വിക്രമൻ

തീപിടിച്ച വിക്രമന്റെ വീട്​

ആ രാത്രി ഏറെ കഠിനമായിരുന്നു. ഇതെങ്ങനെ മറികടക്കും എന്ന് ഞാനുരുകിക്കൊണ്ടിരുന്നു. ഞങ്ങൾ പാതിരാവിൽ പൊന്നാനിയിലെത്തി. റോഡരികിൽ അവന്റെ ബൈക്കിന്റെ അവശിഷ്ടം കിടക്കുന്നു. മദ്യപിച്ച് ആ ബൈക്കിലേക്ക് കാറിടിച്ചു കയറ്റിയ നരാധമനെ ഞാൻ നൊന്തുകൊണ്ട് പ്രാകി.

ന്ന് 2022 മെയ്​ 12, വ്യാഴം.
ഇന്നലെ രാത്രി ഒരു മരണവീട്ടിലായിരുന്നു, ഒരു സുഹൃത്തിന്റെ ഉമ്മ മരിച്ചു.
മക്കളെ പോറ്റാൻ ബീഡിമുറവുമായി രാപകലുന്തിയ അവരുടെ ജീവിതം എന്റെ കൺമുമ്പിലുണ്ട്. രാത്രിയിലെ തണുത്ത നിശ്ശബ്ദതയിൽ അവരുടെ ശരീരത്തിനടുത്ത് അല്പനേരം നിൽക്കുമ്പോൾ ഇതാ ഇത്ര തന്നെ എന്ന് പറഞ്ഞു കൊണ്ട് മരണം അവിടെ ചുറ്റിപ്പറ്റുന്നത് കണ്ടു.

അവരെ സംബന്ധിച്ച്​ മരണം ഒരു മോചനമാണ്. നിത്യജീവിതത്തിന്റെ കഠിനവും കണിശവുമായ വ്യവസ്ഥകളിൽ നിന്നുള്ള സ്വാതന്ത്ര്യം. ഹൃദയത്തിൽ മുറിവുമായി ജനിച്ച കുറേയധികം പെണ്ണുങ്ങളെ എനിക്കറിയാം. സത്യത്തിൽ അവർ മരണമാഗ്രഹിക്കുന്നു. പുതിയ സ്ത്രീകളുടെ സ്വാതന്ത്ര്യബോധമോ അവകാശങ്ങളെക്കുറിച്ചുള്ള അറിവോ അവർക്കാവശ്യമില്ല. വിശപ്പിനെതിരെ കല്ലും മണ്ണും ചുമക്കുമ്പോഴും ചാന്തുകുഴയ്ക്കുമ്പോഴും വെയിലിനെ നിലാവാക്കുമ്പോഴും നിത്യകാമുകനായ മരണത്തോട് അവർ സംസാരിച്ചുകൊണ്ടേയിരിക്കുന്നുണ്ട്. നീ എന്നു വരും എന്ന്​ ചോദിച്ചു കൊണ്ടേയിരിക്കുന്നുണ്ട്. അണമുറിയാതെ എന്റെ ഹൃദയത്തിൽ നിന്നു വരുന്ന കരച്ചിൽ ഞാനവർക്കു കൊടുക്കട്ടെ, പ്രിയപ്പെട്ട ഉമ്മാ.. അതല്ലാതെ നിങ്ങൾക്കു തരാൻ എന്റെ കയ്യിൽ മറ്റൊന്നുമില്ല.

ഉള്ളുലച്ചുകളഞ്ഞ മറ്റൊരു മരണത്തെക്കുറിച്ച് എഴുതാൻ തീരുമാനിച്ചപ്പോഴാണ് ചങ്ങാതിയുടെ ഉമ്മ മരിച്ച രാത്രിയിലേക്ക് ചെന്നു നിന്നത്. നിറഞ്ഞ ചിരിയോടെ പെട്ടെന്ന് ചങ്ങാത്തപ്പട്ടികയിലേക്ക് കടന്നുവന്ന ഒരാൾ പെട്ടെന്നു തന്നെ മടങ്ങിപ്പോയി

പല മരണങ്ങളും എന്നെ അളവിലധികം വേദനിപ്പിക്കാറുണ്ട്. മാതാപിതാക്കളുടെ മരണം അപ്രതീക്ഷിതമായിരുന്നില്ല. എന്റെ ആത്മാവിനെ നിരന്തരം പുതുക്കിയിരുന്ന പ്രിയപ്പെട്ട സിദ്ധുക്കയുടെ മരണം ആകസ്മികമായിരുന്നില്ല. എങ്കിലും അതിൽ നിന്നൊന്നും പുറത്തുകടക്കാൻ എനിക്കിപ്പോഴും കഴിഞ്ഞിട്ടില്ല. പ്രകൃതി ഒരിക്കലും അവരെ ആവർത്തിക്കില്ല എന്ന ലോകബാധം തന്നെയാണ് ആ വേദനകളുടെ കാരണം. ഉപ്പയുടെ നീണ്ട ചൂണ്ടുവിരലിൽ പിടിച്ചുകൊണ്ട്​ നടക്കുന്ന ആ ചെറിയ കുട്ടിയിലേക്ക് മടങ്ങിപ്പോകാൻ ഞാൻ നിരന്തരം ആഗ്രഹിക്കുന്നുണ്ട്. ലോകത്തിന്റെ കൊലവിളികളും ആസുരതയും കണ്ടു മടുക്കുന്നു സുഹൃത്തേ... അതുകൊണ്ടാണത്, അതുകൊണ്ടു മാത്രമാണത്...

സത്യത്തിൽ ഉള്ളുലച്ചുകളഞ്ഞ മറ്റൊരു മരണത്തെക്കുറിച്ച് എഴുതാൻ തീരുമാനിച്ചപ്പോഴാണ് ചങ്ങാതിയുടെ ഉമ്മ മരിച്ച രാത്രിയിലേക്ക് ചെന്നു നിന്നത്. 2021 സെപ്റ്റംബർ 26 നായിരുന്നു അത് സംഭവിച്ചത്. നിറഞ്ഞ ചിരിയോടെ പെട്ടെന്ന് ചങ്ങാത്തപ്പട്ടികയിലേക്ക് കടന്നുവന്ന ഒരാൾ പെട്ടെന്നു തന്നെ മടങ്ങിപ്പോയി. ആ രാത്രി കിടക്കാൻ വട്ടം കൂട്ടുകയായിരുന്ന എന്നെ ഷാനു വിളിക്കുന്നു. ഷാനവാസ്.കെ. ബാവക്കുട്ടിയുമായി പരിചയപ്പെട്ടതു മുതൽ അവനെന്നെയും ഞാൻ അവനെയും വിളിക്കാത്ത ദിവസങ്ങൾ കുറവാണ്. ഹലോ എന്നു ഞാൻ പറഞ്ഞതും ഫോണിന്റെ മറുതലയ്ക്കൽ നിന്ന് അവൻ ആർത്തുകരഞ്ഞു. വളരെ വേഗം കരയുന്ന രണ്ടു മനുഷ്യരാണ് ഞങ്ങൾ. കരച്ചിലിനിടയിൽ അവൻ പറഞ്ഞൊപ്പിച്ചതു കേട്ട് പെട്ടെന്നൊരു മഞ്ഞുമല എന്റെ തലച്ചോറിലൂടെ ഇറങ്ങിപ്പോയി.

വിക്രമൻ പോയി...

ഷാനവാസ്.കെ. ബാവക്കുട്ടിക്കൊപ്പം പി.എസ്. റഫീഖ്
ഷാനവാസ്.കെ. ബാവക്കുട്ടിക്കൊപ്പം പി.എസ്. റഫീഖ്

കുറച്ചാഴ്ചകൾക്കു മുമ്പാണ് വിക്രമന്റെ സഹോദരീപുത്രൻ ഒരപകടത്തിൽ മരിക്കുന്നത്. അന്നുമുതൽ വിക്രമൻ മൗനത്തിലായിരുന്നു. വിക്രമനെ ഒന്നു വിളിക്കു എന്ന് ബാബു എന്നെ പല തവണ ഓർമിപ്പിച്ചതാണ്. പലപ്പോഴും ഫോണെടുത്ത് ഞാൻ നിലത്തു വച്ചു. ഇന്ന് പകൽ ഉച്ചയ്ക്കുശേഷം വെറുതെയിരിക്കുമ്പോൾ പല തവണ ഫോണെടുത്തു. വീണ്ടും അവിടെത്തന്നെ വച്ചു. ഇതാ അവൻ പോയിരിക്കുന്നു...

അല്പനിമിഷം കൊണ്ട് സ്ഥലകാലബോധം വീണ്ടെടുത്ത ഞാൻ അവനോട് നീ കാറിലാണോ എന്നാണ് ആദ്യം ചോദിച്ചത്.
അതെ, അവൻ കാറിലാണ്. ഷാനു അപ്പോൾ എറണാകുളത്താണ്. വിനോദ് വരുന്നതു വരെ ( വിനോദ് ഞങ്ങളുടെ മറ്റൊരു ചങ്ങാതിയാണ്) അവിടെത്തന്നെയിരിക്കാൻ പറഞ്ഞുകൊണ്ട് ഞാൻ വിനോദിനെ ഫോണിൽ ശ്രമിച്ചു. കിട്ടുന്നില്ല. അല്പസമയത്തിനകം വിനോദ് എന്നെ തിരിച്ചുവിളിച്ചു. വിനോദ് എറണാകുളത്ത് മഴവിൽ മനോരമയിലാണ് ജോലി ചെയ്യുന്നത്. കുറച്ചു നേരത്തിനുള്ളിൽ വിനോദ് ഷാനുവിന്റെ അടുത്തെത്തും. അവനെയും കൂട്ടി പുറപ്പെടും. രാത്രി പതിനൊന്നു മണിയോടടുക്കുകയാണ്. കൊടുങ്ങല്ലൂരിന്റെ ഹൈവേയുടെ ഓരത്ത് പട്ടികളുടെ മുറുമുറുപ്പിനു നടുവിൽ ഞാൻ നിന്നു. ഏറെ കഴിഞ്ഞ് അവരുടെ വണ്ടിയെത്തി. എന്തെങ്കിലും പറഞ്ഞാൽ ഉടനെ അലറിക്കരഞ്ഞു പോകുമല്ലോയെന്നോർത്ത് ഒന്നും മിണ്ടാതെ ഞങ്ങൾ പൊന്നാനിയിലേക്ക് യാത്രയായി.

ആ രാത്രി ഏറെ കഠിനമായിരുന്നു. ബാബുവും സാബിയും ഇതെങ്ങനെ മറികടക്കും എന്ന് ഞാനുരുകിക്കൊണ്ടിരുന്നു. ഞങ്ങൾ പാതിരാവിൽ പൊന്നാനിയിലെത്തി. റോഡരികിൽ അവന്റെ ബൈക്കിന്റെ അവശിഷ്ടം കിടക്കുന്നു

വിക്രമനും വിനോദും ബാബുവും ഷാനുവും ഒരിക്കലും കൂട്ടുപിരിയാത്ത ചങ്ങാതിമാരാണ്. ആ ചങ്ങാത്തവണ്ടിയിലേക്ക് എന്നെക്കൂടെ അവർ കയറ്റിയിരുന്നു. പൊന്നാനിയുടെ എല്ലാ സ്‌നേഹവും അവരെനിക്കും പങ്കിട്ടുതന്നു. വിക്രമൻ പൊന്നാനിയിൽ ലോക്കൽ ചാനലിന്റെ ക്യാമറാമാൻ. സദാ ഊർജസ്വലൻ. ചിരിച്ചല്ലാതെ കാണാൻ കഴിയാത്തവൻ. ചങ്ങാതിമാർ തമ്മിലുള്ള ചെറിയ പിണക്കങ്ങൾക്കിടയിൽ പോലും മധ്യസ്ഥനായി എത്തുന്നവൻ. ക്യാമറാമാനാണെങ്കിലും ചാനലിനുവേണ്ടി വാർത്തകൾ ശേഖരിക്കുന്നതും എഡിറ്റു ചെയ്യുന്നതും വായിക്കുന്നതും എല്ലാം ടിയാൻ തന്നെ. പൊന്നാനിയിൽ വിക്രമനെ അറിയാത്തവരും സ്‌നേഹം പങ്കിടാത്തവരും ഉണ്ടാവുക തന്നെയില്ല. പൊന്നാനിയിലെ അമ്മമാരുടെ പ്രിയപ്പെട്ടവൻ. ഒരു പാടാളുകളുടെ സഹോദരൻ.

ആ രാത്രി ഏറെ കഠിനമായിരുന്നു. ബാബുവും സാബിയും (സാബി ഷാനവാസിന്റെ ഭാര്യയാണ്) ഇതെങ്ങനെ മറികടക്കും എന്ന് ഞാനുരുകിക്കൊണ്ടിരുന്നു. ഞങ്ങൾ പാതിരാവിൽ പൊന്നാനിയിലെത്തി. റോഡരികിൽ അവന്റെ ബൈക്കിന്റെ അവശിഷ്ടം കിടക്കുന്നു. മദ്യപിച്ച് ആ ബൈക്കിലേക്ക് കാറിടിച്ചു കയറ്റിയ നരാധമനെ ഞാൻ നൊന്തുകൊണ്ട് പ്രാകി. ഷാനവാസിനെ നിയന്ത്രിക്കുക പ്രയാസകരമായിരുന്നു. ഞങ്ങൾ ആശുപത്രിയിലേക്ക് പോയി.

