കുറ്റ്യാടിയിലെ ​പൊക്കിൾക്കൊടികൾ

അവനും കോഴിക്കോട് നഗരത്തിൽ കുറെ കാലമുണ്ടായിരുന്നു. ആഗസ്റ്റ് ഒന്ന് എന്ന സിനിമ ഞങ്ങൾ രണ്ടാളും ബ്ലൂ ഡയമണ്ട് തിയറ്ററിലെ ബാൽക്കണിയിലിരുന്ന് റിലീസ് ദിവസം തന്നെ കണ്ടിട്ടുണ്ട്. ഒരുപക്ഷേ ഞങ്ങൾ അടുത്തടുത്ത സീറ്റുകളിലാവും ഇരുന്നിട്ടുണ്ടാവുക. അവനും ഞാനും രൂപത്തിൽ വല്ലാതെ മാറിയിരുന്നല്ലോ.

തൊട്ടിൽപ്പാലത്ത് ബസിറങ്ങിയപ്പോൾ തന്നെ, ആ അങ്ങാടിച്ചുമരുകളിൽ ഒരു പെൺകുട്ടിയുടെ ചിത്രമുള്ള ചെറിയ പോസ്റ്ററുകൾ പതിച്ചുവെച്ചിരിക്കുന്നത് കണ്ടു.

പ്രകാശിക്കുന്ന രണ്ട് വലിയ കണ്ണുകൾ.
മുടി പാതിയും മറച്ച തട്ടം.
കുട്ടിത്തം തോന്നിക്കുന്ന മുഖം.

ഏതോ പാരലൽ കോളേജിൽ നിന്ന് പ്രീ ഡിഗ്രിക്ക് റാങ്ക് നേടിയ പെൺകുട്ടിയുടെ ഫോട്ടോയായിരുന്നു അത്. മികച്ച വിജയമെന്നും വിജയിക്ക് അഭിനന്ദനങ്ങൾ എന്നും വായിച്ചപ്പോൾ അപരിചിതയായ ആ പെൺകുട്ടിയോട് എനിക്കസൂയ തോന്നി. എനിക്ക് കിട്ടാതെ പോയ വിദ്യാഭ്യാസത്തിന്റെയും വിജയങ്ങളുടെയും സങ്കടവും കുശുമ്പും ആ അസൂയയിലുണ്ടായിരുന്നു. കുണ്ടുതോട് എത്തുവോളം ചുമരുകളിലും ഇലക്​ട്രിക്​ പോസ്റ്റുകളിലും ആ പെൺകുട്ടി ചിരിച്ചുനിന്നു. കുണ്ടുതോട് കവലയിലും അവളുടെ വിജയത്തിന്റെ വിളംബരങ്ങൾ പതിച്ചുവെച്ചിരുന്നു.

ഹോട്ടലിൽ നിന്നിറങ്ങിയ അമ്മാവൻ മീൻ വാങ്ങാൻ പോയി. കൂടെ പോവാതെ ഞാനാ ബാർബർ ഷോപ്പിന്റെ വരാന്തയിൽനിന്ന് കവലയെ നോക്കിക്കണ്ടു. ശബ്ദങ്ങളും ആളുകളും ഉണ്ടായിട്ടും കവല നിശബ്ദമായും ഏകാന്തമായും കിടന്നു.
മഴ നനഞ്ഞ പാതകളിൽ വെള്ളം കെട്ടി നിന്നു.

മൂന്നുവശത്തും കുന്നുകളായിരുന്നു. മുമ്പിലെ കുന്നിനപ്പുറം സൂര്യൻ അസ്തമനത്തിന്റെ അവസാന നിമിഷങ്ങളിൽ ചുവന്നുനിന്നു. നാളെ ഉദിക്കാൻ വേണ്ടി എന്നും ഇവിടെ അപ്രത്യക്ഷമാവുന്ന ആ ചുവന്ന ഗോളം നോക്കിനിൽക്കെ ഞാൻ ഉമ്മാനെ ഓർത്തു, രക്തബന്ധങ്ങളെ ഓർത്തു, മണിയെയും തങ്കരാജിനെയും ഓർത്തു, ഓർമകളൊന്നും അത്ര സുഖകരമല്ലാത്തതിനാൽ അവ തെറിച്ചു പോവാനായി ഞാൻ തല കുടഞ്ഞു. പലതും തെറിച്ചു പോയെങ്കിലും എച്ചിൽ മണങ്ങൾ മാത്രം തെറിച്ചുപോയില്ല. ഞാൻ കൈകൾ മണത്തുനോക്കി. തൊട്ടു മുമ്പ് കഴിച്ച കപ്പപ്പുഴുക്കിന്റെ മണത്തിനും അപ്പുറം അനേകം മനുഷ്യരുടെ ഉമിനീരും മൂക്കളയും കൂടിക്കുഴഞ്ഞ എച്ചിലിന്റെ മണം, ഇനിയൊരിക്കലും മാഞ്ഞുപോവാത്ത വണ്ണം അവിടെയുണ്ടായിരുന്നു.

എച്ചിൽ മണക്കുന്ന അതേ കൈ കൊണ്ട് ഞാൻ കവിളിൽ തൊട്ടു. അവിടെ ആ സ്ത്രീയുടെ അടി കൊണ്ട് ഉണ്ടായ പാട് വിരലിൽ തടയുന്ന നേർത്ത രേഖയായി പതിഞ്ഞുകിടന്നിരുന്നു. മീനും കപ്പയും വാങ്ങി വന്ന് അമ്മാവൻ എന്നെ വിളിച്ചു, ‘നമുക്ക് പോയാലോ?'

ഇരുണ്ടു തുടങ്ങിയ ആ അന്തരീക്ഷത്തിലൂടെ ജലമൊഴുകുന്ന സംഗീതവും കേട്ട്, ഞാൻ അമ്മാവന്റെ പിന്നിലായി നടന്നു. മൂപ്പർ അണ്ടർവെയറിൽ നിന്ന് ചെറിയ ടോർച്ചെടുത്ത് തെളിയിച്ചു. നീണ്ട പുകച്ചുരുളായി ആ വെളിച്ചം പാതയിലേക്ക് നീണ്ടുകിടന്നു.

മറുപടി ഒന്നും പറയാതെ ഞാനാ മനുഷ്യന്റെ പിന്നാലെ നടന്നു. പരിചയക്കാരോടൊക്കെ അമ്മാവൻ ചുരുങ്ങിയ വാക്കുകളിൽ കുശലം പറഞ്ഞു. അവർക്കൊക്കെ എന്നെ പരിചയപ്പെടുത്തുകയും ചെയ്തു. അക്ഷരങ്ങൾ മാഞ്ഞുപോയ ടെക്‌സ്‌റ്റൈൽസ് കവറിൽ അതുവരെയുള്ള എന്റെ സമ്പാദ്യം ഭാരിച്ചുകിടന്നു. ആ ഭാരം കക്ഷത്തിൽ വെച്ച് റബ്ബർ തോട്ടത്തിനുനടുവിലെ ഒറ്റയടിപ്പാതയിലൂടെ ഞാൻ നടന്നു. റബ്ബർ തോട്ടങ്ങളിലെ ഏകാന്തതയും കുളിരും എനിക്ക് തിരികെ കിട്ടുകയായിരുന്നു. പെരുംചിലമ്പിൽ വച്ച് നഷ്ടമായ അനേകം ഗന്ധങ്ങളും ചെറുജീവികളുടെ കരച്ചിലും തിരികെ കിട്ടുകയായിരുന്നു. അമ്മാവന്റെ പരിചയക്കാരോട് പേര് പറഞ്ഞും, കരിയില ചതുപ്പിലേക്കിറ്റി വീഴുന്ന മഴത്തോർച്ചയുടെ സംഗീതം കേട്ടും എന്റെയുള്ളിൽ എന്തൊക്കെയോ നിറയുകയായിരുന്നു. ഏറെക്കാലം തരിശായി കിടന്ന ഇടങ്ങളിൽ റബ്ബർ മരങ്ങളുടെ മണമുള്ള കുഞ്ഞുപൂവുകൾ വിരിയുകയായിരുന്നു.

നടന്നുകൊണ്ടിരുന്ന ഒറ്റയടിപ്പാത ഒരു നീർച്ചാലിനടുത്തെത്തിയപ്പോൾ രണ്ടായി പിരിഞ്ഞു. അമ്മാവൻ കടന്ന വഴിയിൽ, നീർച്ചാലിനുമുകളിൽ നടു പൊളിച്ച തെങ്ങിൻ പാത്തികൾ പാലമായി കിടന്നു. ആ പാലത്തിലൂടെ നടക്കുമ്പോൾ താഴെ കണ്ണീർ തെളിച്ചമുള്ള ജലത്തിലൂടെ വാലിൽ മഞ്ഞ പുള്ളികളുളള കുഞ്ഞ് പരൽ മീനുകൾ നീന്തുന്നത് കണ്ടു.
ചെടയാറിൽ എനിക്ക് നഷ്ടമായ അതേ മീനുകൾ. അതേ നിറം. അതേ ജലം.

