറി മലപ്പുറത്തെത്തി. മലയാളം എഴുതാനും വായിക്കാനും പഠിച്ച് മലയാളത്തിലെയും ലോകസാഹിത്യത്തിലെയും പുസ്തകങ്ങളുടെ വായനയും അവയെക്കുറിച്ചുള്ള എഴുത്തും ലഹരിയായി കൊണ്ടുനടക്കുന്നു. അബ്ബാസിന്റെ വായനയെയും എഴുത്തിനെയും ആവേശത്തോടെ ഏറ്റെടുക്കുന്ന വലിയൊരു വായനാസമൂഹം സമൂഹമാധ്യമങ്ങളിലുണ്ട്. ഒരു പെയിന്റ്പണിക്കാരന്റെ ലോകസഞ്ചാരങ്ങൾ എന്ന പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments