കെ.സി. ജോസ്​

​കുടിച്ചുകുളിച്ചുമദിച്ച
ബോംബെയിലെ ദീവാളിക്കാലം

ചർച്ച്ഗേറ്റ് – വീരാർ ഫാസ്റ്റിലെ പാട്ടും കൂത്തും, അന്ധേരി ലോഖണ്ഡ് വാല കോംപ്ലക്സിലുള്ള നിശാക്ലബ്ബിലെ മദ്യപാനം, ദീപാവലി നാളുകളിലെ ഗുണ്ടാക്കൊലകൾ... ‘ആഘോഷപൂർണമായ’ ഒരു ബോംബെ ദീവാളിക്കാലത്തിന്റെ ഓർമ.

ത്തരേന്ത്യയിൽ ഏറ്റവും ആഘോഷിക്കപ്പെടുന്ന ഉത്സവമാണ് ദീവാളി അഥവാ ദീപാവലി. ‘ദീപാളി കുളിച്ചു കളയുക’ എന്നാണ്​ മലയാളത്തിലെ ഒരു ചൊല്ല്. അത്യന്തം ആഘോഷപൂർണമായി കൊണ്ടാടപ്പെടുന്ന ഈ ഉത്സവം ശ്രീകൃഷ്ണൻ രാക്ഷസരാജാവായ നരകാസുരനെ വധിച്ച ദിവസമാണ്​ എന്നാണ്​ഐതീഹ്യം. ഗുജറാത്തികൾ അവരുടെ സാമ്പത്തിക വർഷാരംഭമായി ലക്ഷ്മിപൂജ ആഘോഷിക്കുന്നു. ധനം അവരുടെ പ്രധാന അളവുകോലാണല്ലോ. പുതിയ ബിസിനസ്​ തുടങ്ങുന്നതും ബിൽഡർമാർ ‘ഭൂമിപൂജൻ’ നടത്തി പുതിയ പ്രൊജക്റ്റുകൾക്ക് തുടക്കം കുറിക്കുന്നതും ദീപാവലിയോടനുബന്ധിച്ചാണ്. ഗുജറാത്തികളുടെ വരവുചെലവ് പുസ്​തകങ്ങളിൽ ആദ്യപേജിൽ ‘ശുഭ്​ലാഭ്’ (ശുഭലാഭം) എന്നെഴുതിയാണ് പുതുവർഷ കണക്കുകൾ ആരംഭിക്കുന്നത്. അതുവഴി ധനലക്ഷ്മി പ്രസാദിക്കട്ടെ എന്നവർ വിശ്വസിക്കുന്നുണ്ടാകാം.

ബോംബെയിലെത്തി അധികം നാളുകളായിട്ടില്ല. മഹാനഗരത്തിലെ ആദ്യത്തെ ദീവാളിക്ക് പക്ഷേ, ഒരു പാപത്തിന്റെ ഉപകഥ കൂടി പറയാനുണ്ട്.

ദീവാളിത്തലേന്ന്​, ഒരു പാപകഥ

ബോംബെയിലെത്തി അധികം നാളുകളായിട്ടില്ല. മഹാനഗരത്തിലെ ആദ്യത്തെ ദീവാളിക്ക് പക്ഷേ, ഒരു പാപത്തിന്റെ ഉപകഥ കൂടി പറയാനുണ്ട്. ആ ദീവാളിത്തലേന്ന് ഹൗസിങ്ങ് സൊസൈറ്റികൾ ദീപാലംകൃതമാണ്. പുതുവസ്​ത്രമണിഞ്ഞ സ്​ത്രീകളും പുരുഷന്മാരും കുട്ടികളും പടക്കം പൊട്ടിച്ചും കമ്പിത്തിരി കത്തിച്ചും ആഘോഷിക്കുകയാണ്. പട്ടുടയാടയണിഞ്ഞ സ്​ത്രീകൾ സ്റ്റീൽ പ്ലേറ്റുകളിൽ മധുരപലഹാരങ്ങളുമായി തൊട്ടടുത്ത ഫ്ലാറ്റുകളിലെത്തി ‘ഹാപ്പി ദീവാളി’ ആശംസിക്കുന്നു. ലഡ്ഡു, കറിഞ്ചി, മധുരമുള്ള മിക്സ്​ചർ, ചക്ളി (മുറുക്ക്) എന്നിവയാണ് ദീപാളിനാളുകളിൽ പ്രധാനമായും ഉണ്ടാക്കാറുള്ള ‘ഫർസാന’ അഥവാ മധുരപലഹാരങ്ങൾ. നിരനിരകളായി കൊളുത്തിവെച്ച മൺചെരാതുകളിൽ ദീപനാളം കത്തി ആ അന്തരീക്ഷം കൂടുതൽ ആകർഷകമാക്കിയിട്ടുണ്ട്.

മൺചെരാതുകൾ / Photo: Unsplash

ഞാൻ താമസിച്ചിരുന്ന, സഹോദരി ബേബിയുടെ വീട്ടിൽ അതിഥികൾ വന്നു നിറഞ്ഞിരിക്കുന്നു. ‘ഹാപ്പി ദീവാളി, ദീവാളി കി ശുഭ് കാംനായേം’ തുടങ്ങിയ ആശംസകൾ അവർ നേർന്നുകൊണ്ടിരിക്കെ മുണ്ടും ഷർട്ടും ധരിച്ച് ഞാൻ പുറത്തിറങ്ങി. റോഡുകളിൽ പലരും പടക്കം പൊട്ടിക്കുന്നുണ്ട്. കമ്പിത്തിരി കത്തിച്ച് ചുഴറ്റുന്ന കുട്ടികൾ. ചെത്തിലപ്പട്ടികൾ പടക്കത്തിന്റെ കാതടപ്പിക്കുന്ന ശബ്ദം കേട്ട് ഇടതടവില്ലാതെ കുരച്ചുകൊണ്ടിരുന്നു. ഞാൻ നടന്ന് ഘാഠ്ളാഗാവിലെ ഉത്തം സൊസൈറ്റിക്കു സമീപമെത്തി. പൊലീസ്​ ഭാഷയിൽ പറഞ്ഞാൽ ‘മദ്യപിച്ച് മദോന്മത്തരായ’ ചിലർ മോട്ടോർസൈക്കിളിൽ എന്നെ കടന്നുപോയി. സമയം രാത്രി ഒമ്പതു കഴിഞ്ഞിട്ടുണ്ട്. ഉത്തം സൊസൈറ്റിക്കു സമീപമുള്ള ആ പാൻ പെട്ടിക്കടയ്ക്ക് ഷട്ടർ ഇട്ടുതുടങ്ങി. രണ്ടുമൂന്ന് ഫോർസ്​ക്വയർ കിങ്ങ് സിഗരറ്റ് വാങ്ങി (കാശില്ലെങ്കിലും വില അല്പം കൂടുതലുള്ള ഫോർ സ്​ക്വയർ കിങ്ങ് തന്നെ ധൂമപാനത്തിന് ഞാൻ ഉപയോഗിച്ചുവരുന്നു) തിരിച്ചു നടക്കവേ, വഴിമധ്യത്തിൽ ഒരു കൈസഞ്ചി കിടക്കുന്നതു കണ്ടു. അത് കൈയ്യിലെടുത്തു. ആയിരത്തോളം രൂപ അതിലുണ്ട്. വഴിയിൽ ആരെയും കണ്ടില്ല. ഒരു കുഞ്ഞുകുട്ടി പോലും കുറേനേരത്തേക്ക് അതുവഴി വന്നില്ല. കൈസഞ്ചിയിലെ പണം എന്നെ നോക്കി കൊഞ്ഞനം കുത്തുന്നതുപോലെ തോന്നി. ഒന്നുകൂടി അതു പരിശോധിച്ചപ്പോൾ മഞ്ഞനിറത്തിലുള്ള എന്തൊക്കെയോ കുത്തിക്കുറിച്ച ഒരു കാർഡ് കണ്ടു. അതിലെഴുതിയ ഭാഷ ദൈവത്തിനുപോലും മനസ്സിലാകാൻ വഴിയില്ല. കൂട്ടത്തിൽ പുഞ്ചിരിക്കുന്ന ഒരു കുഞ്ഞുവാവയുടെ ഫോട്ടോയും. എന്റെ മനസ്സിൽ വെള്ളിടി വെട്ടി! സ്വർണ്ണമോ മറ്റോ പണയം വെച്ചതിന്റെ രശീതിയാണ് ആ കാർഡ് എന്നു തോന്നുന്നു. ഇത്തരം ‘പട്ട്വാര’ ഉപയോഗിക്കാറുള്ളത് സാധാരണ സ്ത്രീകളാണെന്നെനിക്കറിയാം. അവർ താഴ്ന്ന വരുമാനക്കാരായ കാംവാലി ബായി ആയിരിക്കാനാണ് സാധ്യത. ലോട്ടറി അടിച്ചപോലെ കൈയ്യിൽ കിട്ടിയ അന്നത്തെ ആ വലിയ സംഖ്യ എന്തു ചെയ്യണമെന്നറിയാതെ ഞാൻ അങ്കലാപ്പിലായി. ഏതാണ്ട് അരമണിക്കൂറിലധികം അവിടെ തട്ടിമുട്ടി നിന്നെങ്കിലും കൈസഞ്ചിയുടെ ഉടമ(സ്ഥ)യെ കണ്ടെത്തിയില്ല.

കൈസഞ്ചിയിലെ പണം എന്നെ നോക്കി കൊഞ്ഞനം കുത്തുന്നതുപോലെ തോന്നി. ഒന്നുകൂടി അതു പരിശോധിച്ചപ്പോൾ മഞ്ഞനിറത്തിലുള്ള എന്തൊക്കെയോ കുത്തിക്കുറിച്ച ഒരു കാർഡ് കണ്ടു. അതിലെഴുതിയ ഭാഷ ദൈവത്തിനുപോലും മനസ്സിലാകാൻ വഴിയില്ല.

വലിയ കൊമ്പൻമീശയും വെച്ച് ആദർശം പ്രസംഗിക്കുന്ന എനിക്ക് ആ സംഖ്യ വിഴുങ്ങി ദീവാളി പൊടിപൊടിക്കുന്നതിൽ ഒരു സന്തോഷവും ഉണ്ടാകില്ലെന്നുറപ്പ്. വീട്ടിൽ തിരിച്ചെത്തി ബേബിയോട് വിവരം പറഞ്ഞു. ‘ഇനീപ്പോ എന്താ ചെയ്യാ....’ അവൾക്കും എന്ത് ചെയ്യണമെന്നറിയില്ല. പൊലീസിലേൽച്ചാലോ എന്നുതോന്നി. പക്ഷേ, അവർ അത് മാന്യമായി ‘അമുക്കും’ എന്നെന്റെ മനസ്സ് പറഞ്ഞു. ‘പള്ളിയിൽ നേർച്ചപ്പെട്ടിയിൽ ഇട്ടൂടെ?’ വറുതുണ്ണിയേട്ടൻ എന്ന ബേബിയുടെ അമ്മാനപ്പന്റെ നിർദ്ദേശം അങ്ങനെ. അത് അച്ചനും കപ്യാരും ചേർന്ന് വിഴുങ്ങുമെന്ന് അദ്ദേഹത്തിനറിയാമായിരുന്നോ ആവോ? ആ പാവം കാംവാലി ബായുടെ പണം ഞാൻ അപഹരിച്ചോ എന്ന ചിന്ത അലട്ടിക്കൊണ്ടിരിക്കെ, രാത്രിയുടെ ഏതോ അന്തിമയാമത്തിൽ എപ്പോഴോ ഞാൻ മയങ്ങി. ഒരു രാപ്പാടി കീ, കീ എന്നുകരഞ്ഞ് ചിറകടിച്ചുയരുന്നത് ഞാൻ സ്​പഷ്​ടമായി കേട്ടു!

തിരിച്ചു നടക്കവേ, വഴിമധ്യത്തിൽ ഒരു കൈസഞ്ചി കിടക്കുന്നതു കണ്ടു. അത് കൈയ്യിലെടുത്തു.

‘ആവാസ്​ ദീവാളി അങ്ക്​’

ബോംബെയിലെത്തി വർഷമൊന്നു കഴിഞ്ഞുതന്നെയാണ് ഭേദപ്പെട്ട ശമ്പളവും ബോണസും ഓവർടൈമും മറ്റാനുകൂല്യങ്ങളുമുള്ള ജോലി ലഭിക്കുന്നത്. കൊളാബയിലെ ഫരിയാസ്​ ഹോട്ടലിനു സമീപമായിരുന്ന ആ ആഡ് ഏജൻസി വർഷങ്ങൾക്കുമുമ്പുതന്നെ മുകേഷ് അംബാനി വിലയ്ക്ക് വാങ്ങിയിരുന്നു. കോർപ്പറേറ്റുകൾക്ക് ചെറുകിട/ഇടത്തരം ആഡ് ഏജൻസികളെ വിഴുങ്ങുക എന്ന പ്രവണതയ്ക്ക് അക്കാലത്ത് ആരംഭം കുറിച്ചതേയുള്ളൂ. നല്ല ക്ലയിൻറുണ്ടായിരുന്ന ആ ഏജൻസി അംബാനി ഏറ്റെടുക്കുന്നതിന് മുമ്പുതന്നെ ഞാൻ അവിടം വിട്ടിരുന്നു. അതിന് പ്രത്യേക കാരണ​മൊന്നുംതന്നെയില്ല, എന്നാൽ, മാനേജ്മെൻറുമായി ആശയപരമായ ശിഥിലീകരണം ഞങ്ങളിൽ ചിലരിൽ ഉടലെടുത്തു എന്നത് സത്യമാണ്. കൂടാതെ, പരസ്യകലയുടെ സുവർണകാലമായിരുന്ന അക്കാലങ്ങളിൽ സമാന ജോലി തരപ്പെടുത്താനും എനിക്കു കഴിഞ്ഞു. കോർപ്പറേറ്റുകൾ ഏറ്റെടുക്കുന്ന ഇടത്തരം ഏജൻസികളുടെ വരുമാനത്തിൽ വലിയ നിഷ്കർഷയൊന്നും അവർക്കുണ്ടായിരുന്നില്ല എന്നു തോന്നുന്നു. മറ്റുള്ളവർ അധികാരമേന്തുന്ന കമ്പനികളെ പണം നല്കി മോഹിപ്പിച്ചും ഇതര പ്രലോഭനങ്ങളിൽ മുക്കിയും കാര്യസാധ്യം നടത്തുക, അങ്ങനെ മറ്റ് രംഗങ്ങളിലെന്നപോലെ പരസ്യകലാരംഗവും കൈയ്യടക്കുക എന്ന ഒറ്റ (ദുരു) ഉദ്ദേശ്യമേ അവർക്കുണ്ടാകാൻ സാധ്യതയുള്ളൂ. അതല്ലാതെ അവർ ഏറ്റെടുത്ത ഏജൻസികളിൽ നിന്നുള്ള ‘നക്കാപ്പിച്ച വരുമാനം’ കോർപ്പറേറ്റുകൾക്ക് ഒരു വിഷയമാകാൻ വഴിയില്ല.

ആഡ് ഏജൻസികളുടെ സുവർണകാലമാണ് ദീവാളിനാളുകൾ. നൂറുകണക്കിന് ദീവാളി പ്രസിദ്ധീകരണങ്ങൾ ബോംബെയിൽനിന്നുതന്നെ പുറത്തിറങ്ങുന്നുണ്ട്. സമൂഹത്തിൽ പിടിപാടുള്ള വ്യക്തികൾ അവരുടേതായ വിശേഷാൽ പ്രതികളുമായി രംഗത്തെത്തുക സാധാരണമാണ്.

ആ ഏജൻസിയിൽ ‘പിടിപ്പത്’ പണിയുണ്ടായിരുന്നു. ദീവാളിക്കാലമായതോടെ അത് ഇരട്ടിയായി. ‘ദീവാളി അങ്ക്’ (ദീവാളി വിശേഷാൽ പ്രതികൾ) പുറത്തിറക്കുന്നത്, നിലവിലുള്ള ഹിന്ദി/മറാഠി പത്ര മാസികകൾ മാത്രമല്ല, വ്യകതികളും ‘നാലു കാശുണ്ടാക്കാനുള്ള’ അവസരമാക്കാറുണ്ട്. വർഷത്തിലൊരിക്കൽ പ്രസിദ്ധീകരിക്കുന്ന ഇത്തരം പ്രസിദ്ധീകരണങ്ങൾ പലതും ഐ.എൻ.എസ്​ അംഗീകാരം സമ്പാദിച്ചിരിക്കും. നിറയെ ഹാസ്യചിത്രങ്ങളും കാർട്ടൂണുകളുമുള്ള ‘ആവാസ്​ ദീവാളി അങ്കിന്’ ഒരുപാടു വായനക്കാരുണ്ട്. പരസ്യങ്ങൾ പ്രസിദ്ധീകരണങ്ങളുടെ നട്ടെല്ലാണ്. അതുകൊണ്ടുതന്നെ ഇവ ഏറ്റവും ശ്രദ്ധിക്കപ്പെടുന്നത് ഇത്തരം ദീവാളി വിശേഷാൽ പ്രതികളിലൂടെയാണ് എന്നാണ് അവരുടെ വാദം. അടുത്ത വർഷത്തെ ദീവാളി പതിപ്പിന് ഈ ദീവാളിനാളുകൾക്കുശേഷം പരസ്യമൊപ്പിക്കാൻ അവയുടെ പ്രസാധകർ ശ്രമിച്ചുകൊണ്ടിരിക്കും. ആഡ് ഏജൻസികളുടെ സുവർണകാലമാണ് ദീവാളിനാളുകൾ. നൂറുകണക്കിന് ദീവാളി പ്രസിദ്ധീകരണങ്ങൾ ബോംബെയിൽനിന്നുതന്നെ പുറത്തിറങ്ങുന്നുണ്ട്. സമൂഹത്തിൽ പിടിപാടുള്ള വ്യക്തികൾ അവരുടേതായ വിശേഷാൽ പ്രതികളുമായി രംഗത്തെത്തുക സാധാരണമാണ്. എന്നാൽ, ‘ആവാസ്​’, ‘ദർപ്പൺ’ തുടങ്ങിയ ചില ദീവാളി പതിപ്പുകൾ മാത്രമേ സ്റ്റാൻറിൽ വില്പനയ്ക്കെത്തൂ എന്നത് കൗതുകകരമായി തോന്നാം. ബാക്കിയുള്ള ഇത്തരം പ്രസിദ്ധീകരണങ്ങൾ അല്പം കോപ്പികൾ മാത്രം അച്ചടിച്ച് ‘വൗച്ചർ കോപ്പി’കൾ ബില്ലുകൾ സഹിതം ക്ലിയൻറിനയച്ച്​ ചെക്ക് വരുന്നതും കാത്തിരിക്കുകയാണ് പതിവ്. ഇത്തരം ദീവാളി പ്രസിദ്ധീകരണങ്ങളുടെ ഉടമസ്​ഥർ അവരുടെ പ്രസിദ്ധീകരണങ്ങളുടെ പേരുകൾ ‘മീഡിയ’ ലിസ്റ്റിൽ ചേർക്കാൻ ഞങ്ങളെ നന്നായി കൈമണി അടിക്കാറുണ്ട്. അവർക്ക് ഒരു നഷ്​ടവും അതുകൊണ്ട് ഉണ്ടാകില്ലല്ലോ. അക്ബർ ആലീസ്​, ഏഷ്യാറ്റിക് സ്റ്റോഴ്സ്​ തുടങ്ങിയവയുടെ ഗിഫ്റ്റ് കൂപ്പണുകൾ സമ്മാനിച്ച് ഞങ്ങളെ പ്രസാധകർ സന്തുഷ്​ടരാക്കും.

/ Photo: Unsplash

ദീവാളി കുളിച്ച​ ബോണസ്​

ആ വർഷത്തെ ദീവാളി ബോണസ്​ 8.33 ശതമാനമായിരുന്നു. കൈ നിറയെ കാശ്. അവിവാഹിതൻ. എന്തിരുപത് മുറി മുപ്പത് എന്ന പ്രായവും. പോരെ. ആഹ്ലാദിക്കാൻ ഇനിയെന്തുവേണം. ആഡ് ഏജൻസിയിലെ ജോലി വഴി ചില നല്ല സുഹൃത്തുക്കളെ സമ്പാദിക്കാനായി. അവരിലൊരാളാണ് മൈക്കിൾ ഡിസൂസ. ഗോവൻ വംശജൻ. ചുള്ളൻ, സുസ്​മേരവദനൻ,സുശീലൻ. മൈക്കിൾ ഫ്രീലാൻസ്​ ഫോട്ടോഗ്രാഫറാണ്. മലാഡ് വെസ്റ്റിൽ ഓർളം ചർച്ചിന് സമീപമായി മാതാപിതാക്കളുമൊത്ത് താമസിക്കുന്നു. അന്ന് മൈക്കൾ പറഞ്ഞു; ‘‘ആപൺ ദോൺ പെഗ് മാരുയാ?’’ നമുക്ക് രണ്ടെണ്ണം അടിച്ചാലോ? വിരോധമില്ലെന്ന് ഞാനും. ഞങ്ങൾ ടാക്സി പിടിച്ച് അന്ധേരി ലോഖണ്ഡ് വാല കോംപ്ലക്സിലെത്തി. ടാക്സി കുറച്ചിട ചുറ്റിക്കറങ്ങി ‘ഇൻസൊമാനിയ’യുടെ മുമ്പിൽ നിർത്തി. വാടകയും സാമാന്യം നല്ലൊരു ദക്ഷിണയും നല്കിയപ്പോൾ ടാക്സിവാല ‘ശുക്റിയാ സാഹേബ്! ഖുദാഫിസ്​’ എന്ന്​സന്തോഷസൂചകമായി പ്രതിവചിച്ചു. ഞങ്ങൾ എത്തിനില്ക്കുന്നത് നിശാക്ലബ്ബിലാണ്. അല്ലെങ്കിൽ ഡിസ്​കോത്തിക്ക്. സദാചാരബോധത്തിന്റെ ഒരു ചെറുമിന്നൽ തലച്ചോറിൽ മിന്നിമറഞ്ഞെങ്കിലും നിസ്സംഗത ഭാവിച്ച് ഇൻസോമാനിയയുടെ താനേ തുറക്കുന്ന ചില്ലുവാതിലിനുമുമ്പിലെത്തി. വടിയല്ല, വാൾ വിഴുങ്ങിയപോലെ അതുവരെ നിലകൊണ്ടിരുന്ന അഴകാർന്ന താടിയും കിന്നരിയുള്ള തലപ്പാവും ധരിച്ച ഒരു പഠാൻ ഉഗ്രനൊരു സല്യൂട്ടടിച്ച് എയർ ഇന്ത്യ മഹാരാജാവിന്റെ പരസ്യത്തിലെന്നപോലെ ഇടതുകൈ നെഞ്ചോടു ചേർത്ത് വലതുകൈ ഇൻസോമാനിയയുടെ അകത്തേക്ക് സുസ്വാഗതമേകി. ‘ആയിയേ മഹാരാജ്’ എന്ന് ക്ഷണിച്ചു. അതിഥികൾ മഹാരാജാവിന് സമാനമാണ് എന്ന വിശ്വാസം അയാൾക്കുണ്ടെന്ന് തോന്നുന്നു. ആദ്യമായാണ് ഞാനിത്തരമൊരു ഡിസ്​കോത്തിക്കിലെത്തുന്നത്. വിയർപ്പുകണങ്ങൾ മുഖത്ത് പ്രത്യക്ഷപ്പെട്ടത് കൈലേസ്​ കൊണ്ട് ഒപ്പി. ‘വിയർപ്പുതുള്ളികൾ പൊടിഞ്ഞ നാസിക...’ എന്ന ചെറുശ്ശേരിവരികൾ ഓർമിപ്പിക്കുംപോലെ നന്നായിത്തന്നെ വിയർക്കുന്നുണ്ട്.

സാമാന്യത്തിലധികം ഉയരമുള്ള സ്റ്റൂളുകളിൽ അനായാസമിരുന്ന് ആൺ- പെൺ വ്യത്യാസമില്ലാതെ കുറച്ചുപേരെങ്കിലും മദ്യപാനം നടത്തുന്നുണ്ട്. അവർ ദീവാളി ആഘോഷിക്കുകയാണ്. സൈക്കലഡലിക് ഇഫക്ടുണ്ടാക്കുന്ന ലൈറ്റുകൾ ആ ഹാളിന് പ്രത്യേകം ഒരാംബിയൻസ്​ നല്കിയിട്ടുണ്ട്.

മൈക്കിളിനു ഒരു കൂസലുമില്ല. അയാൾ എന്നെ ശീതീകരിച്ച ആ ഹാളിൽ സജ്ജമാക്കിയ വൃത്താകൃതിയിലുള്ള ബാറിലേക്ക് നയിച്ചു. സാമാന്യത്തിലധികം ഉയരമുള്ള സ്റ്റൂളുകളിൽ അനായാസമിരുന്ന് ആൺപെൺ വ്യത്യാസമില്ലാതെ കുറച്ചുപേരെങ്കിലും മദ്യപാനം നടത്തുന്നുണ്ട്. അവർ ദീവാളി ആഘോഷിക്കുകയാണ്. സൈക്കലഡലിക് ഇഫക്ടുണ്ടാക്കുന്ന ലൈറ്റുകൾ ആ ഹാളിന് പ്രത്യേകം ഒരാംബിയൻസ്​ നല്കിയിട്ടുണ്ട്. ഞങ്ങളിരുവരും സ്റ്റൂളുകളിൽ ഇരുന്ന പാടെ ബാർ മെയ്ഡ് ബ്രാൻറ്​ ഏതാണെന്ന് വളരെ മൃദുവായി ചോദിച്ചു. അവൾ ഒരു ‘പരമരഹസ്യം’ പോലെ ഈ ചോദ്യം ചോദിക്കേണ്ട കാര്യമുണ്ടോ എന്ന് ന്യായമായും ഞാൻ സംശയിക്കാതിരുന്നില്ല. റോയൽ വിസ്​കിയും രണ്ട് ഗ്ലാസും നിരത്തി, ‘സോഡാ, ഐസ്​ വാട്ടർ?’ എന്ന ബാർമെയ്ഡുകളുടെ പതിവുചോദ്യമുന്നയിച്ചു. റോയൽസ്റ്റാഗ് ഓരോ പെഗ്ഗ് വീതം അളന്ന് ആ ലലനാമണി ഒന്നുകൂടി പുഞ്ചിരിച്ച് സോഡാബോട്ടിൽ തുറന്ന് പാനീയം ഗ്ലാസിലൊഴിക്കുംമുമ്പ് മൈക്കിൾ വലതുകൈ ഗ്ലാസിനുമുകളിൽ പൊത്തിപ്പിടിച്ച് ‘മാ നിഷാദ’ എന്ന് മൊഴിയാതെത്തന്നെ, സോഡ ആവശ്യമില്ലെന്ന് മുദ്ര കാണിച്ച് അവളെ അതിൽനിന്ന് വിലക്കി.

സമയം രാത്രി എട്ട് കഴിഞ്ഞു. പ്രത്യേകം സജ്ജമാക്കിയ ഫ്ലോറിൽ ‘ഇൻസോമാനിയ ദി നൈറ്റ് ഔൾ’ ബാൻറ്​ ഡ്രംസെറ്റിൽ ടട്ടട്ടര എന്നു കൊട്ടിയും, സാക്സോഫോണിൽ വിരലമർത്തിയും ട്രംപറ്റിൽ പ്രത്യേക ശബ്ദം പുറപ്പെടുവിച്ചും തങ്ങളുടെ റിഹേഴ്സൽ സമാരംഭിച്ചു. എങ്ങുനിന്നോ പൊട്ടിവീണ പോലൊരു മെലിഞ്ഞ സുന്ദരീമണി പാടാൻ തുടങ്ങി. അത് ഏത് ഭാഷയിലാണെന്ന് എനിക്കും മൈക്കിളിനും മനസ്സിലായില്ല. ഞങ്ങൾ പരസ്​പരം നോക്കി പല്ലിളിച്ചു എന്നു മാത്രം. ഇതിനകം ഹാൾ നിറഞ്ഞു. യുവമിഥുനങ്ങൾ ആലിംഗനബദ്ധരായി അവർക്കു തോന്നുംപടി ചുവടുകൾ വെയ്ക്കുന്നുണ്ട്. ‘ഐ ആം എ ഡിസ്​കോ ഡാൻസർ’ എന്ന ഹിന്ദി സിനിമാഗാനമാണ് അവൾ പാടുന്നത് എന്ന് ഏകദേശം മനസ്സിലായി. അതിന്റെ ട്യൂണാകെ മാറ്റിമറിച്ചിട്ടുണ്ട്. റീമിക്സ്​ പരിപാടിയായിരിക്കാം. മ്യൂസിക് അതിന്റെ വഴിക്കും സുന്ദരീമണിയുടെ ഗാനാലാപനം വേറൊരു വഴിക്കും സഞ്ചരിച്ചുകൊണ്ടിരുന്നു. മിഥുനങ്ങൾക്ക് ആ മ്യൂസിക്കിനെക്കുറിച്ചും മറ്റു പരിസരബോധമില്ലാതെയും തോന്നുംപടി ചുവടുകൾ വെച്ച് രംഗം അലങ്കോലപ്പെടുത്തി എന്നു പറഞ്ഞാൽ മതിയല്ലോ.

'ഐ ആം എ ഡിസ്​കോ ഡാൻസർ' എന്ന സിനിമയിൽ നിന്ന്‌

രണ്ടുമൂന്നു പെഗ്ഗിനുശേഷം ഇപ്പോൾ ഞാനൊരുവിധം മദ്യലഹരിയിലെത്തി തല പെരുത്തിരിക്കയാണ്. അപ്പോൾ, തൂവെള്ള ഷിഫോൺ സാരിയും സ്ലീവ്​ലെസ്​ബ്ലൗസും കഴുത്തിൽ ഒരു പേൾ നെക്​ലസും ധരിച്ച ഒരു പാഴ്സി മധ്യവയസ്​ക ഇഴഞ്ഞിഴഞ്ഞ് വന്ന് എന്നെ കൈപിടിച്ച് വലിച്ചിഴച്ചു. അവരോടൊപ്പം ഡാൻസ്​ ചെയ്യാനാണ് ഈ പരാക്രമം. കഴുത്തിൽ അവരുടെ ഇരു കൈകളാലും എന്നെ കുരുക്കിയിട്ടുണ്ട്; ചെറിയ തോതിലുള്ള ഒരു ധൃതരാഷ്ട്രാലിംഗനം പോലെ. അവർ സ്വബോധമില്ലാതെ എന്തൊക്കെയോ ഉരുവിടുന്നു. അല്പനേരം കഴിഞ്ഞ്​ അവരുടെ ബന്ധുവോ, കാമുകനോ എന്നറിയില്ല, ഒരു ബാത്തിക് ഷർട്ട്ധാരിയെത്തി ബലമായി ആ സ്​ത്രീയെ പിടിച്ചുമാറ്റി. അവർ ഒരു സ്റ്റൂളിലിരുന്ന് പിച്ചുംപേയും പറയുന്നു. ആളുകൾ വീണ്ടും വീണ്ടും വന്ന് ഇൻസോമാനിയയിൽ നിറഞ്ഞു. ഹാപ്പി ദീവാളി, മറ്റത് മറിച്ചത് എന്നൊക്കെ പരസ്​പരം ആശംസകൾ നേർന്നു. എനിക്ക് നന്നായി വിശക്കുന്നുണ്ട്. കൺപോളകളിൽ ഉറക്കം തുടുത്തുനിന്നു. സമയം രാത്രി പന്ത്രണ്ട് കഴിഞ്ഞിരിക്കുന്നു. മൈക്കിളിനെ നിർബ്ബന്ധിച്ച് ഞങ്ങൾ ഡിസ്​കോത്തിക്കിനു പുറത്തുകടന്നു. നല്ലൊരു സംഖ്യ കള്ളടിച്ച വകയിൽ ഞങ്ങളിരുവരും ചെലവഴിച്ചുകഴിഞ്ഞു.

ടാക്സിക്ക് കൈകാണിച്ചെങ്കിലും നിറുത്താതെ ഓടിച്ചുപോയി. ഒടുവിൽ വന്ന ഓട്ടോക്കാരന്റെ കൃപാകടാക്ഷമെന്നോണം അയാൾ ഞങ്ങളെ അന്ധേരി സ്റ്റേഷൻ പരിസരത്ത് എത്തിച്ചു. അവിടെ ഒരു തമിഴ്​വംശജൻ വിറ്റുകൊണ്ടിരുന്ന ബുർജിപാവ് (മുട്ട കൊത്തിപ്പൊരി + കൊത്തമല്ലിയില + തക്കാളി വഴറ്റിയത് + സവാള) നിന്നനില്പിൽ രണ്ടുമൂന്നെണ്ണമടിച്ച് വീരാർ ലോക്കൽ പിടിച്ചു. ഉറക്കമില്ലാത്ത ഡിസ്​കോത്തിക്ക് പരിപാടിക്ക് ജീവിതത്തിൽ അതോടെ പൂട്ടിട്ടുപൂട്ടി. ചെറുപ്പത്തിൽ എന്തോ ഒരു നുണ പറഞ്ഞ എന്നോട് ഒരു ഈർക്കിൾ രണ്ടാക്കി മുറിച്ച് അവ ഇനി കൂട്ടിയോജിച്ചാൽ മാത്രമേ ഞാൻ നിന്നോട് സംസാരിക്കൂ എന്ന് ശഠിച്ച സഹോദരി ത്രേസ്യാക്കുട്ടിയുടെ നിലപാട് ഇവിടെ ഞാൻ കൈക്കൊണ്ടു.

അനാശാസ്യപ്രവർത്തനങ്ങൾക്കൊപ്പം മയക്കുമരുന്ന് വില്പനയും പൊടിപൊടിച്ചിരുന്ന ഡിസ്​കോത്തിക്കുകൾ ഉൾപ്പെടെയുള്ള ഡാൻസ്​ബാറുകൾക്ക് ആഭ്യന്തരമന്ത്രി ആർ.ആർ. പാട്ടീൽ 2005–ൽ താഴിട്ടുപൂട്ടി. എങ്കിലും ഒളിഞ്ഞും തെളിഞ്ഞും ഇത്തരം ബാറുകൾ പ്രവർത്തിച്ചിരുന്നുവെന്നും ബോംബെ മുൻ പൊലീസ്​ മേധാവി പരംബീർ സിംഗിന്റെ ഒത്താശ ഇതിനുണ്ടായിരുന്നുവെന്നും ചില പത്രവാർത്തകൾ വന്നിരുന്നു.

ഏതൊരു മുംബൈക്കറെയും പോലെ സ്വന്തമായൊരു ഫ്ലാറ്റ് ഒപ്പിച്ചെടുക്കാൻ ആയിടെ ഞാൻ നിർബ്ബന്ധിതനായി. പതിനൊന്നു മാസം കഴിഞ്ഞാൽ കെട്ടിപ്പൂട്ടി അടുത്ത വാടകമുറിയിലേക്ക് പോകുക, അവിടെ ഏജൻറിന്​ വീണ്ടും കമീഷൻ നല്കുക തുടങ്ങിയ ഏടാകൂടങ്ങൾ സാമ്പത്തികമായി എന്റെ ജീവിതം ഞെരുക്കിക്കളഞ്ഞു.

വർഷങ്ങൾ അനവധി പിന്നിട്ടു. ആഡ് ഏജൻസികളിൽനിന്ന്​ കൂടുമാറി സ്​പേസ്​ മാർക്കറ്റിങ്ങ് വിഭാഗത്തിൽ സീനിയർ എക്സിക്യൂട്ടീവായി ഗുജറാത്ത് സമാചാറിൽ ചേർന്നു. ഇന്ത്യയിലെ നമ്പർ വൺ ഗുജറാത്തി പത്രമായ ഇതിന് പരസ്യമന്വേഷിച്ച് അധികം അലയേണ്ട ആവശ്യമുണ്ടായിരുന്നില്ല. പബ്ലിക് ഇഷ്യു, ഡിബൻചർ തുടങ്ങിയ ഫിനാൻഷ്യൽ ആഡ് ഉൾപ്പെടെ കൺസ്യൂമർ ഡ്യൂറബിൾസ്​ പരസ്യങ്ങളും നൽകാൻ ഏറ്റവും ‘കോസ്റ്റ് എഫിഷ്യൻറായ’ പത്രം ഞങ്ങളുടേതു തന്നെയാണെന്ന് ചില പരസ്യനിരീക്ഷകർ അഭിപ്രായപ്പെട്ടിട്ടുണ്ട്. ഏതൊരു മുംബൈക്കറെയും പോലെ സ്വന്തമായൊരു ഫ്ലാറ്റ് ഒപ്പിച്ചെടുക്കാൻ ആയിടെ ഞാൻ നിർബ്ബന്ധിതനായി. പതിനൊന്നു മാസം കഴിഞ്ഞാൽ കെട്ടിപ്പൂട്ടി അടുത്ത വാടകമുറിയിലേക്ക് പോകുക, അവിടെ ഏജൻറിന്​ വീണ്ടും കമീഷൻ നല്കുക തുടങ്ങിയ ഏടാകൂടങ്ങൾ സാമ്പത്തികമായി എന്റെ ജീവിതം ഞെരുക്കിക്കളഞ്ഞു. ഇതിനൊരു അറുതിക്കായി അക്കാലത്ത് ഏറ്റവും വിലകുറഞ്ഞ വീരാർ ബോളിഞ്ച്ഗാവ് തിരഞ്ഞെടുത്തു. എന്റെ ഏറ്റവും പ്രിയപ്പെട്ട താമസസ്​ഥലമായി അത് വഴിയെ മാറി.

വീരാർ, മുബൈ / Photo: Wikipedia

വീരാർ–ചർച്ച്ഗേറ്റ് ഫാസ്റ്റ് ട്രെയിനിൽ, ഗായകസംഘത്തോടൊപ്പം...

സാധാരണക്കാർക്ക് യാത്രാക്ലേശം അനുഭവപ്പെടുന്നുവെന്നു തോന്നാവുന്ന വീരാർ–ചർച്ച്ഗേറ്റ് ഫാസ്റ്റ് ട്രെയിൻ സഞ്ചാരം എന്നാൽ എന്റെ ജീവിതം തന്നെ മാറ്റിമറിച്ചു. ആയിരക്കണക്കിന് യാത്രക്കാരെ പെറ്റിടുന്ന പെരുവയറൻ പാമ്പാണ് സബർബൻ ട്രെയിനുകൾ എന്ന് ആരോ പറഞ്ഞത് വളരെ ശരി! 8.24നു പുറപ്പെടുന്ന വീരാർ ഫാസ്റ്റിലെ അവസാനത്തെ ഡബ്ബ (കംപാർട്ട്മെൻറ്​) യിലെ അവസാന ബഞ്ചിൽ പതിവായി എനിക്ക് ‘സീറ്റ് പിടിച്ച്’ തന്നിരുന്നത് ചെറുപ്പക്കാരായ മഹാരാഷ്ട്രീയൻ സുഹൃത്തുക്കളാണ് എന്നത് ആശ്ചര്യകരമായി തോന്നാം. സൂചി കുത്താൻ പഴുതില്ലാത്ത വീരാർ ഫാസ്റ്റിലെ ബെഞ്ചിൽ ചാരിയിരുന്ന് ഉറങ്ങിയും സംസാരിച്ചും ഒന്നര മണിക്കൂറോളം യാത്രചെയ്താണ് ചർച്ച് ഗേറ്റിലെത്തുക. ബോളിഞ്ച് ഗാവിൽനിന്ന് ഓട്ടോ പിടിച്ച് വീരാർ സ്റ്റേഷനിലെത്തും മുമ്പ് 8.24 ട്രെയിൻ പ്ലാറ്റ്ഫോമിൽ എന്നെ കാത്തെന്നോണം കിടപ്പുണ്ടാകും. ഇതിനകം യാത്രക്കാർ നിറഞ്ഞുകവിഞ്ഞ കംപാർട്ട്മെൻറിൽ, ‘അങ്കിൾ, ഇക്കഡെ, അങ്കിൽ ഇദർ ആവോ’ എന്നൊക്കെ ജനലിലൂടെ കൈവീശിക്കാണിച്ച് എനിക്കായി അവർ ‘ഒഴിച്ചിട്ടി’രിക്കുന്ന സീറ്റിലിരിക്കാൻ ആവശ്യപ്പെടും. ട്രെയിൻ ചൂളംവിളിച്ച് മുന്നോട്ട് നീങ്ങുന്നതോടെ എന്റെ സുഹൃത്തുക്കൾ ഭജനപാടാൻ ആരംഭിക്കുകയായി. ‘കായ് സാംഗു ദേവാ, ജ്ഞാനോബാൻചി ഖ്യാദി’ എന്ന് സുധീർ ഫഡ്ക്കേ പാടിയ ഭക്തിനിർഭരമായ ഗീതത്തോടെ ആരംഭം കുറിക്കുന്ന ഭജന... വിവിധ ദേവീദേവന്മാരെ പ്രകീർത്തിച്ചുകൊണ്ടുള്ള ഭജനാലാപം ഒരു യുക്തിവാദിയും ഒപ്പം ഒരു മതത്തിലും വിശ്വസിക്കാത്തവനുമായ എനിക്ക് ഉൾക്കൊള്ളാനായി എന്നതാണ് സത്യം. അത് ഒത്തുചേരലിന്റെ ഒരു സ്​പിരിറ്റ് മാത്രമായേ ഞാൻ കരുതുന്നുള്ളൂ. ആ ഫാസ്റ്റ് ട്രെയിൻ വസായ് പിന്നിടുമ്പോൾ ഗായകവൃന്ദത്തിന്റെ അംഗസംഖ്യ ഗണ്യമായി വർദ്ധിച്ചിരിക്കും. ശബ്ദം ഉച്ചസ്​ഥായിയിലാകും. ഫാസ്റ്റ് ഭയന്തർ, ബോറിവിലി സ്റ്റേഷനുകൾ പിന്നിട്ട് ബാന്ദ്രയിലെത്തുമ്പോൾ ഭജനക്ക് താല്ക്കാലിക പരിസമാപ്തിയുണ്ടാകും. പിന്നീട് നാം കേൾക്കുക, പഴയ ഹിന്ദി സിനിമാഗാനങ്ങളാണ്. പഴമയും പുതുമയും കലർന്ന പാട്ടുകളാസ്വദിച്ച് യാത്ര ചെയ്യുമ്പോൾ ഒരു പുതിയ, എന്നാൽ പഴയ ലോകം തന്നെ മനസ്സിൽ വന്നു നിറയും. ട്രെയിൻ ദാദർ പിന്നിട്ടാൽ ‘ജയ്ജയ് മഹാരാഷ്ട്രമാജാ, ഗർജാ മഹാരാഷ്ട്രമാജാ’ എന്ന മഹാരാഷ്ട്രീയരുടെ ദേശഭക്തിഗാനം അവർ ആവേശഭരിതരായി പാടും.

ഭയന്തർ സ്റ്റേഷനിലെത്തുംമുമ്പ് ചെറുപ്പക്കാരായ അവരുടെ ബലിഷ്ഠകരങ്ങൾ ഞങ്ങളുടെ തോളിൽ വീണു. അവർ ആർ.പി.എഫിലെ സ്​പെഷൽ ബ്രാഞ്ചുകാരായിരുന്നു. ട്രെയിനിൽ പാട്ടുപാടി ശബ്ദശല്യമുണ്ടാക്കി യാത്ര അലങ്കോലപ്പെടുത്തിയെന്നതായിരുന്നു ഞങ്ങളുടെ കുറ്റം!

രാത്രി 8.10ന്റെ ചർച്ച്ഗേറ്റ് – വീരാർ ഫാസ്റ്റിൽ ഞാൻ കയറിക്കൂടി. കംപാർട്ട്മെൻറിൽ വൻതിരക്ക്. തിക്കിത്തിരക്കി സുഹൃത്തുക്കളുടെ സീറ്റിന്നരികെയെത്തി. ആ ക്വാറം തികഞ്ഞിട്ടില്ല. ജോലി കഴിഞ്ഞുള്ള മടക്കയാത്രയിൽ എല്ലാ സുഹൃത്തുക്കൾക്കും പലപ്പോഴും എത്താൻ കഴിയാറില്ല. ട്രെയിൻ ആദ്യം നിരങ്ങിയും പിന്നീട് അതിവേഗതയോടെയും വീരാർ ലക്ഷ്യമിട്ട് കുതിച്ച് ദാദറിലെത്തി, അല്പമൊന്ന് കിതച്ച് വീണ്ടും സഞ്ചരിച്ചു. ഗായകവൃന്ദം കലാപരിപാടിക്കു തുടക്കം കുറിച്ചു. ഞാനടക്കമുള്ള ചിലർ കോറസ്​ ഏറ്റുപാടുന്നതിനിടയിൽ വീരാർ ഫാസ്റ്റ് ബാന്ദ്രയും അന്ധേരിയും പിന്നിട്ട് ബോറിവിലി സ്റ്റേഷനിലെത്തി. തലമുടി പറ്റെ വെട്ടിയ അഞ്ചാറ് ചെറുപ്പക്കാർ തിക്കിത്തിരക്കി ഞങ്ങൾക്കരികിൽ നിന്നു. ട്രെയിൻ മുന്നോട്ടെടുത്തു. ഭയന്തർ സ്റ്റേഷനിലെത്തുംമുമ്പ് ചെറുപ്പക്കാരായ അവരുടെ ബലിഷ്ഠകരങ്ങൾ ഞങ്ങളുടെ തോളിൽ വീണു. അവർ ആർ.പി.എഫിലെ സ്​പെഷൽ ബ്രാഞ്ചുകാരായിരുന്നു. ട്രെയിനിൽ പാട്ടുപാടി ശബ്ദശല്യമുണ്ടാക്കി യാത്ര അലങ്കോലപ്പെടുത്തിയെന്നതായിരുന്നു ഞങ്ങളുടെ കുറ്റം! അങ്ങനെ ഒരു പരാതി അവർക്ക് ലഭിച്ചിട്ടുണ്ടേത്ര. വസായ് സ്റ്റേഷനിൽ നിർത്തിയപ്പോൾ സ്പെഷൽ ബ്രാഞ്ചുകാർ ഞങ്ങളെ പ്ലാറ്റ്ഫോമിലിരുത്തി. തുടർന്ന് പത്തുമുപ്പത് പേരുള്ള ഗായകസംഘത്തെ സ്റ്റേഷനിൽത്തന്നെയുള്ള ആർ.പി.എഫ്. ഓഫീസിലെത്തിച്ചു. അവരുടെ ലോക്കപ്പിൽ മൂത്രഗന്ധം വമിക്കുന്നുണ്ട്. ടിക്കറ്റില്ലാത്തവർ, പിക്പോക്കറ്റ് അടിച്ച് പിടിക്കപ്പെട്ടവർ, അലഞ്ഞുതിരിഞ്ഞ് സംശയാസ്​പദമായി നീങ്ങിയിരുന്ന വേറെ ചിലർ, ലൈംഗികത്തൊഴിലാളികൾ, തുടങ്ങിയവർ അവിടെയുണ്ടായിരുന്നു.

പത്രമോഫീസിലേക്കുള്ള ഒരു ഫോൺകോൾ കൊണ്ട് എനിക്ക്​ ഈ ദുരിതം അവസാനിപ്പിക്കാം. പക്ഷെ, ഞാനത് ചെയ്തില്ല. പൊലീസ്​ ‘പബ്ലിക് ന്യൂയിസൻസി’ന് പിഴ ചുമത്തി കേസെടുത്തു. ഒരാൾക്ക് 500 രൂപ വീതം. സ്വന്തം ജാമ്യത്തിൽ തല്ക്കാലം വിട്ടുവെങ്കിലും പിറ്റേന്ന് വസായ് കില്ലകോർട്ടിൽ ഹാജരാകാൻ പൊലീസ്​ ആവശ്യപ്പെട്ടു. വസായ് കില്ല (കോട്ട) പോർച്ചുഗീസുകാരുടെ ഓർമ നിലനിർത്തുന്നതാണ്.

കോടതിയുടെ വിശാലമായ മുറ്റത്ത്, അടുത്ത ദിവസം ഇരുന്നൂറിലധികം ‘ഗായകശിങ്കങ്ങളെ’ത്തി. അന്ന് ചർച്ച് ഗേറ്റിൽനിന്ന് വീരാർ വരെയുള്ള എല്ലാ ഫാസ്റ്റ് ട്രെയിനുകളും പൊലീസ്​ പരിശോധിച്ച് ‘ഗായകകലാകാർ’ക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് പത്രങ്ങളിൽ വാർത്ത വന്നു. മജിസ്​ട്രേറ്റ്​ എത്തിയപ്പോൾ പന്ത്രണ്ടിനോടടുത്തു. നിരവധിപേർ ‘കുറ്റവാളികളാ’യി ഉള്ളതിനാൽ ഞങ്ങളുടെ ഊഴമെത്തിയപ്പോൾ ഉച്ചതിരിഞ്ഞ്​ മൂന്ന്–നാല് മണിയായി.

ദീവാളി നാളിലെ കൊല

കൊടുംകുറ്റവാളികളിൽ ചിലരെ ചങ്ങലയ്ക്കിട്ട നിലയിൽ കോടതി പരിസരത്ത് കണ്ടു. യശ്വന്ദ് അതിലൊരാളായിരുന്നു. അയാൾ എന്റെ ഗ്രാമവാസിയും പരിചയക്കാരനുമാണ്. അക്കൂട്ടത്തിൽ ഞാനയാളെ തിരിച്ചറിഞ്ഞതുതന്നെ അൽഭുതമായി തോന്നുന്നു. അരോഗദൃഢഗാത്രനായിരുന്നു​, ഒത്ത ഉയരവും നെഞ്ചളവുമുണ്ടായിരുന്ന യശ്വന്ദ് മെലിഞ്ഞ് നൂലുപോലെയാണിപ്പോൾ. ഗാവിലെ ഈ കക്ഷിയും മറ്റു ഗുണ്ടകളും ചേർന്നു പലരേയും കിടുകിടെ വിറപ്പിച്ചിരുന്ന കഥകളും കേട്ടിരുന്നു. കൊലക്കുറ്റമാണ് അയാളിൽ ചുമത്തിയിരിക്കുന്നതത്രേ. എന്റെ പരിചയക്കാരനായ ഒരാൾ ഇത്തരമൊരു കേസിൽ കുടുങ്ങിയതെങ്ങിനെയെന്നു മനസ്സിലാകുംമുമ്പ് മജിസ്​ട്രേറ്റ് ​‘പബ്ലിക് ന്യൂയിസെൻസ്​’ നടത്തിയവരുടെ പേരുവിവരങ്ങൾ വിളിച്ചുതുടങ്ങിയിരുന്നു. പ്രതിക്കൂട്ടിൽ കയറിയ ഞങ്ങൾ ഭജന പാടിയെന്ന ‘ഫയങ്കര’ കുറ്റം നടത്തിയതായി സമ്മതിച്ച് 500 രൂപ വീതം പിഴയിട്ട് പുറത്തുവന്നു. ഇനി ഇത്തരം ‘ഹർക്കത്തുകൾ’ (ഏടാകൂടങ്ങൾ) ഉണ്ടാകില്ലായെന്ന് എഴുതി നീട്ടിവലിച്ചൊരു ഒപ്പും ചാർത്തി കോടതി മുറി വിട്ടു.

/ Photo: Unsplash

യശ്വന്ദും മറ്റു ചിലരും കോടതി മൈതാനിയിൽ മഴനനഞ്ഞ് നില്പുണ്ട്. അയാളുടെ കേസ്​ വിളിച്ചിട്ടില്ല എന്നു തോന്നുന്നു. എനിക്കയാളെ കാണാനും സംസാരിക്കാനും ആഗ്രഹമുണ്ടായെങ്കിലും മനസ്സ് തടഞ്ഞു. എന്റെ കേസുകെട്ടുകൾ കഴിഞ്ഞ് ക്ഷീണിതനായി ഫ്ലാറ്റിലെത്തി. പിറ്റേന്ന് വീട്ടിലെ കാംവാലി ബായി ഒരു റോയിട്ടർ റിപ്പോർട്ടറെപ്പോലെ, ഏകദേശം ഒരു ഓസ്​ട്രേലിയൻ തത്ത പോലെ, യശ്വന്ദ് ഉൾപ്പെട്ട കേസും ഒരു ഗുണ്ടയെ അയാളും കൂട്ടരും കൊലപ്പെടുത്തിയ വിഷയവും വിസ്തരിച്ചു പറഞ്ഞു. ഇവരെല്ലാം ബിൽഡർ ലോബിയുടെ കിങ്കരന്മാരായിരുന്നു. വ്യക്തിവിരോധത്തിന്റെ പേരിലാണെത്രേ, സ്​ഥലത്തെ കുപ്രസിദ്ധ ഗുണ്ടയെ യശ്വന്ദും ചിലരും ചേർന്ന് കുത്തിമലർത്തിയത്.

ബോംബൈ കലാപത്തിനിടെ ഫോട്ടോഗ്രാഫർ സുധാരക് ഓൽവെ പകർത്തിയ ചിത്രം

ആ കൊലപാതകം അരങ്ങേറിയത് ദീവാളിയുടെ നാളുകളിലുള്ള ‘ബാവ് ബീജ്’ ആഘോഷിക്കുന്ന ദിനത്തിലായിരുന്നു. ഭയന്തറിലുള്ള തന്റെ സഹോദരിക്ക്​മധുരപലഹാരങ്ങളും പുതുവസ്​ത്രങ്ങളുമായി ദീപാവലി ആശംസിക്കാൻ മോട്ടോർസൈക്കളിൽ പാഞ്ഞുപോകുകയായിരുന്നു, കൊല്ലപ്പെട്ട ആ ഗുണ്ട. യശ്വന്ദും കൂട്ടരും യാത്രാമധ്യേ കുത്തി അയാളുടെ കുടലെടുക്കുകയായിരുന്നു. ഈ വാർത്ത പത്രങ്ങൾ പ്രസിദ്ധീകരിച്ചതായി അറിയില്ല. അക്കാലത്ത് ബോംബെയിൽ അധോലോക തേർവാഴ്ച വർദ്ധമാനമായിരുന്നു. പൊലീസിന്​ തലവേദനയായിരുന്ന ഗുണ്ടകൾ കുടിപ്പകയും വ്യക്തിവിരോധവും തീർക്കാൻ തമ്മിൽ പള്ളയ്ക്ക് കത്തി കയറ്റുക സാധാരണമാണ്. ഇതിനുനേരെ പൊലീസ്​ കണ്ണടയ്ക്കുകയാണ് പതിവ്. അതോടെ അവരുടെ ജോലിഭാരം പകുതി ഒഴിയുമല്ലോ.

1992–93ലെ വർഗ്ഗീയ ലഹളക്കുശേഷം ബോംബെയിലെ പല അധോലോകനായകന്മാരും ഇന്ത്യയിൽനിന്ന് കടന്നുകളഞ്ഞു. 2005ൽ നടന്ന ഭീകരാക്രമണത്തോടെ ബോംബെ പൊലീസ്​ കൂടുതൽ ജാഗരൂകരായി കുറ്റവാളികളുടെ മരണമണി മുഴക്കി. അങ്ങനെ മഹാനഗരത്തിൽ കുറ്റകൃത്യങ്ങൾ ഗണ്യമായി കുറഞ്ഞെന്ന് ചില നിരീക്ഷകർ എഴുതിക്കണ്ടു. ▮


കെ.സി. ജോസ്​

തൃശൂർ സ്വദേശി. ദീർഘകാലം മുംബൈയിൽ പരസ്യമേഖലയിൽ ജോലി ചെയ്തു. അക്കാല ബോംബെ ജീവിതങ്ങളെക്കുറിച്ച് ധാരാളം ലേഖനങ്ങൾ എഴുതി. മുംബൈ മേരി ജാൻ എന്ന പുസ്തകം പ്രസിദ്ധീകരിച്ചു.

Comments