കെയ്​റോയിലെ ആ കുട്ടികളുടെ
കണ്ണുകളിൽ കണ്ടു,കോഴിക്കോട്ടങ്ങാടിയിലെ വിശപ്പ്​

​ആ 23 കുട്ടികൾ എനിക്കുചുറ്റും നിന്ന് ചായക്കുവേണ്ടി ഒന്നിച്ച് അലമുറയിട്ടു. അവരിൽ ചിലർ എന്റെ കുപ്പായത്തിലും പാന്റിലും പിടിച്ചുവലിച്ചു. ഭയം തോന്നിയെങ്കിലും അവരുടെ വികാരങ്ങളില്ലാത്ത കണ്ണുകളിൽ ഞാനെന്റെ കൗമാരം കണ്ടു.

മൂത്ത മകനും ഭാര്യയും മറ്റു രണ്ട് ആൺകുട്ടികളും ഒരു പെൺകുട്ടിയും അമ്മാവനും അമ്മായിയും ഒക്കെ ഉണ്ടായിട്ടും എനിക്ക്​ ആ വീടിന്റെ അന്തരീക്ഷം അപരിചിതമായും ശൂന്യമായും തോന്നി. അവിടുത്തെ ആദ്യ ദിവസങ്ങളിൽ ഞാനാ ചായ്പിൽ നിന്ന് അത്യാവശ്യങ്ങൾക്കുമാത്രം പുറത്തിറങ്ങി. സിമൻറ്​ജാലകത്തിനപ്പുറം കുന്നുകൾക്കുമേൽ കുന്നുകളായി ആകാശം തൊടുന്ന പച്ചപ്പുകൾ കാണാമായിരുന്നു. നേരം പുലരും മുമ്പുതന്നെ അമ്മാവനും മൂത്ത മകനും ടാപ്പിങ്ങിന് പോകും. അവരെ സഹായിക്കാൻ മറ്റു രണ്ട് ആൺമക്കളും ഒപ്പം പോകും.

ഇളയവർ സ്‌കൂളിൽ പഠിക്കുന്ന കുട്ടികളായതിനാൽ അവർ പെട്ടെന്ന് മടങ്ങിവരും. എന്നിട്ട് വന്നതിലും വേഗത്തിൽ ഭക്ഷണം കഴിച്ച്, സ്‌കൂളിലേക്ക് ഓടും. അവരോടൊപ്പം റാങ്കുകാരിയും കോളേജിലേക്കുപോകും. കുറച്ചുകൂടി കഴിഞ്ഞ് അമ്മാവനുള്ള ചായയും പാലെടുക്കാനുള്ള ഇരുമ്പുതൊട്ടിയുമായി അമ്മായിയും പോകും. മരുമകൾ ഭർത്താവിനുള്ള ചായ കൊടുത്ത് മടങ്ങിവരും. മെല്ലിച്ച ഒരു സ്ത്രീയായിരുന്നു അവർ. രണ്ട് ചെറിയ കുട്ടികളുമുണ്ടായിരുന്നു.

മംഗളത്തിന്റെയും മനോരമയുടെയും പഴയ ലക്കങ്ങൾ. വലിയ ഒരു നിധി കണ്ടെത്തിയ സന്തോഷമായിരുന്നു. അതിലെ ജോയ്‌സിയുടെയും ജോസി വാകമറ്റത്തിന്റെയും മെഴുവേലി ബാബുജിയുടെയും പി.വി. തമ്പിയുടെയും തുടർക്കഥകൾ വായിച്ച് ഞാൻ സന്തോഷിച്ചു.

അടുക്കളപ്പുറത്തെ സിമൻറ്​ ടാങ്കിൽനിന്ന് വെള്ളം കോരിയാണ് കുളിക്കുന്നത്. ചുറ്റും വാഴയും തെങ്ങും ഏലമരങ്ങളും തീർത്ത തണലിടങ്ങൾ. എപ്പോഴും ഈർപ്പമുള്ള മണ്ണ്. വരാന്തയിൽ നിന്ന് നോക്കിയാൽ ദൂരെ മലനിരകൾക്കിടയിലെ കൂറ്റൻ കരിമ്പാറക്കെട്ടുകളിലൂടെ ഒലിച്ചിറങ്ങുന്ന കാട്ടരുവിയുടെ വെൺമ കാണാം. ആ വെള്ളച്ചാട്ടം അവിടെ ആരോ കുമ്മായം കൊണ്ട് വരച്ചുവച്ചതാവുമെന്നാണ് ഞാനാദ്യം കരുതിയത്. കുളിക്കുന്നിടത്തുനിന്ന്​ കുറച്ചുതാഴെയാണ് ഓല ചുമരുകളും ഓലയുടെ മേൽക്കൂരയുമുള്ള കക്കൂസ്. തീട്ടക്കുഴിയുടെ മേൽ പനമ്പലകയിട്ടാണ് തറയുണ്ടാക്കിയിരിക്കുന്നത്.

തൂറാനിരിക്കുമ്പോൾ താഴെ ഈച്ചകൾ ഒന്നിച്ചാർക്കുന്നത് കേൾക്കാം. അങ്ങോട്ട് എത്ര നോക്കണ്ട എന്നു കരുതിയാലും നോട്ടം പിന്നെയും അവിടേക്കുതന്നെ എത്തും. മനുഷ്യ മലത്തിന്റെ ദുർഗന്ധം സഹിക്കാനാവാതെ ആദ്യമൊക്കെ മൂക്ക് പൊത്തിപ്പിടിച്ചാണ് ഞാനിരുന്നത്. ആ വീട്ടിലെ ആണുങ്ങളെല്ലാം വീടിനു ചുറ്റുമുള്ള വാഴത്തോപ്പിലും തെങ്ങിൻ ചുവട്ടിലും ഏല മരത്തിന്റെ അടിയിലുമൊക്കെ ഇരുന്നാണ് വിസർജിച്ചത്. അപരിചിതമായ ഒരിടത്ത് അങ്ങനെയിരുന്ന് കാര്യം സാധിക്കാൻ എനിക്ക് തുടക്കത്തിൽ കഴിഞ്ഞില്ല. പിന്നീട് അപ്പുറത്തിരിക്കുന്ന ആളുടെ മൂളിപ്പാട്ടിന്റെ ബാക്കി മൂളി യാതൊരു കൂസലുമില്ലാതെ വിസർജിച്ചു കഴുകിയെഴുന്നേൽക്കാൻ ഞാൻ പരിശീലിച്ചു.

അമ്മായി എനിക്കുള്ള ചായയും കടിയും വരാന്തയിലെ ചാരുപടിയിൽ അടച്ചുവെച്ചിട്ടുണ്ടാവും. അത് ശാപ്പിട്ടുകഴിഞ്ഞാൽ, അടുക്കളയിൽ ജോലി ചെയ്യുന്ന മരുമകളെ എന്തിനെന്നില്ലാതെ ഭയന്ന്, ഞാനാ ചായ്പിൽ കയറി കുറ്റിയും കൊളുത്തുമൊന്നും ഇല്ലാത്ത വാതിലടച്ച് ആ മുറിയാകെ പരതും. അവിടെ ദേശാഭിമാനി പത്രത്തിന്റെ പഴയ കെട്ടുകൾ അട്ടിയാക്കി വെച്ചിരുന്നു. അതിൽനിന്ന് വർണചിത്രങ്ങളുള്ള വാരാന്ത്യ പതിപ്പുകൾ തിരഞ്ഞെടുത്ത് വായിച്ചു.

എന്തുകൊണ്ടോ എന്റെ നിസ്സഹായതകൾക്കും ഏകാന്തതയ്ക്കും കൂട്ടായത് അതിലെ കഥകളും കവിതകളുമാണ്. പിന്നീട് പത്രക്കെട്ടുകൾക്കുതാഴെ ഞാൻ വാരികകൾ കണ്ടെത്തി. മംഗളത്തിന്റെയും മനോരമയുടെയും പഴയ ലക്കങ്ങൾ. വലിയ ഒരു നിധി കണ്ടെത്തിയ സന്തോഷമായിരുന്നു. അതിലെ ജോയ്‌സിയുടെയും ജോസി വാകമറ്റത്തിന്റെയും മെഴുവേലി ബാബുജിയുടെയും പി.വി. തമ്പിയുടെയും തുടർക്കഥകൾ വായിച്ച് ഞാൻ സന്തോഷിച്ചു. രാവിലത്തെ ചായ കുടി കഴിഞ്ഞാൽ പിന്നെ അമ്മായി ജോലി കഴിഞ്ഞുവരുവോളം അടുക്കളയിൽനിന്ന് കുടിവെള്ളം പോലും വാങ്ങിക്കുടിക്കാൻ മടിച്ച്, അപകർഷതയുടെ പുതപ്പിനുള്ളിൽ ഞാൻ വിശന്നും ദാഹിച്ചും കിടന്നു.

കാലങ്ങൾക്കുശേഷം കെയ്‌റോ നഗരത്തിൽ, സൗദിയിലുള്ള എന്റെ അറബിയുടെ പെണ്ണുകെട്ടൽ കേന്ദ്രം പെയിൻറ്​ ചെയ്യാനായി അവിടെ താമസിച്ച കാലത്ത്, ആ പതിനെട്ട് നിലയുടെ ഉയരങ്ങളിൽ നിന്ന്, നഗരത്തിലേക്ക് വഴി തിരിച്ചുവിട്ട നൈലിന്റെ കൈവരിയിൽ ഞാൻ ഇതേപോലെ കുളക്കോഴികളെ കണ്ടു.

ഒരു ജോലിയും ചെയ്യാതുള്ള ദിവസങ്ങൾ മടുത്തു കഴിഞ്ഞിരുന്നു. വഴികളറിയില്ലെങ്കിലും ഞാൻ എങ്ങോട്ടെന്നില്ലാതെ നടന്നു. അടുക്കളപ്പുറത്തെ സിമൻറ്​ ടാങ്കിലേക്ക് വെള്ളം വന്നു വീഴുന്നത് ഹോസിലൂടെയാണ്. ആദ്യം നടന്നത് ആ കറുത്ത ഹോസിന്റെ ഉറവിടം തേടിയാണ്. അത് മനുഷ്യർ നടക്കുന്ന വഴികളിലൂടെയും കാട്ടുപൊന്തുകളിലൂടെയും എന്നെ കൊണ്ടുപോയി. ഞാൻ നടക്കുന്ന ഉയരങ്ങൾക്കുതാഴെ, വരിവരിയായി റബ്ബർ മരങ്ങൾ കുന്നിറങ്ങി. മനുഷ്യരുടേതായ ശബ്ദങ്ങളൊന്നും ആ സമയത്ത് അവിടെ കേൾക്കാൻ കഴിയുമായിരുന്നില്ല. പുരുഷന്മാരും സ്ത്രീകളും ടാപ്പിങ്ങിനും, കുട്ടികൾ സ്‌കൂളിലേക്കും പോയി കഴിഞ്ഞാൽ തോട്ടക്കാടെന്ന ആ കുന്നിൻപുറം തികച്ചും നിശ്ശബ്ദമാവും.

ഹോസിന്റെ ഉറവിടം തേടി പോയ ഞാൻ എത്തിപ്പെട്ടത് ചെറിയൊരു അരുവിയിലേക്കാണ്. വെള്ളം ഉയരത്തിൽനിന്ന് ചാടുന്നിടത്ത് തടാകം പോലെ സാമാന്യം വലിയ വെള്ളക്കെട്ടുണ്ടായിരുന്നു. ആ വെള്ളക്കെട്ടിൽ അനേകം
ഹോസുകളുടെ തുഞ്ചങ്ങൾ ശ്വാസം വലിച്ചുകിടന്നു. ചുറ്റും ഞാൻ അതുവരെ കണ്ടിട്ടില്ലാത്ത വള്ളികളും ചെടികളും പടർപ്പുകളും. പച്ചയും മഞ്ഞയും കൊണ്ടു വരച്ച മനോഹരമായ ചിത്രം പോലെ ആ ഇടം ചലനമറ്റു നിന്നു. കൗതുകത്തിൽ നിന്ന് ഭയത്തിലേക്ക് വഴിമാറിയ അന്തരീക്ഷത്തിൽ ഞാൻ ഏറെ നേരം മിഴിച്ചിരുന്നു.

മുകളിലെ പാറക്കെട്ടിൽ നിന്ന് ഒലിച്ചുവരുന്ന ജലത്തിന് ശബ്ദമില്ലായിരുന്നു. ജലത്തിൽ പരൽമീനുകൾ പോലും ഇല്ല. ‘വെള്ളം തെളിച്ചി' എന്ന് വിളിക്കുന്ന കുഞ്ഞുജീവികൾ കണ്ണീർ തെളിച്ചമുള്ള ആ ജലത്തിന്റെ ഉപരിതലത്തിൽ നീന്തിയും തുഴഞ്ഞും നടന്നു. തടാകത്തിന്റെ അങ്ങേയറ്റത്തുനിന്ന് പെട്ടെന്ന് ഒരു കുളക്കോഴി ഉയർന്നുവന്നു .അതിന്റെ കറുത്ത ചിറകുകളിലെ വെള്ളം വെയിലേറ്റ് തിളങ്ങി. അത് പറന്നുപോയത് വളരെ മെല്ലെയായിരുന്നെങ്കിലും ആ നിശ്ശബ്ദതയിൽ അത് ഘോര ശബ്ദമായി എനിക്കുതോന്നി.

പിന്നീട് കാലങ്ങൾക്കുശേഷം കെയ്‌റോ നഗരത്തിൽ, സൗദിയിലുള്ള എന്റെ അറബിയുടെ പെണ്ണുകെട്ടൽ കേന്ദ്രം പെയിൻറ്​ ചെയ്യാനായി അവിടെ താമസിച്ച കാലത്ത്, ആ പതിനെട്ട് നിലയുടെ ഉയരങ്ങളിൽ നിന്ന്, നഗരത്തിലേക്ക് വഴി തിരിച്ചുവിട്ട നൈലിന്റെ കൈവരിയിൽ ഞാൻ ഇതേപോലെ കുളക്കോഴികളെ കണ്ടു. അവിടുത്തെ പ്രഭാതങ്ങൾ നിശ്ശബ്ദമായിരുന്നു. മൂടൽമഞ്ഞിന്റെയും ചാറ്റൽ മഴയുടെയും മറവിലൂടെ ഞാൻ കെയ്‌റോ നഗരം കണ്ടു. താഴെ ആ മഞ്ഞും മഴയും കൊണ്ട് പെൺകുട്ടികൾ ഫ്ലാറ്റുകൾക്കുതാഴെ പാർക്ക് ചെയ്തിട്ട കാറുകൾ കഴുകിത്തുടച്ചു.

ആ ഉയരങ്ങളിൽനിന്ന് ഞാനവരെ കണ്ടു. കാറുകൾ പാർക്ക് ചെയ്ത ആ വഴിയോരത്തിനപ്പുറം നൈൽ ഒഴുകി. അതിന്റെ കരയിലും എനിക്കറിയാത്ത പച്ചപ്പടർപ്പുകളും ചെടികളും പൂക്കളും മഴ നനഞ്ഞുനിന്നു. ജലത്തിൽ നിന്നുയർന്ന് ചിറകുകളിലെ ജലം കുടഞ്ഞുകളഞ്ഞ് നീർക്കോഴികൾ കാട്ടുപൊന്തകളിൽ ഒളിച്ചു. ഒരു പാട് ഹോസുകൾ ശ്വാസം വലിക്കുന്ന തോട്ടക്കാട്ടിലെ ആ തടാകത്തെ ഞാനപ്പോൾ ഓർത്തു.

മലപ്പുറം ജില്ലയിൽ നിന്നെത്തിയ ഞാൻ, ഈജിപ്​തിലെ ചെറിയ ബാറുകളിലും സിനിമാശാലകളിലും ആളുകൾ പരസ്പരം സലാം ചൊല്ലുന്നതും സലാം മടക്കുന്നതും അത്ഭുതത്തോടെയാണ് കണ്ടത്.

അവർ കാറുകൾ കഴുകി തുടയ്ക്കുന്നത് ആരും ആവശ്യപ്പെട്ടിട്ടല്ല. ഹുസ്‌നി മുബാറക്കിന്റെ ഈജിപ്തിൽ ദരിദ്രർ ധാരാളമായിരുന്നു. അതിസുന്ദരികളായ പെൺകുട്ടികൾ നൈലിന്റെ ആ കൈവരിയിൽ നിന്ന് ഇരുമ്പുതൊട്ടികളിൽ വെള്ളം മുക്കിയെടുത്ത് കാറുകൾ കഴുകിത്തുടച്ചു. അവരുടെ ശരീരവടിവുകളിലേക്ക് നോക്കാൻ കഴിയാത്ത വണ്ണം ആ കണ്ണുകളിൽ അരൂപിയായ ദുഃഖങ്ങൾ മൂടൽമഞ്ഞായി പടർന്നു നിന്നിരുന്നു. കാറുടമകൾ പലപ്പോഴും അവരെ ചീത്ത പറഞ്ഞ്​ ഓടിക്കുമായിരുന്നു. ചിലരൊക്കെ ചില്ലറ നാണയങ്ങൾ ഇട്ടുകൊടുക്കും. അതിരാവിലെ തുടങ്ങി പത്ത് മണിയാവുമ്പോൾ തീരുന്ന അവരുടെ ജോലിക്ക് പ്രതിഫലമായി ആകെ കിട്ടുന്നത് അഞ്ചോ ആറോ ഈജിപ്ഷ്യൻ പൗണ്ടായിരിക്കും.

സൗദിയിൽനിന്ന് ഈജിപ്തിലേക്ക് വിസിറ്റിംഗ് വിസയിൽ ചെന്നതായിരുന്നു ഞാനും മറ്റൊരാളും. സൗദിയിലെ ഞങ്ങളുടെ സ്‌പോൺസർമാർക്ക് ഫ്ലാറ്റുകൾ ഉണ്ടാക്കി വിൽക്കലാണ് ബിസിനസ്. അവർ ജ്യേഷ്ഠാനുജന്മാരായിരുന്നു. ഒരു കെട്ടിടത്തിലെ രണ്ട് ഫ്ലാറ്റുകൾ വിറ്റു പോയാൽ അവർ ഉടൻ മിസ്റിലേക്ക് (ഈജിപ്ത്) പോകും. ആദ്യമൊന്നും ഇവരുടെ ധൃതി പിടിച്ചുള്ള മിസ്‌റ് യാത്രയുടെ രഹസ്യം എനിക്ക് മനസ്സിലായില്ല.

പിന്നീടാണ് കച്ചവടാവശ്യങ്ങൾക്ക് സ്വന്തം രാജ്യം വിട്ട്​ കുറേക്കാലം മറ്റൊരു രാജ്യത്ത് താമസിക്കേണ്ടി വന്നാൽ, അവിടുന്ന് ഒരു ഇണയെ സ്വന്തമാക്കാം എന്ന ദുർബലമായ മതനിയമത്തിന്റെ സൂചിപ്പഴുതിലൂടെ ഇവർ ഒട്ടകങ്ങളെ കയറ്റി വിടുന്ന ഗുട്ടൻസ് മനസ്സിലായത്. സൗദിയിൽ അവർക്ക് ഒരു ഇണയെ കിട്ടണമെങ്കിൽ വലിയ തുക പെൺപണമായി കൊടുക്കണം. ഫ്ലാറ്റോ വീടോ വാങ്ങിക്കൊടുക്കുകയും വേണം. ഒന്നിലും രണ്ടിലും മൂന്നിലും ഒതുങ്ങാത്ത അവരുടെ ഇണമോഹങ്ങൾ ഈജിപ്ത് പോലുള്ള ദരിദ്രരാജ്യങ്ങളിലാണ് നിറവേറിയത്.

കച്ചവട ആവശ്യത്തിന് ചെന്നുതാമസിക്കുന്ന രാജ്യത്തുനിന്ന് മഹർ കൊടുത്ത് ഇണയെ സ്വീകരിക്കാമെന്ന ദുർബലമായ മതനിയമത്തെ അവർ പെണ്ണുകെട്ടാനുള്ള കച്ചവടമാക്കി മാറ്റിയെടുത്തു. സൗദിയിൽ ഒരു ഇണയെ കിട്ടാൻ കൊടുക്കേണ്ട മഹറിന്റെ പത്തിലൊന്നു കൊടുത്താൽ അവർക്ക് ഈജിപ്തിൽ നിന്ന് അതി സുന്ദരിയായ ഒരു ഇണയെ കിട്ടും. ആറുമാസത്തിലൊരിക്കൽ ഏട്ടനും അനുജനും മാറിമാറി പെണ്ണ് കെട്ടാൻ മിസ്റിലേക്ക് പോവുമായിരുന്നു. അതിനാണ് അവർ കെയ്‌റോ നഗരത്തിൽ സ്വന്തമായി ഫ്ലാറ്റ് വാങ്ങിയത്.

ഇഷ്ടപ്പെട്ട പെണ്ണിനെ കെട്ടാനുള്ള മഹറ് പണം സംഘടിപ്പിക്കാൻ ഈജിപ്തിലെ യുവാക്കൾ സൗദിയിലെത്തി തോട്ടിപ്പണി വരെ ചെയ്തു. എന്നിട്ട് അവർ നാട്ടിൽ മടങ്ങിയെത്തുമ്പോൾ സൗദിയിലെ തന്റെ സ്‌പോൺസർ തന്നെക്കാൾ കൂടുതൽ പണം മഹറായി കൊടുത്ത് തന്റെ കാമുകിയെ സ്വന്തമാക്കിയ കാര്യമറിഞ്ഞ്​ തരിച്ചുനിൽക്കും.

ഇന്ത്യയിൽനിന്ന് തൊഴിൽ വിസയിൽ സൗദിയിലെത്തിയ ഞങ്ങൾ, അവിടെ നിന്ന് ദരിദ്രരാജ്യമായ ഈജിപ്തിലേക്ക് വിസിറ്റിംഗ് വിസയടിച്ച് വന്നതിന്റെ പൊരുൾ കപ്പലിറങ്ങി എമിഗ്രേഷൻ ഉദ്യോഗസ്ഥർക്ക് മനസ്സിലാക്കി കൊടുക്കാൻ ഞങ്ങൾ പാടുപെടുമ്പോൾ, ആ ഉദ്യോഗസ്ഥർ പോലും എഴുന്നേറ്റുനിന്ന് സല്യൂട്ടടിക്കുന്ന ഉയർന്ന ഒരു പൊലീസ് ഉദ്യോഗസ്ഥനാണ് സ്‌പോൺസർ പറഞ്ഞയച്ചതനുസരിച്ച് ഞങ്ങളെ രക്ഷപ്പെടുത്താനെത്തിയത്. അദ്ദേഹത്തിന്റെ രണ്ടോ മൂന്നോ വാക്കുകൾ കൊണ്ട് ഞങ്ങൾ ഇമിഗ്രേഷൻ പൂർത്തിയാക്കി പുറത്തിറങ്ങി. ഇത്തരം ഉയർന്ന പദവി വഹിക്കുന്ന പൊലീസുകാരനാണ് ഞങ്ങളുടെ സ്‌പോൺസർമാർക്ക് ഇണകളെ സംഘടിപ്പിച്ചു കൊടുക്കുന്നത് എന്നുപറഞ്ഞാൽ ആ രാജ്യത്തിലെ അന്നത്തെ വ്യവസ്ഥിതിയും സാമ്പത്തികാവസ്ഥയും നിങ്ങൾക്ക് ഊഹിക്കാമല്ലോ?

അതേസമയം ഇഷ്ടപ്പെട്ട പെണ്ണിനെ കെട്ടാനുള്ള മഹറ് പണം സംഘടിപ്പിക്കാൻ ഈജിപ്തിലെ യുവാക്കൾ സൗദിയിലെത്തി തോട്ടിപ്പണി വരെ ചെയ്തു. എന്നിട്ട് അവർ നാട്ടിൽ മടങ്ങിയെത്തുമ്പോൾ സൗദിയിലെ തന്റെ സ്‌പോൺസർ തന്നെക്കാൾ കൂടുതൽ പണം മഹറായി കൊടുത്ത് തന്റെ കാമുകിയെ സ്വന്തമാക്കിയ കാര്യമറിഞ്ഞ്​ തരിച്ചുനിൽക്കും. കഴിയുന്നതും മിസ്‌റിൽ നിന്നുള്ള യുവാക്കൾ സൗദിയിലെ തങ്ങളുടെ സ്‌പോൺസർമാരുമായി വ്യക്തിവിവരങ്ങളോ കുടുംബ വിവരങ്ങളോ കൈമാറാതെ സൂക്ഷിച്ചു.

കെയ്‌റോയിലേത്​ ഒരു ആഡംബര ഫ്ലാറ്റായിരുന്നു. 18ാം നിലയിലായിരുന്നു അത്. ജൂതപള്ളികളും ക്രിസ്ത്യൻ പള്ളികളും അക്കാലത്ത് അവിടെ ധാരാളമായി ഉണ്ടായിരുന്നു. മതഭേദമന്യേ അവരെല്ലാം സലാം ചൊല്ലിയാണ് മറ്റുള്ളവരെ അഭിവാദ്യം ചെയ്തത്. മലപ്പുറം ജില്ലയിൽ നിന്നെത്തിയ ഞാൻ, ചെറിയ ബാറുകളിലും സിനിമാശാലകളിലും ആളുകൾ പരസ്പരം സലാം ചൊല്ലുന്നതും സലാം മടക്കുന്നതും അത്ഭുതത്തോടെയാണ് കണ്ടത്. നാട്ടിലെത്തി കൂട്ടുകാരോട് ഈജിപ്തിലെ ആളുകൾ ബാറിൽ വെച്ച് കണ്ടുമുട്ടുമ്പോൾ സലാം ചൊല്ലുകയും മടക്കുകയും ചെയ്യുമെന്ന് പറഞ്ഞപ്പോൾ അവരെന്നെ തല്ലാതെ വിട്ടത് മഹാഭാഗ്യം.

കെയ്‌റോയിലെ വഴിയോരക്കടകളിൽ കുറഞ്ഞ വിലയ്ക്ക് പലതരം ഭക്ഷണസാധനങ്ങൾ കിട്ടുമായിരുന്നു. 50 പൈസോക്ക് നാലഞ്ച് തരം പച്ചക്കറി വിഭവങ്ങൾ കിട്ടും. പ്രഭാതനടത്തത്തിൽ തെരുവോരകടകളിൽ നിന്ന് ഞാൻ ചായ കുടിക്കും. ചായക്കടയും ഹുക്കക്കടയും കൂടി ചേർന്നതായിരുന്നു ആ കടകൾ. ഒരുപാട് വൃദ്ധർ അതിരാവിലെ തന്നെ ആ കടകളിലിരുന്ന് ഹുക്ക വലിച്ചു. കടും സുഗന്ധമുള്ള ആ പുക തെരുവിലെ മഞ്ഞിലേക്ക് ലയിച്ചുചേരുന്നതും നോക്കി ഞാൻ ഏറെ നേരം ഇരിക്കും.

അത്തരം ഇരുത്തത്തിൽ ഒരിക്കൽ പാതയുടെ മറുവശത്ത് മുഷിഞ്ഞ വസ്ത്രങ്ങളുമായി നിന്ന കുട്ടിയെ ഞാൻ ചായ കുടിക്കാൻ ആംഗ്യം കാട്ടി വിളിച്ചു. അവൻ ഉത്സാഹത്തോടെ ഓടിവന്ന് എന്നോട് അറബിയിൽ എന്തൊക്കെയോ പറഞ്ഞിട്ട് ചൂട് ചായ ഒറ്റ വലിക്ക് കുടിച്ചു. ഞാൻ അവനെ മിഴിച്ചുനോക്കി. അവന്റെ തൊണ്ടയും നെഞ്ചും വയറും വിശപ്പുകൊണ്ട് സ്പർശനശേഷി നഷ്ടമായി മരവിച്ച് കിടക്കുകയായിരുന്നു. ഇപ്പോൾ വരാമെന്ന് എന്നോട് ആംഗ്യം കാട്ടി അവൻ ഓടിപ്പോയി. എന്റെ ചായ കാൽ ഭാഗമേ ആയിട്ടുള്ളൂ. ഞാനാ ചായ കുടിച്ചു തീരും മുമ്പ് അവൻ ഒരു സംഘം കുട്ടികളുമായി തിരികെവന്നു. അതെല്ലാം അവന്റെ കൂട്ടുകാരായിരുന്നു. കാണാൻ നല്ല ഭംഗിയാണെങ്കിലും അവരുടെ വസ്ത്രങ്ങൾ കീറിപ്പറിഞ്ഞ് നാറുന്നുണ്ടായിരുന്നു. കോലൻ മുടിയും ചെമ്പൻ മുടിയും ചുരുണ്ട മുടിയുമുള്ള ആ കുട്ടികൾ അവരുടെ എല്ലാ ഗന്ധങ്ങളുമായി എന്നെ പൊതിഞ്ഞു നിന്നു.

തനിക്കുകിട്ടിയ ഒരു ചായ തന്റെ കൂട്ടുകാർക്കും കിട്ടണമെന്ന ആഗ്രഹത്തിൽ, ചൂട് പോലും വകവക്കാതെ ചായ വലിച്ചു കുടിച്ച ആ കുട്ടി എന്നെത്തന്നെ നോക്കിനിന്നു. ഹുക്ക വലിക്കുന്ന വൃദ്ധർ ഇതൊക്കെ കണ്ട് യാതൊരു പ്രതികരണവുമില്ലാതെ ഇരുന്നു. കടക്കാരൻ അവരെ വിരട്ടിയോടിക്കാൻ മുതിർന്നപ്പോൾ, കോഴിക്കോട്ടങ്ങാടിയിലെ എച്ചിൽവീപ്പകൾ എന്റെ ഉള്ളിൽ തെളിഞ്ഞു. അങ്ങാടി കോഴിക്കോടായാലും കെയ്‌റോ ആയാലും വിശക്കുന്നവർക്കും വിശപ്പിനും ഒരേ ഗന്ധവും ഒരേ സൗന്ദര്യവുമാണെന്ന് ഞാൻ തിരിച്ചറിഞ്ഞു.

കാറ് കഴുകിത്തുടച്ച സുന്ദരിയായ പെൺകുട്ടിക്ക് അതിന്റെ ഉടമ ഒരു പൗണ്ടിന്റെ നോട്ട് കൊടുക്കുന്നത് കണ്ടു. വൃദ്ധനായ ആ മനുഷ്യൻ അവളുടെ കൈ പിടിച്ചുവലിച്ച് തന്നിലേക്കടുപ്പിച്ച് അവളെ ബലമായി ചുംബിച്ചു. അയാളെ തട്ടിമാറ്റി കയ്യിലെ ഇരുമ്പുതൊട്ടികൊണ്ട് അവൾ അയാളുടെ കാറിൽ ഉറക്കെ അടിച്ചിട്ട് കരഞ്ഞുകൊണ്ട് ഓടിപ്പോയി.

ആ 23 കുട്ടികൾ എനിക്കുചുറ്റും നിന്ന് ചായക്കുവേണ്ടി ഒന്നിച്ച് അലമുറയിട്ടു. അവരിൽ ചിലർ എന്റെ കുപ്പായത്തിലും പാന്റിലും പിടിച്ചുവലിച്ചു. ഭയം തോന്നിയെങ്കിലും അവരുടെ വികാരങ്ങളില്ലാത്ത കണ്ണുകളിൽ ഞാനെന്റെ കൗമാരം കണ്ടു. മണിയും തങ്കരാജും ലോണപ്പനും സെന്തിലും ആ കൂട്ടത്തിലുണ്ടെന്ന് തോന്നി. 23 കുട്ടികളും ചുടുചായ ആർത്തിയോടെ കുടിച്ചു. തെരുവുകളും രാജ്യങ്ങളും ഭരണാധികാരികളും കാലവും മാറുമ്പോഴും വിശപ്പിന്റെ ഭാഷ മാറുന്നില്ലെന്ന് ഉൾത്താളിൽ വിറയലോടെ ഞാൻ എഴുതി.

ചായ കുടിച്ചു കഴിഞ്ഞിട്ടും അവരെനിക്കുചുറ്റും കൂട്ടം കൂടിനിന്നു. ഞാൻ നടന്നപ്പോൾ അവരും കൂടെ നടന്നു. ഒട്ടിക്കിടക്കുന്ന ആ വയറുകൾക്ക് കാലിച്ചായ കൊണ്ട് ഒന്നുമായിട്ടില്ലെന്ന് എനിക്കറിയാമായിരുന്നു. പോക്കറ്റിലെ അവസാന നാണയവും പൊറുക്കിയെടുത്ത് ഞാനവർക്ക് വീതിച്ചു കൊടുത്തു. ഫ്ലാറ്റിൽ നിന്ന് പുറത്തിറങ്ങുമ്പോൾ അധികം പണം കയ്യിൽ കരുതാറില്ല. അന്നത്തെ ഭക്ഷണം വാങ്ങേണ്ട പണമായിരുന്നു അത്. ഇത്തരമൊരു നഗരത്തിലേക്ക് ഞങ്ങൾ കപ്പലിറങ്ങിയത് എന്തിനെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ സംശയിച്ചതിന്റെ പൊരുൾ എനിക്കപ്പോൾ കൃത്യമായി മനസ്സിലായി.

പിന്നീട് ഫ്ലാറ്റിലേക്കുള്ള ലിഫ്റ്റ് ഒഴിയാൻ കാത്തുനിൽക്കുമ്പോൾ, കാറ് കഴുകിത്തുടച്ച സുന്ദരിയായ പെൺകുട്ടിക്ക് അതിന്റെ ഉടമ ഒരു പൗണ്ടിന്റെ നോട്ട് കൊടുക്കുന്നത് കണ്ടു. വൃദ്ധനായ ആ മനുഷ്യൻ അവളുടെ കൈ പിടിച്ചുവലിച്ച് തന്നിലേക്കടുപ്പിച്ച് അവളെ ബലമായി ചുംബിച്ചു. അയാളെ തട്ടിമാറ്റി കയ്യിലെ ഇരുമ്പുതൊട്ടികൊണ്ട് അവൾ അയാളുടെ കാറിൽ ഉറക്കെ അടിച്ചിട്ട് കരഞ്ഞുകൊണ്ട് ഓടിപ്പോയി. വൃദ്ധൻ എന്തൊക്കെയോ ചീത്ത വാക്കുകൾ പറഞ്ഞു. എല്ലാം കണ്ടുനിന്നിരുന്ന എന്നെയും അയാൾ ചീത്ത വിളിച്ചു. വൃദ്ധ കാമത്തിന്റെ ആ കിതപ്പുകൾക്കപ്പുറം എനിക്കറിയാത്ത ഒരു പെൺകുട്ടി തന്റെ ചുണ്ടിൽ പുരണ്ട ഉമിനീര് തുടച്ചു കളഞ്ഞുകൊണ്ട് ഇന്നും എന്റെയുള്ളിൽ ഓടിക്കൊണ്ടേയിരിക്കുന്നു.

കാമവും വിശപ്പും എല്ലായിടത്തും ഒരേ വസ്ത്രങ്ങൾ അണിഞ്ഞാണ് എക്കാലത്തും ജീവിക്കുന്നത്.


മുഹമ്മദ്​ അബ്ബാസ്​

മലപ്പുറം ജില്ലയിലെ കോട്ടക്കൽ വലിയപറമ്പിൽ താമസം. പെയിന്റുപണിക്കാരനാണ്. എട്ടാം ക്ലാസുവരെ തമിഴ്‌നാട്ടിൽ പഠിച്ച് ജീവിതവൃത്തി തേടി നാടുവിട്ട് ലോറിയിൽ കയറി മലപ്പുറത്തെത്തി. മലയാളം എഴുതാനും വായിക്കാനും പഠിച്ച് മലയാളത്തിലെയും ലോകസാഹിത്യത്തിലെയും പുസ്തകങ്ങളുടെ വായനയും അവയെക്കുറിച്ചുള്ള എഴുത്തും ലഹരിയായി കൊണ്ടുനടക്കുന്നു. അബ്ബാസിന്റെ വായനയെയും എഴുത്തിനെയും ആവേശത്തോടെ ഏറ്റെടുക്കുന്ന വലിയൊരു വായനാസമൂഹം സമൂഹമാധ്യമങ്ങളിലുണ്ട്. ഒരു പെയിന്റ്പണിക്കാരന്റെ ലോകസഞ്ചാരങ്ങൾ എന്ന പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments