കുറ്റ്യാടിയും തൊട്ടിൽപാലവും കഴിഞ്ഞാണ് അമ്മാവന്റെ വീട്.
തൊട്ടിൽപാലത്തു നിന്ന് അക്കാലത്ത് കുണ്ടുതോടിലേക്ക് ബസുണ്ടായിരുന്നില്ല. ജീപ്പുകളാണ് ഓടിയിരുന്നത്. ജീപ്പിനകത്തും പുറത്തും വശങ്ങളിലും പിൻഭാഗത്തും ഡ്രൈവറുടെ ഭാഗത്തും മുകളിലും ആളുകൾ കയറിയിരിക്കും. ദൂരെ നിന്ന് നോക്കുന്ന ഒരാൾക്ക് ജീപ്പിനെ കാണാനാവില്ല, പകരം ഒരാൾക്കൂട്ടം ഒഴുകിയങ്ങനെ പോവുന്ന മാന്ത്രിക ദൃശ്യമാവും കാണുക.
കുട്ടിയായ എന്നെ ജീപ്പിലെ കിളി, മുകളിൽ കയറ്റിയിരുത്തി. കുറ്റ്യാടി പുഴയിലേക്ക് ഒഴുകിയെത്തുന്ന കൈവരിക്കുമുകളിലൂടെയാണ് ജീപ്പിന് പോവേണ്ടത്. വെള്ളാരം പാറകളിൽ തല തല്ലി ചിരിച്ചൊഴുകുന്ന ആ ജലം നോക്കി ഞാൻ ജീപ്പിനു മുകളിലിരുന്നു. എവിടെ നോക്കിയാലും പച്ചപ്പ്, അനന്തമായി പരന്നുകിടക്കുന്ന റബർ തോട്ടങ്ങൾ, മറ്റൊരു പെരുംചിലമ്പിലാണ് ഞാനെത്തിയത് എന്ന് തോന്നിപ്പോയി.
ജീപ്പിന്റെ ഉലച്ചിലിനൊപ്പം ഞാനും ഉലഞ്ഞു.
എന്റെയടുത്തിരുന്ന, എന്റെ തന്നെ പ്രായമുള്ള പെൺകുട്ടിയും ഉലഞ്ഞു. ആരൊക്കെയോ കയറ്റിവച്ച കുട്ടകളും ബക്കറ്റുകളും ചാക്കുകെട്ടുകളും ഉലഞ്ഞു. കുട്ടകളിൽ ഒന്നിൽ ഉണക്കമീനായിരുന്നു. അതിൽനിന്ന് ഉണക്കമീനെടുത്ത് മണത്ത് നോക്കി ആ പെൺകുട്ടി എന്നോടായി ചിരിച്ചു. മുട്ടോളമെത്തുന്ന മിഡിയായിരുന്നു അവളുടെ വേഷം. ഇരുന്നപ്പോൾ മുകളിലേക്ക് കയറിയ ആ കടും നീല മിഡിയുടെ അതിരിൽ വെളുത്ത മാംസത്തിന്റെ കാഴ്ചയിൽ എന്റെ നിശ്വാസങ്ങൾക്ക് താളം തെറ്റുന്നത് ഞാനറിഞ്ഞു.
യാതൊരു കൂസലുമില്ലാതെ അവൾ എന്നെത്തന്നെ നോക്കി. ഞാനാ നോട്ടത്തിനു മുമ്പിൽ ചൂളി. പിറകിലോട്ട് നീന്തി മറയുന്ന പച്ചപ്പുകൾക്കും അസ്തമന സൂര്യൻ ചുവപ്പിച്ച ആകാശത്തിനും കീഴിൽ സ്വപ്നത്തിലെന്ന പോലെ ഞാനിരുന്നു. അവളുടെ മുടിയിൽ കാറ്റുപിടിച്ചു. ചുവന്ന റിബ്ബൺ കൊണ്ട് കെട്ടിയിട്ട മുടി അവൾ അഴിച്ചിട്ടു. കാറ്റുകൾ ആ മുടിയിയിലൂടെ കടന്നുപോയി. മുടി പാറിവന്ന് എന്റെ മുഖത്തും തൊട്ടു. കവിങ്ങിൻ പൂക്കളുടെ മണമുള്ള അന്തരീക്ഷത്തിലൂടെ ജീപ്പ് കയറ്റം കയറി.
എന്റെ വസ്ത്രങ്ങളെ ഓർത്ത് എനിക്ക് ലജ്ജ തോണി. അവളാ വസ്ത്രങ്ങളിലേക്ക് മുടി വകഞ്ഞു മാറ്റി നോക്കുന്നുണ്ടായിരുന്നു. സ്ഥാനം തെറ്റിയ മുണ്ട് ഞാൻ നേരെയാക്കുന്നതു കണ്ട് അവൾ ചിരിച്ചു. കാറ്റുപിടിച്ച കാറ്റാടി മരം പോലെ അവളുടെ മുടി പിറകിലോട്ട് നീന്തി ശൂന്യതയിൽ തുഴഞ്ഞുനിന്നു. ഞാൻ
പെരുംചിലമ്പിലെ പള്ളിമിനാരങ്ങളെ ഓർത്തു. അവിടെ കയറിനിന്നാൽ ഇതേ പച്ചപ്പും ഇതേ കവുങ്ങിൻ പൂക്കളുടെ മണവും എനിക്ക് കാണാമായിരുന്നു. അറിയാമായിരുന്നു. ഇരുവശത്തും റബ്ബർ മരങ്ങളായിരുന്നിട്ടും എവിടെ നിന്നാണ് കവുങ്ങിൻ പൂക്കളുടെ മണം വരുന്നതെന്ന് ഞാനത്ഭുതപ്പെട്ടു.
മലകൾക്കപ്പുറം പിന്നെയും മല, അതിനപ്പുറം പിന്നെയും മല, ആ മലനിരകൾക്ക് മുകളിൽ കൂടണയുന്ന പക്ഷികൾ, കൂട്ടംതെറ്റി താണു പറക്കുന്ന പക്ഷികൾ, പക്ഷിച്ചിറകുകളിൽ തൊട്ട സന്ധ്യയുടെ വിഷാദം. അസ്തമന ചോപ്പിൽ തുടുത്ത നിന്ന ആകാശം.
കുണ്ടുതോട് കവലയിൽ ജീപ്പിറങ്ങുമ്പോൾ ചാറ്റൽമഴ പെയ്യാൻ തുടങ്ങിയിരുന്നു. അമ്മാവൻ എന്നെയും കൊണ്ട് ചെറിയൊരു ഹോട്ടലിലേക്ക് കടന്നു. അതിന്റെ വരാന്തയിൽ കയറിനിന്ന് ഞാൻ ജീപ്പിനുനേർക്ക് തിരിഞ്ഞുനോക്കി. അമ്മയുടെ കുടക്കീഴിൽ ചേർന്നുനിന്ന് ആ പെൺകുട്ടി തന്റെ മുടി ചുവന്ന റിബ്ബൺ കൊണ്ട് കെട്ടുന്നത് ഞാൻ കണ്ടു. തിരിഞ്ഞുനോക്കിയ അവളുടെ കണ്ണിൽ നോട്ടമുടക്കിയപ്പോൾ ഞാൻ കണ്ണുകൾ താഴ്ത്തി .താഴെ, മഴച്ചാറൽ തൊടുന്ന വെളുത്ത കാലുകൾ ... നേർത്തുകാണാവുന്ന ചെമ്പൻ രോമങ്ങൾ...
‘ഇതേതാ മരക്കാരേ ഈ കുണ്ടൻ?’, ഹോട്ടലുടമ അമ്മാവനോട് ചോദിച്ചു.
‘ഇതെനിക്ക് വേണ്ടപ്പെട്ട കുട്ടിയാണ് ടാ ...'
മരത്തിന്റെ ബെഞ്ചുകളും മേശകളുമായിരുന്നു ഹോട്ടലിലെ ഫർണിച്ചർ. ചാറ്റൽ മഴയും സന്ധ്യയും ചേർന്ന് ഇരുട്ടു വീഴ്ത്തിയ ആ അന്തരീക്ഷത്തിൽ മെഴുകുതിരികൾ എരിഞ്ഞു. ഞാൻ പുറത്തേക്കുനോക്കി. നാലഞ്ച് പീടികമുറികളേ കവലയിലുള്ളൂ. ഒന്ന് ബാർബർ ഷോപ്പാണെന്ന് അതിന്റെ രൂപഭാവങ്ങൾ എന്നോട് പറഞ്ഞു. മറ്റൊന്ന് പലചരക്കുകട. വേറൊന്നിൽ ഉണങ്ങിയ റബ്ബർ ഷീറ്റുകളും കുരുമുളക് ചാക്കുകളും. അതിനപ്പുറം വിജനമായി കിടന്ന ചെമ്മൺ പാത.... പാതയുടെ ഒരു വശത്ത് മീൻകുട്ടകൾ നിരത്തിവെച്ചിരിക്കുന്നു. പെട്ടെന്നുണ്ടായ മഴ ചെറുക്കാൻ ഒരു സ്ത്രീ ആ കുട്ടകൾക്ക് മുകളിൽ പ്ലാസ്റ്റിക്കിന്റെ ഷീറ്റ് വിരിക്കുന്നുണ്ട്.
‘നിനക്ക് പുഴുക്ക് വേണോ?'
എന്താണ് പുഴുക്കെന്ന് മനസ്സിലായില്ലെങ്കിലും ഞാൻ വേണമെന്ന് തലയാട്ടി. എനിക്ക് വിശക്കുന്നുണ്ടായിരുന്നു. പുഴുക്ക് വന്നപ്പോഴാണ് ഞാൻ പൂള എന്നും അന്നാട്ടുകാർ കപ്പയെന്നും വിളിക്കുന്ന മരച്ചീനി പുഴുങ്ങിയുണ്ടാക്കിയ കൂട്ടാനാണെന്ന് മനസ്സിലായത്. അതിന്റെ മേലേക്ക് ഹോട്ടലുടമ ഇത്തിരി മീൻ കറി കൂടി ഒഴിച്ചു തന്നപ്പോൾ അത് ഏറ്റവും രുചിയുള്ള വിഭവമായി മാറി. ചിലപ്പോൾ എനിക്ക് വല്ലാതെ വിശന്നതു കൊണ്ടാവും അന്നത് അത്ര രുചികരമായി തോന്നിയത്.
വേറെയും നാലഞ്ചാളുകൾ അവിടെയിരുന്ന് കപ്പപ്പുഴുക്ക് തിന്നു. അതിൽ ഒരാളുടെ അടുത്ത് പൊരിച്ച മീനും കണ്ടു. അത്ര അന്യമായ ഒരു ദേശത്തല്ല ഞാൻ വന്നു പെട്ടിരിക്കുന്നതെന്ന് ആ പൊരിച്ച മീനാണ് എനിക്ക് പറഞ്ഞു തന്നത്. പണ്ടെന്നോ വെള്ളക്കുമ്മായം പുരണ്ടിട്ടുണ്ട് എന്ന ഓർമ മാത്രം ബാക്കിവെച്ച ചുമരുകളിലൊന്നിൽ കുറേ ഫോട്ടോകൾ തൂങ്ങിക്കിടന്നു. അതിൽ ഒരു താടിക്കാരന്റെ ഫോട്ടോ ഞാൻ പെരുംചിലമ്പിലെ അബുവിന്റെ വീട്ടു വരാതെയിൽ കണ്ടിട്ടുണ്ട്. പക്ഷേ അവന്റെ വീട്ടിലെ താടിക്കാരനെ മാറാല പൊതിഞ്ഞിരുന്നു.
ഇവിടെ, പിന്നീട് ഞാൻ പേരുകൾ മനസ്സിലാക്കിയ കാൾ മാർക്‌സും ഏംഗൽസും ലെനിനും സ്റ്റാലിനും എ.കെ.ജിയും കൃഷ്ണപിള്ളയും തിളങ്ങുന്ന കണ്ണാടിച്ചില്ലിനുള്ളിൽനിന്ന് എന്നെ നോക്കി. മറ്റൊരു ചുമരിൽ മാലയിട്ട വേറൊരു ഫോട്ടോ ഉണ്ടായിരുന്നു. അതുമാത്രം എന്താണ് വേറിട്ട് നിൽക്കുന്നതെന്ന് ഞാൻ കൗതുകപ്പെട്ടു. പിന്നീട് പലതവണ ആ ഹോട്ടലിൽ കയറിയപ്പോൾ മനസ്സിലായി, അത് ഹോട്ടലുടമയുടെ അച്ഛന്റെ ഫോട്ടോ ആണെന്ന്. ആ കവലയും ഗ്രാമവും ദേശവും അങ്ങനെയാണ് കമ്യൂണിസത്തെയും രക്തബന്ധങ്ങളെയും ചേർത്തുവെച്ചത്. ചില വീടുകളുടെ ചുമരുകളിൽ ആചാര്യന്മാർക്കൊപ്പം ക്രിസ്തുവും ഗുരുവായൂരപ്പനും ജീവിച്ചു. ഞാൻ രാഷ്ട്രീയത്തിൽ ഇടപെടാഞ്ഞിട്ടും രാഷ്ട്രീയം എന്റെ ജീവിതത്തിൽ ആദ്യമായി ഇടപെട്ടതും അവിടെ ജീവിച്ച കാലത്താണ്.
ഷൈൻ ആർട്‌സിലെ തങ്ങളിൽ നിന്ന് ഞാൻ പഠിച്ച ബാനറെഴുത്തും ബോർഡെഴുത്തും ചുമരെഴുത്തുമൊക്കെ എനിക്ക് സ്വതന്ത്രമായി പ്രയോഗിക്കാൻ കഴിഞ്ഞതും അവിടെ ജീവിച്ച കാലത്താണ്. അതുവരെ പാർട്ടി പരിപാടികളും സമ്മേളനങ്ങളും വടിവില്ലാത്ത അക്ഷരങ്ങളിൽ വായിച്ച അന്നാട്ടുകാർ എന്റെ വടിവൊത്ത അക്ഷരങ്ങളിൽ ചിത്രപ്പണികളിലും പിന്നീടവ വായിച്ചു.
കോ. ലീ. ബി സഖ്യമെന്ന് കേരള രാഷ്ട്രീയത്തിൽ അടയാളപ്പെട്ട ആ കുപ്രസിദ്ധ സഖ്യമുണ്ടായത് ഞാനവിടെ ചുമരുകൾ എഴുതുന്ന കാലത്താണ്. കെ. പി. ഉണ്ണികൃഷ്ണനായിരുന്നു ഇടതുപക്ഷ സ്ഥാനാർഥി. അദ്ദേഹത്തിനെതിരെ കോൺഗ്രസും ലീഗും ബി.ജെ.പിയും ഒന്നിച്ചുനിർത്തിയ സ്ഥാനാർഥിയായിരുന്നു അഡ്വ. രത്‌നസിങ്. ഇലക്ഷൻ പ്രചാരണം തുടങ്ങുന്നതിനുമുമ്പുതന്നെ സഖാക്കൾ സകല സന്നാഹങ്ങളും ഒരുക്കിയിരുന്നു. അത്തരമൊരു സഖ്യത്തെ തോൽപ്പിക്കേണ്ടത് വടകര മണ്ഡലത്തിന്റെ മാത്രം ആവശ്യമായിരുന്നില്ല, കേരളത്തിന്റെ മൊത്തം ആവശ്യമായിരുന്നു. ബേപ്പൂർ നിയമസഭാ മണ്ഡലത്തിലും ടി.കെ. ഹംസക്കെതിരെ, കെ. മാധവൻകുട്ടിയെ ഇതേ സഖ്യം സ്ഥാനാർത്ഥിയായി ആ തെരഞ്ഞെടുപ്പിൽ നിർത്തിയിരുന്നു.
പകലത്തെ റബ്ബർ ടാപ്പിങ് കഴിഞ്ഞ് രാത്രിയാണ് ബോർഡെഴുത്തും മറ്റും നടക്കാറ്. പക്ഷേ ആ ഇലക്ഷൻ കാലത്ത് രാപ്പകലില്ലാതെ എനിക്ക് അധ്വാനിക്കേണ്ടിവന്നു. പതിവില്ലാത്ത പല സൗകര്യങ്ങളും അന്ന് എഴുത്തുപണിക്ക് കിട്ടി. വെള്ള കുമ്മായം അടിച്ച് അതിൻമേൽ ചുവപ്പും നീലയും സ്റ്റയിനർ കൊണ്ട് ചുമരെഴുതിയ സ്ഥാനത്ത്, വെള്ള ഡിസ്റ്റംബറടിച്ച് അതിൻമേൽ ചുവന്ന ഫ്ലൂറസൻറ് കൊണ്ടാണ് മതിലെഴുതിയത്.
വില കുറഞ്ഞതും കട്ടിയില്ലാത്തതുമായ തുണികൾക്കുപകരം കട്ടിയുള്ളതും വിലകൂടിയതുമായ തുണികൾ കൊണ്ടാണ് ബോർഡുകളും ബാനറുകളും തയ്യാറാക്കിയത്. ചുവപ്പിന്റെ വകഭേദങ്ങളും നീലയും പച്ചയുമായ വർണങ്ങളുമൊക്കെ എനിക്ക് സുലഭമായി കിട്ടി. ഇതിന്റെയൊക്കെ പണം ടാപ്പിംഗ് തൊഴിലാളികളും കൂലിപ്പണിക്കാരും ചുമട്ടുതൊഴിലാളികളും ടാക്‌സി തൊഴിലാളികളും തന്നെയാണ് മുടക്കിയത്.
സഖാക്കൾ നാല് ദിക്കിലുമായി കാവൽനിന്നു. എറിയാൻ കല്ലുകൾ തോർത്തിൽ പൊതിഞ്ഞു കൊണ്ടു വന്നവരെ പിടികൂടി. അക്കൂട്ടത്തിൽ കോൺഗ്രസുകാരനും ലീഗുകാരനും ബി.ജെ.പിക്കാരും ഉണ്ടായിരുന്നു. മൂന്നു കൂട്ടരും ഒരുമിച്ചും.
തീർന്നുപോവുന്ന ചായങ്ങൾ അവരാണ് എനിക്ക് കൊണ്ടുതന്നത്. വിശക്കുമ്പോൾ അവരാണ് ഭക്ഷണം തന്നത്. ഇന്നത്തെ സൗകര്യങ്ങളൊന്നുമില്ലാത്ത അക്കാലത്ത് ഒരു തുണിബോർഡ് തയ്യാറാക്കി അതിൽ എഴുതി വർണമണിയിച്ച് ഒരുക്കുക എന്നത് എന്റെ രണ്ടു ദിവസത്തെ അധ്വാനമാണ്. അത് കവലയിൽ സ്ഥാപിച്ചു കഴിഞ്ഞാൽ പിറ്റേദിവസം മറുപക്ഷം (കോ.ലീ.ബി. ) ബ്ലെയിഡ് വെക്കും. എന്റെ അധ്വാനത്തിന് പ്രതിഫലം വേണ്ടെങ്കിലും ബോർഡിലെ തുണിയും ചായങ്ങളും ആ ബ്ലേഡ് വെപ്പു കൊണ്ട് പാഴായിപ്പോവും. ഇത്തരത്തിൽ രണ്ടു മൂന്നു ബോർഡുകളും ബാനറുകളും നശിപ്പിക്കപ്പെട്ടപ്പോൾ സഖാക്കൾ രാത്രി ഉറക്കമിളച്ച് പ്രചാരണ ബോർഡുകൾക്ക് കവലയിൽ കാവലിരിക്കാൻ തുടങ്ങി. അവർക്ക് മുൻതൂക്കമുള്ള മേഖല ആയിരുന്നിട്ടും മറുവശത്ത് മൂന്ന് പാർട്ടികൾ ഒന്നിച്ചു നിന്ന് നിരന്തരം പല ആക്രമണങ്ങളും കാട്ടി.
രാത്രികളിൽ പെട്രോൾ മാക്‌സിന്റെ വെളിച്ചത്തിൽ ചുമരെഴുതുമ്പോൾ കല്ലുകൾ പറന്നുവരും. തുടക്കത്തിൽ എനിക്ക് സഹായിയായി ഒരു സഖാവ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഏറ് വരാൻ തുടങ്ങിയപ്പോൾ പകലിലെ അധ്വാന ക്ഷീണം മാറ്റാനായി, ഒന്ന് തല ചായ്ക്കുക പോലും ചെയ്യാതെ എട്ടും പത്തും സഖാക്കൾ ഉറക്കമിളച്ച് എനിക്ക് കാവൽ നിന്നു. എന്നിട്ടും ഏറ് വന്നു. കവലയിൽ റോഡ് പണിക്കിറക്കിയിട്ട ഒന്നാന്തരം കരിങ്കല്ലിന്റെ ബോളർ കൊണ്ടാണ് എറിയുന്നത്. ഏറ് നടുമ്പുറത്തും കാലിലും വന്നു കൊള്ളും. കയ്യിൽ നിന്ന് ഫ്ലൂറസൻറ് പാത്രം തെറിച്ച് ചുമരിൽ ചായം പടർന്ന് അക്ഷരങ്ങൾ വികൃതമാവും. നടുമ്പുറത്ത് ചോര പൊടിയും. സഖാക്കൾ ഏറു വന്ന ദിക്കിലേക്ക് ഓടും, എറിഞ്ഞവർ അപ്പഴേക്കും സ്ഥലം വിട്ടിരിക്കും. പിന്നീട് എന്റെ തൊട്ടടുത്ത് കാവൽ നിൽക്കാതെ, സഖാക്കൾ നാല് ദിക്കിലുമായി മാറി നിന്നു. എറിയാൻ കല്ലുകൾ തോർത്തിൽ പൊതിഞ്ഞു കൊണ്ടു വന്നവരെ പിടികൂടി. അക്കൂട്ടത്തിൽ കോൺഗ്രസുകാരനും ലീഗുകാരനും ബി.ജെ.പിക്കാരും ഉണ്ടായിരുന്നു. മൂന്നു കൂട്ടരും ഒരുമിച്ചും, ചിലപ്പോൾ ഓരോ കൂട്ടർ ഓരോ ദിവസത്തെ ഊഴമിട്ടുമാണ് അക്രമം നടത്തിയത്.
എനിക്കുമാത്രമല്ല ഏറ് കിട്ടിയത്, ഞാൻ എഴുതിയ ബോർഡുകളിൽ മാത്രമല്ല ബ്ലെയിഡ് വെക്കപ്പെട്ടത്, വടകര ലോക്‌സഭാ മണ്ഡലത്തിലെ ഓരോ കവലയിലും ബോർഡുകളും ബാനറുകളും നശിപ്പിക്കപ്പെട്ടു. പാർട്ടി ഓഫീസുകളിലിരുന്ന് ബോർഡുകൾ എഴുതിയ എത്രയോ സഖാക്കളും അനുഭാവികളും ആക്രമിക്കപ്പെട്ടു.
മനുഷ്യർ വിയർത്തും ഉറക്കമിളച്ചും അടികൊണ്ടും തല്ലു കൂടിയും ഏറുകൊണ്ടും തിരിച്ചെറിഞ്ഞും നേടിയ വിജയമായിരുന്നു കെ.പി. ഉണ്ണികൃഷ്ണൻ എന്ന ആ മനുഷ്യന്റെത്. പിന്നീട് ആ മനുഷ്യൻ കോൺഗ്രസിലേക്കുതന്നെ മടങ്ങിപ്പോയി.
ആകെ പുകഞ്ഞുകത്തിയ ആ തിരഞ്ഞെടുപ്പിൽ വടകര മണ്ഡലത്തിൽ നിന്ന്
കെ. പി. ഉണ്ണികൃഷ്ണൻ ഇടതുപക്ഷ സ്ഥാനാർത്ഥിയായി വിജയിച്ചു. അതൊരു വെറും തിരഞ്ഞെടുപ്പ് വിജയമല്ല. ഇന്നത്തെയത്ര മലീമസമാവാത്ത രാഷ്ട്രീയത്തിൽ, ഇടതുപക്ഷം പൊരുതിത്തന്നെ നേടിയ രാഷ്ട്രീയവിജയമായിരുന്നു അത്. ലീഗിനും ബി.ജെ.പിക്കും ഒപ്പം കൂടി കോൺഗ്രസുകാർ എറിയാൻ എടുത്ത കല്ലും, എറിഞ്ഞ കല്ലും അവരുടെ മുഖത്തേക്കുതന്നെ ജനം തിരിച്ചെറിഞ്ഞു.
ബേപ്പൂർ നിയമസഭാ മണ്ഡലത്തിൽ, കെ. മാധവൻകുട്ടിയും പരാജയപ്പെട്ടു. ആ വിജയം സഖാക്കളും ഇടതുപക്ഷവും ആഘോഷിച്ചു. തുടർഭരണം കിട്ടുമെന്ന് ഏതാണ്ടുറപ്പിച്ച ഇലക്ഷനായിരുന്നു അത്. രാജീവ് ഗാന്ധിയുടെ വധം തീർത്ത സഹതാപ തരംഗമില്ലായിരുന്നെങ്കിൽ അന്നേ ഇടതുപക്ഷം തുടർഭരണം നേടുമായിരുന്നു. ഇടതുപക്ഷത്തിന് തുടർഭരണം കിട്ടിയതുകൊണ്ട് കേരളം അപ്പടി സ്വർഗമായി മാറും എന്ന മിഥ്യാധാരണയൊന്നും ഈയുള്ളവനില്ല. ഒരുപാട് മനുഷ്യർ വിയർത്തും ഉറക്കമിളച്ചും അടികൊണ്ടും തല്ലു കൂടിയും ഏറുകൊണ്ടും തിരിച്ചെറിഞ്ഞും നേടിയ വിജയമായിരുന്നു കെ.പി. ഉണ്ണികൃഷ്ണൻ എന്ന ആ മനുഷ്യന്റെത്. പിന്നീട് ആ മനുഷ്യൻ കോൺഗ്രസിലേക്കുതന്നെ മടങ്ങിപ്പോയി. അങ്ങനെ മടങ്ങുമ്പോൾ അയാൾ ഓർത്തിട്ടുണ്ടാവില്ല, അയാളെ ജയിപ്പിച്ചെടുക്കാൻ വടകര മണ്ഡലത്തിൽ രക്തം വിയർപ്പാക്കിയ മനുഷ്യരെ, റബ്ബർ വെട്ടി കിട്ടുന്ന കുറഞ്ഞ വേതനത്തിൽനിന്ന് അയാൾ ജയിക്കാൻ വേണ്ടി ഒരുപാട് ചെലവിട്ട മനുഷ്യരെ, കരിങ്കല്ല് ചുമന്നും ലോഡിറക്കിയും തളർന്ന മനുഷ്യർ ആ പ്രതിഫലത്തിൽ നിന്ന് വാങ്ങിയ ചുവന്ന നിറമുള്ള ഫ്ലൂറസെൻറിനെ ഈയുള്ളവൻ ഓർക്കുന്നുണ്ട്, ആ കറുപ്പും ചുവപ്പും തുണികളെ ഓർക്കുന്നുണ്ട്.
എനിക്കായി സുരക്ഷ തീർത്ത് ചുറ്റും നിന്ന സഖാക്കളെ, അവരുടെ അർപ്പണബോധത്തെ, തങ്ങൾക്ക് ഏറുകൊണ്ടാലും തങ്ങളുടെ സ്ഥാനാർത്ഥിക്കുവേണ്ടി ചുമരെഴുതുന്നവന് ഏറുകൊള്ളാതിരിക്കാൻ എല്ല് വിറപ്പിക്കുന്ന ആ തണുത്ത കാറ്റുകളെ ബീഡിച്ചൂടുകൊണ്ട് നേരിട്ട പ്രിയ സഖാക്കളെ ഈയുള്ളവൻ ഇപ്പോഴും ഓർക്കുന്നുണ്ട്. ഞങ്ങൾ ഒന്നിച്ച് കപ്പപ്പുഴുക്ക് തിന്നു. ഒന്നിച്ച് ചുമരുകളിൽ ഡിസ്റ്റംബറടിച്ചു. പട്ടികകൾ കൊണ്ട് ഒരുമിച്ച് ബോർഡുകളുണ്ടാക്കി. വെള്ള ഡിസ്റ്റംബർ കൊണ്ട് ബാനറുകളിൽ ഞാൻ എഴുതിയ, കെ.പി. ഉണ്ണികൃഷ്ണന്റെ പേരിന്മേൽ ചുവന്ന ഫ്ലൂറസെൻറ് ചായം തേച്ചുപിടിപ്പിക്കുന്ന സഖാക്കളെയെല്ലാം എനിക്ക് ഓർമയുണ്ട്.
ഓരോ ഇലക്ഷൻ കാലത്തും പ്രതിഫലമൊന്നുമില്ലാതെ പ്രവർത്തിക്കുന്ന എത്രയോ സഖാക്കളും അനുഭാവികളും എന്റെ ജീവിത പരിസരങ്ങളിലുണ്ട്. എന്താണ് അവർ ഇതുകൊണ്ട് നേടുന്നത് എന്നുചോദിച്ചാൽ, ലാഭനഷ്ടങ്ങൾ കണക്കുകൂട്ടി നോക്കുന്ന ഒരു കച്ചവടമല്ല അവർക്ക് രാഷ്ട്രീയപ്രവർത്തനം. അതവരുടെ ചോരയിലുള്ളതാണ്. ജനിതകമായി പോലും കിട്ടിയേക്കാവുന്ന മതബോധത്തെ പിന്തള്ളി, നല്ല നാളെയെ കുറിച്ചുള്ള അവരുടെ രാഷ്ട്രീയസ്വപ്നങ്ങളിലാണ് വർത്തമാനകേരളം നിലനിന്നുപോരുന്നത്. അവരുടെ ചെറിയ ചെറിയ അവിവേകങ്ങളെ പൊറുക്കാൻ മാത്രം നന്മ അവരിലുണ്ട്. അത് അടിസ്ഥാനപരമായി മനുഷ്യനന്മ തന്നെയാണ്. കക്ഷിരാഷ്ട്രീയത്തിന്റെ അരിപ്പയിൽ അരിച്ചെടുത്താലും അവരിൽ ആ നന്മ ബാക്കിയാവുക തന്നെ ചെയ്യും. ▮