തൊട്ടടുത്ത് തങ്കരാജ് ഉണ്ടെന്ന തോന്നലിൽ ഞാൻ എന്തോ പറഞ്ഞുപോയി. അമ്മാവൻ തിരിഞ്ഞു നോക്കി ചിരിച്ചു, ‘അനക്കീ സ്ഥലം ഇഷ്ടായോ?'

ഞാൻ മൂളി. പാലം കടന്നപ്പോൾ പാതയ്ക്ക് വീതി കൂടി. മഴ നനഞ്ഞ പുല്ലുകളിൽ കുഞ്ഞുപൂവുകൾ വിരിഞ്ഞുനിന്നു. വയലറ്റും മഞ്ഞയും നിറമുള്ള തീരെ ചെറിയ പൂവുകൾ. കയ്യിലെടുത്ത് സൂക്ഷിച്ചുനോക്കിയാൽ മഞ്ഞയിൽ ചുവപ്പും, വയലറ്റിൽ വെള്ളയും തരികളുള്ള കുഞ്ഞുപൂവുകൾ. ഏറെക്കാലം എന്റെ വഴിയടയാളങ്ങളായി മാറിയത് ആ ഇത്തിരി കുഞ്ഞൻ പൂക്കളാണ്. അവയെ കയ്യിലിട്ട് ഞരടിയാൽ മഞ്ഞയും വയലറ്റും നിറങ്ങൾ കയ്യിൽ പടരുമായിരുന്നു.

നടക്കുന്ന പാതയ്ക്കും താഴെ നീർച്ചാല് ഒഴുകി. ഇപ്പോൾ അതിന് വീതിയും ആഴവുവുണ്ട്. അതിലെ പരൽമീനുകൾക്ക് ഇത്തിരി കൂടി വലുപ്പമുണ്ട്. മുകളിലും റബ്ബർ മരങ്ങളായിരുന്നു. തട്ടുതട്ടായി കയറ്റം കയറുന്ന റബ്ബർ മരങ്ങൾ. ആ മരങ്ങളുടെ ഇടയിലേക്ക് സന്ധ്യയുടെ അവസാനതരി വെളിച്ചം പച്ച സുഷിരങ്ങളിലൂടെ കടന്നുവന്നു. വെളിച്ചത്തിൽ മരങ്ങളിൽ കൊളുത്തിയിട്ട ചിരട്ടകൾ ചുവന്നു.

നടത്തം നിർത്തി മുമ്പിലെ ഇലക്​ട്രിക്​ പോസ്റ്റിൽ പതിച്ചു വച്ചിരുന്ന വിജയിയുടെ ചിത്രത്തിലേക്ക് ചൂണ്ടി അമ്മാവൻ ചോദിച്ചു, ‘അത് ആരാന്നറിയോ അനക്ക് ? '

ഞാൻ അറിയില്ലെന്ന് തലയാട്ടി.

‘അത് അന്റെ താത്തയാണ്'

ഏത് താത്ത, എങ്ങനെയുള്ള ബന്ധത്തിലെ താത്ത എന്നറിയാതെ ഞാനാ ചിത്രത്തിലേക്ക് അന്തംവിട്ട് നോക്കി.

‘എടാ, അത് ഇന്റെ മോളാണ്, പേര് റംല.'

അമ്മാവന്റെ മകൾ, ഞാനിതുവരെ കണ്ടിട്ടില്ലാത്ത സഹോദരി. ഏതൊക്കെ വഴിയോരങ്ങളിലാണ് എന്റെ ബന്ധങ്ങൾ അടയാളപ്പെട്ട് കിടക്കുന്നതെന്ന് ഞാൻ അത്ഭുതപ്പെട്ടു.

‘രണ്ടാമത്തോളാണ്', അമ്മാവൻ അഭിമാനത്തോടെ പറഞ്ഞു.
‘പത്തിലും ഓൾക്ക് ഫസ്റ്റ് ക്ലാസുണ്ടായിരുന്നു.'

ഉള്ളിലെ കുശുമ്പും അസൂയയുമൊക്കെ മെല്ലെ മെല്ലെ ഒഴുകിപ്പോയി. ഇരുണ്ടു തുടങ്ങിയ ആ അന്തരീക്ഷത്തിലൂടെ ജലമൊഴുകുന്ന സംഗീതവും കേട്ട്, ഞാൻ അമ്മാവന്റെ പിന്നിലായി നടന്നു. മൂപ്പർ അണ്ടർവെയറിൽ നിന്ന് ചെറിയ ടോർച്ചെടുത്ത് തെളിയിച്ചു. നീണ്ട പുകച്ചുരുളായി ആ വെളിച്ചം പാതയിലേക്ക് നീണ്ടുകിടന്നു. ആ വെളിച്ചത്തിലൂടെ ഞങ്ങൾ നടന്നു. രാത്രിയുടെ ജീവികൾ ഉണരാൻ തുടങ്ങി. നടക്കുന്ന പാതയുടെ ഒരറ്റത്ത് എത്തിയപ്പോൾ അമ്മാവൻ പറഞ്ഞു

‘ഇനി കയറ്റാണ്, വഴുക്കും ശ്രദ്ധിക്കണം.'

മൂപ്പർ ചെരിപ്പൂരി കൈയിൽ പിടിച്ചു. കുത്തനെയുള്ള റബ്ബർ തോട്ടത്തിൽ ചരലും കരിങ്കല്ലുകളും തെറിച്ചു കിടന്ന പാത. ഞാനും എന്റെ അടി തേഞ്ഞ ചെരിപ്പൂരി കയ്യിൽ പിടിച്ചു. പാത പരിചയമില്ലാത്തതിനാൽ എനിക്ക് ഇടയ്ക്കിടെ കൈ രണ്ടും നിലത്ത് കുത്തി കയറ്റം കയറേണ്ടിവന്നു. പാതയുടെ ഒരു വശത്തായി രണ്ട് ഓലവീടുകളുണ്ടായിരുന്നു.
ഓലച്ചുമരുകളും ഓലവാതിലും ഓലയുടെ മേൽക്കൂരയുമുള്ള വീടുകൾ.

ഞാനാ വീട് കണ്ടു, വരാന്തയിലെ ചാരുപടിയിലിരിക്കുന്ന രൂപങ്ങളെ കണ്ടു. അവർക്കുപിറകിൽ, ചുമരിലെ സ്റ്റാൻഡിൽ മണ്ണെണ്ണ വിളക്കെരിഞ്ഞു.
അമ്മായിയും ആ വീട്ടിലെ നാലു മക്കളും ഒരു മരുമകളും, 14ാം വയസ്സിൽ നാടും വീടും വിട്ടുപോയ ഞാനെന്ന വിചിത്രജന്തുവിനെ കാണാനായി കാത്തിരുന്നു.

ആ വീടിന്റെ വരാന്തയിൽ മെഴുകുതിരികൾ എരിഞ്ഞു.
അവിടുന്നങ്ങോട്ട് ഇലക്​ട്രിക്​ പോസ്റ്റുകളില്ലായിരുന്നു. മുകളിൽ ആകാശത്തേക്ക് കയറിപ്പോകുന്ന ആ കുന്നിൽ പലയിടത്തായി മെഴുകുതിരികളും മണ്ണെണ്ണ വിളക്കുകളും വെളിച്ചപ്പൊട്ടുകളായി തെളിഞ്ഞുനിന്നു. കയറ്റം കയറിയെത്തിയ സമതലത്തിൽ കൽച്ചുമരുകളുള്ള ചെറിയൊരു കെട്ടിടമുണ്ടായിരുന്നു. അമ്മാവൻ വായിൽ വിരൽ വെച്ച് ഉച്ചത്തിൽ ഒച്ചയുണ്ടാക്കി. അതേ ട്യൂണിൽ, മറുപടി ഒച്ചയും വന്നു.

വിസിലടിക്കും പോലത്തെ ആ ഒച്ചയിൽനിന്ന്, അതിന്റെ ചെറിയ ചെറിയ സ്വര ദേദങ്ങളിൽ നിന്ന്, അന്നാട്ടിലെ ആളുകൾ പരസ്പരം തിരിച്ചറിഞ്ഞു. മണ്ണെണ്ണ വിളക്കെരിയുന്ന ആ കെട്ടിടത്തിൽനിന്ന് ആരോ ഉറക്കെ വിളിച്ചു ചോദിച്ചു, ‘മരക്കാർ മാപ്പിളേ, പയ്യനെ കിട്ടിയോ?'

‘കിട്ടി ' എന്നു പറഞ്ഞ്​ അമ്മാവൻ അവിടേക്ക് നടന്നു. കൂടെ പോവണോ അതോ ഇരുട്ടത്ത് തനിച്ചുനിൽക്കണോ എന്ന ആശങ്കയിൽ ഞാൻ അവിടെത്തന്നെ നിന്നു. കവുങ്ങിൻ പൂക്കളുടെ മണമുള്ള തണുത്ത കാറ്റുകൾ എന്നെ കടന്നുപോയി. ഒപ്പം ശബ്ദമുണ്ടാക്കി ഒരു കൂട്ടം പക്ഷികളും. അമ്മാവൻ ചെന്ന ദിക്കിൽ നിന്ന് ടോർച്ചിന്റെ ശക്തിയായ വെളിച്ചം മുഖത്തുവീണു. ഞാൻ അറിയാതെ കൈ കൊണ്ട് മുഖം പൊത്തി. അപ്പുറത്ത് കൂട്ടച്ചിരി മുഴങ്ങി. വെളിച്ചത്തിനുനേർക്ക് മുഖം പൊത്തുന്ന ഒരു കുട്ടിയെ അവർ ആദ്യമായി കാണുകയായിരിക്കണം.

‘ഇങ്ങട്ട് വായോ’, ആരോ എന്നെ വിളിച്ചു.
വിളിച്ചത് അമ്മാവനല്ലാത്തതിനാൽ ഞാൻ അങ്ങോട്ട് ചെന്നില്ല. ആകാശത്ത് നക്ഷത്രങ്ങൾ തെളിയാൻ തുടങ്ങിയിരുന്നു. കരിംപച്ചകൾ പൊതിഞ്ഞു നിന്ന ആ കുന്നിൻ പുറത്തെ ആകാശം, നിറയെ നക്ഷത്രങ്ങളുമായി കമഴ്ന്നു കിടന്നു. കുറുക്കന്മാർ ഓലിയിട്ടു. അതുകേട്ട് എവിടുന്നൊക്കെയോ നായ്ക്കൾ കുരച്ചു. അമ്മാവൻ ബീഡിയും പുകച്ച് മടങ്ങിവന്നു. ഒരു ബീഡി കിട്ടിയിരുന്നെങ്കിൽ എന്ന തീവ്രമായ ആഗ്രഹം ചവിട്ടിയമർത്തി ഞാൻ മൂപ്പരുടെ പിന്നാലെ നടന്നു. സമതലം അവസാനിക്കുന്ന ഇടത്ത് എത്തിയപ്പോൾ അമ്മാവൻ പറഞ്ഞു, ‘ഇഞ്ഞും കയറ്റം തന്നെയാണ്. നല്ലോണം ശ്രദ്ധിച്ചോണ്ടീ.’

ഞാൻ വീണ്ടും ചെരിപ്പൂരി കൈയിൽ പിടിച്ചു.
മലകളിൽ പെയ്തു തോർന്ന മഴയുടെ ഓർമകളുമായി കടും ചായയുടെ നിറമുള്ള ജലം ഒഴുകി വന്നു. രണ്ടു കാലിലും പലപ്പോഴും നാലു കാലിലുമായി ഞാനാ ചെളി വെള്ളത്തിലൂടെ നടന്നു. ഇരുവശത്തും ഒറ്റപ്പെട്ട വീടുകൾ. എല്ലാ വീടുകൾക്കും ഓലമേൽക്കൂര. എല്ലാ വരാന്തകളിലും മണ്ണെണ്ണ വിളക്കുകളെരിഞ്ഞു. ആ വെളിച്ചത്തിലിരുന്ന് കുട്ടികൾ സ്‌കൂൾ പാഠങ്ങൾ ഉറക്കെ ചൊല്ലിപ്പഠിച്ചു.

ഏതെങ്കിലും ഒരു ദേശത്ത് അവൻ ജീവനോടെയുണ്ടാവുമെന്ന് വിശ്വസിച്ചത് ഉമ്മ മാത്രമാണ്. ഉമ്മ ഓരോ വിശേഷദിവസങ്ങളിലും അവനെയോർത്ത് കരഞ്ഞു. അവനുവേണ്ടി നേർന്ന നേർച്ചകളെല്ലാം പാഴായി പോവുന്നതിൽ വേദനിച്ചു.

അണച്ചും കിതച്ചും ഞരങ്ങിയും ഞാനാ കയറ്റം മുഴുവൻ കയറിത്തീർത്തു. എന്റെ ഉടുമുണ്ട് ചെളിവെള്ളത്തിൽ നനഞ്ഞുകുതിർന്നു. തണുത്ത കാറ്റിൽ ശരീരമൊന്നാകെ വിറച്ചു. കയറ്റം അവസാനിച്ച് പാത ഇരുവശത്തേക്കായി പിരിഞ്ഞു. ആ സന്ധിയിൽനിന്ന് ഇടത്തേക്കുള്ള വഴിയിലേക്ക് അമ്മാവൻ തിരിഞ്ഞു. എന്നിട്ട് ടോർച്ച് നീട്ടിയടിച്ചുകൊണ്ട് പറഞ്ഞു, ‘അതാണ് നമ്മളെ പൊര.'

ഞാനാ വീട് കണ്ടു, വരാന്തയിലെ ചാരുപടിയിലിരിക്കുന്ന രൂപങ്ങളെ കണ്ടു. അവർക്കുപിറകിൽ, ചുമരിലെ സ്റ്റാൻഡിൽ മണ്ണെണ്ണ വിളക്കെരിഞ്ഞു.
അമ്മായിയും ആ വീട്ടിലെ നാലു മക്കളും ഒരു മരുമകളും, 14ാം വയസ്സിൽ നാടും വീടും വിട്ടുപോയ ഞാനെന്ന വിചിത്രജന്തുവിനെ കാണാനായി കാത്തിരുന്നു.

എന്റെ വീട്ടിൽ നിന്ന് നാടുവിട്ടുപോയ ആദ്യത്തെ ആൾ ഞാനല്ല. ഞാൻ ആറിൽ പഠിക്കുമ്പോൾ പെരുംചിലമ്പിലെ വീട്ടിൽനിന്ന്, ചെറിയാക്ക എന്ന് ഞങ്ങൾ വിളിക്കുന്ന രണ്ടാമത്തെ ഏട്ടനുമായി വഴക്കിട്ട് ഹനീഫയെന്ന മറ്റൊരു ഏട്ടൻ നാടുവിട്ടുപോയിരുന്നു. അവനന്ന് എട്ടാം ക്ലാസ് പരീക്ഷ കഴിഞ്ഞുനിൽക്കുന്ന സമയമാണ്. കുമാരപുരത്തെ വലിയ സ്‌കൂളിൽ ചേരാൻ അവന് മടിയില്ലായിരുന്നു.
അതുമായി ബന്ധപ്പെട്ട എന്തോ വഴക്കിലാണ് അവൻ പോയത്.

ഏറെക്കാലം ഉമ്മ അവനെയോർത്ത് കരഞ്ഞു, വേദനിച്ചു.
അവന്റെ കൂടെ പോയ രണ്ടു കുട്ടികൾ മടങ്ങിവന്നെങ്കിലും അവൻ വന്നില്ല. അവൻ കേരളത്തിലേക്ക് പോയി എന്നുമാത്രമേ ആ കൂട്ടുകാർക്കും അറിയുമായിരുന്നുള്ളൂ. കേരളത്തിൽ എവിടെയെന്ന് ആർക്കും അറിയില്ലായിരുന്നു. ഉപ്പ കോട്ടക്കലിലേക്ക് പോയ അവസരങ്ങളിലെല്ലാം അവനെ അവിടെ തിരഞ്ഞതാണ്.
അവൻ എവിടേക്കാണ് പോയതെന്ന് കൃത്യമായി അറിയാൻ അക്കാലത്ത്​ ഒരു വഴിയുമില്ലായിരുന്നു.

എന്റെ നേരെ മൂത്ത ആളായ ഉമ്മറിന്റെയും മൂത്തതായിരുന്നു അവൻ. പഠിക്കാൻ മിടുക്കാൻ. ഓരോ ക്ലാസിലും ഒന്നാമൻ. അവൻ നാടുവിട്ടുപോയി കുറച്ചുകാലം കഴിഞ്ഞാണ് ചെറിയാക്കാന്റെ ആത്മഹത്യാശ്രമവും, അതുകാരണം ആ നാടും വീടും വിട്ട് ഞങ്ങളുടെ കുടുംബം മാതാപിതാക്കളുടെ ജന്മദേശത്തേക്ക് വരുന്നതും. പെരുംചിലമ്പിൽ നിന്നുള്ള ആ ലോറിയാത്രയിൽ അവൻ മാത്രം ഞങ്ങളുടെ കൂടെ ഇല്ലായിരുന്നു.

ഏതെങ്കിലും ഒരു ദേശത്ത് അവൻ ജീവനോടെയുണ്ടാവുമെന്ന് വിശ്വസിച്ചത് ഉമ്മ മാത്രമാണ്. ഉമ്മ ഓരോ വിശേഷദിവസങ്ങളിലും അവനെയോർത്ത് കരഞ്ഞു. അവനുവേണ്ടി നേർന്ന നേർച്ചകളെല്ലാം പാഴായി പോവുന്നതിൽ വേദനിച്ചു. അവനും അന്ന് മലയാളം സംസാരിക്കാൻ മാത്രമേ അറിയാമായിരുന്നുള്ളൂ. എഴുതാനോ വായിക്കാനോ അറിയുമായിരുന്നില്ല.

ഒരേ ഹാളിൽ രണ്ടര മണിക്കൂറോളം ഒരുമിച്ചിരുന്നിട്ടും ഞങ്ങൾ പരസ്പരം തിരിച്ചറിഞ്ഞില്ല എന്നത് എന്നെ ഇന്നും അത്ഭുതപ്പെടുത്തുന്ന കാര്യമാണ്. അതിലും അത്ഭുതമാണ്, പഴയ മാനേജർ ബുഹാരി ഹോട്ടലിലുണ്ടായിരുന്നപ്പോൾ, അവനവിടെ കയറി പലതവണ ഭക്ഷണം കഴിച്ചു എന്നത്.

കാലങ്ങൾക്കുശേഷം കുറ്റ്യാടിയിൽനിന്ന് അമ്മാവന്റെ മക്കൾക്കൊപ്പം ഞാൻ രണ്ടാമത്തെ പെങ്ങളുടെ കല്യാണത്തിന് വീട്ടിലെത്തുമ്പോൾ അവിടെ അവനുണ്ടായിരുന്നു. നീട്ടിവളർത്തിയ മുടിയും ബാഗി പാന്റും ലൂസ് ഷർട്ടും കയ്യിൽ സ്റ്റീലിന്റെ വളയുമൊക്കെ ഇട്ട, ഒരാൾ ജനൽക്കമ്പികൾക്ക് പെയിൻറടിച്ചുകൊണ്ട്​ നിന്നു. ആ മുഖം ഓർമയുടെ മഴമറവുകളിൽ തെളിഞ്ഞെങ്കിലും, വ്യക്തമായി ഓർത്തെടുക്കാൻ എനിക്ക് കഴിഞ്ഞില്ല. എന്നെ കണ്ടതും ഞാൻ വരുന്നുണ്ടെന്ന് മുൻകൂട്ടി അറിവുള്ളതുകൊണ്ടും അവനെന്നെ പെട്ടെന്ന് തിരിച്ചറിഞ്ഞു. അവനെ തന്നെ തുറിച്ചു നോക്കുന്ന എന്നോട് അവൻ ചിരിയോടെ ചോദിച്ചു, ‘എന്തെടേയ് ഇങ്ങനെ നോക്കണത്?'

പിറകിൽനിന്ന ഉമ്മയാണ്, അത് പണ്ട് പെരുംചിലമ്പിൽ നിന്ന് നാടുവിട്ടുപോയ എന്റെ ഏട്ടനാണെന്ന് പറഞ്ഞുതന്നത്. കയ്യിൽ സ്റ്റീൽവളയിട്ട് ചിരിച്ചു നിൽക്കുന്ന അവനെ ഞാൻ വേദനയോടെ നോക്കി. ഒരുപാട് അലഞ്ഞിട്ടാണ് അവന് കുടുംബം ഈ നാട്ടിലാണെന്ന് കണ്ടെത്താനായത്. കണ്ടെത്തിയപ്പോൾ അവിടെ അവന്റെ പാതയിലൂടെ മറ്റൊരാളായി ഞാനും വീടുവിട്ടുപോയിരുന്നു. പിന്നീട് അവനുമായി സംസാരിച്ചപ്പോൾ എനിക്ക് മനസ്സിലായി, അവനും കോഴിക്കോട് നഗരത്തിൽ കുറെ കാലമുണ്ടായിരുന്നു. ആഗസ്റ്റ് ഒന്ന് എന്ന സിനിമ ഞങ്ങൾ രണ്ടാളും ബ്ലൂ ഡയമണ്ട് തിയറ്ററിലെ ബാൽക്കണിയിലിരുന്ന് റിലീസ് ദിവസം തന്നെ കണ്ടിട്ടുണ്ട്. ഒരുപക്ഷേ ഞങ്ങൾ അടുത്തടുത്ത സീറ്റുകളിലാവും ഇരുന്നിട്ടുണ്ടാവുക. അവനും ഞാനും രൂപത്തിൽ വല്ലാതെ മാറിയിരുന്നല്ലോ.