ആശുപത്രിയിൽ ജനസമുദ്രമായിരുന്നു. മോർച്ചറിയിൽ അവൻ കിടക്കുന്നുണ്ട്. ഞങ്ങളാരും അവനെ കണ്ടില്ല. മറ്റൊരു കഠിനപരീക്ഷ ഞങ്ങളെ ആ രാത്രി കാത്തിരിക്കുന്നുണ്ട്. വിക്രമന്റെ ഭാര്യയോട് ഇതുവരെ സംഗതി അറിയിച്ചിട്ടില്ല. ആ ദൗത്യം സുഹൃത്തുക്കൾ ഏറ്റെടുക്കണം.ആർക്കും അതിനുള്ള ധൈര്യമില്ല. ആശുപത്രി വരാന്തയിൽ ഒരു കുഞ്ഞിനെപ്പോലെ തേങ്ങിക്കരഞ്ഞുകൊണ്ട് വിക്രമന്റെ ഭാര്യാസഹോദരൻ ഇരിക്കുന്നുണ്ട്.

ഞങ്ങൾ വിക്രമന്റെ വീട്ടിലേക്കുപോയി. വെളിച്ചത്തിൽ ആ വീട് ഞങ്ങളെ ഉറ്റുനോക്കുന്നു. ജീവിതത്തിലാദ്യമായി പുതിയൊരു പരീക്ഷയെ നേരിടുകയാണ്. ആർക്കും അങ്ങോട്ടടുക്കാനുള്ള ധൈര്യമില്ല.
ഇനിയും വച്ചു കൊണ്ടിരിക്കാതെ അതു പറയാൻ ഞങ്ങൾ വിക്രമന്റെ ഭാര്യാ സഹോദരന് ധൈര്യം കൊടുത്തു. അവൻ കുറേ അങ്ങോട്ടുമിങ്ങോട്ടും നടന്നു. ഒടുവിൽ മുറിയിൽ കയറി പെങ്ങളോട് പറഞ്ഞു, വിക്രമേട്ടൻ പോയി...

തീ പിടിച്ചതു പോലെ പെട്ടെന്നാ വീടിളകി. ഞാൻ ദൂരേയ്ക്ക് ഓടിപ്പോയി. ഒരു നിമിഷം പോലും നില്ക്കാതെ ഷാനുവിന്റെ വീട്ടിലേക്ക് മടങ്ങി.

പിറ്റേന്ന് പൊന്നാനിയിൽ മഴയായിരുന്നു. ഞാൻ ഷാനുവിന്റെ വീടിന്റെ മുകൾ നിലയിൽ സ്ഥിരം മുറിയിൽ തന്നെയിരുന്നു. എല്ലാം കഴിഞ്ഞ് രാത്രി ഷാനുവും സാബിയും തിരികെയെത്തി. അതുവരെ കെട്ടിവച്ചിരുന്ന മല വെള്ളം പാഞ്ഞൊഴുകി വരുന്നതു പോലെ സാബിയുടെ കരച്ചിൽ എന്റെ നേർക്ക് പാഞ്ഞുവന്നു.
ഇതാ, ഇതാ വർഗ്ഗീയവാദികളേ, ലോകം കത്തിക്കാൻ നടക്കുന്നവരേ, വംശഹത്യയിലേക്ക് കണ്ണും നട്ടിരിക്കുന്നവരേ, തന്റെ ആരുമല്ലാത്ത ഒരു ഹിന്ദുചെറുപ്പക്കാരന്റെ മരണത്തിൽ ഒരു മുസ്​ലിം താത്ത കരയുന്നു, ആർത്തു കരയുന്നു.

പ്രിയപ്പെട്ട വിക്രമാ, നിന്റെ ജീവിതം അർത്ഥപൂർണമായിരുന്നു. ആ വെട്ടത്തിൽ ഞങ്ങളതിജീവിക്കും.▮


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.


പി.എസ് റഫീഖ്

കഥാകൃത്ത്​, തിരക്കഥാകൃത്ത്​, ചലച്ചിത്ര ഗാനരചയിതാവ്​, നടൻ​. സദ്ദാമിന്റെ ബാർബർ, കടുവ എന്നീ കഥാ സമാഹാരങ്ങൾ. നായകൻ, ആമേൻ, ഉട്ടോപ്യയിലെ രാജാവ്, തൊട്ടപ്പൻ എന്നീ സിനിമകളുടെ തിരക്കഥ രചിച്ചു. അങ്കമാലി ഡയറീസ്, ഗോൾഡ് കോയിൻസ്, ആമേൻ, ഉട്ടോപ്യയിലെ രാജാവ് തുടങ്ങി നിരവധി ചിത്രങ്ങളുടെ ഗാനരചയിതാവാണ്.

Comments