‘അഗ്​നിസാക്ഷി’യും ‘പാണ്ഡവപുര’വും ഒരു എം.ടിയൻ എഡിറ്റർഷിപ്പിന്റെ കഥ

മലയാളത്തിലെ പ്രധാന നോവലുകളുടെ രചനക്കും അവയുടെ പ്രസിദ്ധീകരണത്തിനും പുറകിൽ എഡിറ്റർ എന്ന നിലയിൽ എം.ടി. വാസുദേവൻ നായർ ഇടപെട്ടതിന്റെ കഥകൾ.

എം.ടിക്ക് മാതൃഭൂമി സ്വന്തം കുടുംബം തന്നെയായിരുന്നു. ആഴ്ചപ്പതിപ്പിന്റെ എഡിറ്റർ എന്ന നിലയിൽ ഭാരിച്ച ചുമതലകൾ നിർവ്വഹിക്കുമ്പോഴും അതിന്റെ മാർക്കറ്റിങ് കാര്യത്തിലും സവിശേഷ ശ്രദ്ധ അദ്ദേഹം പുലർത്തിയിരുന്നു. ഓരോ ലക്കത്തിലും പുതുമ നിലനിർത്താനും മികച്ച വായനാവിഭവമൊരുക്കാനുമുള്ള തത്രപ്പാടിനിടയിൽ സ്വന്തം കാര്യങ്ങളെല്ലാം അദ്ദേഹം മാറ്റിവെച്ചു.

ഏതാനും കഥകൾ മാത്രമേ അദ്ദേഹം ആഴ്ചപ്പതിപ്പിൽ എഴുതിയിട്ടുള്ളൂ. എഡിറ്ററായി ചുമതലയേറ്റതിനുശേഷം സ്വന്തം എഴുത്തിനുള്ള സമയം കിട്ടാതായി. ഈ സാഹചര്യത്തെക്കുറിച്ച് അദ്ദേഹം എഴുതിയിട്ടുണ്ട്: ‘‘എഴുത്തുകാരനായ എന്റെ സമയത്തിന്റെ ഭൂരിഭാഗവും ചെലവഴിക്കുന്നത് ആഴ്ചപ്പതിപ്പിനുവേണ്ടിയാണ്. ‘അടുത്ത നോവൽ എന്ന്?', ‘എന്താണ് കഥയെഴുതാത്തത്?', ‘അടുത്ത സിനിമ?' ഈ ചോദ്യങ്ങൾ നിത്യസംഭവമാണ്. ഞാൻ സർഗ്ഗപ്രക്രിയയുടെ ഭാഗമായി പത്രപ്രവർത്തനത്തെയും കാണുന്നു. ദിവസവും മേശപ്പുറത്തു വന്നുകൂടുന്ന കടലാസുകൂമ്പാരത്തിനിടയിൽ നിന്ന് ഒരു സൃഷ്ടി കണ്ടെത്തുന്ന നിമിഷമാണ് ഒരു പത്രപ്രവർത്തകന്റെ ആഹ്ലാദത്തിന്റെ നിമിഷം. ആ നിമിഷത്തിൽ അയാൾ ജീവിക്കുന്നു, ആഹ്ലാദിക്കുന്നു, അസ്തിത്വത്തെ ന്യായീകരിക്കുന്നു. എനിക്കു മറക്കാനാവാത്ത നിമിഷങ്ങൾ കുറച്ചേ കാണൂ. രാജലക്ഷ്മിയുടെ നോവലിന്റെ കൈയെഴുത്തുപ്രതി വായിക്കാൻ പത്രാധിപർ ശ്രീ. എൻ.വി. എന്റെ കൈയിൽ തന്ന ദിവസം... റോസി തോമസിന്റെ ഇവൻ എന്റെ പ്രിയ സി.ജെ. വായിച്ച ദിവസം... അങ്ങനെ എന്റെ ആദ്യത്തെ കഥ അച്ചടിച്ചുകണ്ടതിലുമധികം ആഹ്ലാദിച്ച നിമിഷങ്ങൾ പിന്നെയുമുണ്ട്.’’

എം.ടിയുടെ കഥയ്ക്കും നോവലിനുംവേണ്ടി വൻപ്രതിഫലവുമായി പ്രസാധകരും തിരക്കഥയ്ക്കുവേണ്ടി നിർമാതാക്കളും വരിനിൽക്കുമ്പോൾ അദ്ദേഹത്തിന്റെ വേവലാതി ആഴ്ചപ്പതിപ്പിന് വില കൂട്ടിയാൽ വായനക്കാർ ബുദ്ധിമുട്ടിലാവില്ലേ എന്നതിനെക്കുറിച്ചായിരുന്നു. 1976ൽ ആഴ്ചപ്പതിപ്പിന് അൽപ്പം വില വർദ്ധിപ്പിക്കാൻ തീരുമാനിച്ചപ്പോൾ അതിനുള്ള കാരണവും സാഹചര്യവും വായനക്കാരെ ബോദ്ധ്യപ്പെടുത്താൻ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചു. സാധാരണഗതിയിൽ ഒരു പത്രപ്പരസ്യത്തിലൂടെ മാർക്കറ്റിങ് വിഭാഗമാണ് ഇക്കാര്യങ്ങളൊക്കെ വായനക്കാരുടെയും ഏജന്റുമാരുടെയും ശ്രദ്ധയിൽപ്പെടുത്തുക. ഈവക കാര്യങ്ങളൊന്നും പത്രാധിപർ ചെയ്യുക പതിവില്ല. ഇവിടെയാണ് വായനക്കാരോടുള്ള എം.ടിയുടെ പ്രതിബദ്ധതയും സ്നേഹവും തിരിച്ചറിയാനാവുക. എം.ടിയെഴുതി: ‘‘ഇനിയൊരു കുടുംബക്കാര്യം. മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ പത്രാധിപർ ‘എ'യാണോ ‘ബി'യാണാ എന്നതല്ല പ്രശ്‌നം. ഇതു സാംസ്കാരികപ്രവാഹത്തിലെ നീങ്ങിക്കൊണ്ടിരിക്കുന്ന ഒരു അലയാണ്. ഈ ലക്കം മുതൽ ആഴ്ചപ്പതിപ്പിന്റെ വില കൂട്ടുകയാണ്. പേജും, കൂടുതൽ വൈവിദ്ധ്യമുള്ള വായനാവിഭവങ്ങളും നൽകാൻവേണ്ടി. ‘വികാസത്തിന്റെ പുതിയ ഘട്ടം' എന്നു ഞങ്ങൾ ഇതു നേരത്തേ പ്രഖ്യാപിച്ചിരുന്നു. വായന ഒരു നേരമ്പോക്കാണ്, വിനോദമാണ്. പക്ഷേ, ഈ നേരമ്പോക്കിന്റെ കൂടെ അറിയാതെതന്നെ മനസ്സിലൂറിക്കൂടുന്ന വിജ്ഞാനത്തിന്റെ, സംസ്കാരത്തിന്റെ ബിന്ദുക്കൾ പിൽക്കാലത്തു ധിഷണയുടെ ഈടുവെപ്പുകളായി മാറുന്നു. ചുരുക്കത്തിൽ മനസ്സിന്റെ വാതിലുകളും ജാലകങ്ങളും തുറന്നിടുക, അതിനു പ്രേരിപ്പിക്കുക, ഒരു സാംസ്കാരിക പ്രസിദ്ധീകരണത്തിന്റെ കടമയും അതാണെന്നു ഞങ്ങൾ കരുതുന്നു. എല്ലാ പരിമിതികൾക്കും അകത്തു നിന്നുകൊണ്ട് ഇനിയും കുറെക്കൂടി വിപുലമായ തോതിൽ പ്രവർത്തിക്കാൻ പോകുന്നതും ഇതേ വഴിക്കുതന്നെയാണ്. ഈ ലക്കത്തിൽ പുതിയ ചില ലേഖനപരമ്പരകൾ ആരംഭിക്കുന്നു. പംക്തികൾ വിപുലമാക്കുന്നു. കമലേശ്വറിന്റെ കൊടുങ്കാറ്റിനുശേഷം എന്റെ അമ്മയുടെ അഗ്‌നിസാക്ഷി പ്രസിദ്ധീകരിക്കുന്നു.’’(‘ഒരു മുഖവുര വീണ്ടും', എം.ടി., മാതൃഭൂമി ആഴ്ചപ്പതിപ്പ്, 1976 ഓഗസ്റ്റ് ഒന്ന്).

ലളിതാംബിക അന്തർജ്ജനം കഥാകൃത്ത് എന്ന നിലയിൽ പ്രശസ്തയാണ്. അവർ നോവലുകളൊന്നും എഴുതിയിരുന്നില്ല. ഒരു നോവലെഴുതി, അത് പത്രാധിപർക്ക് അയയ്ക്കാതെ ആറുവർഷത്തോളം അവർ അതു മൂടിവെച്ചു. വായനക്കാർക്കു തന്റെ നോവൽ ഇഷ്ടപ്പെടുമോ എന്നായിരുന്നു അവരുടെ ആശങ്ക. ഇങ്ങനെയൊരു നോവൽ അവരുടെ കൈവശമുണ്ടെന്നറിഞ്ഞ എം.ടി. അത് ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിക്കുന്നതിനുവേണ്ടി അയച്ചുതരുവാൻ അപേക്ഷിച്ചു. നോവലിനോടൊപ്പം ഹൃദയസ്പർശിയായ ഒരു കത്തും അവർ എം.ടിക്ക് അയച്ചിരുന്നു. ആ കത്തിലെ ചില ഭാഗങ്ങളും എം.ടി.യുടെ മറുപടിയും ‘ഒരു മുഖവുര വീണ്ടും' എന്ന ശീർഷകത്തിൽ ആഴ്ചപ്പതിപ്പിൽ എഴുതിയ ലേഖനത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്: ‘അമ്മ എഴുതുന്ന ആദ്യത്തെ കത്താണിത്...' എന്നാരംഭിക്കുന്ന ആറു പേജുള്ള ആ നീണ്ട കത്തും അതിനുശേഷമുള്ള കത്തുകളും, ഒന്നും സൂക്ഷിച്ചുവെക്കാറില്ലാത്ത, ഫയലിങ് സമ്പ്രദായമറിയാത്ത ഞാൻ സൂക്ഷിച്ചുവെച്ചിരിക്കുന്നു, അമ്മേ...
‘എന്റെ അമ്മ ജീവിച്ചിരുന്ന കാലത്ത് എനിക്കൊരിക്കലും കത്തെഴുതിയിരുന്നില്ല. അക്ഷരാഭ്യാസമുണ്ടായിരുന്ന അമ്മ മറ്റാരെക്കൊണ്ടെങ്കിലും എഴുതിച്ചു. ഈ അമ്മയുടെ പേര് ലളിതാംബിക അന്തർജ്ജനം. മകനായി എന്നെ കണ്ട, എന്നെ നേരിട്ടു കാണാത്ത അവർ, എന്റെ കഥകളെപ്പറ്റി കത്തിൽ എഴുതി. ദുഃഖത്തിന്റെ താഴ്വരകൾ മാത്രം മകനേ, എന്തിനു തേടുന്നു? സ്വന്തം പരിചയവലയത്തിൽപ്പെട്ട കുട്ടികൾകൂടി ആവശ്യമില്ലാതെതന്നെ ദുഃഖത്തിന്റെ ഛായ എഴുത്തുകളിൽ പകരുന്നു.’ മറുപടി അയച്ചു.

‘പ്രിയപ്പെട്ട അമ്മയ്ക്ക്' എന്നെഴുതണമെന്നുണ്ടായിരുന്നു. എഴുതിയില്ല. നിഴൽപോലെ അന്നും (ഇന്നും) എന്നെ പിന്തുടരുന്ന ദുഃഖത്തിന്റെ കഥ പറഞ്ഞില്ല. മുകളിൽ ‘ശ്രീ' എന്നു മാത്രമെഴുതി. ആ അമ്മ ഈയിടെ ഒരു നോവലയച്ചിരുന്നു, മാതൃഭൂമി ആഴ്ചപ്പതിപ്പിന്. അഗ്‌നിസാക്ഷി. കാഥികയായ ലളിതാംബിക അന്തർജ്ജനം ആ നോവലിനെപ്പറ്റി കത്തിലെഴുതിയ ഒരു ഭാഗം ഞാനുദ്ധരിക്കട്ടെ, സാനുവാദം.

‘‘ആദ്യം ഇതെഴുതിയ കാലത്ത് ‘പ്രസാദം' എന്നാണ് നാമകരണം ചെയ്തിരുന്നത്. ഒരു സാമൂഹികപ്രവർത്തകയ്ക്ക് ജനസേവനത്തിനു പകരമായി ലഭിക്കുന്ന ‘പ്രസാദം' എന്നായിരുന്നു ഉദ്ദേശ്യം. പക്ഷേ, പ്രസാദം എന്ന വാക്കിന് രണ്ടർത്ഥമുണ്ടല്ലോ. മാത്രമല്ല, തിരുത്തിയെഴുതിയ ഈ പുതിയ രൂപത്തിൽ വെറും സാമൂഹികസേവികയുടെ കഥയായല്ല, ഒരു കാലഘട്ടത്തിന്റെ അഥവാ പരിവർത്തനദശയുടെ, ആശയസമരത്തിന്റെ ആഖ്യാനം കൂടിയാണ് വന്നുകൂടിയിരിക്കുന്നത്. ഒരുപക്ഷേ, യഥാർത്ഥ കഥയുടെ ഛായയുണ്ടെന്നു ചിലരെങ്കിലും സംശയിക്കത്തക്കവിധം സമകാലീനസംഭവഗതികളോടു ബന്ധമുണ്ടിതിന്. ആ അസ്തിത്വമുള്ള ഏതു കഥയുടെ ബീജവും യഥാർത്ഥ ജീവിതത്തിൽനിന്നു സംവേദനക്ഷമമായ ഹൃദയത്തിലേക്കു പറന്നുവീണു ഭാവനയിലൂടെ പൂർണ്ണത പ്രാപിക്കുന്നതാണല്ലോ. ചില പരിചയങ്ങൾ, ചില അനുഭവങ്ങൾ, സന്ദർശനങ്ങൾ ഒക്കെ ഈ കഥാരചനയ്ക്കിടയിൽ എന്നെ സ്വാധീനിച്ചിരിക്കണം. ഈ കഥയിലെ ഒരു കഥാപാത്രം ഒരവസരത്തിൽ പറയുന്നതുപോലെ, ‘ഈ കഥ ആരെങ്കിലും ഒരിക്കലെഴുതും; എഴുതേണ്ടതാണ്, എഴുതാതെവരില്ല.' അതു ഞാനായിപ്പോയി എന്നു മാത്രം.

നീണ്ട ആറുവർഷങ്ങൾ അടവെച്ചു പരിശോധിച്ചിട്ടും തൃപ്തി വരാതെ ഒളിച്ചുവെച്ചിരുന്ന ഈ കൃതി ഇപ്പോൾ വെളിച്ചത്തു വെക്കുന്നത് മാതൃഭൂമിയുടെ സ്നേഹപൂർണ്ണമായ നിർബ്ബന്ധം കൊണ്ടാണ്. ഞാൻ നോവലിസ്റ്റല്ല. ഇത് ഒരു നോവലാണോ എന്നുപോലും എനിക്കറിയില്ല. ആണെന്നാണ് വായനക്കാരുടെ അഭിപ്രായമെങ്കിൽ... വാർദ്ധക്യത്തിൽ അതിൽക്കൂടുതൽ ആനന്ദം എന്തുണ്ട്? ഏതായാലും ധൈര്യത്തോടെയല്ല, വിനയത്തോടെയാണ് ഞാനിത് അങ്ങോട്ടയയ്ക്കുന്നത്. മാതൃഭൂമിക്കു നന്ദി, നന്ദി.'’

അപ്പോൾ പ്രസിദ്ധീകരിച്ചുകൊണ്ടിരുന്ന കമലേശ്വറിന്റെ കൊടുങ്കാറ്റ്എന്ന നോവൽ (1976 ജൂൺ 20ന് തുടക്കം) അവസാനിച്ച ഉടനെ അഗ്‌നിസാക്ഷി പ്രസിദ്ധീകരണം തുടങ്ങി (1976 ഓഗസ്റ്റ് 22). 1976 ഓഗസ്റ്റ് ഒന്നാം തീയതിയാണ് ‘ഒരു മുഖവുര വീണ്ടും' എന്ന ലേഖനത്തിലൂടെ അഗ്‌നിസാക്ഷിയെ പത്രാധിപർ വായനക്കാരുടെ ശ്രദ്ധയിൽ കൊണ്ടുവരുന്നത്.

അഗ്‌നിസാക്ഷിക്കുവേണ്ടി എം.ടി. എഴുതി തയ്യാറാക്കിയ പരസ്യവും ഏറെ ശ്രദ്ധേയമായിരുന്നു. ‘‘ജീവിതം എന്ന അഗ്‌നിഹോത്രത്തിലൂടെ കടന്നുപോയ ഒരവിസ്മരണീയ കഥാപാത്രത്തിന്റെ കാൽപ്പാടുകൾ പിന്തുടരുന്ന, ശക്തിയും സൗന്ദര്യവും കൊണ്ടു സമ്പന്നമായ ഒരു പുതിയ മലയാള നോവൽ.
നവവധുവായി വന്ന മാനമ്പിള്ളി ദേവകി എന്ന അന്തർജ്ജന യുവതി. അവരാണോ ഘോഷ വലിച്ചെറിഞ്ഞ് പ്രസംഗവേദിയിൽ പ്രത്യക്ഷപ്പെട്ട ആ തിളങ്ങുന്ന തീജ്ജ്വാല? ലാത്തിയുടെയും തോക്കിന്റെയും മുമ്പിൽ പതറാതെനിന്ന ദേവീബഹൻ! ഭാഗീരഥിയുടെ തീരത്തുകണ്ട ആ സന്ന്യാസിനി? അപ്ഫൻ നമ്പൂതിരിയുടെ ഓമന മകൾ തങ്കത്തിന്റെ ജിവനായിരുന്നു ഉണ്ണ്യേട്ടൻ. ഉണ്ണ്യേട്ടന്റെ ഏട്ടത്തിയമ്മ അതുകൊണ്ടുതന്നെ ജീവന്റെ ജീവനായി. അവരാണോ ഹിമാലയത്തിലെ സന്ന്യാസാശ്രമത്തിലെത്തിയത്?
പിന്നീട് മിസ്സിസ് കെ.എം. നായരായി, അമ്മയും അമ്മൂമ്മയുമായ തങ്കത്തിന്റെ ഓർമകളിലൂടെ ഒരപൂർവ്വ ജീവിതകഥയുടെ അദ്ധ്യായങ്ങൾ വിടരുന്നു. ഒരു കാലഘട്ടത്തിലെ സാമൂഹികവിപ്ലവത്തിന്റെ പൊട്ടിത്തെറികൾ കേൾക്കുന്നു.
അഗ്‌നിസാക്ഷി. പ്രസിദ്ധ കഥാകാരിയായ ലളിതാംബിക അന്തർജ്ജനം എഴുതിയ നോവൽ. മാതൃഭൂമി ആഴ്ചപ്പതിപ്പിൽ താമസിയാതെ പ്രസിദ്ധീകരണം ആരംഭിക്കുന്നു.’’

അഗ്‌നിസാക്ഷിക്കുവേണ്ടി രേഖാചിത്രം വരച്ചത് ആർട്ടിസ്റ്റ് എ.എസ്സായിരുന്നു. പരസ്യവും എ.എസ്സിന്റെ രേഖാചിത്രത്തോടുകൂടിയാണ്​ രൂപകൽപ്പന ചെയ്തിരുന്നത് (1976 ഓഗസ്റ്റ് 8, മാതൃഭൂമി ആഴ്ചപ്പതിപ്പ്).

മലയാളത്തിലെ ക്ലാസിക് നോവലുകളിലൊന്നായി പരിഗണിക്കപ്പെടുന്ന ലളിതാംബിക അന്തർജ്ജനത്തിന്റെ അഗ്‌നിസാക്ഷി എം.ടിയുടെ തുടർച്ചയായ നിർബ്ബന്ധം കൊണ്ടുകൂടിയാണ് അവർ പ്രസിദ്ധീകരണത്തിനു നൽകാൻ തയ്യാറായത്. നോവലിനോടൊപ്പം അതിലെ കഥാപാത്രങ്ങൾക്കു ജീവൻ നൽകിയ എ.എസ്സിന്റെ രേഖാചിത്രങ്ങളും വായനക്കാർ ഹൃദയത്തോടു ചേർത്തുപിടിച്ചു.

വായനക്കാരോടു നൂറുശതമാനം നീതിപുലർത്തണമെന്ന് ആഗ്രഹിക്കുന്ന പത്രാധിപർക്ക് ഒരിക്കലും മനസ്സമാധാനമുണ്ടാകില്ല. വായനക്കാർ ഹൃദയത്തിലേറ്റിയ ഒരു നോവൽ തീരാറാകുമ്പോഴേക്കും മറ്റൊരു മികച്ച നോവൽ കണ്ടെത്തുക ദുഷ്‌കരമാണ്; മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രത്യേകിച്ചും. മികച്ച സൃഷ്ടികൾ മാത്രം പ്രസിദ്ധീകരിക്കുക എന്നത് ഒരു വാശിയും നിർബ്ബന്ധവുമായി കരുതുന്ന പത്രാധിപർക്കു പ്രത്യേകിച്ചും. ലളിതാംബിക അന്തർജ്ജനത്തിന്റെ അഗ്‌നിസാക്ഷി ഏതാനും ലക്കങ്ങൾകൂടി കഴിഞ്ഞാൽ അവസാനിക്കും. ആഴ്ചപ്പതിപ്പിന്റെ സർക്കുലേഷൻ വർദ്ധിപ്പിക്കുകയും വായനക്കാരുടെ അഭിനന്ദനം ഏറെ ഏറ്റുവാങ്ങുകയും ചെയ്ത നോവലായിരുന്നു അത്. പുനത്തിൽ കുഞ്ഞബ്​ദുള്ളയുടെ ക്ലാസിക് സൃഷ്ടി സ്മാരകശിലകൾ 1976 നവംബർ 28ന് അവസാനിക്കും. അഗ്‌നിസാക്ഷി 1976 ഡിസംബർ 26നും അവസാനിക്കും. രണ്ടു പ്രശസ്ത നോവലുകളാണ് അടുത്തടുത്തായി അവസാനിക്കാൻ പോകുന്നത്. അതിനോടൊപ്പമോ അല്ലെങ്കിൽ കിടപിടിക്കാവുന്നതോ ആയ ഒരു നോവൽ അപ്പോൾ അത്യാവശ്യമായിരുന്നു. എം.ടിയുടെ അന്വേഷണം അവസാനിച്ചത് സേതുവിലായിരുന്നു. സേതുവിന്റെ പ്രശസ്ത നോവൽ പാണ്ഡവപുരം എഴുതാനിടയായ സാഹചര്യം അദ്ദേഹംതന്നെ രേഖപ്പെടുത്തിയിട്ടുണ്ട്:

‘‘ഉള്ളിൽ ഏറെനാളുകളായി ഈറിക്കിടന്നിരുന്ന ആശയത്തിന് ‘പാണ്ഡവപുര'ത്തിന്റെ ആകൃതി കൊടുക്കാനുള്ള നിമിത്തമായത് എം.ടിയുടെ പ്രേരണയായിരുന്നു. ഒരർത്ഥത്തിൽ അതൊരു വലിയ നിയോഗം കൂടിയായി; എനിക്കും അദ്ദേഹത്തിനും. എഴുപതുകളുടെ നടുവിൽ, ഒരു ഇടവേളയ്ക്കുശേഷം എം.ടി. ആഴ്ചപ്പതിപ്പിൽ തിരിച്ചെത്തിയ കാലം. അന്നു ഞാൻ തിരുവനന്തപുരത്തായിരുന്നു ജോലി ചെയ്തിരുന്നത്. ഒരു ദിവസം ഓഫീസിലിരിക്കുമ്പോൾ പൊടുന്നനെ എം.ടിയുടെ ഒരു ട്രങ്ക് കോൾ വരുന്നു. ‘അന്തർജ്ജനത്തിന്റെ അഗ്‌നിസാക്ഷി തീരാൻ പോകുന്നു. പകരം കൊടുക്കാൻപറ്റിയതൊന്നും ഇവിടെയില്ല. സേതു നോവൽ വല്ലതും എഴുതുന്നുണ്ടോ?' ഞാൻ ശരിക്കും നടുങ്ങിപ്പോയി. മാതൃഭൂമിനോവൽ ആവശ്യപ്പെടുന്നു. അതും താരതമ്യേന പുതിയൊരു എഴുത്തുകാരനോട്. കേട്ടുകേൾവിയില്ലാത്ത കാര്യമാണ്. പക്ഷേ, മുമ്പൊന്നും ഇങ്ങനെ പറയാത്ത ആളുടെ സ്വരത്തിലെ നിർബ്ബന്ധഭാവം കാര്യത്തിന്റെ ഗൗരവം വെളിവാക്കി. കുറച്ചെഴുതി തൃപ്തിയാകാതെ മാറ്റിവെച്ച നോവൽഭാഗത്തെപ്പറ്റി സൂചിപ്പിച്ചപ്പോൾ അതു തുടർന്നുകൂടേ എന്നായി അടുത്ത ചോദ്യം. അതായത്, അഗ്‌നിസാക്ഷിക്കു പകരം പ്രധാനപ്പെട്ട ഒരു നോവൽ വേണം. അതു ഞാൻ തന്നെ എഴുതുകയും വേണം.

നോക്കാമെന്നു പറഞ്ഞ് അവസാനിപ്പിച്ചുവെങ്കിലും വളരെയേറെ ജനശ്രദ്ധയാകർഷിച്ച അഗ്‌നിസാക്ഷിയെ പിന്തുടരേണ്ട നോവൽ എന്നതു വലിയൊരു ഭാരമായപ്പോൾ എന്റെ സ്വസ്ഥത നഷ്ടപ്പെട്ടു. എന്തെങ്കിലും ഒഴിവുകഴിവു പറഞ്ഞു പിന്മാറിയാലോ എന്നായിരുന്നു ആദ്യത്തെ ആലോചന. എന്തോ, അതിനു മനസ്സുവന്നില്ല. തീയതിവെച്ച് നോവൽ എഴുതിക്കൊടുക്കാൻ കഴിവുള്ള എത്രയോ എഴുത്തുകാരുണ്ടായിട്ടും അദ്ദേഹം എന്തിന് എന്നെ സമീപിച്ചു? എന്റെ ആദ്യ പത്രാധിപർ എന്നിൽ അർപ്പിച്ച ആ വലിയ വിശ്വാസം എന്നെ വിനീതനാക്കി. കർമ്മനിരതനാക്കി. ആ വലിയ തിരിച്ചറിവാകട്ടെ ഒരർത്ഥത്തിൽ സേതു എന്ന എഴുത്തുകാരന്റെ മറുപിറവികൂടിയായിരുന്നു.
എന്തായാലും അതൊരു വലിയ തുടക്കമായി. ആ നിമിഷംതൊട്ട് ഞാൻ തികച്ചും വേറൊരു ലോകത്തായി. ആജ്ഞേയമായൊരു മായാവലയം എനിക്കുചുറ്റും താനേ ഉയർന്നുവന്നു. ദുരൂഹമായൊരു ഉൾപ്രേരണയുടെ പിൻബലത്തിൽ, ഞാൻ അജ്ഞാതമായ ഭൂഭാഗങ്ങളിലൂടെ ഒരു ദീർഘസഞ്ചാരത്തിൽ ഏർപ്പെടുകയായി. ഇടതടവില്ലാതെയുള്ള എഴുത്ത്. തട്ടിയും തടഞ്ഞും കിടന്ന രചനയ്ക്ക് താനേ ഒഴുക്കും ഓജസ്സും കിട്ടിയതുപോലെ.

അങ്ങനെയായിരുന്നു പാണ്ഡവപുരത്തിന്റെ പിറവി. എന്റെ ചിത്രവുമായി ആഴ്ചപ്പതിപ്പിൽ പരസ്യം വരുമ്പോൾ അവർക്കു നോവലിന്റെ കൈയെഴുത്തുപ്രതി കിട്ടിയിരുന്നില്ല. പിന്നീടാണ് ആദ്യത്തെ ചില അദ്ധ്യായങ്ങൾ എത്തിച്ചുകൊടുത്തത്.’’

സേതു

1977 മാർച്ച് 27 മുതൽ പാണ്ഡവപുരം ആഴ്ചപ്പതിൽ പ്രസിദ്ധീകരിച്ചുതുടങ്ങി. എഴുത്തുകാരനെന്ന നിലയിൽ സേതുവിന് ഏറെ പ്രശംസ നേടിക്കൊടുത്ത സൃഷ്ടികൂടിയായിരുന്നു പാണ്ഡവപുരം.

പുനത്തിൽ കുഞ്ഞബ്​ദുള്ളയും നന്തനാരും

എത്ര പ്രശസ്ത എഴുത്തുകാരായാലും ഒരു പുതിയ രചനയുമായി എം.ടിയെ സമീപിക്കുമ്പോൾ ചങ്കിടിക്കും. എഴുത്തുകാരന്റെ പ്രശസ്തിയല്ല, സൃഷ്ടിയുടെ മൂല്യമാണ് പരമപ്രധാനം എന്നു കരുതുന്ന പത്രാധിപർക്കു മുന്നിൽ എത്തിപ്പെടുമ്പോൾ പരിഭ്രമിക്കുക സ്വാഭാവികം. ദീർഘകാലത്തെ പരിചയമുണ്ട് പുനത്തിൽ കുഞ്ഞബ്​ദുള്ളയ്ക്ക് എം.ടിയുമായി. അദ്ദേഹത്തിന്റെ ആദ്യകാല രചനകൾ മാതൃഭൂമി ബാലപംക്തിയിൽ പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ടായിരുന്നു. ഒരിക്കൽ ബാലപംക്തിയിലേക്ക് അയച്ച ഒരു കഥ മുതിർന്നവർക്കുള്ള പേജിൽ പ്രസിദ്ധീകരിച്ചുവന്നപ്പോൾ പുനത്തിൽ കുഞ്ഞബ്​ദുള്ള ശരിക്കും ഞെട്ടി. 1959 ജൂലായ് 26ലെ ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച ‘കല്യാണരാത്രി' എന്ന ചെറുകഥ യഥാർത്ഥത്തിൽ ബാലപംക്തിയിലേക്കാണ് അയച്ചത്. അതിനുമുമ്പ് അദ്ദേഹത്തിന്റെ നാലഞ്ചു കഥകൾ ബാലപംക്തിയിൽ വെട്ടിയും തിരുത്തിയും മറ്റും പ്രസിദ്ധീകരിച്ചിരുന്നു. ചില രചനകളിൽ ചില്ലറ വെട്ടലും തിരുത്തലുകളും നടത്തിയാൽ അവയെ മികവുറ്റ സൃഷ്ടികളാക്കി മാറ്റാമെന്ന് എം.ടി. തുടക്കം മുതൽക്കുതന്നെ തെളിയിച്ചിട്ടുള്ളതാണ്. കഴിവുള്ളവർക്കു കൂടുതൽ എഴുതാനും വായിക്കാനും ഈ മേഖലയിൽ വിജയിക്കാനുമുള്ള അവസരം ഒരുക്കിക്കൊടുക്കുക കൂടിയാണ് എം.ടി. ഇതിലൂടെ നിർവ്വഹിച്ചിരുന്നത്.

പുനത്തിൽ കുഞ്ഞബ്​ദുള്ള

തന്റെ സർഗാത്മകജീവിതത്തിൽ എം.ടിയാണ് വഴിവിളക്കെന്ന് പുനത്തിൽ കുഞ്ഞബ്​ദുള്ള പലപ്പോഴും പറയുകയും എഴുതുകയും ചെയ്തിട്ടുണ്ട്. ‘ബാലപംക്തി'യിലൂടെയുള്ള പരിചയം വെച്ച് പുനത്തിൽ കുഞ്ഞബ്​ദുള്ള ഒരിക്കൽ എം.ടിക്കെഴുതി: ‘‘ഉപരിപഠനത്തിനായി ഞാൻ അലിഗഢ് യൂണിവേഴ്‌സിറ്റിയിലേക്കു വണ്ടികയറി. അവിടെ അന്തരീക്ഷം ഭയാനകമായിരുന്നു. പാഠപുസ്തകങ്ങളും ലാബറട്ടറികളും കണ്ട് ഞാൻ ഭയന്നമ്പരന്നു. ‘എന്റെ സാഹിത്യജീവിതം ഇതോടെ അവസാനിച്ചിരിക്കുന്നു.'
എം.ടിയുടെ നീണ്ട മറുപടി വന്നു. ആ കത്ത് ഒട്ടൊന്നുമല്ല എന്നെ ആശ്വസിപ്പിച്ചത്. ‘നന്നായി പഠിക്കൂ, പഠിച്ച് ജീവിതത്തിന് ഒരു മേൽവിലാസമുണ്ടാക്കൂ. സാഹിത്യം മനസ്സിലുണ്ടെങ്കിൽ അതു നഷ്ടപ്പെടുകയില്ല. അഥവാ നഷ്ടപ്പെട്ടാലും ആ ലോകം തിരികെ കിട്ടാൻ ഞാൻ വേണ്ടതു ചെയ്യാം.'

അലിഗഢിൽ വിദ്യാർത്ഥിയായിരുന്നപ്പോൾ പുനത്തിൽ കുഞ്ഞബ്​ദുള്ള ധാരാളം കഥകൾ ആഴ്ചപ്പതിപ്പിലേക്ക് അയച്ചിരുന്നു. അതെല്ലാം എം.ടി. പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. പ്രതിഭയുടെ കനലുള്ള ഒരാളെ കണ്ടെത്തിക്കഴിഞ്ഞാൽ അയാൾ ഒഴിഞ്ഞുമാറിയാലും എം.ടി. അവരെ വിടാതെ പിന്തുടരുകയും അവരെ എത്തേണ്ട സ്ഥാനത്ത് എത്തിക്കുകയും ചെയ്യും.
എം.ടിയുമായി ഇത്രയും അടുപ്പമുണ്ടായിട്ടും സ്മാരകശിലകളുടെ കൈയെഴുത്തുകോപ്പിയുമായി എം.ടിയെ സമീപിച്ചപ്പോഴുണ്ടായ അമ്പരപ്പും ആകാംക്ഷയും ഭയപ്പാടും വളരെയേറെയായിരുന്നെന്ന് അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്: ‘‘സ്മാരകശിലകളുടെ കൈയെഴുത്തുകോപ്പിയുമായി പരിഭ്രമത്തോടെയായിരുന്നു എം.ടിയെ സമീപിച്ചത്. ഇരുപത്തഞ്ചു ലക്കങ്ങളിലേക്കുള്ള മാറ്റർ പൂർത്തിയാക്കിയിരുന്നു. കൈയെഴുത്തു കോപ്പികൾ എം.ടിയെ ഏൽപ്പിച്ചു. ‘നോക്കാം' എന്നു മാത്രമായിരുന്നു പ്രതികരണം. ഒന്നും പറയാനാവാതെ അവിടെനിന്നും ഇറങ്ങി. നോവൽ എം.ടിക്ക് ഇഷ്ടപ്പെടുമോ എന്നാലോചിച്ച് അസ്വസ്ഥനായി കഴിയവേ അടുത്ത ലക്കം ആഴ്ചപ്പതിപ്പിലെ പരസ്യം കണ്ട് ഞാൻ ഞെട്ടി. ആ പരസ്യം ഇങ്ങനെയായിരുന്നു:
‘ഓർമ്മകളിലെന്നും ചില സ്മാരകശിലകൾ അവശേഷിക്കുന്നു.
തിരിഞ്ഞുനോക്കുമ്പോൾ നെടുവീർപ്പിടാനും നഷ്ടപ്പെട്ട ആഹ്ലാദങ്ങൾ നുണയുവാനും ചിലപ്പോൾ അമർഷങ്ങൾകൊണ്ടു കരുത്തു നേടാനും.
വ്യക്തിക്കു മാത്രമല്ല, ഗ്രാമത്തിനും സമൂഹത്തിനുമുണ്ട് ഇത്തരം സ്മാരകശിലകൾ.

സിംഗപ്പൂർ സുഗന്ധവും, സിംഗപ്പൂർ ചുരുട്ടും, സിംഗപ്പൂർ സേവകരുമുള്ള നാടുവാഴിയായ ഖാൻ ബഹദൂർ തങ്ങൾപള്ളിയും പള്ളിപ്പറമ്പും അതിന്റെ ഭാഗമായ എറമുള്ളാൻ മുക്രി. തങ്ങളുടെ അടിമകളുടെ സാമ്രാജ്യം. ബുദ്ധനദ്രാമാൻ കാശിന്റെയും കൈക്കരുത്തിന്റെയും പോയകാലത്തിന്റെ ഭാഗമായി കിട്ടിയ ദിവ്യത്വത്തിന്റെയും ലോകം. ആയിരം മുള്ളുകളുടെ മദ്ധ്യേ അപൂർവ്വമായി വിടരുന്ന പൂമൊട്ടുകളുടെ ദുരന്തം. വ്യത്യസ്തമായ ഒരു കാലഘട്ടത്തിന്റെ, സമൂഹത്തിന്റെ, ആചാരോപചാരങ്ങളുടെ, ജീവിതചിത്രങ്ങളുടെ ആവിഷ്‌കരണമാണ് ഈ നോവൽ
മാതൃഭൂമി ആഴ്ചപ്പതിപ്പിൽ അടുത്ത ലക്കം മുതൽ പ്രസിദ്ധീകരണമാരംഭി
ക്കുന്നു.പുനത്തിൽ കുഞ്ഞബ്​ദുള്ള എഴുതിയ നോവൽ സ്മാരകശിലകൾ.’’

എം.ടി. തന്നെയാണ് ഈ നോവലിനുള്ള പരസ്യവാചകം തയ്യാറാക്കിയത്. നമ്പൂതിരിയുടെ രേഖാചിത്ര സഹിതം 1976 ഫെബ്രുവരി ഒന്നുമുതലാണ് സ്മാരകശിലകൾ ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചുതുടങ്ങുന്നത്. എം.ടിക്ക് ഒരു സൃഷ്ടി ഇഷ്ടപ്പെട്ടാൽ അത് എത്രയും വേഗം വായനക്കാരിലെത്തിക്കാനാണ് പിന്നീട് തിടുക്കം. എഴുത്തുകാരനെപ്പോലും അമ്പരപ്പിച്ചാവും അതു പ്രസിദ്ധീകരിക്കുക. എം.ടി. തന്നെ എപ്പോഴും പറയുന്ന ഒരു കാര്യം, സൃഷ്ടികളുടെ കൂമ്പാരങ്ങൾക്കിടയിൽനിന്നു മികച്ചൊരു രചന കണ്ടെത്തുമ്പോഴുണ്ടാകുന്ന ആഹ്ലാദം മാത്രമാണ് പത്രാധിപക്കസേരയിലെ മുഷിഞ്ഞ ജോലികൾക്കിടയിലെ ഏക ആനന്ദം. അതു കണ്ടെത്തിക്കഴിഞ്ഞാൽ, അതു വായനക്കാരുമായി പങ്കുവെക്കുമ്പോൾ അവർക്കുണ്ടാകുന്ന സന്തോഷമാണ് പത്രാധിപരുടെ പ്രതിഫലം.'

സ്മാരകശിലകൾ മലയാള നോവൽസാഹിത്യത്തിലെ ഏറ്റവും മികച്ച രചനകളിലൊന്നായി മാറിയത് ചരിത്രം. മഹത്തായ സൃഷ്ടികളെയും സ്രഷ്ടാവിനെയും കണ്ടെത്തുന്ന എം.ടി. എന്ന പത്രാധിപർക്ക് പക്ഷേ, എപ്പോഴും തിരശ്ശീലയ്ക്കു പിന്നിൽ നിൽക്കാനായിരുന്നു താത്പര്യം. ഇതേക്കുറിച്ച് പുനത്തിൽ കുഞ്ഞബ്​ദുള്ള: ‘എം.ടിക്കു ചുറ്റും കറങ്ങുന്ന ഉപഗ്രഹങ്ങളായിരുന്നു പണ്ട് എഴുത്തുകാർ. എം.ടി. സൂര്യനാണ്. ആ വെളിച്ചത്തിൽ നമ്മുടെ സാഹിത്യം വെട്ടിത്തിളങ്ങി. നമ്മുടെ സാഹിത്യത്തെ മാറ്റിത്തീർത്ത ഒരാൾ എം.ടിയാണ്; പത്രാധിപർ എന്ന നിലയിലും എഴുത്തുകാരൻ എന്ന നിലയിലും. പത്രാധിപർ എന്ന നിലയിലുള്ള പ്രാഥമിക മര്യാദകൾ എഴുത്തുകാരോടു കാണിച്ച ആളായിരുന്നു എം.ടി. യാതൊരു മുൻപരിചയമൊന്നുമില്ലാതിരുന്ന സക്കറിയയുടെ കഥ തന്റെ മേശപ്പുറത്തു തപാലിൽ വന്നപ്പോൾ എം.ടി. അതു വായിച്ച് പ്രസിദ്ധീകരിച്ചു. സക്കറിയയെ ഞാനാണ് ആളാക്കിയത് എന്ന ഭാവമൊന്നും എം.ടി. പ്രകടിപ്പിച്ചില്ല. എഴുത്തുകാരും എഡിറ്ററും തമ്മിലുള്ള ബന്ധം പരസ്പരപൂരകമാണ്. ചില എഴുത്തുകാരെ താനാണു കണ്ടെത്തിയത് എന്ന് എം.ടി. പിന്നീടൊരിക്കലും ആരോടും പറഞ്ഞിട്ടില്ല. ഒരു നല്ല രചന ആഴ്ചപ്പതിപ്പിൽ വരുമ്പോൾ അതിലൂടെ വെളിപ്പെടുന്നത് ആ എഴുതിയ ആൾ മാത്രമല്ല, അതു പ്രസിദ്ധീകരിക്കുന്ന ആഴ്ചപ്പതിപ്പുകൂടിയാണ്. വായനക്കാർക്കും എഴുത്തുകാർക്കും ഇടയിലെ മദ്ധ്യസ്ഥനാണ് എഡിറ്റർ. അവർ ഈഗോയുടെ തടവുകാരാവരുത്. പത്രാധിപർ എന്നനിലയിൽ അങ്ങനെ വലിയ അന്തസ്സ് എം.ടിക്കുണ്ട്. എഴുത്തുകാരനെക്കൊണ്ടും വായനക്കാരനെക്കൊണ്ടും നിലനിൽക്കുന്ന ആളാണ് പത്രാധിപർ എന്ന ബോധം അദ്ദേഹത്തിനുണ്ടായിരുന്നു. അതുകൊണ്ട് വ്യത്യസ്തമായ ഉള്ളടക്കമുള്ള രചനകൾ വരുമ്പോൾ എം.ടി. അതിയായി ആഹ്ലാദിക്കും.

‘നല്ലൊരു സംഭവം വരുന്നുണ്ട്', എം.ടി. ചിലപ്പോൾ പറയും. വായനക്കാർക്കും സന്തോഷമാകും. എം.ടിയുടെ വലിയൊരു പ്രത്യേകതയായി എനിക്കു തോന്നിയത് പത്രാധിപർ എന്ന നിലയിലുള്ള അവകാശവാദങ്ങൾ അദ്ദേഹം എവിടെയും പറഞ്ഞിട്ടില്ല. ‘ഞാൻ അയാളെ കൊണ്ടുവന്നു, ഇയാളെ കൊണ്ടുവന്നുഅങ്ങനെ രഹസ്യമായിപ്പോലും പറയുന്ന ആളല്ല എം.ടി.'

നന്തനാർ

രാജലക്ഷ്മിയെപ്പോലെ മലയാളസാഹിത്യലോകത്തെ ഞെട്ടിപ്പിച്ചതായിരുന്നു നന്തനാരുടെ (പി.സി. ഗോപാലൻ) ആത്മഹത്യ. 1974 ഏപ്രിൽ 25ാം തീയതിയാണ് പാലക്കാട്ടെ ഒരു ലോഡ്ജ് മുറിയിൽ ആത്മഹത്യചെയ്തനിലയിൽ കാണപ്പെട്ടത്. പ്രശസ്ത എഴുത്തുകാരനായ ശത്രുഘ്‌നൻ (ഗോവിന്ദൻകുട്ടി), വാസുദേവൻ എന്നിവരാണ് മൃതദേഹം നന്തനാരുടേതാണെന്നു തിരിച്ചറിഞ്ഞത്. ഇവർ അന്ന് പാലക്കാട് എഫ്.എ.സി.ടിയിലെ ഉദ്യോഗസ്ഥരായിരുന്നു. 1968ൽ എഫ്.എ.സി.ടി. സർവ്വീസിൽ പ്രവേശിച്ച നന്തനാർ പാലക്കാട് റീജ്യണൽ ഓഫീസിനു കീഴിൽ മലപ്പുറത്ത് പബ്ലിസിറ്റി അസിസ്റ്റൻറായിരുന്നു. പാലക്കാട് റീജ്യണൽ ഓഫീസിലും കുറച്ചുകാലമുണ്ടായിരുന്നു. 1942ൽ കരസേനയിൽ ചേർന്ന അദ്ദേഹം ഇരുപത്തിയഞ്ചു വർഷം സിഗ്‌നൽ വയർലെസ് ഓപ്പറേറ്ററായി സേവനം അനുഷ്ഠിച്ചശേഷം റിട്ടയർ ചെയ്തു. അതിനുശേഷമാണ് എഫ്.എ.സി.ടി. സർവ്വീസിൽ പ്രവേശിക്കുന്നത്. രണ്ടാം ലോകമഹായുദ്ധത്തിന്റെ സാഹിത്യസിദ്ധികളിലൊന്നായി കണക്കാക്കപ്പെടുന്ന പട്ടാളക്കഥകളുമായാണ് പി.സി. ഗോപാലൻ എന്ന നന്തനാർ സാഹിത്യരംഗത്തേക്കു കടന്നുവരുന്നത്. എന്നാൽ പട്ടാളജീവിതത്തിന്റെ പാരുഷ്യത്തിനുപകരം പട്ടാളക്കാരൻ എന്ന മനുഷ്യന്റെ ജീവിതവ്യഥകളെ ആവിഷ്‌കരിക്കാനാണ് അദ്ദേഹം മുതിർന്നത്. ഏറക്കുറെ ഭൂതകാലത്തിന്റെ സമ്മോഹനം മാത്രമായിരുന്നു നന്തനാരെ സംബന്ധിച്ചിടത്തോളം ജീവിതം. വെടിമരുന്നിന്റെ ഗന്ധം കലർന്ന ബാരക്കുകളിൽ ഇരുന്ന് നന്തനാർ നാട്ടിൻപുറങ്ങളെ സ്വപ്നം കണ്ടു. നാട്ടിൻപുറങ്ങളിൽ വന്നപ്പോഴാകട്ടെ തന്നിൽനിന്ന് എന്തോ അകന്നുപോയ വിഷാദകലുഷമായ ജീവിതത്തിന്റെ സ്മൃതിശകലങ്ങളെ ആവാഹിച്ചെടുക്കുവാൻ പരിശ്രമിക്കുകയും ചെയ്തു. ജീവിതത്തിന്റെ ഭംഗുരഭംഗികളെത്തന്നെയാണ് വർത്തമാനകാലത്തിലും അദ്ദേഹം ആരാധിച്ചിരുന്നത്. സവിശേഷമായ ഈ ചിന്താഗതിയുടെ നിദർശനങ്ങളാണ് നന്തനാരുടെ കഥകൾ.

ആത്മാവിന്റെ നോവുകൾ എന്ന നോവലും ഉണ്ണിക്കുട്ടന്റെ ലോകം എന്ന ബാലസാഹിത്യവും നന്തനാരുടെ ചെറുകഥാസമാഹാരങ്ങളും അദ്ദേഹത്തിന് എണ്ണമറ്റ ആരാധകരെ സൃഷ്ടിച്ചിരുന്നു.

‘‘കുട്ടികളെ ഇഷ്ടപ്പെടാത്തവരായി ആരുണ്ട്? അവരുടെ കുസൃതിത്തരങ്ങളും ചാപല്യങ്ങളും നമ്മുടെ ചുണ്ടുകളിൽ പുഞ്ചിരി വിരിയിക്കുന്നു. ഹൃദയങ്ങളിൽ അനുഭൂതികൾ നിറയ്ക്കുന്നു. കവിതാത്മകവും വർണ്ണശബളവും ദൈവികവുമായ അനുഭൂതികൾ; ഈശ്വരസാന്നിദ്ധ്യം, കുട്ടികളിലൂടെ അനുഭവപ്പെടുന്നുവെന്നു പറയാം. എല്ലാംകൊണ്ടും കുട്ടികളുടെ ലോകം മനോഹരവും അദ്ഭുതകരവുമായ ഒരു ലോകംതന്നെയാണ്. അങ്ങനെയുള്ള ഒരു കൊച്ചുലോകം. ഗ്രാമീണപ്രകൃതിസൗന്ദര്യത്തിന്റെ പശ്ചാത്തലത്തിൽ, ഒരു ചെറിയ കുടുംബത്തിലെ ഒരു കൊച്ചുകുട്ടിയുടെ കാഴ്ചപ്പാടിലൂടെ വരച്ചുകാണിക്കാനുള്ള എന്റെ ശ്രമമാണ് ഉണ്ണിക്കുട്ടന്റെ ഒരു ദിവസം, ഉണ്ണിക്കുട്ടൻ സ്കൂളിൽ, ഉണ്ണിക്കുട്ടൻ വളരുന്നു എന്നീ കൃതികൾ.’’ (നന്തനാർ, ഉണ്ണിക്കുട്ടെന്റ ലോകം എന്ന പുസ്തകത്തിലെഴുതിയ കുറിപ്പിൽനിന്ന്.)

ഉണ്ണിക്കുട്ടന്റെ ലോകം എഴുതിയ നന്തനാർക്ക് എങ്ങനെ ആത്മഹത്യചെയ്യാൻ മനസ്സുവന്നു എന്നതാണ് വായനക്കാരെയും സാഹിത്യലോകത്തെയും അമ്പരപ്പിച്ചത്. 1965 സെപ്റ്റംബർ 12 മുതലാണ് ‘ഉണ്ണിക്കുട്ടെന്റ ഒരുദിവസം’എന്ന അത്യന്തം ഹൃദ്യമായ കുട്ടികൾക്കായുള്ള രചന ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചുതുടങ്ങുന്നത്. ഉണ്ണിക്കുട്ടന്റെ കുസൃതികൾ കുട്ടികളെക്കാൾ മുതിർന്നവരാണ് ആവേശപൂർവ്വം ആസ്വദിച്ചത്. ഒരു കുരുന്നുഹൃദയത്തിന്റെ ആഹ്ലാദത്തിന്റെ, കുസൃതികളുടെ, വിസ്മയങ്ങളുടെ, കൊച്ചുകൊച്ചു ദുഃഖങ്ങളുടെ കഥയാണ് വശ്യസുന്ദരമായ ഈ നോവൽ.

1953 സെപ്റ്റംബർ 13ാം തീയതിയാണ് നന്തനാരുടെ കഥ ആഴ്ചപ്പതിപ്പിൽ ആദ്യമായി പ്രസിദ്ധീകരിക്കുന്നത്. ‘മൊയ്തീൻ'എന്നായിരുന്നു കഥയുടെ പേര്. നന്തനാരുടെ ആദ്യനോവൽ അറിയപ്പെടാത്ത മനുഷ്യജീവികൾ 1954 ഒക്ടോബർ 17 മുതൽക്കാണ് ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചുതുടങ്ങുന്നത്. പിന്നീട് അദ്ദേഹത്തിന്റെ പ്രധാന സൃഷ്ടികളെല്ലാം പ്രസിദ്ധീകരിച്ചത് മാതൃഭൂമി ആഴ്ചപ്പതിപ്പിലായിരുന്നു. എം.ടിയെ വളരെ ആകർഷിച്ച എഴുത്തുകാരിൽ ഒരാളായിരുന്നു നന്തനാർ. നന്തനാരുടെ ദാരുണാന്ത്യം അദ്ദേഹത്തെ അഗാധമായി വേദനിപ്പിച്ചിരുന്നു. 1974 ഏപ്രിൽ 26ാം തീയതിയിലെ മാതൃഭൂമിയിൽ നന്തനാരുടെ ആത്മഹത്യ ഒന്നാംപേജിൽ വളരെ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചു. വാർത്തയിലെ ഒരു വാചകം എം.ടി. ശ്രദ്ധിച്ചു. അത് ഇങ്ങനെയായിരുന്നു: ‘‘... തന്റെ ഒരു നോവൽ പൂർത്തിയാക്കിയിട്ടുണ്ടെന്നും അടുത്തുതന്നെ നേരിൽ കാണാമെന്നും കാണിച്ച് നന്തനാർ എഴുതിയ കത്ത് പാലക്കാട്ടെ അദ്ദേഹത്തിന്റെ സ്നേഹിതനായ ശത്രുഘ്‌നന് ബുധനാഴ്ചയാണ്​ കിട്ടിയത്. ഈ സ്നേഹിതനെ കാണാൻ പാലക്കാട്ടേക്കു പോവുകയാണെന്നു ഭാര്യയോടു പറഞ്ഞാണേത്ര നന്തനാർ അവസാനമായി വീട്ടിൽനിന്ന് ഇറങ്ങിയത്.’’

നന്തനാരുടെ അവസാനത്തെ നോവൽ ആഴ്ചപ്പതിപ്പിൽത്തന്നെ പ്രസിദ്ധീകരിക്കണമെന്ന് എം.ടിക്ക് ആഗ്രഹമുണ്ടായിരുന്നു. ആഴ്ചപ്പതിപ്പും നന്തനാരും തമ്മിൽ അത്രയും ദീർഘവും ആഴത്തിലുള്ളതുമായ ഒരു ബന്ധമാണ്​നിലനിന്നിരുന്നത്. വാർത്തയിൽ സൂചിപ്പിച്ച ശത്രുഘ്‌നന്റെ കഥകൾ ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിക്കാറുണ്ടായിരുന്നു. ‘വഴികൾ നിറങ്ങൾ' എന്ന പേരിലുള്ള ചെറുകഥയാണ് ശത്രുഘ്‌നന്റെ ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച ആദ്യ കഥ (1971 ഏപ്രിൽ 25). നന്തനാരുടെ അവസാനത്തെ നോവൽ ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിക്കാൻ താൻ നിമിത്തമായ കഥ ശത്രുഘ്‌നൻ തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്: ‘‘... പഴയ ഒരു കാര്യമാണ് എനിക്ക് ഓർമ വരുന്നത്. ഞാനന്ന് എഫ്.എ.സി.ടിയുടെ പാലക്കാട് ഓഫീസിലാണ്. നന്തനാർ മരിച്ച കാലം. ഒരുദിവസം മാതൃഭൂമിയുടെ പാലക്കാട് ഓഫീസിലേക്ക് കെ.പി. മോഹനന് ഒരു സന്ദേശം വരുന്നു. ‘നന്തനാരുടെ ഒരു നോവലുണ്ട് എന്നു കേൾക്കുന്നു. ഗോവിന്ദൻകുട്ടിയോട് (ശത്രുഘ്‌നൻ) ചോദിച്ചാൽ അറിയാം. അതു മാതൃഭൂമിക്ക് വേണം.'

ആ നോവലിനെക്കുറിച്ച് എനിക്കറിയാമായിരുന്നു. എഴുതിക്കൊണ്ടിരുന്ന കാലത്ത് കുറെ അദ്ധ്യായങ്ങൾ എനിക്കു വായിക്കാൻ തന്നിട്ടും ഉണ്ടായിരുന്നു പി.സി. (നന്തനാരെ ഞാൻ അങ്ങനെയാണ് വിളിച്ചിരുന്നത്. പി.സി. ഗോപാലൻ എന്ന പേരിന്റെ ചുരുക്കം. നന്തനാർ എന്നെ ജി.കെ. എന്നും വിളിച്ചു). തന്റെ കുട്ടിക്കാലത്തെ ചില സംഭവങ്ങൾ നന്തനാർ ആ നോവലിൽ എഴുതിയിട്ടുണ്ടായിരുന്നു. അതുകൊണ്ടുതന്നെ അതു മാതൃഭൂമിയിൽ വന്നാൽ തന്റെ ബന്ധുക്കളിൽ ചിലർ അതു വായിക്കുകയും കഥാപാത്രങ്ങൾ തങ്ങളാണെന്നു കരുതി പരിഭവിക്കുകയും ചെയ്‌തേക്കും എന്നു ഭയന്നു നന്തനാർ. ഞാൻ ഒന്നു സംശയിച്ചു. ‘നന്തനാർക്ക് നല്ലത് ഇതു മാതൃഭൂമി ആഴ്ചപ്പതിപ്പിൽ അച്ചടിച്ചുവരുന്നതാണ്,' എം.ടി. മോഹനനോടു പറഞ്ഞു. പിന്നെ, ബാക്കിയൊക്കെ സ്വന്തം ഇഷ്ടം എന്ന മട്ടിൽ മിണ്ടാതെ ഇരിക്കുകയും ചെയ്തു.

എന്താണു നല്ലതെന്ന് എനിക്കറിയില്ലായിരുന്നു. എന്നിട്ടും ഞാൻ ആ നോവലും കൊണ്ട് കോഴിക്കോട്ടേക്കു പോയി. ‘അനുഭവങ്ങൾ അനുഭൂതികൾ'എന്നാണ് നന്തനാർ ആ നോവലിനു കൊടുത്ത പേര്. അനുഭൂതികളുടെ ലോകംഎന്ന പേരിൽ നന്തനാരുടേതായി മറ്റൊരു നോവലും ഉണ്ടല്ലോ. മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പരസ്യം വന്നപ്പോൾ ‘അനുഭവങ്ങൾ'എന്നു മാത്രമായി പേര് ചുരുക്കി. ഞാൻ ഭയന്നു. നന്തനാർ പരിഭ്രമിച്ചത് ഓർക്കുകയും ചെയ്തു. കോഴിക്കോട്ടേക്ക് വിളിച്ചപ്പോൾ എം.ടി. സ്ഥലത്തുണ്ടായിരുന്നില്ല. പേര് വെട്ടിച്ചെറുതാക്കിയത് എം.ടി. തന്നെയാണെന്ന് വി.ആർ. ഗോവിന്ദനുണ്ണി പറഞ്ഞു. എനിക്കു പിന്നെ ഒന്നും പറയാനുണ്ടായിരുന്നില്ല. ഭയം മാത്രം ബാക്കി. ഇത് ആത്മകഥയുടെ ഭാഗമെന്ന് ആരെങ്കിലും കരുതുമോ എന്ന ഭയം.
ഒരു കുഴപ്പവുമുണ്ടായില്ല. എം.ടിയുടെ അന്നത്തെ പ്രവചനം ശരിയാവുകയും ചെയ്തു. ആ നോവലിന്റെ അടിസ്ഥാനത്തിൽ ഒരു സിനിമയും പിന്നീടുണ്ടായി. ആത്മകഥാപരമായ സിനിമതന്നെ.' ('സംസ്കാരത്തിന്റെ വാതിലുകൾ' എന്ന ലേഖനത്തിൽ ശത്രുഘ്‌നൻ).

1974 ജൂൺ 23 മുതൽക്കാണ് അനുഭവങ്ങൾആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചുതുടങ്ങിയത്. മികച്ച സൃഷ്ടികൾ ആരുടെയെങ്കിലും കൈവശമുണ്ടെന്നറിഞ്ഞാൽ അത് ഏതുവിധേനയും സംഘടിപ്പിച്ച് ആഴ്ചപ്പതിപ്പിന്റെ വായനക്കാരിലെത്തിക്കണമെന്ന നിർബ്ബന്ധബുദ്ധി എം.ടിക്കുണ്ടായിരുന്നു.

ട്രൂ കോപ്പി വെബ്​സീൻ പാക്കറ്റ്​ 86 ൽ പ്രസിദ്ധീകരിച്ച ലേഖനം

Comments