ഒരേ ഹാളിൽ രണ്ടര മണിക്കൂറോളം ഒരുമിച്ചിരുന്നിട്ടും ഞങ്ങൾ പരസ്പരം തിരിച്ചറിഞ്ഞില്ല എന്നത് എന്നെ ഇന്നും അത്ഭുതപ്പെടുത്തുന്ന കാര്യമാണ്. അതിലും അത്ഭുതമാണ്, പഴയ മാനേജർ ബുഹാരി ഹോട്ടലിലുണ്ടായിരുന്നപ്പോൾ, അവനവിടെ കയറി പലതവണ ഭക്ഷണം കഴിച്ചു എന്നത്. അവൻ ഭക്ഷണം കഴിക്കാനിരുന്ന മേശ ഞാൻ തുടച്ചുവൃത്തിയാക്കിയിരിക്കണം. അവന്റെ എച്ചിൽ പത്രങ്ങൾ ഞാൻ എടുത്തിരിക്കണം.

പെരുംചിലമ്പിൽ നിന്ന് കുടുംബം മടങ്ങിപ്പോന്നതറിയാത്ത അവൻ, എങ്ങനെയാണ് ബുഹാരി ഹോട്ടലിൽ മേശ തുടക്കുന്ന അനിയനെ തിരിച്ചറിയുന്നത്? പെരുംചിലമ്പിൽ നിന്ന് നാടുവിട്ടുപോയ ഏട്ടൻ കോഴിക്കോട്ടെ ബുഹാരി ഹോട്ടലിലിരുന്ന് ഭക്ഷണം കഴിക്കുമെന്ന് ഞാനെന്ന അനിയൻ എങ്ങനെ മനസ്സിലാക്കാനാണ്?

ഒരേ ഗർഭപാത്രം പങ്കിട്ട ഏട്ടനും അനിയനും ആ നഗരവഴികളിലൂടെ പരസ്പരം തിരിച്ചറിയാതെ കൂട്ടിമുട്ടി പിരിഞ്ഞുപോയിരിക്കണം. തിയേറ്ററുകളിൽ വച്ച് പരസ്പരം സിഗരറ്റും തീയും കൈമാറിയിരിക്കണം. രണ്ടുപേരെയും ഓർത്ത് വേദനിച്ചത് ഒരേ അമ്മയാണ്.

ജീവിതം എനിക്കായി കരുതിവെക്കുന്ന അത്ഭുതങ്ങളെ ഓർത്ത് ഞാൻ എങ്ങനെ അത്ഭുതപ്പെടാതിരിക്കും? ▮


മുഹമ്മദ്​ അബ്ബാസ്​

മലപ്പുറം ജില്ലയിലെ കോട്ടക്കൽ വലിയപറമ്പിൽ താമസം. പെയിന്റുപണിക്കാരനാണ്. എട്ടാം ക്ലാസുവരെ തമിഴ്‌നാട്ടിൽ പഠിച്ച് ജീവിതവൃത്തി തേടി നാടുവിട്ട് ലോറിയിൽ കയറി മലപ്പുറത്തെത്തി. മലയാളം എഴുതാനും വായിക്കാനും പഠിച്ച് മലയാളത്തിലെയും ലോകസാഹിത്യത്തിലെയും പുസ്തകങ്ങളുടെ വായനയും അവയെക്കുറിച്ചുള്ള എഴുത്തും ലഹരിയായി കൊണ്ടുനടക്കുന്നു. അബ്ബാസിന്റെ വായനയെയും എഴുത്തിനെയും ആവേശത്തോടെ ഏറ്റെടുക്കുന്ന വലിയൊരു വായനാസമൂഹം സമൂഹമാധ്യമങ്ങളിലുണ്ട്. ഒരു പെയിന്റ്പണിക്കാരന്റെ ലോകസഞ്ചാരങ്ങൾ എന്ന പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments